സ്നേഹത്തിനും വിശ്വാസത്തിനും അനുസരണത്തിനും ഒരു സാക്ഷ്യം
സ്നേഹത്തിനും വിശ്വാസത്തിനും അനുസരണത്തിനും ഒരു സാക്ഷ്യം
രണ്ടായിരത്തഞ്ച് മേയ് പതിനാറ്. പുലരിക്കു മുമ്പ് പെയ്തൊഴിഞ്ഞ മഴ അന്തരീക്ഷത്തിനാകെ കുളിർമ പകർന്നിരുന്നു. ചെത്തിവെടിപ്പാക്കിയ പുൽത്തകിടിയും ഉദ്യാനവും പ്രഭാതസൂര്യന്റെ പൊൻപ്രഭയിൽ വെട്ടിത്തിളങ്ങി. കുളത്തിലെ സ്വച്ഛമായ ജലപ്പരപ്പിൽ ഒരു താറാവും എട്ടു കുഞ്ഞുങ്ങളും നിശ്ശബ്ദമായി നീന്തിരസിക്കുന്നുണ്ടായിരുന്നു. കൺമയക്കുന്ന ഈ ദൃശ്യഭംഗികൾ സന്ദർശകരെ വിസ്മയിപ്പിച്ചു. പ്രഭാതത്തിന്റെ പ്രശാന്തതയ്ക്കു പോറലേൽപ്പിക്കാതിരിക്കാനെന്നവണ്ണം പതിഞ്ഞ സ്വരത്തിലാണ് എല്ലാവരും സംസാരിച്ചത്.
ഈ സന്ദർശകർ 48 രാജ്യങ്ങളിൽനിന്നെത്തിയ യഹോവയുടെ സാക്ഷികളായിരുന്നു. അവർ സന്ദർശിക്കുന്നതാകട്ടെ, ന്യൂയോർക്കിലെ വാൾക്കിലിലുള്ള വാച്ച്ടവർ ഫാമും. അവർ വന്നതു പക്ഷേ ഇവിടത്തെ പ്രകൃതിഭംഗി ആസ്വദിക്കാനല്ല. ഇവിടെയുള്ള ഒരു കെട്ടിടത്തിന്റെ അകത്തു നടക്കുന്ന കാര്യങ്ങളിലായിരുന്നു അവർക്കു താത്പര്യം. ചുവന്ന ഇഷ്ടികകൾകൊണ്ടു പണിതീർത്ത വിസ്താരമേറിയ ആ കെട്ടിടം വാൾക്കിലിലെ ബെഥേൽ സമുച്ചയത്തിലേക്ക് അടുത്തയിടെയാണു കൂട്ടിച്ചേർക്കപ്പെട്ടത്. കെട്ടിടത്തിനകത്തു ചെന്ന സന്ദർശകർ വീണ്ടും വിസ്മയഭരിതരായി, ഇത്തവണ അവരെ അത്ഭുതപ്പെടുത്തിയത് നിശ്ശബ്ദസുന്ദരമായ അന്തരീക്ഷമായിരുന്നില്ലെന്നുമാത്രം.
താഴത്തെയും ഒന്നാമത്തെയും നിലകൾക്കിടയിലുള്ള ബാൽക്കണിയിൽനിന്നു താഴേക്കു നോക്കിയ സന്ദർശകരെ വരവേറ്റത് യന്ത്രങ്ങളുടെ സങ്കീർണമായ ഒരു ശ്രേണിയാണ്. ഒമ്പത് ഫുട്ബോൾ ഗ്രൗണ്ടുകളെക്കാൾ വലുപ്പമുള്ള, പോളീഷ് ചെയ്ത കോൺക്രീറ്റ് നിലത്ത് അഞ്ച് കൂറ്റൻ പ്രസ്സുകൾ പ്രവർത്തിക്കുന്നു. ബൈബിളുകളും പുസ്തകങ്ങളും മാസികകളും അച്ചടിക്കുന്നത് ഇവിടെയാണ്. 1,700 കിലോഗ്രാം വീതം തൂക്കമുള്ള കൂറ്റൻ പേപ്പർറോളുകൾ അതിവേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രക്കിന്റെ ചക്രങ്ങൾപോലെ തിരിയുന്നു. വെറും 25 മിനിട്ടുകൊണ്ടാണ് 23 കിലോമീറ്റർ നീളംവരുന്ന കടലാസ്സ്, ചുരുൾനിവർന്നു പ്രസ്സിലൂടെ കടന്നുപോകുന്നത്. ഈ സമയത്തുതന്നെ പ്രസ്സ്, കടലാസ്സിൽ മഷികൊണ്ടുള്ള പതിപ്പുകൾ ഉണ്ടാക്കുകയും മഷി ഉണക്കുകയും മാസികകളായി മടക്കാൻ പാകത്തിനു കടലാസ്സിനെ തണുപ്പിക്കുകയും ചെയ്യുന്നു. മുകളിലെ കൺവെയറുകളിലൂടെ പാഞ്ഞുപോകുന്ന മാസികകൾ കാർട്ടണുകളിൽ ശേഖരിച്ചു സഭകളിലേക്കു കയറ്റി അയയ്ക്കുന്നു. മറ്റു പ്രസ്സുകൾ സിഗ്നേച്ചറുകൾ (പുസ്തകഭാഗങ്ങൾ) തയ്യാറാക്കുന്ന തിരക്കിലാണ്. ഈ സിഗ്നേച്ചറുകൾ തറയിൽനിന്നു സീലിങ്വരെ, അത്ര ഉയരത്തിൽ സൂക്ഷിച്ചുവെക്കാനുള്ള സൗകര്യം
അച്ചടിശാലയിലുണ്ട്. ഇവിടെനിന്ന് അവ ബയൻഡ് ചെയ്യുന്നിടത്തേക്ക് അയയ്ക്കുന്നു. അതീവ കൃത്യതയോടെ നിർവഹിക്കപ്പെടുന്ന, കമ്പ്യൂട്ടർ നിയന്ത്രിതമായ ഏകോപിത പ്രവർത്തനങ്ങളാണ് ഇവയെല്ലാം.അച്ചടിശാലയിൽനിന്നു സന്ദർശകർ അടുത്തതായി ചെന്നത് ബയൻഡിങ് നടത്തുന്ന സ്ഥലത്താണ്. ഇവിടെ കട്ടിബയൻഡിട്ട പുസ്തകങ്ങളും ഡീലക്സ് ബൈബിളുകളും ഉത്പാദിപ്പിക്കപ്പെടുന്നു, പ്രതിദിനം 50,000 വരെ പ്രതികൾ എന്ന തോതിൽ. പുസ്തകസിഗ്നേച്ചറുകൾ ശരിയായ ക്രമത്തിൽ കൂട്ടിച്ചേർത്തു ബയൻഡ് ചെയ്യുന്നു. അരികുകൾ വെട്ടിവെടുപ്പാക്കിയ ശേഷം പുറംചട്ടകൾ പിടിപ്പിക്കുന്നു. എല്ലാം കഴിഞ്ഞ് പുസ്തകങ്ങൾ കാർട്ടണുകളിലാക്കുന്നു. കാർട്ടണുകൾ സീൽ ചെയ്ത്, ലേബൽ ഒട്ടിച്ച്, പാലറ്റിൽ (നീക്കാവുന്ന പ്ലാറ്റ്ഫോം) അടുക്കിവെക്കുന്നതും യന്ത്രസഹായത്താൽത്തന്നെ. ഇതിനുപുറമേ കടലാസ്സുബയൻഡിട്ട പുസ്തകങ്ങൾ ഉത്പാദിപ്പിക്കുന്ന ഒരു ബുക്ക്ലൈനുമുണ്ട്. അത് സിഗ്നേച്ചറുകൾ കൂട്ടിച്ചേർത്ത് പ്രതിദിനം 1,00,000-ത്തോളം പുസ്തകങ്ങൾ പായ്ക്കു ചെയ്യുന്നു. അതിവേഗത്തിൽ ചലിച്ച് ബൈബിൾ സാഹിത്യങ്ങൾ ഉത്പാദിപ്പിക്കുന്ന ഈ ബുക്ക്ലൈനും നിരവധി ഉപകരണങ്ങൾ—പലവിധ മോട്ടോറുകൾ, കൺവേയറുകൾ, ഗിയറുകൾ, ചക്രങ്ങൾ ബെൽറ്റുകൾ എന്നിവ—കൂടിച്ചേർന്ന ബൃഹത്തായ ഒരു യന്ത്രസാമ്രാജ്യമാണ്.
ഒരു മികച്ച ഘടികാരത്തിന്റെ കൃത്യതയോടെ അതിവേഗത്തിൽ പ്രവർത്തിക്കുന്ന, ഈ അത്യാധുനിക ഉപകരണങ്ങൾ ഇന്നത്തെ സാങ്കേതികവിദ്യയിലെ വിസ്മയമാണ്. നാം കാണാൻ പോകുന്നതുപോലെ അവ ദൈവജനത്തിന്റെ സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും അനുസരണത്തിന്റെയും ഒരു സാക്ഷ്യംകൂടെയാണ്. അച്ചടിപ്രവർത്തനങ്ങൾ ന്യൂയോർക്കിലെ ബ്രുക്ലിനിൽനിന്നു വാൾക്കിലിലേക്കു മാറ്റിയത് എന്തുകൊണ്ടാണ്?
പ്രവർത്തനങ്ങളെല്ലാം ഒരു സ്ഥലത്തു കേന്ദ്രീകരിച്ചുകൊണ്ട് അച്ചടിയും കയറ്റിഅയയ്ക്കലും ആയി ബന്ധപ്പെട്ട പടികളെല്ലാം ലളിതമാക്കുക എന്നതായിരുന്നു ഒരു പ്രധാന സംഗതി. വർഷങ്ങളായി പുസ്തകങ്ങൾ അച്ചടിച്ച് അയച്ചിരുന്നത് ബ്രുക്ലിനിൽനിന്നും മാസികകൾ അച്ചടിച്ച് അയച്ചിരുന്നത് വാൾക്കിലിൽനിന്നും ആയിരുന്നു. പ്രവർത്തനങ്ങളെല്ലാം ഒരിടത്താക്കുന്നത് ജോലിക്കാരുടെ എണ്ണം കുറയ്ക്കുമായിരുന്നെന്നു മാത്രമല്ല ദൈവസേവനത്തിനായി ലഭിക്കുന്ന സംഭാവനകൾ മെച്ചമായി ഉപയോഗിക്കുന്നതിന് ഇടയാക്കുകയും ചെയ്യുമായിരുന്നു. കൂടാതെ, ബ്രുക്ലിനിലെ പ്രസ്സുകൾക്കു കാലപ്പഴക്കം ചെന്നിരുന്നതിനാൽ ജർമനിയിൽനിന്നു പുതിയ രണ്ട് എംഎഎൻ റോളണ്ട് ലിഥോമൻ പ്രസ്സുകൾക്ക് ഓർഡർ നൽകിയിരുന്നു. ഈ പ്രസ്സുകൾ വളരെ വലുതായിരുന്നതിനാൽ ബ്രുക്ലിനിലെ അച്ചടിശാലയിൽ അവ സ്ഥാപിക്കാൻ സാധിക്കുമായിരുന്നില്ല.
യഹോവ വേലയെ പിന്തുണയ്ക്കുന്നു
ദൈവരാജ്യ സുവാർത്ത പ്രചരിപ്പിക്കുക എന്നതായിരുന്നു എല്ലായ്പോഴും അച്ചടിയുടെ ഉദ്ദേശ്യം. ആരംഭം മുതൽത്തന്നെ വേലയുടെമേൽ യഹോവയുടെ അനുഗ്രഹം ദൃശ്യമായിരുന്നു. 1879 മുതൽ 1922 വരെ പുസ്തകങ്ങൾ അച്ചടിച്ചിരുന്നത് പുറത്തുള്ള അച്ചടിശാലകളിലാണ്. 1922-ൽ, ബ്രുക്ലിനിലെ 18 കൊൺകോർഡ് സ്ട്രീറ്റിൽ ഒരു ആറുനില കെട്ടിടം വാടകയ്ക്കെടുക്കുകയും പുസ്തകങ്ങൾ അച്ചടിക്കാനുള്ള യന്ത്രം വാങ്ങുകയും ചെയ്തു. സഹോദരന്മാർക്ക് ഇതൊക്കെ കൈകാര്യം ചെയ്യാനാകുമോയെന്ന് അന്നു ചിലർ സംശയിച്ചിരുന്നു.
അവരിൽ ഒരാൾ നമ്മുടെ പുസ്തകങ്ങളിൽ മിക്കവയും അച്ചടിച്ചിരുന്ന കമ്പനിയുടെ പ്രസിഡന്റ് ആയിരുന്നു. കൊൺകോർഡ് സ്ട്രീറ്റിലെ കെട്ടിടം സന്ദർശിക്കവേ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഒന്നാന്തരം അച്ചടിയന്ത്രമാണു നിങ്ങളുടെ പക്കലുള്ളത്. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം? ഇതു കൈകാര്യം ചെയ്യാനറിയാവുന്ന ഒരാളുപോലും നിങ്ങളുടെ കൂട്ടത്തിലില്ലല്ലോ! ആറു മാസത്തിനുള്ളിൽ നിങ്ങൾ ഈ യന്ത്രം നശിപ്പിക്കും. ഈ പണിക്കു പറ്റിയത് മുമ്പു നിങ്ങളുടെ പുസ്തകങ്ങൾ അച്ചടിച്ചുതന്നിരുന്നവർതന്നെയാണെന്നു നിങ്ങൾക്ക് അപ്പോൾ മനസ്സിലാകും. കാരണം അവർ ഈ രംഗത്തു തഴക്കംവന്നവരാണ്.”
അന്ന് അച്ചടിക്കു മേൽനോട്ടം വഹിച്ചിരുന്ന റോബർട്ട് ജെ. മാർട്ടിൻ ഇങ്ങനെ പറഞ്ഞു: “കേട്ടാൽ ആ പറഞ്ഞതിൽ കഴമ്പുണ്ടെന്നു തോന്നുമായിരുന്നു. പക്ഷേ അദ്ദേഹം കർത്താവിനെ കണക്കിലെടുത്തില്ല; കർത്താവ് എല്ലായ്പോഴും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. . . . അധികം കഴിയുന്നതിനു മുമ്പുതന്നെ ഞങ്ങൾ പുസ്തകങ്ങൾ ഉത്പാദിപ്പിക്കാൻ തുടങ്ങി.” പിന്നത്തെ 80 വർഷക്കാലം യഹോവയുടെ സാക്ഷികൾ സ്വന്തം അച്ചടിശാലകളിൽ ശതകോടിക്കണക്കിനു സാഹിത്യങ്ങൾ അച്ചടിച്ചു.
2002 ഒക്ടോബർ 5-ന് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് പെൻസിൽവേനിയയുടെ വാർഷിക യോഗത്തിൽ ഒരു അറിയിപ്പുണ്ടായി—ഐക്യനാടുകളിലെ ബ്രാഞ്ചിന്റെ അച്ചടിപ്രവർത്തനങ്ങൾ വാൾക്കിലിലേക്കു മാറ്റാൻ ഭരണസംഘം അനുവാദം നൽകിയിരിക്കുന്നു. ഓർഡർ ചെയ്യപ്പെട്ട പുതിയ രണ്ടു പ്രസ്സുകൾ 2004 ഫെബ്രുവരിയിൽ വന്നുചേരുമായിരുന്നു. പുതിയ പ്രസ്സുകൾ സ്വീകരിക്കാനായി, 15 മാസങ്ങൾക്കുള്ളിൽ സഹോദരന്മാർ അച്ചടിശാലയുടെ പ്ലാൻ തയ്യാറാക്കുകയും സൗകര്യങ്ങൾ
വിപുലീകരിക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു. പിന്നത്തെ ഒമ്പതു മാസത്തിനുള്ളിൽ, പുതിയ ബയൻഡറിയുടെയും ഷിപ്പിങ് ഡിപ്പാർട്ടുമെന്റിന്റെയും പണികൾ പൂർത്തിയാക്കേണ്ടിയിരുന്നു. ഇതൊക്കെ ചെയ്തുതീർക്കാനുള്ള കാലയളവിനെക്കുറിച്ചു കേട്ടപ്പോൾ ഈ ദൗത്യം സമയത്തിനു പൂർത്തിയാകുമോയെന്നു ചിലർ സംശയിച്ചിരിക്കാം. എന്നാൽ യഹോവയുടെ സഹായത്താൽ അതു സാധ്യമാണെന്നു സഹോദരന്മാർക്ക് അറിയാമായിരുന്നു.‘സന്തോഷത്തിന്റെയും സഹകരണത്തിന്റെയും അന്തരീക്ഷം’
വേല നിർവഹിക്കാൻ യഹോവയുടെ ജനം സ്വമേധയാ മുന്നോട്ടുവരുമെന്ന് അറിയാമായിരുന്ന സഹോദരന്മാർ ദൗത്യം ആരംഭിച്ചു. (സങ്കീർത്തനം 110:3) ഈ ബൃഹത്തായ സംരംഭത്തിന്, ബെഥേലിലെ നിർമാണവിഭാഗത്തിൽ ഉണ്ടായിരുന്നതിനെക്കാൾ കൂടുതൽ ജോലിക്കാരെ ആവശ്യമായിരുന്നു. ഐക്യനാടുകളിൽനിന്നും കാനഡയിൽനിന്നും നിർമാണപ്രവർത്തനങ്ങളിൽ പ്രാവീണ്യമുള്ള 1,000-ത്തിലധികം സഹോദരീസഹോദരന്മാർ താത്കാലിക സ്വമേധാസേവന പദ്ധതിയുടെ ഭാഗമായി ഒരാഴ്ചമുതൽ മൂന്നു മാസംവരെ സേവിക്കാൻ സന്നദ്ധരായി മുന്നോട്ടുവന്നു. അന്തർദേശീയ സേവകർക്കും മറ്റ് അന്താരാഷ്ട്ര സ്വമേധാസേവന പദ്ധതികളിൽ സേവിക്കുന്നവർക്കും ദൗത്യത്തിൽ പങ്കുചേരാൻ ക്ഷണം ലഭിച്ചു. മേഖലാ നിർമാണക്കമ്മിറ്റികളും വളരെ സഹായം നൽകുകയുണ്ടായി.
വാൾക്കിൽ പദ്ധതിയിൽ സ്വമേധാസേവനം അനുഷ്ഠിക്കാനെത്തിയ പലർക്കും യാത്രയ്ക്കായി നല്ലൊരു തുക മുടക്കേണ്ടിവന്നു, ലൗകിക ജോലിയിൽനിന്ന് ഏറെ കാലത്തെ അവധിയെടുത്തു വന്നവരും കുറവല്ലായിരുന്നു. എന്നിരുന്നാലും ഈ ത്യാഗങ്ങൾ ചെയ്യാൻ അവർ സന്തോഷമുള്ളവരായിരുന്നു. ഈ സ്വമേധാസേവകരുടെ ഭക്ഷണത്തിനും താമസത്തിനുമുള്ള ക്രമീകരണങ്ങൾ ചെയ്തത് ബെഥേലിൽത്തന്നെ ആയിരുന്നതുകൊണ്ട് പദ്ധതിയെ പിന്തുണയ്ക്കുന്നതിൽ കാര്യമായ പങ്കുവഹിക്കാൻ ബെഥേൽ കുടുംബാംഗങ്ങൾക്കും അവസരം ലഭിച്ചു. ബ്രുക്ലിനിൽനിന്നും പാറ്റേഴ്സണിൽനിന്നും വാൾക്കിലിൽനിന്നും 535-ലധികം ബെഥേൽ കുടുംബാംഗങ്ങൾ മറ്റു ദിവസങ്ങളിലെ തങ്ങളുടെ സാധാരണ നിയമനങ്ങൾക്കു പുറമേ ശനിയാഴ്ചകളിൽ നിർമാണപദ്ധതിയിൽ പങ്കുചേരാൻ സന്നദ്ധരായി മുന്നോട്ടുവന്നു. ഈ സുപ്രധാന ദൗത്യത്തിനു ദൈവജനം വിസ്മയാവഹമായ പിന്തുണ നൽകിയത്, യഹോവയുടെ അനുഗ്രഹം ഈ പദ്ധതിയുടെമേൽ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവാണ്.
മറ്റുള്ളവർ സാമ്പത്തിക പിന്തുണ പ്രദാനം ചെയ്തു. ഉദാഹരണത്തിന് സഹോദരന്മാർക്ക് എബ്ബി എന്ന ഒമ്പതുവയസ്സുകാരിയിൽനിന്ന് ഇങ്ങനെയൊരു കത്തു ലഭിച്ചു: “ഇത്ര നല്ല പുസ്തകങ്ങൾ ഉണ്ടാക്കുന്നത് ഉൾപ്പെടെ നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും വളരെ വളരെ നന്ദി. നിങ്ങളെ കാണാൻ ഞാൻ ഉടനെ വരുന്നുണ്ട്. അടുത്ത വർഷം കൊണ്ടുപോകാമെന്നാണു ഡാഡി പറഞ്ഞിരിക്കുന്നത്. എന്നെ നിങ്ങൾക്കു തിരിച്ചറിയാൻ ഞാൻ ഒരു ബാഡ്ജ് കുത്തിയിട്ടുണ്ടാകും. പുതിയ പ്രിന്റിങ് പ്രസ്സിനായി ഇതാ 20 ഡോളർ! ഇത് എന്റെ പോക്കറ്റ്മണിയാണ്, പക്ഷേ നിങ്ങൾക്കു തരാൻ ഞാൻ ആഗ്രഹിക്കുന്നു.”
ഒരു സഹോദരി എഴുതി: “ഈ തൊപ്പികൾ എന്റെ ഈ എളിയ കരങ്ങൾകൊണ്ട് ഞാൻതന്നെ ഉണ്ടാക്കിയതാണ്. ദയവായി എന്റെ സമ്മാനം സ്വീകരിക്കുമല്ലോ. വാൾക്കിൽ നിർമാണപദ്ധതിയിൽ വേല ചെയ്യുന്ന സഹോദരങ്ങൾക്ക് ഈ തൊപ്പികൾ കൊടുക്കാമോ? ശൈത്യകാലം വളരെ കഠിനമായിരിക്കുമെന്ന് ഒരു പഞ്ചാംഗത്തിൽ കണ്ടു. അതു ശരിയായിരിക്കുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല. പക്ഷേ വാൾക്കിലിൽ എല്ലാവരും ഏറിയ പങ്കും വെളിയിലായിരിക്കും പണിയെടുക്കുന്നതെന്ന് എനിക്കറിയാം. എന്റെ സഹോദരീസഹോദരന്മാരുടെ തലയിൽ തണുപ്പടിക്കരുതെന്ന് എനിക്കു നിർബന്ധമുണ്ട്. നിർമാണപദ്ധതിയിൽ ഉൾപ്പെടാൻവേണ്ട വൈദഗ്ധ്യങ്ങളൊന്നും എനിക്കില്ല. പക്ഷേ എനിക്കു തുന്നൽപ്പണി അറിയാം. അതുകൊണ്ട് എനിക്കുള്ള ഈ കഴിവ് ഉപയോഗിച്ച് എന്നെക്കൊണ്ടാകുന്ന വിധത്തിൽ ഈ വേലയിൽ ഒരു പങ്കുവഹിക്കാൻ ഞാൻ തീരുമാനിച്ചു.” കത്തിനോടൊപ്പം,
കൈകൊണ്ടുതുന്നിയ 106 തൊപ്പികൾ അടങ്ങിയ ഒരു പാർസൽ ഉണ്ടായിരുന്നു!അച്ചടിശാലയുടെ പണി സമയത്തിനുതന്നെ പൂർത്തിയായി. അച്ചടിശാലയുടെ മേൽവിചാരകനായ ജോൺ ലാർസൺ പറഞ്ഞു: “സന്തോഷത്തിന്റെയും സഹകരണത്തിന്റെയും ഒരു അന്തരീക്ഷമായിരുന്നു അത്. വേലയെ യഹോവ പിന്തുണച്ചിരുന്നു എന്നതിനു സംശയമില്ലായിരുന്നു. എല്ലാം വേഗത്തിൽ നീങ്ങി. 2003 മേയ് മാസത്തിൽ സഹോദരന്മാർ കെട്ടിടത്തിന്റെ അടിസ്ഥാനമിടുന്നത് ചെളിനിറഞ്ഞ തറയിൽനിന്നുകൊണ്ടു നിരീക്ഷിക്കുന്നതു ഞാൻ ഓർക്കുന്നു. ഒരു വർഷം കഴിയുന്നതിനു മുമ്പേ അതേ സ്ഥാനത്തുനിന്നുകൊണ്ട് ഒരു അച്ചടിയന്ത്രം പ്രവർത്തിക്കുന്നത് എനിക്കു കാണാനായി.”
സമർപ്പണ പരിപാടി
2005 മേയ് 16-ന് വാൾക്കിലിൽ പുതിയ അച്ചടിശാലയുടെയും മൂന്നു പാർപ്പിട സമുച്ചയങ്ങളുടെയും സമർപ്പണം നടന്നു. പാറ്റേഴ്സണിലെയും ബ്രുക്ലിനിലെയും കാനഡയിലെയും ബെഥേലുകളെ വീഡിയോ ലൈൻവഴി ബന്ധിപ്പിച്ചിരുന്നു. മൊത്തം 6,049 പേർ പരിപാടി ആസ്വദിച്ചു. യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരു അംഗമായ തിയോഡർ ജാരറ്റ്സ് ആയിരുന്നു ചെയർമാൻ. അദ്ദേഹം അച്ചടിവേലയുടെ ചരിത്രം ഹ്രസ്വമായി സംഗ്രഹിച്ചു. ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ ജോൺ ലാർസണും ജോൺ കിക്കോട്ടും അഭിമുഖങ്ങളിലൂടെയും വീഡിയോ അവതരണങ്ങളിലൂടെയും ഐക്യനാടുകളിലെ നിർമാണപദ്ധതിയുടെയും അച്ചടിപ്രവർത്തനങ്ങളുടെയും ചരിത്രത്തെക്കുറിച്ചു പുനരവലോകനം നടത്തി. പുതിയ അച്ചടിശാലയും താമസത്തിനുള്ള മൂന്നു കെട്ടിടങ്ങളും അടങ്ങുന്ന സമുച്ചയങ്ങൾ യഹോവയാം ദൈവത്തിനു സമർപ്പിച്ചുകൊണ്ട് ഭരണസംഘത്തിലെ ജോൺ ബാർ സമാപന പ്രസംഗം നിർവഹിച്ചു.
തുടർന്നുള്ള വാരത്തിൽ പാറ്റേഴ്സണിലെയും ബ്രുക്ലിനിലെയും ബെഥേൽ കുടുംബാംഗങ്ങൾക്കു പുതിയ ബ്രാഞ്ച് സൗകര്യങ്ങൾ ചുറ്റിനടന്നുകാണാനുള്ള അവസരം ലഭിച്ചു. 5,920 പേർ അന്ന് വാൾക്കിൽ സന്ദർശിച്ചു.
നാം അച്ചടിശാലയെ വീക്ഷിക്കുന്നത് എങ്ങനെയാണ്?
അച്ചടിശാല കാഴ്ചയ്ക്ക് അതിഗംഭീരമായിരിക്കാമെങ്കിലും അവിടത്തെ യന്ത്രങ്ങൾക്കല്ല നാം പ്രാധാന്യം നൽകുന്നതെന്ന് സമർപ്പണപ്രസംഗത്തിൽ ബാർ സഹോദരൻ ശ്രോതാക്കളെ ഓർമിപ്പിച്ചു. ആളുകൾക്കാണു പ്രാധാന്യം. നാം അച്ചടിക്കുന്ന സാഹിത്യങ്ങൾ ആളുകളുടെ ജീവിതത്തിൽ ആഴമായ പ്രഭാവം ചെലുത്തുന്നു.
പുതിയ യന്ത്രങ്ങളിൽ ഓരോന്നും ഒരു മണിക്കൂറിലും ഒരൽപ്പം കൂടുതൽ സമയംകൊണ്ട് പത്തു
ലക്ഷത്തിലധികം ലഘുലേഖകൾ അച്ചടിക്കും! എന്നാൽ അതിൽ ഒരൊറ്റ ലഘുലേഖ മതി, ഒരു വ്യക്തിയുടെ ജീവിതത്തിൽ ഗണ്യമായ ഫലങ്ങൾ ഉളവാക്കാൻ. ഉദാഹരണത്തിന് 1921-ൽ ദക്ഷിണാഫ്രിക്കയിൽ റെയിൽറോഡിന്റെ അറ്റകുറ്റങ്ങൾ തീർക്കുന്ന പണിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഒരു കൂട്ടം ആളുകൾ. പണിക്കിടയിൽ ക്രിസ്റ്റ്യൻ എന്നു പേരുള്ള ഒരാൾ റെയിലിനിടയിൽ ഒരു കടലാസ്സ് കുരുങ്ങിക്കിടക്കുന്നതു കണ്ടു. അത് നമ്മുടെ ഒരു ലഘുലേഖയായിരുന്നു. ക്രിസ്റ്റ്യൻ അതീവ താത്പര്യത്തോടെ അതു വായിച്ചു. അദ്ദേഹം തന്റെ മരുമകന്റെ അടുത്തേക്ക് ഓടിച്ചെന്ന് ഉത്സാഹത്തോടെ ഇങ്ങനെ അറിയിച്ചു: “ഞാൻ ഇന്ന് സത്യം കണ്ടെത്തിയിരിക്കുന്നു!” ഒട്ടും താമസിയാതെ അവർ ഇരുവരും കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് എഴുതി. ദക്ഷിണാഫ്രിക്കൻ ബ്രാഞ്ച് ഉടനെ കൂടുതൽ ബൈബിൾ സാഹിത്യങ്ങൾ അയച്ചുകൊടുത്തു. അവർ ഇരുവരും ബൈബിൾ പഠിച്ചു സ്നാപനമേറ്റു, മറ്റുള്ളവരുമായും ബൈബിൾ സത്യം പങ്കുവെച്ചു. തത്ഫലമായി പലരും സത്യം സ്വീകരിച്ചു. 1990-കളുടെ ആരംഭത്തിൽ അവരുടെ പിൻതലമുറക്കാരായ നൂറിലധികം ആളുകൾ യഹോവയെ സേവിക്കുന്നുണ്ടായിരുന്നു. റെയിൽറോഡ് ട്രാക്കിൽ കിടന്ന ഒരൊറ്റ ലഘുലേഖ എത്ര വിസ്മയാവഹമായ ഫലമാണ് ഉളവാക്കിയത്!നാം അച്ചടിക്കുന്ന സാഹിത്യം ആളുകളെ സത്യത്തിലേക്കു കൊണ്ടുവരുന്നു, അതിൽ നിലനിൽക്കാൻ അവരെ സഹായിക്കുന്നു, കൂടുതൽ തീക്ഷ്ണതയോടെ പ്രവർത്തിക്കാൻ അവരെ പ്രചോദിപ്പിക്കുന്നു, സഹോദരവർഗത്തെ ഏകീകരിക്കുന്നു. ഏറ്റവും പ്രധാനമായി, നാമേവരും വിതരണം ചെയ്യുന്ന ബൈബിൾസാഹിത്യങ്ങൾ നമ്മുടെ ദൈവമായ യഹോവയ്ക്കു മഹത്ത്വം കരേറ്റുന്നു!
യഹോവ അച്ചടിശാലയെ എങ്ങനെ വീക്ഷിക്കുന്നു?
യഹോവ അച്ചടിശാലയെ എങ്ങനെയാണു വീക്ഷിക്കുന്നതെന്നു പരിചിന്തിക്കാനും ബാർ സഹോദരൻ ശ്രോതാക്കളോട് ആവശ്യപ്പെട്ടു. തീർച്ചയായും അവന് അതിനെ ആശ്രയിക്കേണ്ട ആവശ്യമില്ല. വേണമെങ്കിൽ കല്ലുകളെക്കൊണ്ടു സുവാർത്ത പ്രസംഗിപ്പിക്കാൻ അവനു കഴിയും! (ലൂക്കൊസ് 19:40) തന്നെയുമല്ല യന്ത്രങ്ങളുടെ സങ്കീർണതയോ വലുപ്പമോ വേഗമോ കാര്യക്ഷമതയോ ഒന്നും അവനിൽ മതിപ്പുളവാക്കാൻ പോന്നവയുമല്ല. കാരണം ഈ പ്രപഞ്ചത്തിന്റെതന്നെ സ്രഷ്ടാവാണ് അവൻ! (സങ്കീർത്തനം 147:10, 11) സാഹിത്യങ്ങൾ ഉത്പാദിപ്പിക്കാൻ കൂടുതൽ നൂതനമായ മാർഗങ്ങൾ യഹോവയ്ക്കറിയാം. ആവശ്യമെങ്കിൽ, മനുഷ്യർ ഒരിക്കലും ആവിഷ്കരിച്ചിട്ടില്ലാത്ത, ചിന്തിച്ചിട്ടുപോലുമില്ലാത്ത മാർഗങ്ങൾ ഉപയോഗിക്കാൻ അവനു കഴിയും. അങ്ങനെയെങ്കിൽ യഹോവ യഥാർഥത്തിൽ വിലമതിപ്പോടെ കാണുന്നത് എന്താണ്? ഈ അച്ചടിശാലയിൽ അവൻ തന്റെ ജനത്തിന്റെ ഗുണങ്ങൾ—അവരുടെ സ്നേഹവും വിശ്വാസവും അനുസരണവും—കാണുന്നു.
സ്നേഹം ഉൾപ്പെട്ടിരിക്കുന്നത് എങ്ങനെയെന്നു കാണിക്കാൻ ബാർ സഹോദരൻ ഒരു ഉദാഹരണം ഉപയോഗിച്ചു. ഒരു പെൺകുട്ടി തന്റെ മാതാപിതാക്കൾക്കായി ഒരു കേക്ക് ഉണ്ടാക്കുന്നു. അത് മാതാപിതാക്കൾക്കു വളരെ സന്തോഷം പകർന്നേക്കാം. അതേ, കേക്കിന്റെ ഗുണമേന്മയല്ല കുട്ടിയുടെ ഉദാരപൂർവകമായ പ്രവൃത്തിയിലൂടെ പ്രകടമാകുന്ന സ്നേഹമാണ് മാതാപിതാക്കളുടെ ഹൃദയത്തെ സ്പർശിക്കുന്നത്. സമാനമായി, യഹോവ പുതിയ അച്ചടിശാലയെ നോക്കുമ്പോൾ അവൻ കെട്ടിടങ്ങളും യന്ത്രങ്ങളും മാത്രമല്ല കാണുന്നത്. പ്രധാനമായും അവൻ അത് തന്റെ നാമത്തോടുള്ള സ്നേഹത്തിന്റെ പ്രകടനമായി വീക്ഷിക്കുന്നു.—എബ്രായർ 6:10.
യഹോവ പെട്ടകത്തെ നോഹയുടെ വിശ്വാസത്തിന്റെ പ്രകടനമായി വീക്ഷിച്ചതുപോലെ ഈ അച്ചടിശാലയെ നമ്മുടെ വിശ്വാസത്തിന്റെ ദൃശ്യമായ തെളിവായി കാണുന്നു. എന്തിലുള്ള വിശ്വാസം? യഹോവ മുൻകൂട്ടിപ്പറഞ്ഞതു സംഭവിക്കുമെന്ന വിശ്വാസം നോഹയ്ക്കുണ്ടായിരുന്നു. നാം അന്ത്യനാളുകളിലാണു ജീവിക്കുന്നതെന്നും ഭൂമിയിൽ മുഴങ്ങിക്കേൾക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സന്ദേശം സുവാർത്തയാണെന്നും അത് ആളുകൾ കേൾക്കേണ്ടതു ജീവത്പ്രധാനമാണെന്നും നമുക്കു വിശ്വാസമുണ്ട്. ബൈബിളിന്റെ സന്ദേശത്തിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്നു നമുക്ക് അറിയാം.—റോമർ 10:13, 14.
ഈ അച്ചടിശാലയിൽ യഹോവ നമ്മുടെ അനുസരണത്തിന്റെ പ്രകടനവും കാണുന്നുവെന്നതിനു സംശയമില്ല. നമുക്കറിയാവുന്നതുപോലെ, അന്ത്യം വരുന്നതിനുമുമ്പ് സുവാർത്ത ലോകവ്യാപകമായി പ്രസംഗിക്കപ്പെടണമെന്നത് അവന്റെ ഹിതമാണ്. (മത്തായി 24:14) ഈ അച്ചടിശാലയും ലോകത്തിന്റെ ഇതര ഭാഗങ്ങളിലുള്ള അച്ചടിശാലകളും ആ നിയോഗം പൂർത്തീകരിക്കുന്നതിൽ പങ്കു വഹിക്കും.
അതേ, ഈ അച്ചടിസൗകര്യങ്ങൾക്കായി പണം സ്വരൂപിക്കുന്നതിലും അവ നിർമിക്കുന്നതിലും പ്രവർത്തിപ്പിക്കുന്നതിലും ദൃശ്യമായ സ്നേഹവും വിശ്വാസവും അനുസരണവും, ശ്രദ്ധിക്കാൻ മനസ്സൊരുക്കമുള്ള ഏവരോടും ലോകമെമ്പാടുമുള്ള യഹോവയുടെ ജനം തീക്ഷ്ണതയോടെ സത്യം ഘോഷിക്കുമ്പോഴും പ്രകടമാകുന്നു.
[11-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
ഐക്യനാടുകളിലെ അച്ചടിപ്രവർത്തനങ്ങളുടെ വിപുലീകരണം
1920: ബ്രുക്ലിനിലെ 35 മൈർട്ടൽ അവന്യൂവിൽ ആദ്യത്തെ റോട്ടറി പ്രസ്സിൽ മാസികകൾ അച്ചടിച്ചുതുടങ്ങി.
1922: അച്ചടിശാല 18 കൊൺകോർഡ് സ്ട്രീറ്റിലെ ഒരു ആറുനില കെട്ടിടത്തിലേക്കു മാറ്റി. പുസ്തകങ്ങൾ അച്ചടിച്ചുതുടങ്ങി.
1927: അച്ചടിശാല, 117 ആഡംസ് സ്ട്രീറ്റിൽ പണിതുയർത്തിയ പുതിയ കെട്ടിടത്തിലേക്കു മാറ്റി.
1949: പുതുതായി പണിത ഒമ്പതുനില കെട്ടിടം അച്ചടിശാലയുടെ വലുപ്പം ഇരട്ടിപ്പിച്ചു.
1956: 77 സാൻഡ്സ് സ്ട്രീറ്റിൽ പുതിയ കെട്ടിടം പണിതതോടെ ആഡംസ് സ്ട്രീറ്റ് അച്ചടിശാലയുടെ വലുപ്പം വീണ്ടും ഇരട്ടിപ്പിച്ചു.
1967: പത്തുനില കെട്ടിടം പണിതു, ആദ്യത്തെ കെട്ടിടത്തെക്കാൾ പത്തു മടങ്ങ് വലുപ്പമുള്ള, പരസ്പരം ബന്ധിപ്പിക്കപ്പെട്ട യൂണിറ്റുകളോടു കൂടിയ അച്ചടിശാല സ്ഥാപിതമായി.
1973: മുഖ്യമായും മാസികകൾ അച്ചടിക്കുന്നതിനായി വാൾക്കിലിൽ ഒരു അനുബന്ധ അച്ചടിശാല നിർമിച്ചു.
2004: ഐക്യനാടുകളിലെ അച്ചടി, ബയൻഡിങ്, ഷിപ്പിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം വാൾക്കിലിൽ കേന്ദ്രീകരിച്ചു.