അർമഗെദോൻ—അതിവിപത്കരമായ ഒരു അന്ത്യമോ?
അർമഗെദോൻ—അതിവിപത്കരമായ ഒരു അന്ത്യമോ?
അർമഗെദോൻ! ആ വാക്കു കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് എന്താണ്? ഒരു കൂട്ടസംഹാരത്തിന്റെയോ പ്രാപഞ്ചിക വിപത്തിന്റെയോ ദൃശ്യങ്ങളാണോ? ലോകത്തിന്റെ പല ഭാഗങ്ങളിലും, ആളുകളുടെ നിത്യസംഭാഷണത്തിൽ ഇത്രയധികം സ്ഥാനംപിടിച്ചിട്ടുള്ള ബൈബിൾ പദങ്ങൾ അധികമില്ല. മനുഷ്യവർഗത്തെ കാത്തിരിക്കുന്ന ഭയാനക കാര്യങ്ങളെ വർണിക്കാനാണ് ഈ പദം പരക്കെ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. വിനോദവ്യവസായ മേഖല ആളുകളുടെ ബോധമണ്ഡലത്തെ, വരാനിരിക്കുന്ന ഒരു “അർമഗെദോ”നെക്കുറിച്ചുള്ള അതിഭീകര രംഗങ്ങൾകൊണ്ടു നിറച്ചിരിക്കുന്നു. നിഗൂഢതയും തെറ്റിദ്ധാരണകളും ചൂഴ്ന്നുനിൽക്കുന്ന ഈ പദത്തിന്റെ അർഥം സംബന്ധിച്ചു പലവിധ ആശയങ്ങൾ നിലവിലുണ്ട്. എന്നാൽ അവയിൽ മിക്കവയും ആ പദത്തിന്റെ ഉറവിടമായ ബൈബിൾ പറയുന്നതുമായി ചേർച്ചയിലല്ല.
ബൈബിൾ അർമഗെദോനെ “ലോകാവസാന”വുമായി ബന്ധപ്പെടുത്തുന്നതിനാൽ ആ വാക്കിന്റെ യഥാർഥ അർഥം സംബന്ധിച്ചു വ്യക്തമായ ധാരണ ലഭിക്കേണ്ടതു ജീവത്പ്രധാനമാണ് എന്നതിനോടു നിങ്ങൾ യോജിക്കില്ലേ? (മത്തായി 24:3) അർമഗെദോൻ എന്താണ്, അതു നിങ്ങളെയും കുടുംബത്തെയും എങ്ങനെ ബാധിക്കും എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ സത്യത്തിന്റെ ആത്യന്തിക ഉറവിടമായ ദൈവവചനത്തിലേക്കു തിരിയുന്നതായിരിക്കില്ലേ യുക്തിസഹമായ നടപടി?
അത്തരമൊരു പരിശോധന, അർമഗെദോൻ സർവത്തിനും വിനാശകമായ ഒരു അന്ത്യം കൊണ്ടുവരുന്നതിനു പകരം നീതി വസിക്കുന്ന പുതിയ ഭൂമിയിൽ ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷകരമായ തുടക്കം നൽകുമെന്നു കാണിച്ചുതരും. അടുത്ത ലേഖനത്തിൽ അർമഗെദോന്റെ യഥാർഥ അർഥം പരിചിന്തിക്കവേ ജീവത്പ്രധാനമായ ഈ തിരുവെഴുത്തു സത്യത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണ നിങ്ങൾക്കു ലഭിക്കും.
[3-ാം പേജിലെ ചതുരം/ചിത്രം]
അർമഗെദോൻ എന്താണെന്നാണു നിങ്ങൾ കരുതുന്നത്?
•ഒരു ആണവ ദുരന്തം
•ഒരു പാരിസ്ഥിതിക വിപത്ത്
•ഭൂമിയും ഏതെങ്കിലും ഒരു ജ്യോതിർഗോളവും തമ്മിലുള്ള കൂട്ടിയിടി
•ദുഷ്ടന്മാരെ നശിപ്പിക്കുന്ന ദിവ്യ നടപടി