‘തക്കസമയത്തു പറയുന്ന വാക്ക് എത്ര മനോഹരം!’
‘തക്കസമയത്തു പറയുന്ന വാക്ക് എത്ര മനോഹരം!’
യഹോവയുടെ സാക്ഷികളുടെ ആ സമ്മേളനദിനത്തിൽ പ്രസംഗങ്ങളും മറ്റും ശ്രദ്ധയോടെ കേട്ട് കുറിപ്പുകളെടുക്കാനും ഒപ്പം രണ്ടര വയസ്സുള്ള മകളെ അടക്കിയിരുത്താനും കിം തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. പരിപാടി കഴിഞ്ഞപ്പോൾ കിമ്മിന്റെ അതേ നിരയിൽ ഇരുന്നിരുന്ന ഒരു ക്രിസ്‌തീയ സഹോദരി, കിമ്മും ഭർത്താവും അന്നേ ദിവസം കുട്ടിയെ അടക്കിയിരുത്താൻ ചെയ്‌ത ശ്രമത്തെ ആത്മാർഥമായി അഭിനന്ദിച്ചു. ആ അഭിനന്ദനം കിമ്മിനെ വളരെയധികം സ്‌പർശിച്ചു. ആ സംഭവം നടന്നിട്ട് വർഷങ്ങളായെങ്കിലും ഇപ്പോഴും അത് അനുസ്‌മരിച്ചുകൊണ്ട് കിം പറയുന്നു: “യോഗങ്ങളുടെ സമയത്ത് വല്ലാത്ത ക്ഷീണം അനുഭവപ്പെടുമ്പോൾ, അന്ന് ആ സഹോദരി പറഞ്ഞ കാര്യം ഞാൻ ഓർക്കും. അവരുടെ ദയാപൂർവകമായ ആ വാക്കുകൾ ഞങ്ങളുടെ മകളെ പരിശീലിപ്പിക്കുന്നതിൽ തുടരാൻ എനിക്ക് ഇന്നും പ്രോത്സാഹനം നൽകുന്നു.” അതേ, സമയോചിതമായി പറയുന്ന വാക്കുകൾ ഒരു വ്യക്തിക്കു പ്രോത്സാഹനം പകർന്നേക്കാം. ബൈബിൾ ഇങ്ങനെ പറയുന്നു: “തക്കസമയത്തു പറയുന്ന വാക്കു എത്ര മനോഹരം!”—സദൃശവാക്യങ്ങൾ 15:23.
എന്നാൽ നമ്മിൽ ചിലരെ സംബന്ധിച്ചിടത്തോളം മറ്റുള്ളവരെ അഭിനന്ദിക്കുന്നത് അത്ര എളുപ്പമല്ലായിരിക്കാം. ചിലപ്പോൾ, സ്വന്തം കുറവുകളെക്കുറിച്ചുള്ള ബോധം അത് ബുദ്ധിമുട്ടാക്കിത്തീർത്തേക്കാം. ഒരു ക്രിസ്‌ത്യാനി പറയുന്നു: “എന്നെ സംബന്ധിച്ചിടത്തോളം അത് ഉറപ്പില്ലാത്ത ഒരു പ്രതലത്തിൽ നിൽക്കുന്നതുപോലുള്ള അനുഭവമാണ്. മറ്റുള്ളവരെ ഉയർത്താൻ ശ്രമിക്കുംതോറും ഞാൻ താണുപോകുന്നതുപോലെ എനിക്കു തോന്നും.” ലജ്ജാശീലം, ആത്മവിശ്വാസമില്ലായ്‌മ, തെറ്റിദ്ധരിക്കപ്പെടുമോയെന്ന ഭയം എന്നിവയും അഭിനന്ദനം നൽകുന്നതു ബുദ്ധിമുട്ടാക്കിത്തീർത്തേക്കാം. ഇതിനുപുറമേ, വളർന്നുവരവേ നമുക്കു കാര്യമായ അല്ലെങ്കിൽ ഒട്ടുംതന്നെ അംഗീകാരം ലഭിച്ചിട്ടില്ലെങ്കിൽ മറ്റുള്ളവരെ അഭിനന്ദിക്കുന്നതു ബുദ്ധിമുട്ടായി നമുക്കു തോന്നിയേക്കാം.
എന്നിരുന്നാലും അഭിനന്ദനം, അതു നൽകുന്നയാളിലും ലഭിക്കുന്നയാളിലും ഉളവാക്കിയേക്കാവുന്ന നല്ല ഫലത്തെക്കുറിച്ചു മനസ്സിലാക്കുന്നത് തക്കസമയത്ത് അനുമോദനത്തിന്റേതായ ഒരു വാക്കു പറയുന്നതിനു പരമാവധി ശ്രമിക്കാൻ നമ്മെ പ്രചോദിപ്പിച്ചേക്കാം. (സദൃശവാക്യങ്ങൾ 3:27) അങ്ങനെയെങ്കിൽ, അതിന്റെ പ്രയോജനങ്ങൾ എന്തൊക്കെയാണ്? ചില പ്രയോജനങ്ങൾ നമുക്കു ഹ്രസ്വമായി പരിചിന്തിക്കാം.
പ്രയോജനങ്ങൾ
ഉചിതമായ അഭിനന്ദനത്തിന് അതു ലഭിക്കുന്നയാളിൽ ആത്മവിശ്വാസം ഉളവാക്കാൻ കഴിയും. “ആളുകൾ എന്നെ അഭിനന്ദിക്കുമ്പോൾ അവർക്ക് എന്നിൽ വിശ്വാസമുള്ളതായി, അവർ എന്നെ വിശ്വസിക്കുന്നതായി എനിക്കു തോന്നും,” ഇലെയ്‌ൻ എന്ന ഒരു ക്രിസ്‌തീയ ഭാര്യ പറയുന്നു. അതേ, ആത്മവിശ്വാസം ഇല്ലാത്ത ഒരാളെ അഭിനന്ദിക്കുന്നത് പ്രതിബന്ധങ്ങളെ മറികടക്കാൻവേണ്ട ധൈര്യം അയാൾക്കു നൽകും, അങ്ങനെ സന്തോഷം കണ്ടെത്താൻ അയാൾക്കു സാധിക്കും. അർഹമായ അഭിനന്ദനം ലഭിക്കുന്നത് വിശേഷാൽ യുവജനങ്ങൾക്കു പ്രയോജനം ചെയ്യുന്നു. സ്വന്തം നിഷേധാത്മക ചിന്തകൾ നിമിത്തം നിരുത്സാഹം അനുഭവപ്പെടുന്നതായി സമ്മതിച്ച ഒരു കൗമാരപ്രായക്കാരി ഇങ്ങനെ പറയുന്നു: “യഹോവയെ പ്രസാദിപ്പിക്കാൻ എല്ലായ്‌പോഴും കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ എന്തു ചെയ്‌താലും അതൊന്നും പോരെന്ന തോന്നൽ ചിലപ്പോൾ എനിക്കുണ്ടാകുന്നു. ആരെങ്കിലും എന്നെ അഭിനന്ദിക്കുമ്പോൾ അത് എന്നെ എത്ര സന്തോഷിപ്പിക്കുന്നുവെന്നോ!” “തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തിൽ പൊൻനാരങ്ങാപോലെ” എന്ന ബൈബിൾ പഴമൊഴി എത്ര ശരിയാണ്!—സദൃശവാക്യങ്ങൾ 25:11.
അഭിനന്ദനത്തിന് ഒരു വ്യക്തിയെ പ്രചോദിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയും. ഒരു മുഴുസമയ ശുശ്രൂഷകൻ പറയുന്നു: “കൂടുതൽ കഠിനമായി യത്‌നിക്കാനും എന്റെ ശുശ്രൂഷയുടെ ഗുണമേന്മ മെച്ചപ്പെടുത്താനും അഭിനന്ദനം എന്നെ പ്രോത്സാഹിപ്പിക്കുന്നു.” യോഗങ്ങളിൽ അഭിപ്രായങ്ങൾ പറഞ്ഞതിന് സഭയിലെ മറ്റ് അംഗങ്ങളിൽനിന്നു മക്കൾക്ക് അനുമോദനം ലഭിക്കുമ്പോൾ അവർക്കു കൂടുതൽ അഭിപ്രായങ്ങൾ പറയാനുള്ള ആഗ്രഹം ഉണ്ടാകുന്നതായി രണ്ടു കുട്ടികളുള്ള ഒരു മാതാവ് പറയുന്നു. അതേ, ക്രിസ്‌തീയ ജീവിതത്തിൽ അഭിവൃദ്ധി പ്രാപിക്കാൻ അത് ഇളംപ്രായക്കാരെ പ്രചോദിപ്പിക്കും. വാസ്‌തവത്തിൽ, നമുക്കെല്ലാവർക്കും നാം വിലമതിക്കപ്പെടുന്നുവെന്ന ഉറപ്പ് ആവശ്യമാണ്. സമ്മർദപൂരിതമായ ഈ ലോകം നമ്മെ തളർത്തുകയും ഭാരപ്പെടുത്തുകയും ചെയ്‌തേക്കാം. ഒരു ക്രിസ്‌തീയ മൂപ്പൻ പറയുന്നു: “എനിക്കു നിരുത്സാഹം തോന്നുന്ന
ചില സന്ദർഭങ്ങളിൽ അഭിനന്ദനം എന്റെ പ്രാർഥനകൾക്കുള്ള ഉത്തരംപോലെയാണ്.” സമാനമായി ഇലെയ്‌ൻ പറയുന്നു: “മറ്റുള്ളവരുടെ അഭിപ്രായപ്രകടനങ്ങളിലൂടെയാണ് എന്നോടുള്ള തന്റെ അംഗീകാരം യഹോവ പ്രകടമാക്കുന്നതെന്നു ചിലപ്പോൾ തോന്നാറുണ്ട്.”അഭിനന്ദിക്കപ്പെടുന്നത് താൻ വേണ്ടപ്പെട്ടവനാണെന്ന ചിന്ത ഒരു വ്യക്തിയിൽ ഉളവാക്കും. മറ്റുള്ളവരെ ആത്മാർഥമായി അഭിനന്ദിക്കുന്നത് അവരിലുള്ള താത്‌പര്യത്തെ പ്രതിഫലിപ്പിക്കുന്നു. അത് ഊഷ്‌മളതയുടെയും സുരക്ഷിതത്വത്തിന്റെയും വിലമതിപ്പിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നു. സഹക്രിസ്‌ത്യാനികളെ നാം യഥാർഥമായി സ്‌നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്നു എന്നതിന്റെ തെളിവാണത്. ഒരമ്മയായ ജോസി പറയുന്നതു ശ്രദ്ധിക്കുക: “മതപരമായി ഭിന്നിച്ച ഒരു കുടുംബമായിരുന്നു എന്റേത്. അത്തരമൊരു ചുറ്റുപാടിലാണ് സത്യത്തിനുവേണ്ടി എനിക്ക് ഒരു നിലപാടു സ്വീകരിക്കേണ്ടിവന്നത്. ആ സമയത്ത്, ആത്മീയ പക്വതയുള്ള വ്യക്തികളിൽനിന്നു ലഭിച്ച അംഗീകാരത്തിന്റേതായ വാക്കുകൾ എന്തുവന്നാലും പിടിച്ചുനിൽക്കാനുള്ള എന്റെ നിശ്ചയദാർഢ്യത്തെ കൂടുതൽ ശക്തിപ്പെടുത്തി.” തീർച്ചയായും, “നാം ഒരേ ശരീരത്തിന്റെ അവയവങ്ങളാ”യതുകൊണ്ട് പരസ്‌പരം വേണ്ടപ്പെട്ടവരാണ്.—എഫെസ്യർ 4:25, പി.ഒ.സി. ബൈബിൾ.
അഭിനന്ദനം നൽകാനുള്ള ആഗ്രഹം മറ്റുള്ളവരിലെ നന്മ കാണാൻ നമ്മെ സഹായിക്കുന്നു. മറ്റുള്ളവരിലെ നല്ല ഗുണങ്ങളിലാണു നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ബലഹീനതകളിലല്ല. ഡേവിഡ് എന്ന ഒരു ക്രിസ്‌തീയ മൂപ്പൻ പറയുന്നു: “മറ്റുള്ളവർ ചെയ്യുന്ന കാര്യങ്ങളോടുള്ള വിലമതിപ്പ് അവരെ കൂടെക്കൂടെ അഭിനന്ദിക്കാൻ നമ്മെ സഹായിക്കും.” യഹോവയും അവന്റെ പുത്രനും അപൂർണ മനുഷ്യരുടെമേൽ എത്ര നിർലോഭമായാണ് അംഗീകാരം ചൊരിയുന്നതെന്ന വസ്‌തുത മനസ്സിൽ പിടിക്കുന്നത് ഇക്കാര്യത്തിൽ പിശുക്കു കാണിക്കാതിരിക്കാൻ നമ്മെയും പ്രേരിപ്പിക്കും.—മത്തായി 25:21-23; 1 കൊരിന്ത്യർ 4:5.
പുകഴ്‌ച അർഹിക്കുന്നവർ
പുകഴ്‌ചയ്‌ക്ക് അർഹരായവരിൽ സമുന്നതൻ യഹോവയാം ദൈവമാണ്. അവൻ സ്രഷ്ടാവാണ് എന്നതുതന്നെയാണ് അതിനു കാരണം. (വെളിപ്പാടു 4:11) ആത്മവിശ്വാസത്തിനോ പ്രചോദനത്തിനോ ആയി യഹോവയ്‌ക്കു നമ്മെ ആശ്രയിക്കേണ്ട കാര്യമില്ല. എങ്കിലും അവന്റെ മഹത്ത്വത്തെയും സ്‌നേഹദയയെയും പ്രതി നാം അവനെ സ്‌തുതിക്കുമ്പോൾ അവൻ നമ്മോട് അടുത്തുവരാൻ ഇടയാകുന്നു, അങ്ങനെ അവനുമായി ഒരു ബന്ധം വളർത്തിയെടുക്കാൻ നമുക്കു സാധിക്കുന്നു. കൂടാതെ, ദൈവത്തെ സ്‌തുതിക്കുന്നത് സ്വന്തം നേട്ടങ്ങളെക്കുറിച്ച് ആരോഗ്യാവഹവും എളിമയോടുകൂടിയതുമായ ഒരു വിലയിരുത്തൽ നടത്താനും വിജയങ്ങൾക്കുള്ള ബഹുമതി യഹോവയ്‌ക്കു നൽകാനും നമ്മെ സഹായിക്കുന്നു. (യിരെമ്യാവു 9:23, 24) അർഹരായ എല്ലാ മനുഷ്യർക്കും യഹോവ നിത്യജീവന്റെ പ്രത്യാശ നൽകുന്നു, അവനെ സ്‌തുതിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്ന മറ്റൊരു കാരണം അതാണ്. (വെളിപ്പാടു 21:3-5എ) “ദൈവത്തിന്റെ നാമത്തെ സ്‌തുതി”ക്കാനും “സ്‌തോത്രത്തോടെ അവനെ മഹത്വപ്പെടു”ത്താനും പുരാതന കാലത്തെ ദാവീദ് രാജാവ് ഉത്സുകനായിരുന്നു. (സങ്കീർത്തനം 69:30) അതുതന്നെയായിരിക്കട്ടെ നമ്മുടെ ആഗ്രഹവും.
സഹവിശ്വാസികൾ ഉചിതമായ അഭിനന്ദനത്തിന് അർഹരാണ്. അവരെ അഭിനന്ദിക്കുമ്പോൾ അന്യോന്യം “സ്‌നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പി”ക്കാനുള്ള ദൈവകൽപ്പനയ്‌ക്കു ചേർച്ചയിൽ നാം പ്രവർത്തിക്കുകയാണ്. (എബ്രായർ 10:25) പൗലൊസ് അപ്പൊസ്‌തലൻ ഇക്കാര്യത്തിൽ നല്ലൊരു മാതൃകയായിരുന്നു. റോമിലെ സഭയ്‌ക്ക് അവൻ ഇങ്ങനെ എഴുതി: “നിങ്ങളുടെ വിശ്വാസം സർവ്വലോകത്തിലും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യംതന്നേ എന്റെ ദൈവത്തിന്നു യേശുക്രിസ്‌തുമുഖാന്തരം നിങ്ങൾക്കെല്ലാവർക്കും വേണ്ടി സ്‌തോത്രം ചെയ്യുന്നു.” (റോമർ 1:8) സമാനമായി അപ്പൊസ്‌തലനായ യോഹന്നാൻ, “സത്യത്തിൽ നടക്കുന്ന”തിൽ ഉത്തമ മാതൃകവെച്ച ഗായൊസ് എന്ന സഹക്രിസ്‌ത്യാനിയെ അഭിനന്ദിച്ചുകൊണ്ടു സംസാരിച്ചു.—3 യോഹന്നാൻ 1-4.
ഇന്ന് ഒരു സഹക്രിസ്‌ത്യാനി ക്രിസ്‌തുതുല്യമായ ഒരു ഗുണം മാതൃകായോഗ്യമായ വിധത്തിൽ പ്രകടമാക്കുമ്പോഴോ നന്നായി തയ്യാറായിവന്ന് ഒരു യോഗപരിപാടി നടത്തുമ്പോഴോ യോഗത്തിൽ ഹൃദയംഗമമായ ഒരു അഭിപ്രായം പറയുമ്പോഴോ ആ വ്യക്തിയോടുള്ള വിലമതിപ്പ് അറിയിക്കാനുള്ള നല്ല ഒരു അവസരം നമുക്കു ലഭിക്കുന്നു. സഭായോഗങ്ങളിൽ ഒരു കുട്ടി തിരുവെഴുത്തുകൾ എടുത്തുനോക്കാൻ യത്‌നിക്കുന്നതായി ശ്രദ്ധിക്കുമ്പോഴും നമുക്ക് അഭിനന്ദനം നൽകാൻ കഴിയും. നേരത്തേ പ്രതിപാദിച്ച ഇലെയ്‌ൻ അഭിപ്രായപ്പെടുന്നു: “പല തരത്തിലുള്ള ദാനങ്ങളാണ് നമുക്കു ലഭിച്ചിരിക്കുന്നത്. മറ്റൊരു വ്യക്തി ചെയ്യുന്ന സംഗതികൾക്കു ശ്രദ്ധ കൊടുക്കുമ്പോൾ, ദൈവജനത്തിനിടയിലെ വൈവിധ്യമാർന്ന ദാനങ്ങളോടുള്ള വിലമതിപ്പു പ്രകടമാക്കുകയാണു നാം ചെയ്യുന്നത്.”
കുടുംബത്തിൽ
സ്വന്തം കുടുബാംഗങ്ങളോടു വിലമതിപ്പു പ്രകടമാക്കുന്നതു സംബന്ധിച്ചോ? കുടുംബത്തിന് ആവശ്യമായ ആത്മീയവും വൈകാരികവും ഭൗതികവുമായ പിന്തുണ പ്രദാനം ചെയ്യുന്നതിന് ഒരു ഭർത്താവിനും ഭാര്യയ്‌ക്കും വളരെയധികം സമയവും ശ്രമവും ചെലവഴിക്കേണ്ടതായിവരുന്നു, കുടുംബാംഗങ്ങൾക്ക് സ്‌നേഹപുരസ്സരമായ ശ്രദ്ധ നൽകേണ്ടതായിവരുന്നു. തീർച്ചയായും തങ്ങളുടെ ഇണയിൽനിന്നും കുട്ടികളിൽനിന്നുമുള്ള അഭിനന്ദനം അവർ അർഹിക്കുന്നുണ്ട്. (എഫെസ്യർ 5:33, NW) ഉദാഹരണത്തിന് സാമർഥ്യമുള്ള ഒരു ഭാര്യയെ സംബന്ധിച്ച് ദൈവവചനം പറയുന്നു: “അവളുടെ മക്കൾ എഴുന്നേറ്റു അവളെ ഭാഗ്യവതി എന്നു പുകഴ്‌ത്തുന്നു; അവളുടെ ഭർത്താവും അവളെ പ്രശംസിക്കു”ന്നു.—സദൃശവാക്യങ്ങൾ 31:10, 28.
കുട്ടികളും അഭിനന്ദനം അർഹിക്കുന്നു. ദുഃഖകരമെന്നു പറയട്ടെ, ചില മാതാപിതാക്കൾ കുട്ടികളിൽനിന്ന് തങ്ങൾ എന്താണു പ്രതീക്ഷിക്കുന്നതെന്ന് അവരെ അറിയിക്കാൻ തിടുക്കം കാണിക്കുന്നു, അതേസമയം തങ്ങളോട് ആദരവും അനുസരണയും പ്രകടമാക്കുന്നതിനു കുട്ടികൾ ചെയ്യുന്ന ശ്രമങ്ങളെപ്രതി അവരെ അഭിനന്ദിക്കുന്നത് വിരളമാണുതാനും. (ലൂക്കൊസ് 3:22) കുട്ടിയുടെ വ്യക്തിത്വവികാസത്തിന്റെ ആദ്യവർഷങ്ങളിൽ അവന് അഭിനന്ദനങ്ങൾ നൽകുന്നത് മിക്കപ്പോഴും, താൻ വേണ്ടപ്പെട്ടവനാണെന്ന തോന്നലും കൂടുതൽ സുരക്ഷിതത്വബോധവും അവനിൽ ഉളവാക്കും.
മറ്റുള്ളവരെ അഭിനന്ദിക്കാൻ ശ്രമം ആവശ്യമാണെന്നതു ശരിയാണ്. എന്നാൽ അങ്ങനെ ചെയ്യുന്നതുവഴി നാം അനേകം പ്രയോജനങ്ങൾ കൊയ്യുന്നു. അഭിനന്ദനം അർഹിക്കുന്നവർക്ക് അതു നൽകാൻ നാം എത്രയധികം ഉത്സാഹം കാണിക്കുന്നുവോ അത്രയധികം സന്തോഷം നമുക്കു ലഭിക്കും.—പ്രവൃത്തികൾ 20:35.
അഭിനന്ദനം കൊടുക്കലും സ്വീകരിക്കലും—ശരിയായ മനോഭാവത്തോടെ
എന്നിരുന്നാലും അഭിനന്ദനം ലഭിക്കുന്നത് ചിലരെ സംബന്ധിച്ചിടത്തോളം ഒരു പരിശോധന ആയിരിക്കാം. (സദൃശവാക്യങ്ങൾ 27:21) ഉദാഹരണത്തിന് അഹങ്കരിക്കാൻ പ്രവണതയുള്ളവരിൽ അത് തങ്ങൾ വലിയവരാണെന്നൊരു ഭാവം ഉളവാക്കിയേക്കാം. (സദൃശവാക്യങ്ങൾ 16:18) അതുകൊണ്ട് ഇക്കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്. പൗലൊസ് അപ്പൊസ്‌തലൻ പ്രായോഗികമായ ഈ ബുദ്ധിയുപദേശം നൽകി: “ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാൻ . . . നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു.” (റോമർ 12:3) ഈ കെണിയിൽ വീഴാതിരിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിന് അവരുടെ ബുദ്ധികൂർമത, ബാഹ്യസൗന്ദര്യം തുടങ്ങിയവയ്‌ക്കു പ്രാധാന്യം നൽകിക്കൊണ്ടു സംസാരിക്കാതിരിക്കുന്നതു ജ്ഞാനമായിരുന്നേക്കാം. പകരം മറ്റുള്ളവരെ അവരുടെ സത്‌പ്രവൃത്തികളുടെ പേരിലായിരിക്കണം നാം അഭിനന്ദിക്കേണ്ടത്.
അഭിനന്ദനം ശരിയായ മനോഭാവത്തോടെ കൊടുക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത് നമുക്കു പ്രയോജനം ചെയ്യും. നാം ചെയ്‌തിരിക്കുന്ന ഏതു നല്ല കാര്യത്തിനും യഹോവയോടു കടപ്പെട്ടിരിക്കുന്നതായി അംഗീകരിക്കാൻ നാം പ്രചോദിതരായേക്കാം. നല്ല പെരുമാറ്റം കാഴ്‌ചവെക്കുന്നതിൽ തുടരാനും അഭിനന്ദനം നമ്മെ പ്രോത്സാഹിപ്പിച്ചേക്കാം.
ആത്മാർഥവും അർഹവുമായ അഭിനന്ദനം നമുക്കെല്ലാവർക്കും നൽകാൻ കഴിയുന്ന ഒരു സമ്മാനമാണ്. ശ്രദ്ധാപൂർവം നാം അതു മറ്റുള്ളവർക്കു നൽകുമ്പോൾ ലഭിക്കുന്നയാൾക്ക് അത് നാം വിചാരിക്കുന്നതിലധികം പ്രയോജനം ചെയ്‌തേക്കാം.
[18-ാം പേജിലെ ചതുരം/ചിത്രം]
അവരുടെ ഹൃദയത്തെ സ്‌പർശിച്ച ഒരു കത്ത്
ഒരു സഞ്ചാര മേൽവിചാരകൻ തന്റെയും ഭാര്യയുടെയും ജീവിതത്തിലുണ്ടായ ഒരു അനുഭവം വളരെ വ്യക്തമായി ഓർക്കുന്നു. ഒരു കൊടുംശൈത്യകാലത്ത് അദ്ദേഹവും ഭാര്യയും ശുശ്രൂഷയ്‌ക്കുശേഷം തങ്ങൾ താമസിക്കുന്നിടത്തു മടങ്ങിയെത്തി. അദ്ദേഹം പറയുന്നു: “എന്റെ ഭാര്യയ്‌ക്ക് ആ തണുപ്പ് സഹിക്കാനായില്ല. അവൾ വളരെ നിരുത്സാഹിതയായി. തനിക്ക് ഈ സേവനത്തിൽ തുടരാനാവില്ലെന്നു തോന്നുന്നതായി അവൾ എന്നോടു പറഞ്ഞു. ‘ഒരു സ്ഥലത്തുതന്നെ താമസിച്ച് സ്വന്തം ബൈബിളധ്യയനങ്ങളും നടത്തി ഏതെങ്കിലും ഒരു സഭയോടൊത്ത് മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെടുന്നത് ഇതിലും എത്ര നല്ലതായിരിക്കും,’ അവൾ അഭിപ്രായപ്പെട്ടു. ഉടനെ ഞാൻ ഒരു തീരുമാനമെടുക്കാൻ പോയില്ല. ഏതായാലും ആ ആഴ്‌ചയിലെ സേവനം പൂർത്തിയാക്കാമെന്നും അതിനുശേഷം അവൾക്ക് എന്തു തോന്നുന്നെന്നു നോക്കാമെന്നും ഞാൻ പറഞ്ഞു. സഞ്ചാരവേല നിറുത്തണമെന്നുതന്നെയാണ് അവൾക്ക് അപ്പോഴും ശക്തമായി തോന്നുന്നതെങ്കിൽ ഞാൻ ആ വികാരത്തെ മാനിക്കുമായിരുന്നു. എന്തെങ്കിലും കത്തോ മറ്റോ ഉണ്ടോ എന്നു നോക്കാനായി അന്ന് ഞങ്ങൾ പോസ്റ്റോഫീസിൽ പോയി. ബ്രാഞ്ച് ഓഫിസീൽനിന്ന് അവൾക്ക് ഒരു കത്തു വന്നുകിടപ്പുണ്ടായിരുന്നു. വയൽശുശ്രൂഷയിൽ അവൾ ചെയ്യുന്ന ശ്രമങ്ങളെയും അവളുടെ സഹിഷ്‌ണുതയെയും കത്തിൽ ഊഷ്‌മളമായി അഭിനന്ദിച്ചിരുന്നു. ഓരോ ആഴ്‌ചയും മാറി മാറി ഓരോ സ്ഥലത്ത് അന്തിയുറങ്ങുന്നത് എത്ര ബുദ്ധിമുട്ടുള്ള സംഗതിയാണെന്നും കത്തിൽ എടുത്തുപറഞ്ഞിരുന്നു. ആ കത്ത് അവളുടെ ഹൃദയത്തെ ആഴത്തിൽ സ്‌പർശിച്ചു. അതിൽപ്പിന്നെ ഒരിക്കൽപ്പോലും അവൾ സഞ്ചാരവേല ഉപേക്ഷിക്കുന്നതിനെക്കുറിച്ചു പറഞ്ഞിട്ടില്ല. വാസ്‌തവത്തിൽ, ആ വേല മതിയാക്കുന്നതിനെപ്പറ്റി ഞാൻ ചിന്തിച്ചിട്ടുള്ള അവസരങ്ങളിലെല്ലാം അവൾ എന്നെ പ്രോത്സാഹിപ്പിക്കുകയാണുണ്ടായത്.” ഈ ദമ്പതികൾ 40 വർഷത്തോളം സഞ്ചാരവേലയിൽ തുടർന്നു.
[17-ാം പേജിലെ ചിത്രം]
നിങ്ങളുടെ സഭയിൽ അഭിനന്ദനം അർഹിക്കുന്നവരായി ആരൊക്കെയുണ്ട്?
[19-ാം പേജിലെ ചിത്രം]
സ്‌നേഹപൂർവകമായ ശ്രദ്ധയും അഭിനന്ദനവും ലഭിക്കുമ്പോൾ കുട്ടികൾ മിടുക്കരായി വളരും