വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം കേൾക്കുന്ന പ്രാർഥനകൾ

ദൈവം കേൾക്കുന്ന പ്രാർഥനകൾ

യേശുവിൽനിന്നു പഠിക്കുക

ദൈവം കേൾക്കുന്ന പ്രാർഥനകൾ

യേശു പലപ്പോഴും തനിച്ചു ചെന്നിരുന്ന്‌ പ്രാർഥിക്കുമായിരുന്നു. അങ്ങനെ ചെയ്യാൻ ശിഷ്യന്മാരെയും അവൻ പ്രോത്സാഹിപ്പിച്ചു. ബൈബിൾ പറയുന്നു: “അവൻ ഒരു സ്ഥലത്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നു; തീർന്നശേഷം ശിഷ്യന്മാരിൽ ഒരുത്തൻ അവനോടു: കർത്താവേ, . . . ഞങ്ങളെയും പ്രാർത്ഥിപ്പാൻ പഠിപ്പിക്കേണമേ എന്നു പറഞ്ഞു. അവൻ അവരോടു പറഞ്ഞതു: നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ ചൊല്ലേണ്ടിയതു: . . . പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ.” (ലൂക്കൊസ്‌ 5:16; 11:1, 2) തന്റെ പിതാവായ യഹോവയോടാണ്‌ പ്രാർഥിക്കേണ്ടത്‌ എന്ന്‌ യേശു അങ്ങനെ വ്യക്തമാക്കി. സ്രഷ്ടാവും “പ്രാർത്ഥന കേൾക്കുന്ന”വനും യഹോവ മാത്രമാണ്‌.—സങ്കീർത്തനം 65:2.

എല്ലാ പ്രാർഥനകളും ദൈവത്തെ പ്രസാദിപ്പിക്കുമോ?

പ്രാർഥനകൾ മനഃപാഠമാക്കി ആവർത്തിച്ചു ചൊല്ലുന്നത്‌ ദൈവത്തെ പ്രസാദിപ്പിക്കില്ല. “പ്രാർത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്‌പനം ചെയ്യരുത്‌” എന്ന്‌ യേശു പറഞ്ഞു. (മത്തായി 6:7) നമ്മുടെ സ്വർഗീയ പിതാവിനോട്‌ നാം ഹൃദയത്തിൽനിന്നു വേണം സംസാരിക്കാൻ. മതപരമായ ആചാരങ്ങൾ കണിശമായി പിൻപറ്റുന്ന ഒരു അഹങ്കാരിയുടെ പ്രാർഥനയെക്കാൾ ദൈവത്തിനു സ്വീകാര്യം തെറ്റുതിരുത്താൻ ആത്മാർഥമായി ആഗ്രഹിക്കുന്ന ഒരു പാപിയുടേതാണെന്ന്‌ ഒരിക്കൽ യേശു തന്റെ അനുഗാമികളോടു വ്യക്തമാക്കി. (ലൂക്കൊസ്‌ 18:10-14) അതുകൊണ്ട്‌ ദൈവം നമ്മുടെ പ്രാർഥന കേൾക്കണമെങ്കിൽ അവൻ പറയുന്നത്‌ നാം താഴ്‌മയോടെ അനുസരിക്കണം. “ഞാൻ . . . പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു” എന്നും “ഞാൻ എല്ലായ്‌പോഴും അവന്നു പ്രസാദമുള്ളതു ചെയ്യുന്നു” എന്നും യേശു പറഞ്ഞു. (യോഹന്നാൻ 8:28, 29) “എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം തന്നേ ആകട്ടെ” എന്ന്‌ യേശു പ്രാർഥിക്കുകയും ചെയ്‌തു.—ലൂക്കൊസ്‌ 22:42.

എന്തിനുവേണ്ടി പ്രാർഥിക്കണം?

ദൈവനാമം ദുഷിക്കപ്പെട്ടിരിക്കുന്നതിനാൽ യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.” (മത്തായി 6:9, 10) ദൈവരാജ്യം വരുന്നതിനായി നാം പ്രാർഥിക്കണം. കാരണം, ആ ഗവൺമെന്റിലൂടെയാണ്‌ സ്വർഗത്തിലും ഭൂമിയിലും ദൈവം തന്റെ ഇഷ്ടം നടപ്പാക്കുന്നത്‌. “ആവശ്യമുള്ള ആഹാരം ദിനംപ്രതി തരേണമേ” എന്നും നമുക്കു പ്രാർഥിക്കാമെന്ന്‌ യേശു പറഞ്ഞു. ജോലി, പാർപ്പിടം, വസ്‌ത്രം, ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും നമുക്ക്‌ യഹോവയോടു പ്രാർഥിക്കാവുന്നതാണ്‌. ഇതിനുപുറമേ, പാപമോചനത്തിനായും നാം അപേക്ഷിക്കേണ്ടതാണെന്ന്‌ യേശു പറഞ്ഞു.—ലൂക്കൊസ്‌ 11:3, 4.

നാം മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കണമോ?

യേശു മറ്റുള്ളവർക്കുവേണ്ടി പ്രാർഥിച്ചു. ബൈബിൾ പറയുന്നു: “അവൻ കൈവെച്ചു പ്രാർത്ഥിക്കേണ്ടതിന്നു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു.” (മത്തായി 19:13) യേശു അപ്പൊസ്‌തലനായ പത്രൊസിനോട്‌, “ഞാനോ നിന്റെ വിശ്വാസം പൊയ്‌പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു” എന്നു പറഞ്ഞു. (ലൂക്കൊസ്‌ 22:32) തങ്ങളെ ഉപദ്രവിക്കുകയും ദുഷിക്കുകയും ചെയ്യുന്നവർ ഉൾപ്പെടെ മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കാൻ യേശു ശിഷ്യന്മാരെ പ്രോത്സാഹിപ്പിച്ചു.—മത്തായി 5:44; ലൂക്കൊസ്‌ 6:28.

നാം പ്രാർഥനയിൽ ഉറ്റിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

പ്രാർഥിക്കാനായി യേശു സമയം മാറ്റിവെക്കുകയും ശിഷ്യന്മാരോട്‌, “മടുത്തുപോകാതെ എപ്പോഴും പ്രാർത്ഥിക്കേണം” എന്നു പറയുകയും ചെയ്‌തു. (ലൂക്കൊസ്‌ 18:1) നമ്മെ അലട്ടുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ കൂടെക്കൂടെ പ്രാർഥിച്ചുകൊണ്ട്‌ തന്നിലുള്ള ആശ്രയം പ്രകടമാക്കാൻ യഹോവ നമ്മെ ക്ഷണിക്കുന്നു. “ചോദിച്ചുകൊണ്ടിരിക്കുവിൻ, നിങ്ങൾക്കു നൽകപ്പെടും” (NW) എന്ന്‌ യേശു പറഞ്ഞു. പ്രാർഥനയ്‌ക്ക്‌ പെട്ടെന്ന്‌ ഉത്തരം നൽകാൻ യഹോവയ്‌ക്കു മടിയാണെന്ന്‌ ഇതിന്‌ അർഥമില്ല. തന്നെ ഒരു പിതാവായി കണ്ട്‌ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരുടെ അപേക്ഷകൾ നിവർത്തിക്കാൻ അവൻ ഉത്സുകനാണ്‌. “ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും” എന്ന്‌ യേശു കൂട്ടിച്ചേർത്തത്‌ അതുകൊണ്ടാണ്‌.—ലൂക്കൊസ്‌ 11:5-13.

കൂടുതൽ വിവരങ്ങൾക്ക്‌ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ 17-ാം അധ്യായം കാണുക. *

[അടിക്കുറിപ്പ്‌]

^ ഖ. 12 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.