നിങ്ങളുടെ കുടുംബജീവിതം എങ്ങനെ സന്തുഷ്ടമാക്കാം?
ദൈവവചനത്തിൽനിന്നു പഠിക്കുക
നിങ്ങളുടെ കുടുംബജീവിതം എങ്ങനെ സന്തുഷ്ടമാക്കാം?
നിങ്ങൾ ചോദിച്ചിരിക്കാൻ സാധ്യതയുള്ള ചില ചോദ്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. അവയ്ക്കുള്ള ഉത്തരങ്ങൾ നിങ്ങളുടെ ബൈബിളിൽ എവിടെ കണ്ടെത്താമെന്നും ഈ ലേഖനത്തിൽ പറയുന്നുണ്ട്. ഈ വിവരങ്ങൾ നിങ്ങളുമായി ചർച്ചചെയ്യാൻ യഹോവയുടെ സാക്ഷികളായ ഞങ്ങൾ താത്പര്യപ്പെടുന്നു.
1. കുടുംബസന്തുഷ്ടിക്ക് ഇണകൾ വിവാഹിതരായിരിക്കേണ്ടത് എന്തുകൊണ്ട്?
സന്തുഷ്ടദൈവമായ യഹോവയാണ് വിവാഹബന്ധം ഏർപ്പെടുത്തിയത്. കുടുംബസന്തുഷ്ടിക്ക് ഇണകൾ കേവലം ഒരുമിച്ചു താമസിച്ചാൽ പോരാ പകരം വിവാഹിതരായിരിക്കേണ്ടതുണ്ട്. സ്നേഹിക്കാനും സഹവസിക്കാനും ഒക്കെ ഒരു പങ്കാളിയുണ്ടാകുമെന്നു മാത്രമല്ല സുരക്ഷിതമായ അന്തരീക്ഷത്തിൽ കുട്ടികളെ വളർത്തുന്നതിനും അതു സഹായിക്കും. വിവാഹത്തെ ദൈവം എങ്ങനെയാണ് വീക്ഷിക്കുന്നത്? സ്ത്രീയും പുരുഷനും നിയമപരമായി വിവാഹം കഴിക്കാനും ആ ബന്ധം എന്നും നിലനിൽക്കാനും ദൈവം പ്രതീക്ഷിക്കുന്നു. (ലൂക്കോസ് 2:1-5) ഭാര്യയും ഭർത്താവും പരസ്പരം വിശ്വസ്തരായിരിക്കണമെന്നും ദൈവം ആഗ്രഹിക്കുന്നു. (എബ്രായർ 13:4) വിവാഹമോചനത്തിനും പുനർവിവാഹത്തിനും യഹോവ അനുവദിക്കുന്ന ഒരേയൊരു കാരണം വ്യഭിചാരമാണ്.—മത്തായി 19:3-6, 9 വായിക്കുക.
2. ഭാര്യയും ഭർത്താവും പരസ്പരം എങ്ങനെ ഇടപഴകണം?
ദാമ്പത്യത്തിൽ പരസ്പരം പൂരകമായി വർത്തിക്കാനാണ് പുരുഷനെയും സ്ത്രീയെയും യഹോവ സൃഷ്ടിച്ചത്. (ഉല്പത്തി 2:18) ഭർത്താവ് കുടുംബത്തിന്റെ ശിരസ്സായതിനാൽ കുടുംബത്തിനുവേണ്ടി ഭൗതികമായി കരുതാനും ദൈവത്തെക്കുറിച്ച് കുടുംബാംഗങ്ങളെ പഠിപ്പിക്കാനും അദ്ദേഹം നേതൃത്വം എടുക്കണം. ഭാര്യയുടെ താത്പര്യങ്ങൾക്ക് പ്രഥമസ്ഥാനം നൽകുന്നതരം സ്നേഹമായിരിക്കണം ഭർത്താവിന് ഭാര്യയോട് ഉണ്ടായിരിക്കേണ്ടത്. ദമ്പതികൾ പരസ്പരം സ്നേഹിക്കുകയും ആദരിക്കുകയും വേണം. ഭാര്യാഭർത്താക്കന്മാരെല്ലാം അപൂർണരായതിനാൽ അന്യോന്യം ക്ഷമിക്കാൻ മനസ്സുകാണിക്കുന്നതാണ് കുടുംബജീവിതം സന്തുഷ്ടമാക്കാനുള്ള ഒരു മാർഗം.—എഫെസ്യർ 4:31, 32; 5:22-25, 33; 1 പത്രോസ് 3:7 വായിക്കുക.
3. കുടുംബത്തിൽ സന്തുഷ്ടിയില്ലെന്നു കരുതി വിവാഹബന്ധം അവസാനിപ്പിക്കണമോ?
നിങ്ങൾക്കും ഇണയ്ക്കും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടായാലും പരസ്പരം സ്നേഹത്തോടെ ഇടപെടുക. (1 കൊരിന്ത്യർ 13:4, 5) ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങൾക്ക് വേർപിരിയൽ ഒരു പരിഹാരമായി ദൈവവചനം നിർദേശിക്കുന്നില്ല. എന്നിരുന്നാലും സാഹചര്യം അങ്ങേയറ്റം മോശമാകുന്നെങ്കിൽ, ഒന്നിച്ചു താമസിക്കുന്നതാണോ അതോ വേർപിരിയുന്നതാണോ ഉചിതം എന്ന് ഒരു ക്രിസ്ത്യാനിക്ക് തീരുമാനിക്കേണ്ടതായിവന്നേക്കാം.—1 കൊരിന്ത്യർ 7:10-13 വായിക്കുക.
4. കുട്ടികളേ, ദൈവം നിങ്ങളിൽനിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്?
നിങ്ങൾ സന്തുഷ്ടരായിരിക്കാൻ ദൈവം ആഗ്രഹിക്കുന്നു. നിങ്ങളുടെ യൗവനം ആസ്വദിക്കാനാകുന്ന ഏറ്റവും നല്ല ഉപദേശങ്ങളാണ് അവൻ നൽകുന്നത്. മാതാപിതാക്കളുടെ ജ്ഞാനത്തിൽനിന്നും അനുഭവസമ്പത്തിൽനിന്നും നിങ്ങൾ പ്രയോജനം നേടാനും അവൻ ആഗ്രഹിക്കുന്നു. (കൊലോസ്യർ 3:20) മാതാപിതാക്കളെ അനുസരിച്ചുകൊണ്ട് നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ യഹോവ തീർച്ചയായും വിലമതിക്കും.—സഭാപ്രസംഗി 11:9–12:1; മത്തായി 19:13-15; 21:15, 16 വായിക്കുക.
5. മാതാപിതാക്കളേ, മക്കളുടെ സന്തോഷത്തിനായി നിങ്ങൾക്ക് എന്തു ചെയ്യാനാകും?
മക്കൾക്ക് ആഹാരവും വസ്ത്രവും പാർപ്പിടവും നൽകുന്നതിന് നിങ്ങൾ അധ്വാനിക്കേണ്ടതുണ്ട്. (1 തിമൊഥെയൊസ് 5:8) അതോടൊപ്പം, ദൈവത്തെ സ്നേഹിക്കാനും അവനിൽനിന്നു പഠിക്കാനും കുട്ടികളെ പരിശീലിപ്പിക്കണം; എങ്കിൽ മാത്രമേ അവർ സന്തുഷ്ടരായിരിക്കൂ. (എഫെസ്യർ 6:4) നിങ്ങൾ ദൈവത്തെ സ്നേഹിക്കുന്നതു കാണുമ്പോൾ നിങ്ങളുടെ ആ നല്ല മാതൃക കുട്ടികളെ ആഴമായി സ്വാധീനിക്കാൻ ഇടയുണ്ട്. ദൈവവചനത്തെ അടിസ്ഥാനമാക്കി മക്കളെ പരിശീലിപ്പിക്കുന്നെങ്കിൽ അവരുടെ ചിന്താരീതി അതിനു ചേർച്ചയിൽ രൂപപ്പെടും.—ആവർത്തനപുസ്തകം 6:4-7; സദൃശവാക്യങ്ങൾ 22:6 വായിക്കുക.
നിങ്ങളുടെ പ്രോത്സാഹനവും അഭിനന്ദനവും കുട്ടിക്ക് ആവശ്യമാണ്; ഒപ്പം തിരുത്തലും ശിക്ഷണവും. സന്തോഷം കവർന്നുകളഞ്ഞേക്കാവുന്ന തെറ്റായ ശീലങ്ങളിൽനിന്ന് അത്തരം പരിശീലനം അവരെ സംരക്ഷിക്കും. (സദൃശവാക്യങ്ങൾ 22:15) എന്നാൽ, ശിക്ഷണം ഒരിക്കലും പരുഷമോ ക്രൂരമോ ആയിരിക്കരുത്.—കൊലോസ്യർ 3:21 വായിക്കുക.
മാതാപിതാക്കൾക്കും കുട്ടികൾക്കും വേണ്ടി ബൈബിളിനെ ആധാരമാക്കി നിരവധി പുസ്തകങ്ങൾ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിക്കുന്നുണ്ട്.—സങ്കീർത്തനം 19:7, 11 വായിക്കുക. (w11-E 10/01)
കൂടുതൽ വിവരങ്ങൾക്ക്, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 14-ാം അധ്യായം കാണുക.