താഴ്മ—യേശു വെച്ച മാതൃക
താഴ്മ—യേശു വെച്ച മാതൃക
“ഞാൻ നിങ്ങൾക്കു ചെയ്തതുപോലെതന്നെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്കു മാതൃകവെച്ചിരിക്കുന്നു.”—യോഹ. 13:15.
എന്താണ് നിങ്ങളുടെ ഉത്തരം?
ഭൂമിയിൽ വരുന്നതിനു മുമ്പ് ദൈവപുത്രൻ താഴ്മ കാണിച്ചത് എങ്ങനെ?
മനുഷ്യനായിരിക്കെ യേശു താഴ്മ കാണിച്ചത് എങ്ങനെ?
യേശുവിന്റെ താഴ്മയോടെയുള്ള ജീവിതം എന്തെല്ലാം പ്രയോജനങ്ങൾ കൈവരുത്തി?
1, 2. ഭൂമിയിലെ അവസാനരാത്രിയിൽ യേശു തന്റെ ശിഷ്യന്മാരെ എന്തു പഠിപ്പിച്ചു?
യേശുവിന്റെ ഭൗമികജീവിതത്തിന്റെ അവസാനരാത്രി! യെരുശലേമിലെ ഒരു വീടിന്റെ മാളികമുറിയിൽ തന്റെ അപ്പൊസ്തലന്മാരുമൊത്ത് അവൻ കൂടിവന്നിരിക്കുകയാണ്. അത്താഴത്തിനിടെ യേശു എഴുന്നേറ്റ് തന്റെ മേലങ്കി അഴിച്ചുവെച്ച് ഒരു തോർത്ത് എടുത്ത് അരയിൽ ചുറ്റുന്നു. എന്നിട്ട്, ഒരു പാത്രത്തിൽ വെള്ളമെടുത്ത് ശിഷ്യന്മാരുടെ കാലു കഴുകി തോർത്തുകൊണ്ട് തുടച്ചശേഷം വീണ്ടും മേലങ്കി ധരിക്കുന്നു. കാൽ കഴുകിത്തുടയ്ക്കുന്ന ഈ എളിയ ജോലി യേശു ചെയ്തത് എന്തുകൊണ്ടാണ്?—യോഹ. 13:3-5.
2 യേശുതന്നെ അതിന്റെ കാരണം വിശദീകരിക്കുന്നു: “ഞാൻ എന്താണു ചെയ്തതെന്നു നിങ്ങൾ അറിയുന്നുവോ? . . . കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും തമ്മിൽത്തമ്മിൽ പാദങ്ങൾ കഴുകേണ്ടതാകുന്നു. ഞാൻ നിങ്ങൾക്കു ചെയ്തതുപോലെതന്നെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്കു മാതൃകവെച്ചിരിക്കുന്നു.” (യോഹ. 13:12-15) അത്തരമൊരു എളിയ ജോലി ചെയ്യാൻ മനസ്സു കാണിച്ചതിലൂടെ താഴ്മയുടെ വിലയേറിയ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു യേശു; ശിഷ്യന്മാരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ ആ സംഭവം വരുംകാലങ്ങളിൽ താഴ്മയുള്ളവരായിരിക്കാൻ അവർക്കു പ്രേരണയേകുമായിരുന്നു.
3. (എ) രണ്ടു സന്ദർഭങ്ങളിൽ യേശു താഴ്മയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞത് എങ്ങനെ? (ബി) ഈ ലേഖനത്തിൽ എന്തു ചർച്ചചെയ്യും?
3 അപ്പൊസ്തലന്മാരുടെ കാലുകൾ കഴുകിയ ഈ സന്ദർഭത്തിനു മുമ്പും യേശു താഴ്മയുടെ പ്രാധാന്യം എടുത്തുപറഞ്ഞിട്ടുണ്ട്. മുമ്പൊരിക്കൽ, ചില അപ്പൊസ്തലന്മാർ മത്സരചിന്തയോടെ പെരുമാറിയപ്പോൾ യേശു ഒരു കൊച്ചുകുട്ടിയെ അടുക്കൽ വിളിച്ച് അവരോട് ഇങ്ങനെ പറഞ്ഞു: “ഈ ശിശുവിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെയും കൈക്കൊള്ളുന്നു. എന്നെ കൈക്കൊള്ളുന്നവനോ എന്നെ അയച്ചവനെയും കൈക്കൊള്ളുന്നു. നിങ്ങളിൽ തന്നെത്തന്നെ ചെറിയവനായി കരുതുന്നവനത്രേ വലിയവൻ.” (ലൂക്കോ. 9:46-48) പരീശന്മാർ സ്ഥാനമോഹികളാണെന്ന് അറിയാമായിരുന്ന യേശു പിന്നീടൊരിക്കൽ തന്റെ ശുശ്രൂഷയ്ക്കിടെ ഇങ്ങനെ പറഞ്ഞു: “തന്നെത്തന്നെ ഉയർത്തുന്ന ഏവനും താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവനോ ഉയർത്തപ്പെടും.” (ലൂക്കോ. 14:11) തന്റെ അനുഗാമികൾ താഴ്മയുള്ളവരായിരിക്കാൻ, അതായത് ഗർവോ അഹംഭാവമോ ഇല്ലാതെ മനോവിനയമുള്ളവരായിരിക്കാൻ യേശു ആഗ്രഹിച്ചുവെന്ന് വ്യക്തം. യേശുവിനെ അനുകരിക്കുക എന്ന ലക്ഷ്യത്തിൽ അവൻ താഴ്മ കാണിച്ച വിധം നമുക്കൊന്ന് അവലോകനം ചെയ്യാം. ഈ ഗുണം, അതു പ്രകടിപ്പിക്കുന്നവർക്കും മറ്റുള്ളവർക്കും പ്രയോജനം ചെയ്യുന്നത് എങ്ങനെയെന്നും നാം പഠിക്കും.
‘ഞാൻ പിന്തിരിഞ്ഞില്ല’
4. ഭൂജാതനാകുന്നതിനു മുമ്പ് ദൈവത്തിന്റെ ഏകജാതപുത്രൻ താഴ്മ പ്രകടമാക്കിയത് എങ്ങനെ?
4 ഭൂമിയിൽ വരുന്നതിനു മുമ്പും ദൈവത്തിന്റെ ഏകജാതപുത്രൻ താഴ്മയുള്ളവനായിരുന്നു. മനുഷ്യനായി ജനിക്കുന്നതിനു മുമ്പ് യുഗങ്ങളോളം യേശു തന്റെ സ്വർഗീയ പിതാവിനോടൊപ്പമുണ്ടായിരുന്നു. ആ പിതാവും പുത്രനും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തെ യെശയ്യാവ് വർണിക്കുന്നത് ഇങ്ങനെയാണ്: “തളർന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിന്നു യഹോവയായ കർത്താവു എനിക്കു ശിഷ്യന്മാരുടെ നാവു തന്നിരിക്കുന്നു; അവൻ രാവിലെതോറും ഉണർത്തുന്നു; ശിഷ്യന്മാരെപ്പോലെ കേൾക്കേണ്ടതിന്നു അവൻ എന്റെ ചെവി ഉണർത്തുന്നു. യഹോവയായ കർത്താവു എന്റെ ചെവി തുറന്നു; ഞാനോ മറുത്തുനിന്നില്ല; പിൻതിരിഞ്ഞതുമില്ല.” (യെശ. 50:4, 5) ആ പുത്രൻ വിധേയഭാവത്തോടെ യഹോവ പഠിപ്പിച്ചതെല്ലാം ശ്രദ്ധവെച്ചു കേട്ടു. സത്യദൈവത്തിൽനിന്നു പഠിക്കാൻ അത്യുത്സാഹവും മനസ്സൊരുക്കവും ഉള്ളവനായിരുന്നു അവൻ. പാപികളായ മനുഷ്യരോട് യഹോവ താഴ്മയോടെ ഇടപെടുന്നത് യേശു അടുത്തു നിരീക്ഷിച്ചിട്ടുണ്ടാകും!
5. പ്രധാനദൂതൻ എന്ന പദവിയിലായിരുന്ന യേശു, പിശാചിനോട് ഇടപെട്ടപ്പോൾ താഴ്മയും എളിമയും കാണിച്ചത് എങ്ങനെ?
5 സ്വർഗത്തിലുള്ള എല്ലാ സൃഷ്ടികൾക്കും ദൈവത്തിന്റെ ഈ ഏകജാതപുത്രന്റെ മനോഭാവമല്ല ഉണ്ടായിരുന്നത്. പിശാചായ സാത്താൻ ആയിത്തീർന്ന ദൂതൻ യഹോവയിൽനിന്നു പഠിക്കാൻ ആഗ്രഹിക്കുന്നതിനു പകരം പ്രാമുഖ്യതയ്ക്കുള്ള ആഗ്രഹവും അഹംഭാവവും തന്നിൽ വളർന്നുവരാൻ അനുവദിച്ചു. താഴ്മയ്ക്ക് കടകവിരുദ്ധമായ ഈ ദുർഗുണങ്ങൾ യഹോവയ്ക്കെതിരെ മത്സരിക്കാൻ അവനെ പ്രേരിപ്പിച്ചു. എന്നാൽ യേശു തനിക്കുണ്ടായിരുന്ന പദവിയിൽ അതൃപ്തനാകുകയോ തന്റെ അധികാരം ദുരുപയോഗപ്പെടുത്തുന്നതിനെക്കുറിച്ചു ചിന്തിക്കുകയോ ചെയ്തില്ല. പ്രധാനദൂതൻ എന്ന പദവി അലങ്കരിക്കുമ്പോഴും, “മോശയുടെ ശരീരം സംബന്ധിച്ച് പിശാചുമായി വിയോജിപ്പുണ്ടാ”യപ്പോൾ തന്റെ അധികാര പരിധിവിട്ട് യേശു പ്രവർത്തിച്ചില്ല. പകരം, ദൈവപുത്രൻ താഴ്മയും എളിമയും കാണിച്ചു. പ്രപഞ്ചത്തിന്റെ പരമോന്നത ന്യായാധിപനായ യഹോവയ്ക്ക് കാര്യങ്ങൾ വിട്ടുകൊടുക്കാൻ അവനു മനസ്സായിരുന്നു; തന്റേതായ വിധത്തിൽ തന്റേതായ സമയത്ത് ദൈവം അതു കൈകാര്യം ചെയ്യുമെന്ന് അവന് ഉറപ്പുണ്ടായിരുന്നു.—യൂദാ 9 വായിക്കുക.
6. മിശിഹാ എന്ന നിയോഗം സ്വീകരിക്കുന്ന കാര്യത്തിൽ യേശു താഴ്മ കാണിച്ചത് എങ്ങനെ?
6 സ്വർഗത്തിലായിരിക്കെ യേശു പഠിച്ച കാര്യങ്ങളിൽ, മിശിഹായെന്ന നിലയിൽ ഭൂമിയിലെ തന്റെ ജീവിതത്തെക്കുറിച്ചു പറയുന്ന പ്രവചനങ്ങളും ഉൾപ്പെട്ടിട്ടുണ്ട് എന്നതിനു സംശയമില്ല. അതുകൊണ്ട് തന്നെ കാത്തിരിക്കുന്ന അസുഖകരമായ അനുഭവങ്ങളെക്കുറിച്ച് അവൻ മുന്നമേ അറിഞ്ഞിട്ടുണ്ടാകണം. എന്നിട്ടും വാഗ്ദത്ത മിശിഹായായി ഭൂമിയിൽ ജീവിച്ചുമരിക്കാനുള്ള നിയോഗം അവൻ സ്വീകരിച്ചു. എന്തുകൊണ്ട്? ദൈവത്തിന്റെ ഏകജാതപുത്രന്റെ താഴ്മ എടുത്തുപറഞ്ഞുകൊണ്ട് പൗലോസ് അപ്പൊസ്തലൻ എഴുതി: “അവൻ ദൈവസ്വരൂപത്തിൽ ആയിരുന്നിട്ടും ദൈവത്തോടു സമത്വം സ്വന്തമാക്കണമെന്നു ചിന്തിക്കാതെ തനിക്കുള്ളതെല്ലാം വിട്ട് ദാസരൂപം എടുത്ത് മനുഷ്യനായിത്തീർന്നു.”—ഫിലി. 2:6, 7.
മനുഷ്യനായിരിക്കെ “അവൻ തന്നെത്തന്നെ താഴ്ത്തി”
7, 8. കുട്ടിക്കാലത്തും ശുശ്രൂഷക്കാലത്തും യേശു താഴ്മ പ്രകടമാക്കിയത് എങ്ങനെ?
7 “മനുഷ്യരൂപത്തിൽ ആയിരിക്കെ (യേശു) തന്നെത്തന്നെ താഴ്ത്തി മരണത്തോളം, ദണ്ഡനസ്തംഭത്തിലെ മരണത്തോളംതന്നെ അനുസരണമുള്ളവനായിത്തീർന്നു” എന്നു പൗലോസ് എഴുതി. (ഫിലി. 2:8) ചെറുപ്പംമുതൽത്തന്നെ യേശു താഴ്മയുടെ കാര്യത്തിൽ നല്ല മാതൃകവെച്ചു. യേശുവിന്റെ മാതാപിതാക്കളായ യോസേഫും മറിയയും അപൂർണരായിരുന്നെങ്കിലും അവൻ താഴ്മയോടെ “അവർക്കു കീഴ്പെട്ടിരുന്നു.” (ലൂക്കോ. 2:51) കുട്ടികൾക്ക് ഇത് എത്ര നല്ലൊരു മാതൃകയാണ്! മാതാപിതാക്കൾക്കു മനസ്സോടെ കീഴ്പെടുന്ന മക്കളെ ദൈവം അനുഗ്രഹിക്കും.
8 മുതിർന്നപ്പോൾ, സ്വന്തം ഇഷ്ടമല്ല യഹോവയുടെ ഇഷ്ടം ചെയ്യുന്നതിനു മുൻതൂക്കം നൽകിക്കൊണ്ട് യേശു താഴ്മ പ്രകടമാക്കി. (യോഹ. 4:34) തന്റെ ശുശ്രൂഷക്കാലത്ത് യേശുക്രിസ്തു ദൈവത്തിന്റെ നാമം ഉപയോഗിക്കുകയും യഹോവയുടെ ഗുണങ്ങളെയും മനുഷ്യവർഗത്തിനുവേണ്ടിയുള്ള അവന്റെ ഉദ്ദേശ്യത്തെയും കുറിച്ചുള്ള പരിജ്ഞാനം നേടാൻ പരമാർഥരായ ആളുകളെ സഹായിക്കുകയും ചെയ്തു. യഹോവയെക്കുറിച്ച് താൻ പഠിപ്പിച്ച കാര്യങ്ങൾക്ക് അനുസൃതമായി ജീവിക്കാനും യേശു ശ്രദ്ധിച്ചിരുന്നു. ഉദാഹരണത്തിന്, മാതൃകാപ്രാർഥനയിൽ യേശു ആദ്യം പറഞ്ഞത്, “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” എന്നാണ്. (മത്താ. 6:9) അതുവഴി, യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണത്തിന് പ്രഥമപ്രാധാന്യം നൽകാൻ തന്റെ അനുഗാമികളോടു പറയുകയായിരുന്നു യേശു. അവന്റെ ജീവിതവും ആ ലക്ഷ്യം മുൻനിറുത്തിയുള്ളതായിരുന്നു. അതുകൊണ്ടുതന്നെ ഭൂമിയിലെ തന്റെ ശുശ്രൂഷയുടെ അവസാനത്തോടടുത്ത് പിതാവിനോടു പ്രാർഥിക്കവെ അവന് ഇങ്ങനെ പറയാൻ കഴിഞ്ഞു: “ഞാൻ നിന്റെ നാമം അവരെ (അപ്പൊസ്തലന്മാരെ) അറിയിച്ചിരിക്കുന്നു; ഇനിയും അറിയിക്കും.” (യോഹ. 17:26) മാത്രമല്ല, ശുശ്രൂഷയിലുടനീളം തനിക്കു ചെയ്യാൻ കഴിഞ്ഞ സകല കാര്യങ്ങൾക്കുമുള്ള കീർത്തി അവൻ യഹോവയ്ക്കു നൽകി.—യോഹ. 5:19.
9. മിശിഹായെക്കുറിച്ച് സെഖര്യാവ് എന്താണ് പ്രവചിച്ചത്, യേശുവിൽ ആ പ്രവചനം നിവൃത്തിയേറിയത് എങ്ങനെ?
9 മിശിഹായെക്കുറിച്ച് സെഖര്യാപ്രവാചകൻ ഇങ്ങനെ എഴുതി: “സീയോൻപുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആർപ്പിടുക! ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.” (സെഖ. 9:9) എ.ഡി. 33-ലെ പെസഹാ പെരുന്നാളിനു മുമ്പ് യേശു യെരുശലേമിൽ പ്രവേശിച്ചപ്പോൾ ഈ പ്രവചനത്തിനു നിവൃത്തിവന്നു. ആളുകൾ മരച്ചില്ലകളും തങ്ങളുടെ മേലങ്കികളും അവൻ കടന്നുവരുന്ന വഴിയിൽ വിരിച്ചു. അവന്റെ ആഗമനത്തിൽ നഗരം ഇളകി, ജനം സന്തോഷത്താൽ ആർത്തുവിളിച്ചു! ജനം അവനെ രാജാവായി വാഴ്ത്തിയപ്പോഴും യേശു താഴ്മ കൈവിട്ടില്ല.—മത്താ. 21:4-11.
10. മരണംവരിക്കാൻ യേശു കാണിച്ച മനസ്സൊരുക്കവും അനുസരണയും എന്തു തെളിയിച്ചു?
10 യേശുക്രിസ്തുവിന്റെ അനുസരണവും താഴ്മയും അതിന്റെ ഔന്നത്യത്തിലെത്തിയത് അവൻ ദണ്ഡനസ്തംഭത്തിലെ മരണം ഏറ്റുവാങ്ങിയപ്പോഴാണ്. എത്ര കഠിനമായ പരിശോധനയുണ്ടായാലും മനുഷ്യർക്ക് യഹോവയോടു വിശ്വസ്തരായിരിക്കാൻ കഴിയുമെന്ന് യേശു അസന്ദിഗ്ധമായി തെളിയിച്ചു. മനുഷ്യർ യഹോവയെ സേവിക്കുന്നത് സ്വാർഥലക്ഷ്യങ്ങൾകൊണ്ടാണെന്ന സാത്താന്റെ വാദം തെറ്റാണെന്നും യേശു തെളിയിച്ചു. (ഇയ്യോ. 1:9-11; 2:4) പൂർണനിർമലത പാലിച്ചുകൊണ്ടുള്ള ജീവിതത്തിലൂടെ, യഹോവയുടെ സാർവത്രിക പരമാധികാരത്തിന്റെ ഔചിത്യവും നീതിയും വിളംമ്പരംചെയ്യാൻ യേശുവിനു കഴിഞ്ഞു. താഴ്മയുള്ള തന്റെ പുത്രന്റെ അചഞ്ചലമായ വിശ്വസ്തത കണ്ട് യഹോവയുടെ ഹൃദയം എത്ര സന്തോഷിച്ചിരിക്കണം!—സദൃശവാക്യങ്ങൾ 27:11 വായിക്കുക.
11. വിശ്വസിക്കുന്ന മനുഷ്യവർഗത്തിന് ക്രിസ്തുവിന്റെ മറുവിലയാഗം എന്തു ഭാവിപ്രത്യാശ നൽകുന്നു?
11 ദണ്ഡനസ്തംഭത്തിലുള്ള യേശുവിന്റെ മരണം, മനുഷ്യവർഗത്തിനു മറുവിലയായും ഉതകി. (മത്താ. 20:28) പാപികളായ മനുഷ്യർക്ക് എന്നേക്കും ജീവിക്കുന്നതിന്, ദിവ്യനീതിക്കു നിരക്കുന്നവിധത്തിൽ ഒരു വഴി തുറന്നുകൊടുക്കാൻ ഇതിലൂടെ സാധിച്ചു. “ഏക നീതിപ്രവൃത്തി സകലതരം മനുഷ്യരെയും ജീവദായകമായ നീതീകരണത്തിലേക്കു നയിക്കുന്നു” എന്ന് പൗലോസ് എഴുതി. (റോമ. 5:18) യേശുവിന്റെ മരണം, അഭിഷിക്ത ക്രിസ്ത്യാനികൾക്ക് സ്വർഗത്തിലെ അമർത്യജീവനിലേക്കും ‘വേറെ ആടുകൾക്ക്’ ഭൂമിയിലെ നിത്യജീവനിലേക്കും ഉള്ള വഴി തുറന്നു.—യോഹ. 10:16; റോമ. 8:16, 17.
‘ഞാൻ താഴ്മയുള്ളവൻ’
12. അപൂർണമനുഷ്യരോട് ഇടപെട്ടപ്പോൾ യേശു സൗമ്യതയും താഴ്മയും കാണിച്ചത് എങ്ങനെ?
12 “ക്ലേശിതരും ഭാരം ചുമക്കുന്നവരും” ആയവരെ യേശു തന്റെ അടുക്കലേക്കു ക്ഷണിച്ചു. അവൻ പറഞ്ഞു: “എന്റെ നുകം ഏറ്റുകൊണ്ട് എന്നിൽനിന്നു പഠിക്കുവിൻ. ഞാൻ സൗമ്യതയും താഴ്മയും ഉള്ളവനാകയാൽ നിങ്ങൾ ഉന്മേഷം കണ്ടെത്തും.” (മത്താ. 11:28, 29) അപൂർണമനുഷ്യരോട് പക്ഷപാതമില്ലാതെയും ദയയോടെയും ഇടപെടാൻ യേശുവിനെ പ്രേരിപ്പിച്ചത് അവന്റെ താഴ്മയും സൗമ്യതയും ആണ്. ശിഷ്യന്മാരെക്കുറിച്ച് അവന് അതിരുകടന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല. യേശു അവരെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കഴിവുകെട്ടവരോ വിലകെട്ടവരോ ആണെന്ന തോന്നൽ അവർക്കുണ്ടാകാതിരിക്കാൻ അവൻ ശ്രദ്ധിച്ചു. പരുഷമായോ അടിച്ചമർത്തുന്ന രീതിയിലോ അവൻ അവരോട് ഇടപെട്ടില്ല. മറിച്ച്, തന്നോട് അടുക്കുകയും തന്റെ ഉപദേശങ്ങൾ പാലിക്കുകയും ചെയ്യുന്നെങ്കിൽ അവർക്ക് ഉന്മേഷം ലഭിക്കുമെന്ന് അവൻ ഉറപ്പു നൽകി. കാരണം അവന്റെ നുകം മൃദുവും അവന്റെ ചുമട് ലഘുവും ആയിരുന്നു. സ്ത്രീപുരുഷ ഭേദമെന്യേ എല്ലാ പ്രായക്കാരും അവന്റെ സാമീപ്യം ഇഷ്ടപ്പെട്ടിരുന്നു.—മത്താ. 11:30.
13. എളിയവരോട് യേശു അനുകമ്പ കാണിച്ചത് എങ്ങനെ?
13 ഇസ്രായേല്യർക്കിടയിലെ സാധാരണക്കാരുടെ ശോച്യാവസ്ഥ മനസ്സിലാക്കി യേശു അവരോട് അനുകമ്പയോടെയാണ് ഇടപെട്ടത്. അവരുടെ ആവശ്യങ്ങൾ അവൻ സ്നേഹപൂർവം നിവർത്തിച്ചുകൊടുത്തു. ഒരിക്കൽ യാത്രയ്ക്കിടെ യെരീഹോയ്ക്ക് അടുത്തുവെച്ച് യേശു രണ്ട് അന്ധന്മാരെ കാണാനിടയായി. ഒരാളുടെ പേര് ബർത്തിമായി എന്നായിരുന്നു. അവർ സഹായത്തിനായി യേശുവിനോട് അപേക്ഷിച്ചു, മിണ്ടാതിരിക്കാൻ പറഞ്ഞ് ജനം അവരെ ശാസിച്ചിട്ടും അവർ നിറുത്തിയില്ല. അന്ധരായ ആ മനുഷ്യരെ അവഗണിക്കാൻ യേശുവിനു നിഷ്പ്രയാസം സാധിക്കുമായിരുന്നു. പക്ഷേ അവൻ അതു ചെയ്തില്ല. അവൻ അവരെ അടുക്കൽ വരുത്തി ദയാപുരസ്സരം അവരെ സൗഖ്യമാക്കി. യേശു തന്റെ പിതാവിനെ അനുകരിച്ചു; പാപികളായ എളിയ മനുഷ്യരോട് അവൻ താഴ്മയോടെയും കരുണയോടെയും ഇടപെട്ടു.—മത്താ. 20:29-34; മർക്കോ. 10:46-52.
“തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും”
14. താഴ്മയോടെയുള്ള യേശുവിന്റെ ജീവിതം എന്തെല്ലാം പ്രയോജനങ്ങൾ കൈവരുത്തി?
14 തന്റെ ജീവിതകാലത്ത് യേശു കാണിച്ച താഴ്മ, മറ്റുള്ളവർക്ക് സന്തോഷവും വലിയ പ്രയോജനങ്ങളും കൈവരുത്തി. തന്റെ പ്രിയപുത്രൻ ദൈവേഷ്ടത്തിന് താഴ്മയോടെ കീഴ്പെടുന്നതു കണ്ടപ്പോൾ യഹോവ അതിയായി സന്തോഷിച്ചു. യേശുവിന്റെ സൗമ്യതയും മനോവിനയവും അപ്പൊസ്തലന്മാർക്കും ശിഷ്യന്മാർക്കും ഉന്മേഷം പകർന്നു. അവന്റെ മാതൃകയും ഉപദേശങ്ങളും ഹൃദയം തുറന്നുള്ള അഭിനന്ദനങ്ങളും ആത്മീയമായി അഭിവൃദ്ധിപ്പെടാൻ അവർക്കു പ്രചോദനമായി. അതുപോലെ, അവനിൽനിന്ന് സഹായവും ഉപദേശങ്ങളും പ്രോത്സാഹനങ്ങളും സ്വീകരിച്ച സാധാരണക്കാരായ ആളുകളും അവന്റെ താഴ്മയിൽനിന്നു പ്രയോജനം നേടി. വാസ്തവത്തിൽ, വീണ്ടെടുക്കപ്പെടാവുന്ന മുഴുമനുഷ്യവർഗവും യേശുവിന്റെ മറുവില യാഗത്തിൽനിന്ന് നിത്യപ്രയോജനങ്ങൾ അനുഭവിക്കും.
15. താഴ്മ കാണിച്ചതിലൂടെ യേശുവിനു പ്രയോജനം ലഭിച്ചത് എങ്ങനെ?
15 ഇനി, യേശുവിനെ സംബന്ധിച്ചോ? അവന്റെ താഴ്മ അവനു പ്രയോജനം ചെയ്തോ? ഉവ്വ്. യേശു ശിഷ്യന്മാരോടു പറഞ്ഞു: “തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും.” (മത്താ. 23:12) ഈ വാക്കുകൾ അവന്റെ കാര്യത്തിൽ അന്വർഥമായി! അതേക്കുറിച്ച് പൗലോസ് അപ്പൊസ്തലൻ പറയുന്നു: “അവനെ (ദൈവം) മുമ്പത്തെക്കാൾ ഉന്നതമായ സ്ഥാനത്തേക്ക് ഉയർത്തി അവന് മറ്റെല്ലാ നാമങ്ങൾക്കും മേലായ ഒരു നാമം കനിഞ്ഞുനൽകി; യേശുവിന്റെ നാമത്തിങ്കൽ സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലുമുള്ള സകലരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും യേശുക്രിസ്തു കർത്താവ് ആകുന്നുവെന്ന് പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി ഏറ്റുപറയുകയും ചെയ്യേണ്ടതിനുതന്നെ.” ഭൗമിക ജീവിതത്തിലുടനീളം അവൻ കാണിച്ച താഴ്മയും വിശ്വസ്തതയും നിമിത്തം, സ്വർഗത്തിലും ഭൂമിയിലുമുള്ള സകലസൃഷ്ടികളുടെയുംമേൽ അധികാരം നൽകിക്കൊണ്ട് യഹോവ തന്റെ പുത്രനെ ഉന്നതനാക്കി!—ഫിലി. 2:9-11.
‘സത്യവും സൗമ്യതയും പാലിക്കേണ്ടതിന് യേശു എഴുന്നെള്ളും’
16. താഴ്മ എന്നും ദൈവപുത്രന്റെ സ്വഭാവസവിശേഷതയായിരിക്കുമെന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കാം?
16 താഴ്മ എക്കാലവും ദൈവപുത്രന്റെ സ്വഭാവസവിശേഷതയായി തുടരും. സ്വർഗത്തിൽ അതിശ്രേഷ്ഠ സ്ഥാനം അലങ്കരിക്കുന്ന യേശു തന്റെ ശത്രുക്കൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “സത്യവും സൌമ്യതയും നീതിയും പാലിക്കേണ്ടതിന്നു നീ മഹിമയോടെ കൃതാർത്ഥനായി വാഹനമേറി എഴുന്നെള്ളുക.” (സങ്കീ. 45:4) അർമഗെദ്ദോനിൽ താഴ്മയുള്ള, സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന ആളുകളെ രക്ഷിക്കുന്നതിനായി യേശു പോരാടും. ആയിരംവർഷ വാഴ്ചയ്ക്ക് ഒടുവിൽ മിശിഹൈക രാജാവായ യേശു “എല്ലാ വാഴ്ചയും അധികാരവും ശക്തിയും നീക്കിക്കളഞ്ഞ”തിനുശേഷമോ? അവൻ അപ്പോഴും താഴ്മ കാണിക്കുമോ? തീർച്ചയായും! അവൻ “രാജ്യം തന്റെ ദൈവവും പിതാവുമായവനെ ഏൽപ്പിക്കും.”—1 കൊരിന്ത്യർ 15:24-28 വായിക്കുക.
17, 18. (എ) യേശുവിന്റെ താഴ്മ ദൈവദാസന്മാർ അനുകരിക്കേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) അടുത്ത ലേഖനത്തിൽ ഏതു കാര്യങ്ങൾ ചർച്ചചെയ്യും?
17 നമ്മുടെ കാര്യമോ? നമ്മുടെ മാതൃകാപുരുഷനെ അനുകരിച്ചുകൊണ്ട് നമ്മളും താഴ്മയുള്ളവരായിരിക്കുമോ? രാജാവായ യേശുക്രിസ്തു അർമഗെദ്ദോനിൽ വിധികൽപ്പിക്കാൻ വരുമ്പോൾ നമ്മളെ എങ്ങനെയായിരിക്കും വിധിക്കുക? താഴ്മയുള്ളവരും നീതിമാന്മാരും മാത്രമേ രക്ഷിക്കപ്പെടുകയുള്ളൂ. അതുകൊണ്ട്, താഴ്മ വളർത്തിയെടുക്കേണ്ടത് എത്ര പ്രധാനമാണ്! നമ്മുടെ അതിജീവനമാണ് അതിൽ ഉൾപ്പെട്ടിരിക്കുന്നത്. യേശുവിന്റെ താഴ്മ അവനും മറ്റുള്ളവർക്കും പ്രയോജനങ്ങൾ കൈവരുത്തിയെന്നു നാം കണ്ടല്ലോ. അതുപോലെ നമ്മളും താഴ്മ കാണിക്കുന്നെങ്കിൽ പലവിധ പ്രയോജനങ്ങളുണ്ടാകും.
18 യേശുവിന്റെ താഴ്മ അനുകരിക്കാൻ നമുക്ക് എങ്ങനെ കഴിയും? വെല്ലുവിളികൾ നേരിടുമ്പോഴും താഴ്മയുള്ളവരായിരിക്കാൻ നമുക്കെങ്ങനെ ശ്രമിക്കാം? അടുത്ത ലേഖനം ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകും.
[അധ്യയന ചോദ്യങ്ങൾ]
[12-ാം പേജിലെ ചിത്രം]
യേശുവിന്റെ താഴ്മ നമുക്കു പ്രയോജനം ചെയ്യുന്നത് എങ്ങനെ?
[13-ാം പേജിലെ ചിത്രം]
അന്യാദൃശമായിരുന്നു യേശുവിന്റെ അനുകമ്പ!