വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വാർഷിക സേവന റിപ്പോർട്ടിലെ കണക്കുകളിൽനിന്ന്‌ നാം എന്താണ്‌ മനസ്സിലാക്കേണ്ടത്‌?

ഓരോ വർഷവും നാം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നുണ്ട്‌: വാർഷികപുസ്‌തകത്തിലും ഫെബ്രുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിലും പ്രസിദ്ധീകരിക്കുന്ന സേവന റിപ്പോർട്ട്‌. യഹോവയുടെ ജനം ഒരു കൂട്ടമെന്നനിലയിൽ ആഗോള രാജ്യപ്രസംഗ-പഠിപ്പിക്കൽ വേലയിൽ കൈവരിക്കുന്ന നേട്ടങ്ങൾ നമ്മെ പുളകംകൊള്ളിക്കുന്നവയാണ്‌. എന്നാൽ ഈ റിപ്പോർട്ടിൽനിന്ന്‌ കൂടുതൽ പ്രയോജനം ലഭിക്കണമെങ്കിൽ നമുക്ക്‌ അതിനെക്കുറിച്ച്‌ ശരിയായ ധാരണയുണ്ടായിരിക്കണം. ചില ഉദാഹരണങ്ങൾ നോക്കാം.

സേവനവർഷം. സെപ്‌റ്റംബർ മാസം തുടങ്ങി അടുത്ത വർഷം ആഗസ്റ്റ്‌ മാസം വരെയാണ്‌ ഒരു സേവനവർഷം. മുൻ സേവനവർഷത്തിലെ റിപ്പോർട്ടാണ്‌ വാർഷിക സേവന റിപ്പോർട്ടിൽ വരുക. അതായത്‌, 2011 ഫെബ്രുവരിയിലെ നമ്മുടെ രാജ്യ ശുശ്രൂഷയിലുള്ളത്‌ സേവനവർഷം 2010-ലെ റിപ്പോർട്ടാണ്‌; അതായത്‌, 2009 സെപ്‌റ്റംബർ 1 തുടങ്ങി 2010 ആഗസ്റ്റ്‌ 31 വരെയുള്ള റിപ്പോർട്ട്‌.

പ്രസാധക അത്യുച്ചവും ശരാശരി പ്രസാധകരും. “പ്രസാധകർ” എന്നു പറയുമ്പോൾ അതിൽ സ്‌നാനമേറ്റ സാക്ഷികളും രാജ്യപ്രസംഗവേലയിൽ ഏർപ്പെടാൻ യോഗ്യതപ്രാപിച്ച സ്‌നാനമേറ്റിട്ടില്ലാത്തവരും ഉൾപ്പെടും. ഒരു സേവനവർഷത്തിൽ ഏറ്റവും അധികംപേർ റിപ്പോർട്ടുചെയ്‌ത മാസത്തെ പ്രസാധകരുടെ എണ്ണമാണ്‌ “പ്രസാധക അത്യുച്ച”മായി കണക്കാക്കുന്നത്‌. മുൻ മാസത്തിൽ ഉൾപ്പെടുത്താൻ കഴിയാതെപോയ റിപ്പോർട്ടും ഈ കണക്കിൽപ്പെട്ടേക്കാം. ചില പ്രസാധകരെ രണ്ടുവട്ടം കണക്കിൽ ഉൾപ്പെടുത്തിയേക്കാം എന്നു സാരം. അതേസമയം, ശുശ്രൂഷയിൽ ഏർപ്പെട്ട, എന്നാൽ റിപ്പോർട്ടുചെയ്യാൻ മറന്നുപോയ പ്രസാധകർ ഈ അത്യുച്ചത്തിൽപ്പെടുകയുമില്ല. പ്രസാധകർ എല്ലാവരും അതാതു മാസത്തെ റിപ്പോർട്ട്‌ കൃത്യമായി നൽകേണ്ടതിന്റെ പ്രാധാന്യം മനസ്സിലായിക്കാണുമല്ലോ! പ്രസാധകരുടെ ഒരു വർഷത്തെ ശരാശരിയാണ്‌ “ശരാശരി പ്രസാധകർ.”

മൊത്തം മണിക്കൂർ. യഹോവയുടെ സാക്ഷികൾ കഴിഞ്ഞ സേവനവർഷം 160 കോടിയിൽപ്പരം മണിക്കൂർ വയൽശുശ്രൂഷയിൽ ചെലവഴിച്ചതായി 2011-ലെ വാർഷിക സേവന റിപ്പോർട്ട്‌ പറയുന്നു. ഇടയവേല, യോഗങ്ങൾ, വ്യക്തിപരമായ ബൈബിൾ പഠനം, ധ്യാനം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾക്ക്‌ നാം പതിവായി ചെലവഴിക്കുന്ന സമയം ഇതിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ നാം ആരാധനയ്‌ക്കു ചെലവഴിക്കുന്ന മൊത്തം സമയമായി ഇതിനെ കണക്കാക്കാനാവില്ല.

ചെലവഴിച്ച തുക. പ്രത്യേക പയനിയർമാരെയും മിഷനറിമാരെയും സഞ്ചാര മേൽവിചാരകന്മാരെയും അവരുടെ വയൽസേവന നിയമനങ്ങളിൽ സഹായിക്കുന്നതിന്‌ സേവനവർഷം 2010-ൽ യഹോവയുടെ സാക്ഷികൾ 697 കോടിയിലധികം രൂപ ചെലവഴിച്ചു. ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങൾ അച്ചടിക്കുന്നതിനുള്ള ചെലവോ ലോകമെമ്പാടുമുള്ള ബ്രാഞ്ചുകളിൽ സേവിക്കുന്ന 20,000-ത്തിൽപ്പരം ബെഥേൽ അംഗങ്ങൾക്കായി ചെലവഴിക്കുന്ന പണമോ ഇതിൽ ഉൾപ്പെടുന്നില്ല.

സ്‌മാരക ചിഹ്നങ്ങളിൽ പങ്കുപറ്റിയവർ. ലോകവ്യാപകമായി സ്‌മാരക ചിഹ്നങ്ങളിൽ പങ്കുപറ്റുന്ന സ്‌നാനമേറ്റവരുടെ എണ്ണമാണിത്‌. ഭൂമിയിലുള്ള അഭിഷിക്തരുടെ മൊത്തം എണ്ണത്തെയാണോ ഇത്‌ സൂചിപ്പിക്കുന്നത്‌? അവശ്യം അല്ല. മുൻ മതവിശ്വാസം, മാനസിക-വൈകാരിക പ്രശ്‌നങ്ങൾ എന്നിവ ഉൾപ്പെടെ പല കാരണങ്ങളാൽ, തങ്ങൾക്ക്‌ സ്വർഗീയവിളിയുണ്ടെന്ന്‌ ചിലർ തെറ്റായി നിഗമനംചെയ്യാനിടയുണ്ട്‌. അതുകൊണ്ട്‌ ഭൂമിയിലുള്ള അഭിഷിക്തരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താൻ മാർഗമൊന്നുമില്ല; അതിന്റെ ആവശ്യവുമില്ല. ലോകമെങ്ങുമുള്ള അഭിഷിക്തരുമായി ഭരണസംഘം ബന്ധപ്പെടുന്നില്ലാത്തതിനാൽ ചിഹ്നങ്ങളിൽ പങ്കുപറ്റുന്നവരുടെയെല്ലാം പേരുവിവരങ്ങൾ അവർ സൂക്ഷിക്കാറില്ല. *

എന്നാൽ, നമുക്ക്‌ അറിയാവുന്നത്‌ ഇതാണ്‌: മഹാകഷ്ടത്തിന്റെ വിനാശകരമായ കാറ്റ്‌ ആഞ്ഞടിക്കുമ്പോൾ “നമ്മുടെ ദൈവത്തിന്റെ (അഭിഷിക്ത) ദാസന്മാ”രിൽ ചിലർ ഭൂമിയിലുണ്ടാകും. (വെളി. 7:1-3) മനുഷ്യചരിത്രത്തിൽ നടന്നിട്ടുള്ളതിലേക്കും വലിയ പ്രസംഗ-പഠിപ്പിക്കൽ വേലയ്‌ക്ക്‌—വാർഷിക സേവന റിപ്പോർട്ട്‌ അതിന്റെ സാക്ഷ്യപത്രമാണ്‌—അതുവരെ അവർ നേതൃത്വംനൽകും.

[അടിക്കുറിപ്പ്‌]