വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സത്‌പെരുമാറ്റം സത്‌ഫലം ഉളവാക്കുന്നു

സത്‌പെരുമാറ്റം സത്‌ഫലം ഉളവാക്കുന്നു

സത്‌പെരുമാറ്റം സത്‌ഫലം ഉളവാക്കുന്നു

ദക്ഷിണ ജപ്പാന്റെ തീരത്തുനിന്നു കുറച്ച്‌ അകലെയായി സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ദ്വീപിലുള്ള ഒരു അമ്മയും മൂന്നു കുട്ടികളും യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. ഒറ്റപ്പെട്ടുകിടക്കുന്ന ആ സ്ഥലത്തെ യാഥാസ്ഥിതിക ചിന്താഗതിക്കാരായ അയൽക്കാർ ഇതറിഞ്ഞതുമുതൽ ഈ അമ്മയെ കാണുമ്പോഴൊക്കെ കണ്ട ഭാവംപോലും നടിക്കാതായി. “അവർ എന്നോട്‌ കാണിക്കുന്നത്‌ സഹിക്കാമായിരുന്നു, പക്ഷേ എന്റെ ഭർത്താവിനോടും കുട്ടികളോടും കാണിച്ച അവഗണന എന്നെ വല്ലാതെ വേദനിപ്പിച്ചു” എന്ന്‌ അവർ പറയുന്നു. എങ്കിലും ആ അമ്മ കുട്ടികളോട്‌ ഇങ്ങനെ പറഞ്ഞു: “യഹോവയെ വിചാരിച്ച്‌ നമ്മൾ ഇനിയും അയൽക്കാരെ അഭിവാദനം ചെയ്യണം.”​—⁠മത്തായി 5:47, 48.

ആളുകൾ എങ്ങനെ ഇടപെട്ടാലും മര്യാദയുള്ളവരായിരിക്കാൻ വീട്ടിൽവെച്ച്‌ അവർ കുട്ടികളെ പഠിപ്പിച്ചു. സമീപത്തുള്ള ഉഷ്‌ണനീരുറവകളിലേക്കുള്ള പതിവു യാത്രയ്‌ക്കിടയിൽ, അവർ ആളുകളെ അഭിവാദനം ചെയ്യേണ്ടവിധം കാറിലിരുന്നു പരിശീലിച്ചു. ഉന്മേഷഭരിതരായി “കോനിച്ചിവാ!”​—⁠“നമസ്‌കാരം!”​—⁠എന്നു പറഞ്ഞുകൊണ്ടാണ്‌ കുട്ടികൾ എല്ലായ്‌പോഴും കെട്ടിടത്തിലേക്കു കയറിച്ചെന്നിരുന്നത്‌. അയൽക്കാരുടെ പ്രതികരണം തണുപ്പൻ മട്ടിലുള്ളതായിരുന്നെങ്കിലും ആ കുടുംബം കണ്ടുമുട്ടുന്ന എല്ലാവരെയും ക്ഷമയോടെ അഭിവാദനം ചെയ്യുന്നതിൽ തുടർന്നു. ആ കുട്ടികളുടെ നല്ല പെരുമാറ്റമര്യാദ ജനശ്രദ്ധയാകർഷിക്കുകതന്നെ ചെയ്‌തു.

ഒടുവിൽ, ഒരു അയൽക്കാരനും അതേത്തുടർന്ന്‌ മറ്റുചിലരും തിരിച്ചു “കോനിച്ചിവാ” പറഞ്ഞു. രണ്ടു വർഷം കഴിഞ്ഞപ്പോൾ പട്ടണത്തിലെ എല്ലാവരുംതന്നെ പ്രത്യഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു. മാത്രമല്ല, ആളുകൾ അന്യോന്യം അഭിവാദനം ചെയ്യാനും ഏറെ സൗഹൃദം കാണിക്കാനും തുടങ്ങിയിരുന്നു. ഈ മാറ്റം സാധ്യമാക്കിയതിൽ ഈ കുട്ടികൾ വഹിച്ച പങ്കിനെപ്രതി അവരെ ആദരിക്കാൻ ഡെപ്യൂട്ടി മേയർ ആഗ്രഹിച്ചു. എന്നാൽ, ക്രിസ്‌ത്യാനികൾ ചെയ്യേണ്ടതെന്തോ അതു മാത്രമേ അവർ ചെയ്യുന്നുള്ളുവെന്ന്‌ അവരുടെ അമ്മ അദ്ദേഹത്തോടു പറഞ്ഞു. പിന്നീട്‌ മുഴു ദ്വീപിനുമായി നടത്തിയ ഒരു പ്രസംഗമത്സരത്തിൽ, ഒരു മകൻ പങ്കെടുത്തു. പ്രതികരണം എന്തുതന്നെ ആയിരുന്നാലും മറ്റുള്ളവരെ ഉപചാരപൂർവം അഭിവാദനം ചെയ്യാൻ അമ്മ കുടുംബത്തെ പരിശീലിപ്പിച്ചത്‌ എങ്ങനെയാണെന്ന്‌ അവൻ വിശദീകരിച്ചു. ആ പ്രസംഗത്തിന്‌ ഒന്നാം സമ്മാനം കിട്ടിയെന്നു മാത്രമല്ല ടൗണിലെ പത്രത്തിൽ അത്‌ അച്ചടിച്ചുവരുകയും ചെയ്‌തു. ക്രിസ്‌തീയ തത്ത്വങ്ങൾ പിൻപറ്റിയത്‌ സത്‌ഫലങ്ങളിൽ കലാശിച്ചതിനാൽ ആ കുടുംബം ഇപ്പോൾ വളരെ സന്തോഷം അനുഭവിക്കുന്നു. ആളുകൾ സൗഹൃദഭാവം ഉള്ളവരായിരിക്കുമ്പോൾ സുവാർത്ത പങ്കുവെക്കുക വളരെ എളുപ്പമാണ്‌.