ശ്രമിച്ചുനോക്കൂ, ഫലം നിശ്ചയം!
ശ്രമിച്ചുനോക്കൂ, ഫലം നിശ്ചയം!
മക്കളെ “യഹോവയുടെ ശിക്ഷണത്തിലും അവന്റെ ചിന്തകൾക്ക് അനുസൃതമായും” വളർത്തിക്കൊണ്ടുവരുന്നതിന് കുടുംബാരാധന കൂടിയേതീരൂ. (എഫെ. 6:4) പക്ഷേ, കുട്ടികളുടെ ശ്രദ്ധ പിടിച്ചുനിറുത്തുന്നത് അത്ര എളുപ്പമല്ലെന്ന് മാതാപിതാക്കളായ നിങ്ങൾക്ക് അറിയാം. ഇക്കാര്യത്തിൽ നിങ്ങൾക്ക് എന്തു ചെയ്യാനാകും? ചില മാതാപിതാക്കൾ എന്താണു ചെയ്തിരിക്കുന്നത് എന്നു നോക്കാം.
യു.എസ്.എ.-യിലെ കാലിഫോർണിയയിലുള്ള ജോർജ് പറയുന്നതു കേൾക്കൂ: “കുട്ടികൾ തീരെ ചെറുതായിരുന്നപ്പോൾ കുടുംബബൈബിളധ്യയനം രസകരമാക്കാൻ ഞാനും ഭാര്യയും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ചിലപ്പോൾ, എന്റെ ബൈബിൾ കഥാപുസ്തകം വായിക്കുമ്പോൾ ഞങ്ങളെല്ലാം അതിലെ കഥാപാത്രങ്ങളെപ്പോലെ വേഷം അണിഞ്ഞ് അഭിനയിക്കുമായിരുന്നു. വാൾ, ചെങ്കോൽ, കൂടകൾ. . . അങ്ങനെ പല സാധനസാമഗ്രികളും ഞങ്ങൾ അതിനുവേണ്ടി ഉണ്ടാക്കി. ‘ഞാൻ ആരാണെന്നു പറയാമോ’ പോലുള്ള കളികളും, എളുപ്പമുള്ളതും അല്ലാത്തതുമായ ചോദ്യങ്ങൾവെച്ചുള്ള കളികളും ഞങ്ങൾ കളിച്ചിരുന്നു. നോഹയുടെ പെട്ടകത്തിന്റെ മാതൃക നിർമിക്കുക, ചില ബൈബിൾ സംഭവങ്ങളുടെ സമയരേഖ ഉണ്ടാക്കുക എന്നിവപോലുള്ള പ്രോജക്ടുകളും ഞങ്ങൾ അധ്യയനത്തിന്റെ ഭാഗമാക്കി. മറ്റു ചിലപ്പോൾ ഞങ്ങൾ ബൈബിൾക്കഥകളുടെയും കഥാപാത്രങ്ങളുടെയും പടം വരയ്ക്കുമായിരുന്നു. എഫെസ്യർ 6:11-17-ൽ വിവരിച്ചിരിക്കുന്ന ആത്മീയ പടച്ചട്ടയുടെ ഭാഗങ്ങൾ വരച്ചുതീർക്കാനാണ് ഞങ്ങൾ ഇപ്പോൾ ലക്ഷ്യമിട്ടിരിക്കുന്നത്. ഓരോ ഭാഗവും എന്തിനെ സൂചിപ്പിക്കുന്നു എന്ന് ഓരോരുത്തരും പറയണം. ഇങ്ങനെയെല്ലാം, അധ്യയനവേളകൾ ആഹ്ലാദകരമാക്കാൻ ഞങ്ങൾക്കു കഴിഞ്ഞിരിക്കുന്നു.”
യു.എസ്.എ.-യിലെ മിഷിഗണിലുള്ള ഒരു അമ്മയാണ് ഡെബി. അവർ പറയുന്നത് ഇങ്ങനെയാണ്: “ഞങ്ങളുടെ മകൾക്ക് ഏകദേശം മൂന്നുവയസ്സുള്ളപ്പോൾ അവളെ കാര്യങ്ങൾ പഠിപ്പിക്കുന്നത് ഏറെ ശ്രമകരമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം എന്റെ ബൈബിൾ കഥാപുസ്തകത്തിൽനിന്ന് അവൾക്ക് യിസ്ഹാക്കിന്റെയും റിബെക്കായുടെയും കഥ വായിച്ചുകൊടുക്കുന്നതിനിടയിൽ ഞാൻ ഒരു കാര്യം ചെയ്തു: രണ്ടുപാവകൾ എടുത്ത് ഈ കഥാപാത്രങ്ങളെപ്പോലെ അഭിനയിപ്പിച്ചു. അവൾ ഒരക്ഷരം വിടാതെ കേട്ടിരുന്നു! പിന്നീട് ആ പാവകൾ എത്രയെത്ര ബൈബിൾ കഥാപാത്രങ്ങളായി മാറി! പിന്നെപ്പിന്നെ, കഥ കേട്ടു കഴിയുമ്പോൾ അതിലെ കഥാപാത്രങ്ങൾക്കു ചേരുന്ന കളിപ്പാട്ടങ്ങളും മറ്റും അവൾ തിരയാൻ തുടങ്ങും. അവൾക്ക് അതിന് വലിയ ഉത്സാഹമായിരുന്നു! ചുവന്ന ചരടു തൂങ്ങിക്കിടക്കുന്ന രാഹാബിന്റെ വീടുണ്ടാക്കാൻ അവൾ കണ്ടെത്തിയത് ഷൂ വാങ്ങുമ്പോൾ കിട്ടുന്ന പെട്ടിയും ഒരു ചുവന്ന റിബണുമാണ്. സംഖ്യാപുസ്തകം 21:4-9-ൽ വിവരിച്ചിരിക്കുന്ന താമ്രസർപ്പത്തെ ഉണ്ടാക്കാൻ അവൾ എന്താണ് ചെയ്തതെന്നോ? അഞ്ചടി നീളമുള്ള, പാമ്പിന്റെ ആകൃതിയിലുള്ള ഒരു കളിപ്പാട്ടം കമ്പിൽ ചുറ്റി. ഇത്തരം സാധനങ്ങളെല്ലാം ഞങ്ങൾ ഒരു ബാഗിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. പലപ്പോഴും അവൾ ഈ ‘ബൈബിൾക്കഥാബാഗി’ലുള്ള സാധനങ്ങൾ തപ്പിയെടുത്തു കളിക്കുന്നത് നോക്കിനിൽക്കാൻ നല്ല രസമാണ്. അവളുടെ കുഞ്ഞുമനസ്സിൽ തോന്നുന്നതുപോലെ അവൾ ഓരോ കഥകളും അവതരിപ്പിക്കുമ്പോൾ ഞങ്ങൾക്ക് എത്ര സന്തോഷമാണെന്നോ!”
കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നത് നിസ്സാരകാര്യമല്ല. യഹോവയെ സേവിക്കാനുള്ള ആഗ്രഹം അവരിൽ ഉൾനടാൻ വാരന്തോറും ഒരു വൈകുന്നേരം നീക്കിവെച്ചതുകൊണ്ടുമാത്രം മതിയാകില്ല എന്നത് സത്യമാണ്. എന്നാൽ ഓർക്കുക: അർഥവത്തായ ഒരു കുടുംബാരാധന ഉണ്ടെങ്കിൽ മറ്റവസരങ്ങളിലും കുട്ടികൾക്കു വേണ്ട ആത്മീയ നിർദേശങ്ങൾ നൽകാൻ എളുപ്പമായിരിക്കും. കുടുംബാരാധന ആസ്വാദ്യമാക്കാൻ നിങ്ങൾ ചെയ്യുന്ന ശ്രമങ്ങളൊന്നും പാഴാകില്ല, നിശ്ചയം!