വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ശാസനയെ കൂട്ടാക്കുന്നവനോ വിവേകിയായ്‌തീരും”

“ശാസനയെ കൂട്ടാക്കുന്നവനോ വിവേകിയായ്‌തീരും”

“ശാസനയെ കൂട്ടാക്കുന്നവനോ വിവേകിയായ്‌തീരും”

“നിന്റെ ഹൃദയം പ്രബോധനത്തിന്നും [“ശിക്ഷണത്തിനും,” NW] നിന്റെ ചെവി പരിജ്ഞാനവചനങ്ങൾക്കും സമർപ്പിക്ക” എന്ന്‌ സദൃശവാക്യങ്ങൾ 23:12 പറയുന്നു. ഈ വാക്യത്തിൽ പറയുന്ന ശിക്ഷണത്തിൽ അഥവാ ധാർമിക പരിശീലനത്തിൽ ആത്മശിക്ഷണവും മറ്റുള്ളവരിൽനിന്നു ലഭിക്കുന്ന തിരുത്തലും ഉൾപ്പെടുന്നു. ആ വിധത്തിൽ ശിക്ഷണം നൽകുന്നതിന്‌ ഏതുതരം തിരുത്തലാണ്‌ ആവശ്യം, അത്‌ എങ്ങനെ നൽകാം എന്നീ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്‌. അതിനാൽ ആശ്രയയോഗ്യമായ ഉറവിൽനിന്നുള്ള “പരിജ്ഞാനവചനങ്ങൾ” കൂടിയേതീരൂ.

ജ്ഞാനമൊഴികളുടെ ഒരു ഉത്തമ ഉറവാണ്‌ ബൈബിളിലെ സദൃശവാക്യങ്ങൾ എന്ന പുസ്‌തകം. “ജ്ഞാനവും പ്രബോധനവും പ്രാപിപ്പാനും . . . പരിജ്ഞാനം, നീതി, ന്യായം, നേർ എന്നിവെക്കായി പ്രബോധനം ലഭിപ്പാനും” ഉതകുന്നതാണ്‌ അതിലെ മൊഴികൾ. (സദൃശവാക്യങ്ങൾ 1:1-3) അവയ്‌ക്കായി ‘ചെവി സമർപ്പിക്കുന്നതാണ്‌’ ബുദ്ധി. സദൃശവാക്യങ്ങൾ 15-ാം അധ്യായത്തിൽ കോപം നിയന്ത്രിക്കൽ, നാവിന്റെ ഉപയോഗം, പരിജ്ഞാനം പകരൽ എന്നീ കാര്യങ്ങൾ സംബന്ധിച്ച ആശ്രയയോഗ്യമായ മാർഗനിർദേശങ്ങൾ കാണാം. അതിലെ ഏതാനും വാക്യങ്ങൾ നമുക്കിപ്പോൾ പരിചിന്തിക്കാം.

“ക്രോധത്തെ ശമിപ്പിക്കുന്ന”തെന്ത്‌?

ഉച്ചരിക്കപ്പെടുന്ന വാക്കുകൾ കോപത്തെ അല്ലെങ്കിൽ ക്രോധത്തെ സ്വാധീനിക്കുന്ന വിധം വ്യക്തമാക്കിക്കൊണ്ട്‌ പുരാതന ഇസ്രായേലിലെ ശലോമോൻ രാജാവ്‌ പ്രസ്‌താവിക്കുന്നു: “മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.” (സദൃശവാക്യങ്ങൾ 15:⁠1) കോപം എന്നതിനെ അപ്രീതിയുടേതായ വികാരം അല്ലെങ്കിൽ പ്രകടനം എന്നാണു നിർവചിച്ചിരിക്കുന്നത്‌. “ക്രോധത്തെ”യാകട്ടെ, “നിയന്ത്രിക്കാൻ വളരെ ബുദ്ധിമുട്ടുള്ള അങ്ങേയറ്റം ശക്തിയേറിയ കോപത്തിന്റെതായ വികാരം” എന്നും. കോപിഷ്‌ഠനോട്‌ ഇടപെടുന്നതിലും സ്വന്തം കോപത്തെ നിയന്ത്രിക്കുന്നതിലും ഈ സദൃശവാക്യം നമ്മെ എങ്ങനെ സഹായിക്കുന്നു?

മുറിപ്പെടുത്തുന്നതരം വാക്കുകൾ അസ്വസ്ഥ പൂർണമായ ഒരു സാഹചര്യത്തെ ഒന്നുകൂടെ വഷളാക്കുകയേ ഉള്ളൂ. അതേസമയം മൃദുവായ മറുപടിയാകട്ടെ സാന്ത്വനദായകമാണ്‌. എന്നാൽ കോപിച്ചിരിക്കുന്ന ഒരാളോട്‌ മൃദുവായി ഉത്തരം പറയുക എന്നത്‌ എല്ലായ്‌പോഴും അത്ര എളുപ്പമല്ല. എങ്കിലും അയാളെ കോപിഷ്‌ഠനാക്കിയത്‌ എന്താണെന്നറിയാൻ ശ്രമിക്കുന്നത്‌ ഇക്കാര്യത്തിൽ നമ്മെ സഹായിക്കും. “വിവേകബുദ്ധിയാൽ മനുഷ്യന്നു ദീർഘക്ഷമവരുന്നു; ലംഘനം ക്ഷമിക്കുന്നതു അവന്നു ഭൂഷണം” എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 19:11) ഒരുവൻ കോപാകുലനായിരിക്കുന്നത്‌ അരക്ഷിതത്വബോധം നിമിത്തമോ ശ്രദ്ധപിടിച്ചുപറ്റാനുള്ള ആഗ്രഹം മൂലമോ ആയിരിക്കുമോ? ഒരുപക്ഷേ കോപത്തിന്റെ യഥാർഥ കാരണത്തിന്‌ നമ്മൾ പറയുകയോ പ്രവർത്തിക്കുകയോ ചെയ്‌ത എന്തെങ്കിലുമായി യാതൊരു ബന്ധവും കണ്ടെന്നുവരില്ല. ക്രിസ്‌തീയ ശുശ്രൂഷയിലായിരിക്കെ ഒരു വീട്ടുകാരൻ കോപത്തോടെ പ്രതികരിക്കുന്നുവെന്നു വിചാരിക്കുക. നമ്മുടെ വിശ്വാസങ്ങളെക്കുറിച്ച്‌ തെറ്റായ വിവരങ്ങൾ ലഭിച്ചതിനാലോ ചില തെറ്റിദ്ധാരണകൾ നിമിത്തം മുൻവിധി വെച്ചുപുലർത്തുന്നതിനാലോ അല്ലേ മിക്കപ്പോഴും അങ്ങനെ സംഭവിക്കുന്നത്‌? അതിനെ നാം വ്യക്തിപരമായെടുത്ത്‌ പരുഷമായി പ്രതികരിക്കേണ്ടതുണ്ടോ? മറ്റെയാൾ കോപിക്കുന്നതിന്റെ കാരണം എളുപ്പം മനസ്സിലായില്ലെങ്കിൽപ്പോലും കുത്തിനോവിക്കുന്ന വാക്കുകൾ ഉപയോഗിച്ചാണു നാം പ്രതികരിക്കുന്നതെങ്കിൽ അത്‌ ആത്മശിക്ഷണത്തിന്റെ അഭാവത്തെയായിരിക്കും സൂചിപ്പിക്കുന്നത്‌. അത്തരം പ്രതികരണം നാം ഒഴിവാക്കുകതന്നെ വേണം.

മൃദുവായ ഉത്തരം നൽകാനുള്ള ബുദ്ധിയുപദേശം സ്വന്തം കോപത്തെ നിയന്ത്രിക്കുന്ന കാര്യത്തിലും വളരെ പ്രയോജനകരമാണ്‌. മറ്റുള്ളവരെ വേദനിപ്പിക്കാത്ത വിധം വികാരങ്ങൾ പ്രകടിപ്പിക്കാൻ പഠിച്ചുകൊണ്ട്‌ നമുക്ക്‌ ആ ബുദ്ധിയുപദേശം ബാധകമാക്കാവുന്നതാണ്‌. കുടുംബാംഗങ്ങളോട്‌ ഇടപെടുമ്പോൾ പരുഷമായി പെരുമാറുകയോ അസഭ്യവാക്കുകൾ ഉപയോഗിക്കുകയോ ചെയ്യുന്നതിനു പകരം ശാന്തമായി വികാരങ്ങൾ പ്രകടിപ്പിക്കാൻ നമുക്കു ശ്രമിക്കാം. മുറിപ്പെടുത്തുന്ന വാക്കുകൾ, തിരിച്ചടിക്കാനേ പ്രേരിപ്പിക്കുകയുള്ളൂ. നമ്മുടെ വികാരങ്ങൾ സൗമ്യതയോടെ പ്രകടിപ്പിക്കുമ്പോൾ മറ്റേയാൾക്ക്‌ താൻ വിമർശിക്കപ്പെടുന്നുവെന്ന തോന്നൽ ഉണ്ടാകാനുള്ള സാധ്യത കുറവായിരിക്കും. മാത്രമല്ല അയാൾ ക്ഷമാപണത്തിനു തയ്യാറാകുകയും ചെയ്‌തേക്കാം.

“ജ്ഞാനിയുടെ നാവു നല്ല പരിജ്ഞാനം പ്രസ്‌താവിക്കുന്നു”

ആത്മശിക്ഷണം നമ്മുടെ സംസാരരീതിയെ മാത്രമല്ല നാം എന്തു പറയുന്നു എന്നതിനെയും സ്വാധീനിക്കുന്നു. ശലോമോൻ ഇപ്രകാരം പറയുന്നു: “ജ്ഞാനിയുടെ നാവു നല്ല പരിജ്ഞാനം പ്രസ്‌താവിക്കുന്നു; മൂഢന്മാരുടെ വായോ ഭോഷത്വം പൊഴിക്കുന്നു.” (സദൃശവാക്യങ്ങൾ 15:2) മറ്റുള്ളവരെ സഹായിക്കാനുള്ള ഒരു ആഗ്രഹം വളർത്തിയെടുക്കുകയും അവരോടു ദൈവോദ്ദേശ്യത്തെയും അവന്റെ മഹത്തരമായ കരുതലുകളെയും കുറിച്ചു സംസാരിക്കുകയും ചെയ്യുമ്പോൾ നാം ‘പരിജ്ഞാനം പ്രസ്‌താവിക്കുകയല്ലേ?’ മൂഢന്‌ പരിജ്ഞാനമില്ലാത്തതിനാൽ ഇതു ചെയ്യാനാവില്ല.

നാവിന്റെ ഉപയോഗത്തെക്കുറിച്ച്‌ കൂടുതലായ മാർഗനിർദേശം നൽകുന്നതിനു മുമ്പ്‌ ശലോമോൻ ചിന്തോദ്ദീപകമായ ഒരു വിപരീതതാരതമ്യം നടത്തുന്നു. “യഹോവയുടെ കണ്ണു എല്ലാടവും ഉണ്ടു; ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.” (സദൃശവാക്യങ്ങൾ 15:3) അതിനെപ്രതി നമുക്കു സന്തോഷിക്കാം. എന്തെന്നാൽ നമുക്ക്‌ ഈ ഉറപ്പു ലഭിച്ചിരിക്കുന്നു: “യഹോവയുടെ കണ്ണു തങ്കൽ ഏകഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു.” (2 ദിനവൃത്താന്തം 16:9) നാം നന്മയാണോ ചെയ്യുന്നതെന്ന്‌ ദൈവത്തിന്‌ അറിയാം. ദുഷ്ടത പ്രവർത്തിക്കുന്നവരെയും അവൻ കാണുന്നുണ്ട്‌. അവരോടു കണക്കു ചോദിക്കുകയും ചെയ്യും.

മൃദുവായ നാവിന്റെ മൂല്യത്തിന്‌ പിന്നെയും ഊന്നൽ നൽകിക്കൊണ്ട്‌ ശലോമോൻ പറയുന്നു: “നാവിന്റെ ശാന്തത ജീവവൃക്ഷം; അതിന്റെ വക്രതയോ മനോവ്യസനം.” (സദൃശവാക്യങ്ങൾ 15:4) “ജീവവൃക്ഷം” എന്ന പ്രയോഗം രോഗശാന്തിയെയും പരിപോഷിപ്പിക്കലിനെയുമാണു സൂചിപ്പിക്കുന്നത്‌. (വെളിപ്പാടു 22:2) ജ്ഞാനിയുടെ സൗമ്യമായ സംസാരം കേൾവിക്കാരനു നവോന്മേഷം പകരുന്നു. നമ്മെ ശ്രദ്ധിക്കാൻ അയാൾ പ്രചോദിതനായിത്തീരുന്നു. എന്നാൽ വഞ്ചകമായ, വക്രതയുള്ള നാവ്‌ കേൾവിക്കാരനെ തകർത്തുകളയുന്നു.

ശിക്ഷണം സ്വീകരിക്കുക, ‘പരിജ്ഞാനം വിതറുക’

ശലോമോൻ തുടരുന്നു: “ഭോഷൻ അപ്പന്റെ പ്രബോധനം [“ശിക്ഷണം,” NW] നിരസിക്കുന്നു; ശാസനയെ കൂട്ടാക്കുന്നവനോ വിവേകിയായ്‌തീരും.” (സദൃശവാക്യങ്ങൾ 15:5) ആരെങ്കിലും ശാസന നൽകിയാലല്ലേ ‘അതു കൂട്ടാക്കാ’നാകൂ? ആവശ്യമായിരിക്കുമ്പോൾ തിരുത്തൽ നൽകിക്കൊണ്ട്‌ ശിക്ഷിക്കേണ്ടതാണെന്ന്‌ ഈ വാക്യം കാണിക്കുന്നില്ലേ? കുടുംബത്തിൽ, ശിക്ഷണം നൽകുക എന്നത്‌ മാതാപിതാക്കളുടെ, പ്രത്യേകിച്ച്‌ പിതാവിന്റെ ഉത്തരവാദിത്വമാണ്‌; അതു സ്വീകരിക്കേണ്ടത്‌ മക്കളുടെയും. (എഫെസ്യർ 6:1-3) എങ്കിലും യഹോവയുടെ ദാസന്മാരായ എല്ലാവർക്കും ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ ശിക്ഷണം ലഭിക്കുന്നുണ്ട്‌. “കർത്താവു താൻ സ്‌നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്ന്‌ എബ്രായർ 12:6 പറയുന്നു. ശിക്ഷണത്തോടുള്ള പ്രതികരണം, നാം ജ്ഞാനികളാണോ മൂഢരാണോ എന്നു വെളിപ്പെടുത്തുന്നു.

മറ്റൊരു വിപരീത താരതമ്യം കാണിച്ചുകൊണ്ട്‌ ശലോമോൻ പറയുന്നു: “ജ്ഞാനികളുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു; മൂഢന്മാരുടെ ഹൃദയമോ നേരുള്ളതല്ല.” (സദൃശവാക്യങ്ങൾ 15:7) പരിജ്ഞാനം പകരുന്നത്‌ വിത്തു വിതറുന്നതിന്‌ അഥവാ വിതയ്‌ക്കുന്നതിനു സമാനമാണ്‌. ഉദാഹരണത്തിന്‌, ഒരു കർഷകൻ മുഴുവൻ വിത്തും ഒരിടത്തുതന്നെ വിതയ്‌ക്കുന്നതിനു പകരം അവ കുറേശ്ശെയായി മുഴു വയലിലും വിതറുകയാണു ചെയ്യുന്നത്‌. പരിജ്ഞാനം പകർന്നുകൊടുക്കുന്ന കാര്യത്തിലും ഇതു സത്യമാണ്‌. ഉദാഹരണത്തിന്‌, ശുശ്രൂഷയിൽ ആരെയെങ്കിലും കണ്ടുമുട്ടുമ്പോൾ ബൈബിളിനെക്കുറിച്ചു നമുക്കറിയാവുന്ന കാര്യങ്ങൾ മുഴുവൻ ഒറ്റയടിക്ക്‌ അയാളെ പറഞ്ഞു കേൾപ്പിക്കുന്നതു ബുദ്ധിയായിരിക്കില്ല. ജ്ഞാനിയായ ഒരാൾ തന്റെ സംസാരത്തിൽ നിയന്ത്രണം പാലിക്കും. ഒരു സമയത്ത്‌ ഒരു ബൈബിൾ സത്യം മാത്രം വിശേഷവത്‌കരിക്കുകയും കേൾവിക്കാരന്റെ പ്രതികരണം കണക്കിലെടുത്ത്‌ അതിനനുസൃതമായി ആശയങ്ങൾ വികസിപ്പിക്കുകയും ചെയ്‌തുകൊണ്ട്‌ അദ്ദേഹം പരിജ്ഞാനം ‘വിതറുന്നു.’ ഒരു ശമര്യസ്‌ത്രീയോട്‌ സംസാരിച്ചപ്പോൾ നമ്മുടെ മാതൃകാപുരുഷനായ യേശുക്രിസ്‌തു ചെയ്‌തത്‌ അതാണ്‌.​—⁠യോഹന്നാൻ 4:7-26.

പ്രബോധനാത്മകവും പ്രയോജനപ്രദവും ആയ കാര്യങ്ങൾ പറയുന്നതാണ്‌ പരിജ്ഞാനം പകർന്നുകൊടുക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത്‌. മുന്നമേ തയ്യാറായാൽ മാത്രമേ ആ വിധത്തിൽ സംസാരിക്കാൻ കഴിയൂ. അതിനാൽ “നീതിമാൻ മനസ്സിൽ ആലോചിച്ചു ഉത്തരം പറയുന്നു.” (സദൃശവാക്യങ്ങൾ 15:28) നമ്മുടെ വാക്കുകൾ, എല്ലാം അടിച്ചൊഴുക്കിക്കൊണ്ടുപോകാൻ ഇടയാക്കുന്ന പെരുമഴപോലെ ആയിരിക്കാതെ നിലം നനഞ്ഞുകുതിരാൻ ഇടയാക്കുന്നതും ഉപകാരപ്രദവുമായ ചാറ്റൽമഴപോലെ ആയിരിക്കേണ്ടത്‌ എത്ര പ്രധാനമാണ്‌!

‘നടപ്പിൽ വിശുദ്ധരാകുവിൻ’

യഹോവയെയും അവന്റെ ഉദ്ദേശ്യത്തെയും കുറിച്ചുള്ള പരിജ്ഞാനം വിതറുന്നതും അവന്‌ “അധരഫലം” എന്ന “സ്‌തോത്രയാഗം” അർപ്പിക്കുന്നതും തീർച്ചയായും ജ്ഞാനമാർഗമാണ്‌. (എബ്രായർ 13:15) എന്നാൽ അത്തരമൊരു യാഗം യഹോവയ്‌ക്കു സ്വീകാര്യമാകണമെങ്കിൽ, “നാം എല്ലാ നടപ്പിലും വിശുദ്ധ”രായിരിക്കേണ്ടതുണ്ട്‌. (1 പത്രൊസ്‌ 1:14-16) വിപരീത താരതമ്യങ്ങൾ ഉൾക്കൊള്ളുന്ന രണ്ടു സദൃശവാക്യങ്ങൾ ഉപയോഗിച്ച്‌ ശലോമോൻ ഈ സുപ്രധാന സത്യം നമ്മുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. അവൻ പറയുന്നു: “ദുഷ്ടന്മാരുടെ യാഗം യഹോവെക്കു വെറുപ്പു; നേരുള്ളവരുടെ പ്രാർത്ഥനയോ അവന്നു പ്രസാദം. ദുഷ്ടന്മാരുടെ വഴി യഹോവെക്കു വെറുപ്പു; എന്നാൽ നീതിയെ പിന്തുടരുന്നവനെ അവൻ സ്‌നേഹിക്കുന്നു.”​—⁠സദൃശവാക്യങ്ങൾ 15:8, 9.

ജീവനിലേക്കുള്ള പാത വിട്ടുപോകുന്നവർ ശാസനയെ വീക്ഷിക്കുന്നതെങ്ങനെ? അവർക്കുള്ള പ്രതിഫലം എന്തായിരിക്കും? (മത്തായി 7:13, 14) “സന്മാർഗ്ഗം ത്യജിക്കുന്നവന്നു കഠിനശിക്ഷ വരും; ശാസന വെറുക്കുന്നവൻ മരിക്കും.” (സദൃശവാക്യങ്ങൾ 15:10) ക്രിസ്‌തീയ സഭയിലെ ഉത്തരവാദിത്വപ്പെട്ടവരിൽനിന്നു തിരുത്തൽ ബുദ്ധിയുപദേശം സ്വീകരിച്ച്‌ ആത്മാർഥമായി അനുതപിക്കുന്നതിനു പകരം, ചിലർ തെറ്റായ മാർഗത്തിൽ ചരിക്കുകയും നീതിയുടെ മാർഗം ഉപേക്ഷിക്കുകയും ചെയ്യുന്നു. എത്ര മൗഢ്യം!

ആരെങ്കിലും ശാസന സ്വീകരിക്കുന്നതായി നടിക്കുകയും യഥാർഥത്തിൽ അതിനെ വെറുക്കുകയും ചെയ്യുന്നെങ്കിലോ? അതും ബുദ്ധിമോശമായിരിക്കും. “പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു; മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങൾ എത്ര അധികം!” എന്ന്‌ ഇസ്രായേലിന്റെ രാജാവ്‌ പ്രസ്‌താവിക്കുന്നു. (സദൃശവാക്യങ്ങൾ 15:11) പ്രതീകാത്മകമായി പറഞ്ഞാൽ, ജീവനുള്ള ദൈവത്തിന്‌ മരിച്ചവരുടെ സ്ഥലമായ പാതാളത്തെക്കാൾ ദൂരത്തായി ഒന്നുമില്ല. എന്നിട്ടും അത്‌ അവന്റെ കൺമുന്നിലാണ്‌. അവിടെയുള്ള ഓരോരുത്തരുടെയും തനതു വ്യക്തിത്വം അവന്‌ അറിയാമെന്നു മാത്രമല്ല അവരെ പുനരുത്ഥാനപ്പെടുത്താനുള്ള പ്രാപ്‌തിയും അവനുണ്ട്‌. (സങ്കീർത്തനം 139:8; യോഹന്നാൻ 5:28, 29) ആ സ്ഥിതിക്ക്‌ മനുഷ്യരുടെ ഹൃദയത്തിൽ ഉള്ളത്‌ എന്താണെന്നു കണ്ടുപിടിക്കാൻ യഹോവയ്‌ക്ക്‌ എത്ര അനായാസം കഴിയും! “സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളതു” എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതുകയുണ്ടായി. (എബ്രായർ 4:13) നാട്യംകൊണ്ട്‌ മനുഷ്യരെ കബളിപ്പിക്കാമെങ്കിലും യഹോവയുടെ മുമ്പിൽ അതു വിലപ്പോകില്ല.

ശിക്ഷണം നിരസിക്കുന്ന ഒരു വ്യക്തി ശാസന വെറുക്കുന്നുവെന്നു മാത്രമല്ല അതു നൽകുന്നവരെ പകയ്‌ക്കുകയും ചെയ്യുന്നു. “പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല” എന്നു ശലോമോൻ പറയുന്നു. ഇതിന്‌ ഉപോദ്‌ബലകമായി അവൻ സമാനമായ മറ്റൊരു ആശയം പ്രസ്‌താവിക്കുന്നു: “ജ്ഞാനികളുടെ അടുക്കൽ ചെല്ലുന്നതുമില്ല.” (സദൃശവാക്യങ്ങൾ 15:12) അത്തരമൊരു വ്യക്തി തന്റെ പാത നേരെയാക്കുമെന്ന്‌ ഒട്ടും പ്രതീക്ഷിക്കാനാവില്ല!

ക്രിയാത്മക വീക്ഷണം ഉണ്ടായിരിക്കുക

ശലോമോന്റെ അടുത്ത മൂന്നു സദൃശവാക്യങ്ങളിൽ “ഹൃദയ”ത്തെ പരാമർശിക്കുന്നുണ്ട്‌. വികാരങ്ങൾ നമ്മുടെ മുഖത്ത്‌ എങ്ങനെ പ്രതിഫലിക്കും എന്നു വർണിച്ചുകൊണ്ട്‌ ജ്ഞാനിയായ രാജാവ്‌ പറയുന്നു: “സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു; ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം ക്ഷയിക്കുന്നു.”​—⁠സദൃശവാക്യങ്ങൾ 15:13.

ഹൃദയവേദന ഉണ്ടാക്കുന്നത്‌ എന്താണ്‌? “മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു” എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 12:25) ജീവിതത്തിലുണ്ടാകുന്ന സുഖകരമല്ലാത്ത കാര്യങ്ങൾ നമ്മെ മാനസികമായി തളർത്തിക്കളയാതിരിക്കാൻ നമുക്ക്‌ എന്തു ചെയ്യാനാകും? നമ്മുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കാതെ, യഹോവ നമുക്ക്‌ ഇപ്പോൾ നൽകിയിരിക്കുന്നതും ഭാവിയിൽ നൽകാനിരിക്കുന്നതുമായ സമൃദ്ധമായ ആത്മീയ അനുഗ്രഹങ്ങളെക്കുറിച്ചു ചിന്തിക്കാവുന്നതാണ്‌. ഇതു നമ്മെ ദൈവത്തിങ്കലേക്കു കൂടുതൽ അടുപ്പിക്കും. “ധന്യനായ” അഥവാ സന്തുഷ്ടനായ ദൈവത്തിലേക്ക്‌ അടുത്തുചെന്നാൽ നമ്മുടെ സന്തപ്‌ത ഹൃദയത്തിന്‌ അവൻ നിശ്ചയമായും സന്തോഷം പകരും.​—⁠1 തിമൊഥെയൊസ്‌ 1:11.

ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും ഉത്തമമായ ഒരു ഉറവാണ്‌ ബൈബിൾസന്ദേശം. “യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ” അഥവാ സന്തുഷ്ടൻ ആണെന്ന്‌ സങ്കീർത്തനക്കാരൻ പ്രസ്‌താവിച്ചു. (സങ്കീർത്തനം 1:1, 2) ഹൃദയവേദന അനുഭവപ്പെടുമ്പോൾപ്പോലും ബൈബിൾ വായിക്കുന്നതും അവയെക്കുറിച്ചു ധ്യാനിക്കുന്നതും നമുക്കു പ്രോത്സാഹനം പകരും. കൂടാതെ ദൈവദത്ത ശുശ്രൂഷയും നമുക്കുണ്ട്‌. “കണ്ണുനീരോടെ വിതെക്കുന്നവർ ആർപ്പോടെ കൊയ്യും” എന്ന ഉറപ്പു നമുക്ക്‌ ലഭിച്ചിരിക്കുന്നു.​—⁠സങ്കീർത്തനം 126:⁠5.

ശലോമോൻ പറയുന്നു: “വിവേകമുള്ളവന്റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു; മൂഢന്മാരുടെ വായോ ഭോഷത്വം ആചരിക്കുന്നു.” (സദൃശവാക്യങ്ങൾ 15:14) ജ്ഞാനിയുടെയും മൂഢന്റെയും ആലോചനകൾ എത്ര വ്യത്യസ്‌തമാണെന്ന്‌ ഈ വാക്യം നമ്മോടു പറയുന്നു. വിവേകമുള്ളയാൾ ഉപദേശം നൽകുന്നതിനു മുമ്പ്‌ പരിജ്ഞാനം അന്വേഷിക്കുന്നു. അദ്ദേഹം നന്നായി ശ്രദ്ധിക്കുകയും വേണ്ടത്ര വിശദാംശങ്ങൾ ശേഖരിക്കുകയും ചെയ്യുന്നു. ആ പ്രത്യേക സാഹചര്യത്തിനു ബാധകമാകുന്ന നിയമങ്ങളും തത്ത്വങ്ങളും ഉറപ്പുവരുത്താനായി അദ്ദേഹം തിരുവെഴുത്തുകൾ പരിശോധിക്കുന്നു. അദ്ദേഹത്തിന്റെ ബുദ്ധിയുപദേശം ദൈവവചനത്തിൽ അടിയുറച്ചതാണ്‌. എന്നാൽ ഭോഷനാകട്ടെ, യഥാർഥ കാര്യമറിയാതെ വായിൽവരുന്നതു വിളിച്ചുപറയുന്നു. അതുകൊണ്ട്‌ ബുദ്ധിയുപദേശം വേണ്ടിവരുമ്പോൾ, നാം കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പറയാൻ ചായ്‌വുള്ളവരുടെ അടുത്തേക്കു പോകുന്നതിനു പകരം അറിവും പക്വതയുമുള്ളവരുടെ അടുത്തേക്കല്ലേ പോകേണ്ടത്‌? ബുദ്ധിയുപദേശം നൽകുന്നതിനുമുമ്പ്‌ “പരിജ്ഞാനം അന്വേഷിക്കുന്ന” ‘മനുഷ്യരാം ദാനങ്ങൾ’ ക്രിസ്‌തീയ സഭയിൽ ഉള്ളത്‌ എത്രയോ നല്ലതാണ്‌!​—⁠എഫെസ്യർ 4:​8, NW.

ക്രിയാത്മകമായ ഒരു കാഴ്‌ചപ്പാട്‌ നിലനിറുത്തുന്നതിന്റെ വലിയൊരു പ്രയോജനം അടുത്ത വാക്യത്തിലുണ്ട്‌. ഇസ്രായേലിന്റെ രാജാവ്‌ പറയുന്നു: “അരിഷ്ടന്റെ ജീവനാൾ ഒക്കെയും കഷ്ടകാലം; സന്തുഷ്ടഹൃദയന്നോ നിത്യം ഉത്സവം.” (സദൃശവാക്യങ്ങൾ 15:15) ജീവിതത്തിൽ അനുകൂല സമയവും പ്രതികൂല സമയവും, സന്തോഷവും സന്താപവും ഉണ്ട്‌. നിഷേധാത്മക കാര്യങ്ങളിലാണ്‌ നമ്മുടെ മനസ്സ്‌ വ്യാപരിക്കുന്നതെങ്കിൽ, നമ്മുടെ ചിന്ത ദുഃഖപൂരിതവും ശിഷ്ടകാലം ഇരുളടഞ്ഞതുമായിരിക്കും. എന്നാൽ വ്യക്തിപരമായ അനുഗ്രഹങ്ങളും ദൈവദത്തമായ പ്രത്യാശയുംകൊണ്ട്‌ നമ്മുടെ മനസ്സ്‌ നിറച്ചാൽ, ജീവിതത്തിന്റെ ഇരുണ്ട വശങ്ങൾ അപ്രധാനമായിത്തീരുകയും നമുക്ക്‌ ആന്തരിക സന്തോഷം ലഭിക്കുകയും ചെയ്യും. ക്രിയാത്മകമായ ഒരു വീക്ഷണം വെച്ചുപുലർത്തുന്നത്‌ “നിത്യം ഉത്സവ”ത്തിൽ കഴിയാൻ നമ്മെ സഹായിക്കും.

അതുകൊണ്ട്‌ ശിക്ഷണത്തെ നമുക്കു വിലയേറിയതായി കരുതാം. വികാരങ്ങളെയും സംസാരത്തെയും പ്രവർത്തനങ്ങളെയും മാത്രമല്ല സ്വന്തം വീക്ഷണത്തെയും സ്വാധീനിക്കാൻ നമുക്ക്‌ അതിനെ അനുവദിക്കാം.

[13-ാം പേജിലെ ചിത്രം]

“മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു”

[15-ാം പേജിലെ ചിത്രം]

ശിക്ഷണം നൽകാനുള്ള ഉത്തരവാദിത്വം മാതാപിതാക്കളുടേതാണ്‌

[15-ാം പേജിലെ ചിത്രം]

“ജ്ഞാനികളുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു”