നെടുവീർപ്പിടുന്ന വാർധക്യം
നെടുവീർപ്പിടുന്ന വാർധക്യം
രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ആ വാച്ച്മാൻ ഞെട്ടിപ്പോയി! അതാ, അവിടെ സമ്പന്നതയുടെ പകിട്ടിൽ കുളിച്ചുനിൽക്കുന്ന ആ ബഹുനിലക്കെട്ടിടത്തിന്റെ മുറ്റത്ത് ചേതനയറ്റ രണ്ടു വൃദ്ധശരീരങ്ങൾ. എട്ടാം നിലയിലുള്ള അവരുടെ ഫ്ളാറ്റിന്റെ ജനൽ വഴി പുറത്തേക്കു ചാടി ജീവനൊടുക്കുകയായിരുന്നു ആ ദമ്പതികൾ. ആത്മഹത്യയെക്കാൾ ഞെട്ടിക്കുന്നതായിരുന്നു അതിനവരെ പ്രേരിപ്പിച്ച സംഗതി. ഭർത്താവിന്റെ പോക്കറ്റിൽ കണ്ട ആത്മഹത്യാക്കുറിപ്പിൽ ഇങ്ങനെ എഴുതിയിരുന്നു: “ഞങ്ങളുടെ മകനും മരുമകളും നിരന്തരം അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യുകയാണ് ഞങ്ങൾ.”
ഈ സംഭവത്തിന്റെ വിശദാംശങ്ങൾ ഒരുപക്ഷേ പുതുതായിരിക്കാം. എന്നാൽ ഉൾപ്പെട്ടിരിക്കുന്ന പ്രശ്നം ഞെട്ടിപ്പിക്കുംവിധം സാധാരണമാണ്. വാസ്തവത്തിൽ, പ്രായമായവരോടുള്ള ദുഷ്പെരുമാറ്റം ഒരു ആഗോളപ്രശ്നമാണെന്നുതന്നെ പറയാം. ചില ഉദാഹരണങ്ങൾ ശ്രദ്ധിക്കുക:
• ഒരു പഠനം കാണിക്കുന്നതനുസരിച്ച് കാനഡയിലെ പ്രായമുള്ളവരിൽ 4 ശതമാനം പേർ തങ്ങൾ ദുഷ്പെരുമാറ്റത്തിനോ ചൂഷണത്തിനോ ഇരയാകുന്നുവെന്ന് റിപ്പോർട്ടു ചെയ്തു, മിക്കപ്പോഴും കുടുംബത്തിലെതന്നെ ഒരു അംഗത്തിൽനിന്നാണത്രേ ഇത്. എന്നാൽ പുറത്തറിഞ്ഞാൽ നാണക്കേടാകുമെന്നതുകൊണ്ടോ പേടികൊണ്ടോ പ്രായമുള്ള പലരും തങ്ങളുടെ സങ്കടങ്ങൾ ഉള്ളിലൊതുക്കുകയാണു പതിവ്. ഈ ക്രൂരതയ്ക്ക് ഇരയാകുന്നവരുടെ യഥാർഥ സംഖ്യ 10 ശതമാനത്തിന് അടുത്തുവരുമായിരിക്കും എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
• “ശക്തമായ കുടുംബബന്ധങ്ങളുടെ നാടെന്ന പുറംമോടിയുണ്ടായിരുന്ന ഇന്ത്യാ മഹാരാജ്യം ഇന്ന് മക്കൾക്കു വേണ്ടാത്ത നിരവധി വൃദ്ധ മാതാപിതാക്കളുടെ നാടായി മാറിയിരിക്കുന്നു” എന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ടു ചെയ്യുന്നു.
• ലഭ്യമായതിൽവെച്ച് ഏറ്റവും ആശ്രയയോഗ്യമായ കണക്കുകളനുസരിച്ച്, “65-ഓ അതിൽ കൂടുതലോ പ്രായമുള്ള പത്തുലക്ഷത്തിനും ഇരുപതുലക്ഷത്തിനും ഇടയ്ക്ക് അമേരിക്കക്കാർ തങ്ങൾക്ക് താങ്ങും തണലും ആകേണ്ടവരിൽനിന്ന് ദേഹോപദ്രവമോ ചൂഷണമോ മറ്റു വിധത്തിലുള്ള മോശമായ പെരുമാറ്റമോ സഹിക്കുന്നു” എന്ന് ‘നാഷണൽ സെന്റർ ഓൺ എൽഡർ അബ്യൂസ്’ പറയുന്നു. “ഇന്നു നിയമവ്യവസ്ഥ നേരിടുന്ന ഏറ്റവും ഗുരുതരമായ ഒരു പ്രശ്നം” എന്നാണ് കാലിഫോർണിയയിലുള്ള സാൻഡിയേഗോയിലെ ഒരു ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് അറ്റോർണി പ്രായമായവരോടുള്ള ദുഷ്പെരുമാറ്റത്തെ വർണിക്കുന്നത്. അദ്ദേഹം തുടരുന്നു: “അടുത്ത ഏതാനും വർഷങ്ങളിൽ ഈ പ്രശ്നം വർധിച്ചുവരുമെന്നത് എനിക്കു കാണാൻ കഴിയുന്നുണ്ട്.”
• ന്യൂസിലൻഡിലെ കാന്റർബറിയിൽ, കുടുംബാംഗങ്ങൾ—പ്രത്യേകിച്ച് മയക്കുമരുന്ന്, മദ്യം, ചൂതാട്ടം എന്നിവയോടു ബന്ധപ്പെട്ട പ്രശ്നങ്ങളുള്ള കുടുംബാംഗങ്ങൾ—സ്വത്തിനുവേണ്ടി പ്രായമുള്ളവരെ ലക്ഷ്യംവെക്കുന്നുവെന്ന ആശങ്ക വർധിച്ചുവരുകയാണ്. 2002-ൽ കാന്റർബറിയിൽ, പ്രായമായവരോടുള്ള മോശമായ പെരുമാറ്റം ഉൾപ്പെട്ട 65 കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടപ്പോൾ 2003-ൽ അത് 107 ആയി വർധിച്ചു. ഈ സംഖ്യ “വലിയൊരു പ്രശ്നത്തിന്റെ, പ്രകടമായ ചെറിയൊരു ഭാഗം” മാത്രമായിരിക്കാം എന്നാണ് ഇത്തരം ദുഷ്പെരുമാറ്റം തടയുന്നതിനായി രൂപീകരിച്ചിരിക്കുന്ന ഒരു ഏജൻസിയുടെ ചീഫ് എക്സിക്യുട്ടിവ് പറയുന്നത്.
• “ബാലപീഡനത്തിനോ വീട്ടിൽ അരങ്ങേറുന്ന മറ്റ് അക്രമത്തിനോ ഇരയാകുന്നവരെക്കാൾ കൂടുതൽ പരിഗണന, ദുഷ്പെരുമാറ്റത്തിന് ഇരയാകുന്ന പ്രായമായവർക്കു ലഭിക്കണം” എന്ന് ‘ദ ജപ്പാൻ ഫെഡറേഷൻ ഓഫ് ബാർ അസ്സോസിയേഷൻസ്’ അഭിപ്രായപ്പെട്ടതായി ദ ജപ്പാൻ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. എന്തുകൊണ്ട്? “കുട്ടികളോടോ ഇണകളോടോ ഉള്ള ദുഷ്പെരുമാറ്റത്തെക്കാളും പ്രായമായവരോടുള്ള ദുഷ്പെരുമാറ്റം പുറത്തറിയാൻ സമയമെടുക്കും” എന്നതാണ് ഒരു കാരണമായി ടൈംസ് ചൂണ്ടിക്കാണിക്കുന്നത്. എന്തുകൊണ്ടാണ് ഇത് അത്ര പെട്ടെന്ന് പുറത്തറിയാത്തത്? “അക്രമം സ്വന്തം മക്കളിൽനിന്നാകുമ്പോൾ അതിനു തങ്ങൾതന്നെയാണ് ഉത്തരവാദികളെന്ന് കരുതി അവർ അത് ഉള്ളിലൊതുക്കുകയായിരിക്കാം. മാത്രവുമല്ല ഗവൺമെന്റോ പ്രാദേശിക അധികാരികളോ പ്രശ്നം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള ഒരു മാർഗം ഇതുവരെയും കണ്ടുപിടിച്ചിട്ടുമില്ല.”
ലോകമെമ്പാടും അരങ്ങേറുന്ന ദാരുണമായ ഈ പ്രശ്നത്തിന്റെ ഏതാനും ഉദാഹരണങ്ങൾ പരിചിന്തിച്ച നാം ഇങ്ങനെ ചോദിച്ചുപോകുന്നു: ജീവിത സായാഹ്നത്തിൽ ഇത്രയേറെപ്പേർക്ക് ഈ ദുരവസ്ഥ സഹിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്? പ്രത്യാശയ്ക്ക് എന്തെങ്കിലും വകയുണ്ടോ? നെടുവീർപ്പിടുന്ന വാർധക്യത്തിന് സാന്ത്വനമേകാൻ ആരുണ്ട്?