ക്രിസ്‌തുവിന്റെ സാന്നിധ്യം —നിങ്ങൾക്ക് അത് എന്തർഥമാക്കുന്നു?
ക്രിസ്‌തുവിന്റെ സാന്നിധ്യം —നിങ്ങൾക്ക് അത് എന്തർഥമാക്കുന്നു?
“നിന്റെ സാന്നിധ്യത്തിനും ലോകാവസാനത്തിനും അടയാളം എന്ത്?” —മത്താ. 24:3, NW.
1. അപ്പൊസ്‌തലന്മാർ യേശുവിനോട് ശ്രദ്ധേയമായ ഏതു ചോദ്യം ചോദിച്ചു?
രണ്ടായിരത്തോളം വർഷംമുമ്പ് ഒലിവുമലയിൽവെച്ചാണ് അതു നടന്നത്. നാല് അപ്പൊസ്‌തലന്മാർ യേശുവുമായി ഒരു സ്വകാര്യസംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. തദവസരത്തിൽ അവർ ചോദിച്ചു: “നിന്റെ സാന്നിധ്യത്തിനും ലോകാവസാനത്തിനും അടയാളം എന്ത്?” (മത്താ. 24:3, NW) ആ ചോദ്യത്തിലെ, ‘നിന്റെ സാന്നിധ്യം,’ ‘ലോകാവസാനം’ എന്നീ പ്രയോഗങ്ങൾ വളരെ ശ്രദ്ധേയമാണ്. ഇവ എന്തിനെ പരാമർശിക്കുന്നു?
2. ‘അവസാനം’ എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നത്?
2 ആദ്യം നമുക്കു രണ്ടാമതു പറഞ്ഞ ‘ലോകാവസാനം’ എന്ന പ്രയോഗത്തിലേക്കു ശ്രദ്ധതിരിക്കാം. മലയാളം ബൈബിളുകളിൽ “അവസാനം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത് മൂലഗ്രീക്കിലെ രണ്ടു പദങ്ങളാണ് (സിന്റെലിയ, ടെലോസ). എങ്കിലും, ഈ ഗ്രീക്കുപദങ്ങൾക്ക് അർഥവ്യത്യാസമുണ്ട്. മത്തായി 24:3-ൽ ഉപയോഗിച്ചിരിക്കുന്ന സിന്റെലിയ എന്ന പദത്തിന് “അവസാനകാലം” എന്നാണർഥം. അതേസമയം, ടെലോസ് “അവസാന”ത്തെ സൂചിപ്പിക്കുന്നു. ഈ രണ്ടു പദങ്ങളുടെയും അർഥത്തിലെ വ്യത്യാസം മനസ്സിലാക്കാൻ ഒരു ഉദാഹരണം നോക്കാം. രാജ്യഹാളിൽ പ്രസംഗം നടത്തുന്ന ഒരു വ്യക്തി അതുവരെ അവതരിപ്പിച്ച വിവരങ്ങളുടെ പ്രാധാന്യം വ്യക്തമാക്കാൻ പ്രസംഗത്തിന്റെ അവസാനഭാഗത്ത് ഉപസംഹാരത്തിനായി കുറച്ചുസമയം ചെലവഴിക്കാറുണ്ടല്ലോ. ആ അവസാനഭാഗത്തെയാണ് സിന്റെലിയ എന്ന പദംകൊണ്ട് അർഥമാക്കുന്നത്. പ്രസംഗം തീരുമ്പോൾ അദ്ദേഹം സ്റ്റേജിൽനിന്നിറങ്ങിപ്പോരുന്നു; ആ പരിസമാപ്‌തിയാണ് ടെലോസ്. അതുപോലെ, ബൈബിളിൽ ‘ലോകാവസാനം’ എന്നു പറയുമ്പോൾ അത് കുറച്ച് സമയം അടങ്ങിയ ഒരു കാലഘട്ടത്തെ (സിന്റെലിയ) ആണ് അർഥമാക്കുന്നത്. ഈ കാലഘട്ടത്തിന്റെ പരിസമാപ്‌തിയാണ് ടെലോസ്.
3. യേശുവിന്റെ സാന്നിധ്യകാലത്തിന്റെ ചില വിശേഷതകളേവ?
3 “സാന്നിധ്യം” എന്നതിന്റെ അർഥമെന്താണ്? പറൂസിയ * എന്ന ഗ്രീക്ക് പദത്തിന്റെ പരിഭാഷയാണിത്. ക്രിസ്‌തുവിന്റെ പറൂസിയ അഥവാ സാന്നിധ്യം 1914-ൽ യേശു സ്വർഗത്തിൽ രാജാവായപ്പോൾ ആരംഭിച്ചു. ദുഷ്ടന്മാരെ നശിപ്പിക്കാനായി അവൻ വരുന്ന “വലിയ കഷ്ട”ത്തിന്റെ സമയംവരെ അതു നീണ്ടുനിൽക്കുകയും ചെയ്യും. (മത്താ. 24:21) ഈ ദുഷ്ടലോകത്തിന്റെ ‘അന്ത്യകാലം,’ തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടിച്ചേർക്കൽ, സ്വർഗീയ ജീവനിലേക്കുള്ള അവരുടെ പുനരുത്ഥാനം എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങൾ യേശുവിന്റെ ഈ സാന്നിധ്യകാലത്തിന്റെ വിശേഷതകളാണ്. (2 തിമൊ. 3:1; 1 കൊരി. 15:23; 1 തെസ്സ. 4:15-17; 2 തെസ്സ. 2:1) “ലോകാവസാന”നാളുകളും (സിന്റെലിയ) ക്രിസ്‌തുവിന്റെ സാന്നിധ്യകാലവും (പറൂസിയ) സമാന്തരങ്ങളായി പോകുന്ന രണ്ടു സംഗതികളാണെന്നു പറയാവുന്നതാണ്.
ദീർഘമായ ഒരു കാലഘട്ടം
4. യേശുവിന്റെ സാന്നിധ്യത്തിന് നോഹയുടെ കാലവുമായി എന്തു സമാനതയുണ്ട്?
4 പറൂസിയ എന്ന പദം ദീർഘമായ ഒരു കാലഘട്ടത്തെയാണ് അർഥമാക്കുന്നത് എന്ന വസ്‌തുത തന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള യേശുവിന്റെ പ്രസ്‌താവനയിൽനിന്നു വ്യക്തമാണ്. (മത്തായി 24:37-39 വായിക്കുക.) യേശു തന്റെ സാന്നിധ്യത്തെ ഉപമിച്ചത് മഴപെയ്‌തു പ്രളയം ഉണ്ടായ ആ ചുരുങ്ങിയ സമയത്തോടു മാത്രമല്ല, അതിനു മുമ്പുള്ള താരതമ്യേന ദീർഘമായ ഒരു കാലഘട്ടത്തോടുംകൂടെയാണ് എന്നതു ശ്രദ്ധിക്കുക. ആ കാലഘട്ടത്തിൽ നോഹ പെട്ടകം പണിയുകയും ആളുകളോടു പ്രസംഗിക്കുകയും ചെയ്‌തു; അതിനൊടുവിൽ പ്രളയം വന്നെത്തി. ഇതിനെല്ലാം പല ദശാബ്ദങ്ങൾ വേണ്ടിവന്നു. സമാനമായി ക്രിസ്‌തുവിന്റെ സാന്നിധ്യത്തിൽ, മഹാകഷ്ടത്തിലേക്കു നയിക്കുന്ന സംഭവങ്ങളും അതുപോലെ മഹാകഷ്ടവും ഉൾപ്പെടുന്നു.—2 തെസ്സ. 1:6-9.
5. യേശുവിന്റെ സാന്നിധ്യം താരതമ്യേന ദീർഘമായ ഒരു കാലഘട്ടത്തെയാണ് അർഥമാക്കുന്നത് എന്ന് വെളിപ്പാടു 6-ാം അധ്യായം സൂചിപ്പിക്കുന്നത് എങ്ങനെ?
5 ക്രിസ്‌തുവിന്റെ സാന്നിധ്യത്തിൽ, ദുഷ്ടന്മാരെ നശിപ്പിക്കാനുള്ള അവന്റെ വരവു മാത്രമല്ല, താരതമ്യേന ദീർഘമായ ഒരു കാലഘട്ടവും ഉൾപ്പെട്ടിരിക്കുന്നുവെന്ന് മറ്റു ബൈബിൾപ്രവചനങ്ങളും വ്യക്തമാക്കുന്നു. യേശു ഒരു വെള്ളക്കുതിരയുടെ പുറത്ത് സവാരി ചെയ്യുന്നതായും അവന് ഒരു കിരീടം ലഭിക്കുന്നതായും വെളിപ്പാടു പുസ്‌തകം കാണിക്കുന്നു. (വെളിപ്പാടു 6:1-8 വായിക്കുക.) 1914-ൽ രാജ്യാധികാരം ലഭിച്ചശേഷം യേശു, “ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെ”ടുന്നതിനെക്കുറിച്ചും അതു പറയുന്നു. ഇതേത്തുടർന്ന് ഒന്നിനു പുറകേ ഒന്നായി പല നിറങ്ങളിലുള്ള കുതിരകളിൽ വേറെയും സവാരിക്കാർ പുറപ്പെടുന്നതായി ആ വിവരണത്തിൽ നാം വായിക്കുന്നു. ‘അന്ത്യകാലം’ എന്നു വിശേഷിപ്പിച്ചിരിക്കുന്ന കാലഘട്ടത്തിൽ സംഭവിച്ചിരിക്കുന്ന യുദ്ധം, ഭക്ഷ്യക്ഷാമം, പകർച്ചവ്യാധി എന്നിവയെയാണു പ്രാവചനികമായി ഇവ അർഥമാക്കുന്നത്. ഈ പ്രവചനങ്ങളുടെ നിവൃത്തി നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുകയാണ്.
6. ക്രിസ്‌തുവിന്റെ സാന്നിധ്യത്തെക്കുറിച്ച് വെളിപ്പാടു 12-ാം അധ്യായത്തിൽനിന്നു നാം എന്തു മനസ്സിലാക്കുന്നു?
6 ദൈവരാജ്യം സ്വർഗത്തിൽ സ്ഥാപിതമാകുന്നതു സംബന്ധിച്ച കൂടുതലായ വിവരങ്ങൾ വെളിപ്പാടു 12-ാം അധ്യായത്തിൽ കാണാം. അദൃശ്യമണ്ഡലത്തിൽ നടക്കുന്ന ഒരു യുദ്ധത്തെക്കുറിച്ച് നാം അവിടെ വായിക്കുന്നു. സ്വർഗീയ അധികാരത്തിലുള്ള യേശുക്രിസ്‌തുവായ മീഖായേലും അവന്റെ ദൂതന്മാരും പിശാചിനോടും അവന്റെ ദൂതന്മാരോടും പടവെട്ടി അവരെ ഭൂമിയിലേക്കു തള്ളിക്കളയുന്നു. അങ്ങനെ പിശാച് “തനിക്കു അല്‌പകാലമേയുള്ളു എന്നു അറിഞ്ഞ്” മഹാക്രോധത്തോടെ നമ്മുടെ ഇടയിലേക്ക് ഇറങ്ങിവന്നിരിക്കുന്നതായി വിവരണം തുടർന്നു പറയുന്നു. (വെളിപ്പാടു 12:7-12 വായിക്കുക.) ക്രിസ്‌തുവിന്റെ രാജ്യം സ്വർഗത്തിൽ സ്ഥാപിതമാകുന്നതിനെ തുടർന്ന് ഭൂമിയും അതിലെ നിവാസികളും വലിയ “കഷ്ട”ത്തിന്റേതായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകേണ്ടിവരുമെന്ന് ഇതു വ്യക്തമാക്കുന്നു.
7. രണ്ടാം സങ്കീർത്തനത്തിൽ നാം എന്തു കാണുന്നു, എന്തിനുള്ള അവസരത്തെക്കുറിച്ചാണ് അതിൽ പരാമർശിച്ചിരിക്കുന്നത്?
7 സ്വർഗീയ സീയോൻപർവതത്തിൽ യേശുവിനെ രാജാവായി അവരോധിക്കുന്നതിനെക്കുറിച്ചുള്ള പ്രവചനം രണ്ടാം സങ്കീർത്തനത്തിൽ കാണാം. (സങ്കീർത്തനം 2:5-9; 110:1, 2 വായിക്കുക.) ഭൂമിയിലെ ഭരണാധിപന്മാർക്കും അവരുടെ പ്രജകൾക്കും ക്രിസ്‌തുവിന്റെ ഭരണത്തിനു കീഴ്‌പെടാനുള്ള അവസരം ലഭിക്കുന്ന ഒരു കാലഘട്ടത്തെക്കുറിച്ച് ഈ സങ്കീർത്തനം പറയുന്നു. ‘ബുദ്ധിപഠിക്കാനും’ ‘ഉപദേശം കൈക്കൊള്ളാനും’ അവരോട് ആവശ്യപ്പെട്ടിരിക്കുന്നു. അതേ, യഹോവയെയും അവൻ നിയമിച്ചിരിക്കുന്ന രാജാവിനെയും സേവിച്ചുകൊണ്ട് ഈ കാലത്ത് “അവനെ [ദൈവത്തെ] ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ” ആയി എണ്ണപ്പെടും. അതുകൊണ്ട് യേശു രാജ്യാധികാരത്തിൽ സന്നിഹിതനായിരിക്കുന്ന ഈ കാലഘട്ടത്തിൽ ഭരണാധിപന്മാർക്കും പ്രജകൾക്കും മാറ്റങ്ങൾ വരുത്താൻ ആവശ്യമായ സമയം ലഭിക്കുന്നു.—സങ്കീ. 2:10-12.
അടയാളം തിരിച്ചറിയുക
8, 9. ക്രിസ്‌തുവിന്റെ സാന്നിധ്യവും അതിന്റെ പ്രാധാന്യവും തിരിച്ചറിയുന്നത് ആരായിരിക്കും?
8 രാജ്യം വരുന്നത് എപ്പോഴായിരിക്കുമെന്ന് ഒരിക്കൽ പരീശന്മാർ യേശുവിനോടു ചോദിക്കുകയുണ്ടായി. എന്നാൽ അവർ പ്രതീക്ഷിക്കുന്നതുപോലെ ആയിരിക്കില്ല അതു വരുന്നത് എന്നായിരുന്നു യേശുവിന്റെ മറുപടി. (ലൂക്കൊ. 17:20, 21) അവിശ്വാസികൾ അത് തിരിച്ചറിയുമായിരുന്നില്ല; കാരണം യേശു തങ്ങളുടെ രാജാവാകാൻ പോകുന്നവനാണെന്ന കാര്യംപോലും അവർ അംഗീകരിച്ചിരുന്നില്ല. അങ്ങനെയെങ്കിൽ, ക്രിസ്‌തുവിന്റെ സാന്നിധ്യത്തിന്റെ അടയാളവും അതിന്റെ പ്രാധാന്യവും ഒരുപോലെ തിരിച്ചറിയുന്നവർ ആരായിരിക്കും?
9 “മിന്നൽ ആകാശത്തിങ്കീഴെ ദിക്കോടുദിക്കെല്ലാം തിളങ്ങി മിന്നുന്നതു” കാണുന്നതുപോലെ തന്റെ ശിഷ്യന്മാർക്ക് സാന്നിധ്യത്തിന്റെ അടയാളവും വ്യക്തമായി കാണാനാകുമെന്ന് യേശു പറഞ്ഞു. (ലൂക്കൊസ് 17:24-29 വായിക്കുക.) മത്തായി 24:23-27 ഇതേ കാര്യത്തെ ക്രിസ്‌തുവിന്റെ സാന്നിധ്യത്തിന്റെ അടയാളവുമായി നേരിട്ടു ബന്ധപ്പെടുത്തിപ്പറയുന്നു എന്നതു ശ്രദ്ധേയമാണ്.
അടയാളം കാണുന്ന തലമുറ
10, 11. (എ) മത്തായി 24:34-ലെ “തലമുറ” സംബന്ധിച്ച് മുമ്പ് എന്തു വിശദീകരണം ലഭിച്ചിരുന്നു? (ബി) ആ “തലമുറ”യിൽ ഉൾപ്പെടുന്നത് ആരായിരിക്കുമെന്നാണ് യേശുവിന്റെ ശിഷ്യന്മാർ മനസ്സിലാക്കിയത്?
10 ഒന്നാം നൂറ്റാണ്ടിൽ മത്തായി 24:34-ൽ പരാമർശിച്ചിരിക്കുന്ന “ഈ തലമുറ” അർഥമാക്കിയത് “വിശ്വസിക്കാതിരുന്ന യഹൂദന്മാരുടെ സമകാലിക തലമുറ”യെയാണ് എന്ന് ഈ മാസിക മുമ്പു പ്രസ്‌താവിച്ചിരുന്നു. * അത് ഉചിതമാണ് എന്നു തോന്നാൻ കാരണമുണ്ടായിരുന്നുതാനും. മറ്റു സന്ദർഭങ്ങളിലൊക്കെയും യേശു മോശമായ ഒരു ധ്വനിയോടെയാണ് “തലമുറ” എന്ന പദം പരാമർശിച്ചിട്ടുള്ളത്. ‘ദോഷമുള്ള,’ ‘കോട്ടമുള്ള’ തുടങ്ങിയ പദങ്ങൾ ഉപയോഗിച്ചാണ് പലപ്പോഴും അവൻ അതിനെ വിശേഷിപ്പിച്ചത്. (മത്താ. 12:39; 17:17; മർക്കൊ. 8:38) അതുകൊണ്ടാണ് പ്രവചനത്തിന്റെ ആധുനികനിവൃത്തിയിലും, “ലോകാവസാന”കാലത്തിന്റെ (സിന്റെലിയ) വിശേഷതകൾക്കും അതിന്റെ പരിസമാപ്‌തിക്കും (ടെലോസ്) ദൃക്‌സാക്ഷികളാകുമായിരുന്ന അവിശ്വാസികളുടെ ദോഷമുള്ള “തലമുറ”യെത്തന്നെയാണ് യേശു പരാമർശിച്ചത് എന്നു മാസിക പറഞ്ഞത്.
11 മോശമായ ധ്വനിയോടെ “തലമുറ” എന്ന പദം ഉപയോഗിച്ചപ്പോഴൊക്കെ യേശു തന്റെ നാളിലെ ദുഷ്ടജനങ്ങളോടോ അവരെക്കുറിച്ചോ ആണ് സംസാരിച്ചതെന്നതു ശരിയാണ്. എന്നാൽ മത്തായി 24:34-ലെ അവന്റെ പ്രസ്‌താവനയെക്കുറിച്ച് എന്തു പറയാൻ കഴിയും? യേശുവിന്റെ ആ നാലു ശിഷ്യന്മാരും ‘തനിച്ചാണ്’ അവനെ സമീപിച്ചത് എന്നോർക്കുക. (മത്തായി 24:3) “ഈ തലമുറ”യെക്കുറിച്ച് അവരോടു സംസാരിക്കുമ്പോൾ യേശു മേൽപ്രസ്‌താവിച്ചതരം വിശേഷണങ്ങളൊന്നും ഉപയോഗിച്ചില്ല. അതുകൊണ്ട് “ഇതൊക്കെയും സംഭവിക്കുവോളം . . . ഒഴിഞ്ഞുപോകുകയില്ല” എന്നു പറഞ്ഞ ആ “തലമുറ”യിൽ തങ്ങളും മറ്റു ശിഷ്യന്മാരും ആണ് ഉൾപ്പെട്ടിട്ടുള്ളത് എന്ന് അപ്പൊസ്‌തലന്മാർ തീർച്ചയായും മനസ്സിലാക്കിയിട്ടുണ്ടാവണം.
12. “തലമുറ” എന്നു പറഞ്ഞപ്പോൾ യേശു ഉദ്ദേശിച്ചത് ആരെയാണ് എന്നതു സംബന്ധിച്ച് സന്ദർഭം എന്തു വെളിപ്പെടുത്തുന്നു?
12 അങ്ങനെയൊരു നിഗമനത്തിലെത്താൻ എന്തെങ്കിലും അടിസ്ഥാനമുണ്ടോ? നമുക്ക് അതിന്റെ സാഹചര്യം ഒന്നു പരിശോധിക്കാം. മത്തായി 24:32, 33 അനുസരിച്ച് യേശു പറഞ്ഞു: “അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പു ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ. അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതില്‌ക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.” (മർക്കൊസ് 13:28-30; ലൂക്കൊസ് 21:30-32 എന്നിവ താരതമ്യപ്പെടുത്തുക.) തുടർന്ന് 34-ാം വാക്യത്തിൽ, “ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്ന പ്രസ്‌താവന നാം വായിക്കുന്നു.
13, 14. യേശു “തലമുറ” എന്നു പരാമർശിച്ചത് അവന്റെ ശിഷ്യന്മാരെ ആയിരിക്കണമെന്ന് എങ്ങനെ പറയാനാകും?
13 “ഇതൊക്കെയും” സംഭവിക്കുമ്പോൾ അവയുടെ അർഥം മനസ്സിലാക്കുന്നത്, താമസിയാതെ പരിശുദ്ധാത്മാഭിഷേകം പ്രാപിക്കാനിരുന്ന തന്റെ ശിഷ്യന്മാരായിരിക്കും എന്ന് യേശു പറഞ്ഞു. അതുകൊണ്ട് “ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല” എന്നു പറഞ്ഞപ്പോൾ യേശു പരാമർശിച്ചത് തന്റെ ശിഷ്യന്മാരെ ആയിരിക്കണം.
14 അവിശ്വാസികളിൽനിന്നു വ്യത്യസ്‌തമായി യേശുവിന്റെ ശിഷ്യന്മാർ അടയാളം കാണുക മാത്രമല്ല അതിന്റെ പ്രാധാന്യം തിരിച്ചറിയുകകൂടെ ചെയ്യുമായിരുന്നു. അവർ ആ അടയാളത്തിന്റെ വിശേഷതകളിൽനിന്നു ‘പഠിക്കുകയും’ അതിന്റെ ശരിക്കുള്ള അർഥം ‘അറിയുകയും’ ചെയ്യും. “അവൻ അടുക്കെ വാതില്‌ക്കൽ തന്നേ ആയിരിക്കുന്നു” എന്ന വസ്‌തുത അവർ പൂർണമായി ഗ്രഹിക്കും. ഒന്നാം നൂറ്റാണ്ടിൽ അവിശ്വാസികളായ യഹൂദന്മാരും വിശ്വസ്‌തരായ അഭിഷിക്ത ക്രിസ്‌ത്യാനികളും യേശുവിന്റെ വാക്കുകളുടെ ഭാഗികമായ നിവൃത്തി കണ്ടിരുന്നു. എന്നാൽ അന്ന് അവന്റെ അഭിഷിക്താനുഗാമികൾ മാത്രമേ ആ സംഭവങ്ങളിൽനിന്നു പാഠം ഉൾക്കൊണ്ടുള്ളൂ അഥവാ തങ്ങൾ കണ്ട കാര്യങ്ങളുടെ ശരിക്കുള്ള അർഥം ഗ്രഹിച്ചുള്ളൂ.
15. (എ) യേശു പരാമർശിച്ച “തലമുറ” ആധുനിക നാളിൽ ആരാണ്? (ബി) “ഈ തലമുറ”യുടെ കൃത്യമായ ദൈർഘ്യം നിശ്ചയിക്കാനാവില്ലാത്തത് എന്തുകൊണ്ട്? (25-ാം പേജിലെ ചതുരം കാണുക.)
15 ഇന്ന്, യേശുവിന്റെ സാന്നിധ്യത്തിന്റെ അടയാളത്തോടുള്ള ബന്ധത്തിൽ ‘കാണത്തക്കതായി’ ഒന്നുമില്ലെന്ന് ആത്മീയസത്യങ്ങൾ ഗ്രഹിക്കാത്തവർക്കു തോന്നുന്നു. സകലതും പണ്ടുള്ളതുപോലെതന്നെ തുടരുന്നു എന്നാണ് അവരുടെ പക്ഷം. (2 പത്രൊ. 3:4) എന്നാൽ ക്രിസ്‌തുവിന്റെ വിശ്വസ്‌തരായ അഭിഷിക്ത സഹോദരന്മാർ, അതായത് ഇന്നത്തെ യോഹന്നാൻവർഗം, ഈ അടയാളം ആകാശത്തെ മിന്നൽപ്പിണർപോലെ വ്യക്തമായി കാണുകയും അതിന്റെ ശരിയായ അർഥം ഗ്രഹിക്കുകയും ചെയ്‌തിരിക്കുന്നു. “ഇതൊക്കെയും സംഭവിക്കുവോളം” ഒഴിഞ്ഞുപോകയില്ല എന്നു വിശേഷിപ്പിക്കപ്പെട്ട ആധുനിക “തലമുറ” സമകാലികരായ അഭിഷിക്ത ക്രിസ്‌ത്യാനികളുടെ കൂട്ടമാണ്. * മുൻകൂട്ടിപ്പറയപ്പെട്ട മഹാകഷ്ടം തുടങ്ങുമ്പോൾ ക്രിസ്‌തുവിന്റെ അഭിഷിക്ത സഹോദരന്മാരിൽ ചിലർ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടാകുമെന്ന് ഇതു സൂചിപ്പിക്കുന്നു.
“ഉണർന്നിരിപ്പിൻ”
16. ക്രിസ്‌തുവിന്റെ ശിഷ്യന്മാരായ സകലരും എന്തു ചെയ്യണം?
16 എന്നാൽ അടയാളം തിരിച്ചറിയുന്നതുമാത്രം പോരാ. യേശു തുടർന്ന് പറയുന്നു: “ഞാൻ നിങ്ങളോടു പറയുന്നതോ എല്ലാവരോടും പറയുന്നു: ഉണർന്നിരിപ്പിൻ.” (മർക്കൊ. 13:37) നാം അഭിഷിക്തരിലോ മഹാപുരുഷാരത്തിലോ പെട്ടവരായാലും ഇത് അതീവ പ്രാധാന്യമുള്ളതാണ്. 1914-ൽ വാഴ്‌ച ആരംഭിച്ച യേശുവിന്റെ ഭരണം 90-ലധികം വർഷം പിന്നിട്ടിരിക്കുന്നു. വെല്ലുവിളികൾ ഉണ്ടായിരുന്നേക്കാമെങ്കിലും നാം ഒരുങ്ങിയിരിക്കേണ്ടതും ഉണർന്നിരിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. രാജാവ് എന്നനിലയിൽ ക്രിസ്‌തു അദൃശ്യനായി സന്നിഹിതനായിരിക്കുന്നുവെന്ന വസ്‌തുത മനസ്സിലാക്കുന്നത് നമ്മെ അതിനു സഹായിക്കും. ഉടൻതന്നെ തന്റെ ശത്രുക്കളെ നശിപ്പിക്കാൻ “നിനയാത്ത നാഴികയിൽ” അവൻ വരുമെന്ന കാര്യം മനസ്സിൽ അടുപ്പിച്ചുനിറുത്താനും അതു നമ്മെ പ്രാപ്‌തരാക്കും.—ലൂക്കൊ. 12:40.
17. ക്രിസ്‌തുവിന്റെ സാന്നിധ്യത്തിന്റെ അർഥം മനസ്സിലാക്കുന്നത് നമ്മിൽ എന്തു ഫലം ഉളവാക്കണം, നാം എന്തു ചെയ്യാൻ നിശ്ചയദാർഢ്യം ഉള്ളവരായിരിക്കണം?
17 ക്രിസ്‌തുവിന്റെ സാന്നിധ്യത്തിന്റെ അർഥം മനസ്സിലാക്കുന്നത് നമ്മുടെ അടിയന്തിരതാബോധം വർധിപ്പിക്കും. 1914 മുതൽ യേശു സന്നിഹിതനാണെന്നും അവൻ സ്വർഗത്തിലിരുന്ന് വാഴ്‌ച നടത്തുകയാണെന്നും നമുക്കറിയാം. ദുഷ്ടന്മാരെ നശിപ്പിക്കാനും ഭൂവ്യാപകമായ മാറ്റങ്ങൾ വരുത്താനുമായി അവൻ പെട്ടെന്നുതന്നെ വരും. അങ്ങനെയെങ്കിൽ നാം എന്തു ചെയ്യണം? “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം [ടെലോസ്] വരും” എന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു. (മത്താ. 24:14) ഈ വേലയിൽ സതീക്ഷ്‌ണം ഏർപ്പെടാൻ നമുക്കു കൂടുതൽ നിശ്ചയദാർഢ്യം ഉള്ളവരായിരിക്കാം.
[അടിക്കുറിപ്പുകൾ]
^ ഖ. 3 വിശദവിവരങ്ങൾക്ക്, തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്) വാല്യം 2, പേജ് 676-9 കാണുക.
^ ഖ. 10 1995 നവംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 11-15, 19, 30, 31 പേജുകൾ കാണുക.
^ ഖ. 15 “ഈ തലമുറ” ജീവിക്കുന്ന കാലഘട്ടവും വെളിപ്പാടു പുസ്‌തകത്തിലെ ആദ്യദർശനത്തിന്റെ കാലഘട്ടവും ഒന്നുതന്നെയാണെന്നു തോന്നുന്നു. (വെളി. 1:10–3:22) കർത്താവിന്റെ ദിവസത്തിലെ ഈ സംഭവങ്ങൾ നടക്കുന്നത് 1914-ൽ തുടങ്ങി വിശ്വസ്‌തരായ അഭിഷിക്താംഗങ്ങളിൽ അവസാനത്തെയാൾ മരിച്ച് ഉയിർപ്പിക്കപ്പെടുന്നതുവരെയുള്ള സമയത്താണ്.—വെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! പേജ് 24, ഖ. 4 കാണുക.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
• യേശുവിന്റെ സാന്നിധ്യം താരതമ്യേന ദീർഘമായ ഒരു കാലഘട്ടമാണെന്ന് എങ്ങനെ അറിയാം?
• യേശുവിന്റെ സാന്നിധ്യത്തിന്റെ അടയാളവും അതിന്റെ അർഥവും തിരിച്ചറിയുന്നത് ആർ?
• മത്തായി 24:34-ൽ പരാമർശിച്ചിരിക്കുന്ന തലമുറ ആധുനികനാളിൽ ആരെ അർഥമാക്കുന്നു?
• “ഈ തലമുറ”യുടെ ദൈർഘ്യം കൃത്യമായി കണക്കാക്കാൻ കഴിയാത്തത് എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[25-ാം പേജിലെ ചതുരം]
“ഈ തലമുറ”യുടെ ദൈർഘ്യം നിശ്ചയിക്കാനാകുമോ?
പൊതുവേ “തലമുറ” എന്ന പദംകൊണ്ട് അർഥമാക്കുന്നത്, ഒരു പ്രത്യേക കാലത്തോ ഒരു പ്രത്യേക സംഭവം നടക്കുന്ന സമയത്തോ ജീവിച്ചിരിക്കുന്ന വിവിധ പ്രായക്കാരായ ആളുകളെയാണ്. ഉദാഹരണത്തിന് പുറപ്പാടു 1:6-ൽ, “യോസേഫും സഹോദരന്മാരെല്ലാവരും ആ തലമുറ ഒക്കെയും മരിച്ചു” എന്നു നാം വായിക്കുന്നു. യോസേഫും അവന്റെ സഹോദരന്മാരും പല പ്രായക്കാരായിരുന്നെങ്കിലും ഒരേ കാലഘട്ടത്തിൽ നടന്ന ഒരേ സംഭവത്തിലൂടെ അവരെല്ലാവരും കടന്നുപോയി. “ആ തലമുറ”യിൽ യോസേഫിനു മുമ്പു ജനിച്ച അവന്റെ സഹോദരന്മാരും ഉൾപ്പെട്ടിരുന്നു. അവരിൽ ചിലർ യോസേഫിനെക്കാൾ കൂടുതൽ കാലം ജീവിച്ചിട്ടുണ്ട്. (ഉല്‌പ. 50:24) യോസേഫ് ജനിച്ചതിനുശേഷം ഉണ്ടായ ബെന്യാമീനെപോലെ, “ആ തലമുറ”യിൽപ്പെട്ട മറ്റുചിലരും അവന്റെ മരണത്തിനുശേഷം ജീവിച്ചിരുന്നിരിക്കാം.
അതുകൊണ്ട് ഒരു പ്രത്യേകകാലത്ത് ജീവിക്കുന്നവരെ കുറിക്കാൻ “തലമുറ” എന്ന പദം ഉപയോഗിക്കുമ്പോൾ ആ കാലത്തിന്റെ ദൈർഘ്യം കൃത്യമായി നിശ്ചയിക്കുക സാധ്യമല്ല. അതിനൊരു അവസാനമുണ്ടെന്നും അത് വളരെയധികം നീണ്ടുപോകില്ലെന്നും മാത്രമേ പറയാൻ സാധിക്കൂ. അതുകൊണ്ട് മത്തായി 24:34-ൽ കാണുന്നതുപോലെ “തലമുറ” എന്ന പദം ഉപയോഗിച്ചപ്പോൾ, “അന്ത്യകാല”ത്തിന്റെ പരിസമാപ്‌തി എപ്പോഴായിരിക്കുമെന്ന് കണക്കുകൂട്ടിയെടുക്കാനുള്ള ഒരു സൂത്രവാക്യം തന്റെ ശിഷ്യന്മാർക്കു നൽകുകയായിരുന്നില്ല യേശു. വാസ്‌തവത്തിൽ, “ആ നാളും നാഴികയും” അവർക്ക് അറിയാൻ സാധിക്കില്ലെന്ന് അവൻ പിന്നീട് എടുത്തുപറയുകയുണ്ടായി.—2 തിമൊ. 3:1; മത്താ. 24:36.
[22, 23 പേജിലെ ചിത്രം]
1914-ൽ രാജാവായി വാഴിക്കപ്പെട്ടതിനെത്തുടർന്ന് യേശു ‘ജയിക്കുന്നവനായി’ പുറപ്പെടുന്നു
[24-ാം പേജിലെ ചിത്രം]
“ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകുകയില്ല”