പൊതുജനാഭിപ്രായത്തിനു വഴങ്ങരുത്
പൊതുജനാഭിപ്രായത്തിനു വഴങ്ങരുത്
ഒരു പ്രദേശത്തു സ്വീകാര്യമായ കാര്യം മറ്റൊരിടത്ത് അസ്വീകാര്യമായിരിക്കാം. അതുപോലെതന്നെ ഒരിടത്ത് പ്രശംസാർഹമായത് മറ്റൊരിടത്ത് നിന്ദ്യമായിരിക്കാം. കാലം മാറുന്നതനുസരിച്ചും ആളുകളുടെ വീക്ഷണഗതിക്ക് മാറ്റംവരും. അതുകൊണ്ട് പണ്ടു നടന്ന സംഭവങ്ങളെക്കുറിച്ചുള്ള തിരുവെഴുത്തു വിവരണങ്ങൾ വായിക്കുമ്പോൾ അക്കാലത്തെ ആളുകളുടെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും മനസ്സിൽപ്പിടിക്കുന്നത് നന്നായിരിക്കും.
ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ മാനത്തെയും അപമാനത്തെയും കുറിച്ചു പരാമർശിച്ചിരിക്കുന്ന ഭാഗങ്ങൾതന്നെ എടുക്കുക. ആ വിവരണങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ, അന്നത്തെ ആളുകൾ അവയെ എങ്ങനെയാണു വീക്ഷിച്ചിരുന്നത് എന്നു നാം അറിയേണ്ടതുണ്ട്.
മാനവും അപമാനവും—ഒന്നാം നൂറ്റാണ്ടിൽ
“ഗ്രീക്കുകാരുടെയും റോമാക്കാരുടെയും യഹൂദന്മാരുടെയും സംസ്കാരത്തിൽ, മാനിക്കപ്പെടുന്നതിനെയും അപമാനിക്കപ്പെടുന്നതിനെയും അതീവ ഗൗരവത്തോടെ വീക്ഷിച്ചിരുന്നു” എന്ന് ഒരു പണ്ഡിതൻ അഭിപ്രായപ്പെട്ടു. അന്ന് ആളുകൾ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് വലിയ വിലകൽപ്പിച്ചിരുന്നു. “കീർത്തി, സത്പേര്, പ്രശസ്തി, അംഗീകാരം, ആദരവ് എന്നിവയ്ക്കുവേണ്ടി മനുഷ്യർ ജീവിക്കുകയും മരിക്കുകയും ചെയ്തു” എന്ന് ആ പണ്ഡിതൻ പറയുകയുണ്ടായി.
അടിയാന്മാർമുതൽ പ്രഭുക്കന്മാർവരെയുള്ള വ്യത്യസ്ത സ്ഥാനങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയിരുന്ന ആ സമൂഹത്തിൽ പദവികളും സ്ഥാനമാനങ്ങളും ആയിരുന്നു ആളുകൾക്ക് എല്ലാമെല്ലാം. അവരെ സംബന്ധിച്ചിടത്തോളം, സ്വയം എങ്ങനെ വീക്ഷിക്കുന്നു എന്നതുപോലെതന്നെ പ്രധാനമായിരുന്നു മറ്റുള്ളവർ തങ്ങളെ എങ്ങനെ വീക്ഷിക്കുന്നു എന്നത്. ഒരു വ്യക്തിയെ മാനിക്കുന്നതിൽ മറ്റുള്ളവരുടെ മുമ്പാകെ അദ്ദേഹത്തെ പുകഴ്ത്തുന്നത് ഉൾപ്പെട്ടിരുന്നു. ഒരുവന്റെ ധനത്തിലോ പദവിയിലോ കുലീനതയിലോ മതിപ്പുതോന്നി അദ്ദേഹത്തിന് അർഹിക്കുന്ന പരിഗണന നൽകുന്നതും ആദരവിന്റെ സൂചനയായി കണക്കാക്കി. സത്ക്രിയകൾ ചെയ്തുകൊണ്ടും എന്തിലെങ്കിലും മറ്റുള്ളവരെക്കാൾ മികവുകാട്ടിക്കൊണ്ടും കീർത്തി സമ്പാദിക്കാനാകുമായിരുന്നു. മറിച്ച്, പരസ്യമായി നിന്ദിക്കപ്പെടുകയോ പരിഹസിക്കപ്പെടുകയോ ചെയ്യുന്നത് കടുത്ത അപമാനമായി കണക്കാക്കപ്പെട്ടു. ലജ്ജയും അപമാനവുമൊക്കെ കേവലം മനസ്സാക്ഷിക്കുത്തുനിമിത്തം ഉളവാകുന്നതോ സ്വയം തോന്നുന്നതോ ആയിരുന്നില്ല, പകരം, സമൂഹം അടിച്ചേൽപ്പിക്കുന്നവയായിരുന്നു.
വിരുന്നിനും മറ്റും ചെല്ലുമ്പോൾ എവിടെ ഇരിപ്പിടം ലഭിക്കുന്നു എന്നത് വലിയൊരു അഭിമാനപ്രശ്നമായിരുന്നു അക്കാലത്ത്. വിരുന്നിൽ ‘പ്രമുഖസ്ഥാനത്തോ’ ‘ഒടുവിലത്തെ സ്ഥാനത്തോ’ ഇരിക്കുന്നതിനെക്കുറിച്ചു പരാമർശിച്ചപ്പോൾ ഇക്കാര്യമാണ് യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്. (ലൂക്കോ. 14:8-10) “തങ്ങളുടെ കൂട്ടത്തിൽ ആരാണു വലിയവൻ” എന്നതിനെച്ചൊല്ലി കുറഞ്ഞതു രണ്ടുതവണ യേശുവിന്റെ ശിഷ്യന്മാർക്കിടയിൽപ്പോലും തർക്കമുണ്ടായി. (ലൂക്കോ. 9:46; 22:24) തങ്ങൾ ജീവിച്ച സമൂഹത്തിന്റെ ഒരു സ്വഭാവവിശേഷത പ്രകടിപ്പിക്കുകയായിരുന്നു അവർ അപ്പോൾ. അന്നത്തെ യഹൂദ മതനേതാക്കന്മാരുടെ കാര്യമോ? അഹങ്കാരികളും മത്സരികളുമായ അവർ യേശുവിന്റെ പ്രസംഗപ്രവർത്തനത്തെ തങ്ങളുടെ അധികാരത്തിനും അഭിമാനത്തിനും ഒരു ഭീഷണിയായി കണ്ടു. ജനക്കൂട്ടത്തിന്റെ മുമ്പിൽവെച്ച് യേശുവിനോടു തർക്കിച്ചു ജയിക്കാൻ അവർ ശ്രമിച്ചെങ്കിലും അവർക്ക് ഒരിക്കലും അതിനു കഴിഞ്ഞില്ല.—ലൂക്കോ. 13:11-17.
“പിടിച്ചുകൊണ്ടുപോകുന്നതും പരസ്യമായി കുറ്റവിചാരണ നടത്തുന്നതും” കടുത്ത അപമാനമായാണ് ഒന്നാം നൂറ്റാണ്ടിലെ യഹൂദ, ഗ്രീക്ക്, റോമൻ സമൂഹങ്ങൾ കണ്ടിരുന്നത് എന്ന് മുമ്പു പരാമർശിച്ച പണ്ഡിതൻ പറയുന്നു. ബന്ധനസ്ഥനാക്കപ്പെടുന്നതും തടവിലാകുന്നതുമൊക്കെ വലിയ ആക്ഷേപമായിരുന്നു അവർക്ക്. കുറ്റം തെളിയിക്കപ്പെട്ടാലും ഇല്ലെങ്കിലും അത്തരം നടപടികൾ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും മുന്നിൽ ഒരാൾക്ക് മാനക്കേടുണ്ടാക്കുമായിരുന്നു. ആ പേരുദോഷം എളുപ്പം മായ്ക്കാനാകുമായിരുന്നില്ല. ഒരുവന്റെ ആത്മാഭിമാനം നശിപ്പിക്കാനും മറ്റുള്ളവരുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്താനും അതുമതിയായിരുന്നു. എന്നാൽ ബന്ധനസ്ഥനാക്കപ്പെടുന്നതിനെക്കാൾ നിന്ദാകരമായിട്ടാണ് വസ്ത്രമുരിക്കുന്നതിനെയും
പ്രഹരമേൽക്കുന്നതിനെയും സമൂഹം കണ്ടത്. പരിഹാസവും പുച്ഛവും അത്തരം ആളുകൾക്കു നേരിടേണ്ടിവന്നു.ദണ്ഡനസ്തംഭത്തിലെ മരണമായിരുന്നു നേരിടാവുന്നതിലേക്കും ഏറ്റവും കടുത്ത അപമാനം. അത്തരം വധശിക്ഷ “നൽകിയിരുന്നത് അടിമകൾക്കാണ്” എന്ന് പണ്ഡിതനായ മാർട്ടിൻ ഹെങ്കൽ പറയുന്നു. “അതുകൊണ്ടുതന്നെ അങ്ങേയറ്റത്തെ അപമാനത്തിന്റെയും പീഡനത്തിന്റെയും തരംതാഴ്ത്തലിന്റെയും പ്രതീകമായിരുന്നു അത്.” ഇത്തരത്തിൽ നിന്ദിക്കപ്പെടുന്ന ഒരു വ്യക്തിയെ തള്ളിപ്പറയാൻ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയുംമേൽ സമൂഹം സമ്മർദം ചെലുത്തി. ക്രിസ്തു മരിച്ചത് ഇപ്രകാരമായിരുന്നതിനാൽ ഒന്നാം നൂറ്റാണ്ടിൽ ക്രിസ്ത്യാനികളാകാൻ ആഗ്രഹിച്ചവർക്കെല്ലാം സമൂഹത്തിന്റെ പരിഹാസം നേരിടേണ്ടിവന്നു. സ്തംഭത്തിലേറ്റപ്പെട്ട ഒരുവന്റെ അനുഗാമിയായി അറിയപ്പെടുന്നതിനെ ഭോഷത്തമായിട്ടാണ് മിക്ക ആളുകളും വീക്ഷിച്ചത്. “യഹൂദന്മാർക്ക് ഇടർച്ചാഹേതുവും വിജാതീയർക്ക് ഭോഷത്തവുമെങ്കിലും” “ഞങ്ങളോ സ്തംഭത്തിലേറ്റപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു” എന്ന് പൗലോസ് അപ്പൊസ്തലൻ എഴുതി. (1 കൊരി. 1:23) ഈ സാഹചര്യത്തെ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ എങ്ങനെയാണ് നേരിട്ടത്?
ഒരു വ്യത്യസ്ത വീക്ഷണം
നിയമം അനുസരിച്ചിരുന്നവരാണ് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ. തെറ്റായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് നാണംകെടാതിരിക്കാൻ അവർ ബോധപൂർവം ശ്രമിച്ചിരുന്നു. “നിങ്ങളിൽ ആരും കൊലപാതകിയോ കള്ളനോ ദുഷ്പ്രവൃത്തിക്കാരനോ പരകാര്യങ്ങളിൽ ഇടപെടുന്നവനോ ആയി കഷ്ടം സഹിക്കാൻ ഇടവരാതിരിക്കട്ടെ” എന്ന് പത്രോസ് അപ്പൊസ്തലൻ എഴുതി. (1 പത്രോ. 4:15) എങ്കിലും, തന്നെ അനുഗമിക്കുന്നവർക്ക് തന്റെ നാമത്തെപ്രതി പീഡനം സഹിക്കേണ്ടിവരുമെന്ന് യേശു മുൻകൂട്ടിപ്പറയുകയുണ്ടായി. (യോഹ. 15:20) ‘ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹിക്കേണ്ടിവന്നാൽ ലജ്ജിക്കരുത്. ആ നാമം ധരിച്ചിട്ട് ദൈവത്തെ മഹത്ത്വപ്പെടുത്തുകയത്രേ വേണ്ടത്’ എന്ന് പത്രോസ് പറഞ്ഞു. (1 പത്രോ. 4:16) ക്രിസ്തുവിന്റെ അനുഗാമിയായി കഷ്ടം സഹിക്കുന്നതിൽ നാണക്കേടു തോന്നാതിരിക്കണമെങ്കിൽ അവർ സമൂഹത്തിന്റെ വീക്ഷണം തിരസ്കരിക്കണമായിരുന്നു.
ചുറ്റുമുള്ളവരുടെ നിലവാരങ്ങളനുസരിച്ചു പ്രവർത്തിക്കാൻ ക്രിസ്ത്യാനികൾക്കു കഴിയുമായിരുന്നില്ല. അന്നത്തെ സമൂഹത്തെ സംബന്ധിച്ചിടത്തോളം സ്തംഭത്തിലേറ്റപ്പെട്ട ഒരാളെ മിശിഹായായി കാണുന്നത് മഹാഭോഷത്തമായിരുന്നു. ഇക്കാര്യത്തിൽ പൊതുജനാഭിപ്രായത്തിനു ചെവികൊടുക്കാൻ ക്രിസ്ത്യാനികൾക്കു സമ്മർദം നേരിട്ടിരിക്കണം. എന്നാൽ യേശുവാണ് മിശിഹാ എന്ന് ഉറച്ചുവിശ്വസിച്ച അവർ പരിഹാസം വകവെക്കാതെ അവനെ അനുഗമിക്കേണ്ടിയിരുന്നു. കാരണം, “വ്യഭിചാരവും പാപവുമുള്ള ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയുംകുറിച്ചു ലജ്ജിച്ചാൽ, തന്റെ പിതാവിന്റെ മഹത്ത്വത്തിൽ വിശുദ്ധദൂതന്മാരോടൊപ്പം വരുമ്പോൾ മനുഷ്യപുത്രനും അവനെക്കുറിച്ചു ലജ്ജിക്കും” എന്ന് യേശു പറയുകയുണ്ടായി.—ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാൻ ഇന്ന് നമുക്കും സമ്മർദമുണ്ടാകാം. അധാർമികതയിൽ ഏർപ്പെടാനോ വഞ്ചനകാണിക്കാനോ അത്തരത്തിലുള്ള മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ സഹപാഠികളോ സഹജോലിക്കാരോ അയൽക്കാരോ ഒക്കെ നമ്മെ പ്രേരിപ്പിച്ചേക്കാം. നീതിനിഷ്ഠമായ നിലവാരങ്ങളോടു പറ്റിനിൽക്കുന്നത് ബുദ്ധിമോശവും ലജ്ജാകരവുമാണെന്ന തോന്നൽ നമ്മിലുളവാക്കാൻ അവർ ശ്രമിച്ചെന്നുവരും. അത്തരം സാഹചര്യങ്ങളിൽ നാം എന്തു ചെയ്യണം?
അപമാനം വകവെക്കാതിരുന്നവരെ അനുകരിക്കുക
യഹോവയോടുള്ള വിശ്വസ്തത കാത്തുസൂക്ഷിക്കുന്നതിനായി അങ്ങേയറ്റം നിന്ദാകരമായ മരണത്തിന് യേശു വിധേയനായി. അതെ, ‘അവൻ അപമാനം വകവെക്കാതെ ക്ഷമയോടെ ദണ്ഡനസ്തംഭത്തിലെ മരണം ഏറ്റുവാങ്ങി.’ (എബ്രാ. 12:2) എതിരാളികൾ യേശുവിന്റെ മുഖത്തടിച്ചു, വസ്ത്രമുരിഞ്ഞു; അവനെ തുപ്പി, പ്രഹരിച്ചു, സ്തംഭത്തിൽ തറച്ചു, പരിഹസിച്ചു. (മർക്കോ. 14:65; 15:29-32) എന്നിട്ടും തനിക്കു നേരിട്ട അപമാനമൊന്നും യേശു വകവെച്ചില്ല. അവൻ ധീരതയോടെ ഈ ദുഷ്പെരുമാറ്റമെല്ലാം സഹിച്ചു. എങ്ങനെയാണ് അവന് അതു സാധിച്ചത്? യഹോവയുടെ ദൃഷ്ടിയിൽ തന്റെ അന്തസ്സിനു കോട്ടംതട്ടിയിട്ടില്ലെന്ന് യേശുവിന് അറിയാമായിരുന്നു; അവൻ മനുഷ്യരുടെ അംഗീകാരം ആഗ്രഹിച്ചതുമില്ല. ഒരു അടിമയെ വധിക്കുന്നതുപോലെയാണ് ആളുകൾ അവനെ വധിച്ചത്. എങ്കിലും യഹോവ അവനെ ഉയിർപ്പിച്ച് സ്വർഗത്തിൽ ഉന്നതമായ ഒരു സ്ഥാനം നൽകി അവനെ ആദരിച്ചു. ഫിലിപ്പിയർ 2:8-11-ൽ നാം ഇങ്ങനെ വായിക്കുന്നു: “മനുഷ്യരൂപത്തിൽ ആയിരിക്കെ അവൻ (ക്രിസ്തുയേശു) തന്നെത്തന്നെ താഴ്ത്തി മരണത്തോളം, ദണ്ഡനസ്തംഭത്തിലെ മരണത്തോളംതന്നെ അനുസരണമുള്ളവനായിത്തീർന്നു. അതുകൊണ്ട് ദൈവവും അവനെ മുമ്പത്തെക്കാൾ ഉന്നതമായ സ്ഥാനത്തേക്ക് ഉയർത്തി അവന് മറ്റെല്ലാ നാമങ്ങൾക്കും മേലായ ഒരു നാമം കനിഞ്ഞുനൽകി; യേശുവിന്റെ നാമത്തിങ്കൽ സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലുമുള്ള സകലരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും യേശുക്രിസ്തു കർത്താവ് ആകുന്നുവെന്ന് പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി ഏറ്റുപറയുകയും ചെയ്യേണ്ടതിനുതന്നെ.”
തന്റെ മരണത്തോടനുബന്ധിച്ചു നേരിട്ട അപമാനമൊന്നും യേശുവിനെ ബാധിച്ചില്ലെന്നാണോ ഇതിനർഥം? അല്ല. ദൈവദൂഷകനെന്നു മുദ്രകുത്തി തന്നെ വധിക്കുമ്പോൾ തന്റെ പിതാവിന് ഉണ്ടായേക്കാവുന്ന നിന്ദയെക്കുറിച്ച് യേശുവിന് ഉത്കണ്ഠയുണ്ടായിരുന്നു. അതുകൊണ്ടാണ് അങ്ങനെയൊരു അപമാനത്തിൽനിന്ന് തന്നെ ഒഴിവാക്കാൻ യേശു യഹോവയോട് യാചിച്ചത്. “ഈ പാനപാത്രം എന്നിൽനിന്നു നീക്കേണമേ” എന്ന് അവൻ പ്രാർഥിച്ചു. പക്ഷേ യേശു യഹോവയുടെ ഹിതത്തിനു കീഴ്പെട്ടു. (മർക്കോ. 14:36) താൻ നേരിട്ട സമ്മർദങ്ങളെയെല്ലാം യേശു ചെറുത്തുനിൽക്കുകയും അപമാനം അവഗണിക്കുകയും ചെയ്തു. അക്കാലത്തു പ്രബലമായിരുന്ന വീക്ഷണങ്ങൾ വെച്ചുപുലർത്തിയിരുന്ന ഒരു വ്യക്തിക്ക് അത് വലിയ മാനക്കേടായി തോന്നുമായിരുന്നു; പക്ഷേ, യേശുവിന് അത്തരം വീക്ഷണമല്ല ഉണ്ടായിരുന്നത്.
യേശുവിന്റെ ശിഷ്യന്മാരെയും എതിരാളികൾ അടിക്കുകയും തടവിലാക്കുകയുമൊക്കെ ചെയ്തു; അങ്ങനെ അവർ മറ്റുള്ളവരുടെ മുമ്പിൽ പരിഹാസപാത്രങ്ങളായി. ആളുകൾ അവരെ അപമാനിച്ചു, വെറുത്തു. പക്ഷേ ഇതുകൊണ്ടൊന്നും അവർ നിരുത്സാഹിതരായില്ല. അതെ, യേശുവിന്റെ യഥാർഥ ശിഷ്യന്മാർ പൊതുജനാഭിപ്രായത്തിനു വഴങ്ങുകയോ അപമാനം വകവെക്കുകയോ ചെയ്തില്ല. (മത്താ. 10:17; പ്രവൃ. 5:40; 2 കൊരി. 11:23-25) തങ്ങളുടെ ‘ദണ്ഡനസ്തംഭമെടുത്ത് സദാ യേശുവിനെ പിന്തുടരേണ്ടതുണ്ടെന്ന്’ അവർക്ക് അറിയാമായിരുന്നു.—ലൂക്കോ. 9:23, 26.
ഇന്ന് നമ്മുടെ കാര്യമോ? ലോകത്തിന്റെ കാഴ്ചയിൽ ഭോഷത്തവും ദുർബലവും നിന്ദ്യവുമായ കാര്യങ്ങൾ ദൈവത്തിന്റെ ദൃഷ്ടിയിൽ ജ്ഞാനവും ബലമേറിയതും കുലീനവുമാണ്. (1 കൊരി. 1:25-28) അതുകൊണ്ട് പൊതുജനാഭിപ്രായംമാത്രം കണക്കിലെടുത്തു പ്രവർത്തിക്കുന്നത് ഭോഷത്തമായിരിക്കില്ലേ?
ലോകത്തിന്റെ മാനം ആഗ്രഹിക്കുന്നവർ ലോകം തങ്ങളെക്കുറിച്ച് എന്തു വിചാരിക്കുന്നു എന്നാണ് ചിന്തിക്കുക. എന്നാൽ യേശുവിനെയും ഒന്നാം നൂറ്റാണ്ടിലെ അവന്റെ ശിഷ്യന്മാരെയും പോലെ യഹോവയെ നമ്മുടെ സുഹൃത്താക്കാനാണ് നമ്മുടെ ആഗ്രഹം. അതുകൊണ്ട് നാം ദൈവത്തിന്റെ ദൃഷ്ടിയിൽ മാനമായതിനെ മാനിക്കുകയും അവന്റെ ദൃഷ്ടിയിൽ ലജ്ജാകരമായതിനെ അപമാനമായി കാണുകയും ചെയ്യും.
[4-ാം പേജിലെ ചിത്രം]
അപമാനത്തെക്കുറിച്ചുള്ള ലോകത്തിന്റെ വീക്ഷണം യേശുവിനെ സ്വാധീനിച്ചില്ല