വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുത്തഴിഞ്ഞ കൗമാരത്തോടു വിടപറയുന്നു

കുത്തഴിഞ്ഞ കൗമാരത്തോടു വിടപറയുന്നു

കുത്തഴിഞ്ഞ കൗമാരത്തോടു വിടപറയുന്നു

യുസേബിയോ മോർസിയോ പറഞ്ഞപ്രകാരം

1993 സെപ്‌റ്റംബർ. കനത്ത സുരക്ഷാസന്നാഹങ്ങളുള്ള ഒരു ജയിലിൽ എത്തിയിരിക്കുകയാണു ഞാൻ. എന്തിനെന്നല്ലേ? ജയിൽപ്പുള്ളിയായ പെങ്ങളെ (മാരിവിയെ) സന്ദർശിക്കാൻ. ദൈവേഷ്ടം ചെയ്യാൻ തന്നെത്തന്നെ സമർപ്പിച്ചതിന്റെ പ്രതീകമായി മാരിവി സ്‌നാനമേൽക്കുന്ന ദിവസമായിരുന്നു അത്‌. ഏതാനും തടവുപുള്ളികളും ജയിലധികാരികളും ഞാൻ ആ ചടങ്ങു നിർവഹിക്കുന്നത്‌ ആദരവോടെ നോക്കിനിൽക്കുന്നു. ഇങ്ങനെയൊരു സാഹചര്യത്തിൽ ഞാനും മാരിവിയും കൂടിക്കാണാനിടയായതിനെക്കുറിച്ചു വിശദീകരിക്കുന്നതിനുമുമ്പ്‌ ഞങ്ങളുടെ പോയകാല ജീവിതത്തെക്കുറിച്ചു പറയട്ടെ.

സ്‌പെയിനിലാണു ഞാൻ ജനിച്ചത്‌. എട്ടു മക്കളിൽ ഒന്നാമനായി 1954 മേയ്‌ 5-ന്‌. മാരിവി മൂന്നാമത്തെ കുട്ടിയും. മതഭക്തിയുള്ള കത്തോലിക്കാ വിശ്വാസികളായാണ്‌ വല്യമ്മ ഞങ്ങളെ വളർത്തിക്കൊണ്ടുവന്നത്‌. ഭക്തിസാന്ദ്രമായ ആ ബാല്യകാലസ്‌മരണകൾ ഇന്നും ഞാൻ അയവിറക്കാറുണ്ട്‌. എന്റെ മാതാപിതാക്കൾക്കാകട്ടെ ആത്മീയത തികച്ചും അന്യമായിരുന്നു. അച്ഛൻ അമ്മയെയും ഞങ്ങളെയും ഉപദ്രവിക്കുക പതിവായിരുന്നു. ഭയം ഞങ്ങളുടെ കൂടപ്പിറപ്പായി മാറി. അമ്മയുടെ ദുരിതം എനിക്കൊരു തീരാവേദനയായി.

സ്‌കൂളിലാണെങ്കിൽ സ്ഥിതി അതിലും മോശം. ഒരു ഉത്തരമെങ്ങാനും തെറ്റിപ്പോയാൽ അധ്യാപകൻ ഞങ്ങളുടെ തലപിടിച്ചു ഭിത്തിയിൽ ഇടിക്കും. ഒരു പുരോഹിതനായിരുന്നു അദ്ദേഹം. മറ്റൊരു പുരോഹിതനാകട്ടെ ഗൃഹപാഠം നോക്കുന്നതിനിടെ കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. നരകാഗ്നിപോലുള്ള കത്തോലിക്കാ പഠിപ്പിക്കലുകൾ എന്നെ ചിന്താക്കുഴപ്പത്തിലാക്കിയെന്നു മാത്രമല്ല പേടിപ്പെടുത്തുകയും ചെയ്‌തു. എന്റെ ദൈവഭക്തി കാണക്കാണെ ക്ഷയിച്ചു തുടങ്ങി.

അർഥശൂന്യമായ ഒരു ജീവിതം

ആത്മീയപാതയിൽ കൈപിടിച്ചു നടത്താൻ ആരും ഇല്ലാതിരുന്നതിനാൽ ഡിസ്‌കോ ക്ലബുകളായി എന്റെ ശരണം. അധാർമികരും അക്രമാസക്തരുമായ ആളുകളായിരുന്നു അവിടെ എന്റെ കൂട്ട്‌. കത്തിയും ചങ്ങലയും കുപ്പിയും മറ്റും ആയുധമാക്കിയുള്ള അടിപിടികൾ അവർക്കിടയിൽ നിത്യസംഭവമായിരുന്നു. അക്രമങ്ങളിൽ അത്ര സജീവമായി ഉൾപ്പെട്ടിരുന്നില്ലെങ്കിലും ഒരിക്കൽ ഒരു അടിപിടിക്കിടെ ഞാൻ ബോധംകെട്ടുവീണു.

ആ അന്തരീക്ഷത്തിൽനിന്നു പുറത്തുകടക്കാൻ ആഗ്രഹിച്ച ഞാൻ അൽപ്പം ഭേദപ്പെട്ട ഡിസ്‌കോ ക്ലബുകൾ അന്വേഷിച്ചിറങ്ങി. എന്നാൽ അവയും മയക്കുമരുന്നിന്റെ കേളീരംഗമായിരുന്നു. സന്തോഷവും സമാധാനവും സമ്മാനിക്കുന്നതിനു പകരം മയക്കുമരുന്നുകൾ എന്നെ വിഭ്രാന്തിയുടെയും ആകുലതയുടെയും ലോകത്താണ്‌ എത്തിച്ചത്‌.

ഞാൻതന്നെ നിരാശയുടെ പിടിലായിരുന്നെങ്കിലും അനുജൻ ഹോസെ ലൂയിസിനെയും കൂട്ടുകാരൻ മീഗലിനെയും ഞാൻ വലയിലാക്കി. അക്കാലത്ത്‌ സ്‌പെയിനിലെ മറ്റനേകം യുവാക്കളെയുംപോലെ, ഞങ്ങളും കുത്തഴിഞ്ഞ ജീവിതത്തിന്റെ പിടിയിലായി. മയക്കുമരുന്നിനായി പണംകണ്ടെത്താൻ എന്തുംചെയ്യാൻ എനിക്കു മടിയില്ലായിരുന്നു. ഉണ്ടായിരുന്ന സകല അന്തസ്സും ഞാൻ കളഞ്ഞുകുളിച്ചു.

യഹോവയിൽ അഭയംതേടുന്നു

ദൈവത്തെയും ജീവിതത്തിന്റെ ഉദ്ദേശ്യത്തെയുംകുറിച്ച്‌ ഇതിനിടയിൽ സുഹൃത്തുക്കളുമായി ഞാൻ പലപ്പോഴും സംസാരിച്ചിട്ടുണ്ട്‌. എന്നാൽ ദൈവത്തെക്കുറിച്ചുള്ള സത്യമറിയാൻ ഞാൻ ആഗ്രഹിച്ചു. എന്റെ സഹപ്രവർത്തകരിലൊരാളായ ഫ്രാൻതീസ്‌കോ മറ്റുള്ളവരിൽനിന്നെല്ലാം വ്യത്യസ്‌തനായിരുന്നു. അദ്ദേഹം സന്തുഷ്ടനും സത്യസന്ധനും ദയാലുവുമാണെന്ന്‌ എനിക്കു തോന്നി. അതുകൊണ്ട്‌ അദ്ദേഹത്തോട്‌ ഉള്ളുതുറന്നു സംസാരിക്കാൻ ഞാൻ തീരുമാനിച്ചു. യഹോവയുടെ സാക്ഷികളിൽ ഒരാളായിരുന്ന ഫ്രാൻതീസ്‌കോ മയക്കുമരുന്നുകളെക്കുറിച്ചു പറയുന്ന ഒരു ലേഖനമടങ്ങിയ വീക്ഷാഗോപുരം മാസിക എനിക്കു തന്നു.

ആ ലേഖനം വായിച്ച ഞാൻ സഹായത്തിനായി ദൈവത്തോടു പ്രാർഥിച്ചു: “കർത്താവേ, അങ്ങ്‌ വാസ്‌തവത്തിൽ ഉണ്ട്‌ എന്നെനിക്കറിയാം. അങ്ങയെക്കുറിച്ച്‌ അറിയാനും അങ്ങയുടെ ഇഷ്ടം ചെയ്യാനും ഞാൻ ആഗ്രഹിക്കുന്നു. എന്നെ സഹായിക്കേണമേ!” ഫ്രാൻതീസ്‌കോയും മറ്റു സാക്ഷികളും ബൈബിൾ ഉപയോഗിച്ച്‌ എന്നെ പ്രോത്സാഹിപ്പിച്ചു, വായിക്കാൻ ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും തന്നു. എന്റെ പ്രാർഥനയ്‌ക്കുള്ള ഉത്തരമാണതെന്നു ഞാൻ മനസ്സിലാക്കി. പഠിക്കുന്ന കാര്യങ്ങൾ താമസിയാതെ ഞാൻ കൂട്ടുകാരോടും ഹോസെയോടും പറയാൻ തുടങ്ങി.

ഒരിക്കൽ ഒരു റോക്ക്‌ സംഗീതപരിപാടി കഴിഞ്ഞു മടങ്ങുകയായിരുന്നു ഞാനും കൂട്ടുകാരും. അൽപ്പം മാറിനിന്ന്‌ അവരുടെ ചെയ്‌തികൾ ഒന്നു നിരീക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. മയക്കുമരുന്നിന്റെ പിടിയിൽപ്പെട്ട്‌ എത്ര നാണംകെട്ട കാര്യങ്ങളാണു ഞങ്ങൾ ചെയ്‌തുകൂട്ടുന്നതെന്ന്‌ ഒരു ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു. വൃത്തികെട്ട ജീവിതം ഉപേക്ഷിച്ച്‌ യഹോവയുടെ സാക്ഷിയാകാൻ ആ നിമിഷംതന്നെ ഞാൻ തീരുമാനിച്ചുറച്ചു.

ഫ്രാൻതീസ്‌കോയോട്‌ ഞാൻ ഒരു ബൈബിൾ ചോദിച്ചു. ബൈബിളും ഒപ്പം നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്‌തകവും അദ്ദേഹം തന്നു. * കണ്ണുനീരും മരണവുംപോലും തുടച്ചുനീക്കുമെന്നുള്ള ദൈവത്തിന്റെ വാഗ്‌ദാനത്തെക്കുറിച്ചു വായിച്ചപ്പോൾ, മനുഷ്യവർഗത്തെ സ്വതന്ത്രമാക്കുന്ന സത്യം കണ്ടെത്തിയെന്ന്‌ എനിക്കുറപ്പായി. (യോഹന്നാൻ 8:32; വെളിപ്പാടു 21:4) പിന്നീട്‌, യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ ഞാൻ അവരുടെ ഒരു യോഗത്തിനു പോയി. അവിടെ നിറഞ്ഞുനിന്ന സൗഹൃദവും ഊഷ്‌മളതയും എന്നെ ഒരുപാട്‌ ആകർഷിച്ചു.

രാജ്യഹാളിൽ എനിക്കുണ്ടായ അനുഭവം കൂട്ടുകാരോടു പറയാനുള്ള ആഗ്രഹം അടക്കാനായില്ല. ഉടൻതന്നെ ഹോസെയെയും കൂട്ടരെയും വിളിച്ചുകൂട്ടി. പിന്നൊരു ദിവസം ഞങ്ങളെല്ലാവരുംകൂടിയാണു യോഗത്തിനുപോയത്‌. അവിടെ, ഞങ്ങളുടെ തൊട്ടുമുന്നിലിരുന്ന പെൺകുട്ടി ഒന്നു തിരിഞ്ഞുനോക്കി, പിന്നെ നോക്കിയതേയില്ല. ഒരുകൂട്ടം ഹിപ്പികൾ! അവൾ പേടിച്ചുപോയിരിക്കണം. എന്നാൽ പിറ്റേ ആഴ്‌ച ഞങ്ങളെ കണ്ട അവൾ അമ്പരന്നുകാണും, കോട്ടും ടയ്യുമൊക്കെ ധരിച്ചായിരുന്നു അന്നു ഞങ്ങൾ ചെന്നത്‌.

താമസിയാതെ മീഗലും ഞാനും യഹോവയുടെ സാക്ഷികളുടെ ഒരു സർക്കിട്ട്‌ സമ്മേളനത്തിനും പോയി. എല്ലാ പ്രായത്തിലുമുള്ളവർ ഏകോദരസഹോദരങ്ങളെപ്പോലെ! ഞങ്ങളുടെ ജീവിതത്തിലെ ആദ്യ അനുഭവം. സമ്മേളനം നടന്നതോ, ഏതാനും ദിവസംമുമ്പ്‌ ഒരു റോക്ക്‌ സംഗീതപരിപാടിക്കു ഞങ്ങൾ പോയ അതേ തീയേറ്ററിലും! എന്നാൽ ഇപ്പോൾ അവിടത്തെ അന്തരീക്ഷം ആകെ മാറിയിരിക്കുന്നു. മനസ്സിന്‌ ഉണർവേകുന്ന സംഗീതവും ചുറ്റുപാടും.

ഞങ്ങളെല്ലാവരും ബൈബിൾ പഠിക്കാൻ തുടങ്ങി. ഏകദേശം എട്ടുമാസം കഴിഞ്ഞ്‌ 1974 ജൂലൈ 26-ന്‌ മീഗലും ഞാനും സ്‌നാനമേറ്റു. ഞങ്ങൾക്കു രണ്ടുപേർക്കും അന്നു വയസ്സ്‌ 20. ഏതാനും മാസങ്ങൾക്കുശേഷം കൂട്ടത്തിലെ മറ്റു നാലുപേർകൂടി സ്‌നാനമേറ്റു. എല്ലാം സഹിച്ചു കഴിഞ്ഞിരുന്ന അമ്മയെ വീട്ടുജോലികളിൽ സഹായിക്കാനും പുതിയ വിശ്വാസം അമ്മയുമായി പങ്കുവെക്കാനും എനിക്കു ലഭിച്ച ബൈബിൾ പരിശീലനം എന്നെ പ്രചോദിപ്പിച്ചു. അതു ഞങ്ങളെ കൂടുതൽ അടുപ്പിച്ചു. എന്റെ ഇളയ സഹോദരങ്ങളെ സഹായിക്കുന്നതിനും ഞാൻ ഏറെ സമയം നീക്കിവെച്ചു.

കാലക്രമത്തിൽ അമ്മയും ഒരാളൊഴികെ മറ്റെല്ലാ സഹോദരങ്ങളും ബൈബിൾസത്യം പഠിച്ച്‌ യഹോവയുടെ സാക്ഷികളായി സ്‌നാനമേറ്റു. 1977-ൽ ഞാൻ വിവാഹിതനായി. വധു ആരെന്നോ? ഞങ്ങൾ ആദ്യം രാജ്യഹാളിൽ ചെന്നപ്പോൾ അത്ഭുതംകൂറുന്ന കണ്ണുകളോടെ നോക്കിയ ആ പെൺകുട്ടി, സോളിഡാഡ്‌! ഏതാനും മാസങ്ങൾക്കകം ഞങ്ങൾ പയനിയർമാരായി. മുഴുസമയ സുവിശേഷ ഘോഷകരെ യഹോവയുടെ സാക്ഷികൾ അങ്ങനെയാണു വിളിക്കുന്നത്‌.

മാരിവിയുടെ മാനസാന്തരം

മാരിവി കുട്ടിക്കാലത്ത്‌ ലൈംഗിക ദുഷ്‌പെരുമാറ്റത്തിന്‌ ഇരയായിത്തീർന്നിരുന്നു. ആ ദുരനുഭവം അവളെ വല്ലാതെ അലട്ടി. യുവപ്രായത്തിലേ മയക്കുമരുന്നും മോഷണവും വേശ്യാവൃത്തിയും പതിവാക്കിയ അവൾ 23-ാം വയസ്സിൽ ഇരുമ്പഴികൾക്കുള്ളിലായി. അവിടെയും അവൾ വഴിപിഴച്ച ഗതിതന്നെ തുടർന്നു.

ഒരു സർക്കിട്ട്‌ മേൽവിചാരകനായി സേവിക്കുകയായിരുന്നു അക്കാലത്തു ഞാൻ. (യഹോവയുടെ സാക്ഷികളുടെ സഞ്ചാര ശുശ്രൂഷകൻ അങ്ങനെയാണ്‌ അറിയപ്പെടുന്നത്‌.) മാരിവി തടവിലായിരുന്ന പ്രദേശമായിരുന്നു എന്റെയും സോളിഡാഡിന്റെയും അടുത്ത നിയമനം, 1989-ൽ. കൂടെയുണ്ടായിരുന്ന തന്റെ കുഞ്ഞിനെ അധികാരികൾ മാറ്റിയതിനാൽ ആകെ തകർന്ന അവസ്ഥയിലായിരുന്നു മാരിവി, ജീവിക്കണമെന്നു പോലുമില്ലായിരുന്നു. ഒരിക്കൽ ഞാൻ അവളെ സന്ദർശിച്ച്‌ നമുക്കൊരുമിച്ചു ബൈബിൾ പഠിക്കാമെന്നു പറഞ്ഞു, അവൾ സമ്മതംമൂളി. ഒരു മാസംകൊണ്ട്‌ മയക്കുമരുന്നും പുകയിലയും പാടേ ഉപേക്ഷിച്ചു. ജീവിതത്തിൽ ഈ മാറ്റങ്ങൾ വരുത്താൻ യഹോവ അവൾക്കു നൽകിയ ശക്തിയെപ്രതി എനിക്ക്‌ എത്ര സന്തോഷം തോന്നിയെന്നോ!—എബ്രായർ 4:12.

പഠിക്കുന്ന ബൈബിൾസത്യങ്ങൾ മാരിവി തന്റെ സഹതടവുകാരോടും ജയിലധികാരികളോടും പങ്കുവെച്ചു തുടങ്ങി. പല ജയിലുകളിലേക്കും മാറ്റിയിട്ടും സുവിശേഷവേല അവൾ തുടർന്നു. ഒരിടത്ത്‌ അവൾക്കു തടവറകൾതോറും സാക്ഷീകരിക്കാനായി. തുടർന്നുള്ള വർഷങ്ങളിൽ പല ജയിലുകളിലുമുള്ള തടവുകാരുമായി മാരിവി ബൈബിളധ്യയനങ്ങൾ ആരംഭിച്ചു.

തന്നെത്തന്നെ ദൈവത്തിനു സമർപ്പിച്ചു സ്‌നാനമേൽക്കുന്നതിനുള്ള ആഗ്രഹം ഒരിക്കൽ അവൾ എന്നെ അറിയിച്ചു. പക്ഷേ ജയിൽവിട്ടു പുറത്തുവരുന്നതിനുള്ള അനുവാദം ഉണ്ടായിരുന്നില്ല, അകത്തുചെന്ന്‌ അവളെ സ്‌നാനപ്പെടുത്തുന്നതിനും ആരെയും അനുവദിച്ചില്ല. നാലു വർഷം കൂടി അവൾക്ക്‌ ആ ദുഷിച്ച ചുറ്റുപാടിൽ കഴിഞ്ഞുകൂടേണ്ടിവന്നു. വിശ്വാസം കൈവിടാതിരിക്കാൻ അവളെ സഹായിച്ചതെന്താണ്‌? അടുത്തുള്ള സഭയിൽ യോഗംനടക്കുമ്പോൾ അഴികൾക്കുള്ളിലിരുന്ന്‌ ആ പരിപാടികൾ അവൾ പരിചിന്തിക്കും. ക്രമമായി ബൈബിൾ പഠിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്ന ശീലവും അവൾക്കുണ്ടായിരുന്നു.

പിന്നീട്‌ മാരിവിയെ കനത്ത സുരക്ഷാസന്നാഹങ്ങളുള്ള ഒരു ജയിലിലേക്കു മാറ്റി. അവിടെ ഒരു നീന്തൽക്കുളം ഉണ്ടായിരുന്നു. സ്‌നാനമേൽക്കാൻപറ്റിയ അവസരമാണിതെന്ന്‌ അവൾക്കു തോന്നി. അതു സത്യമായി, ഒടുവിൽ അതിനുള്ള അനുവാദം ലഭിച്ചു. അങ്ങനെയാണ്‌ അവളുടെ സ്‌നാന പ്രസംഗം നിർവഹിക്കാൻ ഞാൻ അന്ന്‌ അവിടെയെത്തിയത്‌. അവളുടെ ജീവിതത്തിലെ അവിസ്‌മരണീയമായ ആ നിമിഷത്തിൽ ഞാൻ ഒപ്പം ഉണ്ടായിരുന്നു.

തന്റെ മുൻകാല ജീവിതം മാരിവിക്ക്‌ എയ്‌ഡ്‌സ്‌ സമ്മാനിച്ചു. അവളുടെ നല്ലനടപ്പു നിമിത്തം 1994 മാർച്ചിൽ അവൾ ജയിൽ മോചിതയായി. രണ്ടുവർഷത്തിനുശേഷം മരണമടയുന്നതുവരെ അമ്മയോടൊപ്പം വീട്ടിൽ താമസിച്ച്‌ ഒരു സജീവ ക്രിസ്‌ത്യാനിയായി അവൾ ജീവിതം നയിച്ചു.

നിഷേധാത്മക ചിന്തകളിൽനിന്നു മോചനം

മുൻകാല ജീവിതരീതിയുടെ പരിണതഫലങ്ങളിൽനിന്നു ഞാനും മോചിതനായിരുന്നില്ല. അച്ഛന്റെ ഉപദ്രവവും എന്റെ കൗമാര ജീവിതശൈലിയും എന്നിൽ മായാത്ത വടുക്കൾ അവശേഷിപ്പിച്ചു. കുറ്റബോധവും വിലകെട്ടവനെന്ന തോന്നലും പിൽക്കാല ജീവിതത്തിൽ പലപ്പോഴും എന്നെ വേട്ടയാടി. ചിലപ്പോൾ ഒന്നും ചെയ്യാൻ തോന്നില്ലായിരുന്നു. എന്നെ അലട്ടിയ ഇത്തരം ചിന്തകളുമായി പോരാടാൻ ദൈവവചനം ഒരുപാടു സഹായിച്ചിരിക്കുന്നു. യെശയ്യാവു 1:18, സങ്കീർത്തനം 103:8-13 എന്നിങ്ങനെയുള്ള തിരുവെഴുത്തുകൾ കൂടെക്കൂടെ ധ്യാനിക്കുന്നത്‌ ഇടയ്‌ക്കിടെ ഉണ്ടാകുന്ന കുറ്റബോധത്തെ മറികടക്കാൻ ഇക്കാലമത്രയും എന്നെ സഹായിച്ചിരിക്കുന്നു.

വിലകെട്ടവനെന്ന തോന്നലിനെ നേരിടാൻ ഞാൻ ഉപയോഗിക്കുന്ന മറ്റൊരു മാർഗമാണു പ്രാർഥന. നിറകണ്ണുകളോടെ ഞാൻ യഹോവയോടു പലപ്പോഴും പ്രാർഥിച്ചിട്ടുണ്ട്‌. അപ്പോഴെല്ലാം 1 യോഹന്നാൻ 3:19, 20-ലെ പിൻവരുന്ന വാക്കുകൾ എന്നെ ശക്തീകരിച്ചു: “നാം സത്യത്തിന്റെ പക്ഷത്തു നില്‌ക്കുന്നവർ എന്നു ഇതിനാൽ അറിയും; ഹൃദയം നമ്മെ കുറ്റം വിധിക്കുന്നു എങ്കിൽ ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും എന്നു നമ്മുടെ ഹൃദയത്തെ അവന്റെ സന്നിധിയിൽ ഉറപ്പിക്കാം.”

“തകർന്നും നുറുങ്ങിയുമിരിക്കുന്ന” ഹൃദയത്തോടെ ദൈവത്തെ സമീപിക്കുന്നതിനാൽ കരുതിയിരുന്നത്ര മോശമല്ല ഞാനെന്ന്‌ ഇപ്പോൾ എനിക്കറിയാം. മുൻകാല ചെയ്‌തികളെക്കുറിച്ച്‌ ആത്മാർഥമായി അനുതപിച്ച്‌ ദൈവേഷ്ടം ചെയ്യുന്നവരെ യഹോവ ഒരിക്കലും നിരസിക്കുകയില്ലെന്നു ബൈബിൾ ഉറപ്പുനൽകുന്നു.—സങ്കീർത്തനം 51:17.

നിഷേധാത്മക ചിന്തകൾ തലപൊക്കുമ്പോൾ ഫിലിപ്പിയർ 4:8-ൽ കാണുന്നതുപോലുള്ള ആത്മീയ കാര്യങ്ങൾക്കൊണ്ട്‌ ഞാൻ എന്റെ മനസ്സുനിറയ്‌ക്കും. 23-ാം സങ്കീർത്തനവും ഗിരിപ്രഭാഷണവും എനിക്കു മനഃപാഠമാണ്‌. ദുഷ്‌ചിന്തകൾ കടന്നുവരുമ്പോൾ ഈ തിരുവെഴുത്തുഭാഗങ്ങൾ ഞാൻ ഉരുവിടും. വിശേഷിച്ചും ഉറക്കമില്ലാത്ത രാത്രികളിൽ ഇതു ഫലപ്രദമെന്നു തെളിഞ്ഞിരിക്കുന്നു.

സഹായത്തിന്റെ മറ്റൊരു ഉറവാണ്‌ ഭാര്യയുടെയും പക്വതയുള്ള ക്രിസ്‌ത്യാനികളുടെയും അഭിനന്ദന വാക്കുകൾ. ആദ്യമൊക്കെ അവരുടെ വാക്കുകൾ വിശ്വസിക്കാൻ പ്രയാസമായിരുന്നെങ്കിലും സ്‌നേഹം “എല്ലാം വിശ്വസിക്കുന്നു” എന്ന്‌ ഞാൻ ബൈബിളിൽനിന്നു മനസ്സിലാക്കി. (1 കൊരിന്ത്യർ 13:7) എന്റെ ബലഹീനതകളും പരിമിതികളും അംഗീകരിക്കാനും ഇക്കാലംകൊണ്ടു ഞാൻ പഠിച്ചിരിക്കുന്നു.

നിഷേധാത്മക ചിന്തകൾക്കെതിരെയുള്ള എന്റെ പോരാട്ടത്തിന്‌ ഒരു നല്ലവശംകൂടിയുണ്ട്‌. സഹാനുഭൂതിയുള്ള ഒരു സഞ്ചാര മേൽവിചാരകനായിരിക്കാൻ അതെന്നെ സഹായിച്ചിരിക്കുന്നു. കഴിഞ്ഞ 30-ഓളം വർഷമായി ഞാനും ഭാര്യയും സുവാർത്തയുടെ മുഴുസമയ ശുശ്രൂഷകരാണ്‌. മറ്റുള്ളവരെ സേവിക്കുന്നതിന്റെ സന്തോഷം നിഷേധാത്മക ചിന്തകളും വഴിപിഴച്ച ജീവിതത്തെക്കുറിച്ചുള്ള ഓർമകളും അകറ്റാൻ എന്നെ സഹായിക്കുന്നു.

യഹോവ ചൊരിഞ്ഞ അനുഗ്രഹങ്ങളെക്കുറിച്ചു വിചിന്തനം ചെയ്യുമ്പോൾ സങ്കീർത്തനക്കാരനെപ്പോലെ പറയാൻ ഞാൻ പ്രേരിതനാകുന്നു: “എൻ മനമേ, യഹോവയെ വാഴ്‌ത്തുക; . . . അവൻ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു; അവൻ നിന്റെ ജീവനെ നാശത്തിൽനിന്നു വീണ്ടെടുക്കുന്നു; അവൻ ദയയും കരുണയും നിന്നെ അണിയിക്കുന്നു.”—സങ്കീർത്തനം 103:1-4.

[അടിക്കുറിപ്പ്‌]

^ ഖ. 14 യഹോവയുടെ സാക്ഷികൾ പുറത്തിറക്കിയ ഈ പുസ്‌തകം ഇപ്പോൾ അച്ചടിക്കുന്നില്ല.

[30-ാം പേജിലെ ആകർഷക വാക്യം]

കുറ്റബോധവും വിലകെട്ടവനെന്ന തോന്നലും പലപ്പോഴും എന്നെ വേട്ടയാടിയിരുന്നു. എന്നെ അലട്ടിയ ഇത്തരം ചിന്തകളുമായി പോരാടാൻ ദൈവവചനം ഒരുപാടു സഹായിച്ചിരിക്കുന്നു

[27-ാം പേജിലെ ചിത്രങ്ങൾ]

അനുജൻ ഹോസെയും കൂട്ടുകാരൻ മീഗലും എപ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്നു—വഴിപിഴച്ചകാലത്തും നല്ലകാലത്തും

[28, 29  പേജിലെ ചിത്രം]

മോർസിയോ കുടുംബം, 1973-ൽ

[29-ാം പേജിലെ ചിത്രം]

മാരിവി, തടവിലായിരുന്ന കാലത്ത്‌

[30-ാം പേജിലെ ചിത്രം]

ഞാനും ഭാര്യ സോളിഡാഡും