വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌നേഹപൂർവം ശ്രദ്ധിക്കൽ ഒരു കല

സ്‌നേഹപൂർവം ശ്രദ്ധിക്കൽ ഒരു കല

സ്‌നേഹപൂർവം ശ്രദ്ധിക്കൽ ഒരു കല

“എന്നെ ശ്രദ്ധിച്ചതിനു നന്ദി.” അടുത്ത കാലത്ത്‌ ആരെങ്കിലും നിങ്ങളോട്‌ ഇങ്ങനെ പറഞ്ഞിട്ടുണ്ടോ? എത്ര നല്ല പ്രശംസ! ഒരു നല്ല കേൾവിക്കാരനെ മിക്കവാറും എല്ലാവരും വിലമതിക്കുന്നു. നന്നായി ശ്രദ്ധിച്ചുകൊണ്ട്‌ പ്രശ്‌നങ്ങളാൽ ഭാരപ്പെടുന്ന ആളുകൾക്കു നവോന്മേഷം പകരാൻ നമുക്കു കഴിയും. ഒരു നല്ല കേൾവിക്കാരൻ ആയിരിക്കുന്നത്‌ മറ്റുള്ളവർക്കു പങ്കുവെക്കാനുള്ള രസകരമായ പല കാര്യങ്ങളും ആസ്വദിക്കാൻ നമുക്ക്‌ അവസരം നൽകുന്നില്ലേ? ക്രിസ്‌തീയ സഭയിൽ, സ്‌നേഹപൂർവം ശ്രദ്ധിക്കുന്നത്‌ അന്യോന്യം “സ്‌നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർധിപ്പി”ക്കുന്നതിന്റെ ഒരു അവശ്യ ഘടകമാണ്‌.​—⁠എബ്രായർ 10:⁠25.

എന്നിരുന്നാലും പല ആളുകളും അത്ര നല്ല കേൾവിക്കാരല്ല. മറ്റുള്ളവർക്കു പറയാനുള്ളതു കേൾക്കുന്നതിനു പകരം അവരെ ഉപദേശിക്കാനോ തങ്ങളുടെ അനുഭവങ്ങൾ പറയാനോ സ്വന്ത വീക്ഷണം അവതരിപ്പിക്കാനോ ഒക്കെയാണ്‌ അത്തരക്കാർക്കു താത്‌പര്യം. മറ്റുള്ളവരെ ശ്രദ്ധിക്കുന്നത്‌ ശരിക്കും ഒരു കലയാണ്‌. സ്‌നേഹപൂർവം ശ്രദ്ധിക്കാൻ നമുക്ക്‌ എങ്ങനെ പഠിക്കാൻ കഴിയും?

ഒരു സുപ്രധാന ഘടകം

യഹോവ നമ്മുടെ മഹാ ‘ഉപദേഷ്ടാവ്‌’ ആണ്‌. (യെശയ്യാവു 30:⁠20) ശ്രദ്ധാപൂർവം കേൾക്കുന്നതിനെക്കുറിച്ച്‌ നമ്മെ വളരെയധികം പഠിപ്പിക്കാൻ അവനു കഴിയും. പ്രവാചകനായ ഏലീയാവിനെ അവൻ സഹായിച്ചത്‌ എങ്ങനെയെന്നു നോക്കാം. ഈസേബെലിന്റെ ഭീഷണിയാൽ പരിഭ്രാന്തനായ ഏലീയാവ്‌ മരുഭൂമിയിലേക്കു പലായനം ചെയ്‌തു; എന്നിട്ട്‌, എങ്ങനെയും മരിച്ചാൽ മതിയെന്ന്‌ അവൻ പറഞ്ഞു. ദൈവത്തിന്റെ ദൂതൻ അവനോടു സംസാരിച്ചു. പ്രവാചകൻ തന്റെ ഭയപ്പാടിനുള്ള കാരണം വിശദീകരിച്ചപ്പോൾ യഹോവ അതു ശ്രദ്ധിക്കുകയും തുടർന്ന്‌ തന്റെ അപരിമേയ ശക്തി പ്രദർശിപ്പിക്കുകയും ചെയ്‌തു. എന്തായിരുന്നു ഫലം? നിർഭയനായി ഏലീയാവ്‌ തന്റെ നിയമനത്തിൽ തിരിച്ചെത്തി. (1 രാജാക്കന്മാർ 19:⁠2-15) തന്റെ ദാസനെ അലട്ടിക്കൊണ്ടിരുന്ന കാര്യങ്ങൾ ശ്രദ്ധിക്കാൻ യഹോവ സമയമെടുത്തത്‌ എന്തുകൊണ്ടാണ്‌? അവനു തന്റെ ദാസനെക്കുറിച്ചു കരുതലുണ്ടായിരുന്നതുകൊണ്ട്‌. (1 പത്രൊസ്‌ 5:⁠7) ഒരു നല്ല ശ്രോതാവ്‌ ആയിത്തീരുന്നതിനോടു ബന്ധപ്പെട്ട ഒരു സുപ്രധാന ഘടകമാണ്‌ ഇത്‌: മറ്റുള്ളവരോടുള്ള കരുതൽ, അവരിലുള്ള യഥാർഥ താത്‌പര്യം.

ബൊളീവിയയിലുള്ള ഒരു വ്യക്തി ഗൗരവമേറിയ ഒരു ദുഷ്‌പ്രവൃത്തി ചെയ്‌തെങ്കിലും ഒരു സഹവിശ്വാസി അദ്ദേഹത്തിൽ യഥാർഥ താത്‌പര്യം പ്രകടമാക്കിയത്‌ അദ്ദേഹം വിലമതിച്ചു. അദ്ദേഹം വിശദീകരിക്കുന്നു: “അത്‌ എന്റെ ജീവിതത്തിലെ ഏറ്റവും ക്ലേശപൂർണമായ ഘട്ടങ്ങളിലൊന്ന്‌ ആയിരുന്നു. എന്നെ ശ്രദ്ധിക്കാൻ ഒരു സഹോദരൻ തയ്യാറായില്ലായിരുന്നെങ്കിൽ യഹോവയെ സേവിക്കുന്നതു ഞാൻ നിറുത്തിക്കളഞ്ഞേനെ. അദ്ദേഹം അധികമൊന്നും സംസാരിച്ചില്ല, പക്ഷേ ഞാൻ പറയുന്നതു ശ്രദ്ധിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചുവെന്നതുതന്നെ എന്നെ ബലപ്പെടുത്തി. എനിക്കു വേണ്ടത്‌ ഒരു പരിഹാരമായിരുന്നില്ല; ചെയ്യേണ്ടത്‌ എന്താണെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു. എന്റെ വികാരങ്ങൾ മനസ്സിലാക്കുന്ന ആരെങ്കിലുമുണ്ടെന്ന അറിവു മാത്രമാണ്‌ എനിക്ക്‌ ആവശ്യമായിരുന്നത്‌. ഞാൻ പറഞ്ഞ കാര്യങ്ങൾ അദ്ദേഹം ശ്രദ്ധിച്ചത്‌ നിരാശയിൽ ആണ്ടുപോകുന്നതിൽനിന്ന്‌ എന്നെ രക്ഷിച്ചു.”

സ്‌നേഹപൂർവം ശ്രദ്ധിക്കുകയെന്ന കലയെക്കുറിച്ചു ചിന്തിക്കുമ്പോൾ ഒരു സുപ്രധാന മാതൃകയായി ചൂണ്ടിക്കാണിക്കാനാകുന്നത്‌ യേശുവിനെയാണ്‌. യേശു മരിച്ച്‌ ഏതാനും ദിവസം കഴിഞ്ഞ്‌, അവന്റെ രണ്ടു ശിഷ്യന്മാർ യെരൂശലേമിൽനിന്ന്‌ 11 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തിലേക്കു പോകുകയായിരുന്നു. അവർ നിരുത്സാഹിതരായിരുന്നുവെന്നതിനു സംശയമില്ല. അതുകൊണ്ട്‌ പുനരുത്ഥാനം പ്രാപിച്ച യേശു അവരോടൊപ്പം നടക്കാൻ തുടങ്ങി. അവരുടെ ഉള്ളിലുള്ളതു പുറത്തുകൊണ്ടുവരാൻ ഉതകുന്ന ചില ചോദ്യങ്ങൾ അവൻ ചോദിച്ചു. ശിഷ്യന്മാർ പ്രതികരിച്ചു. തങ്ങൾ താലോലിച്ചിരുന്ന പ്രതീക്ഷകളെക്കുറിച്ചും എന്നാൽ ഇപ്പോൾ അനുഭവിക്കുന്ന നിരാശയെയും ചിന്താക്കുഴപ്പത്തെയും കുറിച്ചുമെല്ലാം അവർ പറഞ്ഞു. അവൻ അവരെക്കുറിച്ചു കരുതലുള്ളവനായിരുന്നു. സ്‌നേഹപൂർവം അവൻ തങ്ങളെ ശ്രദ്ധിച്ചതു നിരീക്ഷിച്ച ശിഷ്യന്മാർ അവൻ പറയുന്നതു ശ്രദ്ധിക്കാൻ സന്നദ്ധരായി. അപ്പോൾ യേശു “എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.”​—⁠ലൂക്കൊസ്‌ 24:⁠13-27.

മറ്റുള്ളവർ സംസാരിക്കുമ്പോൾ ശ്രദ്ധിക്കുന്നതാണ്‌ നമ്മെ ശ്രദ്ധിക്കാൻ അവരെ പ്രേരിപ്പിക്കുന്നതിനുള്ള സ്‌നേഹപൂർവകമായ ഒരു മാർഗം. ബൊളീവിയയിൽനിന്നുള്ള ഒരു സ്‌ത്രീ പറയുന്നു: “ഞാൻ മക്കളെ വളർത്തുന്ന വിധത്തെക്കുറിച്ച്‌ എന്റെയും ഭർത്താവിന്റെയും മാതാപിതാക്കൾ പരാതിപ്പെടാൻ തുടങ്ങി. ഞാൻ അവരുടെ അഭിപ്രായങ്ങൾ നിരസിച്ചു. പക്ഷേ, ഒരു മാതാവെന്ന നിലയിൽ എന്റെ തീരുമാനം ശരിയാണോ എന്ന്‌ എനിക്ക്‌ ഉറപ്പുണ്ടായിരുന്നില്ല. ആ സമയത്താണ്‌ യഹോവയുടെ സാക്ഷികളിലൊരാൾ എന്നെ സന്ദർശിച്ചത്‌. അവർ ദൈവത്തിന്റെ വാഗ്‌ദാനങ്ങളെക്കുറിച്ച്‌ എന്നോടു സംസാരിച്ചു. എന്നിരുന്നാലും അവർ എന്റെ അഭിപ്രായം ചോദിച്ച വിധത്തിൽനിന്നാണ്‌ ആ സ്‌ത്രീ ശ്രദ്ധിക്കാൻ മനസ്സൊരുക്കമുള്ളവളാണെന്ന്‌ എനിക്കു മനസ്സിലായത്‌. ഞാൻ അവരെ അകത്തേക്കു ക്ഷണിച്ചു. എന്റെ പ്രശ്‌നം അവരോടു തുറന്നുപറഞ്ഞു; അവർ ക്ഷമാപൂർവം കേട്ടിരുന്നു. കുട്ടികളെക്കുറിച്ചുള്ള എന്റെ പ്രതീക്ഷകളെയും അതു സംബന്ധിച്ച ഭർത്താവിന്റെ ചിന്തകളെയും കുറിച്ചെല്ലാം അവർ എന്നോടു ചോദിച്ചു. എന്നെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരാളോടൊപ്പം ആയിരിക്കുന്നത്‌ വലിയ ആശ്വാസമായിരുന്നു. കുടുംബജീവിതത്തെക്കുറിച്ചു ബൈബിൾ പറയുന്നത്‌ അവർ എന്നെ കാണിക്കാൻ തുടങ്ങിയപ്പോൾ എന്നോടു കരുതലുള്ള ഒരാളോടാണു സംസാരിക്കുന്നതെന്ന്‌ എനിക്കു മനസ്സിലായി.”

“സ്‌നേഹം . .  സ്വാർത്ഥം അന്വേഷിക്കുന്നില്ല” എന്ന്‌ ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 13:⁠4, 5) അപ്പോൾ സ്‌നേഹപൂർവം ശ്രദ്ധിക്കുന്ന ഒരാൾ തീർച്ചയായും സ്വന്തം താത്‌പര്യങ്ങൾ മാറ്റിവെക്കുകയാണു ചെയ്യുന്നത്‌. മറ്റാരെങ്കിലും നമ്മോട്‌ ഗൗരവമേറിയ ഒരു കാര്യം സംസാരിക്കുമ്പോൾ, നാം ടെലിവിഷൻ കാണുന്നതും പത്രം വായിക്കുന്നതും താത്‌കാലികമായി നിറുത്തുകയോ സെൽഫോൺ ഓഫാക്കുകയോ ചെയ്യേണ്ടതായി വന്നേക്കാം. സ്‌നേഹപൂർവം ശ്രദ്ധിക്കാൻ മറ്റേ വ്യക്തിയുടെ ചിന്തകളിൽ നമുക്ക്‌ അതിയായ താത്‌പര്യമുണ്ടായിരിക്കണം എന്നർഥം. അതിനായി, “കുറച്ചു നാളുകൾക്കുമുമ്പ്‌ എനിക്കുണ്ടായ ഒരു അനുഭവം ഓർമ വരുന്നു” എന്നിങ്ങനെ നമ്മെപ്പറ്റി പറയുന്നത്‌ നാം ഒഴിവാക്കേണ്ടതുണ്ട്‌. അത്തരം ആശയക്കൈമാറ്റം സൗഹൃദ സംഭാഷണങ്ങളിൽ സ്വീകാര്യമാണെങ്കിലും ഗൗരവമേറിയ ഒരു പ്രശ്‌നത്തിനു ചെവികൊടുക്കുമ്പോൾ നാം വ്യക്തിപരമായ താത്‌പര്യങ്ങൾക്ക്‌ അവധി കൊടുക്കണം. മറ്റുള്ളവരിലുള്ള യഥാർഥ താത്‌പര്യം മറ്റൊരു വിധത്തിലും പ്രകടിപ്പിക്കാം.

വികാരങ്ങൾ മനസ്സിലാകത്തക്കവണ്ണം ശ്രദ്ധിക്കുക

ഇയ്യോബിന്റെ സ്‌നേഹിതന്മാർ കുറഞ്ഞത്‌ അവന്റെ പത്തു പ്രഭാഷണമെങ്കിലും കേട്ടു. എന്നിട്ടും ഇയ്യോബ്‌ ഇങ്ങനെ വിലപിച്ചു: “അയ്യോ, എന്റെ സങ്കടം കേൾക്കുന്നവൻ ഉണ്ടായിരുന്നുവെങ്കിൽ കൊള്ളായിരുന്നു!” (ഇയ്യോബ്‌ 31:⁠35) എന്തുകൊണ്ടാണ്‌ അവൻ അങ്ങനെ പറഞ്ഞത്‌? എന്തുകൊണ്ടെന്നാൽ അവരുടെ ശ്രദ്ധിക്കലിൽനിന്ന്‌ അവനു യാതൊരു ആശ്വാസവും ലഭിച്ചില്ല. അവർക്ക്‌ ഇയ്യോബിനെക്കുറിച്ചു പരിഗണനയുണ്ടായിരുന്നില്ല, അവർ അവന്റെ വികാരങ്ങൾ മനസ്സിലാക്കാൻ മിനക്കെട്ടതുമില്ല. സഹതാപമുള്ള കേൾവിക്കാരായിരിക്കാൻ തക്കവണ്ണം അവർ സമാനുഭാവം ഉള്ളവരായിരുന്നില്ല. എന്നാൽ അപ്പൊസ്‌തലനായ പത്രൊസ്‌ ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “എല്ലാവരും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയബുദ്ധിയുമുള്ളവരായിരിപ്പിൻ.” (1 പത്രൊസ്‌ 3:⁠8) നമുക്ക്‌ എങ്ങനെയാണ്‌ സഹതാപം അഥവാ സഹാനുഭൂതി കാണിക്കാൻ കഴിയുന്നത്‌? മറ്റേ വ്യക്തിയുടെ വികാരങ്ങളിൽ താത്‌പര്യമെടുക്കുകയും അവ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുകയെന്നതാണ്‌ ഒരു മാർഗം. “അതു ശരിക്കും താങ്കളെ വിഷമിപ്പിച്ചു കാണണം,” “തെറ്റിദ്ധരിക്കപ്പെട്ടതായി താങ്കൾക്കു തോന്നിയിരിക്കണം” എന്നിങ്ങനെ സഹതാപപൂർവം പറയുന്നത്‌ നിങ്ങൾ കരുതലുള്ളവരാണെന്നു കാണിക്കാൻ കഴിയുന്ന ഒരു മാർഗമാണ്‌. മറ്റൊരു മാർഗം ആ വ്യക്തി പറയുന്ന കാര്യങ്ങൾ നിങ്ങളുടെ വാക്കുകളിൽ പറയുന്നതാണ്‌. അയാൾ പറയുന്നതു നാം മനസ്സിലാക്കിയെന്നതിന്റെ തെളിവാണ്‌ അത്‌. സ്‌നേഹപൂർവം ശ്രദ്ധിക്കുന്നതിൽ വാക്കുകൾ മാത്രമല്ല, വ്യക്തമായി പ്രകടമാകാത്ത വികാരങ്ങൾക്കു ശ്രദ്ധ കൊടുക്കുന്നതും ഉൾപ്പെടുന്നു.

റോബർട്ട്‌ * യഹോവയുടെ സാക്ഷികളുടെയിടയിലെ പരിചയസമ്പന്നനായ ഒരു മുഴുസമയ ശുശ്രൂഷകനാണ്‌. അദ്ദേഹം പറയുന്നു: “ഒരു സമയത്ത്‌ ശുശ്രൂഷയിൽ ഏർപ്പെടുന്നതു സംബന്ധിച്ച്‌ ഞാൻ നിരുത്സാഹിതനായിത്തീർന്നു. അതുകൊണ്ട്‌ ഞാൻ സഞ്ചാര മേൽവിചാരകനുമായി സംസാരിക്കാൻ അവസരം ചോദിച്ചു. അദ്ദേഹം ശരിക്കും ശ്രദ്ധിക്കുകയും എന്റെ വികാരങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്‌തു. എന്റെ മനോഭാവം സംബന്ധിച്ച്‌ അദ്ദേഹം എന്നെ വിമർശിക്കുമെന്നുള്ള എന്റെ ഭയം അദ്ദേഹം മനസ്സിലാക്കിയതായിപ്പോലും തോന്നി. തനിക്കും സമാനമായ വികാരങ്ങളുണ്ടായിട്ടുണ്ടെന്നും എന്റെ വികാരങ്ങൾ മനസ്സിലാക്കാൻ കഴിയുന്നുണ്ടെന്നും പറഞ്ഞ്‌ അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു. വേല തുടരാൻ അത്‌ എനിക്കു മതിയായ സഹായം നൽകി.”

കേൾക്കുന്ന കാര്യങ്ങളോടു യോജിക്കുന്നില്ലെങ്കിൽപ്പോലും നമുക്കു ശ്രദ്ധിക്കാൻ കഴിയുമോ? മറ്റേയാളുടെ വികാരങ്ങൾ നമ്മെ അറിയിച്ചതു നാം വിലമതിക്കുന്നുവെന്നു പറയാനാകുമോ? തീർച്ചയായും. മകൻ സ്‌കൂളിൽവെച്ച്‌ ഒരു വഴക്കിൽ ഏർപ്പെടുകയോ കൗമാരപ്രായക്കാരിയായ മകൾ താൻ ഒരാളുമായി പ്രണയത്തിലാണെന്നു പറയുകയോ ചെയ്യുന്നെങ്കിൽ എന്തു ചെയ്യാൻ കഴിയും? ഉചിതവും അനുചിതവും എന്താണെന്നു വിശദീകരിക്കുന്നതിനുമുമ്പ്‌ മാതാപിതാക്കൾ ചെറുപ്പക്കാർക്കു പറയാനുള്ളതു ശ്രദ്ധിക്കുകയും അവരുടെ മനസ്സിലുള്ളതു മനസ്സിലാക്കുകയും ചെയ്യുന്നതായിരിക്കില്ലേ നല്ലത്‌?

സദൃശവാക്യങ്ങൾ 20:⁠5 പറയുന്നു: “മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷനോ അതു കോരി എടുക്കും.” (സദൃശവാക്യങ്ങൾ 20:⁠5) ജ്ഞാനിയും അനുഭവസമ്പന്നനും ആയ ഒരാൾ, നാം ആവശ്യപ്പെടാതെ ഒരിക്കലും ഉപദേശം നൽകാൻ മുൻകൈ എടുക്കുന്ന ആളല്ലെങ്കിൽ അങ്ങനെ ചെയ്യാൻ നാം അദ്ദേഹത്തെ പ്രേരിപ്പിക്കേണ്ടതുണ്ടായിരുന്നേക്കാം. നാം സ്‌നേഹപൂർവം ശ്രദ്ധിക്കുമ്പോഴും സ്ഥിതി സമാനമാണ്‌. ഒരാളുടെ മനസ്സിലുള്ളതു പുറത്തുകൊണ്ടുവരുന്നതിന്‌ വിവേകം ആവശ്യമാണ്‌. ചോദ്യങ്ങൾ ചോദിക്കുന്നതു സഹായകമാണ്‌, എന്നാൽ ചോദ്യങ്ങൾ മറ്റേയാളുടെ സ്വകാര്യതയുടെ അതിർവരമ്പുകൾ ലംഘിക്കാതിരിക്കാൻ നാം ശ്രദ്ധയുള്ളവരായിരിക്കണം. മനസ്സിനു വിഷമമുണ്ടാക്കുന്നവ ഒഴിവാക്കി മറ്റു കാര്യങ്ങൾ പറഞ്ഞുകൊണ്ട്‌ സംഭാഷണം ആരംഭിക്കാൻ വ്യക്തിയോടു നിർദേശിക്കുന്നതു സഹായകമായിരിക്കും. ഉദാഹരണത്തിന്‌, ദാമ്പത്യ പ്രശ്‌നങ്ങളെക്കുറിച്ചു സംസാരിക്കാൻ ആഗ്രഹിക്കുന്ന ഭാര്യക്ക്‌ താനും ഭർത്താവും തമ്മിൽ ആദ്യം കണ്ടുമുട്ടിയതിനെക്കുറിച്ചും അത്‌ വിവാഹത്തിലേക്കു നയിച്ചതിനെക്കുറിച്ചും മറ്റും പറഞ്ഞുതുടങ്ങുന്നത്‌ എളുപ്പമായിരുന്നേക്കാം. ക്രിസ്‌തീയ ശുശ്രൂഷയിൽ നിഷ്‌ക്രിയനായിത്തീർന്ന ഒരു വ്യക്തി താൻ സത്യം പഠിച്ചത്‌ എങ്ങനെയെന്നു വിശദീകരിച്ചുകൊണ്ടു തുടങ്ങുന്നത്‌ എളുപ്പമാണെന്നു കണ്ടെത്തിയേക്കാം.

സ്‌നേഹപൂർവം ശ്രദ്ധിക്കൽ​—⁠ഒരു വെല്ലുവിളി

ഒരു വ്യക്തി നമ്മോടു ദേഷ്യത്തിലാണെങ്കിൽ അയാൾ പറയുന്നതു ശ്രദ്ധിക്കുന്നത്‌ ഒരു വെല്ലുവിളിയായിരുന്നേക്കാം, കാരണം നമ്മുടെ ഭാഗം ന്യായീകരിക്കാനാണ്‌ നമ്മുടെ സ്വാഭാവിക പ്രവണത. ഈ വെല്ലുവിളി നമുക്ക്‌ എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും? “മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു” എന്ന്‌ സദൃശവാക്യങ്ങൾ 15:⁠1 പറയുന്നു. സംസാരിക്കാൻ ദയാവായ്‌പോടെ ആ വ്യക്തിയെ ക്ഷണിക്കുകയും അദ്ദേഹം സംസാരിക്കുമ്പോൾ ക്ഷമയോടെ കേട്ടിരിക്കുകയും ചെയ്യുക എന്നത്‌ മൃദുവായി അല്ലെങ്കിൽ സൗമ്യതയോടെ പ്രതികരിക്കുന്ന ഒരു വിധമാണ്‌.

പറഞ്ഞുകഴിഞ്ഞ കാര്യങ്ങൾതന്നെ ആവർത്തിക്കുമ്പോഴാണ്‌ മിക്കപ്പോഴും രണ്ടുപേർ തമ്മിൽ ചൂടുപിടിച്ച വാഗ്വാദം ഉണ്ടാകുന്നത്‌. മറ്റേയാൾ ശ്രദ്ധിക്കുന്നില്ലെന്ന്‌ ഇരുവർക്കും തോന്നുന്നു. ഒരാൾ സംസാരം നിറുത്തി മറ്റേയാൾക്ക്‌ അടുത്ത ശ്രദ്ധ കൊടുക്കുന്നെങ്കിൽ അത്‌ എത്ര നന്നായിരിക്കും! ആത്മനിയന്ത്രണം പാലിക്കുകയും വിവേകത്തോടെയും സ്‌നേഹപൂർവകമായും ഒരുവന്റെ ഭാഗം അവതരിപ്പിക്കുകയും ചെയ്യുന്നതു തീർച്ചയായും പ്രധാനമാണ്‌. ബൈബിൾ ഇങ്ങനെ പറയുന്നു: “അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ.”​—⁠സദൃശവാക്യങ്ങൾ 10:⁠19.

സ്‌നേഹപൂർവം ശ്രദ്ധിക്കാനുള്ള പ്രാപ്‌തി സ്വാഭാവികമായി ഉണ്ടാകുന്നില്ല. എന്നിരുന്നാലും പരിശ്രമത്തിലൂടെയും ശിക്ഷണത്തിലൂടെയും പഠിച്ചെടുക്കാവുന്ന ഒരു കലയാണ്‌ അത്‌. തീർച്ചയായും, ആർജിക്കുന്നതിനു തക്ക മൂല്യമുള്ള ഒരു വൈദഗ്‌ധ്യമാണ്‌ ഇത്‌. മറ്റുള്ളവർ സംസാരിക്കുമ്പോൾ നന്നായി ശ്രദ്ധിക്കുന്നത്‌ നമ്മുടെ സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഒരു മാർഗമാണ്‌. അതു നമുക്കു സന്തോഷം കൈവരുത്തുകയും ചെയ്യുന്നു. അതുകൊണ്ട്‌ സ്‌നേഹപൂർവം ശ്രദ്ധിക്കൽ എന്ന കല നാം അഭ്യസിക്കുന്നത്‌ എത്ര ജ്ഞാനമായിരിക്കും!

[അടിക്കുറിപ്പ്‌]

^ ഖ. 12 പേരിനു മാറ്റം വരുത്തിയിട്ടുണ്ട്‌.

[11-ാം പേജിലെ ചിത്രം]

ശ്രദ്ധിക്കുമ്പോൾ നാം സ്വന്തം താത്‌പര്യങ്ങൾ മാറ്റിവെക്കണം

[12-ാം പേജിലെ ചിത്രം]

നമ്മോടു ദേഷ്യത്തിലായിരിക്കുന്ന ഒരാൾ പറയുന്നതു ശ്രദ്ധിക്കുന്നത്‌ ഒരു വെല്ലുവിളിയാണ്‌