മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികൾക്ക് ഉത്തമ മാതൃകകളായിരിക്കുവിൻ
മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികൾക്ക് ഉത്തമ മാതൃകകളായിരിക്കുവിൻ
“കുട്ടികളെ നല്ല രീതിയിൽ വളർത്തുന്നതിന്റെ വിജയരഹസ്യം ഒരു നൂറ്റാണ്ടായി അന്വേഷിച്ചുവരുന്ന മനശ്ശാസ്‌ത്രജ്ഞർക്ക് ആ ശ്രമം ഇനി ഉപേക്ഷിക്കാം—അവർ അങ്ങനെയൊന്ന് കണ്ടെത്തിയതുകൊണ്ടല്ല പകരം അങ്ങനെയൊന്നില്ലാത്തതിനാൽ,” കുട്ടികളെ വളർത്തുന്നതിനെക്കുറിച്ചുള്ള ഒരു പുസ്‌തകം അവലോകനം ചെയ്യവേ ടൈം മാസിക പറഞ്ഞ വാക്കുകളാണിവ. കുട്ടികൾ പ്രാഥമികമായി തങ്ങളുടെ മാതാപിതാക്കളുടെയല്ല പകരം സമപ്രായക്കാരുടെ മൂല്യങ്ങളാണു പകർത്തുന്നതെന്ന് ആ പുസ്‌തകം പറയുന്നു.
സമപ്രായക്കാരിൽനിന്നുള്ള സമ്മർദം ശക്തമായ ഒന്നാണെന്നത് നിഷേധിക്കാനാകാത്ത ഒരു സത്യമാണ്. (സദൃശവാക്യങ്ങൾ 13:20; 1 കൊരിന്ത്യർ 15:33, NW) ഒരു പത്രലേഖകനായ വില്യം ബ്രൗൺ എഴുതി: “കൗമാരപ്രായക്കാർക്ക് ഒരു മതേതര ദൈവമുണ്ടെങ്കിൽ അത് താദാത്മ്യം പ്രാപിക്കലാണ്. . . . അവരെ സംബന്ധിച്ചിടത്തോളം സമപ്രായക്കാരിൽനിന്നു വ്യത്യസ്‌തരായിരിക്കുന്നതിനെക്കാൾ അഭികാമ്യം മരണമാണ്.” തിരക്കുപിടിച്ച ഈ ലോകത്ത് ഭവനാന്തരീക്ഷം ഊഷ്‌മളവും ഹൃദ്യവും ആക്കിത്തീർക്കാനും കുട്ടികളോടൊപ്പം വേണ്ടത്ര സമയം ചെലവഴിക്കാനും മാതാപിതാക്കൾ പലപ്പോഴും പരാജയപ്പെടുന്നു. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ ഫലത്തിൽ അവർ തങ്ങളുടെ മക്കൾ സമപ്രായക്കാരുടെ സ്വാധീനത്തിനു വഴിപ്പെട്ട് പ്രശ്‌നങ്ങളിൽ ചെന്നുചാടുന്നതിനുള്ള വഴിതുറന്നുകൊടുക്കുകയാണ്.
അതിനുപുറമേ, ഈ “അന്ത്യകാലത്തു” കുടുംബഭദ്രത തകർന്നുകൊണ്ടാണിരിക്കുന്നത്. കാരണം ബൈബിൾ മുൻകൂട്ടി പ്രവചിച്ചിരിക്കുന്നതുപോലെ ആളുകൾ ധനം, ഉല്ലാസങ്ങൾ, സ്വാർഥതാത്‌പര്യങ്ങൾ എന്നിവയിൽ ആമഗ്നരാണ്. അപ്പോൾപ്പിന്നെ കുട്ടികൾ “അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും” ആയിത്തീരുന്നതിൽ അതിശയിക്കാനുണ്ടോ?—2 തിമൊഥെയൊസ് 3:1-3.
‘വാത്സല്യം’ അല്ലെങ്കിൽ സ്വാഭാവികപ്രിയം എന്ന പദം ബൈബിളിൽ കുടുംബസ്‌നേഹത്തെ കുറിക്കാനാണ് ഉപയോഗിക്കുന്നത്. മക്കളെ സംരക്ഷിക്കാൻ മാതാപിതാക്കളെയും മാതാപിതാക്കളോടു പറ്റിനിൽക്കാൻ മക്കളെയും പ്രേരിപ്പിക്കുന്ന സ്വാഭാവികമായ ഒരു സ്‌നേഹബന്ധമാണ് ഇത്. എന്നാൽ മാതാപിതാക്കളിലുള്ള അത്തരം സ്വാഭാവികപ്രിയത്തിന്റെ അഭാവം മക്കൾ വൈകാരിക പിന്തുണയ്‌ക്കായി മറ്റുള്ളവരിലേക്കു നോക്കാൻ ഇടവരുത്തുന്നു. സാധാരണഗതിയിൽ അവർ നോക്കുന്നത് സമപ്രായക്കാരിലേക്കായിരിക്കും, അവരുടെ മൂല്യങ്ങളും മനോഭാവങ്ങളും കുട്ടികൾ തങ്ങളുടെ ജീവിതത്തിൽ പകർത്തുകയും ചെയ്‌തേക്കാം. എന്നാൽ മാതാപിതാക്കൾ ബൈബിൾ തത്ത്വങ്ങൾക്കനുസൃതമായി തങ്ങളുടെ കുടുംബജീവിതം കരുപ്പിടിപ്പിച്ചാൽ അത്തരം സാഹചര്യങ്ങളെ മിക്കപ്പോഴും ഒഴിവാക്കാനാകും.—സദൃശവാക്യങ്ങൾ 3:5, 6.
കുടുംബം—ഒരു ദിവ്യക്രമീകരണം
ആദാമിനെയും ഹവ്വായെയും ഭാര്യാ-ഭർതൃ ബന്ധത്തിൽ യോജിപ്പിച്ചശേഷം ദൈവം അവർക്ക് ഈ നിയോഗം നൽകി: ‘നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറയുവിൻ.’ അങ്ങനെ മാതാവും പിതാവും മക്കളും ഉൾക്കൊള്ളുന്ന കുടുംബം ആവിർഭവിച്ചു. (ഉല്‌പത്തി 1:28; 5:3, 4; എഫെസ്യർ 3:14, 15) മക്കളെ വളർത്തുന്നതിൽ മാതാപിതാക്കളെ സഹായിക്കുന്നതിന് യഹോവ അവർക്കു ജന്മസിദ്ധമായ ചില പ്രാപ്‌തികൾ നൽകിയിട്ടുണ്ട്. എന്നിരുന്നാലും ജന്തുക്കളിൽനിന്നു വ്യത്യസ്‌തമായി മനുഷ്യർക്ക് കൂടുതലായ സഹായം ആവശ്യമാണ്. അതുകൊണ്ട് യഹോവ ലിഖിത മാർഗനിർദേശങ്ങൾ പ്രദാനം ചെയ്‌തിരിക്കുന്നു. ധാർമികവും ആത്മീയവുമായ നിർദേശങ്ങളും കുട്ടികൾക്കു ശരിയായ വിധത്തിൽ ശിക്ഷണം നൽകുന്നതിനെപ്പറ്റിയുള്ള മാർഗരേഖകളും ഇവയിൽ ഉൾപ്പെടുന്നു.—സദൃശവാക്യങ്ങൾ 4:1-4.
ആവർത്തനപുസ്‌തകം 6:6, 7; സദൃശവാക്യങ്ങൾ 1:8, 9) മാതാപിതാക്കൾ ആദ്യം സ്വന്തം ഹൃദയങ്ങളിൽ ആ വചനങ്ങൾ നിവേശിപ്പിക്കണമായിരുന്നു എന്നത് ശ്രദ്ധിക്കുക. അതു പ്രധാനമായിരുന്നത് എന്തുകൊണ്ട്? കാരണം മറ്റുള്ളവരെ യഥാർഥത്തിൽ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള പഠിപ്പിക്കൽ വായിൽനിന്നല്ല മറിച്ച് ഹൃദയത്തിൽനിന്നാണു വരുന്നത്. മാതാപിതാക്കൾ ആ വിധത്തിൽ പഠിപ്പിച്ചാൽ മാത്രമേ അവർക്കു മക്കളുടെ ഹൃദയത്തിലെത്തിച്ചേരാൻ സാധിക്കുകയുള്ളൂ. അത്തരം മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് ഉത്തമ മാതൃകകളായും നിലകൊള്ളുന്നു, കാരണം ആത്മാർഥതയില്ലായ്‌മ കുട്ടികൾ എളുപ്പം തിരിച്ചറിയും.—റോമർ 2:21.
വിശേഷാൽ പിതാക്കന്മാരെ അഭിസംബോധന ചെയ്‌തുകൊണ്ട് ദൈവം പറഞ്ഞു: “ഇന്നു ഞാൻ നിന്നോടു കല്‌പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.” (ക്രിസ്‌തീയ മാതാപിതാക്കളോടു മക്കളെ ശൈശവം മുതലേ “കർത്താവിന്റെ ശിക്ഷണത്തിലും സദുപദേശത്തിലും . . . വളർത്തുവിൻ” എന്ന് കൽപ്പിച്ചിരിക്കുന്നു. (എഫെസ്യർ 6:4, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം; 2 തിമൊഥെയൊസ് 3:15, NW) ശൈശവം മുതലോ? അതേ! ഒരു അമ്മ ഇപ്രകാരം എഴുതി: “ചില സമയത്ത് മാതാപിതാക്കളായ നാം കുട്ടികൾക്ക് അവർ അർഹിക്കുന്ന ബഹുമതി കൊടുക്കുന്നില്ല. നാം അവരുടെ കഴിവുകളുടെ മൂല്യം കുറച്ചുകാണുന്നു. അവർക്ക് നല്ല പ്രാപ്‌തി ഉണ്ട്. മാതാപിതാക്കളായ നാം അതു പ്രയോജനപ്പെടുത്തണം.” അതേ, കുട്ടികൾ പഠിക്കാൻ ഇഷ്ടപ്പെടുന്നു, പഠിപ്പിക്കുന്നത് ദൈവഭക്തിയുള്ള മാതാപിതാക്കളാകുമ്പോൾ അവർ തീർച്ചയായും സ്‌നേഹിക്കാനും പഠിക്കും. അത്തരം കുട്ടികൾ തങ്ങളുടെ മാതാപിതാക്കളുടെ നിർദേശങ്ങളുടെ ചട്ടക്കൂടിനുള്ളിൽ സുരക്ഷയും ഭദ്രതയും കണ്ടെത്തും. ആയതിനാൽ ഫലപ്രദരായ മാതാപിതാക്കൾ സ്‌നേഹനിർഭരരായ സുഹൃത്തുക്കളും നന്നായി ആശയവിനിമയം ചെയ്യുന്നവരും ക്ഷമയും ഒപ്പം ദൃഢതയുമുള്ള അധ്യാപകരുമായി വർത്തിച്ചുകൊണ്ട് മിടുക്കരായി വളരാൻ തങ്ങളുടെ കുട്ടികളെ സഹായിക്കുന്ന ആരോഗ്യാവഹമായ അന്തരീക്ഷം പ്രദാനംചെയ്യാൻ പ്രയത്‌നിക്കുന്നു. *
നിങ്ങളുടെ കുട്ടികളെ സംരക്ഷിക്കുക
രക്ഷിതാക്കൾക്കുള്ള ഒരു എഴുത്തിൽ ജർമനിയിലുള്ള ഒരു ഹെഡ്‌മാസ്റ്റർ ഇപ്രകാരം എഴുതി: “പ്രിയ മാതാപിതാക്കളേ, കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിൽ മുൻകൈ എടുത്തു പ്രവർത്തിക്കാൻ നിങ്ങളോടു ഞങ്ങൾ അഭ്യർഥിക്കുകയാണ്. കുട്ടികളെ ടെലിവിഷനും അധഃപതിച്ച സമൂഹത്തിനുമായി വലിച്ചെറിയാതെ അവരുടെ വ്യക്തിത്വ വികസനത്തിൽ നിങ്ങൾക്കുള്ള പങ്കു തിരിച്ചറിഞ്ഞ് അതു നിറവേറ്റുക.”
നമുക്കു ചുറ്റുമുള്ള അധഃപതിച്ച സമൂഹത്തിനോ ടെലിവിഷനോ കുട്ടികളെ ഏൽപ്പിക്കുന്നത് ഫലത്തിൽ അവരുടെ വളർച്ചയെ സ്വാധീനിക്കാൻ ലോകത്തിന്റെ ആത്മാവിനെ അനുവദിക്കുന്നതിനു തുല്യമാണ്. (എഫെസ്യർ 2:1, 2) ദൈവാത്മാവിനു നേർവിപരീതമായ ഈ ലോകത്തിന്റെ ആത്മാവ് ഒരു ശക്തമായ കാറ്റുപോലെയാണ്. അത് “ഭൌമികവും പ്രാകൃതവും പൈശാചികവും” ആയ ചിന്തകളുടെ വിത്തുകൾ വഹിച്ചുകൊണ്ടുവന്ന് അനുഭവജ്ഞാനം കുറഞ്ഞവരോ വിവേചനാശേഷിയില്ലാത്തവരോ ആയവരുടെ മനസ്സുകളിലും ഹൃദയങ്ങളിലും വാരിവിതറുന്നു. (യാക്കോബ് 3:15) കളപോലെ വിനാശകമായ ഈ ചിന്താഗതികൾ ക്രമേണ ഹൃദയത്തെ ദുഷിപ്പിക്കുന്നു. ഹൃദയത്തിൽ വിതയ്‌ക്കപ്പെടുന്ന അത്തരം ദുഷിച്ച കളകളുടെ പരിണതഫലം യേശു പിൻവരുന്നപ്രകാരം ദൃഷ്ടാന്തീകരിച്ചു: “നല്ലമനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽ നിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടൻ ദോഷമായതിൽനിന്നു ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്‌താവിക്കുന്നത്.” (ലൂക്കൊസ് 6:45) ആയതിനാൽ ബൈബിൾ നമ്മെ ഇപ്രകാരം ഉദ്‌ബോധിപ്പിക്കുന്നു: “സകല ജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നത്.”—സദൃശവാക്യങ്ങൾ 4:23.
എങ്ങനെയായാലും കുട്ടികൾ കുട്ടികളാണ്, ചിലർ ദുശ്ശാഠ്യക്കാർ, എന്തിന് ചൊൽപ്പടിക്കു നിൽക്കാത്തവർപോലും ആയിരിക്കാൻ ചായ്‌വുള്ളവരാണ്. (ഉല്‌പത്തി 8:21) മാതാപിതാക്കൾക്ക് എന്തു ചെയ്യാൻ കഴിയും? “ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു; ശിക്ഷെക്കുള്ള വടി അതിനെ അവനിൽനിന്നു അകറ്റിക്കളയും” എന്ന് ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 22:15) ചിലർ ഇതിനെ ക്രൂരമായ ഒരു പഴഞ്ചൻ രീതിയായി വീക്ഷിക്കുന്നു. വാസ്‌തവത്തിൽ ബൈബിൾ അക്രമത്തിനും എല്ലാ തരത്തിലുള്ള ദ്രോഹത്തിനും എതിരാണ്. ചില സാഹചര്യങ്ങളിൽ “വടി” അക്ഷരീയമാണെങ്കിലും കുട്ടികളുടെ ശാശ്വത നന്മയെ ലാക്കാക്കി മാതാപിതാക്കൾ ദൃഢവും സ്‌നേഹപുരസ്സരവുമായി പ്രയോഗിക്കുന്ന അധികാരത്തെ അതു കുറിക്കുന്നു.—എബ്രായർ 12:7-11.
നിങ്ങളുടെ കുട്ടികളുമൊത്ത് വിനോദങ്ങൾ ആസ്വദിക്കുക
കുട്ടികളുടെ ശരിയായ വളർച്ചയ്‌ക്ക് കളികളും മറ്റു വിനോദപ്രവർത്തനങ്ങളും ആവശ്യമാണ് എന്നതിനു സംശയമില്ല. ജ്ഞാനികളായ മാതാപിതാക്കൾ സാധ്യമാകുമ്പോഴൊക്കെ തങ്ങളുടെ കുട്ടികളുമൊത്ത് വിനോദപ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ട് അവരുമായുള്ള ബന്ധം അരക്കിട്ടുറപ്പിക്കുന്നു. ഈ വിധത്തിൽ മാതാപിതാക്കൾക്ക് ഉചിതമായ വിനോദങ്ങൾ തിരഞ്ഞെടുക്കുന്നതിൽ കുട്ടികളെ സഹായിക്കാനും ഒപ്പം കുട്ടികളുമായുള്ള സഹവാസം തങ്ങൾ എത്ര വിലമതിക്കുന്നുവെന്നു തെളിയിക്കാനും കഴിയും.
ഒരു സാക്ഷിയായ പിതാവ്, ജോലി കഴിഞ്ഞു വന്നശേഷം തന്റെ മകനോടൊപ്പം മിക്കവാറും പന്തു കളിക്കുമായിരുന്നതായി പറഞ്ഞു. ബോർഡ് ഗെയിമുകൾ മക്കളുടെ പ്രിയപ്പെട്ട വിനോദമായിരുന്നതായി ഒരു അമ്മ പറയുന്നു. തന്റെ കുടുംബാംഗങ്ങൾ ഒരുമിച്ച് സൈക്കിൾ ഓടിക്കുന്നത് ആസ്വദിച്ചിരുന്നതായി ഒരു യുവതി ഓർമിക്കുന്നു. മേൽപ്പറഞ്ഞ എല്ലാ കുട്ടികളും ഇപ്പോൾ മുതിർന്നവരാണെങ്കിലും മാതാപിതാക്കളോടും യഹോവയോടുമുള്ള അവരുടെ സ്‌നേഹം എന്നത്തെയുംപോലെതന്നെ ഇന്നും ശക്തമാണ്, അത് ഏറെ ശക്തമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
വാസ്‌തവമായും, വാക്കിനാലും പ്രവൃത്തിയാലും കുട്ടികളെ സ്‌നേഹിക്കുകയും അവരോടൊപ്പം ആയിരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന മാതാപിതാക്കൾ തങ്ങളുടെ മക്കളുടെ മനസ്സിൽ ആഴമായ ഒരു മുദ്ര പതിപ്പിക്കുന്നു, പലപ്പോഴും അത് ഒരായുഷ്‌കാലം മുഴുവൻ മായാതെ കിടന്നേക്കാം. ഉദാഹരണമായി, വാച്ച്‌ടവർ ഗിലെയാദ് ബൈബിൾ സ്‌കൂളിന്റെ ഒരു ക്ലാസ്സിലെ ബിരുദധാരികളിൽ പലരും മുഴുസമയ ശുശ്രൂഷ ഏറ്റെടുക്കാൻ കാരണം തങ്ങളുടെ മാതാപിതാക്കളുടെ മാതൃകയും പ്രോത്സാഹനവുമാണ് എന്നു പറഞ്ഞു. മക്കൾക്ക് എത്ര മഹത്തായ പൈതൃകം, അതുപോലെ മാതാപിതാക്കൾക്ക് എത്ര വലിയ അനുഗ്രഹവും! മുതിർന്നുവരുമ്പോൾ എല്ലാ കുട്ടികൾക്കും മുഴുസമയ ശുശ്രൂഷ ഏറ്റെടുക്കാനായെന്നു വരില്ല എന്നതു ശരിതന്നെ. എന്നിരുന്നാലും ഒന്നുറപ്പാണ്. എല്ലാ കുട്ടികളും ഉറ്റ സുഹൃത്തുക്കളും നല്ല മാതൃകാപാത്രങ്ങളും ആയിരിക്കുന്ന ദൈവഭയമുള്ള മാതാപിതാക്കളിൽനിന്നു തീർച്ചയായും പ്രയോജനം അനുഭവിക്കുകയും അവരെ ആദരിക്കുകയും ചെയ്യും.—സദൃശവാക്യങ്ങൾ 22:6; എഫെസ്യർ 6:2, 3.
ഒറ്റക്കാരായ മാതാപിതാക്കൾക്ക് വിജയിക്കാൻ കഴിയും
ഇന്ന് ധാരാളം കുട്ടികൾ മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളിലാണു വളരുന്നത്. അത് കുട്ടികളെ വളർത്തുന്നതിൽ കൂടുതലായ വെല്ലുവിളികൾ ഉയർത്തിയേക്കാമെങ്കിലും വിജയം സാധ്യമാണ്. ഒറ്റയ്‌ക്കുള്ള മാതാവിന് അല്ലെങ്കിൽ പിതാവിന് ഒന്നാം നൂറ്റാണ്ടിലെ ഒരു യഹൂദ ക്രിസ്‌ത്യാനിയായിരുന്ന യൂനീക്കയുടെ മാതൃകയിൽനിന്നു പ്രോത്സാഹനം ഉൾക്കൊള്ളാനാകും. ഭർത്താവ് അവിശ്വാസി ആയിരുന്നതിനാൽ യൂനീക്കയ്‌ക്ക് അദ്ദേഹത്തിൽനിന്നു യാതൊരു ആത്മീയ പിന്തുണയും ലഭിച്ചിരിക്കാൻ സാധ്യതയില്ല. എന്നിരുന്നാലും തിമൊഥെയൊസിനെ പഠിപ്പിക്കുന്ന കാര്യത്തിൽ അവൾ ഉത്തമ മാതൃകയായിരുന്നു. യൂനീക്കയും തിമൊഥെയൊസിന്റെ വല്യമ്മയായ ലോവീസും ശൈശവംമുതൽ അവന്റെമേൽ ചെലുത്തിയ നല്ല സ്വാധീനം സമപ്രായക്കാരിൽനിന്ന് അവനുണ്ടായേക്കാമായിരുന്ന ഏതൊരു മോശമായ സ്വാധീനത്തെക്കാളും ശക്തമെന്നു തെളിഞ്ഞു.—പ്രവൃത്തികൾ 16:1, 2; 2 തിമൊഥെയൊസ് 1:4, 5; 3:15, NW.
ഇന്നും അവിശ്വാസിയായ മാതാവോ പിതാവോ ഉള്ള അല്ലെങ്കിൽ മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങളിൽ വളർന്നു വരുന്ന ധാരാളം ചെറുപ്പക്കാർ തിമൊഥെയൊസിനെപ്പോലെ സത്‌സ്വഭാവികളാണ്. ഉദാഹരണത്തിന്, ഇപ്പോൾ 22 വയസ്സുള്ള ഒരു മുഴുസമയ ശുശ്രൂഷകനായ റൈയനെയും സഹോദരങ്ങളെയും അമ്മ ഒറ്റയ്‌ക്കായിരുന്നു
വളർത്തിക്കൊണ്ടുവന്നത്. റൈയന് നാലു വയസ്സുള്ളപ്പോൾ മദ്യാസക്തനായിരുന്ന അവരുടെ പിതാവ് വീടു വിട്ടുപോയി. റൈയൻ അനുസ്‌മരിക്കുന്നു: “തന്റെ കുടുംബാംഗങ്ങൾ യഹോവയെ തുടർന്നും സേവിക്കണമെന്ന കാര്യത്തിൽ മമ്മിക്ക് ദൃഢനിശ്ചയമുണ്ടായിരുന്നു. ആ ലക്ഷ്യത്തിലെത്താൻ മമ്മി സർവാത്മനാ പ്രവർത്തിച്ചുകൊണ്ടിരുന്നു.”റൈയൻ പറയുന്നു: “ഉദാഹരണത്തിന്, കുട്ടികളായ ഞങ്ങൾക്ക് സമപ്രായക്കാരിൽനിന്നു ക്രിയാത്മക സഹവാസമാണു ലഭിക്കുന്നതെന്ന് മമ്മി എല്ലായ്‌പോഴും ഉറപ്പുവരുത്തിയിരുന്നു. സഭയ്‌ക്ക് അകത്തായാലും പുറത്തായാലും മോശമായ സഹവാസമെന്ന് ബൈബിൾ വിശേഷിപ്പിക്കുന്നവരുമായി കൂട്ടുകൂടാൻ മമ്മി ഒരിക്കലും ഞങ്ങളെ അനുവദിച്ചില്ല. കൂടാതെ ലൗകിക വിദ്യാഭാസം സംബന്ധിച്ച് മമ്മി ശരിയായ മനോഭാവം ഞങ്ങളിൽ നട്ടുവളർത്തി.” റൈയന്റെ അമ്മ തന്റെ അനുദിന ജീവിത തിരക്കുകളെയോ ജോലി ഭാരത്തെയോ മക്കളിലുള്ള ആഴമായ താത്‌പര്യത്തിനു മങ്ങലേൽപ്പിക്കാൻ അനുവദിച്ചില്ല. “മമ്മി എല്ലായ്‌പോഴും ഞങ്ങളോടൊപ്പമായിരിക്കാനും ഞങ്ങളോടു സംസാരിക്കാനും ആഗ്രഹിച്ചു,” റൈയൻ പറയുന്നു. “നല്ല ക്ഷമയും ഒപ്പം ദൃഢതയുമുള്ള ഒരു അധ്യാപികയായിരുന്നു മമ്മി. ഒരു ക്രമമായ കുടുംബ ബൈബിളധ്യയനം ഉണ്ടായിരിക്കാൻ തന്നാലാകുന്നതെല്ലാം മമ്മി ചെയ്‌തു. ബൈബിൾ തത്ത്വങ്ങളുടെ കാര്യത്തിൽ ‘വിട്ടുവീഴ്‌ച’ എന്ന വാക്ക് മമ്മിയുടെ നിഘണ്ടുവിൽ ഇല്ലായിരുന്നു.”
പിന്തിരിഞ്ഞു നോക്കുമ്പോൾ, ജീവിതത്തിൽ തന്നെയും സഹോദരങ്ങളെയും ഏറ്റവുമധികം സ്വാധീനിച്ചത് ദൈവത്തെയും മക്കളെയും അകമഴിഞ്ഞു സ്‌നേഹിച്ച തന്റെ അമ്മയാണെന്ന് റൈയൻ തിരിച്ചറിയുന്നു. അതുകൊണ്ട് ക്രിസ്‌തീയ മാതാപിതാക്കളേ, നിങ്ങൾ ഇണയുള്ളവരോ ഇണ നഷ്ടമായവരോ, വിശ്വാസിയായ ഇണയുള്ളവരോ ഇല്ലാത്തവരോ ആയിരുന്നാലും കുട്ടികളെ പ്രബോധിപ്പിക്കാനായി പ്രയത്‌നിക്കവേ നിരുത്സാഹത്തെയും താത്‌കാലിക തിരിച്ചടികളെയും മറികടന്നു പ്രവർത്തിക്കുക. ചിലപ്പോൾ ചില കുട്ടികൾ ധൂർത്തപുത്രനെപ്പോലെ സത്യം ഉപേക്ഷിച്ചേക്കാം. എന്നാൽ ലോകം യഥാർഥത്തിൽ എത്ര നിർവികാരവും പൊള്ളയും ആണെന്നു തിരിച്ചറിയുമ്പോൾ അവർ മടങ്ങിവന്നേക്കാം. അതേ, “പരമാർത്ഥതയിൽ നടക്കുന്നവൻ നീതിമാൻ; അവന്റെ ശേഷം അവന്റെ മക്കളും ഭാഗ്യവാന്മാർ.” —സദൃശവാക്യങ്ങൾ 20:7; 23:24, 25; ലൂക്കൊസ് 15:11-24.
[അടിക്കുറിപ്പ്]
^ ഖ. 9 കൂടുതൽ വിശദമായ വിവരങ്ങൾക്ക് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, കുടുംബ സന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്‌തകത്തിന്റെ 55-59 പേജുകൾ കാണുക.
[11-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
യേശുവിന്റെ മാതാപിതാക്കൾ, ദൈവം തിരഞ്ഞെടുത്തവർ
തന്റെ പുത്രനെ മനുഷ്യനായി പിറക്കാൻ അയച്ചപ്പോൾ യഹോവ യേശുവിന്റെ മാതാപിതാക്കളെ ശ്രദ്ധാപൂർവം തിരഞ്ഞെടുത്തു. താഴ്‌മയും ദൈവഭയവും ഉള്ള ദമ്പതികളെയാണ് അവൻ തിരഞ്ഞെടുത്തത് എന്നതു ശ്രദ്ധേയമാണ്. അവർ യേശുവിനെ ലാളിച്ചു വഷളാക്കുന്നതിനു പകരം അവനെ ദൈവവചനം പഠിപ്പിക്കുകയും അവനിൽ അധ്വാനശീലം, ഉത്തരവാദിത്വബോധം എന്നിവയുടെ മൂല്യം നട്ടുവളർത്തുകയും ചെയ്‌തു. (സദൃശവാക്യങ്ങൾ 29:21; വിലാപങ്ങൾ 3:27) യോസേഫ് യേശുവിനെ ആശാരിപ്പണി പഠിപ്പിച്ചു. കൂടാതെ മൂത്തമകനെന്ന നിലയിൽ തങ്ങളുടെ മറ്റു മക്കളെ—കുറഞ്ഞപക്ഷം ആറു പേരെങ്കിലും ഉണ്ടായിരുന്നു—പരിപാലിക്കുന്നതിൽ സഹായിക്കാൻ യോസേഫും മറിയയും അവനോട് ആവശ്യപ്പെട്ടിരിക്കാം എന്നതിനും സംശയമില്ല.—മർക്കൊസ് 6:3
പെസഹാകാലത്ത് യോസേഫിന്റെ കുടുംബം നടത്തുന്ന യെരൂശലേമിലേക്കുള്ള വാർഷിക യാത്രയുടെ ഒരുക്കങ്ങൾ നിങ്ങൾക്കു വിഭാവന ചെയ്യാൻ കഴിയും. ആധുനിക യാത്രാസൗകര്യങ്ങളൊന്നുമില്ലാതെ അങ്ങോട്ടുമിങ്ങോട്ടുംകൂടെ 200 കിലോമീറ്റർ വരുന്ന ദൂരം യാത്ര ചെയ്യുന്നതിന് കുറഞ്ഞപക്ഷം ഒമ്പത് അംഗങ്ങളുള്ള ആ കുടുംബത്തിന് നല്ല സംഘാടനം ആവശ്യമായിരുന്നു. (ലൂക്കൊസ് 2:39, 41) വെല്ലുവിളികൾ നിറഞ്ഞതായിരുന്നെങ്കിലും യോസേഫും മറിയയും അത്തരം യാത്രാവേളകൾ വിലമതിച്ചിരുന്നു എന്നതിനു സംശയമില്ല. മക്കളെ കഴിഞ്ഞകാല ബൈബിൾ സംഭവങ്ങൾ പഠിപ്പിക്കാനുള്ള അവസരങ്ങളായി ഒരുപക്ഷേ അവർ അവ വിനിയോഗിച്ചിരിക്കാം.
വളർന്നുവരവേ യേശു “അവർക്കു കീഴടങ്ങിയിരുന്നു.” എല്ലായ്‌പോഴും അവൻ “ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നുവന്നു.” (ലൂക്കൊസ് 2:51, 52) അതേ, യോസേഫും മറിയയും യഹോവ തങ്ങളിൽ അർപ്പിച്ച വിശ്വാസത്തിനു ചേർച്ചയിൽ പ്രവർത്തിച്ചു. ഇന്നത്തെ മാതാപിതാക്കൾക്ക് എത്ര നല്ല മാതൃക!—സങ്കീർത്തനം 127:3.