വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അബ്രാഹാം—താഴ്‌മയുള്ള ഒരു മനുഷ്യൻ

അബ്രാഹാം—താഴ്‌മയുള്ള ഒരു മനുഷ്യൻ

അബ്രാഹാം—താഴ്‌മയുള്ള ഒരു മനുഷ്യൻ

നല്ല ചൂടുള്ള ഒരു ദിവസം, അബ്രാഹാം തന്റെ കൂടാരത്തിൽ ഇരിക്കുകയാണ്‌. അങ്ങു ദൂരേക്ക്‌ നോക്കിയപ്പോൾ മൂന്നുസന്ദർശകരെ അവൻ കാണുന്നു. * അവരെ കണ്ടമാത്രയിൽ ഒരു മടിയും കൂടാതെ അവരുടെ അടുക്കലേക്ക്‌ ഓടിച്ചെന്ന്‌, അൽപ്പം വിശ്രമിക്കാനും തന്റെ ആതിഥ്യം സ്വീകരിക്കാനും അവൻ അവരെ നിർബന്ധിക്കുന്നു. “ഒരു മുറി അപ്പം” കഴിക്കാനാണ്‌ അവൻ അവരെ ക്ഷണിക്കുന്നതെങ്കിലും വെണ്ണയും പാലും ചൂടുള്ള അപ്പവും ഇളംമാംസവും സഹിതം വിഭവസമൃദ്ധമായ ഒരു സദ്യതന്നെ അവൻ അവർക്കുവേണ്ടി ഒരുക്കി. അതെ, അബ്രാഹാമിന്റെ ആതിഥ്യമര്യാദ ശ്രദ്ധേയമായിരുന്നു. എന്നാൽ അതു മാത്രമല്ല, നാം കാണാൻ പോകുന്നതുപോലെ അവന്റെ യഥാർഥ താഴ്‌മയും ഈ വിവരണം വെളിവാക്കുന്നു.—ഉല്‌പത്തി 18:1-8.

എന്താണ്‌ താഴ്‌മ? അഹങ്കാരവും ധാർഷ്ട്യവും ഒഴിവാക്കുന്നതാണ്‌ താഴ്‌മ. എല്ലാവരും ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ തന്നെക്കാൾ ശ്രേഷ്‌ഠരാണെന്ന്‌ താഴ്‌മയുള്ള ഒരു വ്യക്തി അംഗീകരിക്കും. (ഫിലിപ്പിയർ 2:3) അദ്ദേഹം മറ്റുള്ളവരുടെ നിർദേശങ്ങൾ സ്വീകരിക്കുകയും മറ്റുള്ളവർക്കുവേണ്ടി എളിയ വേലകൾ ചെയ്യാൻ മനസ്സൊരുക്കം കാണിക്കുകയും ചെയ്യും.

അബ്രാഹാം താഴ്‌മ കാണിച്ചത്‌ എങ്ങനെ? സന്തോഷത്തോടെ അബ്രാഹാം മറ്റുള്ളവരെ സേവിച്ചു. തുടക്കത്തിൽ പരാമർശിച്ചതുപോലെ, സന്ദർശകരെ കണ്ടപ്പോൾ അവർക്കു വേണ്ടതെല്ലാം ചെയ്‌തുകൊടുക്കാൻ അബ്രാഹാമിന്‌ യാതൊരു മടിയും ഇല്ലായിരുന്നു. അവന്റെ ഭാര്യ സാറാ പെട്ടെന്നുതന്നെ അവർക്കുള്ള ഭക്ഷണം ഒരുക്കാൻ തുടങ്ങി. എന്നാൽ അബ്രാഹാമും ഏറെ കാര്യങ്ങൾ ചെയ്‌തു എന്നത്‌ ശ്രദ്ധേയമാണ്‌: സന്ദർശകരുടെ അടുത്തേക്ക്‌ ഓടിച്ചെന്നത്‌ അബ്രാഹാമാണ്‌, അവരെ അവൻ ഭക്ഷണത്തിനായി ക്ഷണിച്ചു, കന്നുകാലിക്കൂട്ടത്തിലേക്ക്‌ ഓടിച്ചെന്ന്‌ അറുക്കാനുള്ള കാളക്കുട്ടിയെ അവൻ പിടിച്ചു. ഒരുക്കിയതെല്ലാം സന്ദർശകർക്ക്‌ അവൻ വിളമ്പുകയും ചെയ്‌തു. ഈ എളിയ വേലകളെല്ലാം തന്റെ ഭൃത്യന്മാരെ ഏൽപ്പിക്കുന്നതിനു പകരം അബ്രാഹാംതന്നെയാണ്‌ അതെല്ലാം താഴ്‌മയോടെ ചെയ്‌തത്‌. മറ്റുള്ളവരെ സേവിക്കുന്നത്‌ ഒരു കുറച്ചിലായി അവനു തോന്നിയില്ല.

തന്റെ കീഴിലുള്ളവരുടെ അഭിപ്രായങ്ങൾക്ക്‌ അബ്രാഹാം വിലകൽപ്പിച്ചു. അബ്രാഹാമും സാറായും തമ്മിലുള്ള ചുരുക്കം ചില സംഭാഷണങ്ങൾ മാത്രമേ ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ളൂ. എങ്കിലും രണ്ടുസന്ദർഭങ്ങളിൽ അബ്രാഹാം സാറായുടെ അഭിപ്രായങ്ങൾക്ക്‌ ചെവികൊടുത്തതായും അതിനു ചേർച്ചയിൽ പ്രവർത്തിച്ചതായും നാം വായിക്കുന്നു. (ഉല്‌പത്തി 16:2; 21:8-14) അതിൽ ഒരവസരത്തിൽ സാറായുടെ അഭിപ്രായം തുടക്കത്തിൽ “അബ്രാഹാമിന്നു അനിഷ്ടമായി.” എന്നാൽ അവളുടെ അഭിപ്രായത്തെ ശരിവെച്ചുകൊണ്ട്‌ യഹോവ അബ്രാഹാമിനോട്‌ സംസാരിച്ചപ്പോൾ അവൻ താഴ്‌മയോടെ അതു സ്വീകരിക്കുകയും അതിൻപ്രകാരം പ്രവർത്തിക്കുകയും ചെയ്‌തു.

നമുക്കുള്ള പാഠം: താഴ്‌മയുള്ളവരാണെങ്കിൽ നാം സന്തോഷത്തോടെ മറ്റുള്ളവരെ സേവിക്കും. മറ്റുള്ളവരുടെ ജീവിതം സുഖകരമാക്കാൻ കഴിയുന്നതെല്ലാം ചെയ്യുമ്പോൾ നമുക്ക്‌ സന്തോഷം തോന്നും.

മറ്റുള്ളവരുടെ നിർദേശങ്ങളോട്‌ നാം പ്രതികരിക്കുന്ന വിധത്തിലൂടെയും നമുക്ക്‌ താഴ്‌മ കാണിക്കാനാകും. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ നമ്മുടേതിൽനിന്ന്‌ വ്യത്യസ്‌തമാണെന്ന ഒറ്റക്കാരണത്താൽ അത്‌ നിരസിക്കുന്നതിനു പകരം, അവർ പറയുന്നത്‌ ശ്രദ്ധിക്കുന്നതായിരിക്കും ജ്ഞാനം. (സദൃശവാക്യങ്ങൾ 15:22) അത്തരമൊരു തുറന്ന സമീപനം അധികാരസ്ഥാനത്തുള്ളവർക്ക്‌ വിശേഷാൽ പ്രയോജനം ചെയ്യും. “ഒരു നല്ല മേൽനോട്ടക്കാരൻ എല്ലാവർക്കും അഭിപ്രായങ്ങൾ തുറന്നുപറയാനുള്ള ഒരു സാഹചര്യം ഒരുക്കിക്കൊടുക്കും എന്നാണ്‌ ഞാൻ മനസ്സിലാക്കിയിരിക്കുന്നത്‌,” ജോൺ എന്ന അനുഭവസമ്പന്നനായ ഒരു സൂപ്പർവൈസർ പറയുന്നു. “നിങ്ങളുടെ കീഴിലുള്ള ഒരാൾക്ക്‌ നിങ്ങളെക്കാൾ മെച്ചമായ വിധത്തിൽ കാര്യങ്ങൾ ചെയ്യാനാകുമെന്ന്‌ അംഗീകരിക്കണമെങ്കിൽ താഴ്‌മ കൂടിയേ തീരൂ. മേൽനോട്ടം വഹിക്കുന്ന ആളാണെങ്കിലും ശരി, നല്ല അഭിപ്രായങ്ങൾ ആരുടെയും കുത്തകയല്ലെന്ന്‌ മനസ്സിൽപ്പിടിക്കണം,” അദ്ദേഹം പറയുന്നു.

മറ്റുള്ളവരുടെ അഭിപ്രായങ്ങൾ മാനിച്ചുകൊണ്ടും മറ്റുള്ളവർക്കുവേണ്ടി എളിയ ജോലികൾ ചെയ്‌തുകൊണ്ടും നാം അബ്രാഹാമിനെ അനുകരിക്കുമ്പോൾ നമുക്ക്‌ യഹോവയുടെ അംഗീകാരം നേടാനാകും. “എന്തെന്നാൽ ദൈവം ഗർവികളോട്‌ എതിർത്തു നിൽക്കുന്നു; താഴ്‌മയുള്ളവരുടെമേൽ അവൻ കൃപ ചൊരിയുന്നു.”—1 പത്രോസ്‌ 5:5. (w12-E 01/01)

[അടിക്കുറിപ്പ്‌]

^ അബ്രാഹാമിന്‌ ആദ്യം ഇവരെ മനസ്സിലാകുന്നില്ലെങ്കിലും വാസ്‌തവത്തിൽ ഇവർ ദൈവത്തിന്റെ സന്ദേശവുമായി വന്ന ദൂതന്മാരായിരുന്നു.—എബ്രായർ 13:2.