ഉത്തമവിശ്വാസിയും ഉത്തരവാദിത്വമുള്ള പൗരനും ആയിരിക്കാനാകുന്നത് എങ്ങനെ?
ഉത്തമവിശ്വാസിയും ഉത്തരവാദിത്വമുള്ള പൗരനും ആയിരിക്കാനാകുന്നത് എങ്ങനെ?
യേശുവിന്റെ ശുശ്രൂഷയുടെ രണ്ടു മുഖ്യസവിശേഷതകൾ എന്തായിരുന്നു? ഒന്നാമതായി, വ്യക്തികളുടെ ഹൃദയത്തിന് പരിവർത്തനം വരുത്താനാണ് യേശു ശ്രമിച്ചത്; രാഷ്‌ട്രീയ വ്യവസ്ഥിതിക്ക് മാറ്റം വരുത്താനല്ല. ഉദാഹരണത്തിന്, ഗിരിപ്രഭാഷണത്തിൽ യേശു ഊന്നൽ നൽകിയത് എന്തിനായിരുന്നു എന്നു നോക്കുക. ക്രിസ്‌ത്യാനികൾ ലോകത്തിന്റെ വെളിച്ചമാകുന്നു, ഭൂമിയുടെ ഉപ്പാകുന്നു എന്നെല്ലാം പറയുന്നതിന് തൊട്ടുമുമ്പ്, ‘തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചുള്ള ബോധമാണ്’ യഥാർഥ സന്തുഷ്ടിയുടെ അടിസ്ഥാനം എന്നു യേശു പറയുകയുണ്ടായി. അവൻ ഇങ്ങനെയും കൂട്ടിച്ചേർത്തു: ‘സൗമ്യതയുള്ളവരും ഹൃദയശുദ്ധിയുള്ളവരും സമാധാനം ഉണ്ടാക്കുന്നവരും അനുഗൃഹീതർ.’ (മത്തായി 5:1-11) നന്മയും തിന്മയും സംബന്ധിച്ച ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ തങ്ങളുടെ ചിന്തയും വികാരങ്ങളും കൊണ്ടുവരേണ്ടതിന്റെയും ദൈവത്തെ മുഴുഹൃദയാ സേവിക്കേണ്ടതിന്റെയും പ്രാധാന്യം തിരിച്ചറിയാനാണ് യേശു തന്റെ അനുഗാമികളെ സഹായിച്ചത്.
രണ്ടാമതായി, സഹമനുഷ്യരുടെ കഷ്ടപ്പാടുകൾ കണ്ട് യേശുവിന് തോന്നിയ അനുകമ്പ അവരുടെ ദുഃഖം ലഘൂകരിക്കാൻ അവനെ പ്രേരിപ്പിച്ചു. എന്നാൽ, സകല ദുരിതങ്ങളും പൂർണമായി നീക്കംചെയ്യാൻ അവൻ ശ്രമിച്ചില്ല. (മത്തായി 20:30-34) ഉദാഹരണത്തിന്, യേശു രോഗികളെ സൗഖ്യമാക്കിയെങ്കിലും രോഗം പിന്നെയും ഒരു യാഥാർഥ്യമായി തുടർന്നു. (ലൂക്കോസ് 6:17-19) മർദിതർക്ക് ആശ്വാസമേകിയെങ്കിലും അനീതി ആളുകളെ തുടർന്നും കഷ്ടപ്പെടുത്തി. വിശന്നവർക്ക് ആഹാരം നൽകിയെങ്കിലും ക്ഷാമം മനുഷ്യവർഗത്തെ തുടർന്നും ഞെരുക്കി.—മർക്കോസ് 6:41-44.
ഹൃദയത്തിന് പരിവർത്തനം വരുത്തുന്നു, കഷ്ടത ലഘൂകരിക്കുന്നു
സാമൂഹിക പുനഃസംഘാടനത്തിനോ ദുരിത നിവാരണത്തിനോ ശ്രമിക്കുന്നതിനു പകരം ആളുകളുടെ ഹൃദയത്തിന് പരിവർത്തനം വരുത്താനും കഷ്ടത ലഘൂകരിക്കാനും മാത്രം യേശു ശ്രമിച്ചത് എന്തുകൊണ്ടാണ്? ദൈവം തന്റെ രാജ്യം മുഖാന്തരം എല്ലാ മാനുഷ ഗവണ്മെന്റുകളെയും സകല ദുരിതങ്ങളെയും പൂർണമായി ഇല്ലായ്‌മ ചെയ്യാൻ ഉദ്ദേശിച്ചിരിക്കുന്ന കാര്യം യേശുവിന് അറിയാമായിരുന്നു. (ലൂക്കോസ് 4:43; 8:1) അതുകൊണ്ടാണ്, കൂടുതൽ രോഗികളെ സൗഖ്യമാക്കാൻ ഒരിക്കൽ ശിഷ്യന്മാർ യേശുവിനെ ഉത്സാഹിപ്പിച്ചപ്പോൾ അവൻ ഇങ്ങനെ പറഞ്ഞത്: “അടുത്തുള്ള ഗ്രാമങ്ങളിലും ഞാൻ പ്രസംഗിക്കേണ്ടതാകയാൽ നമുക്ക് അവിടേക്കു പോകാം; അതിനായിട്ടല്ലോ ഞാൻ വന്നിരിക്കുന്നത്.” (മർക്കോസ് 1:32-38) ദുരിതങ്ങളാൽ വലഞ്ഞ അനേകരെ യേശു സഹായിച്ചെങ്കിലും ദൈവവചനം പ്രസംഗിക്കുന്നതിനും പഠിപ്പിക്കുന്നതിനും ആണ് അവൻ പ്രാധാന്യം കൽപ്പിച്ചത്.
ഇന്ന് പ്രസംഗവേല നിർവഹിക്കുമ്പോൾ യഹോവയുടെ സാക്ഷികൾ യേശുവിനെ അനുകരിക്കുന്നു. ആവശ്യമായവർക്ക് പ്രായോഗിക സഹായം നൽകിക്കൊണ്ട് ആളുകളുടെ ദുരിതങ്ങൾ ലഘൂകരിക്കാൻ അവർ ശ്രമിക്കുന്നെങ്കിലും ലോകത്തിലെ സകല അനീതികളും പൂർണമായി തുടച്ചുനീക്കാൻ സാക്ഷികൾ തുനിയുന്നില്ല. കാരണം, ദൈവരാജ്യം സകല ദുരിതങ്ങളും വേരോടെ പിഴുതുകളയുമെന്ന് അവർ വിശ്വസിക്കുന്നു. (മത്തായി 6:10) യേശുവിനെപ്പോലെ ആളുകളുടെ ഹൃദയത്തിന് പരിവർത്തനം വരുത്താനാണ് അവർ പരിശ്രമിക്കുന്നത്; അല്ലാതെ രാഷ്‌ട്രീയ പ്രസ്ഥാനത്തെ അടിമുടി പരിഷ്‌കരിക്കാനല്ല. ആ സമീപനം തികച്ചും ഉചിതമാണ്; മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നങ്ങൾക്ക് കാരണം ധാർമിക മൂല്യച്യുതിയാണ്, അല്ലാതെ രാഷ്‌ട്രീയമല്ല.
ഉത്തരവാദിത്വമുള്ള പൗരന്മാർ
എന്നുവരികിലും ഉത്തമ പൗരന്മാരായിരിക്കുക എന്നത് തങ്ങളുടെ ക്രിസ്‌തീയ ഉത്തരവാദിത്വമായിട്ടാണ് യഹോവയുടെ സാക്ഷികൾ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ അവർ ഗവണ്മെന്റ് അധികാരികളെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. തങ്ങളുടെ പ്രസിദ്ധീകരണങ്ങളിലൂടെയും പ്രസംഗവേലയിലൂടെയും നിയമം അനുസരിക്കാൻ അവർ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ദൈവകൽപ്പനയ്‌ക്ക് പ്രവൃത്തികൾ 5:29; റോമർ 13:1-7.
വിരുദ്ധമായ കാര്യങ്ങൾ അധികാരികൾ ആവശ്യപ്പെടുമ്പോൾ അവർ ‘മനുഷ്യരെയല്ല, ദൈവത്തെയായിരിക്കും അധിപതിയായി അനുസരിക്കുക.’—യഹോവയുടെ സാക്ഷികൾ സമൂഹത്തിലുള്ള എല്ലാവരെയും സന്ദർശിച്ച് സൗജന്യമായി ബൈബിൾ വിദ്യാഭ്യാസം വാഗ്‌ദാനം ചെയ്യുന്നു. ഈ വിദ്യാഭ്യാസത്തിലൂടെ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിന് പരിവർത്തനം വന്നിട്ടുണ്ട്: ഓരോ വർഷവും അനേകായിരങ്ങൾക്കാണ് പുകവലി, മദ്യപാനം, മയക്കുമരുന്നുപയോഗം, ചൂതാട്ടം, ലൈംഗിക അധാർമികത എന്നിങ്ങനെയുള്ള ദുശ്ശീലങ്ങളിൽനിന്ന് പുറത്തുകടക്കാൻ സഹായം ലഭിക്കുന്നത്. ബൈബിൾ തത്ത്വങ്ങൾ ജീവിതത്തിൽ ബാധകമാക്കാൻ പഠിച്ചിരിക്കുന്നതുകൊണ്ട് അവർ ഉത്തരവാദിത്വവും ധാർമികബോധവും ഉള്ള പൗരന്മാരായിത്തീർന്നിരിക്കുന്നു.
കൂടാതെ, ബൈബിൾ വിദ്യാഭ്യാസം കുടുംബാംഗങ്ങൾക്കിടയിലുള്ള ആദരവ് വർധിക്കുന്നതിനും ഇണകൾ തമ്മിലും കുട്ടികൾ തമ്മിലും മാതാപിതാക്കളും കുട്ടികളും തമ്മിലും ഉള്ള ആശയവിനിമയം മെച്ചപ്പെടുന്നതിനും സഹായിക്കുന്നു. ഇതൊക്കെയാണ് കുടുംബബന്ധങ്ങളെ കരുത്തുറ്റതാക്കുന്നത്. കരുത്തുറ്റ കുടുംബങ്ങളാണ് കരുത്തുറ്റ സമൂഹത്തിന് ആധാരം.
ഈ ലേഖനങ്ങളിലൂടെ മനസ്സിലാക്കിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ നിങ്ങൾക്ക് എന്തു തോന്നുന്നു? സത്യക്രിസ്‌ത്യാനികൾ ഉത്തരവാദിത്വമുള്ള പൗരന്മാരായിരിക്കേണ്ടതല്ലേ? തീർച്ചയായും. അതിന് എങ്ങനെ കഴിയും? ലോകത്തിന്റെ ഉപ്പായിരിക്കാനും വെളിച്ചമായിരിക്കാനും ഉള്ള യേശുവിന്റെ കൽപ്പന അനുസരിച്ചുകൊണ്ട്.
ക്രിസ്‌തു നൽകിയ ഈ പ്രായോഗിക നിർദേശങ്ങൾ അനുസരിക്കുമ്പോൾ അത് ഒരോ വ്യക്തിക്കും അവരുടെ കുടുംബത്തിനും ഒപ്പം അവർ ജീവിക്കുന്ന സമൂഹത്തിനും പ്രയോജനം ചെയ്യും. നിങ്ങളുടെ സമൂഹത്തിൽ നടക്കുന്ന ബൈബിൾ വിദ്യാഭ്യാസ പരിപാടിയെക്കുറിച്ച് കൂടുതലായ വിവരങ്ങൾ നിങ്ങളുമായി ചർച്ചചെയ്യാൻ നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികൾക്ക് സന്തോഷമേയുള്ളൂ. a (w12-E 05/01)
[അടിക്കുറിപ്പ്]
a www.isa4310.com എന്ന വെബ്‌സൈറ്റിലൂടെയും നിങ്ങൾക്ക് യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടാവുന്നതാണ്.
[18-ാം പേജിലെ ആകർഷകവാക്യം]
ആളുകളുടെ ഹൃദയത്തിന് പരിവർത്തനം വരുത്താനാണ് യേശു ശ്രമിച്ചത്; രാഷ്‌ട്രീയ വ്യവസ്ഥിതിക്ക് മാറ്റം വരുത്താനല്ല
[19-ാം പേജിലെ ആകർഷകവാക്യം]
ഉത്തമപൗരന്മാരായിരിക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്വമായിട്ടാണ് യഹോവയുടെ സാക്ഷികൾ കണക്കാക്കുന്നത്