അവർ ‘കുഞ്ഞാടിനെ അനുഗമിക്കുന്നു’
അവർ ‘കുഞ്ഞാടിനെ അനുഗമിക്കുന്നു’
“കുഞ്ഞാടു പോകുന്നേടത്തൊക്കെയും അവർ അവനെ അനുഗമിക്കുന്നു.”—വെളി. 14:4.
1. യേശുവിനെ അനുഗമിക്കുന്നതിനോടുള്ള ബന്ധത്തിൽ അവന്റെ യഥാർഥ ശിഷ്യന്മാരുടെ മനോഭാവം എന്തായിരുന്നു?
യേശുവിന്റെ ശുശ്രൂഷ ഏതാണ്ട് രണ്ടര വർഷം പിന്നിട്ടിരുന്ന സമയം. ‘അവൻ കഫർന്നഹൂമിൽ പള്ളിയിൽവെച്ച് ഉപദേശിക്കുകയായിരുന്നു.’ അവന്റെ ഉപദേശം ഉൾക്കൊള്ളാനാകാതെ “ശിഷ്യന്മാരിൽ പലരും പിൻവാങ്ങിപ്പോയി, പിന്നെ അവനോടു കൂടെ സഞ്ചരിച്ചില്ല.” “നിങ്ങൾക്കും പൊയ്കൊൾവാൻ മനസ്സുണ്ടോ” എന്ന് യേശു തന്റെ 12 അപ്പൊസ്തലന്മാരോടു ചോദിച്ചപ്പോൾ ശിമോൻ പത്രൊസിന്റെ മറുപടി ഇതായിരുന്നു: “കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ടു. നീ ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു.” (യോഹ. 6:48, 59, 60, 66-69) അതെ, യേശുവിന്റെ യഥാർഥ ശിഷ്യന്മാർ അവനെ അനുഗമിക്കുന്നതു നിറുത്തിക്കളയാൻ വിസ്സമ്മതിച്ചു. പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടശേഷവും അവർ യേശുവിന്റെ മാർഗനിർദേശത്തിനു കീഴ്പെട്ടിരുന്നു.—പ്രവൃ. 16:7-10.
2. (എ) “വിശ്വസ്തനും വിവേകിയുമായ അടിമ” അഥവാ ‘വിശ്വസ്ത ഗൃഹവിചാരകൻ’ ആരാണ്? (ബി) ‘കുഞ്ഞാടിനെ അനുഗമിക്കുന്നതിൽ’ അടിമവർഗം എങ്ങനെ പ്രവർത്തിച്ചിരിക്കുന്നു?
2 ആധുനിക കാലത്തെ അഭിഷിക്ത ക്രിസ്ത്യാനികളുടെ കാര്യമോ? തന്റെ “സാന്നിധ്യത്തിന്റെയും യുഗസമാപ്തിയുടെയും അടയാളം” സംബന്ധിച്ച പ്രവചനത്തിൽ യേശു, ഭൂമിയിലെ തന്റെ ആത്മാഭിഷിക്ത അനുഗാമികളുടെ സംഘത്തെ മൊത്തത്തിൽ “വിശ്വസ്തനും വിവേകിയുമായ അടിമ” അഥവാ ‘വിശ്വസ്ത ഗൃഹവിചാരകൻ’ എന്നാണു വിളിച്ചത്. (മത്താ. 24:3, 45, NW; ലൂക്കൊ. 12:42) ഒരു സംഘമെന്ന നിലയിൽ ‘കുഞ്ഞാടു പോകുന്നേടത്തൊക്കെയും അവനെ അനുഗമിച്ചിരിക്കുന്നതിന്റെ’ നല്ലൊരു ചരിത്രം അവർക്കുണ്ട്. (വെളിപ്പാടു 14:4, 5 വായിക്കുക.) ഇതിലെ അംഗങ്ങൾ വ്യാജമത ലോകസാമ്രാജ്യമായ ‘മഹതിയാം ബാബിലോന്റെ’ വിശ്വാസങ്ങളാലും നടപടികളാലും കളങ്കപ്പെടാതെ ആത്മീയ അർഥത്തിൽ കന്യകമാരായി നിലകൊള്ളുന്നു. (വെളി. 17:5) യാതൊരു വ്യാജോപദേശവും “അവരുടെ വായിൽ” കാണുന്നില്ല. അവർ സാത്താന്റെ ലോകത്താൽ ‘കളങ്കപ്പെടാതെ’ നിലകൊള്ളുന്നു. (യോഹ. 15:19) അഭിഷിക്തരിൽ ശേഷിച്ചിരിക്കുന്നവർ ഭാവിയിൽ കുഞ്ഞാടിനെ ‘അനുഗമിച്ച്’ സ്വർഗത്തിലേക്കു പോകും.—യോഹ. 13:36.
3. അടിമവർഗത്തിൽ നാം വിശ്വാസം അർപ്പിക്കേണ്ടത് എന്തുകൊണ്ട്?
3 “വീട്ടുകാർക്ക്” അതായത്, അടിമവർഗത്തിലെ ഓരോ അംഗത്തിനും “തക്കസമയത്ത് ഭക്ഷണം കൊടുക്കേണ്ടതിന്” യേശു വിശ്വസ്തനും വിവേകിയുമായ അടിമയെ നിയോഗിച്ചിരിക്കുന്നു. അവൻ ‘തന്റെ സകല സ്വത്തുക്കളും’ ഭരമേൽപ്പിച്ചിരിക്കുന്നതും ഈ അടിമയെയാണ്. (മത്താ. 24:45-47, NW) വർധിച്ചുവരുന്ന ‘വേറെ ആടുകളുടെ’ “മഹാപുരുഷാരം” ഈ ‘സ്വത്തുക്കളുടെ’ ഭാഗമാണ്. (വെളി. 7:9; യോഹ. 10:16) അതുകൊണ്ട് നാം ഓരോരുത്തരും, അഭിഷിക്തരിലെയും ‘വേറെ ആടുകളിലെയും’ ഓരോ അംഗവും, ഈ ഗൃഹവിചാരകനിൽ വിശ്വാസം അർപ്പിക്കേണ്ടതല്ലേ? അങ്ങനെ ചെയ്യുന്നതിന് നമുക്കു പല കാരണങ്ങളുണ്ട്. അതിന്റെ മുഖ്യകാരണങ്ങളിലൊന്ന് യഹോവ അടിമവർഗത്തിൽ വിശ്വാസം അർപ്പിക്കുന്നു എന്നതാണ്. യേശുവും അവരിൽ വിശ്വാസം അർപ്പിക്കുന്നു എന്നതാണ് മറ്റൊരു കാരണം. യഹോവയാം ദൈവത്തിനും യേശുക്രിസ്തുവിനും അവരിൽ ഉത്തമ വിശ്വാസമുണ്ട് എന്നതിനുള്ള ചില തെളിവുകൾ നമുക്കിപ്പോൾ പരിശോധിക്കാം.
യഹോവ അടിമയിൽ വിശ്വാസം അർപ്പിക്കുന്നു
4. വിശ്വസ്തനും വിവേകിയുമായ അടിമയിലൂടെ ലഭിക്കുന്ന ആത്മീയ ആഹാരം ആശ്രയയോഗ്യമായിരിക്കുന്നത് എന്തുകൊണ്ട്?
4 യഹോവ പ്രസ്താവിക്കുന്നു: “ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.” (സങ്കീ. 32:8) കാലോചിതവും പോഷകസമൃദ്ധവുമായ ആത്മീയ ആഹാരം പ്രദാനംചെയ്യാൻ വിശ്വസ്തനും വിവേകിയുമായ അടിമയ്ക്കു കഴിയുന്നതിന്റെ കാരണം വ്യക്തമല്ലേ? അതെ, യഹോവയാണ് അടിമയെ നയിക്കുന്നത്. അതുകൊണ്ട് അടിമയിലൂടെ ലഭിക്കുന്ന തിരുവെഴുത്തു പരിജ്ഞാനവും ഉൾക്കാഴ്ചയും മാർഗനിർദേശവും തികച്ചും ആശ്രയയോഗ്യമാണ്.
5. ദൈവാത്മാവ് അടിമയെ ശക്തീകരിക്കുന്നു എന്ന് എന്തു തെളിയിക്കുന്നു?
പ്രവൃത്തികൾ 1:8 വായിക്കുക.) ലോകമെങ്ങുമുള്ള ദൈവജനത്തിനു സമയോചിതമായ ആത്മീയ ആഹാരം നൽകുന്നതിന് അടിമവർഗം സുപ്രധാനമായ പല തീരുമാനങ്ങളും എടുക്കേണ്ടതുണ്ട്. ആ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലും അവ നടപ്പിലാക്കുന്നതിലും, സ്നേഹവും സൗമ്യതയും അടക്കമുള്ള ആത്മാവിന്റെ ഫലം അവർ പ്രകടമാക്കുന്നു.—ഗലാ. 5:22, 23.
5 പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ടും യഹോവ അടിമവർഗത്തെ അനുഗ്രഹിക്കുന്നു. യഹോവയുടെ ആത്മാവ് അദൃശ്യമാണെങ്കിലും അത് ഉളവാക്കുന്ന ഫലങ്ങൾ ദൃശ്യമാണ്. യഹോവയാം ദൈവത്തെയും അവന്റെ പുത്രനെയും ദൈവരാജ്യത്തെയും കുറിച്ച് ലോകവ്യാപകമായി സാക്ഷ്യംനൽകുന്നതിൽ വിശ്വസ്തനും വിവേകിയുമായ അടിമ കൈവരിച്ചിരിക്കുന്ന നേട്ടങ്ങൾ എന്തെല്ലാമാണെന്നു ചിന്തിക്കുക. യഹോവയുടെ ആരാധകർ ഇന്ന് 230-ലധികം ദേശങ്ങളിലും ദ്വീപസമൂഹങ്ങളിലും രാജ്യദൂത് സജീവമായി ഘോഷിക്കുന്നു. ദൈവാത്മാവ് അടിമയെ ശക്തീകരിക്കുന്നു എന്നതിന്റെ അനിഷേധ്യമായ തെളിവല്ലേ അത്? (6, 7. വിശ്വസ്ത അടിമയിൽ യഹോവ എത്രത്തോളം വിശ്വാസം അർപ്പിക്കുന്നു?
6 യഹോവ വിശ്വസ്ത അടിമയ്ക്കു നൽകിയിരിക്കുന്ന വാഗ്ദാനങ്ങൾ, അവൻ അവരിൽ എത്രത്തോളം വിശ്വാസം അർപ്പിക്കുന്നു എന്നതിന്റെ തെളിവാണ്. പൗലൊസ് അപ്പൊസ്തലൻ എഴുതി: “കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും. ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കേണം.” (1 കൊരി. 15:52, 53) മരണത്തോളം വിശ്വസ്തരായി യഹോവയെ സേവിക്കുന്ന അഭിഷിക്ത ക്രിസ്ത്യാനികൾ ദൂതന്മാരെക്കാൾ ശ്രേഷ്ഠരായി സ്വർഗീയ ജീവനിലേക്ക് ഉയിർപ്പിക്കപ്പെടുന്നു. ക്ഷയിച്ചുപോകുന്ന ജഡശരീരത്തിനു പകരം അവർക്ക് നൽകപ്പെടുന്നത് സാധ്യതയനുസരിച്ച് സ്വയം നിലനിൽക്കാൻ പര്യാപ്തമായ, അക്ഷയമായ ആത്മശരീരമാണ്. കൂടാതെ അമർത്യജീവൻ—അനന്തവും നശിപ്പിക്കപ്പെടാനാകാത്തതുമായ ജീവൻ—അവർക്ക് ലഭിക്കുന്നു. പുനരുത്ഥാനം പ്രാപിച്ച അഭിഷിക്തരെ തലയിൽ പൊൻകിരീടം ധരിച്ച് സിംഹാസനത്തിൽ ഇരിക്കുന്നവരായി വെളിപ്പാടു 4:4 വർണിച്ചിരിക്കുന്നു. അതെ, രാജകീയ പ്രൗഢിയാണ് അവരെ കാത്തിരിക്കുന്നത്. ദൈവത്തിന് അവരിൽ വിശ്വാസമുണ്ട് എന്നതിന് ഇനിയുമുണ്ട് തെളിവ്.
7 വെളിപ്പാടു 19:7, 8 പ്രസ്താവിക്കുന്നു: “കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു. അവൾക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാൻ കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നേ.” തന്റെ പുത്രന്റെ ഭാവി വധുവായി യഹോവ അഭിഷിക്ത ക്രിസ്ത്യാനികളെ തിരഞ്ഞെടുത്തിരിക്കുന്നു. അക്ഷയത, അമർത്യത, രാജകീയ പ്രൗഢി, ‘കുഞ്ഞാടുമായുള്ള കല്യാണം’—എത്ര മഹത്തായ സമ്മാനങ്ങൾ! ‘കുഞ്ഞാടു പോകുന്നേടത്തൊക്കെയും അവനെ അനുഗമിക്കുന്ന’ അഭിഷിക്തരിലുള്ള യഹോവയുടെ വിശ്വാസത്തിന്റെ ശക്തമായ തെളിവുകളാണിവയെല്ലാം.
അടിമയിൽ യേശുവിനു വിശ്വാസമുണ്ട്
8. തന്റെ ആത്മാഭിഷിക്ത അനുഗാമികളിൽ വിശ്വാസമുണ്ടെന്ന് യേശു തെളിയിക്കുന്നത് എങ്ങനെ?
8 തന്റെ ആത്മാഭിഷിക്ത അനുഗാമികളിൽ യേശുവിന് സമ്പൂർണ വിശ്വാസമുണ്ടെന്നതിന് എന്തു തെളിവുണ്ട്? ഭൂമിയിലെ തന്റെ അവസാന രാത്രിയിൽ യേശു വിശ്വസ്തരായ 11 അപ്പൊസ്തലന്മാരോടായി പറഞ്ഞു: “നിങ്ങൾ ആകുന്നു എന്റെ പരീക്ഷകളിൽ എന്നോടുകൂടെ നിലനിന്നവർ.” തുടർന്ന് അവൻ ഈ വാഗ്ദാനം നൽകി: “എന്റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും നിയമിച്ചുതരുന്നു. നിങ്ങൾ എന്റെ രാജ്യത്തിൽ എന്റെ മേശയിങ്കൽ തിന്നുകുടിക്കയും സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കയും ചെയ്യും.” (ലൂക്കൊ. 22:28-30) യേശു അന്ന് ആ അപ്പൊസ്തലന്മാർക്കു കൊടുത്ത വാഗ്ദാനം 1,44,000 വരുന്ന മുഴു അഭിഷിക്ത ക്രിസ്ത്യാനികൾക്കും ബാധകമാണ്. (ലൂക്കൊ. 12:32; വെളി. 5:9, 10; 14:1) അവരിൽ വിശ്വാസമില്ലായിരുന്നെങ്കിൽ യേശു അവരുമായി രാജ്യാധികാരം പങ്കുവെക്കുമായിരുന്നോ?
9. ക്രിസ്തുവിന്റെ ‘സകല സ്വത്തുക്കളും’ എന്നു പറഞ്ഞിരിക്കുന്നതിൽ എന്തെല്ലാം ഉൾപ്പെടുന്നു?
9 വിശ്വസ്തനും വിവേകിയുമായ അടിമയെ ക്രിസ്തു ‘തന്റെ സകല സ്വത്തുക്കളുടെയും’ അതായത് ദൈവരാജ്യവുമായി ബന്ധപ്പെട്ട് ഭൂമിയിലുള്ള സകലതിന്റെയും വിചാരകനാക്കിയിരിക്കുന്നു. (മത്താ. 24: 47, NW) യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനവും ലോകവ്യാപകമായുള്ള ബ്രാഞ്ചോഫീസുകളും സമ്മേളനഹാളുകളും രാജ്യഹാളുകളും ഈ സ്വത്തുക്കളിൽപ്പെടുന്നു. അതുപോലെതന്നെ രാജ്യപ്രസംഗ-ശിഷ്യരാക്കൽ വേലയും ഈ സ്വത്തുക്കളുടെ ഭാഗമാണ്. തനിക്കു വിശ്വാസമില്ലാത്ത ഒരാളെ തന്റെ വിലപിടിപ്പുള്ള വസ്തുവകകൾ നോക്കിനടത്താൻ ആരെങ്കിലും ഏൽപ്പിക്കുമോ?
10. ക്രിസ്തു തന്റെ അഭിഷിക്ത അനുഗാമികളോടുകൂടെയുണ്ട് എന്ന് എന്തു തെളിയിക്കുന്നു?
10 പുനരുത്ഥാനം പ്രാപിച്ച യേശു, സ്വർഗാരോഹണം ചെയ്യുന്നതിനു തൊട്ടുമുമ്പ് വിശ്വസ്ത ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ട് “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്” എന്ന ഉറപ്പുനൽകി. (മത്താ. 28:20) യേശു വാക്കുപാലിക്കുന്നുണ്ടോ? കഴിഞ്ഞ 15 വർഷംകൊണ്ട് ലോകവ്യാപകമായി ക്രിസ്തീയ സഭയിലുണ്ടായ വർധന ഇതിനുത്തരം നൽകുന്നു. സഭകളുടെ എണ്ണം ഏകദേശം 70,000-ത്തിൽനിന്ന് 1,00,000-ത്തിലധികമായി വർധിച്ചിരിക്കുന്നു, 40 ശതമാനത്തിലധികം വർധന! 45 ലക്ഷത്തോളം പുതിയ ശിഷ്യന്മാർ സ്നാനമേറ്റു, ഒരു ദിവസം ശരാശരി 800 പേർ! അഭിഷിക്ത ക്രിസ്ത്യാനികളുടെ നേതൃത്വത്തിലുള്ള സഭായോഗങ്ങളെയും ശിഷ്യരാക്കൽ വേലയെയും നയിക്കുന്നതും പിന്തുണയ്ക്കുന്നതും ക്രിസ്തുവാണ് എന്നതിന്റെ വ്യക്തമായ തെളിവാണ് ശ്രദ്ധേയമായ ഈ വളർച്ച.
അടിമ വിശ്വസ്തനും വിവേകിയുമാണ്
11, 12. അടിമ വിശ്വസ്തനും വിവേകിയുമാണെന്ന് എങ്ങനെ തെളിയിച്ചിരിക്കുന്നു?
11 വിശ്വസ്തനും വിവേകിയുമായ അടിമയെ യഹോവയാം
ദൈവവും യേശുക്രിസ്തുവും പൂർണമായി വിശ്വസിക്കുന്ന സ്ഥിതിക്ക് നാം ചെയ്യേണ്ടതും അതുതന്നെയല്ലേ? തന്നെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിച്ചുകൊണ്ട് താൻ വിശ്വസ്തനാണെന്ന് അടിമ തെളിയിച്ചിരിക്കുന്നു. കഴിഞ്ഞ 130 വർഷമായി മുടങ്ങാതെ പ്രസിദ്ധീകരിക്കുന്ന വീക്ഷാഗോപുരം മാസിക ഇതിനൊരു ഉദാഹരണമാണ്. സഭായോഗങ്ങളിലൂടെയും സമ്മേളനങ്ങളിലൂടെയും കൺവെൻഷനുകളിലൂടെയും അടിമ നമ്മെ ഇപ്പോഴും ആത്മീയമായി പോഷിപ്പിക്കുന്നു.12 വിശ്വസ്തനായ ഈ അടിമ വിവേകിയുമാണ്. ഒരു കാര്യം സംബന്ധിച്ച് യഹോവയുടെ മാർഗനിർദേശം ലഭിക്കുന്നതിനുമുമ്പ് അവർ തിടുക്കംകൂട്ടി പ്രവർത്തിക്കുകയോ വ്യക്തമായ നിർദേശം ലഭിച്ചാൽ പിന്നെ അമാന്തിക്കുകയോ ഇല്ല. ഉദാഹരണത്തിന്, ലോകത്തിലെ ആളുകളുടെ സ്വാർഥവും ദൈവവിരുദ്ധവുമായ പ്രവർത്തനങ്ങൾ സാധാരണമെന്നു പറഞ്ഞുകൊണ്ട് മതാധ്യക്ഷന്മാർ അവയ്ക്കുനേരെ കണ്ണടയ്ക്കുകയോ അവ പരസ്യമായി അംഗീകരിക്കുകയോ ചെയ്യുമ്പോൾ, അടിമവർഗം സാത്താന്റെ ദുഷ്ടലോകത്തിന്റെ ചതിക്കുഴികളെക്കുറിച്ച് മുന്നറിയിപ്പുനൽകുന്നു. തക്കസമയത്തെ ജ്ഞാനപൂർവമായ മുന്നറിയിപ്പുകൾ നൽകാൻ അടിമയ്ക്കു കഴിയുന്നത് യഹോവയാം ദൈവത്തിന്റെയും യേശുക്രിസ്തുവിന്റെയും അനുഗ്രഹം അവർക്കുള്ളതുകൊണ്ടാണ്. അതുകൊണ്ടുതന്നെ അടിമയിൽ നമുക്കു പൂർണവിശ്വാസം അർപ്പിക്കാനാകും. അങ്ങനെയെങ്കിൽ, വിശ്വസ്തനും വിവേകിയുമായ അടിമയിൽ വിശ്വാസം അർപ്പിക്കുന്നുവെന്ന് നമുക്ക് എങ്ങനെ തെളിയിക്കാം?
കുഞ്ഞാടിനെ അനുഗമിക്കുന്ന അഭിഷിക്തരോടു ‘കൂടെ പോകുക’
13. സെഖര്യാവിന്റെ പ്രവചനമനുസരിച്ച് വിശ്വസ്തനും വിവേകിയുമായ അടിമയിൽ വിശ്വാസമുണ്ടെന്നു നമുക്ക് എങ്ങനെ തെളിയിക്കാം?
13 “ഒരു യെഹൂദന്റെ വസ്ത്രാഗ്രം പിടിച്ചു . . . ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു” എന്നു പറയുന്ന ‘പത്തുപേരെക്കുറിച്ച്’ സെഖര്യാപ്രവചനം പറയുന്നുണ്ട്. (സെഖര്യാവു 8:23 വായിക്കുക.) ഇവിടെ, ‘ഒരു യഹൂദനെ’ ‘നിങ്ങൾ’ എന്ന് ബഹുവചനരൂപത്തിൽ സംബോധന ചെയ്തിരിക്കുന്നതിനാൽ ആ യഹൂദൻ ഒരു വ്യക്തിയെയല്ല ഒരു കൂട്ടത്തെയാണ് കുറിക്കുന്നത്. ‘ദൈവത്തിന്റെ ഇസ്രായേലിന്റെ’ ഭാഗമായ ആത്മാഭിഷിക്ത ശേഷിപ്പിനെയാണ് നമ്മുടെ നാളിൽ ‘യഹൂദൻ’ ചിത്രീകരിക്കുന്നത്. (ഗലാ. 6:16) ‘ജാതികളുടെ സകലഭാഷകളിലുംനിന്നുള്ള പത്തുപേർ’ വേറെ ആടുകളുടെ മഹാപുരുഷാരത്തെ പ്രതിനിധാനം ചെയ്യുന്നു. അഭിഷിക്ത ക്രിസ്ത്യാനികൾ യേശു പോകുന്നിടത്തൊക്കെയും അവനെ അനുഗമിക്കുന്നതുപോലെ, മഹാപുരുഷാരം വിശ്വസ്തനും വിവേകിയുമായ അടിമയോടു ‘കൂടെ പോകുന്നു.’ ‘സ്വർഗ്ഗീയവിളിക്കു ഓഹരിക്കാരായവരുടെ’ സഹകാരികളായി തിരിച്ചറിയിക്കുന്നതിൽ മഹാപുരുഷാരത്തിൽപ്പെട്ടവർ ലജ്ജിക്കേണ്ടതില്ല. (എബ്രാ. 3:1) അഭിഷിക്തരെ “സഹോദരന്മാർ” എന്നു വിളിക്കാൻ യേശു ലജ്ജിക്കുന്നില്ല.—എബ്രാ. 2:11.
14. ക്രിസ്തുവിന്റെ സഹോദരന്മാരെ നമുക്കെങ്ങനെ പിന്തുണയ്ക്കാം?
14 തന്റെ സഹോദരന്മാർക്കു ലഭിക്കുന്ന വിശ്വസ്ത പിന്തുണയെ തനിക്കു ലഭിക്കുന്ന പിന്തുണയായിട്ടാണ് യേശു കണക്കാക്കുന്നത്. (മത്തായി 25:40 വായിക്കുക.) അങ്ങനെയെങ്കിൽ ക്രിസ്തുവിന്റെ ആത്മാഭിഷിക്ത സഹോദരന്മാരെ ഭൗമിക പ്രത്യാശയുള്ളവർക്ക് എങ്ങനെ പിന്തുണയ്ക്കാനാകും? മുഖ്യമായും രാജ്യസുവാർത്ത ഘോഷിച്ചുകൊണ്ട്. (മത്താ. 24:14; യോഹ. 14:12) ഭൂമിയിലെ അഭിഷിക്ത ക്രിസ്ത്യാനികളുടെ എണ്ണം പൊതുവേ കുറഞ്ഞുവരുമ്പോൾ, വേറെ ആടുകളുടെ എണ്ണമാകട്ടെ കൂടിവരുകയാണ്. അവർ സാക്ഷീകരണ വേലയിൽ പങ്കെടുത്തുകൊണ്ട് ശിഷ്യരാക്കാനുള്ള നിയമനം നിറവേറ്റാൻ ആത്മാഭിഷിക്ത ക്രിസ്ത്യാനികളെ സഹായിക്കുന്നു, സാധ്യമാകുമ്പോൾ മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെട്ടുകൊണ്ടുപോലും. (മത്താ. 28:19, 20) വ്യത്യസ്ത വിധങ്ങളിൽ സാമ്പത്തിക പിന്തുണ നൽകിക്കൊണ്ടും അവർ ഈ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു.
15. അടിമ നൽകുന്ന സമയോചിതമായ ആത്മീയ ആഹാരത്തോടും അവരെടുക്കുന്ന സംഘടനാപരമായ തീരുമാനങ്ങളോടും ഉള്ള ഓരോ ക്രിസ്ത്യാനിയുടെയും മനോഭാവം എന്തായിരിക്കണം?
15 ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളിലൂടെയും ക്രിസ്തീയ കൂടിവരവുകളിലൂടെയും വിശ്വസ്ത അടിമ പ്രദാനംചെയ്യുന്ന സമയോചിതമായ ആത്മീയ ആഹാരത്തെ നാം ഓരോരുത്തരും എങ്ങനെയാണ് വീക്ഷിക്കുന്നത്? നന്ദിപൂർവം നാം അതു സ്വീകരിക്കുകയും പഠിക്കുന്നത് മടികൂടാതെ ബാധകമാക്കുകയും ചെയ്യുന്നുണ്ടോ? അടിമവർഗം എടുക്കുന്ന സംഘടനാപരമായ തീരുമാനങ്ങളോടു നാം എങ്ങനെ പ്രതികരിക്കുന്നു? ലഭിക്കുന്ന നിർദേശങ്ങൾ മനസ്സോടെ അനുസരിക്കുന്നത് യഹോവയുടെ ക്രമീകരണങ്ങളിലുള്ള നമ്മുടെ വിശ്വാസത്തിന്റെ തെളിവാണ്.—യാക്കോ. 3:17.
16. ക്രിസ്ത്യാനികളെല്ലാവരും ക്രിസ്തുവിന്റെ സഹോദരന്മാർക്കു ശ്രദ്ധനൽകേണ്ടത് എന്തുകൊണ്ട്?
16 “എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു” എന്ന് യേശു പറഞ്ഞു. (യോഹ. 10:26, 27) അഭിഷിക്ത ക്രിസ്ത്യാനികളുടെ കാര്യത്തിൽ ഇതു സത്യമാണ്. എന്നാൽ അവരോടു ‘കൂടെ പോകുന്നവരുടെ’ കാര്യമോ? യേശുവിന്റെ വാക്കുകൾക്ക് അവരും ശ്രദ്ധകൊടുക്കേണ്ടതുണ്ട്. അതോടൊപ്പം അവന്റെ സഹോദരന്മാരുടെ വാക്കുകൾക്കും അവർ ശ്രദ്ധനൽകണം. കാരണം, ദൈവജനത്തെ ആത്മീയമായി പരിപാലിക്കാനുള്ള മുഖ്യ ഉത്തരവാദിത്വം അവരെയാണ് ഏൽപ്പിച്ചിരിക്കുന്നത്. അപ്പോൾ, ക്രിസ്തുവിന്റെ സഹോദരന്മാരുടെ ശബ്ദത്തിനു ചെവികൊടുക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
17. അടിമവർഗത്തിനു ചെവികൊടുക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
17 വിശ്വസ്തനും വിവേകിയുമായ അടിമയെ പ്രതിനിധാനം ചെയ്തുകൊണ്ട് ഭരണസംഘമാണ് ഇന്ന് ഗോളവ്യാപകമായി സുവാർത്താ പ്രസംഗത്തിനു നേതൃത്വംകൊടുക്കുകയും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നത്. അനുഭവപരിചയമുള്ള ആത്മാഭിഷിക്തരായ മൂപ്പന്മാരാണ് ഭരണസംഘത്തിലെ അംഗങ്ങളായി സേവിക്കുന്നത്. നമ്മുടെ ഇടയിൽ ‘നേതൃത്വംവഹിക്കുന്നവർ’ എന്ന് വിശേഷാൽ അവരെക്കുറിച്ചു പറയാനാകും. (എബ്രാ. 13:7, NW) ഈ അഭിഷിക്ത മേൽവിചാരകന്മാർ ‘കർത്താവിന്റെ വേലയിൽ സദാ വ്യാപൃതരാണ്.’ (1 കൊരി. 15:58, NW) ഇപ്പോൾ 1,00,000-ത്തിലധികം സഭകളിൽ കൂടിവരുന്ന 70,00,000-ത്തോളം രാജ്യഘോഷകരെ അവർ ആത്മീയമായി പരിപാലിക്കുന്നു. അടിമവർഗത്തിനു ചെവികൊടുക്കുക എന്നാൽ ഭരണസംഘത്തോടു പൂർണമായി സഹകരിക്കുക എന്നാണർഥം.
അടിമയുടെ വാക്കു കേൾക്കുന്നവർ അനുഗൃഹീതർ
18, 19. (എ) വിശ്വസ്തനും വിവേകിയുമായ അടിമയ്ക്കു ചെവികൊടുക്കുന്നവർക്ക് ലഭിക്കുന്ന അനുഗ്രഹങ്ങൾ എന്തെല്ലാം? (ബി) നമ്മുടെ ഉറച്ച തീരുമാനം എന്തായിരിക്കണം?
18 നിയമനം ലഭിച്ചതുമുതൽ വിശ്വസ്തനും വിവേകിയുമായ അടിമ “പലരെയും നീതിയിലേക്കു” നയിച്ചിരിക്കുന്നു. (ദാനീ. 12:3) ദൈവമുമ്പാകെ നീതിമാന്മാരായിരിക്കുക എന്നത് എത്ര വലിയ അനുഗ്രഹമാണ്! ആ കൂട്ടത്തിൽ, ഈ ദുഷ്ടവ്യവസ്ഥിതിയുടെ നാശത്തെ അതിജീവിക്കാൻ പ്രത്യാശയുള്ളവരുമുണ്ട്.
19 ഭാവിയിൽ 1,44,000 പേരടങ്ങുന്ന ‘പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിനായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നുതന്നേ, ഇറങ്ങുമ്പോൾ,’ അടിമയുടെ വാക്കിനു ചെവികൊടുത്തവരെ കാത്തിരിക്കുന്നത് എന്താണ്? ബൈബിൾ ഉത്തരം നൽകുന്നു: “ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.” (വെളി. 21:2-5) അതുകൊണ്ട്, നമുക്ക് ക്രിസ്തുവിന്റെയും അവന്റെ വിശ്വസ്തരായ ആത്മാഭിഷിക്ത സഹോദരന്മാരുടെയും വാക്കുകൾക്ക് അടുത്ത ശ്രദ്ധനൽകാം.
നിങ്ങൾ എന്തു പഠിച്ചു?
• യഹോവ വിശ്വസ്തനും വിവേകിയുമായ അടിമയിൽ വിശ്വാസം അർപ്പിക്കുന്നു എന്നതിന് എന്തു തെളിവാണുള്ളത്?
• യേശുക്രിസ്തു അടിമവർഗത്തെ പൂർണമായി വിശ്വസിക്കുന്നുവെന്ന് എന്തു തെളിയിക്കുന്നു?
• വിശ്വസ്ത ഗൃഹവിചാരകനിൽ വിശ്വാസം അർപ്പിക്കാൻ നമുക്ക് എന്തു കാരണമുണ്ട്?
• അടിമയിൽ വിശ്വാസം അർപ്പിക്കുന്നുവെന്ന് നമുക്ക് എങ്ങനെ പ്രകടമാക്കാം?
[അധ്യയന ചോദ്യങ്ങൾ]
[25-ാം പേജിലെ ചിത്രം]
തന്റെ പുത്രന്റെ ഭാവി വധുവായി യഹോവ ആരെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നു നിങ്ങൾക്ക് അറിയാമോ?
[26-ാം പേജിലെ ചിത്രങ്ങൾ]
വിശ്വസ്തനും വിവേകിയുമായ അടിമയെ യേശുക്രിസ്തു തന്റെ ‘സ്വത്തുക്കൾ’ ഭരമേൽപ്പിച്ചിരിക്കുന്നു
[27-ാം പേജിലെ ചിത്രം]
സുവിശേഷ ഘോഷണത്തിൽ ഏർപ്പെടുമ്പോൾ ആത്മാഭിഷിക്തരെ പിന്തുണയ്ക്കുകയാണ് നാം