സങ്കീർത്തനങ്ങളുടെ മൂന്നും നാലും പുസ്തകങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ
യഹോവയുടെ വചനം ജീവനുള്ളത്
സങ്കീർത്തനങ്ങളുടെ മൂന്നും നാലും പുസ്തകങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ
ദൈവത്തോടുള്ള ഒരു പ്രാർഥനയിൽ സങ്കീർത്തനക്കാരൻ ഇങ്ങനെ ചോദിക്കുന്നു: “ശവക്കുഴിയിൽ നിന്റെ ദയയെയും വിനാശത്തിൽ നിന്റെ വിശ്വസ്തതയെയും വർണ്ണിക്കുമോ?” (സങ്കീർത്തനം 88:11) ഉത്തരം വ്യക്തമായും, ഇല്ല എന്നതാണ്. ജീവനില്ലെങ്കിൽ നമുക്കു യഹോവയെ സ്തുതിക്കാനാവില്ല. യഹോവയെ സ്തുതിക്കുന്നത് ജീവിച്ചിരിക്കാൻ നമുക്ക് ഒരു നല്ല കാരണം നൽകുന്നു, ജീവിച്ചിരിക്കുന്നത് യഹോവയെ സ്തുതിക്കാനും.
73 മുതൽ 106 വരെയുള്ള സങ്കീർത്തനങ്ങൾ ഉൾപ്പെട്ട മൂന്നും നാലും പുസ്തകങ്ങൾ സ്രഷ്ടാവിനെ സ്തുതിക്കുന്നതിനും അവന്റെ നാമം വാഴ്ത്തുന്നതിനുമുള്ള ധാരാളം കാരണങ്ങൾ നമുക്കു നൽകുന്നു. ഈ സങ്കീർത്തനങ്ങളെക്കുറിച്ചു വിചിന്തനം ചെയ്യുന്നത് “ദൈവത്തിന്റെ വചന”ത്തോടുള്ള വിലമതിപ്പ് ആഴമുള്ളതാക്കുകയും നമ്മുടെ സ്തുതിപ്രകടനങ്ങളുടെ അളവും ഗുണവും വർധിപ്പിക്കാൻ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യേണ്ടതാണ്. (എബ്രായർ 4:12) ആത്മാർഥമായ താത്പര്യത്തോടെ ആദ്യം നമുക്ക് സങ്കീർത്തനങ്ങളുടെ മൂന്നാം പുസ്തകത്തിലേക്കു ശ്രദ്ധ തിരിക്കാം.
“ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലത്”
സങ്കീർത്തനങ്ങളുടെ മൂന്നാം പുസ്തകത്തിലെ ആദ്യത്തെ 11 സങ്കീർത്തനങ്ങൾ ആസാഫോ ആസാഫ്ഗൃഹത്തിലുള്ളവരോ രചിച്ചതാണ്. ആ സമാഹാരത്തിലെ ആദ്യത്തെ സങ്കീർത്തനം, തെറ്റായ ചിന്താഗതിയാൽ വഴിതെറ്റിക്കപ്പെടുന്നതിൽനിന്ന് ആസാഫിനെ സംരക്ഷിച്ചത് എന്താണെന്നു വിശദീകരിക്കുന്നു. അവൻ ശരിയായ നിഗമനത്തിൽ എത്തിച്ചേരുന്നു. “ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലത്” എന്ന് അവൻ പാടുന്നു. (സങ്കീർത്തനം 73:28) യെരൂശലേമിന്റെ നാശത്തെക്കുറിച്ചുള്ള വിലാപമാണ് 74-ാം സങ്കീർത്തനത്തിൽ കാണുന്നത്. 75 മുതൽ 77 വരെയുള്ള സങ്കീർത്തനങ്ങൾ യഹോവയെ നീതിനിഷ്ഠനായ ന്യായാധിപതിയും സൗമ്യതയുള്ളവരുടെ രക്ഷകനും പ്രാർഥന കേൾക്കുന്നവനുമായി വർണിക്കുന്നു. മോശെയുടെ കാലം മുതൽ ദാവീദിന്റെ കാലംവരെയുള്ള ഇസ്രായേലിന്റെ ചരിത്രത്തിന്റെ ഒരു പുനരവലോകനമാണ് 78-ാം സങ്കീർത്തനം. ആലയത്തിന്റെ നാശത്തെ പ്രതിയുള്ള വിലാപഗീതമാണ് 79-ാം സങ്കീർത്തനം. തുടർന്നുവരുന്ന സങ്കീർത്തനം ദൈവജനത്തിന്റെ പുനഃസ്ഥിതീകരണത്തിനുവേണ്ടിയുള്ള പ്രാർഥനയാണ്. യഹോവയെ അനുസരിക്കാനുള്ള ഉദ്ബോധനമാണ് 81-ാം സങ്കീർത്തനത്തിന്റെ ഉള്ളടക്കം. 82-ഉം 83-ഉം സങ്കീർത്തനങ്ങളിൽ യഥാക്രമം ദുഷ്ടന്യായാധിപന്മാരെയും ദൈവത്തിന്റെ ശത്രുക്കളെയും ന്യായംവിധിക്കാൻ ദൈവത്തോട് അപേക്ഷിച്ചുകൊണ്ടുള്ള പ്രാർഥനകളാണ് അടങ്ങിയിരിക്കുന്നത്.
“എന്റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹിച്ചുപോകുന്നു,” കോരഹ്പുത്രന്മാർ രചിച്ച ഒരു കീർത്തനത്തിലെ വാക്കുകളാണ് അവ. (സങ്കീർത്തനം 84:2) പ്രവാസത്തിൽനിന്നു തിരിച്ചുവന്നവരുടെമേൽ ദൈവത്തിന്റെ അനുഗ്രഹത്തിനായുള്ള അപേക്ഷയാണ് 85-ാം സങ്കീർത്തനം. ആത്മീയ അനുഗ്രഹങ്ങൾ ഭൗതിക അനുഗ്രഹങ്ങളെക്കാൾ വളരെയേറെ മൂല്യവത്താണെന്ന വസ്തുതയ്ക്ക് ഈ സങ്കീർത്തനം അടിവരയിടുന്നു. 86-ാം സങ്കീർത്തനത്തിൽ തന്നെ കാത്തുസംരക്ഷിക്കാനും പ്രബോധിപ്പിക്കാനും ദാവീദ് ദൈവത്തോട് അഭ്യർഥിക്കുന്നു. സീയോനെയും അവിടെ ജനിച്ചവരെയും കുറിച്ചുള്ള ഒരു ഗീതമാണ് 87-ാം സങ്കീർത്തനം, 88-ാം സങ്കീർത്തനം യഹോവയോടുള്ള ഒരു പ്രാർഥനയും. ദാവീദിക ഉടമ്പടിയിൽ പ്രകടമാക്കപ്പെട്ടിരിക്കുന്ന യഹോവയുടെ സ്നേഹദയയെ ഊന്നിപ്പറയുന്നതാണ് 89-ാം സങ്കീർത്തനം. ഈ സങ്കീർത്തനത്തിന്റെ എഴുത്തുകാരനായ ഏഥാൻ, ഒരുപക്ഷേ ശലോമോന്റെ കാലത്തെ നാലു ജ്ഞാനികളിൽ ഒരാളായ ഏഥാനായിരിക്കാം.—1 രാജാക്കന്മാർ 4:31.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
73:9—ദുഷ്ടന്മാർ തങ്ങളുടെ “വായ് ആകാശത്തോളം ഉയർത്തു”ന്നതും “അവരുടെ നാവു ഭൂമിയിൽ സഞ്ചരിക്കു”ന്നതും എപ്രകാരമാണ്? ദുഷ്ടന്മാർക്ക് സ്വർഗത്തിലോ ഭൂമിയിലോ ഉള്ള ആരോടും യാതൊരു പരിഗണനയും ആദരവും ഇല്ലാത്തതിനാൽ തങ്ങളുടെ വായ് കൊണ്ട് ദൈവത്തെ ദുഷിക്കാൻ അവർക്കു യാതൊരു മടിയുമില്ല. തങ്ങളുടെ നാവുകൊണ്ട് അവർ മനുഷ്യരെക്കുറിച്ച് അപവാദം പറഞ്ഞുപരത്തുകയും ചെയ്യുന്നു.
74:13, 14—യഹോവ “വെള്ളത്തിലുള്ള തിമിംഗലങ്ങളുടെ [“ഭീകരസത്വങ്ങളുടെ,” പി.ഒ.സി. ബൈബിൾ] തലകളെ ഉടെച്ചുകള”യുകയും ‘ലിവ്യാഥാന്റെ തലകളെ തകർക്കുകയും’ ചെയ്തത് എപ്പോൾ? “മിസ്രയീംരാജാവായ ഫറവോ”നെ ‘തന്റെ നദികളുടെ നടുവിൽ കിടക്കുന്ന മഹാനക്രം [“ഭീകരസത്വം,” NW]’ എന്നു വിളിച്ചിരിക്കുന്നു. (യെഹെസ്കേൽ 29:3) ലിവ്യാഥാൻ “ഫറവോന്റെ ശക്തന്മാരെ” ആയിരിക്കാം കുറിക്കുന്നത്. (സങ്കീർത്തനം 74:14, NW അടിക്കുറിപ്പ്) അവയുടെ തല തകർക്കുന്നത് സാധ്യതയനുസരിച്ച്, ഈജിപ്തിന്റെ അടിമത്തത്തിൽനിന്ന് യഹോവ ഇസ്രായേല്യരെ മോചിപ്പിച്ചപ്പോൾ ഫറവോനും അവന്റെ സൈന്യത്തിനും നേരിട്ട കനത്ത പരാജയത്തെ പരാമർശിക്കുന്നു.
75:4, 5, 10—‘കൊമ്പ്’ എന്ന പദപ്രയോഗം എന്തിനെ അർഥമാക്കുന്നു? ഒരു മൃഗത്തിന് അതിന്റെ കൊമ്പുകൾ കരുത്തുറ്റ ആയുധമാണ്. അതുകൊണ്ട് ‘കൊമ്പ്’ എന്ന പ്രയോഗം ആലങ്കാരികമായി ശക്തിയെ അഥവാ കരുത്തിനെ അർഥമാക്കുന്നു. യഹോവ തന്റെ ജനത്തിന്റെ കൊമ്പുകൾ ഉയർത്തിക്കൊണ്ട് അവരെ ഉന്നതരാക്കുന്നു. എന്നാൽ അവൻ “ദുഷ്ടന്മാരുടെ കൊമ്പുകളൊക്കെയും . . . മുറിച്ചുകളയു”ന്നു. “കൊമ്പു മേലോട്ടു ഉയർത്തരുത്” എന്നു നമുക്കു മുന്നറിയിപ്പു നൽകിയിരിക്കുന്നു. നാം അഹങ്കാരമോ ഗർവോ ഉള്ളവരായിരിക്കരുത് എന്നാണ് അതിന്റെ അർഥം. ഉയർത്തുന്നത് യഹോവയായതിനാൽ സഭയിൽ ഉത്തരവാദിത്വങ്ങൾ വഹിക്കുന്നതിനുള്ള നിയമനങ്ങൾ യഹോവയിൽനിന്നു വരുന്നതായി കണക്കാക്കണം.—സങ്കീർത്തനം 75:7.
76:10—“മനുഷ്യന്റെ ക്രോധ”ത്തിന് യഹോവയെ സ്തുതിക്കാൻ കഴിയുന്നത് എങ്ങനെ? നാം യഹോവയുടെ ദാസന്മാരാണ് എന്നതിന്റെ പേരിൽ നമുക്കെതിരെ ക്രോധം പ്രകടിപ്പിക്കാൻ യഹോവ ആളുകളെ അനുവദിക്കുമ്പോൾ അതിന് ഒരു നല്ല ഫലം ഉളവാക്കാൻ കഴിയും. നാം അനുഭവിച്ചേക്കാവുന്ന ഏതൊരു ബുദ്ധിമുട്ടുകൾക്കും ഏതെങ്കിലും വിധത്തിൽ നമ്മെ പരിശീലിപ്പിക്കാൻ കഴിയും. ആ പരിശീലനം ലഭിക്കുന്ന അളവോളം മാത്രമേ യഹോവ കഷ്ടത അനുവദിക്കുകയുള്ളൂ. (1 പത്രൊസ് 5:10) മനുഷ്യരുടെ ‘ക്രോധശിഷ്ടത്തെ ദൈവം തന്റെ അരെക്കു കെട്ടുന്നു.’ മരണം സംഭവിക്കുന്ന ഘട്ടത്തോളം നമുക്ക് കഷ്ടത സഹിക്കേണ്ടിവരുന്നെങ്കിലോ? അതിനും യഹോവയ്ക്കു സ്തുതി കരേറ്റാനാകും. കാരണം നാം വിശ്വസ്തമായി സഹിച്ചുനിൽക്കുന്നതു കാണുന്നവരും ദൈവത്തെ മഹത്ത്വപ്പെടുത്താൻ തുടങ്ങിയേക്കാം.
78:24, 25—മന്നയെ “സ്വർഗ്ഗീയധാന്യം” എന്നും “ശക്തിമാന്മാരുടെ അപ്പം” എന്നും വിളിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്? ഇവിടെ പറഞ്ഞിരിക്കുന്ന ‘ശക്തിമാന്മാർ’ സ്വർഗത്തിലെ ദൂതന്മാരാണ്. എന്നിരുന്നാലും, ഈ രണ്ടു പ്രയോഗങ്ങളും മന്ന ദൂതന്മാരുടെ ഭക്ഷണമായിരുന്നെന്നു സൂചിപ്പിക്കുന്നില്ല. സ്വർഗീയ ഉറവിൽനിന്ന് ഉള്ളതായിരുന്നു എന്ന അർഥത്തിലാണ് അതിനെ “സ്വർഗ്ഗീയധാന്യം” എന്നു വിളിച്ചിരിക്കുന്നത്. (സങ്കീർത്തനം 105:40, NW) ദൂതന്മാർ അഥവാ ‘ശക്തിമാന്മാർ’ സ്വർഗത്തിൽ വസിക്കുന്നതുകൊണ്ട് അതു പ്രദാനംചെയ്തത് സ്വർഗത്തിൽ വസിക്കുന്ന ദൈവമാണ് എന്നായിരിക്കാം “ശക്തിമാന്മാരുടെ അപ്പം” എന്ന പ്രയോഗം അർഥമാക്കുന്നത്. (സങ്കീർത്തനം 11:4) മാത്രവുമല്ല, ഇസ്രായേല്യർക്ക് മന്ന പ്രദാനംചെയ്യാൻ യഹോവ ദൂതന്മാരെ ഉപയോഗിക്കുകയും ചെയ്തിരിക്കാം.
82:1, 6—“ദേവന്മാർ” എന്നും “അത്യുന്നതന്റെ പുത്രന്മാർ” എന്നും വിളിച്ചിരിക്കുന്നത് ആരെയാണ്? രണ്ടു പ്രയോഗങ്ങളും ഇസ്രായേലിലെ മനുഷ്യ ന്യായാധിപന്മാരെ കുറിക്കുന്നു. ഇത് ഉചിതമാണ്, കാരണം അവർ ദൈവത്തിന്റെ വക്താക്കളും പ്രതിനിധികളും എന്ന നിലയിൽ സേവിക്കേണ്ടിയിരുന്നു.—യോഹന്നാൻ 10:33-36.
83:2—ഒരുവൻ “തല ഉയർത്തുന്ന”ത് എന്തിനെ കുറിക്കുന്നു? സാധാരണഗതിയിൽ എതിർക്കാനോ പോരാടാനോ പീഡിപ്പിക്കാനോ വേണ്ടി, അധികാരം പ്രയോഗിക്കുകയോ നടപടി എടുക്കുകയോ ചെയ്യാനുള്ള ഒരുക്കത്തെയാണ് ഇത് അർഥമാക്കുന്നത്.
നമുക്കുള്ള പാഠങ്ങൾ:
73:2-5, 18-20, 25, 28. ദുഷ്ടന്മാരുടെ അഭിവൃദ്ധി കണ്ട് നാം അസൂയപ്പെടുകയോ അവരുടെ ദൈവികമല്ലാത്ത വഴികൾ പകർത്തുകയോ ചെയ്യരുത്. ദുഷ്ടന്മാർ വഴുവഴുപ്പിലാണു നിൽക്കുന്നത്. അവർ “നാശത്തി”ലേക്കു വീഴുകതന്നെ ചെയ്യും. കൂടാതെ, അപൂർണ മനുഷ്യഭരണത്തിൻ കീഴിൽ ദുഷ്ടത തുടച്ചുനീക്കാനാകാത്തതിനാൽ, നാം അത് ഇല്ലായ്മചെയ്യാൻ ശ്രമിക്കുന്നതുകൊണ്ടു പ്രയോജനമുണ്ടാകില്ല. ആസാഫിനെപ്പോലെ, ‘ദൈവത്തോടു അടുക്കു’കയും അവനുമായി ഒരു അടുത്ത ബന്ധം ഉണ്ടായിരിക്കുന്നതിൽ ആഹ്ലാദിക്കുകയും ചെയ്തുകൊണ്ട് നാം ദുഷ്ടതയുമായി പൊരുത്തപ്പെടുന്നതു ജ്ഞാനമാണ്.
73:3, 6, 8, 27. അഹങ്കാരം, ഡംഭം, പരിഹാസം, വഞ്ചന എന്നിവയ്ക്കെതിരെ നാം ജാഗ്രതയുള്ളവരായിരിക്കണം. അത്തരം സ്വഭാവവിശേഷതകൾ പ്രകടിപ്പിക്കുന്നത് പ്രയോജനം ചെയ്തേക്കാമെന്നു തോന്നിയാൽപ്പോലും നാം അവ ഒഴിവാക്കണം.
73:15-17. നാം ചിന്താക്കുഴപ്പത്തിലാണെങ്കിൽ, നമ്മുടെ കുഴപ്പിക്കുന്ന ചിന്തകളെക്കുറിച്ച് കൊട്ടിഘോഷിക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം. “ഇങ്ങനെ സംസാരി”ക്കുന്നത് മറ്റുള്ളവരെ നിരുത്സാഹപ്പെടുത്തുകയേ ഉള്ളൂ. നാം ശാന്തമായിരുന്ന് നമ്മുടെ അത്തരം ചിന്തകളെക്കുറിച്ചു ധ്യാനിക്കുകയും സഹവിശ്വാസികളുമായി സഹവസിച്ചുകൊണ്ട് അവയ്ക്കു പരിഹാരം കാണുകയും വേണം.—സദൃശവാക്യങ്ങൾ 18:1.
73:21-24. ദുഷ്ടന്മാരുടെ ‘സൗഖ്യം’ കണ്ട് “ഹൃദയം വ്യസനി”ക്കുന്നതിനെ വിവേചനാപ്രാപ്തിയില്ലാത്ത മൃഗങ്ങളെപ്പോലെ പെരുമാറുന്നതിനോട് ഉപമിച്ചിരിക്കുന്നു. വികാരങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള അത്തരം പ്രതികരണം എടുത്തുചാട്ടമാണ്. അങ്ങനെ ചെയ്യുന്നതിനു പകരം, യഹോവ നമ്മുടെ ‘വലങ്കൈ പിടിക്കു’കയും നമ്മെ താങ്ങുകയും ചെയ്യുമെന്ന പൂർണ ബോധ്യത്തോടെ നാം അവന്റെ ആലോചനയാൽ അഥവാ മാർഗനിർദേശത്താൽ വഴിനയിക്കപ്പെടേണ്ടതുണ്ട്. മാത്രവുമല്ല, യഹോവ നമ്മെ “മഹത്വത്തിലേക്കു” അതായത് അവനുമായുള്ള ഒരു അടുത്ത ബന്ധത്തിലേക്ക് “കൈക്കൊള്ളും.”
77:6. ആത്മീയ സത്യങ്ങളെക്കുറിച്ച് ഹൃദയപൂർവം ധ്യാനിക്കുകയും അവയ്ക്കായി ശ്രദ്ധാപൂർവം അന്വേഷണം നടത്തിക്കൊണ്ട് അവ ശോധന കഴിക്കുകയും ചെയ്യുന്നതിന് പഠനത്തിനും ധ്യാനത്തിനുമായി സമയം ചെലവഴിക്കേണ്ടതുണ്ട്. ഏകാന്തമായിരിക്കാൻ നാം കുറെയൊക്കെ സമയം നീക്കിവെക്കുന്നത് എത്ര പ്രധാനമാണ്!
79:9. യഹോവ നമ്മുടെ പ്രാർഥന കേൾക്കുന്നു, വിശേഷിച്ച് അത് അവന്റെ നാമത്തിന്റെ വിശുദ്ധീകരണത്തോടു ബന്ധപ്പെട്ടതായിരിക്കുമ്പോൾ.
81:13, 16. യഹോവയുടെ വാക്കു കേൾക്കുകയും അവന്റെ വഴികളിൽ നടക്കുകയും ചെയ്യുന്നത് സമൃദ്ധമായ അനുഗ്രഹങ്ങളിലേക്കു നയിക്കുന്നു.—സദൃശവാക്യങ്ങൾ 10:22.
82:2, 5. അനീതി “ഭൂമിയുടെ അടിസ്ഥാനങ്ങൾ” ഇളകാൻ ഇടയാക്കുന്നു. അനീതിപരമായ പ്രവർത്തനങ്ങൾ മാനവസമൂഹത്തിന്റെ കെട്ടുറപ്പിനെ തകിടം മറിക്കുന്നു.
84:1-4, 10-12. യഹോവയുടെ ആരാധനാസ്ഥലത്തോടുള്ള സങ്കീർത്തനക്കാരുടെ വിലമതിപ്പും തങ്ങളുടെ സേവനപദവികളെപ്രതിയുള്ള അവരുടെ സന്തോഷവും സംതൃപ്തിയും നമുക്ക് മാതൃകയാണ്.
86:5. യഹോവ ‘ക്ഷമിക്കുന്നവനാണ്’ എന്നതിൽ നമുക്ക് എത്ര നന്ദിയുള്ളവരായിരിക്കാൻ കഴിയും! അനുതാപമുള്ള ഒരു ദുഷ്പ്രവൃത്തിക്കാരനോടു കരുണ കാണിക്കാൻ തനിക്ക് അടിസ്ഥാനം നൽകുന്ന എന്തെങ്കിലുമുണ്ടോ എന്നറിയാനായി അവൻ ഉറ്റുനോക്കുകയാണ്.
87:5, 6. ഭൂമിയിലെ പറുദീസയിൽ ജീവിക്കാൻ അവസരം ലഭിക്കുന്നവർക്ക് സ്വർഗീയ ജീവനിലേക്കു പുനരുത്ഥാനപ്പെട്ടവരുടെ പേരുകൾ എന്നെങ്കിലും അറിയാൻ കഴിയുമോ? അതിനു സാധ്യതയുണ്ടെന്ന് ഈ വാക്യങ്ങൾ സൂചിപ്പിക്കുന്നു.
88:13, 14. ഒരു പ്രത്യേക പ്രശ്നത്തെക്കുറിച്ചുള്ള നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം ലഭിക്കാൻ വൈകുന്നത് യഹോവയോടുള്ള നമ്മുടെ ഭക്തി എത്ര യഥാർഥമാണെന്നു നാം കാണിക്കാൻ അവൻ ആഗ്രഹിക്കുന്നതുകൊണ്ടായിരിക്കാം.
“അവന്നു സ്തോത്രം ചെയ്തു അവന്റെ നാമത്തെ വാഴ്ത്തുവിൻ”
സങ്കീർത്തനങ്ങളുടെ നാലാമത്തെ സമാഹാരത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന, യഹോവയെ സ്തുതിക്കുന്നതിനുള്ള നിരവധി കാരണങ്ങൾ പരിചിന്തിക്കുക. 90-ാം സങ്കീർത്തനത്തിൽ മോശെ “നിത്യരാജാ”വിന്റെ അസ്തിത്വത്തെ മനുഷ്യന്റെ ക്ഷണിക ജീവിതവുമായി വിപരീത താരതമ്യം ചെയ്യുന്നു. (1 തിമൊഥെയൊസ് 1:17) സങ്കീർത്തനം 91:2-ൽ മോശെ യഹോവയെക്കുറിച്ച് തന്റെ “സങ്കേതവും കോട്ടയും”—തന്റെ സുരക്ഷിതത്വത്തിന്റെ ഉറവ്—എന്നു പറയുന്നു. തുടർന്നുവരുന്ന ഏതാനും സങ്കീർത്തനങ്ങൾ ദൈവത്തിന്റെ മനോഹരമായ ഗുണങ്ങളെയും ഉത്കൃഷ്ടമായ ചിന്തകളെയും അത്ഭുതകരമായ പ്രവൃത്തികളെയും കുറിച്ചു പ്രതിപാദിക്കുന്നു. മൂന്നു സങ്കീർത്തനങ്ങൾ, “യഹോവ വാഴുന്നു” എന്ന വാക്കുകളോടെ ആരംഭിക്കുന്നുണ്ട്. (സങ്കീർത്തനം 93:1; 97:1; 99:1) യഹോവയെക്കുറിച്ച് നമ്മുടെ സ്രഷ്ടാവെന്ന നിലയിൽ സംസാരിച്ചുകൊണ്ട് “അവന്നു സ്തോത്രം ചെയ്തു അവന്റെ നാമത്തെ വാഴ്ത്തു”ന്നതിന് സങ്കീർത്തനക്കാരൻ നമ്മെ ക്ഷണിക്കുന്നു.—സങ്കീർത്തനം 100:4.
യഹോവയെ ഭയപ്പെടുന്ന ഒരു ഭരണാധികാരി എങ്ങനെയാണു ഭരണനിർവഹണം നടത്തേണ്ടത്? ദാവീദു രാജാവ് രചിച്ച 101-ാം സങ്കീർത്തനം ഉത്തരം നൽകുന്നു. യഹോവ “അഗതികളുടെ പ്രാർത്ഥന കടാക്ഷിക്കയും അവരുടെ പ്രാർത്ഥന നിരസിക്കാതെയിരിക്കയും” ചെയ്യുമെന്ന് തുടർന്നുവരുന്ന സങ്കീർത്തനം നമ്മോടു പറയുന്നു. (സങ്കീർത്തനം 102:16) 103-ാം സങ്കീർത്തനം യഹോവയുടെ ദയയിലേക്കും കരുണയിലേക്കും ശ്രദ്ധക്ഷണിക്കുന്നു. ഭൂമിയിലെ നിരവധിവരുന്ന ദൈവത്തിന്റെ സൃഷ്ടികളെക്കുറിച്ച് പരാമർശിച്ചുകൊണ്ട് സങ്കീർത്തനക്കാരൻ വിസ്മയഭരിതനായി ഇങ്ങനെ പറയുന്നു: “യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു.” (സങ്കീർത്തനം 104:24) യഹോവയുടെ അത്ഭുത പ്രവൃത്തികളെപ്രതി അവനെ സ്തുതിച്ചുകൊണ്ടുള്ളതാണ് സങ്കീർത്തനങ്ങളുടെ നാലാം പുസ്തകത്തിലെ അവസാനത്തെ രണ്ടു ഗീതങ്ങൾ.—സങ്കീർത്തനം 105:2, 6; 106:7, 21, 22.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
91:1, 2—‘അത്യുന്നതന്റെ മറവ്’ എന്താണ്, നമുക്ക് അവിടെ ‘വസിക്കാൻ’ കഴിയുന്നത് എങ്ങനെ? ആത്മീയ സുരക്ഷിതത്വമുള്ള ഒരു ആലങ്കാരിക സ്ഥലമാണത്, അതായത് ആത്മീയഹാനിയിൽനിന്ന് സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഒരു അവസ്ഥ. ദൈവത്തിൽ ആശ്രയിക്കാത്തവർക്ക് ഈ സ്ഥലത്തെക്കുറിച്ച് അറിയില്ല എന്നതിനാൽ ഇത് മറവ് അഥവാ രഹസ്യസ്ഥലമാണ്. നമ്മുടെ സങ്കേതവും കോട്ടയും എന്നനിലയിൽ യഹോവയിലേക്കു നോക്കിക്കൊണ്ടും അഖിലാണ്ഡത്തിന്റെ പരമോന്നത ഭരണാധികാരിയെന്ന നിലയിൽ അവനെ സ്തുതിച്ചുകൊണ്ടും രാജ്യത്തിന്റെ സുവാർത്ത പ്രസംഗിച്ചുകൊണ്ടും നാം യഹോവയെ നമ്മുടെ വാസസ്ഥാനമാക്കുന്നു. നമ്മെ സഹായിക്കാൻ യഹോവ എല്ലായ്പോഴും സന്നദ്ധനാണ് എന്നറിയാവുന്നതുകൊണ്ട് നമുക്ക് ആത്മീയ സുരക്ഷിതത്വം തോന്നുന്നു.—സങ്കീർത്തനം 90:1.
92:12—“നീതിമാൻ പനപോലെ തഴെക്കു”ന്നത് എങ്ങനെ? ഉത്പാദനക്ഷമതയ്ക്കു പേരുകേട്ട വൃക്ഷമാണ് പന. നീതിമാനായ ഒരു വ്യക്തി, യഹോവയുടെ ദൃഷ്ടിയിൽ നേരായ ജീവിതം നയിക്കുന്നവനാണ്. മാത്രവുമല്ല, അദ്ദേഹം സത്പ്രവൃത്തികൾ ഉൾപ്പെടെയുള്ള “നല്ല ഫലം” പുറപ്പെടുവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ആ അർഥത്തിലാണ് നീതിമാൻ ഒരു പനപോലെ ആയിരിക്കുന്നത്.—മത്തായി 7:17-20.
നമുക്കുള്ള പാഠങ്ങൾ:
90:7, 8, 13, 14. നമ്മുടെ ദുഷ്പ്രവൃത്തി എല്ലായ്പോഴും, സത്യദൈവവുമായുള്ള നമ്മുടെ ബന്ധത്തെ തകരാറിലാക്കുന്നു. രഹസ്യപാപങ്ങൾ അവനിൽനിന്ന് മറച്ചുവെക്കാനാകില്ല. എന്നിരുന്നാലും നാം യഥാർഥത്തിൽ അനുതപിക്കുകയും നമ്മുടെ തെറ്റായ ഗതി ഉപേക്ഷിക്കുകയും ചെയ്താൽ യഹോവ വീണ്ടും നമ്മോടു പ്രീതി കാണിക്കുകയും അവന്റെ “ദയകൊണ്ടു [നമ്മെ] തൃപ്തരാ”ക്കുകയും ചെയ്യും.
90:10, 12. ജീവിതം ഹ്രസ്വമായതിനാൽ നാം നമ്മുടെ “നാളുകളെ എണ്ണ”ണം. ഇത് എങ്ങനെ ചെയ്യാൻ കഴിയും? ശേഷിക്കുന്ന ദിവസങ്ങൾ പാഴാക്കിക്കളയുന്നതിനുപകരം യഹോവയെ പ്രസാദിപ്പിക്കുന്ന ഒരു വിധത്തിൽ വിനിയോഗിക്കാൻ തക്കവണ്ണം “ജ്ഞാനമുള്ളോരു ഹൃദയം പ്രാപി”ച്ചുകൊണ്ട്, അതായത് ജ്ഞാനം പ്രകടമാക്കിക്കൊണ്ട് നമുക്ക് അങ്ങനെ ചെയ്യാൻ കഴിയും. ഇതിന് നാം ആത്മീയ മുൻഗണനകൾ വെക്കുകയും നമ്മുടെ സമയം ജ്ഞാനപൂർവം ഉപയോഗിക്കുകയും ചെയ്യേണ്ടതുണ്ട്.—എഫെസ്യർ 5:15, 16; ഫിലിപ്പിയർ 1:10, NW.
90:17. നമ്മുടെ “കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കി” തരുന്നതിനും ശുശ്രൂഷയിലെ നമ്മുടെ ശ്രമങ്ങളെ അനുഗ്രഹിക്കുന്നതിനുംവേണ്ടി യഹോവയോടു പ്രാർഥിക്കുന്നത് ഉചിതമാണ്.
92:14, 15. ദൈവവചനം ഉത്സാഹത്തോടെ പഠിക്കുകയും യഹോവയുടെ ജനത്തോട് ക്രമമായി സഹവസിക്കുകയും ചെയ്യുന്നതു മുഖാന്തരം പ്രായമായവർ തുടർന്നും “പുഷ്ടിവെച്ചും പച്ചപിടിച്ചും”—ആത്മീയമായി ഊർജസ്വലരായി—ഇരിക്കും. അവർ സഭയ്ക്ക് അമൂല്യമായ ഒരു മുതൽക്കൂട്ടായിരിക്കുകയും ചെയ്യും.
94:19. നമ്മെ അസ്വസ്ഥരാക്കുന്ന “വിചാരങ്ങളുടെ” കാരണം എന്തുതന്നെയായിരുന്നാലും ബൈബിളിൽ കാണുന്ന “ആശ്വാസങ്ങ”ളെക്കുറിച്ചു വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നത് നമുക്കു സാന്ത്വനം പകരും.
95:7, 8. തിരുവെഴുത്തു ബുദ്ധിയുപദേശം കേൾക്കുകയും അതിനു ചെവികൊടുക്കുകയും അതു മടികൂടാതെ അനുസരിക്കുകയും ചെയ്യുന്നത് കഠിനഹൃദയർ ആയിത്തീരുന്നതിൽനിന്നു നമ്മെ തടയും.—എബ്രായർ 3:7, 8.
106:36, 37. ഈ വാക്യങ്ങൾ വിഗ്രഹാരാധനയെ, ഭൂതങ്ങൾക്കു ബലികഴിക്കുന്നതുമായി ബന്ധപ്പെടുത്തുന്നു. വിഗ്രഹങ്ങൾ ഉപയോഗിക്കുന്ന ഒരു വ്യക്തി ഭൂതങ്ങളുടെ സ്വാധീനത്തിലായേക്കാം എന്ന് ഇതു സൂചിപ്പിക്കുന്നു. ബൈബിൾ നമ്മെ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നു: “വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചുകൊൾവിൻ.”—1 യോഹന്നാൻ 5:21.
“യഹോവയെ സ്തുതിപ്പിൻ”
സങ്കീർത്തനങ്ങളുടെ നാലാം പുസ്തകത്തിലെ അവസാനത്തെ മൂന്നു ഗീതങ്ങൾ “യഹോവയെ സ്തുതിപ്പിൻ” എന്ന ഉദ്ബോധനത്തോടെയാണ് അവസാനിക്കുന്നത്. നാലാം പുസ്തകത്തിലെ അവസാനത്തെ സങ്കീർത്തനം ആരംഭിക്കുന്നതും ആ വാക്കുകളോടെയാണ്. (സങ്കീർത്തനം 104:35; 105:45; 106:1, 48) അതേ, സങ്കീർത്തനങ്ങളുടെ നാലാം പുസ്തകത്തിൽ “യഹോവയെ സ്തുതിപ്പിൻ” എന്ന ആഹ്വാനം പല പ്രാവശ്യം കാണപ്പെടുന്നുണ്ട്.
യഹോവയെ സ്തുതിക്കാൻ നമുക്കു ധാരാളം കാരണങ്ങളുണ്ട്. ധ്യാനിക്കുന്നതിനുള്ള നിരവധി സംഗതികൾ 73 മുതൽ 106 വരെയുള്ള സങ്കീർത്തനങ്ങളിൽ നമുക്കു കാണാൻ കഴിഞ്ഞു. നമ്മുടെ സ്വർഗീയ പിതാവിനോടുള്ള കൃതജ്ഞതകൊണ്ടു നമ്മുടെ ഹൃദയം നിറയാൻ അത് ഇടയാക്കുന്നു. യഹോവ ഇതിനോടകം നമുക്കുവേണ്ടി ചെയ്തിരിക്കുന്നതും ഭാവിയിൽ നമുക്കായി ചെയ്യാനിരിക്കുന്നതുമായ എല്ലാറ്റിനെയും കുറിച്ചു ചിന്തിക്കുമ്പോൾ നമ്മുടെ മുഴുശക്തിയും ഊർജവും ഉപയോഗിച്ച് “യഹോവയെ സ്തുതി”ക്കാൻ നാം പ്രേരിതരാകുന്നില്ലേ?
[10-ാം പേജിലെ ചിത്രം]
ആസാഫിനെപ്പോലെ ‘ദൈവത്തോടു അടുത്തു’കൊണ്ട് നമുക്ക് ദുഷ്ടതയുമായി പൊരുത്തപ്പെടാനാകും
[11-ാം പേജിലെ ചിത്രം]
ചെങ്കടലിൽവെച്ച് ഫറവോൻ പരാജയം ഏറ്റുവാങ്ങുന്നു
[11-ാം പേജിലെ ചിത്രം]
മന്നയെ “ശക്തിമാന്മാരുടെ അപ്പം” എന്നു വിളിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്ക് അറിയാമോ?
[13-ാം പേജിലെ ചിത്രം]
നമ്മെ അസ്വസ്ഥരാക്കുന്ന ‘വിചാരങ്ങൾ’ അകറ്റാൻ എന്തു സഹായിക്കും?