ചരിത്രസ്മൃതികൾ
ഉദയസൂര്യന്റെ നാട്ടിൽ ഒരു പുതിയ സൂര്യോദയം
ജപ്പാൻകാരനായ ഒരു പിൽഗ്രിം (സഞ്ചാരമേൽവിചാരകൻ) 1926 സെപ്റ്റംബർ 6-ന് ഐക്യനാടുകളിൽനിന്ന് ഒരു മിഷനറിയായി ജപ്പാനിൽ തിരികെയെത്തി. വീക്ഷാഗോപുരം മാസികയുടെ ആ രാജ്യത്തെ ഏക വരിക്കാരൻ അദ്ദേഹത്തെ വരവേൽക്കാനായി കാത്തുനിൽപ്പുണ്ടായിരുന്നു. കോബെയിൽ ഒരു ബൈബിൾപഠന ഗ്രൂപ്പ് അദ്ദേഹം തുടങ്ങിവെച്ചിരുന്നു. 1927 ജനുവരി 2-ന് അന്നാട്ടിലെ തങ്ങളുടെ ആദ്യസമ്മേളനം ബൈബിൾവിദ്യാർഥികൾ ആ പട്ടണത്തിൽവെച്ച് നടത്തി. 36 പേരാണ് ഹാജരുണ്ടായിരുന്നത്, സ്നാനപ്പെട്ടത് 8 പേരും. അതൊരു നല്ല തുടക്കമായിരുന്നു. എന്നാൽ ബൈബിൾസത്യത്തിന്റെ പ്രകാശകിരണങ്ങൾ അതുവരെ അന്യമായിരുന്ന 6 കോടിയോളം വരുന്ന ജപ്പാൻ ജനതയ്ക്ക് അത് എത്തിച്ചുകൊടുക്കാൻ ഇത്തിരിപ്പോന്ന ഈ ചെറിയ കൂട്ടത്തിന് എങ്ങനെ കഴിയുമായിരുന്നു?
1927 മെയ്യിൽ ബൈബിൾപ്രഭാഷണങ്ങളുടെ ഒരു പരമ്പര പരസ്യപ്പെടുത്താൻ ഉത്സാഹികളായ ബൈബിൾവിദ്യാർഥികൾ ഒരു പരസ്യ സാക്ഷീകരണവേലയ്ക്ക് തുടക്കംകുറിച്ചു. ഒസാക്കയിൽ നടത്താനിരുന്ന ആദ്യപ്രസംഗത്തിനായി സഹോദരങ്ങൾ വഴിയോര പരസ്യങ്ങളും വലിയ പരസ്യബോർഡുകളും പട്ടണത്തിലുടനീളം സ്ഥാപിക്കുകയും 3,000 പ്രമുഖവ്യക്തികൾക്ക് ക്ഷണക്കത്ത് അയയ്ക്കുകയും ചെയ്തു. അവർ 1,50,000 ക്ഷണക്കത്ത് വിതരണം ചെയ്യുകയും ഒസാക്കയിലെ പ്രമുഖ വർത്തമാനപ്പത്രങ്ങളിലും 4,00,000 തീവണ്ടിട്ടിക്കറ്റിലും പ്രസംഗത്തിന്റെ പരസ്യം കൊടുക്കുകയും ചെയ്തു. പ്രസംഗത്തിന്റെ ദിവസം രണ്ടു വിമാനങ്ങൾ പട്ടണത്തിനു മുകളിലൂടെ പറന്ന് 1,00,000 ക്ഷണക്കത്ത് വിതറി. അങ്ങനെ ഒസാക്കയിലെ ആസാഹി ഹാളിൽ ഏകദേശം 2,300 പേർ “ദൈവരാജ്യം സമീപിച്ചിരിക്കുന്നു” എന്ന പ്രസംഗം കേട്ടു. ഹാളിൽ സ്ഥലമില്ലാതെ ആയിരത്തോളം പേർക്ക് തിരിച്ചുപോകേണ്ടിവന്നു. ഹാജരായിരുന്നവരിൽ 600 പേർ പ്രസംഗത്തിനു ശേഷം നടന്ന ചോദ്യോത്തര സെഷനിൽ പങ്കെടുത്തു. തുടർന്നുള്ള മാസങ്ങളിൽ ക്യോട്ടോയിലും പടിഞ്ഞാറൻ ജപ്പാനിലെ മറ്റു നഗരങ്ങളിലും പൊതുജനങ്ങൾക്കായുള്ള ബൈബിൾപ്രസംഗങ്ങൾ നടത്തപ്പെട്ടു.
1927 ഒക്ടോബറിൽ ബൈബിൾവിദ്യാർഥികൾ ടോക്കിയോയിലും പ്രസംഗങ്ങൾ ക്രമീകരിച്ചു. പ്രധാനമന്ത്രി, പാർലമെന്റംഗങ്ങൾ, പട്ടാളമേധാവികൾ, മതനേതാക്കന്മാർ എന്നിങ്ങനെ പ്രമുഖവ്യക്തികൾക്ക് വീണ്ടും ക്ഷണക്കത്ത് വിതരണം ചെയ്തു. പോസ്റ്ററുകൾ, പത്രപ്പരസ്യങ്ങൾ എന്നിവ കൂടാതെ 7,10,000 ക്ഷണക്കത്തും ആകെ വിതരണം ചെയ്തു. ജപ്പാന്റെ തലസ്ഥാനത്ത് നടത്തിയ മൂന്നു പ്രഭാഷണങ്ങൾക്ക് മൊത്തം 4,800 പേർ ഹാജരായി.
തീക്ഷ്ണതയുള്ള കോൽപോർട്ടർമാർ
വീടുതോറും രാജ്യസന്ദേശം എത്തിക്കുന്നതിൽ കോൽപോർട്ടർമാർ (പയനിയർമാർ) പ്രധാനപങ്ക് വഹിച്ചു. ജപ്പാനിലെ ആദ്യകാല കോൽപോർട്ടർമാരിൽ ഒരാളായ മാറ്റ്സൂയി ഇഷിയും ഭർത്താവ് ജിസോയും രാജ്യത്തിന്റെ മുക്കാൽഭാഗവും പ്രവർത്തിച്ചുതീർത്തു. വടക്കേയറ്റത്തുള്ള സപ്പോറോ മുതൽ സെൻഡായ്, ടോക്കിയോ, യോക്കഹാമ, നഗോയ, ഒസാക്ക, ക്യോട്ടോ, ഒക്കായാമ, ടോക്കുഷീമ എന്നിവിടങ്ങളിലൊക്കെ അവർ സുവാർത്ത എത്തിച്ചു. ഇഷി സഹോദരിയും പ്രായംചെന്ന സാക്കിക്കോ ടനേക്ക സഹോദരിയും ഔപചാരികവസ്ത്രമായ കിമോണോ ധരിച്ച് ഉന്നതരായ ഗവണ്മെന്റ് അധികാരികളെ സന്ദർശിച്ചു. അവരിൽ ഒരാൾ ജയിൽ ഗ്രന്ഥശാലകളിൽ വെക്കാനായി ദൈവത്തിന്റെ കിന്നരം, വിടുതൽ എന്നീ പുസ്തകങ്ങളുടെ 300 വീതം പ്രതികൾ ആവശ്യപ്പെടുകയുണ്ടായി.
കാറ്റ്സുഓ മിയൂറയും ഹഗീനോ മിയൂറയും ഇഷി സഹോദരിയിൽനിന്ന് പുസ്തകങ്ങൾ സ്വീകരിക്കുകയും പെട്ടെന്നുതന്നെ സത്യം തിരിച്ചറിയുകയും ചെയ്തു. 1931-ൽ സ്നാനമേറ്റ അവർ കോൽപോർട്ടർമാരായി. ഹാര്യൂചി യമാഡയും ടാനേ യമാഡയും അവരുടെ ബന്ധുക്കളിൽ അനേകരും 1930-നോടടുത്ത് രാജ്യസന്ദേശം സ്വീകരിച്ചു. അവർ ഇരുവരും കോൽപോർട്ടർമാരായി. അവരുടെ മകൾ യൂക്കിക്കോ ടോക്കിയോയിലെ ബെഥേലിലേക്കു പോയി.
‘യേഹൂവണ്ടികൾ’—വലുതും ചെറുതും
അക്കാലത്ത് മോട്ടോർവാഹനങ്ങൾക്ക് വില കൂടുതലായിരുന്നു, റോഡുകളാകട്ടെ വളരെ മോശവും. അതുകൊണ്ട് കാസൂമി മിനൗറായും മറ്റു യുവകോൽപോർട്ടർമാരും എഞ്ചിനില്ലാത്ത ഹൗസ്കാറുകൾ ഉപയോഗിച്ചു. ഇസ്രായേല്യരാജാവായിത്തീർന്ന യേഹൂ എന്നു പേരുള്ള സമർഥനായ ഒരു തേരാളിയെ അനുസ്മരിച്ചുകൊണ്ട് അവർ തങ്ങളുടെ വണ്ടികൾക്ക് യേഹൂവണ്ടികളെന്ന് പേരിട്ടു. (2 രാജാ. 10:15, 16) 2.2 മീറ്റർ നീളവും 1.9 മീറ്റർ വീതിയും 1.9 മീറ്റർ ഉയരവും ഉള്ള മൂന്ന് വലിയ യേഹൂവണ്ടികൾ ഉണ്ടായിരുന്നു. അതിൽ ഓരോന്നിലും ആറ് പയനിയർമാർക്ക് യാത്രചെയ്യാൻ കഴിയുമായിരുന്നു. അതുകൂടാതെ, സൈക്കിളുമായി ഘടിപ്പിച്ച, രണ്ടുപേർക്ക് ഇരിക്കാവുന്ന 11 ചെറിയ യേഹൂവണ്ടികളും ജപ്പാൻ ബ്രാഞ്ച് നിർമിച്ചു. ഈ വണ്ടികൾ ഉണ്ടാക്കാൻ സഹായിച്ച കിയൈചി ഇവാസാക്കി ഓർക്കുന്നു: “ഓരോ യേഹൂവണ്ടിയിലും ഒരു കൂടാരവും വൈദ്യുതവിളക്കുകൾ കത്തിക്കാൻ ബാറ്ററിയും കരുതിയിരുന്നു.” വടക്ക് ഹൊക്കെയ്ഡോ മുതൽ തെക്ക് ക്യൂഷു വരെ യേഹൂവണ്ടികൾ തള്ളിയും വലിച്ചും കൊണ്ട് മലകളും താഴ്വാരങ്ങളും താണ്ടിയ കോൽപോർട്ടർമാർ ജപ്പാനിൽ ഉടനീളം സത്യത്തിന്റെ വെളിച്ചം പ്രകാശിപ്പിച്ചു.
കോൽപോർട്ടറായ ഇക്കുമാറ്റ്സു ഒറ്റാ പറഞ്ഞു: “ഞങ്ങൾ ഒരു പട്ടണത്തിൽ എത്തുമ്പോൾ ഒരു നദീതീരത്തോ അല്ലെങ്കിൽ തുറസ്സായ പ്രദേശത്തോ യേഹൂവണ്ടി നിറുത്തിയിടും. ആദ്യം ഞങ്ങൾ മേയറെയോ അല്ലെങ്കിൽ അവിടെയുള്ള പ്രധാനവ്യക്തികളെയോ സന്ദർശിക്കും. പിന്നെ വീടുകൾ സന്ദർശിച്ച് പ്രസിദ്ധീകരണങ്ങൾ പരിചയപ്പെടുത്തും. ഒരു പ്രദേശം പ്രവർത്തിച്ചുകഴിഞ്ഞാൽ ഞങ്ങൾ അടുത്ത പട്ടണത്തിലേക്ക് പോകുകയായി.”
36 ബൈബിൾവിദ്യാർഥികളുടെ ആ ചെറിയ കൂട്ടം തങ്ങളുടെ ആദ്യസമ്മേളനം കോബെയിൽവെച്ച് നടത്തിയപ്പോൾ അത് “അല്പകാര്യങ്ങളുടെ ദിവസ”മായിരുന്നു. (സെഖ. 4:10) കേവലം അഞ്ചു വർഷങ്ങൾക്കു ശേഷം 1932-ൽ, കോൽപോർട്ടർമാരും പ്രസാധകരും ആയി 103 പേർ ജപ്പാനിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു. അവർ 14,000-ത്തിലധികം പുസ്തകങ്ങൾ സമർപ്പിച്ചു. ഇന്ന് ജപ്പാനിലെ വൻനഗരങ്ങളിൽ സുസംഘടിതമായ പരസ്യസാക്ഷീകരണം നടന്നുകൊണ്ടിരിക്കുന്നു. 2,20,000-ത്തോളം പ്രസാധകർ ‘ഉദയസൂര്യന്റെ നാട്ടിൽ’ ഉടനീളം തങ്ങളുടെ വെളിച്ചം പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്നു.—ജപ്പാനിലെ ഞങ്ങളുടെ ശേഖരത്തിൽനിന്ന്.