ഉപദേശങ്ങൾ നൽകേണ്ടത് എങ്ങനെ?
ഉപദേശങ്ങൾ നൽകേണ്ടത് എങ്ങനെ?
ഉപദേശം തേടി ആരെങ്കിലും നിങ്ങളെ സമീപിച്ചിട്ടുണ്ടോ? ഉദാഹരണത്തിന് പിൻവരുന്ന വിഷയങ്ങളിൽ: ‘ഞാൻ ഈ പാർട്ടിക്ക് പോകണോ? ഈ ജോലി തിരഞ്ഞെടുക്കണോ? ഈ വ്യക്തിയെ വിവാഹം കഴിക്കണോ?’
അതെ, ഒരു തീരുമാനമെടുക്കാനുള്ള സഹായം തേടി ആളുകൾ നിങ്ങളെ സമീപിച്ചേക്കാം. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ഉള്ള അവരുടെ ബന്ധത്തെ ബാധിക്കുന്നതാകാം ആ തീരുമാനം. ഒരുപക്ഷേ അത് യഹോവയുമായുള്ള അവരുടെ ബന്ധത്തെത്തന്നെ ബാധിക്കുന്നതാകാം. അങ്ങനെയൊരു സാഹചര്യത്തിൽ, എന്തിനെ ആധാരമാക്കിയായിരിക്കും നിങ്ങൾ ഉപദേശം നൽകുക? ആകട്ടെ, നിങ്ങൾ സാധാരണ എങ്ങനെയാണ് ഉപദേശം നൽകാറുള്ളത്? നിസ്സാര കാര്യങ്ങളിലായാലും ഗൗരവമേറിയ കാര്യങ്ങളിലായാലും, ‘നീതിമാൻ മനസ്സിൽ ആലോചിച്ച് ഉത്തരം പറയും.’ (സദൃ. 15:28) ഉപദേശം നൽകുമ്പോൾ മനസ്സിൽപ്പിടിക്കേണ്ട അഞ്ച് ബൈബിൾ തത്ത്വങ്ങൾ നമുക്കു നോക്കാം.
1 സാഹചര്യം വ്യക്തമായി മനസ്സിലാക്കുക.
“കേൾക്കുംമുമ്പെ ഉത്തരം പറയുന്നവന്നു അതു ഭോഷത്വവും ലജ്ജയും ആയിത്തീരുന്നു.”—സദൃ. 18:13.
ഗുണകരമായ ഒരു ഉപദേശം നൽകണമെങ്കിൽ, ഉൾപ്പെട്ടിരിക്കുന്ന വ്യക്തിയുടെ സാഹചര്യങ്ങളും വീക്ഷണങ്ങളും നാം മനസ്സിലാക്കണം. ഉദാഹരണത്തിന്, നിങ്ങളുടെ വീട്ടിൽ വന്നെത്താനുള്ള എളുപ്പവഴി ചോദിച്ചുകൊണ്ട് ആരെങ്കിലും നിങ്ങളെ ഫോണിൽ വിളിക്കുന്നു എന്നിരിക്കട്ടെ. അദ്ദേഹം ഇപ്പോൾ എവിടെയാണ് നിൽക്കുന്നതെന്ന് ചോദിച്ചു മനസ്സിലാക്കാതെ വഴി പറഞ്ഞുകൊടുക്കാൻ നിങ്ങൾ ശ്രമിക്കുമോ? തീർച്ചയായും ഇല്ല! അതുപോലെ, ഉപദേശം ആരായുന്ന ആൾക്ക് ശരിയായ ‘വഴി പറഞ്ഞുകൊടുക്കണമെങ്കിൽ’ അദ്ദേഹത്തിന്റെ സാഹചര്യങ്ങളും വീക്ഷണങ്ങളും നാം മനസ്സിലാക്കിയിരിക്കണം. അല്ലാതെ നൽകുന്ന ഉപദേശം ആ വ്യക്തിയെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കുകയേയുള്ളൂ. (ലൂക്കോ. 6:39) മാത്രമല്ല, ഒരു ഉപദേശം നൽകിയതിനുശേഷം, ‘ഓ, ഈ വ്യക്തിയുടെ അവസ്ഥ അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഇങ്ങനെയൊരു ഉപദേശം നൽകുമായിരുന്നില്ല’ എന്നു പരിതപിക്കേണ്ടിവരുന്നത് എത്ര സങ്കടകരമായിരിക്കും!
ഈ വിഷയത്തിന് അദ്ദേഹം വ്യക്തിപരമായി എത്ര ചിന്ത നൽകിയിട്ടുണ്ടെന്ന് മനസ്സിലാക്കുക. ഉപദേശം ആരായുന്ന വ്യക്തിയോട് പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കാം: “ഏതു ബൈബിൾ തത്ത്വങ്ങളായിരിക്കും ഇവിടെ പ്രസക്തമായിരിക്കുന്നത്?” “താങ്കളുടെ മുമ്പിൽ എന്തെല്ലാം വഴികളാണുള്ളത്? അവ തിരഞ്ഞെടുത്താലുള്ള ഗുണവും ദോഷവും എന്തൊക്കെയാണ്?” “ഇതിനോടു ബന്ധപ്പെട്ട് താങ്കൾ ബൈബിൾ പ്രസിദ്ധീകരണങ്ങളും മറ്റും പരിശോധിച്ചുനോക്കിയോ?” “മൂപ്പന്മാർ/മാതാപിതാക്കൾ/ബൈബിളധ്യയനം നടത്തുന്ന വ്യക്തി എന്തു സഹായമാണ് നൽകിയത്?”
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, പ്രശ്നത്തിനു പരിഹാരം കണ്ടെത്താൻ ആ വ്യക്തി എത്രത്തോളം ശ്രമം ചെയ്തിട്ടുണ്ടെന്നു മനസ്സിലാക്കാൻ നമ്മെ സഹായിക്കും. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കണക്കിലെടുത്തുകൊണ്ടുള്ള ഒരു ഉപദേശം നൽകാനും അത് ഉപകരിക്കും. ഇനി, “കർണരസം പകരുന്ന” ഒരു ഉപദേശം തേടിയാണോ അദ്ദേഹം നമ്മളെ സമീപിച്ചിരിക്കുന്നത് എന്നു തിരിച്ചറിയാനും നമുക്കു കഴിയും.—2 തിമൊ. 4:3.
2 എടുത്തുചാടി ഒരു നിർദേശം നൽകരുത്.
“ഏതു മനുഷ്യനും കേൾക്കാൻ തിടുക്കവും സംസാരിക്കാൻ സാവകാശവും കാണിക്കട്ടെ.” —യാക്കോ. 1:19.
ചിലപ്പോൾ നാം എടുത്തുചാടി ഒരു ഉപദേശം നൽകിയേക്കാം. ഒരുപക്ഷേ നല്ല ഉദ്ദേശ്യത്തോടെയായിരിക്കാം നാം അതു നൽകുന്നത്. എന്നാൽ അതു ബുദ്ധിയായിരിക്കുമോ, വിശേഷിച്ചും നാം ആ വിഷയത്തെക്കുറിച്ച് കാര്യമായി പഠിച്ചിട്ടില്ലെങ്കിൽ? സദൃശവാക്യങ്ങൾ 29:20 (ന്യൂ ഇൻഡ്യ ബൈബിൾ വേർഷൻ) പറയുന്നത് ശ്രദ്ധിക്കുക: “തിടുക്കംപൂണ്ട് സംസാരിക്കുന്ന ഒരുവനെ നീ കണ്ടിട്ടുണ്ടോ? അവനെക്കുറിച്ചുള്ളതിലും ഒരു ഭോഷനെക്കുറിച്ച് അധികം പ്രത്യാശയ്ക്കു വകയുണ്ട്.”
നാം നൽകുന്ന ഉപദേശം പൂർണമായും ദൈവിക ജ്ഞാനത്തെ പ്രതിഫലിപ്പിക്കുന്നതായിരിക്കണം. ‘ലോകത്തിന്റെ ആത്മാവും ചിന്താഗതിയും എന്റെ ചിന്തകളെ സ്വാധീനിച്ചിട്ടുണ്ടോ?’ എന്ന് സ്വയം ചോദിക്കുക. (1 കൊരി. 2:12, 13) ഉദ്ദേശ്യം നല്ലതായതുകൊണ്ടുമാത്രമായില്ല. യേശുവിന് നിർവഹിക്കേണ്ടിയിരുന്ന ദുഷ്കരമായ ദൗത്യത്തെക്കുറിച്ചു കേട്ടപ്പോൾ പത്രോസ് യേശുവിനെ ഉപദേശിച്ചു: “കർത്താവേ, അങ്ങനെ പറയരുതേ; നിനക്ക് ഒരിക്കലും അതു ഭവിക്കാതിരിക്കട്ടെ.” പത്രോസിന്റെ പ്രതികരണത്തിൽനിന്ന് നമുക്കെന്തു പഠിക്കാം? ശ്രദ്ധിച്ചില്ലെങ്കിൽ, നാം സദുദ്ദേശ്യത്തോടെ നൽകുന്ന ഉപദേശങ്ങൾപോലും ദൈവത്തിന്റെ ചിന്തകൾക്കു പകരം മനുഷ്യരുടെ ചിന്തകളെ പ്രതിഫലിപ്പിച്ചേക്കാം. (മത്താ. 16:21-23) അതെ, നന്നായി ചിന്തിച്ചതിനുശേഷം മാത്രമേ അഭിപ്രായങ്ങൾ പറയാവൂ! ദൈവത്തിന്റെ അപരിമേയമായ ജ്ഞാനത്തിനു മുന്നിൽ നമ്മുടെ അറിവും ബുദ്ധിയുമൊക്കെ എത്രയോ നിസ്സാരം!—ഇയ്യോ. 38:1-4; സദൃ. 11:2.
3 താഴ്മയോടെ ദൈവവചനത്തിൽ ആശ്രയിക്കുക.
“ഞാൻ സ്വന്തമായി ഒന്നും ചെയ്യാതെ പിതാവ് എന്നെ പഠിപ്പിച്ചതുപോലെ ഇക്കാര്യങ്ങൾ സംസാരിക്കുന്നു.”—യോഹ. 8:28.
“താങ്കളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നു” എന്നു നിങ്ങൾ പറയാറുണ്ടോ? ചിലപ്പോൾ നിങ്ങളുടെ പക്കൽ ഒരു പരിഹാരം ഉണ്ടായിരിക്കാം. എങ്കിലും, താഴ്മയുടെയും എളിമയുടെയും കാര്യത്തിൽ യേശു വെച്ച മാതൃകയെക്കുറിച്ച് ചിന്തിക്കുന്നത് നന്നായിരിക്കും. ഏതൊരു മനുഷ്യനെക്കാളും അറിവും അനുഭവസമ്പത്തും ഉണ്ടായിരുന്നവനാണ് യേശു എന്നോർക്കുക. എന്നിട്ടും, “ഞാൻ സ്വന്തമായി ഒന്നും സംസാരിച്ചിട്ടില്ല; എന്തു പറയണം, എന്തു സംസാരിക്കണം എന്ന് . . . പിതാവുതന്നെ എന്നോടു കൽപ്പിച്ചിരിക്കുന്നു” എന്ന് അവൻ പറഞ്ഞു. (യോഹ. 12:49, 50) അതെ, യേശുവിന്റെ പ്രബോധനങ്ങളും ഉപദേശങ്ങളും എല്ലായ്പോഴും പിതാവിന്റെ ഹിതത്തിനു ചേർച്ചയിലുള്ളതായിരുന്നു.
ഉദാഹരണത്തിന്, യേശുവിനെ അറസ്റ്റുചെയ്യാൻ വന്നവരെ എതിരിടാൻ ശിഷ്യന്മാർ അവനോട് അനുവാദം ചോദിക്കുന്നതായി ലൂക്കോസ് 22:49-ൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവൻ എന്തെങ്കിലും പറയുന്നതിനുമുമ്പ്, ഒരു ശിഷ്യൻ വാളെടുത്ത് എതിരാളികളിൽ ഒരാളെ വെട്ടുകയും ചെയ്തു. അങ്ങനെയൊരു നിർണായക സാഹചര്യത്തിൽപ്പോലും, ദൈവേഷ്ടം എന്താണെന്നു തിരിച്ചറിയാൻ യേശു ശിഷ്യന്മാരെ സഹായിച്ചു എന്ന് മത്തായി 26:52-54-ലെ സമാന്തര വിവരണത്തിൽ നാം വായിക്കുന്നു. ഉല്പത്തി 9:6-ൽ കാണുന്ന തത്ത്വവും സങ്കീർത്തനം 22-ലും യെശയ്യാവു 53-ലും പറഞ്ഞിരിക്കുന്ന പ്രവചനങ്ങളും മനസ്സിൽപ്പിടിച്ചുകൊണ്ട് യേശു ആ അവസരത്തിൽ നൽകിയ ഉപദേശം വലിയൊരു രക്തച്ചൊരിച്ചിൽ ഒഴിവാക്കിയെന്നു മാത്രമല്ല, യഹോവയെ പ്രസാദിപ്പിക്കുകയും ചെയ്തു.
4 ദിവ്യാധിപത്യ പ്രസിദ്ധീകരണങ്ങൾ ഉപയോഗപ്പെടുത്തുക.
“വീട്ടുകാർക്കു തക്കസമയത്ത് ഭക്ഷണം കൊടുക്കേണ്ടതിന് യജമാനൻ അവരുടെമേൽ നിയോഗിച്ച വിശ്വസ്തനും വിവേകിയുമായ അടിമ ആർ?”—മത്താ. 24:45.
ജീവത്പ്രധാനമായ ആത്മീയ വിവരങ്ങൾ പ്രദാനംചെയ്യാൻ യേശു ഒരു വിശ്വസ്ത അടിമവർഗത്തെ നിയോഗിച്ചിട്ടുണ്ട്. ഗൗരവമേറിയ വിഷയങ്ങളിൽ മറ്റുള്ളവർക്ക് ഉപദേശവും മാർഗനിർദേശവും നൽകുന്നതിനുമുമ്പ്, ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളിലൂടെ ലഭിക്കുന്ന അത്തരം വിവരങ്ങൾ ഗവേഷണം ചെയ്യുന്ന പതിവ് നിങ്ങൾക്കുണ്ടോ?
വാച്ച്ടവർ പ്രസിദ്ധീകരണ സൂചികയും വാച്ച്ടവർ ലൈബ്രറിയും a മികച്ച ഗവേഷണോപാധികളാണ്. ആത്മീയ വിവരങ്ങളുടെ ഈ അക്ഷയഖനിയെ വിലകുറച്ചു കാണുന്നത് എത്ര ബുദ്ധിശൂന്യമായിരിക്കും! ആയിരക്കണക്കിനു വിഷയങ്ങൾ അതിൽ പ്രതിപാദിച്ചിട്ടുണ്ട്; ആവശ്യമായ ഏതു മാർഗനിർദേശവും അതിൽ കണ്ടെത്താം. ഉൾപ്പെട്ടിരിക്കുന്ന ബൈബിൾ തത്ത്വങ്ങൾ കണ്ടെത്താനും ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ യുക്തിസഹമായി ചിന്തിക്കാനും മറ്റുള്ളവരെ സഹായിക്കുന്നതിൽ നിങ്ങൾക്ക് എത്ര നൈപുണ്യമുണ്ട്? എവിടെയാണ് നിൽക്കുന്നതെന്നും ലക്ഷ്യസ്ഥാനത്തേക്കുള്ള വഴി ഏതാണെന്നും കണ്ടുപിടിക്കാൻ ഒരു ഭൂപടം സഹായകമായിരിക്കുന്നതുപോലെ, ജീവന്റെ പാതയിൽത്തന്നെയാണോ താൻ നിൽക്കുന്നത് എന്ന് തിരിച്ചറിയാനും ആ പാതയിൽ തുടരാനും ഈ ഗവേഷണോപാധികൾ ഒരുവനെ സഹായിക്കും.
സൂചികയും വാച്ച്ടവർ ലൈബ്രറിയും ഉപയോഗിച്ചുകൊണ്ട് ആവശ്യമായ ലേഖനങ്ങൾ കണ്ടുപിടിക്കാനും തിരുവെഴുത്തുകളെ ആധാരമാക്കി ചിന്തിക്കാനും പല മൂപ്പന്മാരും സഹവിശ്വാസികളെ പരിശീലിപ്പിച്ചിട്ടുണ്ട്. സംശയങ്ങൾക്കുള്ള ഉത്തരം സ്വയം കണ്ടെത്താൻ മാത്രമല്ല, ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളിൽ ഗവേഷണം നടത്തുന്ന ഒരു ശീലം വളർത്തിയെടുക്കാനും യഹോവയുടെ ആത്മീയ കരുതലുകളിൽ ആശ്രയിക്കാനും ഇത് പ്രസാധകരെ സഹായിച്ചിരിക്കുന്നു. അങ്ങനെ, ‘ശരിയും തെറ്റും തിരിച്ചറിയാൻ തക്കവിധം അവരുടെ വിവേചനാപ്രാപ്തി പരിശീലിപ്പിക്കപ്പെടുന്നു.’—എബ്രാ. 5:14.
5 മറ്റുള്ളവർക്കുവേണ്ടി തീരുമാനങ്ങൾ എടുക്കരുത്.
“ഓരോരുത്തനും താന്താന്റെ ചുമടു ചുമക്കണമല്ലോ.”—ഗലാ. 6:5.
ഏത് ഉപദേശം സ്വീകരിക്കണം, ഏത് തിരസ്കരിക്കണം എന്നു തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയുമാണ്. ദിവ്യനിയമങ്ങൾ അനുസരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ദൈവം എല്ലാ മനുഷ്യർക്കും നൽകിയിട്ടുണ്ട്. (ആവ. 30:19, 20) ചില സാഹചര്യങ്ങളിൽ ഒന്നിലധികം ബൈബിൾ തത്ത്വങ്ങൾ ബാധകമായെന്നുവരാം. എന്തുതന്നെയായാലും, ഉപദേശം തേടുന്ന വ്യക്തിയാണ് തീരുമാനം എടുക്കേണ്ടത്. ഉൾപ്പെട്ടിരിക്കുന്ന പ്രശ്നവും ഉപദേശം തേടുന്ന വ്യക്തിയുടെ പ്രായവും കണക്കിലെടുത്തുകൊണ്ട് നാം നമ്മോടുതന്നെ ഈ ചോദ്യം ചോദിക്കണം: ‘ഈ ചോദ്യത്തിന് പരിഹാരം നിർദേശിക്കാനുള്ള സ്ഥാനത്താണോ ഞാൻ?’ ചില വിഷയങ്ങളിൽ സഭാമൂപ്പന്മാരുടെ സഹായം തേടാൻ ആ വ്യക്തിയെ പ്രോത്സാഹിപ്പിക്കുന്നതാണ് ഉചിതം. ഇനി, ഉപദേശം തേടുന്നത് ഒരു കുട്ടിയാണെങ്കിൽ, മാതാപിതാക്കളുടെ സഹായം തേടാൻ അവനോട് പറയാം.
[അടിക്കുറിപ്പ്]
a സിഡി റോമിലുള്ള വാച്ച്ടവർ ലൈബ്രറി ഇപ്പോൾ 39 ഭാഷകളിൽ ലഭ്യമാണ്; വാച്ച്ടവർ പ്രസിദ്ധീകരണ സൂചിക 45-ലധികം ഭാഷകളിലും. രണ്ടും പക്ഷേ മലയാളത്തിൽ ലഭ്യമല്ല.
[8-ാം പേജിലെ ചതുരം/ചിത്രം]
കുടുംബാരാധനയിൽ ഉൾപ്പെടുത്താം!
അടുത്തയിടെ, ഉപദേശം തേടി ആരെങ്കിലും നിങ്ങളെ സമീപിച്ചോ? ഉപദേശം തേടിവരുന്ന ഒരാൾക്ക് സഹായകമായ എന്തെല്ലാം വിവരങ്ങൾ നിങ്ങൾക്കു നൽകാൻ കഴിയും? പ്രയോജനകരമായ ചില ലേഖനങ്ങളും ബൈബിൾ തത്ത്വങ്ങളും ഏതൊക്കെയായിരിക്കാം? കുടുംബാരാധനയുടെ സമയത്ത്, അതു ഗവേഷണം ചെയ്യാവുന്നതാണ്. ഒരു സഹോദരനോ സഹോദരിയോ വിവാഹ ഇണയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ നിങ്ങളോട് അഭിപ്രായം ചോദിക്കുന്നു എന്നിരിക്കട്ടെ. ഒരു ഉപദേശം നൽകുന്നതിനുമുമ്പ്, സൂചികയോ വാച്ച്ടവർ ലൈബ്രറിയോ ഉപയോഗിച്ച് ഗവേഷണം നടത്തുക. ആദ്യം, ഈ വിഷയത്തെപ്പറ്റിയുള്ള ലേഖനങ്ങൾ ഉണ്ടോയെന്നു നോക്കാം. ഉദാഹരണത്തിന് സൂചികയിൽ, “ഡേറ്റിങ്” അല്ലെങ്കിൽ “വിവാഹം” എന്നീ തലക്കെട്ടുകൾക്കു കീഴിലുള്ള ഉപവിഷയങ്ങൾ പരിശോധിക്കാം. മുഖ്യശീർഷകത്തോടൊപ്പം മറ്റേതെങ്കിലും വിഷയംകൂടെ കാണാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ (ഉദാ: കോർട്ടിങ്ങും കാണുക) അതും നോക്കാൻ മറക്കരുത്. ഒരുപക്ഷേ, നിങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ അവിടെ കണ്ടെത്താൻ കഴിഞ്ഞേക്കും.
[9-ാം പേജിലെ ചതുരം]
ഫലപ്രദമായ ഉപദേശം നൽകാനും സ്വീകരിക്കാനും നമുക്കു കഴിയുന്നത് തന്റെ സംഘടനയിലൂടെ യഹോവ ചെയ്തിരിക്കുന്ന കരുതലുകൾ നിമിത്തമാണ്. സഭാപ്രസംഗി 12:11 പറയുന്നു: “ജ്ഞാനികളുടെ വചനങ്ങൾ മുടിങ്കോൽ പോലെയും, സഭാധിപന്മാരുടെ വാക്കുകൾ (“സമാഹരിക്കപ്പെട്ട സൂക്തങ്ങൾ,” പി.ഒ.സി. ബൈബിൾ) തറെച്ചിരിക്കുന്ന ആണികൾപോലെയും ആകുന്നു; അവ ഒരു ഇടയനാൽ തന്നേ നല്കപ്പെട്ടിരിക്കുന്നു.” കന്നുകാലികളെ തെളിക്കാൻ ഉപയോഗിച്ചിരുന്ന കൂർത്ത മുനയുള്ള വടിയാണ് മുടിങ്കോൽ. സ്നേഹത്തോടെയുള്ള ഉപദേശങ്ങൾ മുടിങ്കോൽ പോലെ വർത്തിക്കുന്നു. അത് ആത്മാർഥതയുള്ളവരെ ശരിയായ വഴിയിൽ നയിക്കും. “ആണികൾ” ഒരു നിർമിതിയെ ഉറപ്പും സ്ഥിരതയുമുള്ളതായി നിറുത്തുന്നതുപോലെ, നല്ല ഉപദേശങ്ങൾ സ്ഥായിയായ പ്രയോജനങ്ങൾ കൈവരുത്തും. ജ്ഞാനികളായവർ ഉത്സാഹത്തോടെ, തങ്ങളുടെ ‘ഇടയനായ’ യഹോവയുടെ ജ്ഞാനം പ്രതിഫലിപ്പിക്കുന്ന “സൂക്തങ്ങൾ” പരിശോധിക്കും.
നമ്മുടെ ഇടയന്റെ ജ്ഞാനമായിരിക്കട്ടെ നമ്മുടെ ഉപദേശങ്ങളിൽ നിഴലിക്കുന്നത്! എന്നാൽ, ഗുണകരമായ ഉപദേശങ്ങൾ നൽകുന്നതുപോലെതന്നെ പ്രധാനമാണ് ഉപദേശം തേടിവരുന്ന വ്യക്തിക്കു പറയാനുള്ളത് ശ്രദ്ധിച്ചുകേൾക്കുന്നതും. ബൈബിൾ തത്ത്വങ്ങളെ ആധാരമാക്കി നാം ഉപദേശം നൽകുമ്പോൾ അത് ജ്ഞാനവത്തായിരിക്കും എന്നു മാത്രമല്ല, കേൾക്കുന്ന വ്യക്തിക്ക് നിത്യനന്മ കൈവരുത്തുകയും ചെയ്യും.