‘ഞങ്ങളുടെ ദൈവത്തിന്നു ഞങ്ങളെ വിടുവിപ്പാൻ കഴിയും’
“മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു”
‘ഞങ്ങളുടെ ദൈവത്തിന്നു ഞങ്ങളെ വിടുവിപ്പാൻ കഴിയും’
ആരിലും ഭയാദരവുണർത്തുക എന്ന ഉദ്ദേശ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ഒരു ചടങ്ങായിരുന്നു അത്. ദൂരാ സമഭൂമിയിൽ സ്വർണംകൊണ്ടുള്ള ഒരു കൂറ്റൻ പ്രതിമ സ്ഥാപിച്ചിരുന്നു, സാധ്യതയനുസരിച്ച് ബാബിലോൺ നഗരത്തിന് അടുത്തായിരുന്നു ഈ സ്ഥലം. ഉയർന്ന ഉദ്യോഗസ്ഥന്മാർ പങ്കെടുക്കുന്ന ഒരു പ്രത്യേക ചടങ്ങിൽവെച്ച് അതിന്റെ ഉദ്‌ഘാടനം നടത്താനാണു നിശ്ചയിച്ചിരുന്നത്. വാദ്യമേളം കേൾക്കുമ്പോൾ, കൂടിവന്നിട്ടുള്ള എല്ലാവരും ബിംബത്തിന്റെ മുമ്പിൽ കുമ്പിടണമായിരുന്നു. പ്രതിമയെ ആരാധിക്കാൻ വിസമ്മതിക്കുന്ന ഏതൊരാളെയും അസാധാരണമാംവിധം ചൂടു വർധിപ്പിച്ച തീച്ചൂളയിൽ എറിയുമെന്ന് ബാബിലോണിലെ രാജാവായ നെബൂഖദ്‌നേസർ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. രാജകൽപ്പന ലംഘിക്കാൻ ആരാണു ധൈര്യപ്പെടുക?
കൂടിവന്നവരെ അതിശയിപ്പിച്ചുകൊണ്ട്, യഹോവയുടെ ആരാധകരായ ശദ്രക്, മേശക്, അബേദ്‌നെഗോ എന്നിവർ കുമ്പിടാൻ വിസമ്മതിച്ചു. യഹോവയാം ദൈവത്തിന് സമ്പൂർണഭക്തി നൽകുന്നവരെന്ന നിലയിൽ തങ്ങൾക്ക് പ്രതിമയുടെ മുമ്പിൽ കുമ്പിടാൻ കഴിയില്ലെന്ന് അവർക്ക് അറിയാമായിരുന്നു. (ആവർത്തനപുസ്‌തകം 5:8-10) അത്തരമൊരു ഉറച്ച നിലപാടു സ്വീകരിച്ചതിന്റെ വിശദീകരണം നൽകേണ്ടതായി വന്നപ്പോൾ തെല്ലും ഭയംകൂടാതെ അവർ നെബൂഖദ്‌നേസരിനോട് ഇപ്രകാരം പറഞ്ഞു: “ഞങ്ങൾ സേവിക്കുന്ന ദൈവത്തിന്നു ഞങ്ങളെ വിടുവിപ്പാൻ കഴിയുമെങ്കിൽ, അവൻ ഞങ്ങളെ എരിയുന്ന തീച്ചൂളയിൽനിന്നും രാജാവിന്റെ കയ്യിൽനിന്നും വിടുവിക്കും. അല്ലെങ്കിലും ഞങ്ങൾ രാജാവിന്റെ ദേവന്മാരെ സേവിക്കയില്ല. രാജാവു നിർത്തിയ സ്വർണ്ണബിംബത്തെ നമസ്‌കരിക്കയുമില്ല എന്നു അറിഞ്ഞാലും.”—ദാനീയേൽ 3:17, 18.
കത്തുന്ന തീച്ചൂളയിലേക്ക് എറിയപ്പെട്ട ആ മൂന്ന് എബ്രായ യുവാക്കൾ ഒരു അത്ഭുതത്തിലൂടെ മാത്രമാണു രക്ഷപ്പെട്ടത്. തന്റെ വിശ്വസ്‌ത ദാസന്മാരെ സംരക്ഷിക്കാൻ ദൈവം ഒരു ദൂതനെ അയച്ചു. എന്നാൽ, യഹോവയോട് അനുസരണക്കേടു കാണിക്കുന്നതിനു പകരം മരണം വരിക്കാനുള്ള തീരുമാനം അവർ അതിനോടകംതന്നെ എടുത്തുകഴിഞ്ഞിരുന്നു. * അവരുടെ നിലപാട്, ആറിലേറെ നൂറ്റാണ്ടുകൾക്കു ശേഷം യഹൂദ പരമോന്നത കോടതിയുടെ മുമ്പാകെ പിൻവരുന്ന പ്രസ്‌താവന നടത്തിയ, യേശുക്രിസ്‌തുവിന്റെ അപ്പൊസ്‌തലന്മാരുടേതിനോടു സമാനമായിരുന്നു: “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.”—പ്രവൃത്തികൾ 5:29.
നമുക്കുള്ള സുപ്രധാന പാഠങ്ങൾ
വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും വിശ്വസ്‌തതയുടെയും ഉത്തമ മാതൃകകളാണ് ശദ്രക്കും മേശക്കും അബേദ്‌നെഗോവും. ആ മൂന്ന് എബ്രായരും യഹോവയിൽ വിശ്വാസം പ്രകടമാക്കി. തിരുവെഴുത്തുകളാൽ പരിശീലിപ്പിക്കപ്പെട്ട അവരുടെ മനസ്സാക്ഷി, ഏതെങ്കിലും തരത്തിലുള്ള വ്യാജാരാധനയിലോ ദേശഭക്തിപരമായ കാര്യങ്ങളിലോ പങ്കെടുക്കുന്നതിൽനിന്ന് അവരെ തടഞ്ഞു. സമാനമായി ഇന്നത്തെ ക്രിസ്‌ത്യാനികളും സത്യദൈവത്തിൽ പൂർണ വിശ്വാസം അർപ്പിക്കുന്നു. ബൈബിൾ പരിശീലിത മനസ്സാക്ഷിയാൽ നയിക്കപ്പെടുന്ന അവർ വ്യാജാരാധനയിലോ ദൈവനിയമങ്ങൾക്കും തത്ത്വങ്ങൾക്കും വിരുദ്ധമായ ചടങ്ങുകളിലോ പങ്കെടുക്കുന്നില്ല.
വിശ്വസ്‌തരായ ആ മൂന്ന് എബ്രായർ യഹോവയിൽ ആശ്രയം അർപ്പിച്ചു. ബാബിലോണിയൻ സാമ്രാജ്യം വാഗ്‌ദാനം ചെയ്‌ത അംഗീകാരത്തിനോ സ്ഥാനമാനങ്ങൾക്കോ കീർത്തിക്കോ വേണ്ടി യഹോവയോടുള്ള തങ്ങളുടെ അനുസരണം വെച്ചുമാറാൻ അവർ തയ്യാറായില്ല. യഹോവയുമായുള്ള ബന്ധം നഷ്ടപ്പെടുത്തുന്നതിനു പകരം കഷ്ടപ്പെടാനും മരിക്കാനും ആ യുവാക്കൾ ഒരുക്കമായിരുന്നു. തങ്ങൾക്കു മുമ്പു ജീവിച്ചിരുന്ന മോശെയെപ്പോലെ, അവർ “അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചു”നിന്നു. (എബ്രായർ 11:27) യഹോവ മരണത്തിൽനിന്നു രക്ഷിച്ചാലും ഇല്ലെങ്കിലും, ജീവൻ സംരക്ഷിക്കുന്നതിനായി വിട്ടുവീഴ്‌ച ചെയ്യുന്നതിനു പകരം യഹോവയോടുള്ള നിർമലത നിലനിറുത്താൻ അവർ ദൃഢചിത്തരായിരുന്നു. “തീയുടെ ബലം കെടുത്ത” വിശ്വസ്‌തരെക്കുറിച്ചു പരാമർശിച്ചപ്പോൾ അപ്പൊസ്‌തലനായ പൗലൊസിന്റെ മനസ്സിൽ ഉണ്ടായിരുന്നത് ഇവരായിരുന്നു എന്നു വ്യക്തം. (എബ്രായർ 11:34) ഇന്നു നിർമലതയുടെ പരിശോധനകൾ അഭിമുഖീകരിക്കുമ്പോൾ യഹോവയുടെ ദാസന്മാർ അത്തരം വിശ്വാസവും അനുസരണവും പ്രകടമാക്കുന്നു.
തന്നോടു വിശ്വസ്‌തത കാണിക്കുന്നവർക്ക് ദൈവം പ്രതിഫലം നൽകുന്നുവെന്നും ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്‌നെഗോവിന്റെയും ദൃഷ്ടാന്തം നമ്മെ പഠിപ്പിക്കുന്നു. “യഹോവ . . . തന്റെ വിശുദ്ധന്മാരെ [“വിശ്വസ്‌തരെ,” NW] ഉപേക്ഷിക്കുന്നതുമില്ല” എന്ന് സങ്കീർത്തനക്കാരൻ പാടി. (സങ്കീർത്തനം 37:28) മൂന്ന് എബ്രായരുടെ കാര്യത്തിൽ ചെയ്‌തതുപോലെ ഇന്ന് ദൈവം നമ്മെ അത്ഭുതകരമായി രക്ഷിക്കുമെന്ന് നമുക്കു പ്രതീക്ഷിക്കാനാകില്ല. എന്നിരുന്നാലും, നാം ഏതു പ്രതികൂല സാഹചര്യം നേരിട്ടാലും നമ്മുടെ സ്വർഗീയ പിതാവ് നമ്മെ സഹായിക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. ഒന്നുകിൽ ദൈവം പ്രശ്‌നം ഇല്ലാതാക്കിയേക്കാം, അല്ലെങ്കിൽ സഹിച്ചുനിൽക്കാനുള്ള ശക്തി നൽകിയേക്കാം. ഇനി, മരണപര്യന്തം നിർമലത പാലിക്കുന്നപക്ഷം ദൈവം നമ്മെ പുനരുത്ഥാനത്തിലേക്കു കൊണ്ടുവരും. (സങ്കീർത്തനം 37:10, 11, 29; യോഹന്നാൻ 5:28, 29) നമ്മുടെ നിർമലത പരിശോധിക്കപ്പെടുകയും നാം മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കുകയും ചെയ്യുന്ന ഓരോ സാഹചര്യത്തിലും വിശ്വാസവും അനുസരണവും വിശ്വസ്‌തതയും വിജയം വരിക്കുകയാണ്.
[അടിക്കുറിപ്പ്]
^ ഖ. 5 യഹോവയുടെ സാക്ഷികളുടെ കലണ്ടർ 2006, ജൂലൈ/ആഗസ്റ്റ് കാണുക.
[9-ാം പേജിലെ ചതുരം/ചിത്രം]
നിങ്ങൾക്ക് അറിയാമോ?
• നിർമലതയുടെ ഈ പരിശോധന ഉണ്ടായപ്പോൾ ശദ്രക്കും മേശക്കും അബേദ്‌നെഗോവും തങ്ങളുടെ ഇരുപതുകളുടെ അവസാനത്തിലായിരുന്നു.
• സാധ്യതയനുസരിച്ച്, ചൂളയുടെ ചൂട് പരമാവധി വർധിപ്പിച്ചു.—ദാനീയേൽ 3:19.