വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘അന്ത്യകാലം’ എന്താണ്‌?

‘അന്ത്യകാലം’ എന്താണ്‌?

‘അന്ത്യകാലം’ എന്താണ്‌?

നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും ഭാവി എന്തായിരിക്കും എന്നു നിങ്ങൾ ചിന്തിക്കാറുണ്ടോ? ലോകസംഭവങ്ങൾ തങ്ങളെ എങ്ങനെ ബാധിച്ചേക്കും എന്നറിയാൻ അനേകം ആളുകളും വാർത്താമാധ്യമങ്ങൾക്ക്‌ അടുത്ത ശ്രദ്ധ നൽകുന്നു. എന്നാൽ ദൈവത്തിന്റെ നിശ്വസ്‌ത വചനത്തിനു ശ്രദ്ധ നൽകുന്നത്‌ കാര്യങ്ങളുടെ സത്യാവസ്ഥ വ്യക്തമായി മനസ്സിലാക്കാൻ നമ്മെ പ്രാപ്‌തരാക്കും. അതിന്റെ കാരണം, ഇന്നത്തെ അവസ്ഥയെക്കുറിച്ചു മാത്രമല്ല ഇനി വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചു കൂടി ബൈബിൾ വളരെ മുമ്പേ പറഞ്ഞിട്ടുണ്ട്‌ എന്നതാണ്‌.

ഉദാഹരണത്തിന്‌, ഭൂമിയിൽ ആയിരുന്നപ്പോൾ യേശുക്രിസ്‌തു ദൈവരാജ്യത്തെക്കുറിച്ച്‌ വളരെ വിപുലമായി സംസാരിച്ചു. (ലൂക്കൊസ്‌ 4:43) സ്വാഭാവികമായും അതു കേട്ടവർ വിസ്‌മയാവഹമായ അനുഗ്രഹങ്ങൾ കൈവരുത്തുന്ന ആ രാജ്യം എപ്പോൾ വരുമെന്ന്‌ അറിയാൻ ആഗ്രഹിച്ചിരുന്നു. വാസ്‌തവത്തിൽ, യേശു അന്യായമായി വധിക്കപ്പെടുന്നതിനു മൂന്നു ദിവസം മുമ്പ്‌ ശിഷ്യന്മാർ “[രാജ്യാധികാരത്തിലുള്ള] നിന്റെ വരവിന്നും ലോകാവസാനത്തിന്നും അടയാളം എന്തു” എന്ന്‌ യേശുവിനോടു ചോദിച്ചു. (മത്തായി 24:3) യഹോവയാം ദൈവത്തിനു മാത്രമേ ദൈവരാജ്യം ഭൂമിയുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കുന്ന കൃത്യസമയം അറിയാവൂ എന്ന്‌ യേശു അവരോടു പറഞ്ഞു. (മത്തായി 24:36; മർക്കൊസ്‌ 13:32) എന്നിരുന്നാലും, ക്രിസ്‌തു രാജാവായി വാഴുന്നു എന്നതിന്റെ തെളിവായി ഭൂമിയിൽ ചില സംഭവവികാസങ്ങൾ ഉണ്ടാകുമെന്ന്‌ യേശുവും മറ്റുചിലരും മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്‌.

ഈ വ്യവസ്ഥിതിയുടെ ‘അന്ത്യകാലത്താണ്‌’ നാം ജീവിക്കുന്നത്‌ എന്നതിന്റെ ദൃശ്യമായ തെളിവുകൾ പരിശോധിക്കുന്നതിനു മുമ്പ്‌, സ്വർഗത്തിൽ നടന്ന ഒരു പ്രധാനപ്പെട്ട സംഭവം ചുരുക്കത്തിൽ നമുക്കൊന്നു പരിശോധിക്കാം. (2 തിമൊഥെയൊസ്‌ 3:1) 1914-ൽ യേശുക്രിസ്‌തു സ്വർഗത്തിൽ രാജാവായി. * (ദാനീയേൽ 7:13, 14) രാജ്യാധികാരം സ്വീകരിച്ച ഉടനെതന്നെ യേശു നടപടിയെടുത്തു. ബൈബിൾ പറയുന്നു: “പിന്നെ സ്വർഗ്ഗത്തിൽ യുദ്ധം ഉണ്ടായി; മീഖായേലും അവന്റെ ദൂതന്മാരും മഹാസർപ്പത്തോടു പടവെട്ടി; തന്റെ ദൂതന്മാരുമായി മഹാസർപ്പവും പടവെട്ടി.” (വെളിപ്പാടു 12:7) സ്വർഗത്തിലായിരിക്കുന്ന യേശുക്രിസ്‌തുവാണ്‌ “പ്രധാനദൂതനായ മീഖായേൽ.” * (യൂദാ 9; 1 തെസ്സലൊനീക്യർ 4:16) മഹാസർപ്പം പിശാചായ സാത്താനും. ആ യുദ്ധത്തിൽ സാത്താനും ഭൂതങ്ങൾ എന്നു വിളിക്കപ്പെടുന്ന അവന്റെ ദുഷ്ട ദൂതന്മാർക്കും എന്തു സംഭവിച്ചു? യുദ്ധത്തിൽ പരാജയപ്പെട്ട അവരെ സ്വർഗത്തിൽനിന്ന്‌ ഭൂമിയുടെ പരിസരത്തേക്ക്‌ “തള്ളിക്കളഞ്ഞു.” (വെളിപ്പാടു 12:9) ഇക്കാരണത്താൽ, ‘സ്വർഗ്ഗവും അതിൽ വസിക്കുന്നവരുമായുള്ളവർ’ അതായത്‌ ദൈവത്തിന്റെ വിശ്വസ്‌തരായ ആത്മപുത്രന്മാർ, ആനന്ദിച്ചു. എന്നാൽ മനുഷ്യരെ സംബന്ധിച്ചിടത്തോളം ആഹ്ലാദിക്കാൻ അവർക്ക്‌ കാരണമൊന്നും ഇല്ലായിരുന്നു. “ഭൂമിക്കു . . . അയ്യോ കഷ്ടം” എന്ന്‌ ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. കാരണം, “പിശാചു തനിക്കു അല്‌പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.”​—⁠വെളിപ്പാടു 12:12.

മഹാക്രോധത്തോടെ ഇറങ്ങിവന്ന സാത്താൻ, ഭൂമിയിൽ വസിക്കുന്നവരുടെമേൽ വലിയ കഷ്ടവും ദുരിതവും വരുത്തിവെച്ചിരിക്കുന്നു. എന്നിരുന്നാലും ഈ കഷ്ടപ്പാടും ദുരിതവുമെല്ലാം “അല്‌പകാല”ത്തേക്കേയുള്ളൂ. ബൈബിൾ ഈ കാലത്തെ ‘അന്ത്യകാലം’ എന്നു വിളിക്കുന്നു. പെട്ടെന്നുതന്നെ പിശാചിന്റെ സ്വാധീനത്തിൽനിന്ന്‌ ഭൂമി പൂർണമായും വിമുക്തമാക്കപ്പെടും എന്നതിൽ നമുക്കെല്ലാം സന്തോഷിക്കാം. പക്ഷേ, നാം ജീവിക്കുന്നത്‌ അന്ത്യകാലത്താണെന്നതിന്‌ എന്തു തെളിവാണുള്ളത്‌?

[അടിക്കുറിപ്പുകൾ]

^ ഖ. 4 കൂടുതൽ വിവരങ്ങൾക്കായി, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ 218-19  പേജുകൾ കാണുക.