അവൾ വിവേകത്തോടെ പ്രവർത്തിച്ചു
അവരുടെ വിശ്വാസം അനുകരിക്കുക
അവൾ വിവേകത്തോടെ പ്രവർത്തിച്ചു
ആ യുവാവിന്റെ കണ്ണുകളിൽ നിഴലിച്ചിരുന്ന ഭീതി അബീഗയിലിനു കാണാമായിരുന്നു. അത് ഒരു അകാരണ ഭയം ആയിരുന്നില്ല. വലിയൊരു ദുരന്തമാണ് സംഭവിക്കാൻ പോകുന്നത്. 400-ഓളം യോദ്ധാക്കൾ അവരുടെ വീട് ലക്ഷ്യമാക്കി മുന്നേറുകയാണ്. അബീഗയിലിന്റെ ഭർത്താവായ നാബാലിന്റെ ഭവനത്തിലെ പുരുഷപ്രജകളെയെല്ലാം വകവരുത്തുകയാണ് അവരുടെ ഉദ്ദേശ്യം. എന്താണ് അതിനു കാരണം?
നാബാലാണ് എല്ലാറ്റിനും കാരണക്കാരൻ. എന്നത്തെയുംപോലെ അവൻ അതിനീചമായ ഒരു കാര്യം ചെയ്‌തിരിക്കുന്നു. ഇത്തവണ നാബാൽ അപമാനിച്ചുവിട്ടിരിക്കുന്നത് നിസ്സാരനായ ഒരു വ്യക്തിയെയല്ല, വീരനായ ഒരു പടത്തലവനെയാണ്. വിശ്വസ്‌തരും തികഞ്ഞ അഭ്യാസികളുമായ 600 യോദ്ധാക്കളാണ് ആ വീരനായകനോടൊപ്പമുള്ളത്. നാബാലിന്റെ ഭൃത്യന്മാരിലൊരാൾ, സാധ്യതയനുസരിച്ച് ഒരു ആട്ടിടയൻ, അബീഗയിലിന്റെ അടുക്കലേക്ക് ഓടിവരുന്നു. തങ്ങളെ രക്ഷിക്കാൻ അവൾ ഒരു പോംവഴി കണ്ടെത്തുമെന്ന് അവന് ഉറപ്പുണ്ട്. എന്നാൽ അബലയായ ഒരു സ്‌ത്രീ ശൗര്യത്തോടെ മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു സൈന്യത്തെ എങ്ങനെ നേരിടാനാണ്?
ആദ്യംതന്നെ ഈ സ്‌ത്രീയെക്കുറിച്ചുള്ള ചില വിവരങ്ങൾ നമുക്കു നോക്കാം. ആരാണ് ഈ അബീഗയിൽ? എന്താണ് ഈ പ്രതിസന്ധിക്കു കാരണം? അവളുടെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
“വിവേകമുള്ളവളും സുന്ദരിയും”
അബീഗയിലും നാബാലും തമ്മിൽ യാതൊരു പൊരുത്തവും ഇല്ലായിരുന്നു. നാബാലിന് ഇതിനെക്കാൾ നല്ലൊരു ഭാര്യയെ കിട്ടുമായിരുന്നില്ല; അബീഗയിലിനാകട്ടെ ഇതിലും മോശമായ ഒരാളെയും. നാബാൽ വളരെ ധനികനായിരുന്നു എന്നതു ശരിയാണ്. അതുകൊണ്ടുതന്നെ താൻ വലിയവനാണെന്ന ഭാവവും അവനുണ്ടായിരുന്നു. എന്നാൽ മറ്റുള്ളവർ അവനെ എങ്ങനെയാണു വീക്ഷിച്ചത്? ഇത്രയും പരിഹാസ്യനായ മറ്റൊരു ബൈബിൾ കഥാപാത്രം ഇല്ലെന്നുതന്നെ പറയാം. അവന്റെ പേരിന്റെ അർഥംതന്നെ “മൂഢൻ” അഥവാ “ഭോഷൻ” എന്നാണ്. ജനനശേഷം അവന്റെ മാതാപിതാക്കൾ നൽകിയ പേരാണോ അത്? അതോ അവന് പിന്നീട് വീണുകിട്ടിയ ഇരട്ടപ്പേരാണോ അത്? ഏതായാലും അവൻ തന്റെ പേരിനൊത്ത് ജീവിച്ചു. നാബാൽ “നിഷ്‌ഠുരനും ദുഷ്‌കർമ്മിയും” ആയിരുന്നു. അക്രമസ്വഭാവിയും മദ്യപാനിയും ആയിരുന്ന അവനെ ആളുകൾ പകച്ചിരുന്നു.—1 ശമൂവേൽ 25:2, 3, 17, 21, 25.
എന്നാൽ അബീഗയിൽ തികച്ചും വ്യത്യസ്‌തയായിരുന്നു. അവളുടെ പേരിന്റെ അർഥം, “എന്റെ പിതാവ് സന്തോഷിക്കുന്നു” എന്നാണ്. മകൾ സുന്ദരിയാണെങ്കിൽ പല പിതാക്കന്മാരും അതിൽ അഭിമാനംകൊള്ളാറുണ്ട്. എന്നാൽ ജ്ഞാനിയായ ഒരു പിതാവ് തന്റെ മകളുടെ സ്വഭാവവൈശിഷ്ട്യത്തിലായിരിക്കും അഭിമാനംകൊള്ളുക. പലപ്പോഴും സൗന്ദര്യമുള്ളവർ വിവേകം, ജ്ഞാനം, ധൈര്യം, വിശ്വാസം തുടങ്ങിയ ഗുണങ്ങൾ വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യം തിരിച്ചറിയാറില്ല. എന്നാൽ അബീഗയിൽ അങ്ങനെയായിരുന്നില്ല. അവൾ സുന്ദരിയായിരുന്നെന്നു മാത്രമല്ല, “നല്ല വിവേകമുള്ളവളും” ആയിരുന്നു.—1 ശമൂവേൽ 25:3.
ബുദ്ധിമതിയായ ഈ പെൺകുട്ടി എന്തിനാണ് ഒന്നിനും കൊള്ളാത്ത ഒരു മനുഷ്യനെ ഭർത്താവായി സ്വീകരിച്ചത് എന്നു ചിലർ ചിന്തിച്ചേക്കാം. ബൈബിൾ കാലങ്ങളിൽ മക്കൾക്കുവേണ്ടി മാതാപിതാക്കളാണ് പലപ്പോഴും വധൂവരന്മാരെ കണ്ടെത്തിയിരുന്നത്. ഇനി ഇണയെ സ്വയം കണ്ടെത്തുകയാണെങ്കിൽപ്പോലും വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം ആവശ്യമായിരുന്നു. അബീഗയിലിന്റെ മാതാപിതാക്കൾ ഈ വിവാഹം ഇഷ്ടപ്പെട്ടിരുന്നോ? നാബാലിന്റെ സമ്പത്തും പ്രാമുഖ്യതയുമൊക്കെ കണ്ട് അവർതന്നെയാണോ മകൾക്ക് അങ്ങനെയൊരു വരനെ തിരഞ്ഞെടുത്തുകൊടുത്തത്, ഒരുപക്ഷേ ദാരിദ്ര്യത്തിൽനിന്നു രക്ഷപ്പെടാനുള്ള മാർഗമെന്നനിലയിൽ? എന്തായാലും നാബാലിന്റെ സമ്പത്ത് അവനെ നല്ലൊരു ഭർത്താവാക്കിയില്ല.
മാതാപിതാക്കൾക്ക് ഇതിൽനിന്ന് ഒരു പാഠം ഉൾക്കൊള്ളാനാകും. വിവാഹത്തെ ആദരണീയമായ ഒരു ക്രമീകരണമായി വീക്ഷിക്കാൻ അവർ മക്കളെ പഠിപ്പിക്കേണ്ടതുണ്ട്. പണം മോഹിച്ച് ആരെയെങ്കിലും വിവാഹപങ്കാളിയാക്കാൻ അല്ലെങ്കിൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പ്രായമാകുന്നതിനുമുമ്പ് വിവാഹിതരാകാൻ അവർ ഒരിക്കലും മക്കളെ പ്രേരിപ്പിക്കരുത്. (1 കൊരിന്ത്യർ 7:36) അബീഗയിലിനെ സംബന്ധിച്ചിടത്തോളം സമയം വൈകിപ്പോയിരുന്നു; അവൾ നാബാലിന്റെ ഭാര്യയായിക്കഴിഞ്ഞിരുന്നു. ഇനി താൻ ചെയ്യേണ്ടത് തന്റെ ദാമ്പത്യം വിജയിപ്പിക്കാൻ തന്നെക്കൊണ്ടാകുന്നതെല്ലാം ചെയ്യുക എന്നതാണെന്ന് അവൾക്ക് അറിയാമായിരുന്നു.
“അവരെ ശകാരിച്ച് അയച്ചു”
നാബാലിന്റെ ബുദ്ധിശൂന്യമായ പ്രവൃത്തി ഇപ്പോൾ അബീഗയിലിന്റെ ജീവിതം ഒന്നുകൂടെ ദുരിതപൂർണമാക്കിയിരിക്കുകയാണ്. അവൻ അപമാനിച്ചുവിട്ടത് ദാവീദിനെയാണ്, യഹോവയുടെ ഒരു വിശ്വസ്‌ത ദാസനെ. യഹോവയുടെ അഭീഷ്ടപ്രകാരം, ശൗൽ രാജാവിന്റെ പിൻഗാമിയായി ശമൂവേൽ പ്രവാചകൻ അഭിഷേകം ചെയ്‌തിരിക്കുന്നത് ദാവീദിനെയാണ്. (1 ശമൂവേൽ 16:1, 2, 11-13) വിശ്വസ്‌തരായ തന്റെ 600 യോദ്ധാക്കളോടൊപ്പം മരുഭൂമിയിൽ ഒളിച്ചുപാർക്കുകയായിരുന്നു ദാവീദ് അപ്പോൾ. കാരണം, അസൂയമൂത്ത് ശൗൽ രാജാവ് അവനെ കൊല്ലാൻ അന്വേഷിച്ചുനടക്കുകയായിരുന്നു.
നാബാൽ മാവോനിലാണു താമസിച്ചിരുന്നതെങ്കിലും അടുത്തുള്ള കർമേലിലാണ് * അവൻ ജോലിചെയ്‌തിരുന്നത്. അവന് അവിടെ സ്വന്തമായി കുറെ സ്ഥലം ഉണ്ടായിരുന്നെന്നു തോന്നുന്നു. 3,000 ആടുകളും അവന് ഉണ്ടായിരുന്നു. സമീപത്തുള്ള പുൽപ്രദേശങ്ങൾ ആടുവളർത്തലിന് തികച്ചും അനുയോജ്യമായിരുന്നു. ചുറ്റിലും പക്ഷേ തരിശുഭൂമിയായിരുന്നു. തെക്കായിരുന്നു വിശാലമായ പാരാൻ മരുഭൂമി. കിഴക്ക് ചാവുകടലിലേക്കു പോകുന്ന വഴിക്ക് ചെങ്കുത്തായ മലയിടുക്കുകളും ഗുഹകളും നിറഞ്ഞ വിജനപ്രദേശങ്ങളാണ്. ദാവീദും അവന്റെ ആളുകളും വളരെ ബുദ്ധിമുട്ടിയായിരിക്കണം ഇവിടെ ജീവിച്ചത്. ആഹാരത്തിനായി അവർ മൃഗങ്ങളെ വേട്ടയാടിപ്പിടിക്കേണ്ടിയിരുന്നു.
പലപ്പോഴും ദാവീദിന്റെ യോദ്ധാക്കൾ നാബാലിന്റെ ആടുകളെ മേയിച്ചിരുന്ന ഇടയന്മാരെ കണ്ടുമുട്ടാറുണ്ടായിരുന്നു. കഠിനാധ്വാനികളായ അവർ നാബാലിന്റെ ആട്ടിടയന്മാരോട് എങ്ങനെയാണു പെരുമാറിയത്? അവർക്കു വേണമെങ്കിൽ ഇടയ്‌ക്കിടെ നാബാലിന്റെ ആട്ടിൻകൂട്ടത്തിൽനിന്ന് ഒന്നോ രണ്ടോ ആടുകളെ പിടിച്ചെടുക്കാമായിരുന്നു. പക്ഷേ അവരൊരിക്കലും അതു ചെയ്‌തില്ല. പകരം അവർ നാബാലിന്റെ ഭൃത്യന്മാരെയും ആടുകളെയും സംരക്ഷിച്ചുപോരുകയാണുണ്ടായത്. (1 ശമൂവേൽ 25:15, 16) അക്കാലത്ത് ഇടയന്മാരും ആടുകളും ഒരുപോലെ ജീവാപായം നേരിട്ടിരുന്നു. അവിടങ്ങളിൽ ഹിംസ്ര ജന്തുക്കൾ ധാരാളമുണ്ടായിരുന്നു. മാത്രമല്ല ആ പ്രദേശം ഇസ്രായേലിന്റെ തെക്കൻ അതിർത്തിക്ക് വളരെ അടുത്തായിരുന്നതുകൊണ്ട് അയൽപ്രദേശങ്ങളിൽനിന്നുള്ള കൊള്ളക്കാരുടെ ആക്രമണവും പതിവായിരുന്നു. *
അങ്ങനെയൊരു സ്ഥലത്ത് ഇത്രയധികം ആളുകൾക്കു ഭക്ഷണം കണ്ടെത്തുക എളുപ്പമല്ലായിരുന്നു. അതുകൊണ്ട് ഒരു ദിവസം ദാവീദ് സഹായാഭ്യർഥനയുമായി പത്തുദൂതന്മാരെ നാബാലിന്റെ അടുത്തേക്ക് അയച്ചു. ബുദ്ധിപൂർവമാണ് ദാവീദ് ആ സമയം തിരഞ്ഞെടുത്തത്. ചെമ്മരിയാടുകളുടെ രോമം കത്രിക്കുന്ന ആ ദിവസങ്ങൾ, വിരുന്നുകളുമൊക്കെയായി ആഘോഷത്തിന്റെ ഒരു സമയമായിരുന്നു. ഉള്ളവർ ഇല്ലാത്തവർക്ക് വാരിക്കോരി കൊടുത്തിരുന്ന ഒരു സമയംകൂടെയായിരുന്നു അത്. ഇനി, നാബാലിനെ സംബോധന ചെയ്യാൻ ദാവീദ് ഉപയോഗിച്ച വാക്കുകൾ ബഹുമാനം സ്‌ഫുരിക്കുന്നവയായിരുന്നു. മാത്രമല്ല, ‘നിന്റെ മകനായ ദാവീദ്’ എന്നാണ് ദാവീദ് സ്വയം വിശേഷിപ്പിച്ചത്. നാബാലിന്റെ പ്രായത്തെ ബഹുമാനിച്ചായിരിക്കണം ദാവീദ് അങ്ങനെ പറഞ്ഞത്. എന്നാൽ നാബാലിന്റെ പ്രതികരണം എന്തായിരുന്നു?—1 ശമൂവേൽ 25:5-8.
അവൻ കോപംകൊണ്ട് പൊട്ടിത്തെറിച്ചു. “ഞാൻ എന്റെ അപ്പവും വെള്ളവും എന്റെ ആടുകളെ രോമം കത്രിക്കുന്നവർക്കായി ഒരുക്കിയ മാംസവും എടുത്തു എവിടുത്തുകാർ എന്നു അറിയാത്തവർക്കു കൊടുക്കുമോ” എന്നായിരുന്നു പിശുക്കനായ നാബാലിന്റെ മറുപടി. അവൻ ദാവീദിനെ പുച്ഛിച്ചുസംസാരിക്കുകപോലും ചെയ്‌തു. ദാവീദ് യജമാനനെവിട്ട് ഓടിപ്പോയ ഒരു ദാസനാണെന്നു പറഞ്ഞ് നാബാൽ അവനെ പരിഹസിച്ചു. ‘അവൻ (ദാവീദിന്റെ യോദ്ധാക്കളെ) ശകാരിച്ച് അയച്ചു.’ ദാവീദിനെ ദ്വേഷിച്ചിരുന്ന ശൗലിന്റെ അതേ മനോഭാവമായിരുന്നു നാബാലിനും. ഇരുവർക്കും യഹോവയുടെ വീക്ഷണഗതിയല്ല ഉണ്ടായിരുന്നത്. ദൈവം ദാവീദിനെ സ്‌നേഹിച്ചിരുന്നു. മത്സരിയായ ഒരു ഭൃത്യനായിട്ടല്ല, ഭാവിയിൽ ഇസ്രായേലിനെ ഭരിക്കേണ്ട രാജാവായിട്ടാണ് യഹോവ അവനെ കണ്ടത്.—1 ശമൂവേൽ 25:10, 11, 14.
1 ശമൂവേൽ 25:12, 13, 21, 22) ദാവീദിന്റെ കോപം ന്യായീകരിക്കത്തക്കതായിരുന്നെങ്കിലും അവൻ അത് പ്രകടിപ്പിച്ച രീതി ഒട്ടും ശരിയായിരുന്നില്ല. “മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതി നിവർത്തിക്കുന്നില്ല” എന്ന് ബൈബിൾ പറയുന്നു. (യാക്കോബ് 1:20) ഇപ്പോൾ അബീഗയിലിന് തന്റെ കുടുംബത്തെ രക്ഷിക്കാൻ എന്തു ചെയ്യാനാകും?
ദാവീദിന്റെ ആളുകൾ വിവരം അവനെ അറിയിച്ചപ്പോൾ അവന് കോപം അടക്കാനായില്ല. “എല്ലാവരും വാൾ അരെക്കു കെട്ടിക്കൊൾവിൻ” എന്ന് അവൻ ആജ്ഞാപിച്ചു. ദാവീദും അവന്റെ 400 യോദ്ധാക്കളും ആയുധങ്ങളുമായി പുറപ്പെട്ടു. നാബാലിന്റെ വീട്ടിലെ പുരുഷപ്രജകളിൽ ആരെയും ബാക്കിവെക്കില്ലെന്ന് അവൻ പ്രതിജ്ഞ ചെയ്‌തു. (“നിന്റെ വിവേകം സ്‌തുത്യം”
ഒരർഥത്തിൽ ഗുരുതരമായ തെറ്റു തിരുത്തുന്നതിനുള്ള ആദ്യപടി അബീഗയിൽ സ്വീകരിച്ചുകഴിഞ്ഞിരുന്നു. ഭൃത്യൻ പറയുന്നതു ശ്രദ്ധിക്കാൻ അവൾ മനസ്സുകാണിച്ചു. എന്നാൽ നാബാൽ അങ്ങനെയായിരുന്നില്ല. “അവനോ ദുസ്സ്വഭാവിയാകകൊണ്ടു അവനോടു ആർക്കും ഒന്നും മിണ്ടിക്കൂടാ” * എന്നാണ് അബീഗയിലിന്റെ അടുത്തേക്കു വന്ന ഭൃത്യൻ നാബാലിനെക്കുറിച്ചു പറഞ്ഞത്. (1 ശമൂവേൽ 25:17) താൻ വലിയവനാണെന്നു ചിന്തിച്ചിരുന്നതിനാൽ മറ്റുള്ളവർ പറയുന്നതു കേൾക്കാൻ അവൻ കൂട്ടാക്കിയിരുന്നില്ല. ഇത്തരം അഹങ്കാരം കാണിക്കുന്നവർ ഇന്നും ധാരാളമുണ്ട്. എന്നാൽ അബീഗയിൽ അങ്ങനെയുള്ളവളല്ലെന്ന് ഭൃത്യന് അറിയാമായിരുന്നു. അതുകൊണ്ടായിരിക്കണം അവൻ അവളെ സമീപിച്ചത്.
അബീഗയിൽ സത്വരം പ്രവർത്തിച്ചു. അവൾ ക്ഷണത്തിൽ പ്രവർത്തിച്ചതിനെക്കുറിച്ച് നാലുപ്രാവശ്യം ആ വിവരണത്തിൽ പരാമർശിക്കുന്നുണ്ട്. അവൾ ദാവീദിനും ആളുകൾക്കുമായി അപ്പം, ആട്ടിറച്ചി, വീഞ്ഞ്, മലര്, ഉണക്കമുന്തിരിയട, അത്തിയട തുടങ്ങി ധാരാളം ആഹാരസാധനങ്ങൾ തയ്യാറാക്കി. ബൈബിളിലെ സദൃശവാക്യങ്ങളിൽ വർണിച്ചിരിക്കുന്ന സ്‌ത്രീയെപ്പോലെ ഉത്തമയായ ഒരു കുടുംബിനിയായിരുന്നു അബീഗയിൽ. തന്റെ ഭവനത്തിലെ കാര്യാദികൾ നന്നായി നോക്കിനടത്തിയിരുന്ന ഒരു സ്‌ത്രീയായിരുന്നു അവൾ. (സദൃശവാക്യങ്ങൾ 31:10-31) ആഹാരസാധനങ്ങളെല്ലാം ഭൃത്യന്മാരുടെ കൈവശം കൊടുത്തയിച്ചിട്ട് അവരുടെ പിന്നാലെ അവളും ദാവീദിന്റെ അടുത്തേക്കു യാത്രയായി. എന്നാൽ, “തന്റെ ഭർത്താവായ നാബാലിനോടു അവൾ ഒന്നും അറിയിച്ചില്ല.”—1 ശമൂവേൽ 25:18, 19.
അബീഗയിൽ അവളുടെ ഭർത്താവിന്റെ ശിരഃസ്ഥാനത്തെ അംഗീകരിക്കാതെ പ്രവർത്തിച്ചു എന്നാണോ അതിനർഥം? ഒരിക്കലുമല്ല. യഹോവയുടെ ഒരു അഭിഷിക്ത ദാസനോടാണ് നാബാൽ നീചമായി പെരുമാറിയിരിക്കുന്നത്. നാബാലിന്റെ ഭവനത്തിലെ നിരപരാധികളായ പലരുടെയും മരണത്തിലായിരിക്കും അത് കലാശിക്കുക. അബീഗയിൽ ഒന്നും ചെയ്യാതിരിക്കുകയാണെങ്കിൽ തന്റെ ഭർത്താവിന്റെ ദുഷ്‌ചെയ്‌തിയിൽ അവളും പങ്കുകാരിയാകുമായിരുന്നോ? അത് എന്തായാലും, ഭർത്താവിനോടുള്ള കീഴ്‌പെടലിനെക്കാൾ പ്രധാനമാണ് ദൈവത്തോടുള്ള കീഴ്‌പെടൽ എന്ന് അവൾക്ക് അറിയാമായിരുന്നു. ആ അറിവിനനുസരിച്ചാണ് അവൾ പ്രവർത്തിച്ചത്.
താമസിയാതെ അവൾ ദാവീദിന്റെയും അവന്റെ ആളുകളുടെയും അടുത്തെത്തി. അവരെ കണ്ടയുടനെതന്നെ അവൾ കഴുതപ്പുറത്തുനിന്നിറങ്ങി ദാവീദിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്‌കരിച്ചു. (1 ശമൂവേൽ 25:20, 23) പിന്നെ അവൾ, തന്റെ ഭർത്താവിനോടും വീട്ടുകാരോടും കരുണകാണിക്കണമെന്ന് ദാവീദിനോട് കേണപേക്ഷിച്ചു. അവളുടെ വാക്കുകൾ ദാവീദിന്റെ മനസ്സുമാറ്റി. എന്തുകൊണ്ട്?
പ്രശ്‌നത്തിന്റെ ഉത്തരവാദിത്വം അവൾ സ്വയം ഏറ്റെടുത്തു. എന്നിട്ട്, തനിക്കു മാപ്പുതരാൻ അവൾ ദാവീദിനോട് അപേക്ഷിച്ചു. നാബാൽ അവന്റെ പേര് അർഥമാക്കുന്നതുപോലെതന്നെ ബുദ്ധിശൂന്യനായ ഒരു വ്യക്തിയാണെന്ന് അവൾ സമ്മതിച്ചുപറഞ്ഞു. അങ്ങനെയൊരാളെ ശിക്ഷിക്കുന്നത് ദാവീദിന്റെ അന്തസ്സിനു ചേർന്നതല്ല എന്നായിരിക്കാം അവൾ അതിലൂടെ സൂചിപ്പിച്ചത്. യഹോവയുടെ പ്രതിനിധിയെന്നനിലയിൽ താൻ ദാവീദിൽ വിശ്വാസമർപ്പിക്കുന്നതായി അവൾ വ്യക്തമാക്കി. ‘യഹോവയുടെ യുദ്ധങ്ങൾ’ നടത്തുന്ന ഒരു വ്യക്തിയാണ് ദാവീദ് എന്ന് താൻ അംഗീകരിക്കുന്നതായി അവൾ പറഞ്ഞു. ‘യഹോവ നിന്നെ യിസ്രായേലിന്നു പ്രഭുവാക്കി വെക്കും’ എന്നു പറഞ്ഞുകൊണ്ട് ദാവീദിന് യഹോവ രാജത്വം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന കാര്യം തനിക്ക് അറിവുള്ളതായും അവൾ സൂചിപ്പിച്ചു. കൂടാതെ, രക്തപാതകക്കുറ്റം വരുത്തിവെക്കുന്ന, അല്ലെങ്കിൽ പിന്നീട് 1 ശമൂവേൽ 25:24-31) എത്ര ഹൃദയസ്‌പർശിയായ വാക്കുകൾ!
മനസ്സാക്ഷിക്കുത്തുണ്ടാക്കിയേക്കാവുന്ന യാതൊന്നും ചെയ്യരുതെന്നും അവൾ ദാവീദിനോട് അഭ്യർഥിച്ചു. (ദാവീദ് എങ്ങനെയാണ് പ്രതികരിച്ചത്? അബീഗയിൽ കൊണ്ടുവന്ന സാധനങ്ങൾ സ്വീകരിച്ചശേഷം ദാവീദ് അവളോട് ഇങ്ങനെ പറഞ്ഞു: “എന്നെ എതിരേൽപ്പാൻ നിന്നെ ഇന്ന് അയച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവെക്കു സ്‌തോത്രം. നിന്റെ വിവേകം സ്‌തുത്യം; രക്തപാതകവും സ്വന്തകയ്യാൽ പ്രതികാരവും ചെയ്യാതവണ്ണം എന്നെ ഇന്നു തടുത്തിരിക്കുന്ന നീയും അനുഗ്രഹിക്കപ്പെട്ടവൾ.” സമയം പാഴാക്കാതെ തന്റെ അടുക്കലേക്കു വരാൻ ധൈര്യം കാണിച്ചതിന് ദാവീദ് അവളെ പ്രശംസിച്ചു. രക്തപാതകക്കുറ്റത്തിൽനിന്ന് തന്നെ തടഞ്ഞത് അവളാണെന്ന് അവൻ തുറന്നുസമ്മതിച്ചു. “സമാധാനത്തോടെ വീട്ടിലേക്കു പോക” എന്ന് അവൻ അവളോടു പറഞ്ഞു. ‘ഞാൻ നിന്റെ വാക്കു കേട്ടിരിക്കുന്നു’ എന്ന് അവൻ താഴ്‌മയോടെ കൂട്ടിച്ചേർത്തു.—1 ശമൂവേൽ 25:32-35.
“ഇതാ, അടിയൻ”
അവിടെനിന്നു പോന്നശേഷം അബീഗയിൽ ആ കൂടിക്കാഴ്‌ചയെക്കുറിച്ച് ചിന്തിച്ചിരിക്കാം. വിശ്വസ്‌തനും ദയാലുവുമായ ദാവീദും നിഷ്‌ഠുരനായ തന്റെ ഭർത്താവും തമ്മിലുള്ള അന്തരം അവൾ ശ്രദ്ധിച്ചിട്ടുണ്ടാവണം. എന്നാൽ അത്തരം ചിന്തകളിൽ തന്റെ മനസ്സു കുടുങ്ങിപ്പോകാൻ അവൾ അനുവദിച്ചില്ല. “അബീഗയിൽ നാബാലിന്റെ അടുക്കൽ എത്തി” എന്ന് ബൈബിൾ പറയുന്നു. ഭാര്യയെന്നനിലയിലുള്ള തന്റെ കടമ തുടർന്നും നിറവേറ്റാനുള്ള നിശ്ചയദാർഢ്യത്തോടെയാണ് അവൾ തന്റെ ഭർത്താവിന്റെ അടുക്കലേക്കു മടങ്ങിയെത്തിയത്. ദാവീദിന് നൽകിയ കാഴ്‌ചയെക്കുറിച്ച് ഭർത്താവിനെ അറിയിക്കാൻ താൻ ബാധ്യസ്ഥയാണെന്ന് അവൾക്കു തോന്നി. അത് അറിയാനുള്ള അവകാശം നാബാലിന് ഉണ്ടായിരുന്നു. വഴിമാറിപ്പോയ ദുരന്തത്തെക്കുറിച്ച് മറ്റുള്ളവർ പറഞ്ഞ് നാബാൽ അറിയുന്നതിനുമുമ്പ് അത് അവനെ അറിയിക്കണമെന്നും അവൾക്കുണ്ടായിരുന്നു. അല്ലാത്തപക്ഷം അത് അവളുടെ ഭർത്താവിന് വളരെ നാണക്കേട് ഉണ്ടാക്കുമായിരുന്നു. എന്നാൽ അവൾക്കത് അപ്പോൾ പറയാൻ കഴിയുമായിരുന്നില്ല. കാരണം ആ അവസരത്തിൽ നാബാൽ ഒരു മഹാരാജാവിനെപ്പോലെ ഭക്ഷിച്ചുപാനം ചെയ്യുകയായിരുന്നു. കുടിച്ചു മത്തനായ അവസ്ഥയിലായിരുന്നു അവൻ.—1 ശമൂവേൽ 25:36.
അവിടെയും അബീഗയിൽ ധൈര്യവും വിവേകവും കാണിച്ചു. നാബാലിന്റെ ലഹരിയിറങ്ങുന്നതുവരെ അവൾ കാത്തു. രാവിലെയായപ്പോൾ അവൾ അവന്റെ അടുത്തുചെന്ന് സംഭവമെല്ലാം വിവരിച്ചു. അവൻ ദേഷ്യംകൊണ്ട് പൊട്ടിത്തെറിക്കുമെന്നും ഒരുപക്ഷേ തന്നെ കയ്യേറ്റം ചെയ്യുമെന്നും അവൾ പ്രതീക്ഷിച്ചിരിക്കണം. എന്നാൽ അങ്ങനെയൊന്നും ഉണ്ടായില്ല. അവൻ യാതൊരു അനക്കവുമില്ലാതെ ജീവച്ഛവമായി അവിടെത്തന്നെ ഇരുന്നു.—1 ശമൂവേൽ 25:37.
നാബാലിന് എന്താണു സംഭവിച്ചത്? “അവന്റെ ഹൃദയം അവന്റെ ഉള്ളിൽ നിർജ്ജീവമായി അവൻ കല്ലിച്ചുപോയി” എന്ന് ബൈബിൾ പറയുന്നു. ഒരുപക്ഷേ അതൊരു പക്ഷാഘാതമായിരുന്നിരിക്കാം. പത്തുദിവസം കഴിഞ്ഞപ്പോൾ അവൻ മരിച്ചു. ആ മരണത്തിന് ശാസ്‌ത്രീയമായ ഒരു വിശദീകരണം നൽകാനാവില്ല. “യഹോവ നാബാലിനെ ദണ്ഡിപ്പിച്ചു, അവൻ മരിച്ചുപോയി” എന്നാണ് തിരുവെഴുത്തുകൾ പറയുന്നത്. (1 ശമൂവേൽ 25:38) അങ്ങനെ ദുരിതപൂർണമായ ഒരു ദാമ്പത്യത്തിൽനിന്ന് അബീഗയിൽ മോചിതയായി. ഇന്ന് ഇങ്ങനെയുള്ള വധനിർവഹണങ്ങൾ യഹോവ നടത്തുന്നില്ലെങ്കിലും ഗൗരവമേറിയ ഒരു താക്കീതാണ് ഈ വിവരണം നൽകുന്നത്: കുടുംബവൃത്തത്തിനുള്ളിൽ നടക്കുന്ന ഉപദ്രവങ്ങളും കയ്യേറ്റങ്ങളുമൊന്നും യഹോവയുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്നില്ല. തന്റേതായ സമയത്ത് യഹോവ നീതി നടപ്പാക്കും.
മറ്റൊരു അനുഗ്രഹംകൂടെ അബീഗയിലിനെ കാത്തിരിക്കുന്നുണ്ടായിരുന്നു. നാബാലിന്റെ മരണത്തെക്കുറിച്ചു മനസ്സിലാക്കിയ ദാവീദ് വിവാഹാഭ്യർഥനയുമായി തന്റെ ദൂതന്മാരെ അബീഗയിലിന്റെ പക്കലേക്ക് അയച്ചു. അബീഗയിലിന്റെ മറുപടി എന്തായിരുന്നു? “ഇതാ, അടിയൻ യജമാനന്റെ ദാസന്മാരുടെ കാലുകളെ കഴുകുന്ന ദാസി” എന്ന് അവൾ ഉണർത്തിച്ചു. അതെ, ദാവീദിന്റെ ഭാര്യയാകാനുള്ള പദവി അവളെ അഹങ്കാരിയാക്കിയില്ല. അവന്റെ ഭൃത്യന്മാരുടെ പരിചാരികയാകാൻപോലും താൻ സന്നദ്ധയാണെന്ന് അവൾ പറഞ്ഞത് അതിനു തെളിവാണ്. പിന്നെ അവൾ തിടുക്കത്തിൽ ദാവീദിന്റെ അടുക്കലേക്കു യാത്രയായി.—1 ശമൂവേൽ 25:39-42.
പിന്നീടങ്ങോട്ടുള്ള അവളുടെ ജീവിതത്തിൽ സുഖവും സന്തോഷവും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണോ? തീർച്ചയായുമല്ല. ദാവീദിന് അപ്പോൾതന്നെ ഒരു ഭാര്യയുണ്ടായിരുന്നു, അഹീനോവം. ബഹുഭാര്യത്വം പല വെല്ലുവിളികളും സൃഷ്ടിച്ചിരുന്നു, വിശേഷിച്ചും അന്നത്തെ വിശ്വസ്‌ത സ്‌ത്രീകൾക്ക്. ദാവീദാകട്ടെ അപ്പോഴും രാജാവായിട്ടില്ലായിരുന്നു. രാജപദവിയിലെത്തുന്നതിനുമുമ്പ് പല പ്രതിസന്ധികളും ബുദ്ധിമുട്ടുകളും അവൻ നേരിടേണ്ടിയിരുന്നു. എന്നാൽ ആ കാലത്തൊക്കെ അബീഗയിൽ തന്റെ ഭർത്താവിനെ വിശ്വസ്‌തതയോടെ പിന്തുണച്ചു. ഒടുവിൽ അവൾക്ക് ദാവീദിൽനിന്ന് ഒരു മകൻ ജനിച്ചു. തന്റെ ഭാര്യയെ വിലമതിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ഭർത്താവായിരുന്നു ദാവീദ്. ഒരവസരത്തിൽ ശത്രുക്കൾ അബീഗയിലിനെ അപഹരിച്ചുകൊണ്ടുപോയപ്പോൾ ദാവീദ് അവരോടു പൊരുതി അവളെ രക്ഷിച്ചുകൊണ്ടുപോന്നു. (1 ശമൂവേൽ 30:1-19) അങ്ങനെ, വിവേകമതികളും ധൈര്യശാലികളും വിശ്വസ്‌തരുമായ സ്‌ത്രീകളെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന യഹോവയാം ദൈവത്തെ ദാവീദ് അനുകരിച്ചു.
[അടിക്കുറിപ്പുകൾ]
^ ഖ. 13 ഇവിടെ പരാമർശിച്ചിരിക്കുന്നത് വടക്കുള്ള പ്രശസ്‌തമായ കർമേൽ പർവതം അല്ല. മറിച്ച്, തെക്കൻ മരുഭൂമിയുടെ അറ്റത്തുള്ള ഒരു പട്ടണമാണ്.
^ ഖ. 14 പ്രാദേശിക ഭൂവുടമകളെയും അവരുടെ ആട്ടിൻപറ്റങ്ങളെയും സംരക്ഷിക്കുന്നത് യഹോവയാം ദൈവത്തിനു ചെയ്യുന്ന ഒരു സേവനമായി ദാവീദ് വീക്ഷിച്ചിരിക്കാം. അബ്രാഹാമിന്റെയും യിസ്‌ഹാക്കിന്റെയും യാക്കോബിന്റെയും പിൻമുറക്കാർ ആ പ്രദേശത്തു താമസിക്കണമെന്നത് അക്കാലത്ത് യഹോവയുടെ ഉദ്ദേശ്യമായിരുന്നു. അതുകൊണ്ട് അധിനിവേശകരിൽനിന്നും കൊള്ളക്കാരിൽനിന്നും ആ പ്രദേശത്തെ സംരക്ഷിക്കുന്നത് ഒരർഥത്തിൽ യഹോവയ്‌ക്കുള്ള ഒരു സേവനമായിരുന്നു.
^ ഖ. 19 ആ ഭൃത്യൻ ഉപയോഗിച്ച പദപ്രയോഗത്തിന്റെ അക്ഷരാർഥം, “ബെലീയാലിന്റെ (നിഷ്‌ഫലതയുടെ) മകൻ” എന്നാണ്. നാബാൽ “ആർക്കും ചെവികൊടുക്കാത്തവൻ” ആയതുകൊണ്ട് “അവനോടു സംസാരിച്ചിട്ടു കാര്യമില്ല” എന്നാണ് ചില ബൈബിളുകൾ ഈ വാചകം പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
[15-ാം പേജിലെ ചിത്രം]
തന്റെ ഭർത്താവിൽനിന്നു വ്യത്യസ്‌തമായി, മറ്റുള്ളവർ പറയുന്നതു ശ്രദ്ധിക്കാൻ അബീഗയിൽ മനസ്സുകാണിച്ചു
[16-ാം പേജിലെ ചിത്രം]
ദാവീദിനോടു സംസാരിച്ചപ്പോൾ അബീഗയിൽ താഴ്‌മയും ധൈര്യവും വിവേകവും പ്രകടിപ്പിച്ചു