കുടുംബസന്തുഷ്ടിയുടെ രഹസ്യം
കുഞ്ഞിന്റെ ജനനം ദാമ്പത്യത്തിലെ വഴിത്തിരിവ്
ചാൾസ്: a “മോളുണ്ടായപ്പോൾ ഞങ്ങളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. പക്ഷേ ആദ്യത്തെ ഏതാനും മാസങ്ങൾ അവൾ എന്നെ ഉറക്കിയിട്ടില്ല. കുഞ്ഞിനെ എങ്ങനെ നോക്കണം, വളർത്തണം എന്നൊക്കെ ഞങ്ങൾ നേരത്തേ പ്ലാൻ ചെയ്തിരുന്നെങ്കിലും ഒന്നും വിചാരിച്ചതുപോലെ നടന്നില്ല.”
മരിയ: “മോൾ വന്നതോടെ എന്റെ ജീവിതം അപ്പാടെ മാറി. അവളെ ചുറ്റിപ്പറ്റിയായി എല്ലാം. അവൾക്ക് പാൽ കൊടുക്കുക, അവളുടെ ഡയപ്പർ മാറ്റുക, കരച്ചിൽ മാറ്റുക. അതിനു മാത്രമേ നേരമുണ്ടായിരുന്നുള്ളൂ എന്നു പറയാം. ഒരുപാട് അഡ്ജസ്റ്റുമെന്റുകൾ വേണ്ടിവന്നു. ഞാനും ചാൾസും തമ്മിലുള്ള ബന്ധം പഴയതുപോലെയാകാൻ മാസങ്ങളെടുത്തു.”
ഒരു കുഞ്ഞിന്റെ ജനനം ആഹ്ലാദകരമായ ഒരു അനുഭവമാണ്, സംശയമില്ല. മക്കൾ ദൈവം നൽകുന്ന “പ്രതിഫല”മാണെന്നാണ് ബൈബിൾ പറയുന്നത്. (സങ്കീർത്തനം 127:3) എന്നാൽ ചാൾസിനെയും മരിയയെയും പോലെ പല ദമ്പതികൾക്കും അറിയാം, ഒരു കുഞ്ഞിന്റെ വരവോടെ തങ്ങളുടെ ജീവിതം ഒരുപാടു മാറുമെന്ന്. അമ്മയ്ക്ക് പിന്നെ കുഞ്ഞിന്റെ കാര്യത്തിൽ മാത്രമാകും ശ്രദ്ധ. കുഞ്ഞ് ചെറുതായൊന്നു ചിണുങ്ങിയാൽ, ഒന്നു കരഞ്ഞാൽ, എത്ര പെട്ടെന്നാണ് അമ്മയുടെ ശരീരവും മനസ്സും അതിനോടു പ്രതികരിക്കുന്നത്! അച്ഛനെ സംബന്ധിച്ചാണെങ്കിൽ, അമ്മയും കുഞ്ഞും തമ്മിലുള്ള ഈ ഗാഢബന്ധം ആദ്യമൊക്കെ ഒരു കൗതുകമായിരിക്കും. പിന്നെപ്പിന്നെ, അവരുടെ ലോകത്ത് താനില്ലല്ലോ എന്ന ചിന്ത അദ്ദേഹത്തിൽ ചെറുതായൊരു അസൂയ ജനിപ്പിച്ചേക്കാം.
ആദ്യത്തെ കുഞ്ഞിന്റെ ജനനം ചിലപ്പോഴെങ്കിലും ദമ്പതികൾക്കിടയിൽ നിലനിന്നിരുന്ന കൊച്ചുകൊച്ചു അസ്വാരസ്യങ്ങളെ വലിയവലിയ പ്രശ്നങ്ങളാക്കിത്തീർത്തേക്കാം. ഇണ തന്റെ വൈകാരിക ആവശ്യങ്ങൾ അവഗണിക്കുന്നുവെന്ന തോന്നൽ ദമ്പതികളിൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ, ഇരുവർക്കുമിടയിൽ പരിഹരിക്കപ്പെടാതെ കിടക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ, പുതിയ അതിഥിയുടെ വരവ് അവയെ ഒന്നുകൂടെ രൂക്ഷമാക്കിയേക്കാം.
ആദ്യമാസങ്ങളിൽ കുഞ്ഞിന് മാതാപിതാക്കളുടെ പരിപൂർണശ്രദ്ധ ആവശ്യമാണ്. ഇത് അവരുടെ ജീവിതം തിരക്കേറിയതാക്കും. ഈ മാറിയ സാഹചര്യവുമായി പുതിയ മാതാപിതാക്കൾക്ക് എങ്ങനെ പൊരുത്തപ്പെടാം? പരസ്പരമുള്ള അടുപ്പം കുറയാതെ നോക്കാൻ ദമ്പതികൾക്ക് എന്തു ചെയ്യാം? കുഞ്ഞിനെ പരിപാലിക്കുന്നതിനോടു ബന്ധപ്പെട്ട് അഭിപ്രായ ഭിന്നതകൾ ഉണ്ടെങ്കിൽ അവ എങ്ങനെ പരിഹരിക്കാം? ഈ വെല്ലുവിളികളെ അവലോകനം ചെയ്യുകയാണ് തുടർന്നുള്ള ഭാഗത്ത്. സഹായകമായ ചില ബൈബിൾതത്ത്വങ്ങളും നിങ്ങൾക്ക് അവിടെ കാണാം.
വെല്ലുവിളി 1: കുഞ്ഞ് ജീവിതത്തിന്റെ കേന്ദ്രബിന്ദുവായി മാറുന്നു.
കുഞ്ഞിന്റെ വരവോടെ അമ്മയുടെ സമയവും ശ്രദ്ധയും അവനായി ഉഴിഞ്ഞുവെക്കേണ്ടിവരും. കുഞ്ഞിനെ ലാളിക്കുന്നതും പരിപാലിക്കുന്നതുമെല്ലാം നിർവൃതി പകരുന്ന അനുഭവങ്ങളായിരിക്കും ഒരമ്മയ്ക്ക്. അതിനിടെ ഭർത്താവിന് തന്റെ ആവശ്യങ്ങൾ അവഗണിക്കപ്പെടുന്നതായി തോന്നിയേക്കാം. ബ്രസീലിൽ താമസിക്കുന്ന മാനുവെൽ പറയുന്നു: “മോൻ ഉണ്ടായപ്പോൾ ഭാര്യയുടെ ശ്രദ്ധ മുഴുവൻ അവനിലായി. അത് എനിക്ക് ഉൾക്കൊള്ളാനേ കഴിഞ്ഞില്ല. ഞങ്ങൾ രണ്ടുപേരും മാത്രമായിരുന്ന ആ ലോകത്തുനിന്ന് പെട്ടെന്നു ഞാൻ പുറന്തള്ളപ്പെട്ടതുപോലെ.” ഇങ്ങനെയൊരു സാഹചര്യവുമായി നിങ്ങൾക്ക് എങ്ങനെ പൊരുത്തപ്പെടാം?
പരിഹാരം: ക്ഷമ കാണിക്കുക.
ബൈബിൾ ഇപ്രകാരം പറയുന്നു: “സ്നേഹം ദീർഘക്ഷമയും ദയയുമുള്ളത്. സ്നേഹം . . . തൻകാര്യം അന്വേഷിക്കുന്നില്ല; പ്രകോപിതമാകുന്നില്ല.” (1 കൊരിന്ത്യർ 13:4, 5) ജീവിതത്തിലേക്ക് ഒരു കുഞ്ഞ് കടന്നുവരുമ്പോൾ ദമ്പതികൾക്ക് ഇരുവർക്കും ഈ തത്ത്വം എങ്ങനെ പ്രാവർത്തികമാക്കാം?
വിവേകമതിയായ ഒരു ഭർത്താവ്, പ്രസവത്തോട് അനുബന്ധിച്ച് ഭാര്യയിലുണ്ടാകുന്ന ശാരീരിക, മാനസിക മാറ്റങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കും. അങ്ങനെയാകുമ്പോൾ ഭാര്യയിൽ പെട്ടെന്നുണ്ടാകുന്ന ഭാവമാറ്റങ്ങളുടെ കാരണം തിരിച്ചറിയാനും സ്നേഹത്തോടും പരിഗണനയോടും കൂടെ പെരുമാറാനും അദ്ദേഹത്തിനു കഴിയും. b ഫ്രാൻസിൽ താമസിക്കുന്ന ആഡം, 11 മാസം പ്രായമുള്ള ഒരു പെൺകുഞ്ഞിന്റെ പിതാവാണ്. അദ്ദേഹം പറയുന്നു: “ഭാര്യയിലുണ്ടാകുന്ന ഭാവമാറ്റവുമായി പൊരുത്തപ്പെടുക വളരെ ബുദ്ധിമുട്ടാണ് ചിലപ്പോൾ. പക്ഷേ എന്നോടുള്ള ദേഷ്യംകൊണ്ടല്ല അവൾ അങ്ങനെ പെരുമാറുന്നതെന്ന് ഞാൻ സ്വയം ഓർമിപ്പിക്കും. പുതിയ സാഹചര്യം വരുത്തിയിരിക്കുന്ന പിരിമുറുക്കമാണ് അതിനു പിന്നിലെന്ന് എനിക്കറിയാം.”
ഭാര്യയെ സഹായിക്കാൻ നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെ അവൾ തെറ്റിദ്ധരിക്കാറുണ്ടോ? ഉണ്ടെങ്കിൽ പെട്ടെന്ന് നീരസപ്പെടരുത്. (സഭാപ്രസംഗി 7:9) പകരം അവളോട് പരിഗണന കാണിക്കുക. അങ്ങനെയാകുമ്പോൾ ഇത്തരം പെരുമാറ്റങ്ങൾ നിങ്ങളെ എളുപ്പം അസ്വസ്ഥനാക്കില്ല.—സദൃശവാക്യങ്ങൾ 14:29.
ഭാര്യയും വിവേകത്തോടെ പെരുമാറണം. കുഞ്ഞിനെ പരിപാലിക്കാൻ ഭർത്താവ് ചെയ്യുന്ന ശ്രമങ്ങളെ ഭാര്യ വിലമതിക്കുകയും അഭിനന്ദിക്കുകയും വേണം. കുഞ്ഞിന്റെ പരിപാലനത്തിൽ ഭർത്താവിനെയും ഒപ്പം കൂട്ടാം. ഡയപ്പർ മാറ്റുന്നത് എങ്ങനെ, പാൽക്കുപ്പി തയ്യാറാക്കുന്നത് എങ്ങനെ എന്നെല്ലാം അദ്ദേഹത്തിന് കാണിച്ചുകൊടുക്കാം. ആദ്യമൊന്നും അദ്ദേഹം അത് ശരിക്ക് ചെയ്തെന്നുവരില്ല; പക്ഷേ ക്ഷമ കാണിക്കുക.
26 വയസ്സുള്ള ഒരു അമ്മയാണ് എലൻ. ഭർത്താവിനോടുള്ള തന്റെ പെരുമാറ്റത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് അവർ മനസ്സിലാക്കി. “കുഞ്ഞിനെ എന്റേതുമാത്രമാക്കി വെക്കരുതെന്ന് എനിക്കു മനസ്സിലായി. അതുപോലെ അദ്ദേഹം കുഞ്ഞിനുവേണ്ടി എന്തെങ്കിലും ചെയ്യുമ്പോൾ അതിൽ കുറ്റം കണ്ടുപിടിക്കാതിരിക്കാനും ഞാൻ ശ്രദ്ധിക്കേണ്ടിയിരുന്നു,” എലൻ പറയുന്നു.
ഇങ്ങനെ ചെയ്തുനോക്കൂ: ഭാര്യമാരേ, കുഞ്ഞിനുവേണ്ടി ഭർത്താവ് എന്തെങ്കിലും ചെയ്യുമ്പോൾ അതിനെ വിമർശിക്കാതിരിക്കുക. ഒരുപക്ഷേ നിങ്ങൾ ചെയ്യുന്നതുപോലെ ആയിരിക്കില്ല അദ്ദേഹം കാര്യങ്ങൾ ചെയ്യുന്നത്. അങ്ങനെ വരുമ്പോൾ, ‘അതു ശരിയായില്ല,’ ‘ഇതു ശരിയായില്ല’ എന്നൊക്കെ പറഞ്ഞ് അദ്ദേഹത്തെ കുറ്റപ്പെടുത്തുകയോ നിങ്ങളുടേതായ രീതിയിൽ വീണ്ടും അത് ചെയ്യാൻ ശ്രമിക്കുകയോ അരുത്. പകരം, അദ്ദേഹം ചെയ്യുന്ന കാര്യങ്ങളെ അഭിനന്ദിക്കുക. അപ്പോൾ അദ്ദേഹത്തിന്റെ ആത്മവിശ്വാസം വർധിക്കും. നിങ്ങളെ പിന്തുണയ്ക്കാൻ അത് അദ്ദേഹത്തിന് ഒരു പ്രേരണയാകുകയും ചെയ്യും. ഭർത്താക്കന്മാരേ, അനാവശ്യ കാര്യങ്ങൾക്കായി സമയം ചെലവഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അങ്ങനെയാകുമ്പോൾ ഭാര്യയ്ക്ക് വേണ്ട സഹായം ചെയ്തുകൊടുക്കാൻ നിങ്ങൾക്കാകും, കുഞ്ഞ് ജനിച്ച് ആദ്യമാസങ്ങളിൽ വിശേഷിച്ചും.
വെല്ലുവിളി 2: ഭാര്യയും ഭർത്താവും തമ്മിലുള്ള അടുപ്പം കുറയുന്നു.
ആവശ്യത്തിന് ഉറക്കം ലഭിക്കാത്തതും കുഞ്ഞിന്റെ പരിപാലനവുമായി ബന്ധപ്പെട്ട ടെൻഷനുകളും ദമ്പതികളെ ശാരീരികമായി ക്ഷീണിപ്പിച്ചേക്കാം. പഴയതുപോലുള്ള അടുപ്പം നിലനിറുത്താൻ അവർക്ക് നന്നേ ബുദ്ധിമുട്ടേണ്ടിവരും. രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണ് ഫ്രഞ്ചുകാരിയായ വിവിയൻ. അവർ പറയുന്നു: “ആദ്യമൊക്കെ, ഒരമ്മയുടെ കർത്തവ്യം നിറവേറ്റുന്നതിൽ മാത്രമായിരുന്നു എന്റെ ശ്രദ്ധ. അതിനിടെ, ഭാര്യയുടെ കടമയെപ്പറ്റി ഞാൻ മറന്നുപോയി.”
ഗർഭധാരണവും പ്രസവവും തന്റെ ഭാര്യയെ ശാരീരികമായും വൈകാരികമായും ബാധിച്ചിട്ടുണ്ടെന്ന കാര്യം ഭർത്താവും തിരിച്ചറിയാതെ പോയേക്കാം. കുഞ്ഞിന്റെ കാര്യങ്ങൾ നോക്കുന്ന തിരക്കിൽ ലൈംഗികകാര്യങ്ങൾ ഉൾപ്പെടെ പലതും അവഗണിക്കപ്പെടാൻ ഇടയുണ്ട്.
ആകട്ടെ, നിങ്ങളുടെ കുഞ്ഞോമന നിങ്ങളുടെ ദാമ്പത്യബന്ധത്തിന് ഒരു തടസ്സമാകാതിരിക്കാൻ എന്തു ചെയ്യാൻ കഴിയും?പരിഹാരം: സ്നേഹം പ്രകടിപ്പിക്കുക.
വിവാഹത്തോടെ “പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏകദേഹമായി തീരും” എന്ന് ബൈബിൾ പറയുന്നു. (ഉല്പത്തി 2:24) മക്കൾ കാലാന്തരത്തിൽ മാതാപിതാക്കളുടെ തണലിൽനിന്നു മാറി സ്വന്തമായി ഒരു കുടുംബം തുടങ്ങണമെന്നുള്ളതാണ് യഹോവയാം ദൈവത്തിന്റെ ഹിതം. അതേസമയം വിവാഹത്തോടെ ഏകദേഹമായിത്തീരുന്ന ഭാര്യാഭർത്താക്കന്മാർ ആജീവനാന്തം ഒരുമിച്ചു കഴിയാൻ ദൈവം പ്രതീക്ഷിക്കുന്നു. (മത്തായി 19:3-9) ഇത് മനസ്സിൽപ്പിടിക്കുന്നത് ഒരു കുഞ്ഞ് ഉണ്ടായശേഷവും ഉചിതമായ മുൻഗണനകൾ വെക്കാൻ ദമ്പതികളെ സഹായിക്കും.
നേരത്തേ പരാമർശിച്ച വിവിയൻ പറയുന്നു: “ഉല്പത്തി 2:24-ലെ വാക്കുകളെക്കുറിച്ച് ഞാൻ ചിന്തിച്ചു. കുഞ്ഞും ഞാനുമല്ല, ഭർത്താവും ഞാനുമാണ് ‘ഏകദേഹ’മായിത്തീർന്നിരിക്കുന്നത് എന്നു തിരിച്ചറിയാൻ ആ വാക്യം എന്നെ സഹായിച്ചു. ഞങ്ങളുടെ വിവാഹബന്ധം ദൃഢപ്പെടുത്തേണ്ടതുണ്ടെന്ന് എനിക്കു മനസ്സിലായി.” രണ്ടു വയസ്സുള്ള പെൺകുഞ്ഞിന്റെ അമ്മയായ തെരേസയും ഇതുതന്നെയാണ് പറയുന്നത്: “ഭർത്താവിനോടുള്ള അടുപ്പം അൽപ്പം കുറഞ്ഞിട്ടുണ്ടോയെന്നു സംശയം തോന്നിയാൽ ഉടനെ ഞാൻ അദ്ദേഹത്തിന്റെ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കും, അൽപ്പസമയത്തേക്കെങ്കിൽ അൽപ്പസമയത്തേക്ക്.”
വിവാഹബന്ധത്തിന്റെ ഇഴയടുപ്പം കൂട്ടാൻ ഭർത്താവിന് എന്തു ചെയ്യാനാകും? ഭാര്യയോടുള്ള സ്നേഹം വാക്കിലൂടെയും പ്രവൃത്തിയിലൂടെയും അവളെ അറിയിക്കുക. അവളുടെ മനസ്സിലുള്ള ഏതൊരു ആശങ്കയെയും ദൂരീകരിക്കാൻ ബോധപൂർവം ശ്രമിക്കുക. 30 വയസ്സുള്ള ഒരമ്മയായ സാറ പറയുന്നു: “ഗർഭധാരണവും പ്രസവവും ഒക്കെ കഴിയുമ്പോൾ സ്ത്രീകളുടെ ശരീരം പഴയതുപോലെ ആയിരിക്കില്ല. പക്ഷേ അപ്പോഴും ഭർത്താവ് തന്നെ ആഴമായി സ്നേഹിക്കുന്നുണ്ടെന്ന് ഭാര്യക്ക് ഉറപ്പുകിട്ടണം.” രണ്ട് കുട്ടികളുടെ അച്ഛനാണ് ജർമൻകാരനായ അലൻ. ഭാര്യക്ക് വൈകാരിക പിന്തുണ നൽകേണ്ടതിന്റെ ആവശ്യം നന്നായി മനസ്സിലാക്കിയ അദ്ദേഹം പറയുന്നു: “എന്റെ ഭാര്യക്ക് സങ്കടം വരുമ്പോൾ അവളുടെ കൂടെയിരുന്ന് ആശ്വസിപ്പിക്കാൻ ഞാൻ എപ്പോഴും ശ്രദ്ധിക്കും.”
കുഞ്ഞിന്റെ ജനനം സ്വാഭാവികമായും ഇണകളുടെ ലൈംഗികജീവിതത്തെ ബാധിക്കും. എന്നാൽ ഭാര്യാഭർത്താക്കന്മാർ ഈ വിഷയം തുറന്നു സംസാരിക്കണം. ഈ ദാമ്പത്യധർമം നിറവേറ്റുന്നതിൽ മുടക്കം വരുന്നെങ്കിൽ അത് “പരസ്പരസമ്മതത്തോടെ” ആയിരിക്കണം എന്ന് ബൈബിൾ നിഷ്കർഷിക്കുന്നു. (1 കൊരിന്ത്യർ 7:1-5) ആ നിബന്ധന പാലിക്കാൻ ദമ്പതികൾ നിശ്ചയമായും ഇതേക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്. നമ്മുടെ സംസ്കാരമോ നാം വളർന്നുവന്ന സാഹചര്യമോ നിമിത്തം ഈ വിഷയം ഇണയുമായി സംസാരിക്കാൻ വൈമുഖ്യം തോന്നിയേക്കാം. പക്ഷേ അങ്ങനെ സംസാരിച്ചെങ്കിലേ മാതാവ്/പിതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്വം നിർവഹിക്കുന്നതോടൊപ്പം ഇണയോടുള്ള കടമയും നിറവേറ്റാൻ നിങ്ങൾക്കാകൂ. സംസാരിക്കുമ്പോൾ സമാനുഭാവവും ക്ഷമയും കാണിക്കുക; സത്യസന്ധരായിരിക്കുക. (1 കൊരിന്ത്യർ 10:24) അങ്ങനെ ചെയ്താൽ തെറ്റിദ്ധാരണകൾ ഒഴിവാക്കാനും നിങ്ങൾക്കിടയിലെ സ്നേഹബന്ധം ദൃഢമാക്കാനും കഴിയും.—1 പത്രോസ് 3:7, 8.
ഇണ ചെയ്യുന്ന കാര്യങ്ങളെ അഭിനന്ദിച്ചു സംസാരിക്കുന്നതും ദമ്പതികൾ തമ്മിലുള്ള സ്നേഹം ആഴമുള്ളതാക്കും. ഭാര്യ ചെയ്യുന്ന പലതും താൻ കാണാതെ പോകുന്നുണ്ടെങ്കിലും കരുതലുള്ള ഒരു ഭർത്താവ് അക്കാര്യങ്ങൾ മനസ്സിലാക്കുകയും വിലമതിക്കുകയും ചെയ്യും. വിവിയൻ പറയുന്നു: “ദിവസം മുഴുവൻ കുഞ്ഞിന്റെ കാര്യങ്ങളുമായി തിരക്കിലാണെങ്കിലും ഒന്നും ചെയ്തില്ലെന്ന തോന്നലായിരിക്കും മനസ്സിൽ.” ഇനി, കുടുംബത്തിനുവേണ്ടി ഭർത്താവ് ചെയ്യുന്ന കാര്യങ്ങൾ നിസ്സാരീകരിച്ചു കാണാതിരിക്കാൻ ഭാര്യയും ശ്രദ്ധിക്കണം.—സദൃശവാക്യങ്ങൾ 17:17.
ഇങ്ങനെ ചെയ്തുനോക്കൂ: അമ്മമാരേ, കുഞ്ഞുറങ്ങുമ്പോൾ നിങ്ങൾക്കും ഒന്നു മയങ്ങാം. ഉന്മേഷവും ഉണർവും വീണ്ടെടുക്കാൻ അതു നല്ലതാണ്. ദാമ്പത്യത്തിലെ മറ്റ് ഉത്തരവാദിത്വങ്ങൾ നിറവേറ്റാനുള്ള ഊർജവും നിങ്ങൾക്കു ലഭിക്കും. അച്ഛന്മാരേ, നിങ്ങൾക്കും ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. രാത്രിയിൽ കുഞ്ഞുണരുമ്പോൾ നിങ്ങൾക്കുതന്നെ കുഞ്ഞിനെ ഊട്ടാനും അവന്റെ ഡയപ്പർ മാറ്റാനും
കഴിയുമോ? സമയം കിട്ടുമ്പോഴൊക്കെ ഭാര്യക്ക് എസ്എംഎസ് അയയ്ക്കുകയോ ഫോൺ വിളിക്കുകയോ ചെയ്യാം. അങ്ങനെ നിങ്ങളുടെ സ്നേഹവും കരുതലും അവളെ അറിയിക്കുക. ദമ്പതികളെന്നനിലയിൽ നിങ്ങൾക്കു മാത്രമായി അൽപ്പസമയം നീക്കിവെക്കണം. ആ സമയത്ത്, കുഞ്ഞിനെക്കുറിച്ചു മാത്രം സംസാരിക്കാതെ നിങ്ങളുടെ കാര്യങ്ങളും സംസാരിക്കണം. ഇണയുമായുള്ള സൗഹൃദം ദൃഢമാക്കിനിറുത്തുന്നത്, പുതിയ ഉത്തരവാദിത്വങ്ങൾ ഫലപ്രദമായി നിർവഹിക്കാൻ നിങ്ങളെ സഹായിക്കും.വെല്ലുവിളി 3: കുഞ്ഞിന്റെ കാര്യത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടാകുന്നു.
ദമ്പതികളുടെ കുടുംബ പശ്ചാത്തലം അഭിപ്രായ ഭിന്നതകൾക്ക് ഒരു കാരണമായേക്കാം. അതായിരുന്നു ജപ്പാൻകാരിയായ അസമിയുടെയും ഭർത്താവ് കറ്റ്സുരോയുടെയും പ്രശ്നം. അസമി പറയുന്നു: “ഭർത്താവ് മോളുടെ കാര്യത്തിൽ ഒട്ടും നിയന്ത്രണം വെക്കുന്നില്ലെന്ന് എനിക്കു തോന്നി. എന്നാൽ എന്റെ നിയന്ത്രണം കൂടിപ്പോകുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ പരാതി.” ഈ ഭിന്നതകൾ എങ്ങനെ പരിഹരിക്കാം?
പരിഹാരം: ഇണയോടു തുറന്നു സംസാരിക്കുക, പരസ്പരം പിന്തുണയ്ക്കുക.
ജ്ഞാനിയായ ശലോമോൻ രാജാവ് ഇപ്രകാരം എഴുതി: “അഹങ്കാരംകൊണ്ടു വിവാദംമാത്രം ഉണ്ടാകുന്നു; ആലോചന കേൾക്കുന്നവരുടെ പക്കലോ ജ്ഞാനം ഉണ്ട്.” (സദൃശവാക്യങ്ങൾ 13:10) കുഞ്ഞിനെ വളർത്തുന്നതു സംബന്ധിച്ച ഇണയുടെ വീക്ഷണം നിങ്ങൾക്ക് എത്ര നന്നായി അറിയാം? കുഞ്ഞ് ജനിച്ചിട്ടാണ് ഇക്കാര്യങ്ങൾ സംസാരിക്കുന്നതെങ്കിൽ വെറുതെ തർക്കിച്ചുകൊണ്ടിരിക്കാം എന്നല്ലാതെ ഒരു അഭിപ്രായൈക്യത്തിലെത്താൻ നിങ്ങൾക്കു കഴിയില്ല.
ഉദാഹരണത്തിന് പിൻവരുന്ന കാര്യങ്ങളിൽ നിങ്ങൾ രണ്ടുപേരും ചേർന്നെടുത്ത തീരുമാനം എന്താണെന്ന് ഓർത്തുനോക്കുക: “ആഹാരം കഴിക്കാനും ഉറങ്ങാനും കുഞ്ഞിനെ എങ്ങനെ ശീലിപ്പിക്കാം? രാത്രി ഉണർന്നു കരയുമ്പോഴെല്ലാം കുഞ്ഞിനെ എടുക്കേണ്ടതുണ്ടോ? പോട്ടിയിലിരിക്കാൻ (കുഞ്ഞുങ്ങൾക്കായുള്ള ടോയ്ലെറ്റ്) കുഞ്ഞിനെ എങ്ങനെ പരിശീലിപ്പിക്കാം?” ഇക്കാര്യങ്ങളിലുള്ള നിങ്ങളുടെ തീരുമാനം മറ്റ് ദമ്പതികളുടേതിൽനിന്നു വ്യത്യസ്തമായിരിക്കാം. രണ്ട് കുട്ടികളുടെ അച്ഛനായ ഈഥൻ പറയുന്നു: “ഒരേ വീക്ഷണമുള്ളവരായിരിക്കാൻ കാര്യങ്ങൾ തുറന്നു സംസാരിക്കണം. അപ്പോൾ ഭാര്യക്കും ഭർത്താവിനും ഒരുമയോടെ കുഞ്ഞിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാനാകും.”
ഇങ്ങനെ ചെയ്തുനോക്കൂ: നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെ വളർത്തിയത് എങ്ങനെയാണെന്ന് ഓർത്തുനോക്കുക. അതിലേതാണ് നിങ്ങൾ പകർത്താൻ ആഗ്രഹിക്കുന്നത്? ഒഴിവാക്കാൻ ആഗ്രഹിക്കുന്ന എന്തെങ്കിലുമുണ്ടോ? ഇക്കാര്യങ്ങൾ വിലയിരുത്തിയശേഷം ഇണയുമായി സംസാരിച്ച് വേണ്ട തീരുമാനമെടുക്കുക.
കുഞ്ഞിന്റെ ജനനം ദമ്പതികളിൽ നല്ല ഗുണങ്ങൾ വളർത്തും
നിങ്ങൾ സ്കേറ്റിങ് കണ്ടിട്ടുണ്ടാകുമല്ലോ. തുടക്കക്കാർക്ക് ഐസിൽ ബാലൻസ് ചെയ്തു പരിചയിക്കാൻ സമയവും ക്ഷമയും വേണം. മാതാപിതാക്കളുടെ ഉത്തരവാദിത്വങ്ങൾ പുതുതായി കൈകാര്യം ചെയ്യുന്നവരുടെ കാര്യത്തിലും ഇത് സത്യമാണ്. എങ്കിലും കാലാന്തരത്തിൽ നിങ്ങൾക്ക് അത് ഭംഗിയായി നിർവഹിക്കാൻ സാധിക്കും.
കുഞ്ഞിന്റെ ജനനം ദാമ്പത്യത്തോടുള്ള നിങ്ങളുടെ പ്രതിബദ്ധത പരിശോധിക്കും; നിങ്ങൾ തമ്മിലുള്ള ബന്ധത്തിന് മാറ്റങ്ങൾ വരുത്തും. എന്നിരുന്നാലും ചില നല്ല ഗുണങ്ങൾ വളർത്തിയെടുക്കാനുള്ള അവസരം അത് നിങ്ങൾക്കു നൽകും. ബൈബിളിന്റെ ഉപദേശം ബാധകമാക്കുന്നെങ്കിൽ കെന്നെത്ത് എന്നൊരു പിതാവിന്റേതുപോലുള്ള നല്ല അനുഭവങ്ങൾ നിങ്ങൾക്കുണ്ടാകും. അദ്ദേഹം പറയുന്നു: “കുഞ്ഞുങ്ങളെ വളർത്തിക്കൊണ്ടുവരവെ ചില നല്ല ഗുണങ്ങൾ സ്വായത്തമാക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. സ്വന്തം കാര്യങ്ങളിൽ മുഴുകി ജീവിക്കാതെ മറ്റുള്ളവരോട് സ്നേഹവും പരിഗണനയും കാണിക്കാൻ ഞങ്ങൾക്ക് ഇപ്പോൾ കഴിയുന്നു.” അതെ, ഒരു കുഞ്ഞിന്റെ ജനനം നിങ്ങളുടെ ദാമ്പത്യത്തിൽ നല്ലൊരു വഴിത്തിരിവായേക്കാം.
a പേരുകൾ മാറ്റിയിട്ടുണ്ട്.
b പല അമ്മമാർക്കും പ്രസവത്തെ തുടർന്നുള്ള ആഴ്ചകളിൽ ചെറിയ തോതിലുള്ള വിഷാദം ഉണ്ടാകാറുണ്ട്. ചിലരിൽ പക്ഷേ ഇത് ഗുരുതരമായിരിക്കും. പ്രസവാനന്തര വിഷാദം (Postpartum Depression) എന്ന് അറിയപ്പെടുന്ന ഈ രോഗാവസ്ഥ തിരിച്ചറിയാനും അതുമായി പൊരുത്തപ്പെടാനും സഹായിക്കുന്ന വിവരങ്ങൾ 2002 സെപ്റ്റംബർ 8 ലക്കം ഉണരുക!-യിലെ “പ്രസവാനന്തര വിഷാദവുമായുളള പോരാട്ടത്തിൽ ഞാൻ വിജയിച്ചു,” 2003 ജൂൺ 8 ലക്കം (ഇംഗ്ലീഷ്) ഉണരുക!-യിലെ “പ്രസവാനന്തര വിഷാദം തിരിച്ചറിയാം” എന്നീ ലേഖനങ്ങളിൽ കാണാം.
നിങ്ങളോടുതന്നെ ചോദിക്കുക
-
കുടുംബത്തിനുവേണ്ടി എന്റെ ഇണ ചെയ്യുന്ന കാര്യങ്ങളെ വിലമതിക്കുന്നു എന്നു കാണിക്കുന്ന എന്താണ് ഞാൻ കഴിഞ്ഞയാഴ്ച ചെയ്തത്?
-
കുഞ്ഞിനെക്കുറിച്ചല്ലാതെ മറ്റെന്തെങ്കിലും വിഷയം ഈയിടെ ഞാൻ എന്റെ ഇണയോട് ഹൃദയം തുറന്നു സംസാരിക്കുകയുണ്ടായോ?