വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഹൃദയംഗമമായ ഒരു പ്രാർഥനയ്‌ക്ക്‌ യഹോവ നൽകുന്ന ഉത്തരം

ഹൃദയംഗമമായ ഒരു പ്രാർഥനയ്‌ക്ക്‌ യഹോവ നൽകുന്ന ഉത്തരം

ഹൃദയംഗമമായ ഒരു പ്രാർഥനയ്‌ക്ക്‌ യഹോവ നൽകുന്ന ഉത്തരം

“അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.”—സങ്കീ. 83:18.

1, 2. ദൈവനാമം ആദ്യമായി മനസ്സിലാക്കിയപ്പോൾ മിക്കവരുടെയും പ്രതികരണം എന്തായിരുന്നു, ഏതു ചോദ്യങ്ങൾക്ക്‌ ഉത്തരമറിയാൻ നാം ആഗ്രഹിക്കുന്നു?

വർഷങ്ങൾക്കു മുമ്പ്‌ ഒരു സ്‌ത്രീക്കുണ്ടായ അനുഭവമാണ്‌. അയൽപക്കത്തെ വീട്ടിലുണ്ടായ ഒരു ദുരന്തം അവരെ വല്ലാതെ ഉലച്ചു. ഒരു കത്തോലിക്കാ കുടുംബത്തിൽ ജനിച്ച അവർ തന്റെ മനസ്സിനെ മഥിച്ച ചോദ്യങ്ങൾക്ക്‌ ഉത്തരംതേടി അടുത്തുള്ള ഒരു പുരോഹിതനെ സമീപിച്ചു. പക്ഷേ അദ്ദേഹം അവരോടു സംസാരിക്കാൻപോലും കൂട്ടാക്കിയില്ല. ഒടുവിൽ അവർ ദൈവത്തോട്‌ പ്രാർഥിച്ചു: “ദൈവമേ, നീ ആരാണെന്ന്‌ എനിക്കറിയില്ല . . . പക്ഷേ നീയുണ്ടെന്ന്‌ എനിക്കറിയാം. നിന്നെ അറിയാൻ എനിക്കൊരു അവസരം തരേണമേ!” താമസിയാതെ യഹോവയുടെ സാക്ഷികൾ ആ സ്‌ത്രീയുടെ വീട്ടിലെത്തി, അവരെ അലട്ടിയ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകിക്കൊണ്ട്‌ അവർക്ക്‌ ആശ്വാസം പകർന്നു. ദൈവത്തിനൊരു പേരുണ്ടെന്നും അത്‌ യഹോവ എന്നാണെന്നും സാക്ഷികൾ അവരെ പഠിപ്പിച്ചു. ദൈവനാമം മനസ്സിലാക്കിയപ്പോൾ അവർക്കുണ്ടായ സന്തോഷം അതിരറ്റതായിരുന്നു. അവർ പറഞ്ഞു: “നിങ്ങൾക്കറിയാമോ, കുഞ്ഞുന്നാൾ മുതലേ ഞാൻ അറിയാനാഗ്രഹിച്ചത്‌ ഈ ദൈവത്തെക്കുറിച്ചാണ്‌!”

2 ദൈവനാമത്തെക്കുറിച്ച്‌ മനസ്സിലാക്കിയപ്പോൾ ഇതേ സന്തോഷം അനുഭവിച്ചവരാണു നമ്മിൽ പലരും. സങ്കീർത്തനം 83:18-ൽനിന്നാണ്‌ പലരും യഹോവ എന്ന നാമം ആദ്യമായി വായിച്ചുകേട്ടിരിക്കുന്നത്‌. സത്യവേദപുസ്‌തകത്തിൽ നാം അത്‌ ഇപ്രകാരം വായിക്കുന്നു: “അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.” സങ്കീർത്തനം 83 രചിക്കാനുണ്ടായ സാഹചര്യം നിങ്ങൾക്കറിയാമോ? യഹോവയാണ്‌ ഏക സത്യദൈവമെന്ന്‌ അംഗീകരിക്കാൻ സകലരെയും നിർബന്ധിതരാക്കുന്ന സംഭവങ്ങൾ ഏതൊക്കെയായിരിക്കും? ഈ സങ്കീർത്തനത്തിൽനിന്നു നമുക്ക്‌ എന്തു പഠിക്കാം? ഈ ചോദ്യങ്ങൾ നാം പരിചിന്തിക്കും. *

ദൈവജനത്തിനെതിരെ ഒരു ഗൂഢാലോചന

3, 4. സങ്കീർത്തനം 83 ആരുടെ രചനയാണ്‌, ഏതു ഭീഷണിയെക്കുറിച്ചാണ്‌ അതിൽ പരാമർശിച്ചിട്ടുള്ളത്‌?

3 “ആസാഫിന്റെ ഒരു സങ്കീർത്തനം” എന്നാണ്‌ 83-ാം സങ്കീർത്തനത്തിന്റെ മേലെഴുത്ത്‌. സാധ്യതയനുസരിച്ച്‌ ദാവീദിന്റെ ഭരണകാലത്തെ പ്രമുഖ ലേവ്യസംഗീതജ്ഞനായിരുന്ന ആസാഫിന്റെ പിൻഗാമിയാണ്‌ ഈ സങ്കീർത്തനത്തിന്റെ രചയിതാവ്‌. യഹോവയോടുള്ള ഒരു അപേക്ഷയാണ്‌ ഈ സങ്കീർത്തനം—അവന്റെ പരമാധികാരത്തെ തുച്ഛീകരിക്കാൻ ശത്രുക്കളെ അനുവദിക്കരുതെന്നും അവന്റെ നാമം പ്രസിദ്ധമാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നുമുള്ള അപേക്ഷ. ഇത്‌ ശലോമോന്റെ മരണശേഷം രചിച്ചതാകാനാണു സാധ്യത. എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌? ദാവീദിന്റെയും ശലോമോന്റെയും കാലത്ത്‌ സോർ രാജാവ്‌ ഇസ്രായേലുമായി സൗഹൃദത്തിലായിരുന്നു. എന്നാൽ 83-ാം സങ്കീർത്തനം എഴുതുന്ന സമയത്ത്‌ സോർനിവാസികൾ യിസ്രായേലിന്റെ ശത്രുപക്ഷത്താണ്‌.

4 ദൈവജനത്തെ ഇല്ലായ്‌മ ചെയ്യാൻ ഗൂഢാലോചന നടത്തിയ പത്ത്‌ ജനതകളെക്കുറിച്ച്‌ ഈ സങ്കീർത്തനത്തിൽ പറയുന്നു. ഇസ്രായേലിനു ചുറ്റുമായി കിടന്ന ഈ ശത്രുരാജ്യങ്ങളെക്കുറിച്ചു നാം ഇങ്ങനെ വായിക്കുന്നു: “ഏദോമ്യരുടെയും യിശ്‌മായേല്യരുടെയും കൂടാരങ്ങളും മോവാബ്യരും ഹഗർയ്യരും കൂടെ, ഗെബാലും അമ്മോനും അമാലേക്കും, ഫെലിസ്‌ത്യദേശവും സോർനിവാസികളും; അശ്ശൂരും അവരോടു യോജിച്ചു.” (സങ്കീ. 83:6-8) ഏതു ചരിത്രസംഭവമാണ്‌ ഈ സങ്കീർത്തനം പരാമർശിക്കുന്നത്‌? യഹോശാഫാത്തിന്റെ കാലത്ത്‌ അമ്മോന്യരും മോവാബ്യരും സേയീർ പർവതനിവാസികളുമടങ്ങുന്ന സംയുക്തസേന ഇസ്രായേലിനു നേരെവന്നതിനെയാണ്‌ ഇവിടെ പരാമർശിച്ചിരിക്കുന്നതെന്ന്‌ ചിലർ പറയുന്നു. (2 ദിന. 20:1-26) ഇസ്രായേലിന്റെ ചരിത്രത്തിലുടനീളം അയൽരാജ്യങ്ങൾ ആ ജനതയോടു വെച്ചുപുലർത്തിയിരുന്ന ശത്രുതയെക്കുറിച്ചാണ്‌ ഈ സങ്കീർത്തനം പറയുന്നതെന്ന്‌ മറ്റുചിലർ കരുതുന്നു.

5. സങ്കീർത്തനം 83-ൽനിന്ന്‌ ക്രിസ്‌ത്യാനികളായ നാം എന്തു പ്രയോജനം നേടുന്നു?

5 ഇത്‌ എഴുതാനിടയായ സാഹചര്യം എന്തായിരുന്നാലും ദൈവജനത്തിന്‌ അപകടം നേരിട്ടപ്പോൾ ഈ പ്രാർഥനാഗീതം എഴുതാൻ യഹോവ സങ്കീർത്തനക്കാരനെ നിശ്വസ്‌തനാക്കി. എന്നും ശത്രുക്കളാൽ വേട്ടയാടപ്പെട്ടിട്ടുള്ള ആധുനികകാലത്തെ ദൈവജനത്തിനും പ്രോത്സാഹനത്തിന്റെ ഉറവാണ്‌ ഈ സങ്കീർത്തനം. സമീപഭാവിയിലും ഈ സങ്കീർത്തനം ദൈവജനത്തിനു ശക്തിപകരും. എപ്പോൾ? ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന സകലരെയും നശിപ്പിക്കുക എന്ന ലക്ഷ്യത്തിൽ മാഗോഗിലെ ഗോഗ്‌ പടനയിച്ചെത്തുമ്പോൾ.—യെഹെസ്‌കേൽ 38:2, 8, 9, 16 വായിക്കുക.

ആകുലതയുടെ മുഖ്യ കാരണം

6, 7. (എ) 83-ാം സങ്കീർത്തനം ഏതു പ്രാർഥനയോടെയാണു തുടങ്ങുന്നത്‌? (ബി) സങ്കീർത്തനക്കാരനെ ആകുലപ്പെടുത്തിയ മുഖ്യ സംഗതി എന്തായിരുന്നു?

6 സങ്കീർത്തനക്കാരൻ പ്രാർഥനയിൽ തന്റെ ഹൃദയം പകരുന്നതു ശ്രദ്ധിക്കുക: “ദൈവമേ, മിണ്ടാതെയിരിക്കരുതേ; ദൈവമേ, മൌനമായും സ്വസ്ഥമായും ഇരിക്കരുതേ. ഇതാ, നിന്റെ ശത്രുക്കൾ കലഹിക്കുന്നു; നിന്നെ പകെക്കുന്നവർ തല ഉയർത്തുന്നു. അവർ നിന്റെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കയും നിന്റെ ഗുപ്‌തന്മാരുടെ നേരെ ദുരാലോചന കഴിക്കയും ചെയ്യുന്നു. . . . അവർ ഇങ്ങനെ ഐകമത്യത്തോടെ ആലോചിച്ചു, നിനക്കു വിരോധമായി സഖ്യത ചെയ്യുന്നു.”—സങ്കീ. 83:1-3, 5.

7 സങ്കീർത്തനക്കാരനെ ആകുലപ്പെടുത്തിയ മുഖ്യ സംഗതി എന്തായിരുന്നു? തന്റെയും കുടുംബത്തിന്റെയും സുരക്ഷയെപ്രതിയുള്ള ചിന്ത സ്വാഭാവികമായും അവനെ അലട്ടിയിട്ടുണ്ടാവണം. എങ്കിലും അവന്റെ പ്രാർഥനാവിഷയം മറ്റൊന്നായിരുന്നു: യഹോവയുടെ നാമത്തിനു വന്നേക്കാവുന്ന നിന്ദയും ആ നാമം വഹിക്കുന്ന ജനത്തിനു നേരിട്ടിരിക്കുന്ന ഭീഷണിയും. ദുർഘടകരമായ ഈ അന്ത്യനാളുകളിൽ സഹിച്ചുനിൽക്കവേ സങ്കീർത്തനക്കാരന്റേതുപോലെ ആയിരിക്കട്ടെ നമ്മുടെയും മനോഭാവം.—മത്തായി 6:9, 10 വായിക്കുക.

8. ഇസ്രായേലിനെതിരെയുള്ള ഗൂഢാലോചനയുടെ ഉദ്ദേശ്യം എന്തായിരുന്നു?

8 ശത്രുക്കൾ തമ്മിൽ ആലോചിക്കുന്നതെന്താണെന്ന്‌ സങ്കീർത്തനക്കാരൻ പറയുന്നു: “വരുവിൻ, യിസ്രായേൽ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. അവരുടെ പേർ ഇനി ആരും ഓർക്കരുത്‌.” (സങ്കീ. 83:4) ദൈവജനത്തോടുള്ള അവരുടെ ശത്രുത എത്രമാത്രമുണ്ടെന്ന്‌ നോക്കുക! പക്ഷേ, ഈ ഗൂഢാലോചനയ്‌ക്കു പിന്നിൽ ഇസ്രായേലിന്റെ ദേശം സ്വന്തമാക്കുക എന്നൊരു ലക്ഷ്യവും അവർക്കുണ്ടായിരുന്നു. ധാർഷ്‌ട്യത്തോടെ അവർ പറഞ്ഞു: “നാം ദൈവത്തിന്റെ നിവാസങ്ങളെ നമുക്കു അവകാശമാക്കിക്കൊള്ളുക.” (സങ്കീ. 83:12) നമ്മുടെ നാളിൽ ഇതിന്‌ എന്തെങ്കിലും സമാനതകളുണ്ടോ? ഉണ്ട്‌.

‘നിന്റെ വിശുദ്ധനിവാസം’

9, 10. (എ) പുരാതനകാലത്ത്‌ ദൈവത്തിന്റെ വിശുദ്ധനിവാസം ഏതായിരുന്നു? (ബി) അഭിഷിക്തശേഷിപ്പും വേറെ ആടുകളും ഇന്ന്‌ ഏത്‌ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നു?

9 വാഗ്‌ദത്തദേശം ദൈവത്തിന്റെ വിശുദ്ധനിവാസം എന്നറിയപ്പെട്ടിരുന്നു. ഈജിപ്‌തിൽനിന്നു വിടുവിക്കപ്പെട്ടശേഷം ഇസ്രായേല്യർ ആലപിച്ച ആ വിജയഗീതം ഓർക്കുന്നില്ലേ? “നീ വീണ്ടെടുത്ത ജനത്തെ ദയയാൽ നടത്തി; നിന്റെ വിശുദ്ധനിവാസത്തിലേക്കു നിന്റെ ബലത്താൽ അവരെ കൊണ്ടുവന്നു” എന്നവർ പാടി. (പുറ. 15:13) പിൽക്കാലത്ത്‌ ആലയവും അതിലെ പുരോഹിതന്മാരും യെരൂശലേമെന്ന തലസ്ഥാനനഗരിയും അവിടെ യഹോവയുടെ സിംഹാസനത്തിലിരുന്നു വാഴ്‌ചനടത്തിയ, ദാവീദും അവന്റെ വംശാവലിയിൽ പിറന്ന രാജാക്കന്മാരും ആ വിശുദ്ധനിവാസത്തിന്റെ ഭാഗമായി. (1 ദിന. 29:23) അതുകൊണ്ടാണ്‌ യേശു യെരൂശലേമിനെ “മഹാരാജാവിന്റെ നഗരം” എന്നു വിളിച്ചത്‌.—മത്താ. 5:35.

10 നമ്മുടെ നാളിനെക്കുറിച്ച്‌ എന്തു പറയാൻ കഴിയും? എ.ഡി. 33-ൽ ‘ദൈവത്തിന്റെ യിസ്രായേൽ’ എന്ന ഒരു പുതിയ ജനത പിറന്നു. (ഗലാ. 6:16) ദൈവനാമത്തിനു സാക്ഷ്യം വഹിക്കുക എന്ന ദൗത്യം നിർവഹിക്കുന്നതിൽ ജഡിക ഇസ്രായേൽ പരാജയപ്പെട്ടിരുന്നു. എന്നാൽ യേശുവിന്റെ അഭിഷിക്ത സഹോദരങ്ങൾ അടങ്ങിയ ഈ പുതിയ ജനത അതിൽ വിജയിച്ചിരിക്കുന്നു. (യെശ. 43:10; 1 പത്രൊ. 2:9) “ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആകും” എന്ന്‌ ജഡിക ഇസ്രായേലിനു നൽകിയ വാഗ്‌ദാനം യഹോവ ആത്മീയ ഇസ്രായേലിനും നൽകിയിട്ടുണ്ട്‌. (2 കൊരി. 6:16; ലേവ്യ. 26:12) 1919-ൽ ‘ദൈവത്തിന്റെ യിസ്രായേലിൽ’ ശേഷിച്ചവരെ യഹോവ തന്റെ പ്രീതിയിലേക്കു കൊണ്ടുവന്നു; അവർക്കൊരു ‘ദേശവും’ അവകാശമായിക്കൊടുത്തു. സജീവമായ ഒരു ആത്മീയ പ്രവർത്തനമേഖലയാണ്‌ ആ ദേശം. അവിടെ അവർ ആത്മീയ പറുദീസയിലാണ്‌. (യെശ. 66:8) 1930-കൾ മുതൽ ദശലക്ഷങ്ങൾ വരുന്ന “വേറെ ആടുകൾ” അവരോടൊപ്പം ചേർന്നിരിക്കുന്നു. (യോഹ. 10:16) ഈ ആധുനികകാല ക്രിസ്‌ത്യാനികളുടെ സന്തോഷവും ആത്മീയ സമൃദ്ധിയും, യഹോവയാണ്‌ അഖിലാണ്ഡ പരമാധികാരിയായിരിക്കാൻ യോഗ്യൻ എന്ന വസ്‌തുതയ്‌ക്ക്‌ ശക്തമായ സാക്ഷ്യമാണ്‌. (സങ്കീർത്തനം 91:1, 2 വായിക്കുക.) ഇത്‌ സാത്താനെ എത്രമാത്രം രോഷാകുലനാക്കുമെന്ന്‌ ചിന്തിക്കാവുന്നതേയുള്ളൂ!

11. ദൈവത്തിന്റെ എതിരാളികളുടെ മുഖ്യ ലക്ഷ്യം ഇപ്പോഴും എന്താണ്‌?

11 അന്ത്യകാലത്തുടനീളം അഭിഷിക്തശേഷിപ്പിനെയും അവരുടെ സഹകാരികളായ വേറെ ആടുകളെയും ഉപദ്രവിക്കാൻ സാത്താൻ ഭൂമിയിലെ തന്റെ ഏജന്റുമാരെ പ്രേരിപ്പിച്ചിട്ടുണ്ട്‌. പശ്ചിമ യൂറോപ്പിൽ നാസി ഭരണത്തിൻ കീഴിലും പൂർവ്വ യൂറോപ്പിൽ സോവിയറ്റ്‌ യൂണിയനിലെ കമ്മ്യൂണിസ്റ്റ്‌ ഭരണത്തിൻ കീഴിലും അതാണു സംഭവിച്ചത്‌. മറ്റനേകം ദേശങ്ങളിലും അതു സംഭവിച്ചിട്ടുണ്ട്‌. ഇനി അതു സംഭവിക്കുകയും ചെയ്യും, വിശേഷിച്ചും മാഗോഗിലെ ഗോഗിന്റെ അന്തിമ ആക്രമണത്തിന്റെ സമയത്ത്‌. ആ സമയത്ത്‌ അത്യാർത്തിപൂണ്ട എതിരാളികൾ യഹോവയുടെ ജനത്തിന്റെ വസ്‌തുവകകൾ കണ്ടുകെട്ടിയേക്കാം; പണ്ടുകാലത്തും അതു നടന്നിട്ടുണ്ട്‌. എന്നാൽ സാത്താന്റെ മുഖ്യലക്ഷ്യം ഇപ്പോഴും മറ്റൊന്നാണ്‌: “യഹോവയുടെ സാക്ഷികൾ” എന്ന പേരുപോലും ആരുടെയും മനസ്സിൽ വരാത്തവിധം ദൈവനാമം വഹിക്കുന്ന ആ സംഘടനയെ ഇല്ലാതാക്കുക! തന്റെ പരമാധികാരത്തിനെതിരെയുള്ള മത്സരത്തോട്‌ യഹോവ എങ്ങനെ പ്രതികരിക്കും? ഉത്തരത്തിനായി നമുക്കു വീണ്ടും സങ്കീർത്തനക്കാരനിലേക്കു തിരിയാം.

യഹോവ നേടിയ വിജയങ്ങൾ

12-14. മെഗിദ്ദോ പട്ടണത്തിനരികെ നടന്ന ഏതു രണ്ടു പോരാട്ടങ്ങളെക്കുറിച്ചാണ്‌ സങ്കീർത്തനക്കാരൻ എഴുതിയത്‌?

12 ശത്രുരാജ്യങ്ങളുടെ പദ്ധതികൾ നിർവീര്യമാക്കാനുള്ള യഹോവയുടെ കഴിവിൽ സങ്കീർത്തനക്കാരന്‌ ഉറച്ചവിശ്വാസം ഉണ്ടായിരുന്നു. മെഗിദ്ദോ താഴ്‌വരയിൽ സ്ഥിതിചെയ്‌തിരുന്ന പുരാതന മെഗിദ്ദോ പട്ടണത്തിനു സമീപത്തുവെച്ച്‌ ശത്രുക്കളുടെമേൽ ഇസ്രായേൽ നേടിയ രണ്ടു നിർണായക വിജയങ്ങൾ ഈ സങ്കീർത്തനത്തിൽ പരാമർശിച്ചിരിക്കുന്നു. വേനൽക്കാലത്ത്‌ വറ്റിപ്പോകുന്ന കീശോൻ നദി ശൈത്യകാല മഴയെത്തുടർന്ന്‌ കരകവിഞ്ഞ്‌ മെഗിദ്ദോ താഴ്‌വരയിലൂടെ ഒഴുകും. ഇക്കാരണത്താലാവാം ഈ നദിയെ ‘മെഗിദ്ദോവെള്ളം’ എന്ന്‌ വിളിച്ചിരിക്കുന്നത്‌.—ന്യായാ. 4:13; 5:19.

13 മെഗിദ്ദോയിൽനിന്ന്‌ താഴ്‌വരയ്‌ക്കു കുറുകെ ഏകദേശം 15 കിലോമീറ്റർ കിഴക്കായി മോരേ പർവതം സ്ഥിതിചെയ്യുന്നു. അവിടെവെച്ചാണ്‌ മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരൊക്കെയും ചേർന്ന സംയുക്ത സൈന്യം ന്യായാധിപനായ ഗിദെയോന്‌ എതിരെ യുദ്ധംചെയ്യാൻ ഒത്തുകൂടിയത്‌. (ന്യായാ. 7:1, 12) വെറും 300 പേരടങ്ങിയ ഗിദെയോന്റെ സൈന്യം യഹോവയുടെ സഹായത്താൽ ശത്രുക്കളുടെ ആ വലിയ സൈന്യത്തെ തുരത്തി. ദിവ്യനിർദേശത്തിനു ചേർച്ചയിൽ കയ്യിൽ കുടവും കുടത്തിനകത്ത്‌ പന്തവുമായി അവർ രാത്രിയിൽ ശത്രുപാളയത്തെ വളഞ്ഞു. ഗിദെയോൻ സൂചന നൽകിയപ്പോൾ അവർ കുടങ്ങളുടച്ചു, പന്തങ്ങൾ കയ്യിലേന്തി. അതേസമയംതന്നെ അവർ കാഹളമൂതുകയും, “യഹോവെക്കും ഗിദെയോന്നും വേണ്ടി വാൾ” എന്ന്‌ ആർക്കുകയും ചെയ്‌തു. പരിഭ്രാന്തരായി നാലുപാടും ചിതറിയോടിയ ശത്രുക്കൾ പരസ്‌പരം വെട്ടിക്കൊന്നു, രക്ഷപെട്ടവർ യോർദ്ദാൻ നദികടന്ന്‌ ഓടി. ഇതേസമയം ശത്രുക്കളെ പിന്തുടരാനായി കൂടുതൽ ഇസ്രായേല്യർ വന്നുചേർന്നു. ശത്രുപക്ഷത്തെ 1,20,000 പടയാളികളാണ്‌ അന്നു കൊല്ലപ്പെട്ടത്‌.—ന്യായാ. 7:19-25; 8:10.

14 മെഗിദ്ദോ താഴ്‌വരയിൽ മോരേ കുന്നിൽനിന്ന്‌ ഏകദേശം 6 കിലോമീറ്റർ വടക്കുമാറി താബോർ പർവതം സ്ഥിതിചെയ്യുന്നു. മുമ്പ്‌ കനാന്യ ദേശമായ ഹാസോരിലെ രാജാവായ യാബീന്റെ സൈന്യം സേനാപതിയായ സീസെരയുടെ നേതൃത്വത്തിൽ ഇസ്രായേലിനു നേരെ വന്നപ്പോൾ ന്യായാധിപനായ ബാരാക്ക്‌ 10,000-ത്തോളം ഇസ്രായേല്യ പുരുഷന്മാരുമായി അവരെ നേരിടാനൊരുങ്ങിയത്‌ അവിടെവെച്ചായിരുന്നു. ചക്രങ്ങളിൽ മാരകമായ നീണ്ട ഇരുമ്പ്‌ അരിവാളുകൾ ഘടിപ്പിച്ച 900 രഥങ്ങൾ കനാന്യ സൈന്യത്തിനുണ്ടായിരുന്നു. ഇതിനോടുള്ള താരതമ്യത്തിൽ ഇസ്രായേല്യ സൈന്യം ഒന്നുമല്ലായിരുന്നു. ഇസ്രായേൽ സൈന്യം താബോർ പർവതത്തിൽ അണിനിരന്നപ്പോൾ സീസെരയുടെ സൈന്യം താഴ്‌വരയിലേക്കു വന്നു. പെട്ടെന്നു കോരിച്ചൊരിഞ്ഞ മഴയിൽ കീശോൻ നദി കരകവിഞ്ഞൊഴുകി, സീസെരയുടെ രഥചക്രങ്ങൾ ചെളിയിലാഴ്‌ന്നുപോയി. കനാന്യരുടെ മുഴുസൈന്യവും ഇസ്രായേല്യരുടെ വാളിനിരയായി. “യഹോവ സീസെരയെയും അവന്റെ സകലരഥങ്ങളെയും സൈന്യത്തെയും ബാരാക്കിന്റെ മുമ്പിൽ വാളിന്റെ വായ്‌ത്തലയാൽ തോല്‌പിച്ചു.”—ന്യായാ. 4:13-16; 5:19-21.

15. (എ) യഹോവ എന്തു ചെയ്യണമെന്നാണ്‌ ആസാഫ്‌ പ്രാർഥിക്കുന്നത്‌? (ബി) അർമഗെദോൻ എന്ന പദം നമ്മെ എന്ത്‌ ഓർമിപ്പിക്കുന്നു?

15 പുരാതനനാളിൽ ചെയ്‌തതുപോലെ തന്റെ നാളിലും ഇസ്രായേലിന്റെ ശത്രുക്കളോടു ചെയ്യണമെന്ന്‌ സങ്കീർത്തനക്കാരൻ യഹോവയോട്‌ അപേക്ഷിക്കുന്നു: “മിദ്യാന്യരോടു ചെയ്‌തതുപോലെ അവരോടു ചെയ്യേണമേ; കീശോൻതോട്ടിങ്കൽവെച്ചു സീസരയോടും യാബീനോടും ചെയ്‌തതുപോലെ തന്നേ. അവർ എൻദോരിൽവെച്ചു നശിച്ചുപോയി; അവർ നിലത്തിന്നു വളമായി തീർന്നു.” (സങ്കീ. 83:9, 10) സാത്താന്റെ ലോകത്തിനെതിരെയുള്ള ദൈവത്തിന്റെ അന്തിമയുദ്ധത്തെ ഹർമഗെദോൻ (“മെഗിദ്ദോ പർവതം” എന്നർഥം) അഥവാ അർമഗെദോൻ എന്നു വിളിക്കുന്നത്‌ എത്ര ഉചിതമാണ്‌! ഈ പേര്‌ മെഗിദ്ദോയ്‌ക്കു സമീപം നടന്ന ആ നിർണായക യുദ്ധങ്ങൾ നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു. ആ പുരാതന യുദ്ധങ്ങളിൽ യഹോവ നേടിയ വിജയം അർമഗെദോൻ യുദ്ധത്തിൽ അവൻ വിജയിക്കുമെന്ന്‌ ഉറപ്പുനൽകുന്നു.—വെളി. 16:13-16.

യഹോവയുടെ പരമാധികാരത്തിന്റെ സംസ്ഥാപനത്തിനായി പ്രാർഥിക്കുക

16. എതിരാളികളുടെ ‘മുഖം ലജ്ജാപൂർണ്ണമായത്‌’ എങ്ങനെ?

16 ഈ ‘അന്ത്യകാലത്ത്‌’ ഉടനീളം തന്റെ ജനത്തെ തുടച്ചുനീക്കാനുള്ള എല്ലാ ശ്രമങ്ങളെയും യഹോവ വിഫലമാക്കിയിട്ടുണ്ട്‌. (2 തിമൊ. 3:1) ഫലമോ? എതിരാളികൾ ലജ്ജിതരായിത്തീർന്നിരിക്കുന്നു. “യഹോവേ, അവർ തിരുനാമത്തെ അന്വേഷിക്കേണ്ടതിന്നു നീ അവരുടെ മുഖത്തെ ലജ്ജാപൂർണ്ണമാക്കേണമേ” എന്ന സങ്കീർത്തനക്കാരന്റെ പ്രാർഥനയ്‌ക്കു ചേർച്ചയിലാണിത്‌. (സങ്കീ. 83:16) യഹോവയുടെ സാക്ഷികളെ നിശ്ശബ്ദരാക്കാനുള്ള എതിരാളികളുടെ ശ്രമങ്ങൾ ദേശഭേദമന്യേ ഒന്നൊന്നായി പരാജയപ്പെട്ടിരിക്കുന്നു. ആ ദേശങ്ങളിൽ സത്യദൈവത്തിന്റെ ആരാധകർ പ്രകടമാക്കിയ അചഞ്ചലതയും സഹിഷ്‌ണുതയും സത്യതത്‌പരരായവർക്ക്‌ ഒരു സാക്ഷ്യമായി ഉതകി. ‘യഹോവയുടെ നാമത്തെ അന്വേഷിക്കാൻ’ അത്‌ അനേകരെ പ്രേരിപ്പിച്ചു. ഒരുകാലത്ത്‌ യഹോവയുടെ സാക്ഷികൾ അതികഠിനമായി പീഡിപ്പിക്കപ്പെട്ട പല ദേശങ്ങളിലും ഇന്ന്‌ പതിനായിരക്കണക്കിന്‌ എന്തിന്‌, ലക്ഷക്കണക്കിനുപോലും ആളുകൾ സന്തോഷത്തോടെ യഹോവയെ സ്‌തുതിക്കുന്നു. എത്ര ഗംഭീരമായ വിജയമാണ്‌ യഹോവ നേടിയിരിക്കുന്നത്‌! അവന്റെ ശത്രുക്കൾ നാണിച്ചു തലതാഴ്‌ത്തിയിരിക്കുന്നു.—യിരെമ്യാവ്‌ 1:19 വായിക്കുക.

17. മനുഷ്യവർഗം ഏതു നിർണായക സാഹചര്യത്തെ നേരിടുന്നു, സമീപഭാവിയിൽ ഏതു വാക്കുകൾ നാം ഓർക്കും?

17 എന്നാൽ നമുക്കെതിരെയുള്ള പോരാട്ടം തീർന്നിട്ടില്ല എന്നു നമുക്കറിയാം. പക്ഷേ സുവാർത്ത പ്രസംഗിക്കുന്നതിൽ നാം തുടരുകതന്നെ ചെയ്യും, എതിരാളികളോടുപോലും. (മത്താ. 24:14, 21) അനുതപിക്കാനും രക്ഷനേടാനും എതിരാളികൾക്കു മുന്നിൽ അവശേഷിക്കുന്ന സമയം പരിമിതമാണ്‌. എന്നാൽ മനുഷ്യന്റെ രക്ഷയെക്കാൾ പ്രധാനം യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണമാണ്‌. (യെഹെസ്‌കേൽ 38:23 വായിക്കുക.) മുൻകൂട്ടി പറഞ്ഞിരിക്കുന്നതുപോലെ ദൈവജനത്തെ നിർമൂലമാക്കാനുള്ള ശ്രമത്തിൽ ജനതകൾ ഒത്തുകൂടുമ്പോൾ സങ്കീർത്തനക്കാരന്റെ ഈ പ്രാർഥന നാം ഓർമിക്കും: “അവർ എന്നേക്കും ലജ്ജിച്ചു ഭ്രമിക്കയും നാണിച്ചു നശിച്ചുപോകയും ചെയ്യട്ടെ.”—സങ്കീ. 83:17.

18, 19. (എ) യഹോവയുടെ പരമാധികാരത്തെ മനപ്പൂർവം എതിർക്കുന്നവരെ എന്തു കാത്തിരിക്കുന്നു? (ബി) യഹോവയുടെ പരമാധികാരത്തിന്റെ സംസ്ഥാപനം നമ്മെ എങ്ങനെ ബാധിക്കുന്നു?

18 യഹോവയുടെ പരമാധികാരത്തെ മനപ്പൂർവം എതിർക്കുന്നവരെ കാത്തിരിക്കുന്നത്‌ ലജ്ജാകരമായ അന്ത്യമാണ്‌. “സുവിശേഷം അനുസരിക്കാത്തവർ” അർമഗെദോനിൽ ‘നിത്യമായി നശിപ്പിക്കപ്പെടുമെന്ന്‌’ ദൈവവചനം വെളിപ്പെടുത്തുന്നു. (2 തെസ്സ. 1:7-10) അവരുടെ നാശവും സത്യാരാധകരുടെ അതിജീവനവും യഹോവയാണ്‌ ഏകസത്യദൈവം എന്നതിന്‌ അനിഷേധ്യമായ തെളിവുനൽകും. ആ മഹാവിജയത്തെക്കുറിച്ചുള്ള ഓർമകൾ സകലനിത്യതയിലും നിലനിൽക്കും. പുനരുത്ഥാനത്തിൽ വരുന്ന ‘നീതിമാന്മാരും നീതികെട്ടവരും’ യഹോവയുടെ ഈ മഹാപ്രവൃത്തിയെക്കുറിച്ചു മനസ്സിലാക്കും. (പ്രവൃ. 24:15) യഹോവയുടെ പരമാധികാരത്തിനു കീഴടങ്ങി ജീവിക്കുന്നതാണ്‌ ജ്ഞാനപൂർവകമായ ഗതിയെന്നതിന്റെ വ്യക്തമായ തെളിവുകൾ അവർക്കു ലഭിക്കും. അവരിൽ സൗമ്യരായവർക്ക്‌ യഹോവയാണ്‌ ഏകസത്യദൈവമെന്നു പെട്ടെന്നുതന്നെ ബോധ്യമാകും.

19 തന്റെ വിശ്വസ്‌ത ആരാധകർക്കുവേണ്ടി എത്ര മഹത്തായ ഭാവിയാണ്‌ നമ്മുടെ സ്വർഗീയ പിതാവായ യഹോവ കരുതിവെച്ചിരിക്കുന്നത്‌! സങ്കീർത്തനക്കാരന്റെ പിൻവരുന്ന പ്രാർഥനയ്‌ക്ക്‌ ഉടൻതന്നെ യഹോവ ഉത്തരം നൽകിക്കാണാൻ നിങ്ങളും ആഗ്രഹിക്കുന്നില്ലേ? “[നിന്റെ ശത്രുക്കൾ] എന്നേക്കും ലജ്ജിച്ചു ഭ്രമിക്കയും നാണിച്ചു നശിച്ചുപോകയും ചെയ്യട്ടെ. അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.”—സങ്കീ. 83:17, 18.

[അടിക്കുറിപ്പ്‌]

^ ഖ. 2 ഈ ലേഖനം പരിചിന്തിക്കുന്നതിനുമുമ്പ്‌ 83-ാം സങ്കീർത്തനം വായിക്കുന്നത്‌ അതിന്റെ ഉള്ളടക്കം മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും.

വിശദീകരിക്കാമോ?

• 83-ാം സങ്കീർത്തനം എഴുതുമ്പോൾ ഇസ്രായേൽ ഏതു സാഹചര്യത്തെ നേരിടുകയായിരുന്നു?

• സങ്കീർത്തനക്കാരനെ ആകുലപ്പെടുത്തിയ മുഖ്യ സംഗതി എന്തായിരുന്നു?

• സാത്താൻ ഇക്കാലത്ത്‌ ഉന്നം വെച്ചിരിക്കുന്നത്‌ ആരെയാണ്‌?

സങ്കീർത്തനം 83:18-ലെ പ്രാർഥനയ്‌ക്ക്‌ യഹോവ അന്തിമമായി എങ്ങനെ ഉത്തരം നൽകും?

[അധ്യയന ചോദ്യങ്ങൾ]

[15-ാം പേജിലെ മാപ്പ്‌]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

പുരാതന മെഗിദ്ദോയ്‌ക്കു സമീപം നടന്ന യുദ്ധങ്ങൾക്ക്‌ ഭാവിയുമായി എന്തു സമാനതയുണ്ട്‌?

കീശോൻ നദി

ഹരോശെത്ത്‌

കർമ്മേൽ പർവതം

യിസ്രെയേൽ താഴ്‌വര

മെഗിദ്ദോ

താനാക്‌

ഗിൽബോവ പർവതം

ഹരോദ്‌ ഉറവ്‌

മോരേ

ഏൻ-ദോർ

താബോർ പർവതം

ഗലീലക്കടൽ

യോർദ്ദാൻ നദി

[12-ാം പേജിലെ ചിത്രം]

ഹൃദയംഗമമായ ഈ പ്രാർഥന രചിക്കാൻ സങ്കീർത്തനക്കാരനെ പ്രേരിപ്പിച്ചത്‌ എന്താണ്‌?