എസ്ഥേറിന്റെ പുസ്തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
യഹോവയുടെ വചനം ജീവനുള്ളത്
എസ്ഥേറിന്റെ പുസ്തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
പദ്ധതി നടപ്പിലാകുമെന്നതിൽ യാതൊരു സംശയവുമില്ല. യഹൂദന്മാർ നാമാവശേഷമാകും. ഇന്ത്യമുതൽ എത്യോപ്യവരെ വ്യാപിച്ചുകിടക്കുന്ന സാമ്രാജ്യത്തിൽ വസിക്കുന്ന മുഴുവൻ യഹൂദന്മാരും ഒരു നിശ്ചിത ദിവസം തുടച്ചുനീക്കപ്പെടും. പദ്ധതിയുടെ സൂത്രധാരൻ ചിന്തിക്കുന്നത് അതാണ്. എങ്കിലും സുപ്രധാനമായ ഒരു കാര്യം അയാളുടെ ശ്രദ്ധയിൽപ്പെടാതെപോയിരിക്കുന്നു. ജീവനു ഭീഷണി ഉയർത്തുന്ന ഏതൊരു സാഹചര്യത്തിൽനിന്നും തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ വിടുവിക്കാൻ സ്വർഗത്തിലെ ദൈവത്തിനു കഴിയും. ആ വിടുതലാണ് ബൈബിളിലെ എസ്ഥേർ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
മൊർദ്ദെഖായി എന്ന പ്രായമേറിയ യഹൂദൻ രേഖപ്പെടുത്തിയ എസ്ഥേർ എന്ന പുസ്തകത്തിൽ, പേർഷ്യൻ രാജാവായ അഹശ്വേരോശിന്റെ അഥവാ സെർക്സിസ് 1-ാമന്റെ ഭരണകാലത്തെ ഏകദേശം 18 വർഷക്കാലമാണ് ഉൾക്കൊണ്ടിരിക്കുന്നത്. തന്റെ ജനം വിശാലമായ ഒരു സാമ്രാജ്യത്തിൽ ചിതറിക്കിടന്നാൽപ്പോലും അവരെ ശത്രുക്കളുടെ ഉപജാപങ്ങളിൽനിന്നു യഹോവ എങ്ങനെയാണു രക്ഷിക്കുന്നതെന്നു നാടകീയമായ ഈ വിവരണം വ്യക്തമാക്കുന്നു. ഇക്കാലത്ത് 235 ദേശങ്ങളിൽ യഹോവയ്ക്കു വിശുദ്ധസേവനം അർപ്പിക്കുന്ന അവന്റെ ജനത്തെ സംബന്ധിച്ചിടത്തോളം ഈ അറിവ് വിശ്വാസത്തെ ബലിഷ്ഠമാക്കുന്നതാണ്. ഇനിയും, ഈ പുസ്തകത്തിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന കഥാപാത്രങ്ങളിൽ ചിലരുടേത് അനുകരണീയമായ മാതൃകയാണ്, മറ്റു ചിലരുടേത് നാം ഒഴിവാക്കേണ്ടതുമാണ്. “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ള”താണെന്നതിൽ യാതൊരു സംശയവുമില്ല.—എബ്രായർ 4:12.
രാജ്ഞി ഇടപെട്ടേ തീരൂ
വാഴ്ചയുടെ മൂന്നാം ആണ്ടിൽ (പൊതുയുഗത്തിനു മുമ്പ് 493) അഹശ്വേരോശ് രാജാവ് ഒരു രാജകീയ വിരുന്നു നടത്തുന്നു. സൗന്ദര്യത്തിനു കീർത്തികേട്ട വസ്ഥിരാജ്ഞി രാജാവിന്റെ കടുത്ത അപ്രീതിക്കു പാത്രമാകുകയും അവൾക്കു രാജ്ഞിസ്ഥാനം നഷ്ടമാകുകയും ചെയ്യുന്നു. അവൾക്കു പകരമായി ദേശത്തിലെ സുന്ദരിമാരായ സകല കന്യകമാരിൽനിന്നും ഹദസ്സ എന്ന യഹൂദ വനിത തിരഞ്ഞെടുക്കപ്പെടുന്നു. അവൾ ബന്ധുവായ മൊർദ്ദെഖായിയുടെ നിർദേശാനുസരണം, താൻ ഒരു യഹൂദയാണെന്ന കാര്യം മറച്ചുവെക്കുകയും എസ്ഥേർ എന്ന തന്റെ പേർഷ്യൻ പേര് ഉപയോഗിക്കുകയും ചെയ്യുന്നു.
തുടർന്ന് ഹാമാൻ എന്ന അഹങ്കാരിയായ ഒരു മനുഷ്യൻ പ്രധാനമന്ത്രിയായിത്തീരുന്നു. തന്നെ ‘കുമ്പിട്ടു നമസ്കരിക്കാൻ’ മൊർദ്ദെഖായി കൂട്ടാക്കാഞ്ഞതിൽ ഹാമാൻ കോപിഷ്ഠനാണ്. അതുകൊണ്ട് അയാൾ പേർഷ്യൻ സാമ്രാജ്യത്തിലുള്ള സകല യഹൂദരെയും തുടച്ചുനീക്കാനുള്ള പദ്ധതിയൊരുക്കുന്നു. (എസ്ഥേർ 3:2) ഹാമാൻ അഹശ്വേരോശ് രാജാവിനെ സ്വാധീനിച്ച് ഈ കൂട്ടക്കൊല നടത്താൻ ആവശ്യമായ ഒരു വിധി രാജാവിനെക്കൊണ്ട് പുറപ്പെടുവിക്കുന്നു. മൊർദ്ദെഖായി ‘രട്ടുടുത്തു വെണ്ണീർ വാരി ഇട്ടുംകൊണ്ടിരിക്കുകയാണ്.’ (എസ്ഥേർ 4:1) എസ്ഥേർ ഇപ്പോൾ ഇടപെട്ടേതീരൂ. അവൾ രാജാവിനെയും അദ്ദേഹത്തിന്റെ പ്രധാനമന്ത്രിയെയും ഒരു സ്വകാര്യ സദ്യക്കു ക്ഷണിക്കുന്നു. സന്തോഷപൂർവം അതിൽ പങ്കെടുക്കുന്ന അവരെ പിറ്റേ ദിവസത്തെ മറ്റൊരു സദ്യക്കും എസ്ഥേർ ക്ഷണിക്കുന്നു. ഹാമാൻ സന്തോഷവാനാണ്. എങ്കിലും മൊർദ്ദെഖായി തന്നെ ബഹുമാനിക്കാത്തതിൽ അവൻ കോപിഷ്ഠനുമാണ്. അടുത്ത ദിവസത്തെ സദ്യക്കു മുമ്പായി മൊർദ്ദെഖായിയെ വധിക്കാൻ ഹാമാൻ പദ്ധതിയൊരുക്കുന്നു.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
1:3-5—വിരുന്ന് 180 ദിവസം നീണ്ടുനിന്നോ? വിരുന്ന് അത്രയും കാലം നീണ്ടുനിന്നെന്നു വാക്യം പറയുന്നില്ല. എന്നാൽ മഹാരാജ്യത്തിന്റെ ധനസമൃദ്ധിയും പകിട്ടും രാജാവ് 180 ദിവസത്തേക്ക് ഉദ്യോഗസ്ഥന്മാരെ കാണിച്ചെന്ന് അതു പറയുന്നു. പ്രഭുക്കന്മാരെ തന്റെ രാജ്യത്തിന്റെ മഹത്ത്വം കാണിക്കാനും പദ്ധതികൾ നടപ്പാക്കാനുള്ള പ്രാപ്തി തനിക്കുണ്ടെന്ന് ബോധ്യപ്പെടുത്താനുമായി രാജാവ് ദൈർഘ്യമേറിയ ഈ അവസരം ഉപയോഗിക്കുകയായിരുന്നിരിക്കാം. അതു ശരിയാണെങ്കിൽ, 180 ദിവസത്തെ കൂടിവരവിനൊടുവിൽ നടന്ന 7 ദിവസത്തെ വിരുന്നിനെക്കുറിച്ചായിരിക്കാം 3-ഉം 5-ഉം വാക്യങ്ങൾ പറയുന്നത്.
1:8—ഏതു വിധത്തിലാണ് ‘ആരെയും നിർബ്ബന്ധിക്കാതെ ഓരോരുത്തൻ താന്താന്റെ മനസ്സുപോലെ’ വീഞ്ഞു കുടിച്ചിരുന്നത്? അത്തരം കൂടിവരവുകളിൽ ഒരു നിശ്ചിത അളവ് വീഞ്ഞ് കുടിക്കാൻ പരസ്പരം നിർബന്ധിക്കുന്ന ഒരു രീതി പേർഷ്യക്കാർക്ക് ഉണ്ടായിരുന്നെന്നു തോന്നുന്നു. ഈ അവസരത്തിൽ, അതിനു വിഭിന്നമായാണ് അഹശ്വേരോശ് രാജാവ് പ്രവർത്തിച്ചത്. “ആഗ്രഹിക്കുന്നത്ര കൂടുതലോ കുറവോ അവർക്കു കുടിക്കാമായിരുന്നു” എന്ന് ഒരു പരാമർശകൃതി പ്രസ്താവിക്കുന്നു.
1:10-12—വസ്ഥിരാജ്ഞി രാജാവിന്റെ മുമ്പിൽ ചെല്ലാതിരുന്നത് എന്തുകൊണ്ട്? രാജാവിന്റെ മദ്യപിച്ചിരിക്കുന്ന അതിഥികൾക്ക് മുമ്പാകെ സ്വയം തരംതാഴാതിരിക്കാൻ തീരുമാനിച്ചതുകൊണ്ടാണ് രാജ്ഞി ചെല്ലാതിരുന്നത് എന്നാണ് ചില പണ്ഡിതന്മാരുടെ അഭിപ്രായം. അല്ലെങ്കിൽ, ഒരുപക്ഷേ ബാഹ്യ സൗന്ദര്യമുണ്ടായിരുന്ന അവർ കീഴ്പെടുന്നവളായിരുന്നിരിക്കില്ല. അവരുടെ ആന്തരം എന്തായിരുന്നുവെന്നു ബൈബിൾ പറയുന്നില്ലെങ്കിലും ഭർത്താവിനോടുള്ള അനുസരണം തീർച്ചയായും പരിചിന്തനാർഹമായ ഒരു വിഷയമാണെന്നും വസ്ഥിയുടെ മോശം മാതൃക പേർഷ്യൻ പ്രവിശ്യകളിലെ മുഴുവൻ ഭാര്യമാരെയും സ്വാധീനിക്കുമെന്നും അന്നത്തെ ജ്ഞാനികൾക്കു തോന്നി.
2:14-17—രാജാവുമായി എസ്ഥേർ അധാർമിക ലൈംഗികതയിൽ ഏർപ്പെട്ടോ? ഇല്ല. രാജാവിന്റെ അടുക്കൽ കൊണ്ടുവന്നിരുന്ന മറ്റു സ്ത്രീകൾ പ്രഭാതകാലത്ത് രാജാവിന്റെ “വെപ്പാട്ടികളുടെ പാലകനായ” ഷണ്ഡന്റെ വിചാരണയിലുള്ള രണ്ടാമത്തെ അന്തഃപുരത്തിലേക്കു മടങ്ങിയിരുന്നുവെന്നു വിവരണം പറയുന്നു. രാജാവുമൊത്ത് രാത്രി ചെലവഴിച്ച സ്ത്രീകൾ അങ്ങനെ രാജാവിന്റെ വെപ്പാട്ടികൾ അഥവാ ഉപഭാര്യമാർ ആയിത്തീർന്നു. എന്നാൽ എസ്ഥേർ രാജാവിനെ കണ്ടശേഷം അവളെ വെപ്പാട്ടികളുടെ അന്തഃപുരത്തിലേക്കു കൊണ്ടുപോയില്ല. എസ്ഥേറിനെ അഹശ്വേരോശിന്റെ മുമ്പാകെ കൊണ്ടുവന്നപ്പോൾ, ‘രാജാവു എസ്ഥേരിനെ സകലസ്ത്രീകളെക്കാളും അധികം സ്നേഹിച്ചു; സകലകന്യകമാരിലും അധികം കൃപയും പക്ഷവും അവളോടു തോന്നി.’ (എസ്ഥേർ 2:17) അഹശ്വേരോശിന്റെ “കൃപയും പക്ഷവും” അവൾ നേടിയെടുത്തത് എങ്ങനെ? അവൾ മറ്റുള്ളവരുടെ പ്രീതി നേടിയെടുത്തതുപോലെതന്നെ. “യുവതിയെ അവന്നു [ഹേഗായിക്കു] ബോധിച്ചു; അവളോടു പക്ഷം തോന്നി.” (എസ്ഥേർ 2:8, 9) താൻ നിരീക്ഷിച്ച കാര്യങ്ങളുടെ അതായത് അവളുടെ സൗന്ദര്യത്തിന്റെയും നല്ല ഗുണങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമാണ് ഹേഗായിക്ക് അവളോടു പ്രീതി തോന്നിയത്. വാസ്തവത്തിൽ ‘എസ്ഥേരിനെ കണ്ട എല്ലാവർക്കും അവളോടു പ്രീതി തോന്നി.’ (എസ്ഥേർ 2:15) സമാനമായി എസ്ഥേറിൽ കണ്ട കാര്യങ്ങൾ രാജാവിൽ മതിപ്പുളവാക്കുകയും അദ്ദേഹം അവളെ സ്നേഹിക്കാൻ ഇടയായിത്തീരുകയും ചെയ്തു.
3:2; 5:9—മൊർദ്ദെഖായി ഹാമാന്റെ മുന്നിൽ കുമ്പിടാതിരുന്നത് എന്തുകൊണ്ട്? സാഷ്ടാംഗം വീണുകൊണ്ട് ഒരു സമുന്നത വ്യക്തിയുടെ സ്ഥാനത്തെ അംഗീകരിക്കുന്നത് ഇസ്രായേല്യരെ സംബന്ധിച്ചിടത്തോളം തെറ്റായിരുന്നില്ല. എന്നാൽ ഹാമാന്റെ കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ ഉൾപ്പെട്ടിരുന്നു. ഹാമാൻ ഒരു ആഗാഗ്യൻ, സാധ്യതയനുസരിച്ച് ഒരു അമാലേക്യൻ ആയിരുന്നു. ദൈവം അമാലേക്യരെ നിർമൂലനാശത്തിനു വേർതിരിച്ചിരുന്നു. (ആവർത്തനപുസ്തകം 25:19) മൊർദ്ദെഖായിയെ സംബന്ധിച്ചിടത്തോളം ഹാമാനെ കുമ്പിടുന്നത് യഹോവയോടുള്ള നിർമലതയുടെ വിഷയമായിരുന്നു. താൻ ഒരു യഹൂദനാണെന്നു പറഞ്ഞുകൊണ്ട് അവൻ പൂർണമായും വിട്ടുനിന്നു.—എസ്ഥേർ 3:3, 4.
നമുക്കുള്ള പാഠങ്ങൾ:
2:10, 20; 4:12-16. യഹോവയുടെ ആരാധകനായ, പക്വതയുള്ള വ്യക്തിയിൽനിന്നും എസ്ഥേർ മാർഗനിർദേശവും ബുദ്ധിയുപദേശവും സ്വീകരിച്ചു. നമ്മെ “നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരി”ക്കുന്നത് നമ്മുടെ ഭാഗത്ത് ജ്ഞാനമാണ്.—എബ്രായർ 13:17.
2:11; 4:5. നാം “സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം.”—ഫിലിപ്പിയർ 2:4.
2:15. ഹേഗായി കൊടുത്തതിനു പുറമേ കൂടുതലായ ആഭരണങ്ങളോ മേന്മയേറിയ വസ്ത്രങ്ങളോ ആവശ്യപ്പെടാതിരുന്നുകൊണ്ട് എസ്ഥേർ എളിമയും ആത്മനിയന്ത്രണവും പ്രകടമാക്കി. “സൌമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൂഢമനുഷ്യൻ” ആണ് എസ്ഥേറിന് രാജാവിന്റെ പ്രീതി നേടിക്കൊടുത്തത്.—1 പത്രൊസ് 3:4.
2:21-23. ‘ശ്രേഷ്ഠാധികാരങ്ങളോടുള്ള കീഴ്പെടലിന്റെ’ ഉത്തമ മാതൃകകളായിരുന്നു എസ്ഥേറും മൊർദ്ദെഖായിയും.—റോമർ 13:1.
3:4. ചില സാഹചര്യങ്ങളിൽ എസ്ഥേർ ചെയ്തതുപോലെ നാം ആരാണെന്നതു സംബന്ധിച്ച് മൗനം പാലിക്കുന്നതു ബുദ്ധിയായിരിക്കാം. എന്നാൽ, യഹോവയുടെ പരമാധികാരം, നമ്മുടെ നിർമലത തുടങ്ങിയ സുപ്രധാന വിഷയങ്ങളോടുള്ള ബന്ധത്തിൽ ഒരു നിലപാട് എടുക്കേണ്ടിവരുമ്പോൾ നാം യഹോവയുടെ സാക്ഷികളാണെന്നു പറയാൻ ഭയക്കരുത്.
4:3. പരിശോധനകൾ നേരിടുമ്പോൾ ശക്തിക്കും ജ്ഞാനത്തിനുമായി നാം പ്രാർഥനാപൂർവം യഹോവയിലേക്കു തിരിയണം.
4:6-8. ഹാമാന്റെ ഗൂഢാലോചന നിമിത്തമുണ്ടായ ഭീഷണിയെ മൊർദ്ദെഖായി നിയമപരമായി നേരിട്ടു.—ഫിലിപ്പിയർ 1:7, NW.
4:14. യഹോവയിലുള്ള മൊർദ്ദെഖായിയുടെ ആശ്രയം അനുകരണീയമാണ്.
4:16. യഹോവയിൽ പൂർണമായി ആശ്രയിച്ചുകൊണ്ട്, തന്റെ മരണത്തിൽ കലാശിക്കുമായിരുന്ന ഒരു സാഹചര്യത്തെ എസ്ഥേർ വിശ്വസ്തതയോടും ധൈര്യത്തോടുംകൂടെ നേരിട്ടു. നമ്മിൽത്തന്നെയല്ല യഹോവയിൽ ആശ്രയിക്കാൻ നാം പഠിക്കേണ്ടതു മർമപ്രധാനമാണ്.
5:6-8. അഹശ്വേരോശിന്റെ പ്രീതി നേടുന്നതിനായി എസ്ഥേർ അദ്ദേഹത്തെ രണ്ടാമതൊരു വിരുന്നിനുകൂടെ ക്ഷണിച്ചു. അവൾ ബുദ്ധിപൂർവം പ്രവർത്തിച്ചു. നാമും അങ്ങനെ ആയിരിക്കണം.—സദൃശവാക്യങ്ങൾ 14:15.
തിരിച്ചടികളുടെ പരമ്പര
സംഭവങ്ങൾ ഇതൾ വിരിയവേ കാര്യങ്ങൾ കീഴ്മേൽ മറിയുന്നു. മൊർദ്ദെഖായിക്കുവേണ്ടി ഹാമാൻ ഉണ്ടാക്കിയ കഴുമരത്തിൽ അവൻതന്നെ തൂക്കപ്പെടുന്നു. എന്നാൽ മൊർദ്ദെഖായി പ്രധാനമന്ത്രിയായിത്തീരുന്നു! യഹൂദന്മാരെ കൂട്ടക്കൊല ചെയ്യുന്ന കാര്യമോ? അക്കാര്യത്തിലും നാടകീയമായ ഒരു മാറ്റം ഉണ്ടാകും.
വിശ്വസ്തയായ എസ്ഥേർ വീണ്ടും സംസാരിക്കുന്നു. ഹാമാന്റെ പദ്ധതിയെ ഏതെങ്കിലും വിധത്തിൽ നിഷ്ഫലമാക്കാനുള്ള അപേക്ഷയുമായി സ്വജീവൻ പണയംവെച്ചുകൊണ്ട് അവൾ രാജസന്നിധിയിൽ ചെല്ലുന്നു. എന്താണു ചെയ്യേണ്ടതെന്ന് അഹശ്വേരോശിന് അറിയാം. അതുകൊണ്ട് കൂട്ടക്കൊലയ്ക്കുള്ള ദിവസം വന്നെത്തുമ്പോൾ യഹൂദരല്ല മറിച്ച് എസ്ഥേർ 10:3.
അവരെ ദ്രോഹിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നവർ വധിക്കപ്പെടുന്നു. ഈ മഹാവിടുതലിന്റെ ഓർമയ്ക്കായി ഓരോ വർഷവും പൂരീം എന്ന ആഘോഷം നടത്താൻ മൊർദ്ദെഖായി ഉത്തരവിടുന്നു. അഹശ്വേരോശ് രാജാവ് കഴിഞ്ഞാൽ രണ്ടാം സ്ഥാനം വഹിക്കുന്ന മൊർദ്ദെഖായി “സ്വജനത്തിന്നു ഗുണകാംക്ഷിയും തന്റെ സർവ്വവംശത്തിന്നും അനുകൂലവാദിയും” ആയി സേവിക്കുന്നു.—തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
7:4—യഹൂദന്മാരെ ഉന്മൂലനം ചെയ്യുന്നത് ‘രാജാവിനു നഷ്ടം’ വരുത്തുമായിരുന്നത് എങ്ങനെ? യഹൂദന്മാരെ അടിമകളായി വിൽക്കാമായിരുന്നല്ലോയെന്നു നയപൂർവം സൂചിപ്പിച്ചുകൊണ്ട്, അവരെ നശിപ്പിക്കുന്നതു മുഖാന്തരം രാജാവിന് ഉണ്ടാകുന്ന നഷ്ടം എസ്ഥേർ ചൂണ്ടിക്കാട്ടി. രാജാവിന്റെ ഭണ്ഡാരത്തിലേക്കു നൽകാമെന്നു ഹാമാൻ വാഗ്ദാനം ചെയ്ത 10,000 താലന്ത് വെള്ളി യഹൂദന്മാരെ അടിമകളായി വിൽക്കാൻ ഹാമാൻ പദ്ധതിയൊരുക്കിയിരുന്നെങ്കിൽ ലഭിക്കുമായിരുന്ന ധനത്തോടുള്ള താരതമ്യത്തിൽ വളരെ കുറവായിരുന്നു. ഹാമാന്റെ പദ്ധതി നടപ്പാക്കിയാൽ രാജ്ഞിയെയും നഷ്ടപ്പെടുമായിരുന്നു.
7:8—കൊട്ടാര ഉദ്യോഗസ്ഥന്മാർ ഹാമാന്റെ മുഖം മൂടിയത് എന്തുകൊണ്ട്? ലജ്ജയെയോ ആസന്നമായിരിക്കുന്ന നാശത്തെയോ കാണിക്കുന്നതിനായിരിക്കാം ഇത്. “പുരാതന കാലത്ത്, വധിക്കപ്പെടാൻ പോകുന്നവരുടെ തല ചിലപ്പോഴൊക്കെ മൂടിയിരുന്നു”വെന്ന് ഒരു പരാമർശകൃതി അഭിപ്രായപ്പെടുന്നു.
8:17—ഏതു വിധത്തിലാണ് ജാതികളിൽ ‘പലരും യെഹൂദന്മാരായിത്തീർന്നത്’? യഹൂദന്മാർക്ക് അനുകൂലമായ വിധിയുണ്ടായത് അവർക്ക് ദൈവപ്രീതിയുണ്ടെന്നുള്ളതിന്റെ സൂചനയാണെന്നു ചിന്തിച്ചുകൊണ്ട് പേർഷ്യക്കാരിൽ നിരവധിപേർ യഹൂദന്മാരായി പരിവർത്തനം ചെയ്തു. സെഖര്യാവ് എന്ന ബൈബിൾ പുസ്തകത്തിലെ ഒരു പ്രവചനത്തിന്റെ നിവൃത്തിയായി അതേ തത്ത്വം ഇപ്പോൾ ബാധകമായിക്കൊണ്ടിരിക്കുകയാണ്. ആ പ്രവചനം ഇങ്ങനെ പറയുന്നു: “ജാതികളുടെ സകലഭാഷകളിലുംനിന്നു പത്തുപേർ ഒരു യെഹൂദന്റെ വസ്ത്രാഗ്രം പിടിച്ചു: ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു എന്നു പറയും.”—സെഖര്യാവു 8:23.
9:10, 15, 16—ഉത്തരവുപ്രകാരം കൊള്ളയടിക്കാനുള്ള അധികാരം ഉണ്ടായിരുന്നെങ്കിലും യഹൂദന്മാർ അതു ചെയ്യാതിരുന്നത് എന്തുകൊണ്ട്? തങ്ങളുടെ ഉദ്ദേശ്യം ജനത്തിന്റെ സംരക്ഷണമാണെന്നും ധനാർജനമല്ലെന്നും ആ പ്രവൃത്തി അസന്ദിഗ്ധമായി തെളിയിച്ചു.
നമുക്കുള്ള പാഠങ്ങൾ:
6:6-10. “നാശത്തിന്നു മുമ്പെ ഗർവ്വം; വീഴ്ചക്കു മുമ്പെ ഉന്നതഭാവം.”—സദൃശവാക്യങ്ങൾ 16:18.
7:3, 4. യഹോവയുടെ സാക്ഷികളായി നമ്മെത്തന്നെ തിരിച്ചറിയിക്കുന്നത് പീഡനത്തിൽ കലാശിച്ചേക്കാമെങ്കിൽപ്പോലും ധൈര്യപൂർവം നാം അങ്ങനെ ചെയ്യുന്നുണ്ടോ?
8:3-6. ശത്രുക്കളിൽനിന്നുള്ള സംരക്ഷണത്തിനായി നമുക്ക് ഗവൺമെന്റ് അധികാരികളെയും കോടതികളെയും സമീപിക്കാവുന്നതാണ്, സമീപിക്കുകയും വേണം.
8:5. യഹൂദന്മാരെ ഉന്മൂലനം ചെയ്യാനുള്ള ഉത്തരവിൽ രാജാവിനുള്ള ഉത്തരവാദിത്വം എസ്ഥേർ നയപൂർവം പരാമർശിച്ചില്ല. സമാനമായി ഉന്നത ഉദ്യോഗസ്ഥന്മാർക്കു സാക്ഷ്യം നൽകുമ്പോൾ നാമും നയമുള്ളവർ ആയിരിക്കണം.
9:21. നമുക്കിടയിലെ ദരിദ്രരെ മറന്നുകളയരുത്.—ഗലാത്യർ 2:9ബി.
യഹോവ “ഉദ്ധാരണവും രക്ഷയും” നൽകും
എസ്ഥേർ രാജ്ഞിസ്ഥാനത്തു വന്നിരിക്കുന്നതിലുള്ള ദൈവത്തിന്റെ ഉദ്ദേശ്യം മൊർദ്ദെഖായി സൂചിപ്പിക്കുന്നു. ഭീഷണി നേരിടുമ്പോൾ യഹൂദന്മാർ ഉപവസിക്കുകയും സഹായത്തിനായി പ്രാർഥിക്കുകയും ചെയ്യുന്നു. ക്ഷണിക്കപ്പെടാതെ രാജസന്നിധിയിൽ ചെന്ന സന്ദർഭങ്ങളിലെല്ലാം അവൾക്ക് അനുകൂല പ്രതികരണം ലഭിക്കുന്നു. ആ നിർണായക രാത്രിയിൽ രാജാവിന് ഉറങ്ങാനാവുന്നില്ല. തന്റെ ജനത്തിനു പ്രയോജനം ചെയ്യത്തക്കവിധം യഹോവ കാര്യങ്ങളെ നയിച്ചതു സംബന്ധിച്ചുള്ള വിവരണമാണ് എസ്ഥേർ എന്ന പുസ്തകത്തിൽ അടങ്ങിയിരിക്കുന്നത്.
എസ്ഥേർ എന്ന പുസ്തകത്തിലെ ആവേശജനകമായ വിവരണം ഈ “അന്ത്യകാല”ത്തു ജീവിക്കുന്ന നമുക്ക് വിശേഷാൽ പ്രോത്സാഹജനകമാണ്. (ദാനീയേൽ 12:4) “നാളുകളുടെ അന്തിമഭാഗത്ത്” (NW) അഥവാ അന്ത്യകാലത്തിന്റെ അവസാനഭാഗത്ത് മാഗോഗിലെ ഗോഗായ പിശാചായ സാത്താൻ യഹോവയുടെ ജനത്തിന്റെമേൽ സർവശക്തിയും ഉപയോഗിച്ച് ആഞ്ഞടിക്കും. സത്യാരാധകരെ ഉന്മൂലനം ചെയ്യുക എന്നതായിരിക്കും അവന്റെ ലക്ഷ്യം. എന്നാൽ എസ്ഥേറിന്റെ കാലത്തെന്നപോലെ യഹോവ തന്റെ ആരാധകർക്ക് “ഉദ്ധാരണവും രക്ഷയും” നൽകും.—യെഹെസ്കേൽ 38:16-23; എസ്ഥേർ 4:14.
[10-ാം പേജിലെ ചിത്രം]
എസ്ഥേറും മൊർദ്ദെഖായിയും അഹശ്വേരോശിനു മുമ്പാകെ