തിരഞ്ഞെടുക്കാൻ ഒരു കാലം
തിരഞ്ഞെടുക്കാൻ ഒരു കാലം
“ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.”—ഉല്പത്തി 1:27.
ദൈവം “അതതിന്റെ സമയത്തു ഭംഗിയായി ചെയ്ത” മഹത്തായ കാര്യങ്ങളിലൊന്നിനെക്കുറിച്ചാണ് ഈ വാക്യം പറയുന്നത്; അതായത്, പൂർണതയുള്ള മനുഷ്യജോഡിയായ ആദാമിനെയും ഹവ്വായെയും അവൻ സൃഷ്ടിച്ചതിനെക്കുറിച്ച്. (സഭാപ്രസംഗി 3:11) അവരുടെ സ്രഷ്ടാവായ യഹോവ അവരോട് ഇപ്രകാരം കൽപ്പിച്ചു: “നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ.”—ഉല്പത്തി 1:28.
മനുഷ്യരെ സംബന്ധിച്ചുള്ള തന്റെ ഉദ്ദേശ്യം എന്താണെന്ന് ആ കൽപ്പനയിലൂടെ ദൈവം ആദാമിനും ഹവ്വായ്ക്കും വ്യക്തമാക്കിക്കൊടുത്തു. അവർ പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ പരിപാലിക്കണമായിരുന്നു. അങ്ങനെ അവരും അവരുടെ സന്താനങ്ങളും ചേർന്ന് ഭൂമി മുഴുവൻ ഒരു പറുദീസയാക്കി മാറ്റേണ്ടിയിരുന്നു. അവർ എത്ര കാലം ജീവിച്ചിരിക്കണം, എപ്പോൾ മരിക്കണം എന്നൊന്നും ദൈവം നിശ്ചയിച്ചുവെച്ചില്ല. പകരം, മഹത്തായ ഒരു പ്രത്യാശ ദൈവം അവരുടെ മുമ്പാകെ വെച്ചു: ദൈവോദ്ദേശ്യത്തിനു ചേർച്ചയിൽ ശരിയായതു തിരഞ്ഞെടുത്താൽ തികഞ്ഞ സമാധാനത്തിലും സന്തോഷത്തിലും എന്നേക്കും ജീവിക്കാൻ അവർക്കു കഴിയുമായിരുന്നു.
ഇയ്യോബ് 14:1) പ്രശ്നങ്ങളുടെ തുടക്കം എങ്ങനെയായിരുന്നു?
എന്നാൽ തെറ്റായ സംഗതിയായിരുന്നു അവർ തിരഞ്ഞെടുത്തത്. തന്നിമിത്തം വാർധക്യവും മരണവും മനുഷ്യകുലത്തിലേക്കു കടന്നുവന്നു. “സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു” എന്ന് പണ്ടു ജീവിച്ചിരുന്ന ഇയ്യോബ് എന്ന മനുഷ്യൻ പറയുകയുണ്ടായി. (ബൈബിൾ പറയുന്നു: “ഏകമനുഷ്യനിലൂടെ പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു. അങ്ങനെ, എല്ലാവരും പാപം ചെയ്തതിനാൽ മരണം സകലമനുഷ്യരിലേക്കും വ്യാപിച്ചു.” (റോമർ 5:12) ഇവിടെ പറഞ്ഞിരിക്കുന്ന ‘ഏകമനുഷ്യൻ’ ദൈവം നൽകിയ സുവ്യക്തമായ കൽപ്പന ലംഘിച്ച ആദാമാണ്. (ഉല്പത്തി 2:17) അനുസരിക്കാൻ ഒരു പ്രയാസവുമില്ലായിരുന്ന ആ കൽപ്പന ലംഘിക്കുകവഴി ആദാം പറുദീസാഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി. നിത്യജീവൻ എന്ന അമൂല്യമായ അവകാശം തന്റെ സന്തതികൾക്കും അവൻ ഇല്ലാതാക്കി. പകരം അവൻ അവർക്കു കൈമാറിയതോ? പാപവും മരണവും. പ്രത്യാശയ്ക്കു വകയില്ലാത്ത അവസ്ഥ! എന്നാൽ ഇതിനൊരു പരിഹാരവുമില്ലെന്നാണോ?
എല്ലാം പുതുക്കുവാൻ ഒരു കാലം
നൂറ്റാണ്ടുകൾക്കുശേഷം ദൈവത്താൽ നിശ്വസ്തനായി സങ്കീർത്തനങ്ങളുടെ എഴുത്തുകാരൻ ഇങ്ങനെ എഴുതി: “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” (സങ്കീർത്തനം 37:29) ഏദെൻ തോട്ടത്തിൽ ദൈവം നൽകിയ വാഗ്ദാനം അവൻ നിറവേറ്റുമെന്ന് ദൈവവചനം ഉറപ്പുനൽകുന്നു. ദൈവം പെട്ടെന്നുതന്നെ ചെയ്യാൻ പോകുന്ന ഒരു കാര്യത്തെ ബൈബിൾ ഇങ്ങനെ വർണിക്കുന്നു: “അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കുകയില്ല. വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുകയില്ല. ഒന്നാമത്തേതു കഴിഞ്ഞുപോയി.” തുടർന്ന് ദൈവം, “ഇതാ, ഞാൻ സകലതും പുതിയതാക്കുന്നു” എന്നു പറയുന്നു.—വെളിപാട് 21:4, 5.
എല്ലാറ്റിനും ഒരു കാലമുണ്ട് എന്ന് ബൈബിൾ പറയുന്നതിനാൽ സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നു: ദൈവം സകലവും പുതുക്കുന്ന കാലം എപ്പോൾ വന്നെത്തും? അതായത്, ദൈവത്തിന്റെ വാഗ്ദാനങ്ങൾ സത്യമായി ഭവിക്കുന്നത് എപ്പോഴായിരിക്കും? ബൈബിൾ ‘അന്ത്യകാലം’ എന്നു വിശേഷിപ്പിക്കുന്ന ഒരു സമയത്താണ് നാം ജീവിക്കുന്നത്; “സകലവും പുതുതാ”ക്കാൻ ആവശ്യമായ നടപടികൾ ദൈവം പെട്ടെന്നുതന്നെ കൈക്കൊള്ളും. ഇത് ആളുകളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഈ മാസികയുടെ പ്രസാധകരായ യഹോവയുടെ സാക്ഷികൾ ശ്രമിക്കുന്നു. (2 തിമൊഥെയൊസ് 3:1) ബൈബിൾ പരിശോധിക്കാൻ ഞങ്ങൾ നിങ്ങളോടും അഭ്യർഥിക്കുന്നു. അങ്ങനെയെങ്കിൽ അതിൽ പറഞ്ഞിരിക്കുന്ന മഹത്തായ പ്രത്യാശ നിങ്ങൾക്കും സ്വന്തമാക്കാനാകും. “യഹോവയെ കണ്ടെത്താകുന്ന സമയത്തു അവനെ അന്വേഷിപ്പിൻ; അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിപ്പിൻ” എന്ന ആഹ്വാനത്തോടു പ്രതികരിക്കാനും ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. (യെശയ്യാവു 55:6) നിങ്ങളുടെ ജീവിതവും ഭാവിയും വിധിയുടെ കൈകളിലല്ല, നിങ്ങളുടെ കൈകളിലാണ്!
[8-ാം പേജിലെ ആകർഷക വാക്യം]
“ഇതാ, ഞാൻ സകലവും പുതുതാക്കുന്നു”