വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ആയുധങ്ങൾ വഹിക്കേണ്ടിവരുന്ന തൊഴിൽ സ്വീകരിക്കുന്ന ഒരു ക്രിസ്ത്യാനിക്ക് നല്ല മനസ്സാക്ഷി കാത്തുസൂക്ഷിക്കാനാകുമോ?
ലോകമെങ്ങുമുള്ള യഹോവയുടെ സാക്ഷികൾ കുടുംബത്തിന്റെ ഭൗതിക ആവശ്യങ്ങൾക്കായി കരുതുന്നതു സംബന്ധിച്ച ദൈവദത്ത ഉത്തരവാദിത്വം ഗൗരവത്തോടെ വീക്ഷിക്കുന്നു. (1 തിമൊഥെയൊസ് 5:8) എന്നിരുന്നാലും ചിലതരം തൊഴിലുകളിൽ ബൈബിൾ തത്ത്വങ്ങളുടെ വ്യക്തമായ ലംഘനം ഉൾപ്പെട്ടിരിക്കുന്നതിനാൽ അവ ഒഴിവാക്കേണ്ടതാണ്. ചൂതാട്ടം, രക്തത്തിന്റെ ദുരുപയോഗം, പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട തൊഴിലുകൾ ഇവയിൽപ്പെടുന്നു. (യെശയ്യാവു 65:11, NW; പ്രവൃത്തികൾ 15:28; 2 കൊരിന്ത്യർ 7:1; കൊലൊസ്സ്യർ 3:5) മറ്റു ചില തൊഴിലുകൾ ബൈബിൾ നേരിട്ടു കുറ്റംവിധിക്കാത്തവയാണെങ്കിലും അവയിൽ ഏർപ്പെടുന്നവരുടെ മനസ്സാക്ഷി അവരെ കുറ്റപ്പെടുത്തിയേക്കാം അല്ലെങ്കിൽ മറ്റുള്ളവരുടെ മനസ്സാക്ഷിയെ അവ വ്രണപ്പെടുത്തിയേക്കാം.
തോക്കോ മറ്റ് ആയുധങ്ങളോ വഹിക്കേണ്ടിവരുന്ന ഒരു തൊഴിൽ ചെയ്യണമോ വേണ്ടയോ എന്നതു വ്യക്തിപരമായ തീരുമാനമാണ്. എന്നിരുന്നാലും ആയുധം ഉപയോഗിക്കേണ്ടിവന്നാൽ അത്തരമൊരു തൊഴിൽ ചെയ്യുന്ന വ്യക്തി രക്തപാതകം സംബന്ധിച്ചു കുറ്റക്കാരനാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് മനുഷ്യ ജീവൻ ഉൾപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, ആയുധം ഉപയോഗിക്കുന്നതിനോടുള്ള ബന്ധത്തിൽ പെട്ടെന്നൊരു തീരുമാനം എടുക്കേണ്ടിവരുന്നതിന്റെ ഭാരം കയ്യേൽക്കാൻ താൻ സന്നദ്ധനാണോയെന്ന് ഒരു ക്രിസ്ത്യാനി പ്രാർഥനാപൂർവം ചിന്തിക്കേണ്ടതുണ്ട്. ആയുധങ്ങൾ കൊണ്ടുനടക്കുന്ന ഒരു വ്യക്തിക്കു മറ്റുള്ളവരുടെ ആക്രമണത്തിന്റെയോ പ്രതികാരനടപടിയുടെയോ ഫലമായി പരുക്കോ ജീവഹാനിയോ സംഭവിക്കാനുള്ള സാധ്യതയുമുണ്ട്.
ഒരുവന്റെ തീരുമാനം മറ്റുള്ളവരെയും ബാധിച്ചേക്കാം. ഉദാഹരണത്തിന് ഒരു ക്രിസ്ത്യാനിയുടെ പ്രാഥമിക ഉത്തരവാദിത്വം ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുക എന്നതാണ്. (മത്തായി 24:14) ആയുധം വഹിക്കേണ്ടിവരുന്ന ഒരു ജീവിതവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു വ്യക്തിക്ക് “സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ” എന്നു മറ്റുള്ളവരെ പഠിപ്പിക്കാൻ കഴിയുമോ? (റോമർ 12:18) കുട്ടികളെയോ കുടുംബത്തിലെ മറ്റ് അംഗങ്ങളെയോ സംബന്ധിച്ചെന്ത്? വീട്ടിൽ ഒരു കൈത്തോക്കു സൂക്ഷിക്കുന്നത് അവരുടെ ജീവന് അപകടകരമായിരിക്കുമോ? കൂടാതെ, ഇക്കാര്യത്തിലുള്ള ഒരാളുടെ നിലപാട് മറ്റുള്ളവരെ ഇടറിക്കുമോ?—ഫിലിപ്പിയർ 1:10.
“ഉഗ്രന്മാരും സൽഗുണദ്വേഷികളും” ആയ വ്യക്തികളുടെ എണ്ണം ഈ “അന്ത്യകാലത്തു” കൂടിവരുകയാണ്. (2 തിമൊഥെയൊസ് 3:1, 3, 4) സായുധ തൊഴിൽ സ്വീകരിക്കുന്ന ഒരുവന് അത്തരം വ്യക്തികളെ നേരിടേണ്ടി വന്നേക്കാം. ഇതൊക്കെ അറിഞ്ഞുകൊണ്ട് അത്തരം തൊഴിൽ തിരഞ്ഞെടുക്കുന്ന ഒരു വ്യക്തിക്ക് ‘അനിന്ദ്യനായി’ അഥവാ കുറ്റമറ്റവനായി നിലകൊള്ളാനാകുമോ? (1 തിമൊഥെയൊസ് 3:10) തീർച്ചയായും ഇല്ല. ഇക്കാരണത്താൽ, ബൈബിളിൽനിന്നു ദയാപുരസ്സരം ബുദ്ധിയുപദേശം നൽകിയശേഷവും അത്തരം ഒരു വ്യക്തി ആയുധം വഹിക്കുന്നതിൽ തുടരുന്നെങ്കിൽ സഭ അയാളെ “നിരപവാദ്യനായി” കണക്കാക്കുകയില്ല. (1 തിമൊഥെയൊസ് 3:2; തീത്തൊസ് 1:5, 6) അതിനാൽ അങ്ങനെയുള്ള ഒരു പുരുഷനോ സ്ത്രീക്കോ സഭയിൽ യാതൊരു പ്രത്യേക പദവിക്കും യോഗ്യത ഉണ്ടായിരിക്കുകയില്ല.
രാജ്യതാത്പര്യങ്ങൾക്കു പ്രഥമ സ്ഥാനം നൽകുന്നെങ്കിൽ, ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങളെക്കുറിച്ച് അമിതമായി ഉത്കണ്ഠപ്പെടേണ്ടതില്ലെന്ന് യേശു തന്റെ ശിഷ്യന്മാർക്ക് ഉറപ്പു നൽകി. (മത്തായി 6:25, 33) യഹോവയെ നാം സമ്പൂർണമായി ആശ്രയിക്കുന്നപക്ഷം തീർച്ചയായും നമ്മെ “അവൻ . . . പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല.”—സങ്കീർത്തനം 55:22.