വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

റോമൻ റോഡുകൾ പൗരാണിക എൻജിനീയറിങ്ങിന്റെ ചരിത്രസ്‌മാരകങ്ങൾ

റോമൻ റോഡുകൾ പൗരാണിക എൻജിനീയറിങ്ങിന്റെ ചരിത്രസ്‌മാരകങ്ങൾ

റോമൻ റോഡുകൾ പൗരാണിക എൻജിനീയറിങ്ങിന്റെ ചരിത്രസ്‌മാരകങ്ങൾ

റോമൻ ചരിത്രസ്‌മാരകങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത്‌ ഏതാണ്‌? നാശാവശിഷ്ടങ്ങൾ ഇന്നും നിലനിൽക്കുന്ന റോമിലെ നടനശാലയായ കൊളോസിയമാണോ? റോമൻ നിർമിതികളിൽ, കാലത്തെ അതിജീവിച്ചിട്ടുള്ളതും ചരിത്രത്തിൽ വളരെയേറെ സ്വാധീനം ചെലുത്തിയിട്ടുള്ളതുമായ ഒന്നിനെക്കുറിച്ചാണു നാം പറയാനുദ്ദേശിക്കുന്നതെങ്കിൽ അതു മറ്റൊന്നുമല്ല, അവിടത്തെ റോഡുകൾതന്നെ.

വാണിജ്യസാധനങ്ങളും രക്ഷാസേനയും മാത്രമല്ല റോമൻ ഹൈവേകളിലൂടെ കടന്നുപോയിട്ടുള്ളത്‌. ശിലാലേഖജ്ഞനായ റോമോലോ എ.  സ്റ്റാച്ചോലി പറയുന്നപ്രകാരം, “ചിന്താരീതികളുടെയും കലാരൂപങ്ങളുടെയും തത്ത്വശാസ്‌ത്രങ്ങളുടെയും” ക്രിസ്‌തീയ വിശ്വാസങ്ങൾ ഉൾപ്പെടെയുള്ള “മതവിശ്വാസങ്ങളുടെയും പ്രചാരണത്തിൽ” റോഡുകൾ വലിയൊരു പങ്കുവഹിച്ചു.

പുരാതന നാളുകളിൽത്തന്നെ, റോമാക്കാർ നിർമിച്ച റോഡുകളെ അവർ കൈവരിച്ച വലിയൊരു നേട്ടമായി കണക്കാക്കിയിരുന്നു. നൂറ്റാണ്ടുകളിലെ ശ്രമഫലമായി 80,000 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന സുസജ്ജമായ ഒരു റോഡു ശൃംഖല തീർക്കാൻ അവർക്കു കഴിഞ്ഞു, ഇന്ന്‌ അത്‌ 30 വ്യത്യസ്‌ത രാജ്യങ്ങളെ തമ്മിൽ കൂട്ടിയിണക്കുന്നു.

വിയാ ആപ്പിയ അഥവാ ആപ്പിയൻ വേ ആയിരുന്നു ആദ്യത്തെ പ്രധാന വിയാ പബ്ലിക്ക, അഥവാ ഇന്നത്തെ ഹൈവേ. ഇതിനെ റോഡുകളുടെ രാജ്ഞി ആയാണ്‌ കണക്കാക്കിയിരുന്നത്‌. ഇത്‌ റോമിനെ ബ്രൻഡിസിയം (ഇന്നത്തെ ബ്രിൻഡിസി) നഗരവുമായി ബന്ധിപ്പിച്ചു. പൗരസ്‌ത്യ ദേശത്തേക്കുള്ള പ്രവേശന കവാടമായി വർത്തിച്ചിരുന്ന തുറമുഖ നഗരമായിരുന്നു ഇത്‌. ആ റോഡിന്‌ പ്രസ്‌തുത പേരു ലഭിച്ചത്‌ റോമൻ ഓഫീസറായിരുന്ന ആപ്പിയസ്‌ ക്ലൗദ്യൊസ്‌ സീക്കസിൽനിന്നാണ്‌. അദ്ദേഹമാണ്‌ പൊ.യു.മു. 312-ൽ അതിന്റെ നിർമാണം ആരംഭിച്ചത്‌. റോമിലെ മറ്റു രണ്ടു പ്രധാനവീഥികളായിരുന്നു വിയാ സലേറിയായും വിയാ ഫ്‌ളമീനിയായും. ഇവ ബാൾക്കൻസിലേക്കും റൈൻ, ഡാന്യൂബ്‌ പ്രദേശങ്ങളിലേക്കും ഉള്ള മാർഗം തുറന്നുകൊണ്ട്‌ കിഴക്ക്‌ ആഡ്രിയാറ്റിക്‌ സമുദ്രഭാഗത്തേക്കു നീണ്ടുകിടന്നിരുന്നു. വിയാ ഔറീലിയാ പോയിരുന്നത്‌ വടക്ക്‌ ഗോളിലേക്കും ഐബീരിയൻ ഉപദ്വീപിലേക്കും ആയിരുന്നു. വിയാ ഓസ്റ്റെൻസിസ്‌ ആകട്ടെ ഓസ്റ്റിയയിലേക്കുള്ള പ്രധാനവീഥിയായിരുന്നു. ഈ തുറമുഖമാണ്‌ ആഫ്രിക്കയിലേക്കും തിരിച്ചും ഉള്ള സമുദ്രയാത്രയ്‌ക്കായി റോമാക്കാർ മുഖ്യമായും ഉപയോഗിച്ചിരുന്നത്‌.

റോമിന്റെ ഏറ്റവും വലിയ നിർമാണ പദ്ധതി

റോഡുകൾക്ക്‌ റോമിൽ എക്കാലത്തും വലിയ പ്രാധാന്യം ഉണ്ടായിരുന്നു, പുതിയ റോഡുകൾ നിർമിച്ചതിനു മുമ്പുപോലും. ടൈബർ നദിയുടെ താഴ്‌ഭാഗത്തായി ഉണ്ടായിരുന്ന ആഴം കുറഞ്ഞ ഏക കടവിങ്കൽ പുരാതന വഴികളൊക്കെ വന്നു ചേർന്നിരുന്നു. അവിടെയാണ്‌ റോമാ നഗരം സ്ഥാപിതമായത്‌. നിലവിലുണ്ടായിരുന്ന റോഡുകളുടെ നിലവാരം വർധിപ്പിക്കുന്നതിന്‌ റോമാക്കാർ കാർത്തേജുകാരുടെ നിർമാണരീതികൾ അവലംബിച്ചതായി പുരാതന രേഖകൾ സൂചിപ്പിക്കുന്നു. എന്നാൽ റോഡു നിർമാണ വൈദഗ്‌ധ്യത്തിൽ റോമാക്കാർക്ക്‌ വഴികാട്ടികളായിരുന്നത്‌ ഒരുപക്ഷേ ഇട്രസ്‌കൻകാർ ആണ്‌. അവരുടെ റോഡുകളുടെ അവശിഷ്ടങ്ങൾ ഇന്നും കാണാം. അതിനുപുറമേ, റോമാക്കാരുടെ കാലത്തിനു മുമ്പേതന്നെ തിരക്കേറിയ പല റോഡുകളും അവിടെ ഉണ്ടായിരുന്നു. ഒരു മേച്ചിൽപ്പുറത്തുനിന്നു മറ്റൊന്നിലേക്ക്‌ കന്നുകാലികളെ കൊണ്ടുപോകുന്നതിനായിരിക്കാം അവ ഉപയോഗിച്ചിരുന്നത്‌. എങ്കിലും അതിലൂടെയുള്ള യാത്ര ദുരിതപൂർണമായിരുന്നു, കാരണം വേനൽക്കാലത്ത്‌ അവ പൊടി നിറഞ്ഞതും മഴക്കാലത്ത്‌ ചെളി നിറഞ്ഞതും ആയിരുന്നു. അതേ പാതകൾതന്നെയാണ്‌ മിക്കപ്പോഴും റോമാക്കാർ പിന്നീട്‌ റോഡുകളായി പുനർനിർമിച്ചത്‌.

റോമൻ റോഡുകൾ വളരെ ശ്രദ്ധാപൂർവം നിർമിച്ചവയായിരുന്നെന്നു മാത്രമല്ല അവ സുദൃഢവും ഉപയോഗപ്രദവും മനോഹരവും ആയിരുന്നു. സാധാരണഗതിയിൽ, ലക്ഷ്യസ്ഥാനത്തേക്ക്‌ സാധ്യമായതിലേക്കും ഏറ്റവും ദൈർഘ്യം കുറഞ്ഞ പാതകളാണ്‌ ഉണ്ടായിരുന്നത്‌, അതുകൊണ്ടുതന്നെ പലഭാഗങ്ങളും വളവും തിരിവും ഒന്നുമില്ലാത്ത ദൈർഘ്യമേറിയ നേർവഴികളായിരുന്നു. എന്നാൽ പലപ്പോഴും ഭൂപ്രകൃതിക്കു ചേർച്ചയിൽ ആയിരിക്കേണ്ടിയിരുന്നു റോഡുകൾ. കുന്നുംമലയും ഒക്കെയുള്ള ഇടങ്ങളിൽ സാധ്യമാകുന്നിടത്തോളം കുന്നിൻചെരിവുകളുടെ മധ്യഭാഗത്തുകൂടെയാണ്‌ റോമൻ എൻജിനീയർമാർ റോഡുകൾ നിർമിച്ചിരുന്നത്‌, അതും സൂര്യപ്രകാശം ലഭിക്കുംവിധം. മോശമായ കാലാവസ്ഥമൂലം യാത്രക്കാർക്കു നേരിടേണ്ടിവരുമായിരുന്ന ഏതുതരം യാത്രാക്ലേശങ്ങളെയും കുറയ്‌ക്കാൻ അത്തരത്തിലുള്ള റോഡുകൾ വഴിയൊരുക്കി.

എന്നാൽ റോമാക്കാർ എങ്ങനെയാണ്‌ റോഡുകൾ നിർമിച്ചിരുന്നത്‌? വ്യത്യസ്‌ത നിർമാണരീതികൾ അവർ അവലംബിച്ചിരുന്നു. പുരാവസ്‌തു ഗവേഷണങ്ങൾ വെളിപ്പെടുത്തുന്ന ചില അടിസ്ഥാന സംഗതികളാണു താഴെക്കൊടുത്തിരിക്കുന്നത്‌.

റോഡിന്റെ ഗതി തീരുമാനിക്കുന്നതാണ്‌ ആദ്യപടി. അന്നത്തെ സർവേയർമാരെയാണ്‌ ആ ജോലി ഏൽപ്പിച്ചിരുന്നത്‌. അടുത്തപടി കുഴിക്കലാണ്‌. നടുവൊടിക്കുന്ന ഈ പണി ചെയ്‌തിരുന്നത്‌ കാലാൾപ്പടയിലുള്ളവരോ തൊഴിലാളികളോ അടിമകളോ ആയിരുന്നു. സമാന്തരമായ രണ്ടു കിടങ്ങുകൾ കുഴിച്ചിരുന്നു. അവ തമ്മിൽ കുറഞ്ഞപക്ഷം ഏകദേശം 8 അടി അകലം ഉണ്ടായിരുന്നു, എന്നാൽ സാധാരണമായി 14 അടി ആയിരുന്നു അകലം. വളവുകളിലാണെങ്കിൽ അതിൽ കൂടുതലും. പണിപൂർത്തിയായ റോഡിന്‌, ഇരുവശത്തുമുള്ള നടപ്പാതകൾ ഉൾപ്പെടെ ചിലപ്പോൾ 33 അടി വരെ വീതി വരും. ഉറപ്പുള്ള ഒരു പ്രതലത്തിൽ എത്തുന്നതുവരെ രണ്ടു കിടങ്ങുകൾക്കും ഇടയിലുള്ള ഭാഗത്തെ മണ്ണ്‌ നീക്കം ചെയ്യുന്നതാണ്‌ അടുത്തപടി. അതിനുശേഷം മൂന്നോ നാലോ അടുക്കുകളായി പലതരം വസ്‌തുക്കൾകൊണ്ട്‌ കുഴി നികത്തുന്നു. ആദ്യം നിരത്തിയിരുന്നത്‌ വലിയ കല്ലുകൾ ആയിരുന്നിരിക്കണം. അടുത്തതായി ഉരുളൻ കല്ലുകളോ പരന്ന കല്ലുകളോ വിരിച്ചിരുന്നു. അതിൽ ഒരുപക്ഷേ കോൺക്രീറ്റ്‌ ഇട്ട്‌ കൂട്ടിയുറപ്പിക്കുമായിരുന്നു. അതിനു മുകളിലായി കരിങ്കൽ കഷണങ്ങളോ ചരലോ ഇട്ട്‌ ഉറപ്പിച്ചിരുന്നു.

റോമൻ റോഡുകളുടെ ഉപരിതലം വെറും കരിങ്കൽ കഷണങ്ങൾ ഇട്ട്‌ ഉറപ്പിച്ചവയായിരുന്നു. എന്നിരുന്നാലും കല്ലുപാകിയ റോഡുകളായിരുന്നു അന്നത്തെ ആളുകളിൽ ഏറെയും അതിശയം ജനിപ്പിച്ചിരുന്നത്‌. പരന്ന പ്രതലത്തോടു കൂടിയ വലിയ കല്ലുകൾ ഇതിനായി ഉപയോഗിച്ചിരുന്നു. ഇവയാകട്ടെ ആ പ്രദേശത്തുതന്നെയുള്ള പാറകളിൽനിന്നു വെട്ടിയെടുത്തവയായിരുന്നു. മഴവെള്ളം ഇരുവശങ്ങളിലുമുള്ള ഓടകളിലേക്ക്‌ ഒഴുകിപ്പോകേണ്ടതിന്‌ റോഡിന്റെ മധ്യഭാഗം അൽപ്പം ഉയർത്തിയാണു നിർമിച്ചിരുന്നത്‌. ഇത്തരത്തിലുള്ള നിർമാണം ഈ ചരിത്രസ്‌മാരകങ്ങൾ ഈടുനിൽക്കാൻ സഹായിക്കുകയും അവയിൽ ചിലത്‌ ഇക്കാലംവരെപോലും നിലനിൽക്കുന്നതിന്‌ ഇടയാക്കുകയും ചെയ്‌തിരിക്കുന്നു.

ആപ്പിയൻ പ്രധാനവീഥി നിർമിച്ച്‌ ഏകദേശം 900 വർഷത്തിനുശേഷം ബൈസന്റൈൻ ചരിത്രകാരനായ പ്രൊക്കോപ്പിയസ്‌ അതിനെ “അത്യുഗ്രൻ” എന്നു വിശേഷിപ്പിക്കുകയുണ്ടായി. റോഡിന്റെ ഉപരിതലത്തിലെ പരന്ന കല്ലുകളെക്കുറിച്ച്‌ അദ്ദേഹം എഴുതി: “ഇത്രയേറെ കാലം പിന്നിട്ടിട്ടും നിത്യേന ഇത്രയധികം വണ്ടികൾ കടന്നുപോയിട്ടും അവയ്‌ക്കു യാതൊരു കോട്ടവും തട്ടിയിട്ടില്ല.

നദികൾപോലെ പ്രകൃത്യാലുള്ള തടസ്സങ്ങളെ ഈ റോഡുകൾ എങ്ങനെയാണു തരണംചെയ്‌തത്‌? ഒരു സുപ്രധാന മാർഗം പാലങ്ങളായിരുന്നു. അവയിൽ ചിലത്‌ ഇപ്പോഴും നിലനിൽക്കുന്നു, റോമാക്കാരുടെ അന്നത്തെ സാങ്കേതിക വൈദഗ്‌ധ്യത്തിനു സാക്ഷ്യംവഹിച്ചുകൊണ്ടുതന്നെ. റോഡുപദ്ധതികളോടു ബന്ധപ്പെട്ട്‌ അവർ നിർമിച്ച തുരങ്കങ്ങൾക്ക്‌ അത്രകണ്ട്‌ പ്രശസ്‌തിയൊന്നും ലഭിച്ചില്ലെങ്കിലും അന്നു നിലവിലിരുന്ന സാങ്കേതിക വിദ്യ കണക്കിലെടുക്കുമ്പോൾ അവയുടെ നിർമാണം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒരു പരാമർശകൃതി ഇപ്രകാരം പറയുന്നു: “റോമാക്കാരുടെ എൻജിനീയറിങ്‌ . . . കൈവരിച്ച നേട്ടങ്ങളെ വെല്ലാൻ നൂറ്റാണ്ടുകളോളം യാതൊന്നും ഇല്ലായിരുന്നു.” അതിനൊരു ഉദാഹരണമാണ്‌ വിയ ഫ്‌ളമീനിയായിലെ ഫുർളോ തുരങ്കം. പൊ.യു. 78-ൽ വിദഗ്‌ധ എൻജിനീയർമാരുടെ ശ്രമഫലമായി കട്ടിയായ പാറ തുരന്ന്‌ നിർമിച്ച ഇതിന്‌ 130 അടി നീളവും 16 അടി വീതിയും 16 അടി ഉയരവുമുണ്ട്‌. അന്നു ലഭ്യമായിരുന്ന ഉപകരണങ്ങൾ കണക്കിലെടുക്കുമ്പോൾ അതൊരു വലിയ നേട്ടമായിരുന്നു എന്നതിനു സംശയമില്ല. അത്തരം റോഡുകളുടെ നിർമാണം ഒരു വലിയ സംരംഭംതന്നെ ആയിരുന്നു.

സഞ്ചാരികളും ആശയങ്ങളുടെ വ്യാപനവും

പട്ടാളക്കാരും കച്ചവടക്കാരും, പ്രസംഗകരും വിനോദസഞ്ചാരികളും, അഭിനേതാക്കളും വാൾപ്പയറ്റുകാരും എന്നുവേണ്ട എല്ലാവരുംതന്നെ ഈ റോഡുകളെ ആശ്രയിച്ചിരുന്നു. കാൽനടയായി സഞ്ചരിച്ചിരുന്നവർക്ക്‌ ഒരു ദിവസം ഏകദേശം 25 മുതൽ 30 വരെ കിലോമീറ്റർ യാത്രചെയ്യാനാകുമായിരുന്നു. യാത്രക്കാർക്ക്‌ മൈൽക്കുറ്റികളിൽ നോക്കി ദൂരം അറിയുന്നതിനുള്ള സൗകര്യമുണ്ടായിരുന്നു. വ്യത്യസ്‌ത ആകൃതിയിലുള്ള, മിക്കപ്പോഴും സിലിണ്ടർ ആകൃതിയിലുള്ള കല്ലുകളാണ്‌ ഇതിനായി ഉപയോഗിച്ചിരുന്നത്‌. 1,480 മീറ്റർ ഇടവിട്ടാണ്‌​—⁠റോമാക്കാരുടെ ഒരു മൈൽ​—⁠ഇവ സ്ഥാപിച്ചിരുന്നത്‌. അതുപോലെ ഇടയ്‌ക്കൊക്കെ വിശ്രമകേന്ദ്രങ്ങളും ഉണ്ടായിരുന്നു. അവിടെ കുതിരകളെ മാറ്റുന്നതിനും ഭക്ഷണസാധനങ്ങൾ വാങ്ങുന്നതിനും ചിലപ്പോൾ അന്തിയുറങ്ങുന്നതിനുപോലുമുള്ള സൗകര്യമുണ്ടായിരുന്നു. ഇത്തരം കേന്ദ്രങ്ങളിൽ ചിലത്‌ ചെറിയ പട്ടണങ്ങളായി രൂപംകൊണ്ടു.

ക്രിസ്‌ത്യാനിത്വത്തിന്റെ ഉത്ഭവത്തിന്‌ അൽപ്പം മുമ്പ്‌ അഗസ്റ്റസ്‌ സീസർ റോഡുകളുടെ അറ്റകുറ്റപ്പണിക്കുള്ള ഒരു പദ്ധതിയിടുകയുണ്ടായി. അദ്ദേഹം അതിനായി ചില ഉദ്യോഗസ്ഥരെ നിയമിച്ചു, അവർ ഒന്നോ അതിലധികമോ റോഡുകളുടെ മേൽനോട്ടം വഹിച്ചിരുന്നു. മിലേറിയം ഔറം എന്നറിയപ്പെട്ടിരുന്ന സ്വർണ മൈൽക്കുറ്റി റോമൻ ഫോറത്തിൽ സ്ഥാപിച്ചത്‌ അദ്ദേഹമായിരുന്നു. വെള്ളോടിൽ നിർമിച്ച്‌ സ്വർണം പൂശിയ അക്ഷരങ്ങളോടു കൂടിയ ഈ മൈൽക്കുറ്റി, ഇറ്റലിയിൽ അവസാനിച്ചിരുന്ന എല്ലാ റോമൻ റോഡുകളും വന്നുചേരുന്ന ഭാഗത്തെ സൂചിപ്പിച്ചിരുന്നു. ഇത്‌ “എല്ലാ റോഡുകളും റോമിലേക്ക്‌” എന്ന പഴഞ്ചൊല്ലിനുതന്നെ നിദാനമായി. റോമാ സാമ്രാജ്യത്തിലെ റോഡുകളുടെ മാപ്പുകൾ അഗസ്റ്റസ്‌ പ്രദർശിപ്പിക്കുകയും ചെയ്‌തിരുന്നു. അവ ആളുകളുടെ ആവശ്യത്തിന്‌ ഉതകുന്നതും അന്നത്തെ ജീവിതനിലവാരത്തിനു ചേർച്ചയിലുള്ളതും ആയിരുന്നിരിക്കണം.

പണ്ടുകാലത്തെ ചില യാത്രികർ, എഴുതി തയ്യാറാക്കിയ ഗൈഡുകൾ അഥവാ മാർഗരേഖകൾപോലും ഉപയോഗിച്ചിരുന്നു. അവയിൽ വിവിധ വിശ്രമ സ്ഥലത്തേക്കുള്ള ദൂരം, അവിടെ എന്തൊക്കെ സൗകര്യങ്ങൾ ഉണ്ട്‌ എന്നിവയെല്ലാം കാണിച്ചിരുന്നു. എന്നിരുന്നാലും, ഇത്തരം ഗൈഡുകൾക്കു വലിയ വിലയായിരുന്നതിനാൽ എല്ലാവരുടെയും പക്കൽ ഉണ്ടായിരുന്നില്ല.

ക്രിസ്‌തീയ സുവിശേഷകരും മുൻകൂട്ടി ആസൂത്രണം ചെയ്‌ത്‌ ദീർഘദൂര യാത്രകൾ നടത്തിയിരുന്നു. അപ്പൊസ്‌തലനായ പൗലൊസ്‌, തന്റെ സമകാലികരെപ്പോലെ കിഴക്കോട്ടുള്ള യാത്രകൾക്കായി കടൽമാർഗം തിരഞ്ഞെടുത്തിരുന്നു, അങ്ങനെയാകുമ്പോൾ കാറ്റു പ്രയോജനപ്പെടുത്തി യാത്ര ചെയ്യാനാകുമായിരുന്നു. (പ്രവൃത്തികൾ 14:25, 26; 20:3; 21:1-3) മധ്യധരണ്യാഴിയിൽ വേനൽക്കാലമാസങ്ങളിൽ പടിഞ്ഞാറുനിന്നാണ്‌ കാറ്റു വീശിയിരുന്നത്‌. എന്നാൽ പടിഞ്ഞാറോട്ടുള്ള യാത്രകൾക്കായി പൗലൊസ്‌ മിക്കവാറും റോമൻ റോഡുകളെയാണ്‌ ആശ്രയിച്ചിരുന്നത്‌. ഇവയെല്ലാം കണക്കിലെടുത്തുകൊണ്ടാണ്‌ പൗലൊസ്‌ തന്റെ രണ്ടും മൂന്നും മിഷനറി യാത്രകൾ ക്രമീകരിച്ചത്‌. (പ്രവൃത്തികൾ 15:36-41; 16:6-8; 17:1, 10; 18:22, 23; 19:1) * പൊ.യു. ഏകദേശം 59-ൽ പൗലൊസ്‌ ആപ്പിയസ്‌ റോഡിലൂടെ റോമിലേക്ക്‌ യാത്രചെയ്യുകയും റോമിന്‌ 74 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന തിരക്കേറിയ ആപ്പി ഫോറത്തിൽ അഥവാ ആപ്പിയസിലെ ചന്തസ്ഥലത്തുവെച്ച്‌ സഹവിശ്വാസികളെ കണ്ടുമുട്ടുകയും ചെയ്‌തു. മറ്റുള്ളവർ റോമിനോടടുത്ത്‌ 14 കിലോമീറ്റർ ദൂരെയായി ത്രിമണ്ഡപത്തിലുള്ള വിശ്രമ സ്ഥലത്ത്‌ കാത്തുനിന്നു. (പ്രവൃത്തികൾ 28:13-15) പൊ.യു. ഏകദേശം 60-ൽ അന്നറിയപ്പെട്ടിരുന്ന “സർവ്വലോകത്തിലും” സുവാർത്ത പ്രസംഗിക്കപ്പെട്ടിരിക്കുന്നു എന്നു പൗലൊസിനു പറയാൻ കഴിഞ്ഞു. (കൊലൊസ്സ്യർ 1:6, 23) അത്‌ സാധ്യമാക്കുന്നതിൽ റോമിലെ റോഡുകൾ ഒരു വലിയ പങ്കുവഹിക്കുകയുണ്ടായി.

അതുകൊണ്ട്‌ റോമൻ റോഡുകൾ അസാധാരണവും നിലനിൽക്കുന്നതുമായ ചരിത്രസ്‌മാരകങ്ങളാണ്‌. ദൈവരാജ്യ സുവാർത്തയുടെ വ്യാപനത്തിൽ അവ ഒരു സുപ്രധാന കണ്ണിയായി വർത്തിക്കുകയും ചെയ്‌തിരിക്കുന്നു.​—⁠മത്തായി 24:14.

[അടിക്കുറിപ്പ്‌]

^ ഖ. 18 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച “കാണ്മിൻ! ആ നല്ല ദേശം” ലഘുപത്രികയുടെ 33-ാം പേജിലെ മാപ്പ്‌ കാണുക.

[14-ാം പേജിലെ ചിത്രം]

ഒരു റോമൻ മൈൽക്കുറ്റി

[15-ാം പേജിലെ ചിത്രം]

പുരാതന ഓസ്റ്റിയയിലെ ഒരു റോഡ്‌, ഇറ്റലി

[15-ാം പേജിലെ ചിത്രം]

വണ്ടി ഓടി ഉണ്ടായ ചാലുകൾ, ഓസ്‌ട്രിയ

[15-ാം പേജിലെ ചിത്രം]

മൈൽക്കുറ്റികളുള്ള ഒരു റോമൻ റോഡ്‌, യോർദ്ദാൻ

[15-ാം പേജിലെ ചിത്രം]

വിയ ആപ്പിയ, റോമിന്റെ പ്രാന്തപ്രദേശം

[16-ാം പേജിലെ ചിത്രം]

റോമിനു പുറത്തുള്ള വിയാ ആപ്പിയായിലെ ശവകുടീരാവശിഷ്ടങ്ങൾ

[16, 17 പേജുകളിലെ ചിത്രം]

മാർഷ്‌ മേഖലയിലുള്ള വിയ ഫ്‌ളമീനിയായിലെ ഫുർളോ തുരങ്കം

[17-ാം പേജിലെ ചിത്രം]

വിയാ എമീല്യായിലെ ടൈബീരിയസ്‌ പാലം, ഇറ്റലിയിലെ റിമിനി

[17-ാം പേജിലെ ചിത്രം]

പൗലൊസ്‌ തിരക്കേറിയ ആപ്പി ഫോറത്തിൽവെച്ച്‌ സഹവിശ്വാസികളെ കണ്ടുമുട്ടി

[15-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

ഇടത്തേ അറ്റത്ത്‌, ഓസ്റ്റിയ: ©danilo donadoni/Marka/age fotostock; വലത്തേ അറ്റത്ത്‌, മൈൽക്കുറ്റികളോടു കൂടിയ റോഡ്‌: Pictorial Archive (Near Eastern History) Est.