ദൈവരാജ്യം എന്താണ്?
ദൈവരാജ്യം എന്താണ്?
എത്ര ഭീതിദമായ ദുരന്തം, അതും മനുഷ്യചരിത്രത്തിന്റെ തുടക്കത്തിൽത്തന്നെ! ഒരു ദൂതൻ, തന്നെ സൃഷ്ടിച്ച വ്യക്തിയുടെതന്നെ അധികാരത്തിനെതിരെ മത്സരിച്ചു. ആ മത്സരി വിലക്കപ്പെട്ട ഫലം കഴിക്കാൻ ഹവ്വായെ വശീകരിച്ചു. അവളോടും അവളുടെ ഭർത്താവായ ആദാമിനോടുമായി ആ ദൂതൻ പറഞ്ഞു: “നിങ്ങൾ മരിക്കയില്ല നിശ്ചയം; അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു.” (ഉല്പത്തി 2:16, 17; 3:1-5) ആ മത്സരിയായ ദൂതൻ പിശാചും സാത്താനും എന്നു വിളിക്കപ്പെടാനിടയായി.—വെളിപ്പാടു 12:9.
ഹവ്വാ സാത്താന്റെ വാക്കുകൾ ശ്രദ്ധിച്ചോ? ബൈബിൾ നമ്മോടു പറയുന്നു: “ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിന്നും കൊടുത്തു; അവനും തിന്നു.” (ഉല്പത്തി 3:6) ആദ്യ മനുഷ്യജോഡിയായ ആദാമും ഹവ്വായും സാത്താനോടുകൂടെ ആ മത്സരത്തിൽ പങ്കുചേർന്നു. അങ്ങനെ, അവർക്കും അവരുടെ സന്തതികൾക്കും പറുദീസ നഷ്ടമായി. പൂർണരായി എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയോടെ ജനിക്കേണ്ടിയിരുന്ന അവരുടെ മക്കൾ പാപവും മരണവും അവകാശപ്പെടുത്തുമായിരുന്നു.—റോമർ 5:12.
മുഴു അഖിലാണ്ഡത്തിന്റെയും ഭരണാധികാരിയായ യഹോവയാം ദൈവം എങ്ങനെയാണു പ്രതികരിച്ചത്? അവൻ പാപമോചനത്തിനായി ഒരു ക്രമീകരണം ചെയ്യാൻ ഉദ്ദേശിച്ചു. (റോമർ 5:8) യഹോവയാം ദൈവം ആ പ്രതിസന്ധി നേരിടാൻ ഒരു ഭരണക്രമീകരണവും ഏർപ്പെടുത്തി. ഈ ക്രമീകരണത്തെയാണ് “ദൈവരാജ്യം” എന്നു വിളിക്കുന്നത്. (ലൂക്കൊസ് 21:31) ദൈവത്തിന്റെ അഖിലാണ്ഡ പരമാധികാരത്തിന്റെ ഒരു ഉപഘടകമെന്ന നിലയിൽ ഈ രാജ്യത്തിന് ഒരു പ്രത്യേക ഉദ്ദേശ്യമുണ്ട്.
ദൈവരാജ്യത്തിന്റെ ഉദ്ദേശ്യമെന്ത്? അതിന്റെ ചില സവിശേഷതകൾ എന്തെല്ലാമാണ്? അത്തരം സവിശേഷതകൾ മാനുഷ ഭരണങ്ങളോടുള്ള താരതമ്യത്തിൽ എങ്ങനെയാണ്? ആ രാജ്യം ഭരണം ആരംഭിക്കേണ്ടിയിരുന്നത് എപ്പോൾ? അടുത്ത ലേഖനം ഈ ചോദ്യങ്ങൾ പരിചിന്തിക്കും.