ലളിതമായ ഇംഗ്ലീഷിൽ ഒരു പുതിയ പതിപ്പ്
ലളിതമായ ഇംഗ്ലീഷിൽ ഒരു പുതിയ പതിപ്പ്
ഈ ലക്കം മുതൽ വീക്ഷാഗോപുരത്തിന്റെ അധ്യയന പതിപ്പിനൊപ്പം ലളിതമായ ഇംഗ്ലീഷിലുള്ള മറ്റൊരു പതിപ്പുകൂടി പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നു എന്ന് അറിയിക്കാൻ ഞങ്ങൾക്കു സന്തോഷമുണ്ട്. അടുത്ത ഒരു വർഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ഇത് പ്രസിദ്ധീകരിക്കുക. അധ്യയന ലേഖനങ്ങളും തിരഞ്ഞെടുത്ത മറ്റു ചില ലേഖനങ്ങളുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യഹോവയുടെ സാക്ഷികളായ അനേകരെ ഇത് ആത്മീയമായി ഏറെ സഹായിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്?
കെനിയ, ഘാന, നൈജീരിയ, പാപ്പുവ ന്യൂഗിനി, ഫിജി, ലൈബീരിയ, സോളമൻ ദ്വീപുകൾ എന്നിവിടങ്ങളിൽ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാണ്. ഇവിടെയുള്ള സഹോദരങ്ങൾ മറ്റു പ്രാദേശിക ഭാഷകൾ സംസാരിക്കുമെങ്കിലും സഭായോഗങ്ങളിലും വയൽസേവനത്തിലും അവർ ഇംഗ്ലീഷാണ് സാധാരണ ഉപയോഗിക്കാറുള്ളത്. എന്നാൽ നമ്മുടെ പ്രസിദ്ധീകരണങ്ങളിലേതിനെക്കാൾ ലളിതമായ ഇംഗ്ലീഷാണ് അവരുടേത്. കൂടാതെ, അന്യനാടുകളിലേക്കു കുടിയേറിയിട്ടുള്ള സഹോദരങ്ങളിൽ പലർക്കും ഇംഗ്ലീഷ് അത്ര വശമില്ലെങ്കിലും അത് ഉപയോഗിക്കേണ്ടതായിവരുന്നു. എന്നുതന്നെയല്ല മാതൃഭാഷയിലുള്ള സഭായോഗങ്ങളിൽ സംബന്ധിക്കാനും അവർക്കു കഴിയുന്നില്ല.
തക്കസമയത്തെ പോഷകസമൃദ്ധമായ ആത്മീയാഹാരം നമുക്കു പ്രധാനമായും ലഭിക്കുന്നത് വാരന്തോറുമുള്ള വീക്ഷാഗോപുര അധ്യയനത്തിലൂടെ ആയതിനാലാണ് ഹാജരാകുന്ന എല്ലാവർക്കും പൂർണപ്രയോജനം ലഭിക്കുന്നതിനുവേണ്ടി എളുപ്പം മനസ്സിലാകുന്ന വാക്കുകളും ലളിതമായ വ്യാകരണവും വാക്യഘടനയും ഉള്ള പുതിയ പതിപ്പ് ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്നത്. സാധാരണ അധ്യയന പതിപ്പിൽനിന്നു വ്യത്യസ്തമായൊരു പുറന്താളായിരിക്കും ഈ മാസികയ്ക്ക് ഉണ്ടായിരിക്കുക. എന്നാൽ, അധ്യയന ലേഖനങ്ങളിലുള്ള ഉപതലക്കെട്ടുകളും ഖണ്ഡികകളും പുനരവലോകന ചോദ്യങ്ങളും ഈ മാസികയിലും ഉണ്ട്, ലളിതമായ ഭാഷയിലാണെന്നുമാത്രം. ചിത്രങ്ങൾക്കു മാറ്റമുണ്ടാവില്ല. അതിനാൽ, ഇംഗ്ലീഷിലുള്ള വീക്ഷാഗോപുര അധ്യയന വേളയിൽ സദസ്യർക്ക് ഇവയിൽ ഏതു മാസിക വേണമെങ്കിലും ഉപയോഗിക്കാം. രണ്ടുപതിപ്പിലും ആശയങ്ങൾ അവതരിപ്പിച്ചിരിക്കുന്നതിലുള്ള വ്യത്യാസം മനസ്സിലാക്കാൻ ചുവടെയുള്ള ഉദാഹരണം സഹായിക്കും. ഈ ലക്കത്തിലെ ഒന്നാം അധ്യയന ലേഖനത്തിന്റെ രണ്ടാം ഖണ്ഡികയിൽനിന്നുള്ള ഒരു ഭാഗമാണ് ചുവടെ കൊടുത്തിരിക്കുന്നത്.
“നിന്റെ കല്പനകളെ പഠിപ്പാൻ എനിക്കു ബുദ്ധി നല്കേണമേ” എന്ന് യഹോവയോടു യാചിച്ച സഹോദരങ്ങൾക്കുള്ള ഉത്തരമായിത്തീരും ഈ പുതിയ പതിപ്പ് എന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു. (സങ്കീ. 119:73) ഇംഗ്ലീഷ് സഭയോടൊത്തു സഹവസിക്കുന്നെങ്കിലും ആ ഭാഷ അത്ര അറിയില്ലാത്തവർക്കും കൊച്ചുകുട്ടികൾക്കും ഇനി വീക്ഷാഗോപുര അധ്യയനത്തിനുവേണ്ടി തയ്യാറാകുന്നത് കുറെക്കൂടി എളുപ്പമാകും. “മുഴുസഹോദരവർഗ”ത്തോടുമുള്ള സ്നേഹത്തെപ്രതി വിഭവസമൃദ്ധമായ ആത്മീയ ഭക്ഷണം നൽകാൻ “വിശ്വസ്തനും വിവേകിയുമായ അടിമ”യെ ഉപയോഗിക്കുന്ന യഹോവയാം ദൈവത്തിന് നമുക്ക് നന്ദി നൽകാം.—1 പത്രോ. 2:17; മത്താ. 24:45.
യഹോവയുടെ സാക്ഷികളുടെ ഭരണസംഘം