യോസേഫിന്റെ സഹോദരന്മാർക്ക് അസൂയ തോന്നി, നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ?
മക്കളെ പഠിപ്പിക്കാൻ
യോസേഫിന്റെ സഹോദരന്മാർക്ക് അസൂയ തോന്നി, നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ?
എന്താണ് അസൂയ? മറ്റൊരു കുട്ടിയെക്കുറിച്ച് ‘അവൻ നല്ല കുട്ടിയാണ്,’ ‘സുന്ദരനാണ്,’ ‘സ്‌മാർട്ടാണ്’ എന്നൊക്കെ പറഞ്ഞു കേട്ടപ്പോൾ നിങ്ങൾക്ക് ആ കുട്ടിയോട് അനിഷ്ടം തോന്നിയോ? *— ഉണ്ടെങ്കിൽ, അത് അസൂയയുടെ ലക്ഷണമാണ്.
മാതാപിതാക്കൾ ഒരു മകനോടോ മകളോടോ കൂടുതൽ ഇഷ്ടം കാണിക്കുകയാണെങ്കിൽ അത് അസൂയയ്‌ക്ക് ഇടയാക്കിയേക്കാം. അസൂയ വലിയ പ്രശ്‌നം സൃഷ്ടിച്ച ഒരു കുടുംബത്തെക്കുറിച്ച് ബൈബിൾ പറയുന്നു. അസൂയനിമിത്തം ഉണ്ടായ കുഴപ്പങ്ങളും അതിൽനിന്നു നമുക്കുള്ള പാഠവും എന്താണെന്നു നോക്കാം.
യാക്കോബിന്റെ 11-ാമത്തെ മകനായിരുന്നു യോസേഫ്. അവന്റെ അർദ്ധസഹോദരന്മാർക്ക് അവനോട് അസൂയയായിരുന്നു. എന്തായിരുന്നു കാരണം?— യാക്കോബിന് യോസേഫിനെയായിരുന്നു കൂടുതൽ ഇഷ്ടം. ഒരിക്കൽ യാക്കോബ് യോസേഫിന് നല്ല ഭംഗിയുള്ള ഒരു കുപ്പായം ഉണ്ടാക്കിക്കൊടുത്തു. തന്റെ വാർധക്യത്തിലെ മകനായതുകൊണ്ടും പ്രിയ ഭാര്യയായ റാഹേലിന്റെ ആദ്യത്തെ പുത്രനായതുകൊണ്ടുമാണ് യാക്കോബ് യോസേഫിനെ അധികം സ്‌നേഹിച്ചത്.
ബൈബിൾ പറയുന്നു: ‘അപ്പൻ തങ്ങളെ എല്ലാവരെക്കാളും യോസേഫിനെ അധികം സ്‌നേഹിക്കുന്നു എന്ന് അവന്റെ സഹോദരന്മാർ കണ്ടിട്ട് അവനെ പകെച്ചു.’ അങ്ങനെയിരിക്കെ ഒരു ദിവസം, അപ്പൻ ഉൾപ്പെടെ എല്ലാവരും തന്നെ നമസ്‌കരിക്കുന്നതായി യോസേഫ് സ്വപ്‌നം കണ്ടു. അതേക്കുറിച്ചു കേട്ടപ്പോൾ, “അവന്റെ സഹോദരന്മാർക്കു അവനോടു അസൂയ തോന്നി.” അപ്പൻ അവനെ ശാസിക്കുകയും ചെയ്‌തു.—ഉല്‌പത്തി 37:1-11.
കുറച്ചുനാളുകൾക്കുശേഷം ആടുകളെ മേയ്‌ക്കാൻ യോസേഫിന്റെ സഹോദരന്മാർ ദൂരദേശത്തേക്കു പോയി. അവർ സുഖമായിരിക്കുന്നുവോ എന്ന് അന്വേഷിച്ചുവരാൻ യാക്കോബ് യോസേഫിനെ അയച്ചു. യോസേഫിന് അന്ന് 17 വയസ്സായിരുന്നു. അവൻ വരുന്നതു
കണ്ടപ്പോൾ അവന്റെ സഹോദരന്മാർക്കു മനസ്സിൽ തോന്നിയത് എന്താണെന്ന് അറിയാമോ?— അവനെ കൊല്ലാൻ അവർ ആഗ്രഹിച്ചു! പക്ഷേ രൂബേനും യെഹൂദായും അതിനു സമ്മതിച്ചില്ല.ചില വ്യാപാരികൾ അതുവഴി ഈജിപ്‌തിലേക്കു പോകുന്നതു കണ്ടപ്പോൾ, ‘അവനെ വിൽക്കാം’ എന്നായി യെഹൂദാ. അവർ അതുതന്നെ ചെയ്‌തു. അതിനുശേഷം ഒരു ആടിനെ കൊന്ന് അതിന്റെ രക്തത്തിൽ യോസേഫിന്റെ കുപ്പായം മുക്കിയെടുത്തു. പിന്നീട് അവർ അത് അപ്പനെ കാണിച്ചപ്പോൾ “ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു” എന്നു പറഞ്ഞ് അദ്ദേഹം വിലപിച്ചു.—ഉല്‌പത്തി 37:12-36.
കുറെക്കാലത്തിനുശേഷം, ഈജിപ്‌തിലെ രാജാവായ ഫറവോന്റെ രണ്ടുസ്വപ്‌നങ്ങൾ വിശദീകരിക്കാൻ യഹോവയുടെ സഹായത്താൽ യോസേഫിനു കഴിഞ്ഞു. അങ്ങനെ അവൻ ഫറവോന്റെ പ്രീതി സമ്പാദിച്ചു. കൊഴുത്ത ഏഴുപശുക്കളുടെ പിന്നാലെ മെലിഞ്ഞ ഏഴുപശുക്കൾ കയറിവരുന്നതായിരുന്നു ആദ്യത്തെ സ്വപ്‌നം. രണ്ടാമത്തേത്, നല്ല ഏഴുകതിരിന്റെയും ഉണങ്ങിയ ഏഴുകതിരിന്റെയും. നല്ല വിളവു ലഭിക്കുന്ന ഏഴുവർഷത്തെ തുടർന്ന് ക്ഷാമത്തിന്റെ ഏഴുവർഷം ഉണ്ടാകുമെന്നാണ് രണ്ടുസ്വപ്‌നങ്ങളുടെയും അർഥമെന്ന് യോസേഫ് പറഞ്ഞു. അങ്ങനെ, നല്ല വിളവുള്ള സമയത്ത് ധാന്യം ശേഖരിച്ചു ക്ഷാമകാലത്തേക്കുവേണ്ടി സൂക്ഷിക്കാനുള്ള ചുമതല ഫറവോൻ യോസേഫിനു നൽകി.
ക്ഷാമം വന്നപ്പോൾ അങ്ങുദൂരെ താമസിച്ചിരുന്ന യോസേഫിന്റെ കുടുംബത്തിനും ഭക്ഷണം ഇല്ലാതെയായി. യാക്കോബ് യോസേഫിന്റെ പത്തു സഹോദരന്മാരെ ധാന്യം വാങ്ങാനായി ഈജിപ്‌തിലേക്ക് അയച്ചു. അവർ യോസേഫിന്റെ അടുക്കൽ വന്നെങ്കിലും അവനെ തിരിച്ചറിഞ്ഞില്ല. താൻ ആരാണെന്നു വെളിപ്പെടുത്താതെ യോസേഫ് അവരെ പരീക്ഷിച്ചു. തന്നെ ദ്രോഹിച്ചതിൽ അവർക്കു വിഷമമുണ്ടെന്നു മനസ്സിലായപ്പോൾ താൻ ആരാണെന്ന് അവൻ വെളിപ്പെടുത്തി. വീണ്ടും കണ്ടുമുട്ടിയതിലെ സന്തോഷം അടക്കാനാവാതെ അവർ കെട്ടിപ്പിടിച്ച് കരഞ്ഞു!—ഉല്‌പത്തി, 40 മുതൽ 45 വരെയുള്ള അധ്യായങ്ങൾ.
ഈ ബൈബിൾ കഥയിൽനിന്ന് അസൂയയെക്കുറിച്ച് നാം എന്താണു പഠിക്കുന്നത്?— അസൂയനിമിത്തം വലിയ പ്രശ്‌നങ്ങൾ ഉണ്ടാകാം. സ്വന്തം സഹോദരനെ ദ്രോഹിക്കാൻപോലും അത് ഒരു വ്യക്തിയെ പ്രേരിപ്പിച്ചേക്കാം! പ്രവൃത്തികൾ 5:17, 18; 7:54-59 എന്നീ ഭാഗങ്ങൾ വായിക്കുക. അസൂയനിമിത്തം ആളുകൾ യേശുവിന്റെ ശിഷ്യന്മാരോട് എന്താണു ചെയ്‌തത്?— നാം അസൂയ ഒഴിവാക്കേണ്ടത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ മനസ്സിലായോ?—
യോസേഫ് 110 വയസ്സുവരെ ജീവിച്ചിരുന്നു. അവൻ മക്കളെയും കൊച്ചുമക്കളെയും അവരുടെ മക്കളെയും വളർത്തി. അസൂയ ഒഴിവാക്കാനും പരസ്‌പരം സ്‌നേഹിക്കാനും കൂടെക്കൂടെ അവൻ അവരെ പഠിപ്പിച്ചിട്ടുണ്ടാകും, തീർച്ച.—ഉല്‌പത്തി 50:22, 23, 26.
[അടിക്കുറിപ്പ്]
^ ഖ. 3 നിങ്ങൾ കുട്ടിക്കു വായിച്ചുകൊടുക്കുകയാണെങ്കിൽ ചോദ്യചിഹ്നത്തിനു ശേഷം നെടുവര വരുന്നിടത്തു നിറുത്താൻ ഓർമിക്കുക. എന്നിട്ട്, അഭിപ്രായം പറയാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.
ചോദ്യങ്ങൾ:
❍ എന്താണ് അസൂയ?
❍ അസൂയനിമിത്തം യോസേഫിന്റെ സഹോദരന്മാർ അവനോട് എന്താണു ചെയ്‌തത്?
❍ യോസേഫ് തന്റെ സഹോദരന്മാരോട് ക്ഷമിച്ചത് എന്തുകൊണ്ട്?
❍ ഈ കഥയിൽനിന്നു നമുക്ക് എന്തു പഠിക്കാം?