വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിന്‌ ഒരു പേരുണ്ടോ?

ദൈവത്തിന്‌ ഒരു പേരുണ്ടോ?

ദൈവത്തിന്‌ ഒരു പേരുണ്ടോ?

സാധാരണ കേൾക്കാറുള്ളത്‌:

“അവന്റെ പേര്‌ കർത്താവ്‌ എന്നാണ്‌.”

▪ “അവന്‌ ഒരു പേരില്ല.”

യേശു പറഞ്ഞത്‌:

“നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ.” (മത്തായി 6:9) ദൈവത്തിന്‌ ഒരു പേരുണ്ടെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു.

▪ “നീ എന്നെ സ്‌നേഹിക്കുന്ന സ്‌നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനും ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.” (യോഹന്നാൻ 17:26) യേശു ദൈവനാമം പ്രസിദ്ധമാക്കി.

▪ “കർത്താവിന്റെ [“യഹോവയുടെ,” Nw]* നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ എന്നെ കാണുകയില്ല.” (ലൂക്കൊസ്‌ 13:35; സങ്കീർത്തനം 118:26) യേശു ദൈവനാമം ഉപയോഗിച്ചു. * യേശു ഇവിടെ സങ്കീർത്തനം 118:26 ഉദ്ധരിച്ചുകൊണ്ട്‌ സംസാരിക്കുകയായിരുന്നു. ആ വാക്യത്തിൽ യഹോവ എന്ന പേരുണ്ട്‌.

ദൈവംതന്നെ അവന്റെ പേര്‌ നമുക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു. “ഞാൻ യഹോവ അതുതന്നേ എന്റെ നാമം” എന്ന്‌ അവൻ പറയുന്നു. * (യെശയ്യാവു 42:8) ദൈവം തനിക്കു നൽകിയിട്ടുള്ള എബ്രായ പേരിന്റെ വ്യാപകമായി അറിയപ്പെടുന്ന മലയാളരൂപം യഹോവ എന്നാണ്‌. പുരാതന ബൈബിൾകയ്യെഴുത്തുപ്രതികളിൽ ഈ അതുല്യ എബ്രായനാമം ആയിരക്കണക്കിനു പ്രാവശ്യം കാണാവുന്നതാണ്‌! മറ്റേതൊരു വ്യക്തിനാമത്തെക്കാളും കൂടുതൽ പ്രാവശ്യം ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരാണിത്‌.

“ദൈവത്തിന്റെ പേരെന്താണ്‌” എന്ന ചോദ്യത്തിന്‌ “കർത്താവ്‌” എന്നായിരിക്കാം ചിലരുടെ ഉത്തരം. എന്നാൽ അത്‌ തൃപ്‌തികരമായ ഒരു ഉത്തരമാണോ? “തിരഞ്ഞെടുപ്പിൽ ജയിച്ചത്‌ ആരാണ്‌” എന്ന ചോദ്യത്തിന്‌ “സ്ഥാനാർഥി” എന്നു പറയുന്നതുപോലെ ആയിരിക്കും അത്‌. രണ്ടും ശരിയായ ഉത്തരങ്ങളല്ല; കാരണം, “കർത്താവ്‌” എന്നതും “സ്ഥാനാർഥി” എന്നതും വ്യക്തിനാമങ്ങളല്ല.

ദൈവം എന്തിനാണ്‌ തന്റെ നാമം നമുക്കു വെളിപ്പെടുത്തിത്തന്നത്‌? നമുക്ക്‌ അവനെ അടുത്തറിയാൻ കഴിയേണ്ടതിനാണത്‌. ഇതു ചിന്തിക്കുക: ഒരൊറ്റ വ്യക്തിക്കുതന്നെ സർ, മാനേജർ, ഡാഡി, അങ്കിൾ എന്നിങ്ങനെയുള്ള പല സ്ഥാനപ്പേരുകൾ ഉണ്ടായിരിക്കാം. ഇവ ഓരോന്നും അദ്ദേഹത്തെക്കുറിച്ച്‌ ചില കാര്യങ്ങൾ മാത്രമേ വെളിപ്പെടുത്തുന്നുള്ളൂ. എന്നാൽ ആ വ്യക്തിയുടെ പേര്‌ നമുക്ക്‌ അദ്ദേഹത്തെക്കുറിച്ച്‌ അറിയാവുന്നതെല്ലാം നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു. അതുപോലെ, കർത്താവ്‌, സർവശക്തൻ, പിതാവ്‌, സ്രഷ്ടാവ്‌ എന്നിങ്ങനെ ദൈവത്തിന്‌ പല സ്ഥാനപ്പേരുകളുണ്ട്‌. അവ ഓരോന്നും ദൈവത്തിന്റെ പ്രവൃത്തിയുടെ ഓരോ വശത്തെ മാത്രമാണ്‌ വെളിപ്പെടുത്തുന്നത്‌. എന്നാൽ യഹോവ എന്ന വ്യക്തിപരമായ നാമം അവനെക്കുറിച്ചു നമുക്കറിയാവുന്ന സകലതും നമ്മെ അനുസ്‌മരിപ്പിക്കുന്നു. ദൈവത്തിന്റെ പേര്‌ അറിയാത്ത ഒരാൾക്ക്‌ അവനെ അറിയാമെന്ന്‌ എങ്ങനെ പറയാനാകും?

ഇനി, ദൈവത്തിന്റെ പേര്‌ അറിഞ്ഞാൽ പോരാ, അത്‌ ഉപയോഗിക്കുകയും വേണം. എന്തുകൊണ്ട്‌? “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും” എന്ന്‌ ബൈബിൾ പറയുന്നു.—യോവേൽ 2:32; റോമർ 10:13.

[അടിക്കുറിപ്പ്‌]

^ ഖ. 9 ദൈവനാമത്തിന്റെ അർഥം എന്താണെന്നും ചില ബൈബിൾ ഭാഷാന്തരങ്ങളിൽ ഈ പേര്‌ കാണാത്തതിന്റെ കാരണം എന്താണെന്നും അറിയാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ 195-197 പേജുകൾ കാണുക.

[6-ാം പേജിലെ ആകർഷക വാക്യം]

ഒരൊറ്റ വ്യക്തിക്കുതന്നെ സർ, മാനേജർ, ഡാഡി, അങ്കിൾ എന്നിങ്ങനെയുള്ള പല സ്ഥാനപ്പേരുകൾ ഉണ്ടായിരിക്കാം. ഇവ ഓരോന്നും അദ്ദേഹത്തെക്കുറിച്ച്‌ ചില കാര്യങ്ങൾ മാത്രമേ വെളിപ്പെടുത്തുന്നുള്ളൂ. എന്നാൽ ആ വ്യക്തിയുടെ പേര്‌ നമുക്ക്‌ അദ്ദേഹത്തെക്കുറിച്ച്‌ അറിയാവുന്നതെല്ലാം നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു