ദിവ്യനിയമങ്ങൾ നമുക്ക് പ്രയോജനം ചെയ്യുന്നത് എങ്ങനെ?
ദൈവവചനത്തിൽനിന്നു പഠിക്കുക
ദിവ്യനിയമങ്ങൾ നമുക്ക് പ്രയോജനം ചെയ്യുന്നത് എങ്ങനെ?
നിങ്ങൾ ചോദിച്ചിരിക്കാൻ സാധ്യതയുള്ള ചില ചോദ്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. അവയ്ക്കുള്ള ഉത്തരങ്ങൾ നിങ്ങളുടെ ബൈബിളിൽ എവിടെ കണ്ടെത്താമെന്നും ഈ ലേഖനത്തിൽ പറയുന്നുണ്ട്. ഈ വിവരങ്ങൾ നിങ്ങളുമായി ചർച്ചചെയ്യാൻ യഹോവയുടെ സാക്ഷികളായ ഞങ്ങൾ താത്പര്യപ്പെടുന്നു.
1. നാം ദൈവത്തെ അനുസരിക്കേണ്ടത് എന്തുകൊണ്ട്?
നാം ദൈവത്തെ അനുസരിക്കേണ്ടതാണ്; കാരണം അവനാണ് നമ്മെ സൃഷ്ടിച്ചത്. യേശുപോലും ദൈവത്തെ എല്ലായ്പോഴും അനുസരിച്ചു. (യോഹന്നാൻ 6:38; വെളിപാട് 4:11) ദൈവത്തിന്റെ നിയമങ്ങൾ അനുസരിക്കുന്നത് അവനെ സ്നേഹിക്കുന്നുവെന്ന് തെളിയിക്കാനുള്ള ഒരു മാർഗമാണ്.—1 യോഹന്നാൻ 5:3 വായിക്കുക.
യഹോവയാംദൈവം വെച്ചിരിക്കുന്ന നിയമങ്ങളെല്ലാം നമ്മുടെ പ്രയോജനത്തിനുവേണ്ടിയുള്ളതാണ്. ഇപ്പോൾത്തന്നെ ഏറ്റവും മെച്ചമായ വിധത്തിൽ എങ്ങനെ ജീവിക്കാമെന്ന് അത് നമ്മെ പഠിപ്പിക്കുന്നു. ഭാവിയിൽ നിത്യാനുഗ്രഹങ്ങൾ നേടാൻ എങ്ങനെ കഴിയുമെന്നും അതു കാണിച്ചുതരുന്നു.—സങ്കീർത്തനം 19:7, 11; യെശയ്യാവു 48:17, 18 വായിക്കുക.
2. ആരോഗ്യത്തോടെ ജീവിക്കാൻ ദൈവികനിയമങ്ങൾ നമ്മെ സഹായിക്കുന്നത് എങ്ങനെ?
അമിതമായി മദ്യപിക്കരുത് എന്ന ദൈവനിയമം മാരകമായ പല രോഗങ്ങളിൽനിന്നും അപകടങ്ങളിൽനിന്നും നമ്മെ സംരക്ഷിക്കുന്നു. മദ്യത്തിന്റെ അമിതമായ ഉപയോഗം നമ്മെ അതിന് അടിമയാക്കുകയും ചിന്താശൂന്യമായ പെരുമാറ്റത്തിലേക്കു നയിക്കുകയും ചെയ്യും. (സദൃശവാക്യങ്ങൾ 23:20, 29, 30) മദ്യം ഉപയോഗിക്കാൻ യഹോവ അനുവദിക്കുന്നുണ്ട്; പക്ഷേ അത് മിതമായ അളവിലായിരിക്കണം എന്നുമാത്രം.—സങ്കീർത്തനം 104:15; 1 കൊരിന്ത്യർ 6:10 വായിക്കുക.
അസൂയ, അനിയന്ത്രിതമായ കോപം, ആപത്കരമായ മറ്റു സ്വഭാവരീതികൾ എന്നിവയ്ക്കെതിരെയും യഹോവ മുന്നറിയിപ്പു നൽകുന്നു. എത്രത്തോളം നാം അവന്റെ നിർദേശങ്ങൾ അനുസരിക്കുന്നുവോ നമ്മുടെ ആരോഗ്യം അത്രകണ്ട് മെച്ചപ്പെടും.—സദൃശവാക്യങ്ങൾ 14:30; 22:24, 25 വായിക്കുക.
3. ദൈവനിയമം നമ്മെ സംരക്ഷിക്കുന്നത് എങ്ങനെ?
വിവാഹത്തിനു പുറത്തുള്ള ലൈംഗികബന്ധത്തെ ദൈവനിയമം വിലക്കുന്നു. (എബ്രായർ 13:4) ദമ്പതികൾ ദൈവനിയമം അനുസരിക്കുമ്പോൾ അവർക്ക് കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെടും. കൂടാതെ, നല്ലൊരു ചുറ്റുപാടിൽ മക്കളെ വളർത്തിക്കൊണ്ടുവരാനും അവർക്കു കഴിയും. നേരെമറിച്ച്, വിവാഹേതര ബന്ധങ്ങൾ മിക്കപ്പോഴും രോഗങ്ങൾക്കും വിവാഹമോചനത്തിനും അക്രമത്തിനും വൈകാരികവ്യഥകൾക്കും ഒക്കെ വഴിതെളിക്കും. ഒറ്റയ്ക്ക് മക്കളെ വളർത്തേണ്ട ഗതികേടും അതുമൂലം ഉണ്ടായേക്കാം.—സദൃശവാക്യങ്ങൾ 5:1-9 വായിക്കുക.
വിവാഹേതര ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ഇടയാക്കിയേക്കാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിലൂടെ ദൈവവുമായുള്ള നമ്മുടെ സൗഹൃദം നമുക്ക് കാത്തുസൂക്ഷിക്കാനാകും. മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാനും നമുക്കു കഴിയും.—1 തെസ്സലോനിക്യർ 4:3-6 വായിക്കുക.
4. ജീവനോടുള്ള ആദരവ് നമുക്കു പ്രയോജനം ചെയ്യുന്നത് എങ്ങനെ?
ജീവൻ ഒരു ദിവ്യദാനമാണ്. പുകവലിയും മാരകമായ മറ്റു ദുശ്ശീലങ്ങളും ഒഴിവാക്കിക്കൊണ്ട് ജീവനെ ആദരിക്കുന്നവർക്ക് സാധാരണഗതിയിൽ നല്ല ആരോഗ്യമുണ്ടായിരിക്കും. (2 കൊരിന്ത്യർ 7:1) ഗർഭസ്ഥശിശുവിന്റെ ജീവൻപോലും ദൈവത്തിന് വിലപ്പെട്ടതാണെന്ന് പുറപ്പാടു 21:22, 23-ന്റെ മൂലപാഠം കാണിക്കുന്നു. അതുകൊണ്ട് മനഃപൂർവം ഒരു അജാതശിശുവിനെ കൊല്ലുന്നത് തെറ്റാണ്. ദൈവം വീക്ഷിക്കുന്നതുപോലെ ജീവനെ വിലയേറിയതായി കാണുന്നവർ ജോലിസ്ഥലത്തും വീട്ടിലും വാഹനങ്ങൾ ഓടിക്കുമ്പോഴും സുരക്ഷയ്ക്ക് പ്രാധാന്യം നൽകും. (ആവർത്തനപുസ്തകം 22:8) ജീവൻ അപകടപ്പെടുത്തിക്കൊണ്ടുള്ള കായികവിനോദങ്ങളിലും അവർ ഏർപ്പെടുകയില്ല; കാരണം ജീവൻ ദൈവത്തിൽനിന്നുള്ള സമ്മാനമാണ്.—സങ്കീർത്തനം 36:9 വായിക്കുക.
5. രക്തത്തെ പവിത്രമായി വീക്ഷിക്കുന്നത് നമുക്ക് പ്രയോജനം ചെയ്യുന്നത് എങ്ങനെ?
രക്തം പവിത്രമാണ്; കാരണം ഒരു ജീവിയുടെ പ്രാണൻ അഥവാ ജീവനാണ് അതെന്ന് ദൈവം പറയുന്നു. (ഉല്പത്തി 9:3, 4) ദൈവത്തിന്റെ നിയമം അനുസരിച്ച് രക്തത്തിന്റെ മൂല്യം ജീവനു തുല്യമാണ്. ആ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ പാപങ്ങളുടെ മോചനം അവൻ സാധ്യമാക്കിയിരിക്കുന്നത്.—ലേവ്യപുസ്തകം 17:11-13; എബ്രായർ 9:22 വായിക്കുക.
എങ്ങനെയാണ് ദൈവം അതു ചെയ്തിരിക്കുന്നത്? തന്റെ പുത്രന്റെ രക്തത്തിലൂടെ നമ്മെ പാപത്തിൽനിന്നു വിടുവിക്കാൻ ദൈവം അവനെ ഭൂമിയിലേക്ക് അയച്ചു. യേശു പൂർണനായിരുന്നതിനാൽ അവന്റെ ചൊരിയപ്പെട്ട രക്തം അമൂല്യമായിരുന്നു. തന്റെ ജീവൻ പ്രതിനിധാനം ചെയ്യുന്ന രക്തം യേശു ദൈവത്തിന്റെ മുമ്പാകെ സമർപ്പിച്ചു. (എബ്രായർ 9:12) അവൻ ചൊരിഞ്ഞ ആ രക്തമാണ് നമുക്ക് നിത്യജീവൻ സാധ്യമാക്കിത്തരുന്നത്.—മത്തായി 26:28; യോഹന്നാൻ 3:16 വായിക്കുക. (w11-E 11/01)
കൂടുതൽ വിവരങ്ങൾക്ക്, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 12-ഉം 13-ഉം അധ്യായങ്ങൾ കാണുക.