മറുവില ദൈവത്തിന്റെ നീതിയെ വിളിച്ചോതുന്നു
മറുവില ദൈവത്തിന്റെ നീതിയെ വിളിച്ചോതുന്നു
ആദാമിന്റെയും ഹവ്വായുടെയും മത്സരത്തിനുശേഷം, ഒരു സന്തതിയെ ഉളവാക്കുന്നതു സംബന്ധിച്ച തന്റെ ഉദ്ദേശ്യം യഹോവ വ്യക്തമാക്കുകയുണ്ടായി, ആ സന്തതിയുടെ കുതികാൽ തകർക്കപ്പെടുമെന്ന് അവൻ പ്രസ്താവിച്ചു. (ഉല്പത്തി 3:15) ദൈവത്തിന്റെ ശത്രുക്കൾ യേശുക്രിസ്തുവിനെ ഒരു ദണ്ഡനസ്തംഭത്തിൽ വധിച്ചപ്പോൾ ഇതു നിവൃത്തിയേറി. (ഗലാത്യർ 3:13, 16) പരിശുദ്ധാത്മശക്തികൊണ്ട് ഒരു കന്യകയുടെ ഗർഭാശയത്തിൽ അത്ഭുതകരമായി ഉരുവായതിനാൽ യേശു പാപരഹിതനായിരുന്നു. അക്കാരണത്താൽ, ആദാമിൽനിന്നു പാപവും മരണവും അവകാശപ്പെടുത്തിയ മനുഷ്യരെ മോചിപ്പിക്കാനുള്ള മറുവിലയെന്ന നിലയിൽ അവന്റെ ചൊരിയപ്പെട്ട രക്തം ഉപയോഗിക്കാൻ കഴിയുമായിരുന്നു.—റോമർ 5:12, 19.
സർവശക്തനായ യഹോവയുടെ ഉദ്ദേശ്യം നിവർത്തിക്കുന്നതിൽനിന്ന് അവനെ തടയാൻ യാതൊന്നിനുമാവില്ല. അതിനാൽ, മനുഷ്യൻ പാപിയായിത്തീർന്ന ഉടനെ തന്നെ, യഹോവയുടെ കാഴ്ചപ്പാടിൽ മറുവില നൽകപ്പെട്ടതിനു തുല്യമായിരുന്നു. അങ്ങനെ തന്റെ വാഗ്ദാനങ്ങളുടെ നിവൃത്തിയിൽ വിശ്വാസം അർപ്പിച്ചവരുമായി ഇടപെടാൻ അവനു കഴിയുമായിരുന്നു. ദൈവത്തിന്റെ വിശുദ്ധിക്കു കളങ്കമേൽപ്പിക്കാതെ ആദാമിന്റെ പാപികളായ സന്തതികളായ ഹാനോക്ക്, നോഹ, അബ്രാഹാം തുടങ്ങിയവർക്ക് അവനോടുകൂടെ നടക്കാനും അവന്റെ സുഹൃത്താകാൻപോലും കഴിഞ്ഞത് അതുകൊണ്ടാണ്.—ഉല്പത്തി 5:24; 6:9; യാക്കോബ് 2:23.
യഹോവയിൽ വിശ്വാസമുണ്ടായിരുന്ന ചിലർ ഗുരുതരമായ പാപങ്ങൾ ചെയ്യുകയുണ്ടായി. ദാവീദ് രാജാവാണ് അവരിലൊരാൾ. “ബത്ത്-ശേബയുമായി വ്യഭിചാരം ചെയ്യുകയും അവളുടെ ഭർത്താവായ ഊരീയാവിനെ കൊല്ലിക്കുകയുംചെയ്ത ശേഷവും യഹോവയ്ക്ക് ദാവീദ് രാജാവിനെ തുടർന്നും എങ്ങനെ അനുഗ്രഹിക്കാൻ കഴിഞ്ഞു”വെന്നു നിങ്ങൾ ചോദിച്ചേക്കാം. ദാവീദിന്റെ യഥാർഥ അനുതാപവും വിശ്വാസവും ആയിരുന്നു ഉൾപ്പെട്ടിരുന്ന ഒരു സുപ്രധാന ഘടകം. (2 ശമൂവേൽ 11:1-17; 12:1-14) ഭാവിയിൽ നടക്കാനിരുന്ന യേശുക്രിസ്തുവിന്റെ യാഗത്തിന്റെ അടിസ്ഥാനത്തിൽ, അനുതപിച്ച ദാവീദിന്റെ പാപങ്ങൾ ക്ഷമിക്കാനും അതേസമയംതന്നെ തന്റെ നീതിയും ന്യായവും നിലനിറുത്താനും ദൈവത്തിനു കഴിഞ്ഞു. (സങ്കീർത്തനം 32:1, 2) അതിന്റെ തെളിവെന്ന നിലയിൽ, യേശുവിന്റെ മറുവിലയാഗത്തിന്റെ ഏറ്റവും മികച്ച നേട്ടമെന്താണെന്നു ബൈബിൾ പിൻവരുംവിധം വിശദീകരിക്കുന്നു: “ദൈവം . . . മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ, . . . ഇക്കാലത്തു തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ തന്നേ അങ്ങനെ ചെയ്തു.”—റോമർ 3:25, 26.
യേശുവിന്റെ രക്തത്തിന്റെ മൂല്യം നിമിത്തം മഹത്തായ പ്രയോജനങ്ങളാണ് മനുഷ്യവർഗത്തിനു ലഭിക്കുന്നത്. മറുവിലയുടെ അടിസ്ഥാനത്തിൽ, പ്രവൃത്തികൾ 24:15) അപ്പോൾ മറുവിലയുടെ അടിസ്ഥാനത്തിൽ, അനുസരണമുള്ള സകല മനുഷ്യർക്കും യഹോവ നിത്യജീവൻ നൽകും. (യോഹന്നാൻ 3:36) യേശുതന്നെ ഇപ്രകാരം വിശദീകരിച്ചു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹന്നാൻ 3:16) മറുവിലയാഗം എന്ന ദിവ്യകരുതൽ നിമിത്തമാണ് ഈ അനുഗ്രഹങ്ങളെല്ലാം മനുഷ്യവർഗത്തിനു ലഭിക്കുന്നത്.
അനുതാപം പ്രകടമാക്കുന്ന പാപികളായ മനുഷ്യർക്ക് ദൈവവുമായി ഒരു അടുത്ത ബന്ധം ആസ്വദിക്കാൻ കഴിയും. മാത്രമല്ല, മറുവില ദൈവത്തിന്റെ പുതിയ ലോകത്തിലേക്കുള്ള മരിച്ചവരുടെ പുനരുത്ഥാനത്തിനു വഴിതുറക്കുന്നു. യേശു മറുവില നൽകിയതിനു മുമ്പു മരിച്ചുപോയ ദൈവത്തിന്റെ വിശ്വസ്ത ദാസരും എന്തിന്, അവനെ ആരാധിക്കാതെ അജ്ഞതയിൽ മരിച്ചുപോയ അനേകരും പോലും അതിൽ ഉൾപ്പെടും. ബൈബിൾ ഇപ്രകാരം പറയുന്നു: “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും.” (എന്നാൽ, നമുക്കു ലഭിക്കുന്ന പ്രയോജനങ്ങളല്ല മറുവിലയുടെ സുപ്രധാന വശം. യഹോവയുടെ നാമത്തോടുള്ള ബന്ധത്തിൽ ക്രിസ്തുവിന്റെ മറുവില എന്തു പങ്കുവഹിക്കുന്നു എന്നതാണ് ഏറെ പ്രധാനം. പാപികളായ മനുഷ്യരോട് ഇടപെടുമ്പോൾത്തന്നെ നിർമലനും പരിശുദ്ധനുമായി നിലകൊള്ളാൻ കഴിയുന്ന സമ്പൂർണ നീതിയുള്ള ദൈവമാണ് യഹോവ എന്ന് അതു തെളിയിക്കുന്നു. ദൈവം മറുവില പ്രദാനം ചെയ്യാൻ ഉദ്ദേശിച്ചില്ലായിരുന്നെങ്കിൽ, ആദാമിന്റെ സന്തതികളിൽ ആർക്കും, ഹാനോക്കിനോ നോഹയ്ക്കോ അബ്രാഹാമിനോ പോലും യഹോവയോടുകൂടെ നടക്കാനോ അവന്റെ സൗഹൃദം ആസ്വദിക്കാനോ കഴിയുമായിരുന്നില്ല. ആ വസ്തുത തിരിച്ചറിഞ്ഞുകൊണ്ട് സങ്കീർത്തനക്കാരൻ ഇപ്രകാരം എഴുതി: “യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ കർത്താവേ, ആർ നിലനില്ക്കും?” (സങ്കീർത്തനം 130:3) തന്റെ പ്രിയപുത്രനെ ഭൂമിയിലേക്ക് അയച്ചതിന് യഹോവയോടും നമുക്കായി സ്വന്തം ജീവൻ സ്വമനസ്സാലെ മറുവില നൽകിയതിന് യേശുവിനോടും നാം എത്ര നന്ദിയുള്ളവർ ആയിരിക്കണം!—മർക്കൊസ് 10:45.