വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘തിരിഞ്ഞുനോക്കരുത്‌’

‘തിരിഞ്ഞുനോക്കരുത്‌’

‘തിരിഞ്ഞുനോക്കരുത്‌’

“കലപ്പയ്‌ക്കു കൈവെച്ചിട്ടു തിരിഞ്ഞുനോക്കുന്ന ആരും ദൈവരാജ്യത്തിനു കൊള്ളാവുന്നവനല്ല.”—ലൂക്കോ. 9:62.

ഉത്തരം പറയാമോ?

നാം ‘ലോത്തിന്റെ ഭാര്യയെ ഓർത്തുകൊള്ളേണ്ടത്‌’ എന്തുകൊണ്ട്‌?

ഏതു മൂന്നുസംഗതികളെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുന്നത്‌ നാം ഒഴിവാക്കണം?

നമുക്ക്‌ എങ്ങനെ യഹോവയുടെ സംഘടനയോടൊപ്പം മുന്നേറാം?

1. യേശുക്രിസ്‌തു നൽകിയ മുന്നറിയിപ്പ്‌ എന്ത്‌, അത്‌ ഏതു ചോദ്യം ഉയർത്തുന്നു?

 “ലോത്തിന്റെ ഭാര്യയെ ഓർത്തുകൊള്ളുവിൻ.” (ലൂക്കോ. 17:32) ഏതാണ്ട്‌ 2,000 വർഷങ്ങൾക്കുമുമ്പ്‌ യേശുക്രിസ്‌തു നൽകിയ ഗൗരവമേറിയ ആ മുന്നറിയിപ്പ്‌ മുമ്പെന്നത്തെക്കാളും ഇന്ന്‌ പ്രസക്തമാണ്‌. അതിലൂടെ യേശു എന്താണ്‌ അർഥമാക്കിയത്‌? യഹൂദന്മാരായ അവന്റെ ശ്രോതാക്കൾക്ക്‌ ലോത്തിന്റെ ഭാര്യക്കു സംഭവിച്ചത്‌ എന്താണെന്ന്‌ വ്യക്തമായി അറിയാമായിരുന്നു. തന്റെ കുടുംബത്തോടൊപ്പം സൊദോമിൽനിന്ന്‌ ഓടിരക്ഷപ്പെടുമ്പോൾ അനുസരണക്കേടു കാണിച്ച്‌ തിരിഞ്ഞുനോക്കിയ അവൾ ഉപ്പുതൂണായിത്തീർന്നു.—ഉല്‌പത്തി 19:17, 26 വായിക്കുക.

2. എന്തിനായിരിക്കാം ലോത്തിന്റെ ഭാര്യ തിരിഞ്ഞുനോക്കിയത്‌, അനുസരണക്കേടിന്‌ അവൾ എന്തു വില കൊടുക്കേണ്ടിവന്നു?

2 ലോത്തിന്റെ ഭാര്യ തിരിഞ്ഞുനോക്കാനുള്ള കാരണം എന്തായിരുന്നു? എന്താണ്‌ സംഭവിക്കുന്നതെന്ന്‌ അറിയാനുള്ള ആകാംക്ഷയായിരുന്നോ? അതോ, കേട്ടകാര്യങ്ങൾ അവൾക്ക്‌ അവിശ്വസനീയമായി തോന്നിയോ, അവളുടെ വിശ്വാസം ദുർബലമായിരുന്നോ? അതുമല്ലെങ്കിൽ, സൊദോമിൽ വിട്ടിട്ടുപോന്നവയെക്കുറിച്ചുള്ള അടക്കാനാവാത്ത ആഗ്രഹമായിരുന്നോ? (ലൂക്കോ. 17:31) കാരണം എന്തുതന്നെയായാലും അനുസരണക്കേടിന്‌ അവൾ സ്വന്തം ജീവൻ വിലയൊടുക്കേണ്ടിവന്നു. ഒന്നോർത്തുനോക്കൂ, സൊദോമിലെയും ഗൊമോറയിലെയും വഴിപിഴച്ച നിവാസികൾ നശിച്ച അതേ ദിവസംതന്നെ അവൾക്കും ജീവൻ നഷ്ടമായി! “ലോത്തിന്റെ ഭാര്യയെ ഓർത്തുകൊള്ളുവിൻ” എന്ന്‌ യേശു പറഞ്ഞത്‌ ഇതുകൊണ്ടാണ്‌.

3. നാം ‘തിരിഞ്ഞുനോക്കരുത്‌’ എന്ന്‌ യേശു ഊന്നിപ്പറഞ്ഞത്‌ എങ്ങനെ?

3 ആലങ്കാരികമായി പറഞ്ഞാൽ, തിരിഞ്ഞുനോക്കാൻ പാടില്ലാത്ത നിർണായകമായ ഒരു സമയത്താണ്‌ നമ്മളും ജീവിക്കുന്നത്‌. തിരിഞ്ഞുനോക്കുന്നതിന്റെ അപകടത്തെപ്പറ്റി മുമ്പും യേശു പറഞ്ഞിട്ടുണ്ട്‌. ശിഷ്യനാകുന്നതിനുമുമ്പ്‌ വീട്ടിലുള്ളവരോടു യാത്രപറഞ്ഞിട്ടുവരാൻ അനുമതി ചോദിച്ച ഒരുവനോട്‌ അവൻ ഇങ്ങനെ പറഞ്ഞു: “കലപ്പയ്‌ക്കു കൈവെച്ചിട്ടു തിരിഞ്ഞുനോക്കുന്ന ആരും ദൈവരാജ്യത്തിനു കൊള്ളാവുന്നവനല്ല.” (ലൂക്കോ. 9:62) യേശുവിന്റെ ഉത്തരം കടുത്തതോ ന്യായബോധമില്ലാത്തതോ ആയിരുന്നോ? അല്ല. ഉത്തരവാദിത്വത്തിൽനിന്ന്‌ ഒളിച്ചോടാനുള്ള ഒരു ഒഴികഴിവു മാത്രമാണ്‌ അയാളുടെ ഈ അപേക്ഷയെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. കാര്യങ്ങൾ അങ്ങനെ വെച്ചുതാമസിപ്പിക്കുന്നത്‌ ‘തിരിഞ്ഞുനോക്കുന്നതുപോലെയാണ്‌’ എന്ന്‌ യേശു പറഞ്ഞു. നിലം ഉഴുതുകൊണ്ടിരിക്കുന്ന ഒരാൾ ഒരുനിമിഷത്തേക്ക്‌ തിരിഞ്ഞുനോക്കിയാലും കലപ്പ താഴെവെച്ചിട്ട്‌ തിരിഞ്ഞുനോക്കിയാലും താൻ ചെയ്‌തുകൊണ്ടിരിക്കുന്നതിൽനിന്ന്‌ അയാളുടെ ശ്രദ്ധ മാറുകയും ചെയ്യുന്ന ജോലിയെ അത്‌ പ്രതികൂലമായി ബാധിക്കുകയും ചെയ്‌തേക്കാം.

4. നമ്മുടെ ദൃഷ്ടി എന്തിൽ കേന്ദ്രീകരിക്കണം?

4 കഴിഞ്ഞ കാലത്തേക്ക്‌ ശ്രദ്ധ തിരിക്കുന്നതിനുപകരം മുമ്പിലുള്ളതിൽ നാം ദൃഷ്ടി കേന്ദ്രീകരിക്കണം. സദൃശവാക്യങ്ങൾ 4:25 ഈ ആശയം വ്യക്തമാക്കുന്നു: “നിന്റെ കണ്ണു നേരെ നോക്കട്ടെ; നിന്റെ കണ്ണിമ ചൊവ്വെ മുമ്പോട്ടു മിഴിക്കട്ടെ.”

5. തിരിഞ്ഞുനോക്കാതിരിക്കാൻ നമുക്ക്‌ ഏതു നല്ല കാരണമുണ്ട്‌?

5 തിരിഞ്ഞുനോക്കാതിരിക്കാൻ നമുക്ക്‌ നല്ല കാരണമുണ്ട്‌. എന്താണത്‌? ഇത്‌ ‘അന്ത്യകാലമാണ്‌’ എന്നതുതന്നെ. (2 തിമൊ. 3:1) നമുക്കു മുമ്പിലുള്ളത്‌ കേവലം രണ്ട്‌ ദുഷിച്ച നഗരങ്ങളുടെ നാശമല്ല, ഈ മുഴു വ്യവസ്ഥിതിയുടെയും നാശമാണ്‌. ലോത്തിന്റെ ഭാര്യക്കു സംഭവിച്ചതുപോലെ നമുക്കു സംഭവിക്കാതിരിക്കാൻ എന്തു ചെയ്യാനാകും? തിരിഞ്ഞുനോക്കാൻ നമ്മെ പ്രലോഭിപ്പിച്ചേക്കാവുന്ന ചില സംഗതികൾ തിരിച്ചറിയുന്നതാണ്‌ ആദ്യപടി. (2 കൊരി. 2:11) അത്തരം ചില സംഗതികളെക്കുറിച്ചും അവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കാൻ എന്തു ചെയ്യണം എന്നതിനെക്കുറിച്ചും നമുക്കു നോക്കാം.

കഴിഞ്ഞുപോയ ‘നല്ല’ നാളുകൾ

6. നമ്മുടെ ഓർമകളെ എപ്പോഴും ആശ്രയിക്കാനാവില്ല എന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

6 ഇന്നത്തേതിലും എത്രയോ മെച്ചമായിരുന്നു കഴിഞ്ഞുപോയ നാളുകൾ എന്നൊരു അബദ്ധധാരണ നമ്മുടെ ഉള്ളിൽ നാമ്പെടുക്കാൻ സാധ്യതയുണ്ട്‌; അത്‌ അപകടമാണ്‌. നമ്മുടെ ഓർമകളെ എപ്പോഴും നമുക്ക്‌ ആശ്രയിക്കാനാവില്ല. കഴിഞ്ഞ കാലത്തു നേരിട്ട പ്രശ്‌നങ്ങളെ ചെറുതാക്കിക്കാണാനും അതേസമയം സന്തോഷകരമായ നിമിഷങ്ങൾക്ക്‌, ഇല്ലാത്ത പ്രാധാന്യം നൽകാനും ഇടയായേക്കാം; ഒരുപക്ഷേ, അറിയാതെയായിരിക്കാം ഇത്‌ സംഭവിക്കുക. അപ്പോൾ, ആ കാലം എന്തുകൊണ്ടും നല്ലതായിരുന്നെന്ന്‌ നാം ചിന്തിക്കും, വാസ്‌തവം അതല്ലെങ്കിലും. തെറ്റായ ഈ ധാരണ, പഴയകാലത്തേക്കു മടങ്ങിപ്പോകാൻ നമ്മിൽ ആഗ്രഹം ജനിപ്പിച്ചേക്കാവുന്നതുകൊണ്ട്‌ ബൈബിൾ ഈ മുന്നറിയിപ്പ്‌ തരുന്നു: “പണ്ടത്തേ കാലം ഇപ്പോഴത്തേതിനെക്കാൾ നന്നായിരുന്നതിന്റെ കാരണം എന്തു എന്നു നീ ചോദിക്കരുതു; നീ അങ്ങനെ ചോദിക്കുന്നതു ജ്ഞാനമല്ലല്ലോ.” (സഭാ. 7:10) ഇങ്ങനെ ചിന്തിക്കുന്നതിന്റെ അപകടം എന്താണ്‌?

7-9. (എ) ഈജിപ്‌റ്റിൽ കഴിഞ്ഞിരുന്ന ഇസ്രായേല്യർക്ക്‌ എന്തു സംഭവിച്ചു? (ബി) ഇസ്രായേല്യർക്ക്‌ സന്തോഷിക്കാൻ എന്തൊക്കെ കാരണങ്ങളുണ്ടായിരുന്നു? (സി) എന്തിനെക്കുറിച്ചാണ്‌ ഇസ്രായേല്യർ പരാതിപ്പെടുകയും പിറുപിറുക്കുകയും ചെയ്‌തത്‌?

7 മോശയുടെ കാലത്ത്‌ ഇസ്രായേല്യർക്കു സംഭവിച്ചതിനെക്കുറിച്ച്‌ ചിന്തിക്കുക. ആദ്യമൊക്കെ ഇസ്രായേല്യരെ അതിഥികളായി കണ്ട ഈജിപ്‌റ്റുകാർ യോസേഫിന്റെ കാലശേഷം, “കഠിനവേലകളാൽ അവരെ പീഡിപ്പിക്കേണ്ടതിന്നു അവരുടെമേൽ ഊഴിയവിചാരകന്മാരെ ആക്കി.” (പുറ. 1:11) പിറന്നുവീഴുന്ന ആൺകുട്ടികളെ കൊന്നുകളയാനുള്ള ഫറവോന്റെ കൽപ്പന ഒരു ഘട്ടത്തിൽ ദൈവജനത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയായി. (പുറ. 1:15, 16, 22) യഹോവ മോശയോട്‌ ഇങ്ങനെ പറഞ്ഞതിൽ അതിശയിക്കാനില്ല: “മിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു; ഊഴിയവിചാരകന്മാർ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു.”—പുറ. 3:7.

8 തങ്ങളെ അടിമകളാക്കിയിരുന്ന നാട്ടിൽനിന്ന്‌ ഒരു സ്വതന്ത്രജനതയായി പുറപ്പെട്ടുവരുന്ന ഇസ്രായേല്യരുടെ സന്തോഷം നിങ്ങൾക്കു ഭാവനയിൽ കാണാനാകുമോ? അഹങ്കാരിയായ ഫറവോനും അവന്റെ ജനത്തിനും മേൽ പത്തുബാധകൾ വരുത്തിയപ്പോൾ യഹോവയുടെ ശക്തിയുടെ മഹത്തായ പ്രകടനം അവർ കണ്ടിരുന്നു. (പുറപ്പാടു 6:1, 6, 7 വായിക്കുക.) ഒടുവിൽ, ഈജിപ്‌റ്റുകാർ ഇസ്രായേല്യരെ പോകാൻ അനുവദിക്കുക മാത്രമല്ല, പോകാൻ നിർബന്ധിക്കുകപോലും ചെയ്‌തു. ഈജിപ്‌റ്റുകാർ ഇസ്രായേല്യർക്ക്‌ വളരെയധികം സ്വർണവും വെള്ളിയും കൊടുത്തു; അങ്ങനെ, ഒരർഥത്തിൽ ദൈവജനം “മിസ്രയീമ്യരെ കൊള്ളയിട്ടു.” (പുറ. 12:33-36) ഫറവോനും അവന്റെ സൈന്യവും ചെങ്കടലിൽ നശിക്കുന്നതു കണ്ടപ്പോൾ ഇസ്രായേല്യർക്ക്‌ സന്തോഷിക്കുന്നതിന്‌ വീണ്ടും കാരണം ലഭിച്ചു. (പുറ. 14:30, 31) ഇത്തരം അസാധാരണ സംഭവങ്ങൾ കണ്മുന്നിൽ അരങ്ങേറിയത്‌ അവരുടെ വിശ്വാസത്തെ എത്രയധികം ബലപ്പെടുത്തേണ്ടതായിരുന്നു!

9 സങ്കടകരമെന്നു പറയട്ടെ, അത്ഭുതകരമായി വിടുവിക്കപ്പെട്ട്‌ കുറച്ചുനാളുകൾക്കകം അതേ ജനത പരാതിപ്പെടാനും പിറുപിറുക്കാനും തുടങ്ങി. എന്തിനെക്കുറിച്ച്‌? ഭക്ഷണത്തെക്കുറിച്ച്‌! യഹോവ തങ്ങൾക്കു നൽകിയ ഭക്ഷണത്തിൽ അതൃപ്‌തരായ അവർ ഇങ്ങനെ പരാതി പറഞ്ഞു: “ഞങ്ങൾ മിസ്രയീമിൽ വെച്ചു വിലകൂടാതെ തിന്നിട്ടുള്ള മത്സ്യം, വെള്ളരിക്കാ, മത്തെങ്ങാ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി എന്നിവ ഞങ്ങൾ ഓർക്കുന്നു. ഇപ്പോഴോ ഞങ്ങളുടെ പ്രാണൻ പൊരിഞ്ഞിരിക്കുന്നു; ഈ മന്നാ അല്ലാതെ ഒന്നും കാണ്മാനില്ല എന്നു പറഞ്ഞു.” (സംഖ്യാ. 11:5, 6) അതെ, തങ്ങൾ അടിമത്തത്തിൽ കഴിഞ്ഞിരുന്ന ദേശത്തേക്കു മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്ന അളവോളം അവരുടെ ചിന്താഗതി വികലമായി! (സംഖ്യാ. 14:2-4) കഴിഞ്ഞ കാലത്തേക്ക്‌ തിരിഞ്ഞുനോക്കിയതുമൂലം ഇസ്രായേല്യർക്ക്‌ ദൈവത്തിന്റെ പ്രീതി നഷ്ടമായി.—സംഖ്യാ. 11:10

10. ഇസ്രായേല്യരിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

10 ഇത്‌ നമ്മെ എന്തു പഠിപ്പിക്കുന്നു? പ്രയാസങ്ങളും പ്രശ്‌നങ്ങളും നേരിടേണ്ടിവരുമ്പോൾ ഒഴിവാക്കേണ്ട ഒന്നുണ്ട്‌: കഴിഞ്ഞ കാലങ്ങളിൽ, എന്തിന്‌ സത്യം അറിയുന്നതിന്‌ മുമ്പുപോലും, കാര്യങ്ങൾ എത്രയോ മെച്ചമായിരുന്നെന്ന ചിന്ത. പണ്ടത്തെ അനുഭവങ്ങളിൽനിന്നു പഠിച്ച പാഠങ്ങളെക്കുറിച്ചു ധ്യാനിക്കുന്നതോ മധുരസ്‌മരണകൾ അയവിറക്കുന്നതോ തെറ്റല്ല; എങ്കിലും, കഴിഞ്ഞ കാലത്തെക്കുറിച്ച്‌ യാഥാർഥ്യബോധമുള്ളവരായിരിക്കുക, സമനിലയോടുകൂടിയ വീക്ഷണം നിലനിറുത്താൻ ശ്രമിക്കുക. അല്ലാത്തപക്ഷം, അത്‌ ഇപ്പോഴത്തെ സാഹചര്യങ്ങളെപ്രതിയുള്ള അതൃപ്‌തി വഷളാക്കുകയും മുൻകാല ജീവിതഗതിയിലേക്ക്‌ തിരിയാൻ പ്രലോഭിപ്പിക്കുകയും ചെയ്‌തേക്കാം.—2 പത്രോസ്‌ 2:20-22 വായിക്കുക.

ചെയ്‌ത ത്യാഗങ്ങൾ

11. കഴിഞ്ഞ കാലത്ത്‌ ചെയ്‌ത ത്യാഗങ്ങളെക്കുറിച്ച്‌ ചിലർക്ക്‌ എന്തു തോന്നുന്നു?

11 ദുഃഖകരമെന്നു പറയട്ടെ, ചിലർ കഴിഞ്ഞ കാലത്ത്‌ തങ്ങൾ ചെയ്‌ത ത്യാഗങ്ങളിലേക്ക്‌ തിരിഞ്ഞുനോക്കുകയും അങ്ങനെ ചെയ്യേണ്ടിയിരുന്നില്ലെന്ന്‌ പരിതപിക്കുകയും ചെയ്യാറുണ്ട്‌. ഉന്നത വിദ്യാഭ്യാസം നേടാനും പ്രശസ്‌തിയുടെ പടവുകൾ കയറാനും ധാരാളം പണം സമ്പാദിക്കാനും അവസരമുണ്ടായിരുന്നിട്ടും നിങ്ങൾ അത്‌ വേണ്ടെന്നുവെച്ചിട്ടുണ്ടാവും. ബിസിനസ്സ്‌, വിനോദം, വിദ്യാഭ്യാസം, സ്‌പോർട്‌സ്‌ എന്നീ രംഗങ്ങളിൽ പണവും പ്രശസ്‌തിയും നേടാൻ കഴിയുമായിരുന്നെങ്കിലും നമ്മുടെ പല സഹോദരീസഹോദരന്മാരും അതെല്ലാം ഉപേക്ഷിച്ചുപോന്നിട്ടുണ്ട്‌. എന്നാൽ വർഷങ്ങൾ കടന്നുപോയിരിക്കുന്നു, ഇതുവരെ അന്ത്യം എത്തിയിട്ടില്ല. അന്ന്‌ ആ ത്യാഗങ്ങൾ ചെയ്‌തില്ലായിരുന്നെങ്കിൽ ഇന്ന്‌ ആരായിത്തീരുമായിരുന്നെന്ന്‌ നിങ്ങൾ ദിവാസ്വപ്‌നം കാണാറുണ്ടോ?

12. താൻ വിട്ടുകളഞ്ഞ കാര്യങ്ങളെ പൗലോസ്‌ എങ്ങനെയാണ്‌ കണ്ടത്‌?

12 ക്രിസ്‌തുവിന്റെ അനുഗാമിയാകുന്നതിനുവേണ്ടി പലതും ഉപേക്ഷിച്ചവനാണ്‌ പൗലോസ്‌ അപ്പൊസ്‌തലൻ. (ഫിലി. 3:4-6) താൻ വിട്ടുകളഞ്ഞ കാര്യങ്ങളെ അവൻ എങ്ങനെയാണ്‌ കണ്ടത്‌? അവൻ പറയുന്നത്‌ ശ്രദ്ധിക്കുക: “എനിക്കു നേട്ടമായിരുന്ന കാര്യങ്ങളൊക്കെ ക്രിസ്‌തുനിമിത്തം ഞാൻ പരിത്യജിച്ചിരിക്കുന്നു.” എന്തിനായിരുന്നു അവൻ അങ്ങനെ ചെയ്‌തത്‌? “എന്റെ കർത്താവായ ക്രിസ്‌തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്‌ഠതനിമിത്തം ഞാൻ സകലതും വിട്ടുകളഞ്ഞിരിക്കുന്നു. അവനുവേണ്ടി ഞാൻ ആ നഷ്ടം സഹിക്കുകയും അവയെ ഒക്കെയും വെറും ഉച്ഛിഷ്ടമായി ഗണിക്കുകയും ചെയ്‌തിരിക്കുന്നു.” a (ഫിലി. 3:7, 8) ചവറ്റുകുട്ടയിൽ തള്ളിയ എന്തിനെയെങ്കിലുംകുറിച്ച്‌ പിന്നീട്‌ ദുഃഖം തോന്നാത്തതുപോലെ, ലോകം വെച്ചുനീട്ടിയ അവസരങ്ങൾ ഉപേക്ഷിച്ചുപോന്നതിനെപ്രതി പൗലോസ്‌ പിന്നീട്‌ ഖേദിച്ചില്ല. അതിന്‌ എന്തെങ്കിലും മൂല്യമുണ്ടെന്ന്‌ പിന്നീട്‌ ഒരിക്കലും അവന്‌ തോന്നിയിട്ടുമില്ല.

13, 14. നമുക്ക്‌ എങ്ങനെ പൗലോസിനെ അനുകരിക്കാം?

13 വിട്ടുകളഞ്ഞ അവസരങ്ങളെക്കുറിച്ച്‌ നാം മനോരാജ്യം കാണാൻ തുടങ്ങിയിട്ടുണ്ടോ? എങ്കിൽ, പൗലോസിന്റെ മാതൃക അനുകരിക്കുക. എങ്ങനെ? ഇപ്പോൾ നിങ്ങൾക്കുള്ളതിന്റെ ശ്രേഷ്‌ഠതയെക്കുറിച്ച്‌ ചിന്തിച്ചുകൊണ്ട്‌. നിങ്ങൾ യഹോവയുമായി ഒരു അമൂല്യ ബന്ധത്തിലേക്കു വന്നിരിക്കുന്നു; അവന്റെ മുമ്പാകെ നിങ്ങൾക്ക്‌ വിശ്വസ്‌തസേവനത്തിന്റെ ഒരു നല്ല രേഖയുണ്ട്‌. (എബ്രാ. 6:10) നാം ഇപ്പോൾ ആസ്വദിക്കുന്നതും ഭാവിയിൽ ആസ്വദിക്കാനിരിക്കുന്നതും ആയ മഹത്തായ ദൈവാനുഗ്രഹങ്ങളുമായി താരതമ്യംചെയ്യുമ്പോൾ ലോകം വാഗ്‌ദാനംചെയ്യുന്ന നേട്ടങ്ങൾ ഒന്നുമല്ല, അല്ലേ?—മർക്കോസ്‌ 10:28-30 വായിക്കുക.

14 വിശ്വസ്‌തഗതിയിൽ തുടരാൻ നമ്മെ സഹായിക്കുന്ന മറ്റൊരു കാര്യത്തെക്കുറിച്ച്‌ പൗലോസ്‌ അടുത്തതായി പറഞ്ഞു. താൻ ‘പിമ്പിലുള്ളത്‌ മറക്കുകയും മുമ്പിലുള്ളതിനായി ആയുകയും’ ചെയ്യുന്നു എന്നാണ്‌ അവൻ പറഞ്ഞത്‌. (ഫിലി. 3:13) നാം അവശ്യം സ്വീകരിക്കേണ്ട രണ്ടുപടികൾ നിങ്ങൾ ശ്രദ്ധിച്ചോ? ഒന്നാമതായി, നാം പിമ്പിൽ വിട്ടുകളഞ്ഞ കാര്യങ്ങൾ മറന്നുകളയണം, അവയെക്കുറിച്ച്‌ അനാവശ്യമായി ചിന്തിച്ച്‌ നമ്മുടെ വിലപ്പെട്ട ഊർജവും സമയവും നഷ്ടപ്പെടുത്തരുത്‌. രണ്ടാമതായി, ലക്ഷ്യസ്ഥാനത്ത്‌ എത്താറായ ഒരു ഓട്ടക്കാരനെപ്പോലെ നാം മുമ്പോട്ട്‌ ആയണം, മുമ്പിലുള്ളതിൽ ദൃഷ്ടിപതിപ്പിക്കണം.

15. വിശ്വസ്‌തരായ ദൈവദാസരുടെ മാതൃകയെക്കുറിച്ചു ധ്യാനിക്കുന്നത്‌ നമുക്ക്‌ എങ്ങനെ പ്രയോജനംചെയ്യും?

15 ഇക്കാലത്തെയും പുരാതനകാലത്തെയും വിശ്വസ്‌തരായ ദൈവദാസരുടെ മാതൃകയെക്കുറിച്ചു ധ്യാനിക്കുന്നത്‌ തിരിഞ്ഞുനോക്കാതെ മുന്നോട്ടു നീങ്ങാൻ നമുക്ക്‌ കൂടുതൽ പ്രചോദനമേകും. ഉദാഹരണത്തിന്‌, അബ്രാഹാമും സാറായും ഊർ പട്ടണത്തെക്കുറിച്ചുള്ള ഓർമകൾ താലോലിച്ചിരുന്നെങ്കിൽ “അവിടേക്കു മടങ്ങിപ്പോകാൻ അവർക്ക്‌ അവസരമുണ്ടായിരുന്നു.” (എബ്രാ. 11:13-15) പക്ഷേ, അവർ മടങ്ങിയില്ല. മോശ ഈജിപ്‌റ്റിൽ ഉപേക്ഷിച്ചുപോന്ന കാര്യങ്ങളോടുള്ള താരതമ്യത്തിൽ ഏതൊരു ഇസ്രായേല്യനും പിന്നീട്‌ ഉപേക്ഷിച്ചത്‌ ഒന്നുമല്ലെന്ന്‌ പറയാം. താൻ വിട്ടിട്ടുപോന്ന കാര്യങ്ങൾ അവൻ മോഹിച്ചുകൊണ്ടിരുന്നതായി രേഖയില്ല. പകരം, ബൈബിൾവിവരണം ഇങ്ങനെ പറയുന്നു: “അഭിഷിക്തനെന്ന നിലയിൽ സഹിക്കേണ്ടിയിരുന്ന നിന്ദയെ ഈജിപ്‌റ്റിലെ നിക്ഷേപങ്ങളെക്കാൾ മഹത്തരമായ ധനമായി അവൻ കണക്കാക്കി; എന്തെന്നാൽ ലഭിക്കാനിരുന്ന പ്രതിഫലത്തിലത്രേ അവൻ ദൃഷ്ടിപതിപ്പിച്ചത്‌.”—എബ്രാ. 11:26.

കയ്‌പേറിയ അനുഭവങ്ങൾ

16. മുൻകാല അനുഭവങ്ങൾ നമ്മെ എങ്ങനെ ബാധിച്ചേക്കാം?

16 മുൻകാലങ്ങളിൽ നല്ല അനുഭവങ്ങൾ മാത്രമായിരിക്കില്ല നമുക്ക്‌ ഉണ്ടായിട്ടുള്ളത്‌. ചെയ്‌തുപോയ പാപങ്ങളോ തെറ്റുകളോ നമ്മെ വല്ലാതെ തളർത്തുന്നുണ്ടാകും. (സങ്കീ. 51:3) മുമ്പു ലഭിച്ച ശക്തമായ ഒരു ബുദ്ധിയുപദേശത്തെക്കുറിച്ച്‌ ഓർക്കുമ്പോഴൊക്കെ നമുക്ക്‌ ദേഷ്യവും സങ്കടവും തോന്നിയേക്കാം. (എബ്രാ. 12:11) നേരിട്ട അനീതിയെക്കുറിച്ചുള്ള ചിന്തയായിരിക്കാം മറ്റു ചിലപ്പോൾ നമ്മെ വിഷമിപ്പിക്കുന്നത്‌. ഈ അനീതി ചിലപ്പോൾ യഥാർഥമോ സാങ്കൽപ്പികമോ ആകാം. (സങ്കീ. 55:2) ഇത്തരം അനുഭവങ്ങളിലേക്ക്‌ തിരിഞ്ഞുനോക്കാതിരിക്കാൻ നമുക്ക്‌ എന്ത്‌ ചെയ്യാനാകും? ഈ മൂന്നുകാര്യങ്ങൾ നമുക്കൊന്ന്‌ അടുത്തു പരിചിന്തിക്കാം.

17. (എ) ‘സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവൻ’ എന്ന്‌ പൗലോസ്‌ തന്നെത്തന്നെ വിശേഷിപ്പിച്ചത്‌ എന്തുകൊണ്ട്‌? (ബി) നിഷേധാത്മക ചിന്തകൾ തന്നെ കീഴ്‌പെടുത്താതിരിക്കാൻ പൗലോസ്‌ എന്താണ്‌ ചെയ്‌തത്‌?

17 ചെയ്‌തുപോയ തെറ്റുകൾ. ‘സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവൻ’ എന്നാണ്‌ പൗലോസ്‌ അപ്പൊസ്‌തലൻ തന്നെത്തന്നെ വിശേഷിപ്പിച്ചത്‌. (എഫെ. 3:8) എന്തുകൊണ്ടാണ്‌ അവന്‌ അങ്ങനെ തോന്നിയത്‌? അവൻ ‘ദൈവത്തിന്റെ സഭയെ പീഡിപ്പിച്ചതിനാൽ.’ (1 കൊരി. 15:9) താൻ മുമ്പ്‌ ഉപദ്രവിച്ചവരിൽ ചിലരെ നേരിൽ കണ്ടപ്പോൾ അവന്റെ മനസ്സിലൂടെ കടന്നുപോയത്‌ എന്തൊക്കെയാണെന്ന്‌ നിങ്ങൾക്ക്‌ ഊഹിക്കാമോ? പക്ഷേ, തന്നെ കീഴ്‌പെടുത്താൻ മനസ്സിനെ മഥിക്കുന്ന ഇത്തരം ചിന്തകളെ അവൻ അനുവദിച്ചില്ല. പകരം, തനിക്ക്‌ ലഭിച്ച കൃപയിൽ അവൻ ശ്രദ്ധ കേന്ദ്രീകരിച്ചു. (1 തിമൊ. 1:12-16) അത്‌ അവനിൽ കൃതജ്ഞത ജനിപ്പിക്കുകയും ശുശ്രൂഷയിൽ തുടരാൻ പ്രചോദിപ്പിക്കുകയും ചെയ്‌തു. മറന്നുകളയാൻ പൗലോസ്‌ തീരുമാനിച്ചുറച്ച കാര്യങ്ങളുടെ കൂട്ടത്തിൽ തന്റെ മുൻകാല പാപപ്രവൃത്തികൾ അവൻ ഉൾപ്പെടുത്തി. യഹോവ നമ്മോടു കാണിച്ച കരുണയിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നെങ്കിൽ കഴിഞ്ഞ കാലത്ത്‌ സംഭവിച്ച ചില കാര്യങ്ങളെപ്രതിയുള്ള അനാവശ്യ ഉത്‌കണ്‌ഠയെ നമ്മുടെ ശക്തി ചോർത്തിക്കളയാൻ നാം അനുവദിക്കില്ല; കഴിഞ്ഞുപോയ കാര്യങ്ങളെ മാറ്റാൻ നമുക്ക്‌ ആവില്ലല്ലോ! അതുകൊണ്ട്‌, നമ്മുടെ ഊർജം ഇപ്പോൾ ചെയ്യാനുള്ള വേലയിൽ വിനിയോഗിക്കാം.

18. (എ) ലഭിച്ച ഒരു ബുദ്ധിയുപദേശത്തിലേക്ക്‌ നീരസത്തോടെ തിരിഞ്ഞുനോക്കിയാൽ എന്തു സംഭവിച്ചേക്കാം? (ബി) ബുദ്ധിയുപദേശം സ്വീകരിക്കുന്നതു സംബന്ധിച്ച ശലോമോന്റെ വാക്കുകൾ നമുക്ക്‌ എങ്ങനെ അനുസരിക്കാം?

18 വേദനിപ്പിക്കുന്ന ബുദ്ധിയുപദേശം. നമുക്കു ലഭിച്ച ഒരു ബുദ്ധിയുപദേശത്തിലേക്ക്‌ നീരസത്തോടെ തിരിഞ്ഞുനോക്കാൻ പ്രലോഭനം തോന്നുന്നെങ്കിലോ? അത്‌ നമ്മെ വേദനിപ്പിക്കുമെന്നു മാത്രമല്ല തളർത്തിക്കളയുകയും ചെയ്‌തേക്കാം, നാം ‘മടുത്തുപോയേക്കാം.’ (എബ്രാ. 12:5) ലഭിക്കുന്ന ബുദ്ധിയുപദേശം ‘നിസ്സാരമാക്കി’ തള്ളിക്കളയുന്നതും ആദ്യം ബുദ്ധിയുപദേശം സ്വീകരിച്ചിട്ട്‌ പിന്നീട്‌ “മടുത്തു”പിന്മാറുന്നതും ഒരുപോലെയാണ്‌. രണ്ടുസാഹചര്യത്തിലും, ബുദ്ധിയുപദേശം നമുക്ക്‌ പ്രയോജനംചെയ്യുന്നതിനോ നമ്മെ നല്ല വ്യക്തിയാക്കുന്നതിനോ നാം അനുവദിച്ചില്ല എന്നതാണ്‌ വാസ്‌തവം. ശലോമോന്റെ ഈ വാക്കുകൾക്ക്‌ ചെവികൊടുക്കുന്നത്‌ എത്ര പ്രയോജനകരമായിരിക്കും: “പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുതു; അതിനെ കാത്തുകൊൾക, അതു നിന്റെ ജീവനല്ലോ.” (സദൃ. 4:13) റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന നിർദേശങ്ങൾ പാലിച്ച്‌ മുന്നോട്ടു നീങ്ങുന്ന ഡ്രൈവറെപ്പോലെ നമുക്ക്‌ ബുദ്ധിയുപദേശം സ്വീകരിച്ച്‌, ബാധകമാക്കി, മുന്നോട്ടു നീങ്ങാം.—സദൃ. 4:26, 27; എബ്രായർ 12:12, 13 വായിക്കുക.

19. ഹബക്കൂക്കിന്റെയും യിരെമ്യാവിന്റെയും വിശ്വാസം നമുക്ക്‌ എങ്ങനെ അനുകരിക്കാം?

19 അനീതികൾ—യഥാർഥമോ സാങ്കൽപ്പികമോ. ചില അനീതികൾ യഹോവ അനുവദിച്ചതിന്റെ കാരണം മനസ്സിലാകാതെ നീതിക്കായി യഹോവയോടു കേണ ഹബക്കൂക്‌ പ്രവാചകനെപ്പോലെ നമുക്കും ചിലപ്പോൾ തോന്നിയേക്കാം. (ഹബ. 1:2, 3) “എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും” എന്നു പറഞ്ഞ ആ പ്രവാചകന്റെ വിശ്വാസം അനുകരിക്കേണ്ടത്‌ എത്ര പ്രധാനമാണ്‌! (ഹബ. 3:18) പുരാതനകാലത്തെ യിരെമ്യാവിനെപ്പോലെ, പൂർണ വിശ്വാസത്തോടും “പ്രത്യാശ”യോടും കൂടെ നീതിയുടെ ദൈവമായ യഹോവയ്‌ക്കായി കാത്തിരിക്കുന്നെങ്കിൽ, തക്കസമയത്ത്‌ അവൻ കാര്യങ്ങൾ നേരെയാക്കുമെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാനാകും.—വിലാ. 3:19-24.

20. “ലോത്തിന്റെ ഭാര്യയെ ഓർത്തുകൊള്ളുവിൻ” എന്ന നിർദേശം അനുസരിക്കുന്നെന്ന്‌ നമുക്ക്‌ എങ്ങനെ തെളിയിക്കാം?

20 ആവേശജനകമായ ഒരു കാലത്താണ്‌ നാം ജീവിക്കുന്നത്‌. വിസ്‌മയാവഹമായ സംഭവങ്ങൾ പലതും അരങ്ങേറിക്കൊണ്ടിരിക്കുന്നു, സമീപഭാവിയിൽ ഇനിയുമേറെ സംഭവിക്കാനിരിക്കുന്നു. യഹോവയുടെ സംഘടനയോടൊപ്പം അതേ വേഗത്തിൽ മുന്നോട്ടു നീങ്ങാൻ നമുക്കോരോരുത്തർക്കും സാധിക്കട്ടെ. തിരുവെഴുത്തു ബുദ്ധിയുപദേശത്തിനു ചേർച്ചയിൽ നമുക്ക്‌ മുന്നോട്ടു നോക്കാം, തിരിഞ്ഞുനോക്കാതിരിക്കാം. അങ്ങനെ, “ലോത്തിന്റെ ഭാര്യയെ ഓർത്തുകൊള്ളുവിൻ” എന്ന നിർദേശം അനുസരിക്കാം.

[അടിക്കുറിപ്പ്‌]

a ‘ഉച്ഛിഷ്ടം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലപദത്തിന്‌ “നായ്‌ക്കൾക്ക്‌ ഇട്ടുകൊടുത്തത്‌,” “മൃഗങ്ങളുടെ വിസർജ്യം,” “മലം” എന്നൊക്കെ അർഥമുണ്ട്‌. “ഒന്നിനും കൊള്ളാത്ത, മൂല്യമില്ലാത്തതും വെറുക്കത്തക്കതും ആയ എന്തിൽനിന്നെങ്കിലും ദൃഢനിശ്ചയത്തോടെ മുഖം തിരിക്കുക” എന്ന അർഥം ധ്വനിപ്പിക്കാനാണ്‌ പൗലോസ്‌ ഈ വാക്ക്‌ ഉപയോഗിച്ചതെന്ന്‌ ഒരു ബൈബിൾപണ്ഡിതൻ പറയുന്നു.

[അധ്യയന ചോദ്യങ്ങൾ]