ഉള്ളതുകൊണ്ട് ജീവിക്കാൻ. . .
വീർപ്പിച്ച ഒരു ബലൂൺ നിങ്ങളുടെ കൈവശം ഉണ്ട്. പക്ഷേ അതിന് ഒരു ദ്വാരം ഉണ്ടെങ്കിൽ അത് വീർപ്പിച്ചുനിറുത്താൻ എന്താണ് ചെയ്യേണ്ടത്? കുറഞ്ഞത്, നഷ്ടമാകുന്നത്രയും വായുവെങ്കിലും ബലൂണിൽ നിറച്ചുകൊണ്ടിരിക്കണം.
വരുമാനത്തിന് അനുസരിച്ചു ജീവിക്കുന്നതും ഏതാണ്ട് ഇതുപോലെയാണ്. ബലൂണിൽ നിറയ്ക്കുന്ന വായുവിനെ നിങ്ങളുടെ വരുമാനത്തോട് ഉപമിക്കാം; പുറത്തുപോകുന്ന വായുവിനെ ചെലവുകളോടും. ചെലവുകൾ വരുമാനത്തെക്കാൾ കൂടാതെ നോക്കുക എന്നതാണ് പ്രധാനം.
പണം കൈകാര്യം ചെയ്യുമ്പോൾ ഈ അടിസ്ഥാന തത്ത്വം ബാധകമാക്കിയാൽ പല വൈഷമ്യങ്ങളും ഒഴിവാക്കാവുന്നതേയുള്ളൂ. കാര്യം ലളിതമാണെങ്കിലും പറയുന്നതുപോലെ പ്രവർത്തിക്കാനാണ് ബുദ്ധിമുട്ട്. എന്നാൽ, ഈ തത്ത്വം എങ്ങനെ പ്രാവർത്തികമാക്കാം? ഇക്കാര്യത്തിൽ ബൈബിളിന് നമ്മെ സഹായിക്കാനാകും.
വഴികാട്ടിയായി ബൈബിൾ തത്ത്വങ്ങൾ
സാമ്പത്തിക കാര്യങ്ങളിൽ നിങ്ങളെ സഹായിക്കുന്ന നിരവധി പ്രായോഗിക നിർദേശങ്ങൾ ബൈബിളിലുണ്ട്. അവയിൽ ചിലത് നമുക്കിപ്പോൾ നോക്കാം. വരുമാനത്തിലൊതുങ്ങി ജീവിക്കാൻ സഹായിക്കുന്ന ഈ നിർദേശങ്ങൾ ഒന്നു പരീക്ഷിച്ചുനോക്കരുതോ?
ഒരു ബഡ്ജറ്റ് തയ്യാറാക്കുക.
പണം ഉചിതമായി കൈകാര്യം ചെയ്യുന്നതിന് നിങ്ങളുടെ വരുമാനം എത്രയാണെന്നും എന്തുമാത്രം ചെലവാക്കുന്നുണ്ടെന്നും കൃത്യമായി അറിഞ്ഞിരിക്കണം. ബൈബിൾ പറയുന്നു: ‘ശ്രദ്ധയോടെയുള്ള പദ്ധതികൾ നേട്ടമുണ്ടാക്കും. അശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യുന്നവൻ ദരിദ്രനായിത്തീരും.’ (സദൃശവാക്യങ്ങൾ 21:5, പരിശുദ്ധ ബൈബിൾ ഈസി-റ്റു-റീഡ് വേർഷൻ) അതുകൊണ്ട് ചിലർ ചെയ്യുന്നത് ഇതാണ്: ഭക്ഷണം, വാടക, വസ്ത്രം എന്നിങ്ങനെയുള്ള ആവശ്യങ്ങൾക്കായി പണം പ്രത്യേകം തരംതിരിച്ച് വെക്കുന്നു; ഓരോ ആവശ്യത്തിനും എത്രമാത്രം പണം വേണ്ടിവരുമെന്ന് അറിയാനും അതനുസരിച്ച് ചെലവാക്കാനും അത് അവരെ സഹായിക്കുന്നു. ഈ രീതിയോ മെച്ചമായ മറ്റു മാർഗങ്ങളോ നിങ്ങൾക്ക് പരീക്ഷിച്ചുനോക്കാവുന്നതാണ്. പക്ഷേ പണം എങ്ങനെ ചെലവാകുന്നു എന്നതിനാണ് ശ്രദ്ധനൽകേണ്ടത്. ആർഭാടങ്ങൾക്കല്ല അത്യാവശ്യങ്ങൾക്കു പ്രാധാന്യം കൊടുക്കുക.
ദുരാഗ്രഹം ഒഴിവാക്കുക.
ദരിദ്ര രാജ്യങ്ങളിലുള്ള പലരും സമ്പന്ന രാജ്യങ്ങളിലെ സുഖസൗകര്യങ്ങളാണ് മോഹിക്കുന്നത്. അയൽക്കാരന്റെ പക്കലുള്ളത് തനിക്കും വേണമെന്ന് ആഗ്രഹിക്കുന്നവരും കുറവല്ല. എന്നാൽ, അത്തരം ആഗ്രഹം നിങ്ങളെ കെണിയിൽച്ചാടിച്ചേക്കാം. ഒരുപക്ഷേ തന്റെ കൊക്കിലൊതുങ്ങാത്ത ഒന്ന് അയൽക്കാരൻ വായ്പയെടുത്ത് വാങ്ങിയതാണെങ്കിലോ? അയാളെപ്പോലെ കടക്കെണിയിൽ വീഴാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? “ദുരാഗ്രഹിയായവൻ ധനവാനാകുവാൻ ബദ്ധപ്പെടുന്നു; ദാരിദ്ര്യം വരുമെന്ന് അവൻ അറിയുന്നതുമില്ല,” ബൈബിൾ മുന്നറിയിപ്പു തരുന്നു.—സദൃശവാക്യങ്ങൾ 28:22, വിശുദ്ധ സത്യവേദപുസ്തകം, മോഡേൺ മലയാളം വേർഷൻ.
ജീവിതം ലളിതമാക്കുക.
കണ്ണ് ‘തെളിച്ചമുള്ളതായി’ സൂക്ഷിക്കാൻ അഥവാ അവശ്യകാര്യങ്ങളിൽമാത്രം ശ്രദ്ധവെച്ച് ലളിതജീവിതം നയിക്കാൻ യേശു തന്റെ അനുഗാമികളെ ഉദ്ബോധിപ്പിക്കുകയുണ്ടായി. (മത്തായി ) ‘അഷ്ടിക്കുപോലും വകയില്ലെന്നിരിക്കെ മൃഷ്ടഭോജനം കഴിക്കാനാണ് താത്പര്യപ്പെടുന്നതെങ്കിൽ’ കടത്തിൽ മുങ്ങാൻ താമസമുണ്ടാകില്ല. ഒരു ഏഷ്യൻ വികസന ബാങ്കിന്റെ റിപ്പോർട്ട് അനുസരിച്ച് ഫിലിപ്പീൻസിൽ ഏകദേശം മൂന്നിൽ ഒരാൾവീതവും ഇന്ത്യയിൽ പകുതിയിലേറെപ്പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്; ഇവരുടെ ശരാശരി ദിവസവരുമാനം അറുപതുരൂപയിൽ താഴെ മാത്രം. ഇത്രയും തുച്ഛമായ വരുമാനംകൊണ്ട് ജീവിക്കണമെങ്കിൽ അവശ്യകാര്യങ്ങളിൽമാത്രം ശ്രദ്ധവെക്കുന്നതായിരിക്കില്ലേ ബുദ്ധി? സമ്പന്ന രാജ്യങ്ങളും ഇതേ തത്ത്വം ബാധകമാക്കുന്നെങ്കിൽ അനാവശ്യ സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കാൻ അത് അവരെയും സഹായിക്കും. 6:22
ഉള്ളതിൽ തൃപ്തരായിരിക്കുക.
ജീവിതം ലളിതമാക്കുന്നതിൽ ഉള്ളതിൽ തൃപ്തരായിരിക്കുന്നതും ഉൾപ്പെടുന്നു. 1 തിമൊഥെയൊസ് 6:8-ൽ ബൈബിൾ ഇങ്ങനെ നിർദേശിക്കുന്നു: “ഉണ്ണാനും ഉടുക്കാനും വകയുണ്ടെങ്കിൽ നമുക്കു തൃപ്തിപ്പെടാം.” ലോകത്തിൽ ഏറ്റവും സന്തുഷ്ടരായിരിക്കുന്ന ചിലർക്ക് ഭൗതികമായി ഒന്നുംതന്നെയില്ല; എങ്കിലും തങ്ങൾക്കുള്ളതിൽ അവർ തൃപ്തരാണ്. അവശ്യം പണമല്ല, കുടുംബാംഗങ്ങളും സുഹൃത്തുക്കളും തമ്മിലുള്ള സ്നേഹവും ഇഴയടുപ്പവുമാണ് അവരെ സംതൃപ്തരാക്കുന്നത്.—സദൃശവാക്യങ്ങൾ 15:17.
അനാവശ്യ കടങ്ങൾ ഒഴിവാക്കുക.
“ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു; കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവന്നു ദാസൻ” എന്ന് ബൈബിളിൽ പറഞ്ഞിരിക്കുന്നു. ഈ വാക്കുകൾ സത്യമാണ്. (സദൃശവാക്യങ്ങൾ 22:7) പക്ഷേ, കടം വാങ്ങാതെ നിവൃത്തിയില്ലെന്നുവരുന്ന ചില സാഹചര്യങ്ങൾ ഉണ്ടായേക്കാം. എന്നാൽ ആഗ്രഹിക്കുന്നതെല്ലാം വാങ്ങിക്കൂട്ടുന്നതിനായി അനാവശ്യ കടങ്ങൾ വരുത്തിവെക്കുന്നെങ്കിലോ? അങ്ങനെ ചെയ്യുന്നവർ കടക്കെണിയിൽനിന്ന് ഊരിപ്പോരാൻ പറ്റാതെ അതിൽ കുടുങ്ങിപ്പോകുന്നു. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ഇത് വിശേഷാൽ സത്യമാണ്. “ക്രെഡിറ്റ് കാർഡ് കൈയിൽ കിട്ടിക്കഴിഞ്ഞാൽപ്പിന്നെ പണത്തെക്കുറിച്ച് യാതൊരു ചിന്തയും ഉണ്ടായിരിക്കില്ല, സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിൽ മാത്രമായിരിക്കും ശ്രദ്ധ” എന്ന് ടൈം മാസിക അഭിപ്രായപ്പെടുന്നു. ഫിലിപ്പീൻസിൽ താമസിക്കുന്ന എറിക്ക് പറയുന്നത് ശ്രദ്ധിക്കുക: “ക്രെഡിറ്റ് കാർഡാണ് ഉപയോഗിക്കുന്നതെങ്കിൽ പണംകൊടുത്തു വാങ്ങുന്നതിനെക്കാൾ കൂടുതൽ സാധനങ്ങൾ പലപ്പോഴും ഞാൻ വാങ്ങിക്കൂട്ടും. പക്ഷേ, ബിൽ അടയ്ക്കേണ്ടിവരുമ്പോൾ എന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിയിരിക്കും.” ക്രെഡിറ്റ് കാർഡുകളും മറ്റും ഉപയോഗിക്കുമ്പോൾ വളരെയേറെ ശ്രദ്ധിക്കണം എന്നല്ലേ ഇതിനർഥം!—2 രാജാക്കന്മാർ 4:1; മത്തായി 18:25.
വാങ്ങുന്നതിനുമുമ്പ് പണം സ്വരുക്കൂട്ടുക.
പണം സ്വരുക്കൂട്ടി സാധനങ്ങൾ വാങ്ങുന്നത് ഒരു പഴഞ്ചൻ രീതിയായി തോന്നിയേക്കാമെങ്കിലും അങ്ങനെ ചെയ്യുന്നതായിരിക്കും ജ്ഞാനം. കടങ്ങളും അതിനോട് അനുബന്ധിച്ചുള്ള മറ്റു പ്രശ്നങ്ങളും, ഉദാഹരണത്തിന് വാങ്ങുന്ന തുകയുടെമേൽ ചുമത്തുന്ന ഉയർന്ന പലിശയും മറ്റും ഒഴിവാക്കാൻ അത് പലരെയും സഹായിക്കുന്നു. ബൈബിൾ ഉറുമ്പിനെ “ജ്ഞാനമുള്ളവ” എന്നാണ് വിളിക്കുന്നത്. കാരണം, അവ “കൊയ്ത്തുകാലത്തു തന്റെ തീൻ” സ്വരുക്കൂട്ടി നാളേക്കായി കരുതുന്നു.—സദൃശവാക്യങ്ങൾ 6:6-8; 30:24, 25.
മറ്റുള്ളവരിൽനിന്നു പഠിക്കുക
മേൽപ്പറഞ്ഞ നിർദേശങ്ങളെല്ലാം കുറേ നല്ല തത്ത്വങ്ങളായി തോന്നിയേക്കാം. എന്നാൽ ഉള്ളതുകൊണ്ട് ജീവിക്കാൻ ഈ തത്ത്വങ്ങൾ ആളുകളെ സഹായിച്ചിട്ടുണ്ടോ? ചിലരെ നമുക്കിപ്പോൾ പരിചയപ്പെടാം. പണം ശരിയായി കൈകാര്യം ചെയ്യാൻ ഈ നിർദേശങ്ങൾ അവരെ സഹായിച്ചിരിക്കുന്നത് എങ്ങനെയെന്ന് നോക്കുക.
നാലുമക്കളുടെ പിതാവാണ് ഡിയോസ്ഡാഡോ. അടുത്തകാലത്തുണ്ടായ സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് കുടുംബച്ചെലവുകൾ നടത്തിക്കൊണ്ടുപോകുന്നത് അദ്ദേഹത്തിന് വളരെ ബുദ്ധിമുട്ടായി. എന്നിരുന്നാലും ഒരു ബഡ്ജറ്റ് ഉണ്ടായിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. “എനിക്കു കിട്ടുന്ന ഓരോ ചില്ലിക്കാശിന്റെയും കണക്ക് ഞാൻ സൂക്ഷിക്കുന്നു.” “എന്തിനൊക്കെ പണം ചെലവാകുന്നു എന്നതും ഞാൻ രേഖപ്പെടുത്തിവെക്കും,” അദ്ദേഹം പറയുന്നു. ബഡ്ജറ്റ് ഉള്ളത് ഡാനീലൊയെയും സഹായിച്ചിട്ടുണ്ട്. നടത്തിക്കൊണ്ടിരുന്ന ഒരു ചെറിയ ബിസിനസ്സ്
തകർന്നതിനാൽ അദ്ദേഹവും ഭാര്യയും സാമ്പത്തിക ഞെരുക്കത്തിലായി. എങ്കിലും നല്ലൊരു ബഡ്ജറ്റ് ഉള്ളതുകൊണ്ട് അത്യാവശ്യ കാര്യങ്ങൾ നടത്തിക്കൊണ്ടുപോകാൻ അവർക്കു കഴിയുന്നു. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: “ഓരോ മാസവും എത്രത്തോളം വരവുണ്ടെന്നും പതിവ് ചെലവുകൾക്കായി എത്ര നീക്കിവെക്കണമെന്നും ഞങ്ങൾക്കറിയാം. മറ്റാവശ്യങ്ങൾക്ക് എത്രത്തോളം പണം ചെലവഴിക്കാനാകുമെന്ന് അതിനനുസരിച്ച് ഞങ്ങൾ തീരുമാനിക്കുന്നു.”ബഡ്ജറ്റിനനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ ചെലവുകളിൽ ചില വെട്ടിച്ചുരുക്കൽ നടത്തേണ്ടത് ആവശ്യമാണെന്ന് ചിലർ മനസ്സിലാക്കിയിരിക്കുന്നു. മൂന്നുകുട്ടികളുള്ള വിധവയായ മെർന പറയുന്നതു കേൾക്കൂ: “ക്രിസ്തീയ യോഗങ്ങൾക്ക് ബസ്സിൽ പോകുന്നതിനു പകരം ഞാനും മക്കളും ഇപ്പോൾ നടന്നാണ് പോകുന്നത്.” ജീവിതം ലളിതമാക്കേണ്ടതിന്റെ പ്രാധാന്യം അവർ മക്കളെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. മെർന പറയുന്നു: “1 തിമൊഥെയൊസ് 6:8-10-ലെ തത്ത്വം ബാധകമാക്കുന്ന കാര്യത്തിൽ ഞാൻതന്നെ നല്ലൊരു മാതൃകവെക്കുന്നു. ഉള്ളതുകൊണ്ട് തൃപ്തരായി ജീവിക്കേണ്ടതിന്റെ പ്രാധാന്യമാണല്ലോ അവിടെ പറയുന്നത്.”
രണ്ടുമക്കളുള്ള ജെറാൾഡ് ചെയ്തിരിക്കുന്നതും ഇതുതന്നെയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “കുടുംബം ഒത്തൊരുമിച്ച് ബൈബിൾ പഠിക്കുമ്പോൾ ആത്മീയ കാര്യങ്ങൾക്ക് മുൻഗണന നൽകിയിരുന്ന ക്രിസ്ത്യാനികളുടെ അനുഭവങ്ങൾ ഞങ്ങൾ ചർച്ചചെയ്യുന്നു. അതുകൊണ്ട് നല്ല ഫലമുണ്ട്; അനാവശ്യ കാര്യങ്ങൾക്കായി ഞങ്ങളുടെ മക്കൾ ഇപ്പോൾ വാശിപിടിക്കാറില്ല.”
ഫിലിപ്പീൻസിലാണ് അവിവാഹിതയായ ജാനറ്റ് താമസിക്കുന്നത്. ബൈബിൾ അധ്യാപികയായി സ്വമേധയാ പ്രവർത്തിക്കുന്നതിനൊപ്പം അവൾ ഒരു ജോലിയും ചെയ്യുന്നുണ്ടായിരുന്നു. അടുത്തിടെ അവൾക്ക് ജോലി നഷ്ടപ്പെട്ടു. എങ്കിലും ഉള്ളതുകൊണ്ട് ജീവിക്കാൻ അവൾക്ക് കഴിയുന്നുണ്ട്. എങ്ങനെ? “ഞാൻ എന്റെ ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിടുന്നു. കയ്യിലുള്ള പണം സൂക്ഷിച്ച് ചെലവഴിക്കാൻ ശ്രദ്ധിക്കാറുമുണ്ട്,” അവൾ പറയുന്നു. “വിലകൂടിയ സാധനങ്ങൾ വിൽക്കുന്ന വലിയ ഷോപ്പിങ് സെന്ററുകളിൽ ഞാൻ പോകാറില്ല. മറ്റിടങ്ങളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് നല്ല സാധനങ്ങൾ കിട്ടുമെന്നിരിക്കെ ഞാൻ എന്തിന് കൂടുതൽ പണം ചെലവാക്കണം? പെട്ടെന്നുണ്ടായ ആവേശത്തിന്റെ പുറത്ത് ഞാൻ സാധനങ്ങൾ വാങ്ങിക്കൂട്ടാറുമില്ല.” അനാവശ്യ കാര്യങ്ങൾക്ക് ചെലവാക്കാതെ പണം സൂക്ഷിച്ച് വെക്കേണ്ടതിന്റെ പ്രാധാന്യവും ജാനറ്റിന് അറിയാം. “ചെലവുകഴിഞ്ഞ് എന്തെങ്കിലും മിച്ചംവരുന്നത്, അത് വളരെ ചെറിയ തുകയാണെങ്കിൽപ്പോലും ഞാൻ സൂക്ഷിച്ചുവെക്കും, പെട്ടെന്ന് ഒരു ആവശ്യം വന്നാൽ ഉപയോഗിക്കാൻ.”
ക്രെഡിറ്റ് കാർഡിന്റെ ഉപയോഗത്തെക്കുറിച്ച് നേരത്തേ പരാമർശിച്ച എറിക്ക് പറയുന്നത് ഇങ്ങനെയാണ്: “അത്യാവശ്യ ഘട്ടങ്ങളിൽ ഒഴികെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നു.” ഡിയോസ്ഡാഡോയും ഇതിനോടു യോജിക്കുന്നു: “ക്രെഡിറ്റ് കാർഡ് കയ്യിലിരുന്നാൽ അറിയാതെ ഉപയോഗിച്ചുപോകും; അതുകൊണ്ട് ഞാൻ അത് ഓഫീസിൽ വെച്ചിട്ടുപോരും.”
ഉള്ളതുകൊണ്ടു ജീവിക്കാൻ നിങ്ങൾക്കും കഴിയും
ആത്മീയ കാര്യങ്ങളാണ് ബൈബിളിൽ മുഖ്യമായും അടങ്ങിയിരിക്കുന്നതെങ്കിലും ഭൗതിക കാര്യങ്ങളിൽ നമ്മെ വഴിനയിക്കുന്ന നിർദേശങ്ങളും അതിലുണ്ടെന്ന് അനേകരും മനസ്സിലാക്കിയിരിക്കുന്നു. (സദൃശവാക്യങ്ങൾ 2:6; മത്തായി 6:25-34) ഇപ്പോൾ ചർച്ചചെയ്ത ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുകയും അത് പരീക്ഷിച്ച് ഫലംകണ്ടവരുടെ അനുഭവങ്ങളിൽനിന്ന് പാഠം ഉൾക്കൊള്ളുകയും ചെയ്യുന്നെങ്കിൽ ദശലക്ഷങ്ങളെ അലട്ടുന്ന ഉത്കണ്ഠകളും അനാവശ്യ ഹൃദയവേദനകളും ഒഴിവാക്കാൻ നിങ്ങൾക്കാകും; ഉള്ളതുകൊണ്ടു ജീവിക്കാൻ നിങ്ങൾക്കും കഴിയും!
‘പെട്ടെന്നുണ്ടായ ആവേശത്തിന്റെ പുറത്ത് ഞാൻ സാധനങ്ങൾ വാങ്ങിക്കൂട്ടാറില്ല’