വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുട്ടികളെ ഉത്തരവാദിത്വബോധമുള്ളവരായി വളർത്തുക

കുട്ടികളെ ഉത്തരവാദിത്വബോധമുള്ളവരായി വളർത്തുക

കുടുംബസന്തുഷ്ടിയുടെ രഹസ്യം

കുട്ടികളെ ഉത്തരവാദിത്വബോധമുള്ളവരായി വളർത്തുക

ജോർജ്‌: * “എല്ലാ ദിവസവും അതൊരു പതിവായിരുന്നു. എന്റെ നാലുവയസ്സുകാരൻ മകൻ മൈക്കൾ കളിപ്പാട്ടങ്ങളെല്ലാം അവിടവിടെയായി നിരത്തിയിടും. ഉറങ്ങുന്നതിനുമുമ്പ്‌ അവനെക്കൊണ്ടുതന്നെ എല്ലാം അടുക്കിവെപ്പിക്കാൻ ഞാൻ ശ്രമിച്ചുനോക്കി. പക്ഷേ, അതു ചെയ്യില്ലെന്ന കടുത്ത വാശിയിലായിരുന്നു അവൻ. നിലത്തുകിടന്ന്‌ ഉരുണ്ടും കാറിക്കൂവിയും അവൻ തന്റെ അനിഷ്ടം മുഴുവൻ പ്രകടിപ്പിക്കുമായിരുന്നു. പലപ്പോഴും ഇതുകണ്ട്‌ അരിശംമൂത്ത്‌ ഞാൻ അവന്റെ നേരെ ആക്രോശിക്കും. എന്നാൽ അത്‌ രണ്ടുപേർക്കും വിഷമം ഉണ്ടാക്കിയിരുന്നു. ഉറങ്ങാൻപോകുന്നത്‌ സന്തോഷത്തോടെ ആയിരിക്കണമെന്ന്‌ എനിക്കു നിർബന്ധമായിരുന്നു. അതുകൊണ്ട്‌ അവനെക്കൊണ്ട്‌ ചെയ്യിക്കാൻ നോക്കാതെ എല്ലാം ഞാൻതന്നെയങ്ങു ചെയ്യുമായിരുന്നു.”

എമിലി: “എനിക്കു 13 വയസ്സുള്ള ഒരു മകളുണ്ട്‌, ജെന്നി. പാഠ്യപദ്ധതിയുടെ ഭാഗമായി ചെയ്യാൻ ടീച്ചർ ആവശ്യപ്പെട്ട ഒരു കാര്യം എങ്ങനെ ചെയ്യണമെന്ന്‌ അവൾക്കു മനസ്സിലായില്ല. വീട്ടിൽ വന്ന്‌ അവൾ ഒരേ കരച്ചിൽ. ടീച്ചറിനോടുതന്നെ അതേക്കുറിച്ചു ചോദിക്കാൻ ഞാൻ അവളോടു പറഞ്ഞു. എന്നാൽ അവർ പരുഷമായി ഇടപെടുന്ന ആളാണെന്നും അവരോടു സംസാരിക്കാൻ പേടിയാണെന്നും ജെന്നി പറഞ്ഞു. നേരെ ടീച്ചറിനെക്കണ്ട്‌ രണ്ടുവർത്തമാനം പറയണമെന്ന്‌ എനിക്കു തോന്നി. എന്റെ മോളോട്‌ ഈ രീതിയിൽ ഇടപെടാൻ അവർക്കെന്താ കാര്യം?”

ജോർജിനും എമിലിക്കും തോന്നിയതുപോലെ ചിലപ്പോഴെങ്കിലും നിങ്ങൾക്കും തോന്നിയിട്ടുണ്ടോ? സ്വന്തം കുഞ്ഞിന്‌ ഒരു വിഷമം ഉണ്ടാകുന്നതോ അവൻ കരയുന്നതോ ഒന്നും മിക്ക മാതാപിതാക്കൾക്കും സഹിക്കില്ല. അതുകൊണ്ടുതന്നെ എങ്ങനെയും മക്കളെ സഹായിക്കാൻ അവർ ശ്രമിച്ചേക്കാം. എന്നാൽ വാസ്‌തവത്തിൽ, മേൽപ്പറഞ്ഞതുപോലുള്ള സാഹചര്യങ്ങൾ ഉത്തരവാദിത്വബോധത്തെക്കുറിച്ച്‌ സുപ്രധാനമായ പാഠങ്ങൾ കുട്ടിയെ പഠിപ്പിക്കാൻ മാതാപിതാക്കൾക്ക്‌ അവസരമേകുന്നു—ഒരു നാലുവയസ്സുകാരനും 13 വയസ്സുകാരിക്കും പഠിക്കാനാകുന്ന കാര്യങ്ങളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും.

കുട്ടിക്കു പ്രശ്‌നമുണ്ടാകുന്ന ഓരോ സന്ദർഭത്തിലും സഹായിക്കാനായി ഓടിയെത്താൻ നിങ്ങൾക്കു കഴിഞ്ഞെന്നു വരില്ല. കാലക്രമത്തിൽ അവൻ അപ്പനെയും അമ്മയെയും വിട്ട്‌ സ്വന്തമായി ഉത്തരവാദിത്വത്തിന്റെ “ചുമട്‌” ചുമക്കേണ്ടതുണ്ട്‌. (ഗലാത്യർ 6:5; ഉല്‌പത്തി 2:24) സ്വന്തം കാര്യങ്ങൾ ഭംഗിയായി ചെയ്യാൻ കുട്ടിയെ പ്രാപ്‌തനാക്കുന്നതിന്‌ നിസ്സ്വാർഥതയും പരിഗണനയും കർത്തവ്യബോധവും ഒക്കെ ഉള്ളവനായി വളർന്നുവരാൻ മാതാപിതാക്കൾ അവനെ പരിശീലിപ്പിക്കേണ്ടതുണ്ട്‌. എന്നാൽ അതത്ര എളുപ്പമല്ല.

ഇക്കാര്യത്തിൽ മാതാപിതാക്കൾക്ക്‌ ഒരു ഉത്തമമാതൃകയാണ്‌ യേശു. അവൻ മക്കളെ വളർത്തിയിട്ടില്ലെങ്കിലും തന്റെ ശിഷ്യന്മാരുമായി ഇടപെട്ട വിധത്തിൽനിന്ന്‌ മാതാപിതാക്കൾക്കു പലതും പഠിക്കാനാകും. ശിഷ്യന്മാരെ തിരഞ്ഞെടുത്ത്‌ പരിശീലിപ്പിച്ചപ്പോൾ യേശുവിന്‌ വ്യക്തമായ ഒരു ലക്ഷ്യമുണ്ടായിരുന്നു: താൻ പോയശേഷവും അവരെ ഏൽപ്പിച്ചിരിക്കുന്ന വേല ചെയ്യാൻ അവരെ പ്രാപ്‌തരാക്കുക. (മത്തായി 28:19, 20) സ്വന്തം മക്കളോടുള്ള ബന്ധത്തിൽ സമാനമായ ഒരു ലക്ഷ്യം കൈവരിക്കാനാണ്‌ ഓരോ മാതാവും പിതാവും ശ്രമിക്കേണ്ടത്‌. യേശുവിന്റെ മാതൃകയിൽനിന്ന്‌ അവർക്കു പഠിക്കാനാകുന്ന മൂന്നുകാര്യങ്ങൾ നമുക്കിപ്പോൾ പരിചിന്തിക്കാം.

നിങ്ങളുടെ കുട്ടിക്കുവേണ്ടി ‘മാതൃകവെക്കുക’ തന്റെ മരണത്തോട്‌ അടുത്ത സമയത്ത്‌ യേശു ശിഷ്യന്മാരോടു പറഞ്ഞു: “ഞാൻ നിങ്ങൾക്കു ചെയ്‌തതുപോലെതന്നെ നിങ്ങളും ചെയ്യേണ്ടതിന്‌ ഞാൻ നിങ്ങൾക്കു മാതൃകവെച്ചിരിക്കുന്നു.” (യോഹന്നാൻ 13:15) സമാനമായി മാതാപിതാക്കളും, ഉത്തരവാദിത്വബോധമുള്ളവരായിരിക്കുക എന്നാൽ എന്താണെന്ന്‌ മക്കളോട്‌ വ്യക്തമായി വിശദീകരിക്കുകയും സ്വന്തം മാതൃകയിലൂടെ അത്‌ അവർക്ക്‌ കാണിച്ചുകൊടുക്കുകയും വേണം.

നിങ്ങളോടുതന്നെ ചോദിക്കുക: ‘എന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിനെക്കുറിച്ച്‌ ക്രിയാത്മകമായ രീതിയിലാണോ ഞാൻ സാധാരണഗതിയിൽ സംസാരിക്കാറുള്ളത്‌? കഠിനാധ്വാനത്തിൽനിന്നു ലഭിക്കുന്ന സംതൃപ്‌തിയെക്കുറിച്ചു ഞാൻ സംസാരിക്കാറുണ്ടോ? അതോ പൊതുവെ കഷ്ടപ്പാടൊന്നും ഇല്ലാത്തവരുടെ ജീവിതവുമായി എന്റേതിനെ തട്ടിച്ചുനോക്കുകയും അതിൽ പരിഭവിക്കുകയും ചെയ്യുന്ന രീതിയാണോ എനിക്കുള്ളത്‌?’

നമ്മിലാരും പൂർണരല്ല. പലപ്പോഴും എടുത്താൽ പൊങ്ങാത്തത്ര ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനുള്ളതായി നമുക്കൊക്കെ തോന്നിയേക്കാം. എന്നാൽ ഉത്തരവാദിത്വബോധത്തോടെ കാര്യങ്ങൾ ചെയ്യേണ്ടതിന്റെ പ്രാധാന്യവും മൂല്യവും കുട്ടികളെ പഠിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം ഒരുപക്ഷേ നിങ്ങളുടെതന്നെ മാതൃകയായിരിക്കും.

പരീക്ഷിച്ചു നോക്കുക: സാധിക്കുമെങ്കിൽ വല്ലപ്പോഴും ജോലിസ്ഥലത്ത്‌ നിങ്ങളുടെ കുട്ടിയെയും കൊണ്ടുപോകുക. കുടുംബം പോറ്റുന്നതിനായി നിങ്ങൾ ചെയ്യുന്ന കഠിനാധ്വാനം അവർ കണ്ടു മനസ്സിലാക്കട്ടെ. ആരെയെങ്കിലും സഹായിക്കേണ്ട ഒരു സാഹചര്യം ഉണ്ടാകുമ്പോൾ കുട്ടിയെയും കൂടെ കൂട്ടുക. അതു ചെയ്‌തപ്പോൾ ലഭിച്ച സന്തോഷത്തെയും സംതൃപ്‌തിയെയും കുറിച്ച്‌ തുറന്നു സംസാരിക്കുക.—പ്രവൃത്തികൾ 20:35.

ന്യായമായ പ്രതീക്ഷകൾ വെക്കുക താൻ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളും കടമകളും നിർവഹിക്കാൻ പ്രാപ്‌തരായിത്തീരുന്നതിന്‌ ശിഷ്യന്മാർക്ക്‌ സമയം ആവശ്യമാണെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. അവൻ ഒരിക്കൽ അവരോടു പറഞ്ഞു: “ഇനിയും വളരെ കാര്യങ്ങൾ എനിക്കു നിങ്ങളോടു പറയാനുണ്ടെങ്കിലും ഇപ്പോൾ നിങ്ങൾക്ക്‌ അവ ഗ്രഹിക്കാൻ കഴിയുകയില്ല.” (യോഹന്നാൻ 16:12) ഉടനടി എല്ലാക്കാര്യങ്ങളും തനിയെ ചെയ്യാൻ അവൻ അവരോട്‌ ആവശ്യപ്പെട്ടില്ല. പകരം, അതൊക്കെ അവർക്കു പഠിപ്പിച്ചുകൊടുക്കുന്നതിന്‌ അവൻ വളരെയേറെ സമയം ചെലവഴിച്ചു. സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ അവർ പ്രാപ്‌തരായി എന്നു ബോധ്യം വന്നശേഷം മാത്രമാണ്‌ അവൻ അവരെ തനിയെ അയച്ചത്‌.

സമാനമായി, ‘പറക്കമുറ്റുന്നതിനു’ മുമ്പെ വലിയവലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ കുട്ടികളോട്‌ ആവശ്യപ്പെടുന്നത്‌ ഉചിതമായിരിക്കില്ല. എന്നാൽ അവർ വളർന്നുവരുന്നതനുസരിച്ച്‌ അവർക്ക്‌ ഏറ്റെടുക്കാനാകുന്ന ഉത്തരവാദിത്വങ്ങൾ അവരെ ഏൽപ്പിക്കുകയും വേണം. ഉദാഹരണത്തിന്‌ സ്വന്തം ശരീരവും മുറിയുമൊക്കെ വൃത്തിയായി സൂക്ഷിക്കാനും കൃത്യനിഷ്‌ഠപാലിക്കാനും പണം ജ്ഞാനപൂർവം കൈകാര്യംചെയ്യാനും അവർ മക്കളെ പഠിപ്പിക്കണം. കുട്ടി സ്‌കൂളിൽ പോകാൻ തുടങ്ങുന്നതോടെ, പഠനത്തെ ഗൗരവമുള്ള ഒരു ഉത്തരവാദിത്വമായി കാണാൻ അവനെ സഹായിക്കണം.

മാതാപിതാക്കൾ കുട്ടികൾക്ക്‌ ഓരോരോ ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചുകൊടുത്താൽ പോരാ, അത്‌ വിജയകരമായി പൂർത്തിയാക്കാനുള്ള സഹായവും നൽകണം. നേരത്തേ പരാമർശിച്ച ജോർജിന്‌ മൈക്കളിന്റെ പ്രശ്‌നം മനസ്സിലായി. കളിപ്പാട്ടങ്ങളെല്ലാം പെറുക്കിവെക്കുന്നത്‌ ഭാരിച്ച ഒരു ജോലിയായിട്ടാണ്‌ അവനു തോന്നിയത്‌. “എല്ലാം എടുത്തുവെക്ക്‌ എന്ന്‌ ആക്രോശിക്കുന്നതിനു പകരം അത്‌ അവനെക്കൊണ്ട്‌ ചെയ്യിക്കാനുള്ള ഒരു വിദ്യ ഞാൻ പരീക്ഷിച്ചുനോക്കി,” ജോർജ്‌ പറയുന്നു.

അദ്ദേഹം എന്താണ്‌ ചെയ്‌തത്‌? “ആദ്യംതന്നെ, എല്ലാ രാത്രിയിലും കളിപ്പാട്ടങ്ങൾ എടുത്തുവെക്കുന്നതിനായി ഒരു കൃത്യസമയം നിശ്ചയിച്ചു. എന്നിട്ട്‌ ഞങ്ങൾ രണ്ടുപേരുംകൂടി മുറിയുടെ ഒരറ്റത്തുനിന്ന്‌ അവ പെറുക്കാൻ തുടങ്ങി. ഒരു മത്സരക്കളിപോലെയാണ്‌ ഞങ്ങൾ അതു ചെയ്‌തത്‌—ഏറ്റവും കൂടുതൽ പെറുക്കുന്ന ആളായിരിക്കും വിജയി. താമസിയാതെ അതൊരു ചര്യപോലെയായി. അവൻ എത്രയും പെട്ടെന്ന്‌ അതു ചെയ്‌തു തീർത്താൽ ഒരു കഥകൂടി വായിച്ചു കേൾപ്പിക്കാമെന്ന്‌ ഞാൻ അവനോടു പറഞ്ഞു. എന്നാൽ ഉഴപ്പുകാണിച്ചാൽ കഥ വായന ഞാൻ ചുരുക്കുമായിരുന്നു.”

പരീക്ഷിച്ചു നോക്കുക: പ്രായത്തിനനുസൃതമായി ഓരോ കുട്ടിക്കും എന്ത്‌ ചെയ്യാനാകുമെന്ന്‌ ചിന്തിക്കുക. ‘ഒരുപക്ഷേ കുട്ടികൾക്ക്‌ സ്വന്തമായി ചെയ്യാനാകുന്ന എന്തെങ്കിലും ഞാൻ ഇപ്പോഴും അവർക്കായി ചെയ്‌തുകൊടുക്കുന്നുണ്ടോ?’ എന്ന്‌ സ്വയം ചോദിക്കുക. അങ്ങനെയുണ്ടെങ്കിൽ അവർക്ക്‌ സ്വന്തമായി അത്‌ ചെയ്യാനാകുന്നതുവരെ അവരോടൊപ്പം അതു ചെയ്യുക. നിയമിത ജോലി എങ്ങനെ ചെയ്യുന്നു എന്നതിനെ ആശ്രയിച്ച്‌ ‘സമ്മാനം’—അത്‌ നല്ലതോ മോശമോ ആകാം—ഉണ്ടായിരിക്കുമെന്നും വ്യക്തമാക്കുക. എന്നിട്ട്‌ പറഞ്ഞതുപോലെതന്നെ കാര്യങ്ങൾ നടപ്പിലാക്കുക.

വ്യക്തമായ നിർദേശങ്ങൾ നൽകുക കാര്യങ്ങൾ ചെയ്‌തു പഠിക്കുന്നതാണ്‌ അത്‌ വശമാക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമെന്ന്‌ ഏതൊരു അധ്യാപകനെയുംപോലെ യേശുവിനും അറിയാമായിരുന്നു. ഉദാഹരണത്തിന്‌ ഉചിതമായ സമയം വന്നപ്പോൾ യേശു ശിഷ്യന്മാരെ, “താൻ പോകാനിരുന്ന പട്ടണങ്ങളിലേക്കും സ്ഥലങ്ങളിലേക്കും തനിക്കു മുമ്പേ . . . ഈരണ്ടായി അയച്ചു.” (ലൂക്കോസ്‌ 10:1) എന്നാൽ യേശു അവരെ വെറുതെ പറഞ്ഞയയ്‌ക്കുകയായിരുന്നില്ല; വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടാണ്‌ അയച്ചത്‌. (ലൂക്കോസ്‌ 10:2-12) അവർ മടങ്ങിവന്ന്‌ തങ്ങൾ ചെയ്‌തതിനെക്കുറിച്ചു പറഞ്ഞപ്പോൾ യേശു അവരെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. (ലൂക്കോസ്‌ 10:17-24) അവരുടെ കഴിവിലുള്ള വിശ്വാസവും അവരിലുള്ള മതിപ്പും അവൻ പ്രകടമാക്കി.

നിങ്ങളുടെ കുട്ടികൾക്ക്‌ വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരുമ്പോൾ നിങ്ങൾ എങ്ങനെയാണ്‌ അതിനോടു പ്രതികരിക്കുന്നത്‌? വിചാരിക്കുന്നതുപോലെ കാര്യങ്ങൾ ചെയ്യാനാവാതെ വന്നാൽ കുട്ടിക്ക്‌ നിരാശയും വിഷമവുമൊക്കെ ഉണ്ടാകുമല്ലോ എന്നു വിചാരിച്ച്‌ അത്തരം ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിൽനിന്ന്‌ അവനെ സംരക്ഷിക്കാനായിരിക്കുമോ നിങ്ങൾ ശ്രമിക്കുക? എങ്ങനെയും കുട്ടിയെ അതിൽനിന്നു ‘രക്ഷിക്കുക’യും പകരം നിങ്ങൾതന്നെ ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യാനായിരിക്കും നിങ്ങളുടെ സ്വാഭാവികമായ പ്രവണത.

എന്നാൽ ഇതേക്കുറിച്ചു ചിന്തിക്കുക: ഓരോ തവണയും കുട്ടിയെ ‘രക്ഷിക്കാനായി’ ഇങ്ങനെ ഓടിച്ചെന്നാൽ അവർക്കു കിട്ടുന്ന ധാരണ എന്തായിരിക്കും? അവരുടെ കഴിവിൽ നിങ്ങൾക്ക്‌ നല്ല വിശ്വാസമുണ്ട്‌ എന്നോ അതോ എന്തിനും ഏതിനും നിങ്ങളെ ആശ്രയിക്കേണ്ട ഒരു കൈക്കുഞ്ഞായി നിങ്ങൾ അവരെ ഇപ്പോഴും കണക്കാക്കുന്നു എന്നോ?

നേരത്തേ പരാമർശിച്ച എമിലി തന്റെ മകൾ നേരിട്ട പ്രശ്‌നത്തെ എങ്ങനെയാണ്‌ കൈകാര്യംചെയ്‌തത്‌? അതിൽ തലയിടുന്നതിനു പകരം ജെന്നിതന്നെ ടീച്ചറുമായി സംസാരിക്കട്ടെ എന്ന്‌ എമിലി തീരുമാനിച്ചു. രണ്ടുപേരുംകൂടി ടീച്ചറിനോടു ചോദിക്കാനുള്ള ചോദ്യങ്ങൾ എഴുതി തയ്യാറാക്കി. എന്നിട്ട്‌ എപ്പോൾ ടീച്ചറിനെ സമീപിക്കണമെന്ന്‌ തീരുമാനിച്ചു. തുടർന്ന്‌ ടീച്ചറുമായി എങ്ങനെ സംസാരിക്കണമെന്ന്‌ പരിശീലിച്ചുനോക്കുകപോലും ചെയ്‌തു. “ജെന്നി ധൈര്യസമേതം ടീച്ചറിനോടു ചെന്ന്‌ സംസാരിച്ചു. തന്നോടു സംസാരിക്കാൻ മുൻകൈയെടുത്തതിന്‌ ടീച്ചർ അവളെ അഭിനന്ദിച്ചു. ജെന്നിക്ക്‌ തന്നെക്കുറിച്ചുതന്നെ അഭിമാനം തോന്നി; എനിക്ക്‌ അവളെക്കുറിച്ചും,” എമിലി പറയുന്നു.

പരീക്ഷിച്ചു നോക്കുക: നിങ്ങളുടെ കുട്ടി ഇപ്പോൾ അഭിമുഖീകരിക്കുന്ന ഒരു വെല്ലുവിളി കടലാസ്സിൽ എഴുതുക. അതിനോടു ചേർന്ന്‌, കുട്ടിയെ ‘രക്ഷിക്കാൻ’ ശ്രമിക്കുന്നതിനു പകരം, ആ വെല്ലുവിളി നേരിടാൻ അവനെ എങ്ങനെ സഹായിക്കാം എന്നും എഴുതുക. വെല്ലുവിളി തരണംചെയ്യാൻ സ്വീകരിക്കേണ്ട പടികൾ പരിശീലിച്ചുനോക്കുക. കുട്ടിയുടെ കഴിവിൽ നിങ്ങൾക്കുള്ള വിശ്വാസം തുറന്നു പ്രകടിപ്പിക്കുക.

പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോഴെല്ലാം കുട്ടിയെ സംരക്ഷിക്കാനാണ്‌ നിങ്ങൾ ശ്രമിക്കുന്നതെങ്കിൽ ജീവിതത്തിലെ വെല്ലുവിളികൾ നേരിടാൻ അവൻ ഒരിക്കലും പ്രാപ്‌തനായിത്തീരുകയില്ല; അതിന്റെ മുഴുവൻ ഉത്തരവാദിത്വവും നിങ്ങൾക്കായിരിക്കും. അതുകൊണ്ട്‌ ഉത്തരവാദിത്വങ്ങൾ ഏൽക്കാൻ പ്രാപ്‌തരാകുംവിധം അവരെ വളർത്തിക്കൊണ്ടുവരുക. അവർക്കു നൽകാനാകുന്ന വിലയേറിയ ഒരു സമ്മാനമായിരിക്കും അത്‌.

[അടിക്കുറിപ്പ്‌]

^ ഖ. 3 പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.

നിങ്ങളോടുതന്നെ ചോദിക്കുക . . .

▪ എന്റെ കുട്ടികളെക്കുറിച്ച്‌ ഞാൻ ന്യായമായ പ്രതീക്ഷകൾ വെച്ചുപുലർത്തുന്നുണ്ടോ?

▪ വിജയിക്കുന്നതിന്‌ എന്താണ്‌ ചെയ്യേണ്ടതെന്ന്‌ മക്കൾക്കു പറഞ്ഞുകൊടുക്കുകയും എന്റെ മാതൃകയിലൂടെ അതു കാണിച്ചുകൊടുക്കുകയും ചെയ്യുന്നുണ്ടോ?

▪ അടുത്തകാലത്ത്‌ എപ്പോഴാണ്‌ ഞാൻ എന്റെ കുട്ടിയെ പ്രോത്സാഹിപ്പിക്കുകയോ അഭിനന്ദിക്കുകയോ ചെയ്‌തത്‌?