വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്റെ ‘ഹൃദയത്തിലെ ആഗ്രഹങ്ങൾ’ സഫലമായി

എന്റെ ‘ഹൃദയത്തിലെ ആഗ്രഹങ്ങൾ’ സഫലമായി

ജീവിത കഥ

എന്റെ ‘ഹൃദയത്തിലെ ആഗ്രഹങ്ങൾ’ സഫലമായി

ഡോമിനിക്‌ മോർഗൂ പറഞ്ഞപ്രകാരം

ഒടുവിൽ 1998 ഡിസംബറിൽ ഞാൻ ആഫ്രിക്കയിലെത്തി! അങ്ങനെ ഒരു ബാല്യകാല സ്വപ്‌നം പൂവണിഞ്ഞു. ആഫ്രിക്കയിലെ വിശാലമായ ഭൂപ്രദേശങ്ങളും ആകർഷകമായ വന്യജീവികളും എന്നെ എല്ലായ്‌പോഴും ഹരംകൊള്ളിച്ചിട്ടുള്ള ഒരു സ്വപ്‌നമായിരുന്നു. ഇപ്പോഴിതാ അതൊക്കെ കൺമുമ്പിൽ! അതോടൊപ്പം മറ്റൊരു സ്വപ്‌നവും യാഥാർഥ്യമായി. വിദേശത്തു സേവിക്കുന്ന ഒരു മുഴുസമയ സുവിശേഷകയായിത്തീർന്നു ഞാൻ. പലർക്കും അത്‌ അസാധ്യമായി തോന്നിയിരിക്കാം. കാഴ്‌ചശക്തി നന്നേ കുറഞ്ഞ ഞാൻ, ആഫ്രിക്കൻ ഗ്രാമങ്ങളിലെ മണൽനിറഞ്ഞ തെരുവുകളിലൂടെ നടക്കുന്നത്‌ യൂറോപ്യൻ നഗരങ്ങളിലെ തെരുവുകൾക്കുവേണ്ടി പരിശീലിപ്പിക്കപ്പെട്ട ഒരു വഴികാട്ടി നായയുടെ സഹായത്തോടെയാണ്‌. എനിക്ക്‌ ആഫ്രിക്കയിലെ സേവനം സാധ്യമായതും യഹോവ എന്റെ ‘ഹൃദയത്തിലെ ആഗ്രഹങ്ങൾ’ സഫലമാക്കിയതും എങ്ങനെയെന്നു ഞാൻ പറയാം.​—⁠സങ്കീർത്തനം 37:⁠4.

ദക്ഷിണ ഫ്രാൻസിൽ 1966 ജൂൺ 9-നാണു ഞാൻ ജനിച്ചത്‌. കരുതലും സ്‌നേഹവുമുള്ള മാതാപിതാക്കളും അഞ്ചു പെൺമക്കളും രണ്ട്‌ ആൺമക്കളും അടങ്ങിയ ഒരു കുടുംബത്തിലെ ഏറ്റവും ഇളയ അംഗമായിരുന്നു ഞാൻ. എന്നാൽ എന്റെ കൊച്ചുന്നാളിൽ സങ്കടകരമായ ഒന്ന്‌ എനിക്കു സംഭവിച്ചു. കാഴ്‌ചശക്തി മങ്ങിമങ്ങി ഒടുവിൽ പൂർണ അന്ധതയ്‌ക്ക്‌ ഇടയാക്കുന്ന ഒരു പാരമ്പര്യ രോഗം എന്നെ ബാധിച്ചു. എന്റെ വല്യമ്മയും അമ്മയും ഒരു സഹോദരിയും ഈ രോഗത്തിന്‌ അടിമകളാണ്‌.

കൗമാരത്തിലായിരിക്കെ ഞാൻ വർഗീയത, മുൻവിധി എന്നിവയ്‌ക്കു വിധേയയാകുകയും കാപട്യം അനുഭവിച്ചറിയുകയും ചെയ്‌തിരുന്നു. സമൂഹത്തോട്‌ എതിർത്തുനിൽക്കാൻ അത്‌ എന്നെ പ്രേരിപ്പിച്ചു. ഈ സമയത്താണ്‌ ഞങ്ങൾ എയ്‌റോയിലേക്കു താമസം മാറ്റിയത്‌. അവിടെവെച്ച്‌ ശ്രദ്ധേയമായ ഒരു കാര്യം നടന്നു.

ഒരു ഞായറാഴ്‌ച രാവിലെ യഹോവയുടെ സാക്ഷികളായ രണ്ടു വനിതകൾ ഞങ്ങളുടെ വീട്ടുവാതിൽക്കൽവന്നു. അവരെ പരിചയമുണ്ടായിരുന്ന അമ്മ അവരെ അകത്തേക്കു ക്ഷണിച്ചു. ഒരിക്കൽ താൻ ബൈബിൾ പഠിക്കുമെന്നു പറഞ്ഞത്‌ ഓർമിക്കുന്നുണ്ടോയെന്ന്‌ അവരിൽ ഒരാൾ അമ്മയോടു ചോദിച്ചു. അത്‌ ഓർമയുണ്ടായിരുന്ന അമ്മ ചോദിച്ചു: “എപ്പോഴാ തുടങ്ങേണ്ടത്‌?” ഞായറാഴ്‌ച രാവിലെകളിൽ പഠിക്കാൻ അവർ ക്രമീകരണം ചെയ്‌തു. അങ്ങനെ അമ്മ “സുവിശേഷത്തിന്റെ സത്യം” പഠിക്കാൻ തുടങ്ങി.​—⁠ഗലാത്യർ 2:14.

ഉൾക്കാഴ്‌ച നേടുന്നു

ചർച്ച ചെയ്യുന്ന വിവരങ്ങൾ മനസ്സിലാക്കുന്നതിനും ഓർത്തിരിക്കുന്നതിനും അമ്മ വളരെയധികം യത്‌നിച്ചു. അന്ധയായതിനാൽ അമ്മ സകലതും ഓർമയിൽ സൂക്ഷിക്കണമായിരുന്നു. ആ സാക്ഷികൾ അമ്മയോടു വളരെ ക്ഷമ കാണിച്ചു. സാക്ഷികൾ വന്നാൽ അവർ പോകുന്നതുവരെ മുറിയിൽ ഒളിച്ചിരിക്കുകയായിരുന്നു എന്റെ പതിവ്‌. എങ്കിലും ഒരു ദിവസം ആ സാക്ഷികളിൽ ഒരാളായ യൂജിനി എന്നെ കണ്ടു സംസാരിച്ചു. ഈ ലോകത്തിലെ കാപട്യത്തിനും വിദ്വേഷത്തിനും മുൻവിധിക്കും ദൈവരാജ്യം അറുതിവരുത്തുമെന്ന്‌ അവർ എന്നോടു പറഞ്ഞു. “ദൈവത്തിനു മാത്രമേ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയൂ,” അവർ കൂട്ടിച്ചേർത്തു. തുടർന്ന്‌, കൂടുതൽ കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നുവോയെന്ന്‌ എന്നോടു ചോദിച്ചു. പിറ്റേന്നുതന്നെ എനിക്കു ബൈബിളധ്യയനം തുടങ്ങി.

പഠിക്കുന്ന കാര്യങ്ങളെല്ലാം എന്നെ സംബന്ധിച്ചിടത്തോളം പുതിയതായിരുന്നു. ന്യായമായ കാരണങ്ങളോടെയാണു ദൈവം ഭൂമിയിൽ താത്‌കാലികമായി ദുഷ്ടത അനുവദിച്ചിരിക്കുന്നതെന്ന സത്യം ഞാൻ മനസ്സിലാക്കി. (ഉല്‌പത്തി 3:15; യോഹന്നാൻ 3:16; റോമർ 9:17) യഹോവ നമ്മെ പ്രത്യാശയില്ലാത്തവരായി വിട്ടിട്ടില്ലെന്നും ഞാൻ പഠിച്ചു. പറുദീസ ഭൂമിയിലെ നിത്യജീവൻ എന്ന അതിമഹത്തായ പ്രത്യാശയാണ്‌ അവൻ നമുക്കു വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. (സങ്കീർത്തനം 37:29; 96:11, 12; യെശയ്യാവു 35:1, 2; 45:18) നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്ന എന്റെ കാഴ്‌ച ആ പറുദീസയിൽ എനിക്കു വീണ്ടുകിട്ടുമെന്നു ഞാൻ മനസ്സിലാക്കി.​—⁠യെശയ്യാവു 35:⁠5.

മുഴുസമയ സേവനം ആരംഭിക്കുന്നു

യഹോവയ്‌ക്കു സമർപ്പിക്കപ്പെട്ടവളെന്ന നിലയിൽ 1985 ഡിസംബർ 12-ന്‌ ഞാൻ സ്‌നാപനമേറ്റു. എന്റെ സഹോദരി മാരി-ക്ലാർ നേരത്തേതന്നെ ആ പടി സ്വീകരിച്ചിരുന്നു. താമസിയാതെ അമ്മയും എന്റെ സഹോദരൻ ഷാൻ-പിയറും സ്‌നാപനമേറ്റു.

ഞാൻ സഹവസിച്ചുകൊണ്ടിരുന്ന സഭയിൽ പലരും സാധാരണ പയനിയറിങ്‌ അതായത്‌ മുഴുസമയ സുവിശേഷവേല ചെയ്യുന്നുണ്ടായിരുന്നു. അവരുടെ സന്തോഷവും ശുശ്രൂഷയിലുള്ള ഉത്സാഹവും എന്നെ പ്രോത്സാഹിപ്പിച്ചു. കാഴ്‌ചയ്‌ക്കു പ്രശ്‌നമുള്ള, കാലിന്റെ തകരാറു നിമിത്തം ഒരു ഉപകരണം ഘടിപ്പിച്ചിട്ടുള്ള, മാരി-ക്ലാർപോലും മുഴുസമയസേവനത്തിൽ പ്രവേശിച്ചു. ഇന്നുവരെയും അവൾ എനിക്ക്‌ ആത്മീയ പ്രോത്സാഹനത്തിന്റെ ഒരു ഉറവാണ്‌. സഭയിലും കുടുംബത്തിലും പയനിയർമാർ ഉണ്ടായിരുന്നത്‌ മുഴുസമയ സേവനത്തിൽ പ്രവേശിക്കാനുള്ള തീവ്രമായ ആഗ്രഹം എന്നിൽ ജനിപ്പിച്ചു. അങ്ങനെ 1990 നവംബറിൽ ബേസ്യേ എന്ന നഗരത്തിൽ ഞാൻ ഒരു പയനിയറായി സേവിക്കാൻ തുടങ്ങി.​—⁠സങ്കീർത്തനം 94:17-19.

നിരുത്സാഹത്തെ തരണം ചെയ്യുന്നു

ശുശ്രൂഷയിലായിരിക്കെ മറ്റു പയനിയർമാർ എന്റെ ആവശ്യങ്ങളിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എങ്കിൽപ്പോലും സ്വന്തം പരിമിതികൾ എന്നെ പലപ്പോഴും നിരുത്സാഹിതയാക്കിയിരുന്നു. കൂടുതൽ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്‌ ഞാൻ ആഗ്രഹിച്ചു. ഈ സമയത്തെല്ലാം യഹോവ എന്നെ പുലർത്തി. എന്നെപ്പോലെ കാഴ്‌ചത്തകരാറുള്ള പയനിയർമാരുടെ ജീവിതകഥകൾക്കുവേണ്ടി ഞാൻ വീക്ഷാഗോപുര പ്രസിദ്ധീകരണ സൂചികയിൽ (ഇംഗ്ലീഷ്‌) തിരഞ്ഞു. നിരവധി ലേഖനങ്ങൾ എനിക്കു ലഭിച്ചു! എനിക്ക്‌ എത്ര ചെയ്യാനാകുന്നു എന്നതു വിലമതിക്കാനും എന്റെ പരിമിതികൾ അംഗീകരിക്കാനും പ്രായോഗികവും പ്രോത്സാഹജനകവുമായ ആ വിവരണങ്ങൾ എന്നെ പഠിപ്പിച്ചു.

മറ്റു സാക്ഷികളുമൊത്ത്‌ ഷോപ്പിങ്‌ കോംപ്ലക്‌സുകളിൽ ശുചീകരണവേല ചെയ്‌തുകൊണ്ടാണ്‌ ഞാൻ എന്റെ ആവശ്യങ്ങൾ നിറവേറ്റിയിരുന്നത്‌. ഒരു ദിവസം ഞാൻ ശുചിയാക്കിയ സ്ഥലങ്ങൾത്തന്നെ സഹജോലിക്കാർ വീണ്ടും ശുചിയാക്കുന്നതു ഞാൻ ശ്രദ്ധിച്ചു. എന്റെ വേല അത്ര പോരായിരുന്നു. പലതും എനിക്കു കാണാൻ കഴിയുന്നില്ലായിരുന്നു. തുടർന്ന്‌ ഞാൻ ഞങ്ങളുടെ ശുചീകരണ ടീമിന്റെ നേതൃത്വം വഹിച്ചിരുന്ന വാലറി എന്ന പയനിയറിന്റെ അടുത്തേക്കു ചെന്ന്‌ ഞാൻ മറ്റുള്ളവർക്കുംകൂടെ ബുദ്ധിമുട്ടുണ്ടാക്കുകയാണെങ്കിൽ അത്‌ എന്നോടു തുറന്നുപറയണമെന്ന്‌ ആവശ്യപ്പെട്ടു. മേലാൽ ജോലി ചെയ്യാനാവില്ലെന്നു തോന്നുന്ന ഘട്ടംവരെ ചെയ്‌തുകൊള്ളാൻ സഹോദരി എന്നോടു പറഞ്ഞു. 1994 മാർച്ചിൽ ഞാൻ ആ ജോലി വിട്ടു.

ഒന്നിനും കൊള്ളാത്തവളാണെന്ന തോന്നൽ വീണ്ടും എന്നെ പിടികൂടി. ഞാൻ യഹോവയോടു മുട്ടിപ്പായി പ്രാർഥിച്ചു, അവൻ എന്റെ യാചനകൾ കേട്ടു. ബൈബിളിന്റെയും ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങളുടെയും പഠനം ഈ അവസരത്തിലും എനിക്കു വലിയ സഹായമായിരുന്നു. കാഴ്‌ചശക്തി നഷ്ടപ്പെടുകയായിരുന്നെങ്കിലും യഹോവയെ സേവിക്കാനുള്ള എന്റെ ആഗ്രഹം ശക്തമായിത്തീരുകയായിരുന്നു. എനിക്ക്‌ എന്തു ചെയ്യാൻ കഴിയുമായിരുന്നു?

കാത്തിരിപ്പിന്‌ അപ്രതീക്ഷിത വിരാമം

അന്ധർക്കും കാഴ്‌ചത്തകരാറുള്ളവർക്കും വേണ്ടി നിംസിൽ ഉള്ള ഒരു പുനരധിവാസ കേന്ദ്രത്തിൽ പരിശീലനത്തിനായി ഞാൻ അപേക്ഷിച്ചു. ഒടുവിൽ എനിക്ക്‌ അവിടെ പ്രവേശനം ലഭിച്ചു. മൂന്നു മാസത്തേക്കായിരുന്നു പരിശീലനം. അതു വളരെ സഹായകമായിരുന്നു. എന്റെ വൈകല്യം എത്രത്തോളമുണ്ടെന്നു മനസ്സിലാക്കി അതിനോടു പൊരുത്തപ്പെടാൻ ഞാൻ പഠിച്ചു. എനിക്കുള്ള ക്രിസ്‌തീയ പ്രത്യാശ എത്രയോ വിലയേറിയതാണെന്നു തിരിച്ചറിയാൻ നാനാതരം ആരോഗ്യപ്രശ്‌നങ്ങളാൽ വലയുന്നവരുമായി ഇടപഴകിയതുമൂലം എനിക്കു സാധിച്ചു. കുറഞ്ഞപക്ഷം എനിക്കൊരു ലക്ഷ്യമുണ്ടായിരുന്നു, ഫലപ്രദമായ എന്തെങ്കിലും ചെയ്യാനും കഴിഞ്ഞിരുന്നു. ഞാൻ ഫ്രഞ്ച്‌ ബ്രെയ്‌ലും പഠിച്ചു.

വീട്ടിൽ തിരിച്ചെത്തിയപ്പോൾ, ആ പരിശീലനം എന്നെ എത്രമാത്രം സഹായിച്ചിരിക്കുന്നുവെന്നത്‌ എന്റെ കുടുംബാംഗങ്ങൾ ശ്രദ്ധിച്ചു. എന്നാൽ എനിക്ക്‌ ഒട്ടും ഇഷ്ടമില്ലായിരുന്ന ഒരു കാര്യം വെള്ള ചൂരൽവടി ഉപയോഗിക്കുന്നതായിരുന്നു. ആ “വടി”യുടെ ആവശ്യമുണ്ടെന്ന്‌ അംഗീകരിക്കുന്നതുതന്നെ എന്നെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുപിടിച്ച ഒരു കാര്യമായിരുന്നു. സഹായത്തിനായി മറ്റെന്തെങ്കിലും, ഒരുപക്ഷേ ഒരു വഴികാട്ടി നായ്‌, ഉണ്ടായിരിക്കുന്നതായിരുന്നു നല്ലത്‌.

ഒരു നായയ്‌ക്കുവേണ്ടി ഞാൻ അപേക്ഷിച്ചു. എന്നാൽ നിരവധിപേർ വെയ്‌റ്റിങ്‌ ലിസ്റ്റിൽ ഉണ്ടെന്ന്‌ ആ ഏജൻസി എന്നെ അറിയിച്ചു. മാത്രമല്ല അവർക്ക്‌ എന്നെക്കുറിച്ച്‌ ഒരു അന്വേഷണവും നടത്തേണ്ടതുണ്ടായിരുന്നു. കാരണം അത്തരം നായ്‌ക്കളെ അങ്ങനെ എല്ലാവർക്കുമൊന്നും കൊടുക്കാറില്ലായിരുന്നു. അങ്ങനെയിരിക്കെ, സ്ഥലത്തെ ഒരു ടെന്നീസ്‌ ക്ലബ്‌ ആ പ്രദേശത്തുള്ള ഭാഗികമായോ പൂർണമായോ അന്ധതയുള്ള ഒരാൾക്ക്‌ ഒരു വഴികാട്ടി നായയെ സംഭാവന ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെന്ന വിവരം അന്ധർക്കുവേണ്ടിയുള്ള ഒരു പ്രസ്ഥാനം നടത്തുന്ന ഒരു വനിത എന്നെ അറിയിച്ചു. അവർ എന്റെ കാര്യം ഓർത്തെന്ന്‌ എന്നോടു പറഞ്ഞു. ഞാൻ ആ അവസരം പ്രയോജനപ്പെടുത്തുമായിരുന്നോ? യഹോവയുടെ വഴിനടത്തിപ്പ്‌ തിരിച്ചറിഞ്ഞ ഞാൻ ആ വാഗ്‌ദാനം സ്വീകരിച്ചു. എന്നിരുന്നാലും നായയെ ലഭിക്കാൻ പിന്നെയും കാത്തിരിക്കണമായിരുന്നു.

ആഫ്രിക്കയെക്കുറിച്ച്‌ അപ്പോഴും ചിന്തിക്കുന്നു

കാത്തിരുന്ന ആ സമയത്ത്‌ ഞാൻ ശ്രദ്ധ മറ്റൊരു വഴിക്കു തിരിച്ചു. ഞാൻ നേരത്തേ സൂചിപ്പിച്ചതുപോലെ, ബാല്യംമുതൽ ആഫ്രിക്കയോട്‌ എനിക്ക്‌ എന്തെന്നില്ലാത്ത ഒരു താത്‌പര്യമുണ്ടായിരുന്നു. കാഴ്‌ചശക്തി ക്ഷയിച്ചുകൊണ്ടിരിക്കുകയായിരുന്നെങ്കിലും എന്റെ ആ താത്‌പര്യം മുമ്പെന്നത്തേതിലും ശക്തമായിരുന്നു, പ്രത്യേകിച്ചും ആഫ്രിക്കയിൽ നിരവധിപേർ ബൈബിളിലും യഹോവയെ സേവിക്കുന്നതിലും തത്‌പരരാണെന്നു മനസ്സിലാക്കിയപ്പോൾമുതൽ. ആഫ്രിക്ക സന്ദർശിക്കാൻ എനിക്ക്‌ ആഗ്രഹമുണ്ടെന്ന്‌ കുറച്ചുനാൾ മുമ്പു ഞാൻ വാലറിയോട്‌ വെറുതെ പറഞ്ഞിരുന്നു. “എന്നോടൊപ്പം വരുന്നോ?” ഞാൻ ചോദിച്ചു. അവർ സമ്മതിച്ചു. അതേത്തുടർന്ന്‌ ഞങ്ങൾ ആഫ്രിക്കയിലെ യഹോവയുടെ സാക്ഷികളുടെ പല ബ്രാഞ്ച്‌ ഓഫീസുകളുമായി ബന്ധപ്പെട്ടു. ഫ്രഞ്ച്‌ ഔദ്യോഗിക ഭാഷയായിരിക്കുന്ന ഓഫീസുകൾക്കാണു ഞങ്ങൾ എഴുതിയത്‌.

ടോഗോയിൽനിന്ന്‌ ഒരു മറുപടി വന്നു. എനിക്ക്‌ എത്ര സന്തോഷം തോന്നിയെന്നോ! അതു വായിച്ചുകേൾപ്പിക്കാൻ ഞാൻ വാലറിയോട്‌ ആവശ്യപ്പെട്ടു. ആ കത്ത്‌ വളരെ പ്രോത്സാഹജനകമായിരുന്നതുകൊണ്ട്‌ വാലറി പറഞ്ഞു: “എങ്കിൽപ്പിന്നെ പോയാലോ?” ബ്രാഞ്ചിലെ സഹോദരങ്ങളുമായി കത്തിടപാടുകൾ നടത്തിയശേഷം, തലസ്ഥാന നഗരിയായ ലോമേയിലെ സാൻഡ്ര എന്ന പയനിയർ സഹോദരിയുമായി ബന്ധപ്പെടാൻ എനിക്കു നിർദേശം ലഭിച്ചു. 1998 ഡിസംബർ 1-നു പുറപ്പെടാൻ ഞങ്ങൾ തീരുമാനിച്ചു.

കാര്യങ്ങൾ എത്ര വ്യത്യസ്‌തം, പക്ഷേ എത്ര ആഹ്ലാദകരം! ആഫ്രിക്കയിലെ ലോമേയിൽ വിമാനമിറങ്ങിയ ഞങ്ങൾക്ക്‌ അവിടത്തെ ചൂടിന്റെ കാഠിന്യം അനുഭവപ്പെട്ടു. സാൻഡ്ര ഞങ്ങളെ കണ്ടുമുട്ടി. മുമ്പൊരിക്കലും കണ്ടിട്ടില്ലായിരുന്നെങ്കിലും ചിരകാല സുഹൃത്തുക്കളെപ്പോലെയാണു ഞങ്ങൾക്കപ്പോൾ തോന്നിയത്‌. ഞങ്ങൾ ചെല്ലുന്നതിന്‌ ഏതാനും ദിവസം മുമ്പാണ്‌ സാൻഡ്രയും അവരുടെ പയനിയർ പങ്കാളിയായ ക്രിസ്റ്റിനും പ്രത്യേക പയനിയർമാരായി ഉൾപ്രദേശത്തുള്ള റ്റാബ്ലിഗ്‌ബോ എന്ന ചെറു പട്ടണത്തിൽ നിയമിതരായത്‌. അവരുടെ പുതിയ നിയമനസ്ഥലത്തേക്ക്‌ അവരോടൊപ്പം പോകാനുള്ള പദവി ഞങ്ങൾക്കു ലഭിച്ചു. രണ്ടു മാസത്തോളം അവിടെ തങ്ങിയ ശേഷം ഞങ്ങൾ തിരിച്ചുപോന്നു. ഞാനൊരു മടങ്ങിപ്പോക്കു പ്രതീക്ഷിച്ചിരുന്നു.

തിരിച്ചെത്തിയതിലെ സന്തോഷം

ഫ്രാൻസിൽ ചെന്ന ഉടൻതന്നെ ടോഗോയിലേക്കുള്ള രണ്ടാമത്തെ യാത്രയ്‌ക്കായി ഞാൻ തയ്യാറെടുപ്പുകൾ നടത്തിത്തുടങ്ങി. ആറുമാസത്തേക്ക്‌ അവിടെ തങ്ങാനുള്ള ക്രമീകരണങ്ങൾ കുടുംബാംഗങ്ങളുടെ സഹായത്തോടെ ചെയ്യാൻ എനിക്കു സാധിച്ചു. അങ്ങനെ 1999 സെപ്‌റ്റംബറിൽ ഞാൻ വീണ്ടും ടോഗോയ്‌ക്ക്‌ വിമാനംകയറി. ഇത്തവണ ഞാൻ തനിച്ചായിരുന്നു. ഗുരുതരമായ കാഴ്‌ചത്തകരാറുള്ള ഞാൻ ഒറ്റയ്‌ക്കു പോകുന്നതു കണ്ടപ്പോൾ കുടുംബാംഗങ്ങൾക്ക്‌ എന്തു തോന്നിക്കാണുമെന്ന്‌ ഒന്നാലോചിച്ചുനോക്കൂ! എന്നാൽ വിഷമിക്കേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നു. അതിനോടകം സ്വന്തം കുടുംബാംഗങ്ങളെപ്പോലെ വളരെയേറെ പരിചിതരായിത്തീർന്ന എന്റെ സുഹൃത്തുക്കൾ ലോമേയിൽ എന്നെയും കാത്തുനിൽക്കുന്നുണ്ടാകുമെന്നു ഞാൻ മാതാപിതാക്കൾക്ക്‌ ഉറപ്പു നൽകി.

വളരെയേറെപ്പേർ ബൈബിളിൽ താത്‌പര്യം കാണിക്കുന്ന ഒരു പ്രദേശത്ത്‌ തിരികെയെത്തിയത്‌ എത്ര സന്തോഷകരമായ ഒരു അനുഭവമായിരുന്നു! തെരുവുകളിൽ ആളുകൾ ബൈബിൾ വായിച്ചുകൊണ്ടിരിക്കുന്നത്‌ ഒരു പതിവു കാഴ്‌ചയാണ്‌. റ്റാബ്ലിഗ്‌ബോയിലെ ആളുകൾ നിങ്ങളെ ബൈബിൾ ചർച്ചകൾക്കായി ക്ഷണിക്കും. പ്രത്യേക പയനിയർമാരായ രണ്ടു സഹോദരിമാരോടുകൂടെ എളിയ ചുറ്റുപാടുകളിൽ താമസിക്കാൻ കഴിഞ്ഞത്‌ എത്ര നല്ല ഒരു പദവിയായിരുന്നു! കാര്യങ്ങളെ വ്യത്യസ്‌തമായ ഒരു രീതിയിൽ നോക്കിക്കാണുന്ന വേറൊരു സംസ്‌കാരവുമായി ഞാൻ സമ്പർക്കത്തിൽവന്നു. ആഫ്രിക്കയിലെ നമ്മുടെ ക്രിസ്‌തീയ സഹോദരങ്ങൾ രാജ്യതാത്‌പര്യങ്ങൾക്കു പ്രഥമസ്ഥാനം നൽകുന്നുവെന്നതാണ്‌ ഞാൻ ശ്രദ്ധിച്ച മുഖ്യസംഗതി. ഉദാഹരണത്തിന്‌, രാജ്യഹാളിലേക്കു കിലോമീറ്ററുകൾ നടക്കണമെങ്കിലും യോഗങ്ങളിൽ സംബന്ധിക്കുന്നതിന്‌ അതൊന്നും അവർക്ക്‌ ഒരു തടസ്സമാകാറില്ല. അവരുടെ ഊഷ്‌മള സ്‌നേഹം, ആതിഥ്യം എന്നിവയിൽനിന്നും ഞാൻ നിരവധി പാഠങ്ങൾ പഠിച്ചു.

ഒരിക്കൽ വയൽസേവനം കഴിഞ്ഞു മടങ്ങുമ്പോൾ, ഫ്രാൻസിലേക്കു തിരികെപ്പോകാൻ ഭയമാണെന്നു ഞാൻ സാൻഡ്രയോടു പറഞ്ഞു. എന്റെ കാഴ്‌ചശക്തി പിന്നെയും കുറഞ്ഞിരുന്നു. ആളുകൾ തിങ്ങിനിറഞ്ഞ, ശബ്ദായമാനമായ ബേസ്യേയിലെ തെരുവുകളും അവിടത്തെ അപ്പാർട്ടുമെന്റുകളിലെ കോണിപ്പടികളും മറ്റുമായിരുന്നു എന്റെ മനസ്സിൽ. കാഴ്‌ചത്തകരാറുള്ള ഒരു വ്യക്തിയുടെ ജീവിതത്തെ കൂടുതൽ വിഷമകരമാക്കുന്ന അനേകം കാര്യങ്ങളുണ്ടായിരുന്നു അവിടെ. എന്നാൽ റ്റാബ്ലിഗ്‌ബോയിലെ തെരുവുകൾ വെറും മൺപാതകൾ ആയിരുന്നെങ്കിലും ശാന്തമായിരുന്നു. അവിടെ വലിയ ആൾക്കൂട്ടങ്ങളോ ഗതാഗത തിരക്കോ ഇല്ലായിരുന്നു. റ്റാബ്ലിഗ്‌ബോയിലെ സാഹചര്യവുമായി ഇണങ്ങിയ ഞാൻ ഫ്രാൻസിൽ എങ്ങനെ ജീവിക്കുമായിരുന്നു?

രണ്ടു ദിവസം കഴിഞ്ഞപ്പോൾ, വഴികാട്ടിപ്പട്ടിയെ നൽകുന്ന സ്‌കൂൾ എന്നെ കാത്തിരിക്കുകയാണെന്ന്‌ അമ്മ ഫോൺ ചെയ്‌ത്‌ അറിയിച്ചു. ഓസേയാൻ എന്നു പേരുള്ള ലാബ്രഡോർ റിട്രിവർ എന്റെ “കണ്ണ്‌” ആയിത്തീരാൻ സജ്ജയായിരുന്നു. വീണ്ടും എന്റെ ആവശ്യങ്ങൾ നടന്നു, ആശങ്കകൾ അകന്നു. റ്റാബ്ലിഗ്‌ബോയിൽ സന്തോഷകരമായ ആറു മാസം ചെലവഴിച്ചശേഷം ഓസേയാനെ കാണാനായി ഞാൻ ഫ്രാൻസിലേക്കു തിരിച്ചു.

ഏതാനും മാസത്തെ പരിശീലനത്തിനുശേഷം ഓസേയാനെ എനിക്കു വിട്ടുതന്നു. തുടക്കത്തിൽ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ഞങ്ങൾ പരസ്‌പരം മനസ്സിലാക്കാൻ പഠിക്കേണ്ടിയിരുന്നു. എന്നാൽ, ഓസേയാന്റെ സഹായം എനിക്ക്‌ എത്രയധികം ആവശ്യമാണെന്നു ഞാൻ ക്രമേണ തിരിച്ചറിഞ്ഞു. യഥാർഥത്തിൽ, ഓസേയാൻ ഇപ്പോൾ എന്റെതന്നെ ഒരു ഭാഗമാണ്‌. ഒരു നായെയുമായി തങ്ങളുടെ വീട്ടിലേക്ക്‌ ഒരാൾ വരുന്നതു കണ്ട ബേസ്യേയിലെ ആളുകൾ എങ്ങനെയാണു പ്രതികരിച്ചത്‌? അവർ എന്നോടു വളരെയധികം ദയയും ആദരവും കാണിച്ചു. ഓസേയാൻ ആ പ്രദേശത്തെ “ഹീറോ” ആയിത്തീർന്നു. പലർക്കും അംഗവൈകല്യമുള്ള ഒരു വ്യക്തിയുടെ സാന്നിധ്യത്തിൽ അസ്വസ്ഥത തോന്നുന്നതിനാൽ, ഈ നായ ഉള്ളത്‌ എന്റെ പ്രശ്‌നത്തെക്കുറിച്ചു സ്വാഭാവികമായ വിധത്തിൽ സംസാരിക്കാൻ എന്നെ സഹായിച്ചു. ആളുകൾ പിരിമുറുക്കം കൂടാതെ എന്നെ ശ്രദ്ധിക്കുമായിരുന്നു. വാസ്‌തവത്തിൽ സംഭാഷണത്തിനു തുടക്കമിടുന്നതിനുള്ള ഏറ്റവും നല്ല മാർഗമായിരുന്നു ഓസേയാൻ.

ഓസേയാനുമൊത്ത്‌ ആഫ്രിക്കയിൽ

ഞാൻ ആഫ്രിക്കയെ മറന്നിട്ടില്ലായിരുന്നു. ഞാൻ മൂന്നാം യാത്രയ്‌ക്കുള്ള തയാറെടുപ്പു തുടങ്ങി. ഇത്തവണ ഓസേയാനും കൂടെയുണ്ടായിരുന്നു. ആന്റണി, ഒറൊറോ എന്ന യുവദമ്പതികളും എന്റെ സുഹൃത്ത്‌ കാരൊളിനും എന്നോടൊത്തുണ്ടായിരുന്നു, എല്ലാവരും എന്നെപ്പോലെ പയനിയർമാർ. 2000 സെപ്‌റ്റംബർ 10-ന്‌ ഞങ്ങൾ ലോമേയിൽ എത്തി.

പലർക്കും ആദ്യം ഓസേയാനെ പേടിയായിരുന്നു. ഇത്ര വലിയ ഒരു നായയെ അവിടെ ആരുംതന്നെ കണ്ടിട്ടുണ്ടായിരുന്നില്ല. ടോഗോയിലെ മിക്ക നായ്‌ക്കളും വലിപ്പം കുറഞ്ഞവയാണ്‌. നായയുടെ തുടൽ കണ്ട ചിലർ നിയന്ത്രിച്ചു നിറുത്തേണ്ട ക്രൂരമൃഗമാണ്‌ ഇതെന്നു ചിന്തിച്ചുപോയി. ഓസേയാൻ ആണെങ്കിൽ എനിക്കു ഭീഷണിയായിത്തീർന്നേക്കുമെന്നു തോന്നുന്ന എന്തിനോടും പ്രതികരിക്കുകയും എന്നെ സംരക്ഷിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ, പെട്ടെന്നുതന്നെ ഓസേയാൻ പുതിയ ചുറ്റുപാടുകളുമായി ഇണങ്ങി. തുടലുള്ളപ്പോൾ അവൾ വളരെ അച്ചടക്കത്തോടും ഉത്തരവാദിത്വത്തോടുംകൂടെ എന്റെയടുത്തു നിൽക്കും. അഴിച്ചുവിട്ടാൽപ്പിന്നെ കളിയും കുസൃതിയുമായി. ഞങ്ങളിരുവരും ചേർന്നാൽ ബഹുരസമാണ്‌.

റ്റാബ്ലിഗ്‌ബോയിൽ സാൻഡ്രയോടും ക്രിസ്റ്റിനോടുംകൂടെ താമസിക്കാനായി ഞങ്ങൾക്കെല്ലാം ക്ഷണം ലഭിച്ചു. ഓസേയാനുമായി പരിചിതരാകുന്നതിന്‌ പ്രാദേശിക സഹോദരങ്ങളെ സഹായിക്കുന്നതിന്‌ ഞങ്ങൾ അവരെ ക്ഷണിക്കുകയും ഒരു വഴികാട്ടിപ്പട്ടി എന്തു ജോലി നിർവഹിക്കുന്നു, എനിക്ക്‌ അത്‌ എന്തുകൊണ്ട്‌ ആവശ്യമായിരിക്കുന്നു, നായയുടെ അടുത്ത്‌ അവർ എങ്ങനെ പെരുമാറണം ഇങ്ങനെയുള്ള കാര്യങ്ങൾ വിശദീകരിച്ചുകൊടുക്കുകയും ചെയ്‌തു. എന്റെകൂടെ ഓസേയാനെ രാജ്യഹാളിൽ കൊണ്ടുവരാൻ മൂപ്പന്മാർ സമ്മതിച്ചു. ഇത്തരം ക്രമീകരണം ടോഗോയിൽ തികച്ചും അസാധാരണമായിരുന്നതിനാൽ, ഇക്കാര്യം വിശദീകരിച്ചുകൊണ്ടുള്ള ഒരു അറിയിപ്പ്‌ സഭയിൽ നടത്തുകയുണ്ടായി. ശുശ്രൂഷയോടുള്ള ബന്ധത്തിൽ, മടക്കസന്ദർശനങ്ങൾക്കും ബൈബിളധ്യയനങ്ങൾക്കും പോകുമ്പോൾ മാത്രമേ ഓസേയാനെ കൂടെ കൊണ്ടുപോയിരുന്നുള്ളൂ. ഈ അവസരങ്ങളിലാകുമ്പോൾ ഓസേയാൻ കൂടെയുള്ളതിന്റെ കാരണം ആളുകൾക്കു മനസ്സിലാക്കാൻ അത്ര ബുദ്ധിമുട്ടില്ലായിരുന്നു.

സൗമ്യരായ ആളുകളുള്ള ഈ പ്രദേശത്തെ പ്രസംഗപ്രവർത്തനം സന്തോഷകരമായ ഒന്നാണ്‌. എനിക്ക്‌ ഒരു കസേര ഇട്ടുതരുന്നതിൽ കാണിക്കുന്ന ഉത്സാഹംപോലെയുള്ള അവരുടെ ദയാപ്രവൃത്തികളിലൂടെ പ്രകടമാകുന്ന കരുതലിനെ പ്രതി ഞാൻ എല്ലായ്‌പോഴും നന്ദിയുള്ളവളാണ്‌. 2001 ഒക്ടോബറിൽ ടോഗോയിലേക്കുള്ള എന്റെ നാലാമത്തെ യാത്രയിൽ അമ്മയും എന്നോടൊപ്പമുണ്ടായിരുന്നു. മൂന്നാഴ്‌ച കഴിഞ്ഞ്‌ ഞാൻ സുഖമായിരിക്കുന്നു എന്ന ബോധ്യത്തോടും സന്തോഷത്തോടും കൂടെ അവർ ഫ്രാൻസിലേക്കു മടങ്ങി.

ടോഗോയിൽ സേവിക്കാൻ കഴിഞ്ഞിരിക്കുന്നതിൽ ഞാൻ യഹോവയോടു വളരെയേറെ നന്ദിയുള്ളവളാണ്‌. എനിക്കുള്ള സകലതും യഹോവയുടെ സേവനത്തിനായി വിനിയോഗിക്കുന്നതിൽ തുടരവേ അവൻ എന്റെ ‘ഹൃദയത്തിലെ ആഗ്രഹങ്ങൾ’ സഫലമാക്കുന്നതിൽ തുടരുമെന്ന കാര്യത്തിൽ എനിക്കു തെല്ലും സംശയമില്ല. *

[അടിക്കുറിപ്പ്‌]

^ ഖ. 37 മോർഗൂ സഹോദരി ഫ്രാൻസിലേക്കു തിരിച്ചുപോയി. പിന്നീട്‌ അവർ ടോഗോയിലേക്ക്‌ അഞ്ചാം തവണ പോയി. 2003 ഒക്ടോബർ 6 മുതൽ 2004 ഫെബ്രുവരി 6 വരെയുള്ള സമയത്തായിരുന്നു അത്‌. സങ്കടകരമെന്നു പറയട്ടെ ആരോഗ്യപ്രശ്‌നങ്ങൾ ഗുരുതരമായതിനാൽ, ഈ വ്യവസ്ഥിതിയിൽ ടോഗോയിലേക്കുള്ള അവരുടെ അവസാന യാത്രയായിരിക്കാം ഇത്‌. എന്നിരുന്നാലും യഹോവയെ സേവിക്കുന്നതിൽ തുടരുക എന്നതാണ്‌ ഇപ്പോഴും അവരുടെ ശക്തമായ ആഗ്രഹം.

[10-ാം പേജിലെ ചിത്രങ്ങൾ]

ആഫ്രിക്കയിലെ വിശാലമായ ഭൂപ്രദേശങ്ങളും ആകർഷകമായ വന്യജീവികളും എന്നെ ഹരംകൊള്ളിച്ചിട്ടുള്ള സ്വപ്‌നമായിരുന്നു

[10-ാം പേജിലെ ചിത്രം]

ഓസേയാൻ മടക്കസന്ദർശനങ്ങൾക്ക്‌ എന്നോടൊപ്പം വരുമായിരുന്നു

[11-ാം പേജിലെ ചിത്രം]

യോഗങ്ങൾക്ക്‌ ഓസേയാനെ കൊണ്ടുപോകാൻ മൂപ്പന്മാർ സമ്മതിച്ചു