കാഴ്ചയാലല്ല, വിശ്വാസത്താൽ നടക്കുക
കാഴ്ചയാലല്ല, വിശ്വാസത്താൽ നടക്കുക
“കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നത്.”—2 കൊരിന്ത്യർ 5:7.
1. അപ്പൊസ്തലനായ പൗലൊസ് കാഴ്ചയാലല്ല, വിശ്വാസത്താലാണു നടന്നതെന്ന് എന്തു തെളിയിക്കുന്നു?
വർഷം പൊതുയുഗം (പൊ.യു.) 55. ക്രിസ്ത്യാനികളെ പീഡിപ്പിച്ചുകൊണ്ടിരുന്ന ശൗൽ ക്രിസ്ത്യാനിത്വം സ്വീകരിച്ചിട്ട് ഏകദേശം 20 വർഷം കഴിഞ്ഞിരിക്കുന്നു. കാലം കടന്നുപോകവേ ദൈവത്തിലുള്ള തന്റെ വിശ്വാസത്തിനു മങ്ങലേൽക്കാൻ അവൻ അനുവദിച്ചിട്ടില്ല. സ്വർഗീയ യാഥാർഥ്യങ്ങൾ നേരിൽ കണ്ടിട്ടില്ലെങ്കിലും അവന് ഉറച്ച വിശ്വാസമുണ്ട്. അതുകൊണ്ട് സ്വർഗീയ പ്രത്യാശയുള്ള അഭിഷിക്ത ക്രിസ്ത്യാനികൾക്ക് എഴുതവേ, നാം “കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ . . . നടക്കുന്നത്” എന്ന് അപ്പൊസ്തലനായ പൗലൊസ് പറഞ്ഞു.—2 കൊരിന്ത്യർ 5:7.
2, 3. (എ) വിശ്വാസത്താലാണു നടക്കുന്നതെന്ന് നാം എങ്ങനെ പ്രകടമാക്കുന്നു? (ബി) കാഴ്ചയാൽ നടക്കുകയെന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നത്?
2 വിശ്വാസത്താൽ നടക്കുന്നതിന് നമ്മുടെ ചുവടുകളെ നയിക്കാനുള്ള ദൈവത്തിന്റെ പ്രാപ്തിയിൽ സമ്പൂർണ ആശ്രയം വെക്കേണ്ടത് ആവശ്യമാണ്. നമുക്ക് ഏറ്റവും നല്ലത് എന്താണെന്ന് അവനറിയാമെന്നു നമുക്കു തികഞ്ഞ ബോധ്യം ഉണ്ടായിരിക്കണം. (സങ്കീർത്തനം 119:66) തീരുമാനങ്ങളെടുക്കുകയും ജീവിതത്തിൽ അവ പ്രാവർത്തികമാക്കുകയും ചെയ്യുമ്പോൾ “കാണാത്ത കാര്യങ്ങളുടെ നിശ്ചയവും” അഥവാ ഉറപ്പും നമ്മെ സ്വാധീനിക്കുന്നു. (എബ്രായർ 11:1) “നീതി വസിക്കുന്ന പുതിയ ആകാശ”വും “പുതിയ ഭൂമി”യും അതിൽ ഉൾപ്പെടുന്നു. (2 പത്രൊസ് 3:13) നേരെ മറിച്ച്, കാഴ്ചയാൽ നടക്കുന്നത് നമ്മുടെ ഇന്ദ്രിയങ്ങൾകൊണ്ടു മനസ്സിലാക്കുന്ന കാര്യങ്ങളാൽ മാത്രം ഭരിക്കപ്പെടുന്ന ഒരു ജീവിതം നയിക്കുന്നത് അർഥമാക്കുന്നു. ആ ഗതി അപകടകരമാണ്, കാരണം ദൈവേഷ്ടം പാടേ അവഗണിക്കുന്ന അവസ്ഥയിലേക്ക് അതു നമ്മെ നയിച്ചേക്കാം.—സങ്കീർത്തനം 81:12; സഭാപ്രസംഗി 11:9.
3 സ്വർഗീയ പ്രത്യാശയുള്ള “ചെറിയ ആട്ടിൻകൂട്ട”ത്തിന്റെയോ ഭൗമിക പ്രത്യാശയുള്ള “വേറെ ആടു”കളുടെയോ ഭാഗമായിരുന്നാലും ശരി കാഴ്ചയാലല്ല, വിശ്വാസത്താൽ നടക്കാനുള്ള ഉദ്ബോധനം നാം ഓരോരുത്തരും മനസ്സിൽപ്പിടിക്കേണ്ടതുണ്ട്. (ലൂക്കൊസ് 12:32; യോഹന്നാൻ 10:16) ഈ നിശ്വസ്ത ബുദ്ധിയുപദേശം പിൻപറ്റുന്നത് ‘പാപത്തിന്റെ തല്ക്കാലഭോഗം,’ ഭൗതികത്വത്തിന്റെ കെണി, ഈ വ്യവസ്ഥിതിയുടെ നാശം സംബന്ധിച്ച അടിയന്തിരതാബോധം നഷ്ടപ്പെടൽ എന്നിവയ്ക്ക് ഇരയായിത്തീരുന്നതിൽനിന്നു നമ്മെ രക്ഷിക്കുന്നത് എങ്ങനെയെന്നു നോക്കാം. കാഴ്ചയാൽ നടക്കുന്നതിന്റെ അപകടങ്ങളും നാം പരിശോധിക്കുന്നതായിരിക്കും.—എബ്രായർ 11:24.
‘പാപത്തിന്റെ തല്ക്കാലഭോഗം’ നിരസിക്കൽ
4. മോശെ എന്തു തിരഞ്ഞെടുത്തു, എന്തുകൊണ്ട്?
4 അമ്രാമിന്റെ മകനായ മോശെയുടെ ജീവിതം എങ്ങനെയുള്ള ഒന്ന് ആയിത്തീരാമായിരുന്നെന്നു സങ്കൽപ്പിച്ചുനോക്കുക. പുരാതന ഈജിപ്തിലെ കൊട്ടാരത്തിൽ വളർന്ന മോശെക്ക് അധികാരവും സമ്പത്തും സ്വാധീനവും കയ്യെത്തുംദൂരത്ത് ഉണ്ടായിരുന്നു. അവന് ഇങ്ങനെ ചിന്തിക്കാൻ കഴിയുമായിരുന്നു: ‘ഈജിപ്തിലെ പേരുകേട്ട വിദ്യാഭ്യാസം ഞാൻ ആവശ്യത്തിലധികം സമ്പാദിച്ചിട്ടുണ്ട്. വാക്കിലും പ്രവൃത്തിയിലും ശക്തനുമാണു ഞാൻ. രാജകുടുംബത്തോടു പറ്റിനിൽക്കുകയാണെങ്കിൽ, അടിച്ചമർത്തപ്പെട്ട എന്റെ എബ്രായ സഹോദരന്മാരുടെ പ്രയോജനത്തിനായി എന്റെ സ്ഥാനം ഉപയോഗപ്പെടുത്താൻ കഴിയും.’ (പ്രവൃത്തികൾ 7:22) എന്നാൽ അങ്ങനെ ചിന്തിക്കുന്നതിനു പകരം, മോശെ “ദൈവജനത്തോടുകൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു.” എന്തുകൊണ്ട്? ഈജിപ്തിൽ ലഭിക്കുമായിരുന്ന സുഖസൗകര്യങ്ങളും പദവിയും നിരസിക്കാൻ അവനെ പ്രേരിപ്പിച്ചത് എന്തായിരുന്നു? ബൈബിൾ ഉത്തരം നൽകുന്നു: “വിശ്വാസത്താൽ അവൻ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചുനില്ക്കയാൽ രാജാവിന്റെ കോപം ഭയപ്പെടാതെ മിസ്രയീം വിട്ടുപോന്നു.” (എബ്രായർ 11:24-27) നീതിമാർഗം പിന്തുടരുന്നതിനു യഹോവ നിശ്ചയമായും പ്രതിഫലം നൽകുമെന്ന മോശെയുടെ വിശ്വാസം, പാപത്തെയും അതു നൽകുന്ന താത്കാലിക സുഖാസ്വാദനത്തെയും നിരസിക്കാൻ അവനെ സഹായിച്ചു.
5. മോശെയുടെ മാതൃക നമുക്കു പ്രോത്സാഹനം നൽകുന്നത് എങ്ങനെ?
5 പിൻവരുന്നതുപോലുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതു
മിക്കപ്പോഴും നമുക്കും ബുദ്ധിമുട്ടായിരുന്നേക്കാം: ‘ബൈബിൾ തത്ത്വങ്ങളോടു പൂർണ യോജിപ്പിലല്ലാത്ത ചില നടപടികളോ ശീലങ്ങളോ ഞാൻ ഉപേക്ഷിക്കണമോ? ഭൗതിക നേട്ടം കൈവരുത്തുന്നതെന്നു തോന്നുന്നതെങ്കിലും എന്റെ ആത്മീയ പുരോഗതിയെ തടസ്സപ്പെടുത്തിയേക്കാവുന്ന ഒരു ജോലി ഞാൻ സ്വീകരിക്കണമോ?’ ഈ ലോകത്തിന്റെ ഹ്രസ്വദൃഷ്ടിയോടുകൂടിയ വീക്ഷണം പ്രതിഫലിപ്പിക്കുന്ന തിരഞ്ഞെടുപ്പുകൾ നടത്താതിരിക്കാൻ മോശെയുടെ മാതൃക നമ്മെ പ്രോത്സാഹിപ്പിക്കുന്നു. മറിച്ച്, “അദൃശ്യ”നായ യഹോവയാം ദൈവത്തിന്റെ ദീർഘവീക്ഷണത്തോടുകൂടിയ ജ്ഞാനത്തിൽ നാം വിശ്വാസം പ്രകടമാക്കണം. മോശെയെപ്പോലെ നമുക്കും ഈ ലോകത്തിനു നൽകാൻ കഴിയുന്ന എന്തിനെക്കാളും പ്രിയങ്കരമായി യഹോവയുടെ സൗഹൃദത്തെ വിലമതിക്കാം.6, 7. (എ) കാഴ്ചയാൽ നടക്കുന്നതിലാണു തനിക്കു താത്പര്യമെന്ന് ഏശാവ് പ്രകടമാക്കിയത് എങ്ങനെ? (ബി) ഏശാവിൽ നമുക്ക് എന്തു മുന്നറിയിപ്പിൻ ദൃഷ്ടാന്തമാണു കാണാൻ കഴിയുന്നത്?
6 ഗോത്രപിതാവായ യിസ്ഹാക്കിന്റെ പുത്രനായ ഏശാവുമായി മോശെയെ ഒന്നു താരതമ്യപ്പെടുത്തുക. ഏശാവ് ക്ഷണത്തിൽ സംതൃപ്തിയടയാൻ ആഗ്രഹിച്ചു. (ഉല്പത്തി 25:30-34) വിശുദ്ധ കാര്യങ്ങളെ വിലമതിക്കാതെ, അവൻ “ഒരു ഊണിന്നു” ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞു. (എബ്രായർ 12:16) ജ്യേഷ്ഠാവകാശം വിറ്റുകളയാനുള്ള തീരുമാനം യഹോവയുമായുള്ള തന്റെ ബന്ധത്തെ എങ്ങനെ ബാധിക്കുമെന്നോ അതു തന്റെ സന്തതികളുടെമേൽ എന്തു ഫലം ഉളവാക്കുമെന്നോ ചിന്തിക്കുന്നതിൽ അവൻ പരാജയപ്പെട്ടു. അവന് ആത്മീയ വീക്ഷണം ഇല്ലായിരുന്നു. ദൈവത്തിന്റെ അമൂല്യമായ വാഗ്ദാനങ്ങളെ വിലകുറഞ്ഞവയായി വീക്ഷിച്ച് അവൻ അവഗണിച്ചുകളഞ്ഞു. അവൻ നടന്നതു കാഴ്ചയാൽ ആയിരുന്നു, വിശ്വാസത്താൽ ആയിരുന്നില്ല.
7 ഏശാവ് ഇന്ന് നമുക്ക് ഒരു മുന്നറിയിപ്പിൻ ദൃഷ്ടാന്തമാണ്. (1 കൊരിന്ത്യർ 10:11) ചെറുതോ വലുതോ ആയ തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ, ആഗ്രഹിക്കുന്നത് ഉടനടി നേടുകയെന്ന സാത്താന്യ ലോകത്തിന്റെ പ്രചാരണത്താൽ വശീകരിക്കപ്പെടരുത്. നാം നമ്മോടുതന്നെ ഇങ്ങനെ ചോദിക്കണം: ‘ഏശാവിന്റേതിനു സമാനമായ പ്രവണതകൾ എനിക്കുണ്ടെന്നു ഞാൻ കൈക്കൊള്ളുന്ന തീരുമാനങ്ങൾ വെളിപ്പെടുത്തുന്നുണ്ടോ? എനിക്ക് ഇപ്പോൾ വേണമെന്നു തോന്നുന്ന കാര്യത്തിനു പിന്നാലെ പോകുന്നത് ആത്മീയ താത്പര്യങ്ങളെ രണ്ടാം സ്ഥാനത്തേക്കു തള്ളുമോ? എന്റെ തിരഞ്ഞെടുപ്പുകൾ, ദൈവവുമായുള്ള സൗഹൃദത്തെയും എന്റെ ഭാവി പ്രതിഫലത്തെയും അപകടത്തിലാക്കുകയാണോ? മറ്റുള്ളവർക്കു ഞാൻ ഏതുതരം മാതൃകയാണു വെക്കുന്നത്?’ നമ്മുടെ തിരഞ്ഞെടുപ്പുകൾ വിശുദ്ധ കാര്യങ്ങളോടുള്ള വിലമതിപ്പു പ്രതിഫലിപ്പിക്കുന്നെങ്കിൽ യഹോവ നമ്മെ അനുഗ്രഹിക്കും.—സദൃശവാക്യങ്ങൾ 10:22.
ഭൗതികത്വത്തിന്റെ കെണി ഒഴിവാക്കൽ
8. എന്തു മുന്നറിയിപ്പാണ് ലവൊദിക്യയിലെ ക്രിസ്ത്യാനികൾക്കു ലഭിച്ചത്, നാം അതിൽ തത്പരരായിരിക്കേണ്ടത് എന്തുകൊണ്ട്?
8 ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് അപ്പൊസ്തലനായ യോഹന്നാനു ലഭിച്ച ദർശനത്തിൽ, മഹത്ത്വീകരിക്കപ്പെട്ട യേശുക്രിസ്തു ഏഷ്യാമൈനറിലെ ലവൊദിക്യ സഭയ്ക്ക് ഒരു സന്ദേശം നൽകി. ഭൗതികത്വത്തിനെതിരായ ഒരു മുന്നറിയിപ്പിൻ സന്ദേശമായിരുന്നു അത്. ഭൗതികമായി സമ്പന്നരായിരുന്നെങ്കിലും ലവൊദിക്യയിലെ ക്രിസ്ത്യാനികൾ ആത്മീയമായി ദരിദ്രരായിരുന്നു. വിശ്വാസത്താൽ നടക്കുന്നതിനു പകരം തങ്ങളുടെ ആത്മീയ കാഴ്ചശക്തിയെ ഇല്ലാതാക്കാൻ ഭൗതിക സമ്പാദ്യങ്ങളെ അവർ അനുവദിച്ചു. (വെളിപ്പാടു 3:14-18) ഭൗതികത്വത്തിന് ഇന്നും സമാനമായ സ്വാധീനശക്തി ഉണ്ട്. അതു നമ്മുടെ വിശ്വാസത്തെ ദുർബലമാക്കുകയും ജീവനുവേണ്ടി ‘സ്ഥിരതയോടെ [“സഹിഷ്ണുതയോടെ,” NW] ഓടുന്നതു’ നിറുത്തിക്കളയാൻ ഇടയാക്കുകയും ചെയ്യുന്നു. (എബ്രായർ 12:1) നാം ശ്രദ്ധയുള്ളവരല്ലെങ്കിൽ “പൂർണമായി ഫലം കൊടുക്കാത്ത” അളവോളം ആത്മീയ കാര്യങ്ങളെ ഞെരുക്കിക്കളയാൻ “സംസാരഭോഗങ്ങൾ” അഥവാ ജീവിത സുഖങ്ങൾ ഇടയാക്കിയേക്കാം.—ലൂക്കൊസ് 8:14.
9. ഉള്ളതുകൊണ്ടു തൃപ്തിപ്പെടാൻ പഠിക്കുന്നതും ആത്മീയ ഭക്ഷണത്തോടുള്ള വിലമതിപ്പും നമ്മെ സംരക്ഷിക്കുന്നത് എങ്ങനെ?
9 ഈ ലോകത്തെ പൂർണമായി ഉപയോഗിക്കുകയും 1 കൊരിന്ത്യർ 7:31; 1 തിമൊഥെയൊസ് 6:6-8) കാഴ്ചയാൽ നടക്കാതെ വിശ്വാസത്താൽ നടക്കുമ്പോൾ, ഇപ്പോൾ സ്ഥിതിചെയ്യുന്ന ആത്മീയ പറുദീസയിൽ നാം സന്തോഷം കണ്ടെത്തും. പുഷ്ടിപ്പെടുത്തുന്ന ആത്മീയ ആഹാരം ഭക്ഷിക്കവേ, “ഹൃദയാനന്ദംകൊണ്ടു ഘോഷിക്കു”വാൻ നാം പ്രേരിതരായിത്തീരുന്നില്ലേ? (യെശയ്യാവു 65:13, 14) മാത്രമല്ല, ദൈവാത്മാവിന്റെ ഫലം പ്രകടമാക്കുന്ന ആളുകളുമായി സഹവസിക്കാൻ കഴിയുന്നതിലും നാം സന്തോഷിക്കുന്നു. (ഗലാത്യർ 5:22, 23) ആത്മീയമായി യഹോവ പ്രദാനംചെയ്യുന്ന കാര്യങ്ങളിൽ സംതൃപ്തിയും നവോന്മേഷവും കണ്ടെത്തുന്നത് എത്ര പ്രധാനമാണ്!
ഭൗതികമായി സമ്പന്നരാകുകയും ചെയ്യുന്നതിനു പകരം, ഉള്ളതുകൊണ്ടു തൃപ്തിപ്പെടാൻ പഠിക്കുന്നതാണ് ആത്മീയ സംരക്ഷണത്തിനുള്ള ഒരു താക്കോൽ. (10. ഏതു ചോദ്യങ്ങൾ നാം നമ്മോടുതന്നെ ചോദിക്കണം?
10 പിൻവരുന്ന ചോദ്യങ്ങൾ നാം നമ്മോടുതന്നെ ചോദിക്കണം: ‘ഭൗതിക വസ്തുക്കൾക്കു ജീവിതത്തിൽ എന്തു സ്ഥാനമാണു ഞാൻ കൽപ്പിക്കുന്നത്? എനിക്കുള്ള ഭൗതിക സമ്പാദ്യങ്ങൾ ഉല്ലാസപൂർണമായ ഒരു ജീവിതം നയിക്കുന്നതിനാണോ അതോ സത്യാരാധന ഉന്നമിപ്പിക്കുന്നതിനാണോ ഞാൻ ഉപയോഗിക്കുന്നത്? എനിക്ക് ഏറ്റവുമധികം സംതൃപ്തി തരുന്നത് ക്രിസ്തീയ യോഗങ്ങളിലെ ബൈബിൾ പഠനവും സഹവാസവും ആണോ, അതോ ക്രിസ്തീയ ഉത്തരവാദിത്വങ്ങളിൽനിന്നു സ്വതന്ത്രമായ ഒരു വാരാന്തമാണോ? വയൽസേവനത്തിനും സത്യാരാധനയോടു ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നതിനു പകരം ഞാൻ നിരവധി വാരാന്തങ്ങൾ വിനോദത്തിനുവേണ്ടി പട്ടികപ്പെടുത്തുന്നുണ്ടോ?’ വിശ്വാസത്താൽ നടക്കുക എന്നതിനർഥം യഹോവയുടെ വാഗ്ദാനങ്ങളിലുള്ള പൂർണ വിശ്വാസത്തോടെ രാജ്യവേലയിൽ തിരക്കോടെ ഏർപ്പെടുക എന്നാണ്.—1 കൊരിന്ത്യർ 15:58.
അന്ത്യം മനസ്സിൽ അടുപ്പിച്ചുനിറുത്തുക
11. വിശ്വാസത്താൽ നടക്കുന്നത് അന്ത്യം മനസ്സിൽ അടുപ്പിച്ചുനിറുത്താൻ നമ്മെ സഹായിക്കുന്നത് എങ്ങനെ?
11 വിശ്വാസത്താൽ നടക്കുന്നത് അന്ത്യം വളരെ അകലെയാണെന്നോ അതു സംഭവിക്കുകയില്ലെന്നോ ഉള്ള ജഡിക കാഴ്ചപ്പാടുകൾ ഒഴിവാക്കാൻ നമ്മെ സഹായിക്കുന്നു. ബൈബിൾ പ്രവചനങ്ങളെ പരിഹസിക്കുന്ന സന്ദേഹവാദികളിൽനിന്നു വ്യത്യസ്തമായി, നമ്മുടെ നാളുകളെക്കുറിച്ചു ദൈവവചനം മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങൾക്കു ചേർച്ചയിൽ ലോകസംഭവങ്ങൾ ഉരുത്തിരിയുന്നത് എങ്ങനെയെന്നു നാം വിവേചിക്കുന്നു. (2 പത്രൊസ് 3:3, 4) ദൃഷ്ടാന്തത്തിന്, പൊതുവേ നോക്കിയാൽ ആളുകളുടെ കാഴ്ചപ്പാടും സ്വഭാവവും നാം “അന്ത്യകാല”ത്താണു ജീവിക്കുന്നതെന്നതിനു തെളിവു നൽകുന്നില്ലേ? (2 തിമൊഥെയൊസ് 3:1-5) ഇക്കാലത്തെ ലോകസംഭവങ്ങൾ ചരിത്രത്തിന്റെ തനിയാവർത്തനമല്ലെന്നു വിശ്വാസക്കണ്ണുകളാൽ നാം കണ്ടറിയുന്നു. മറിച്ച് അവ ക്രിസ്തുവിന്റെ “വരവിന്നും ലോകാവസാനത്തിന്നും” അഥവാ ക്രിസ്തുവിന്റെ സാന്നിധ്യത്തിനും വ്യവസ്ഥിതിയുടെ സമാപനത്തിനും ഉള്ള സംയുക്ത അടയാളത്തിന്റെ ഭാഗമാണ്.—മത്തായി 24:1-14.
12. ലൂക്കൊസ് 21:20, 21-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകൾ ഒന്നാം നൂറ്റാണ്ടിൽ നിറവേറിയത് എങ്ങനെ?
12 പൊ.യു. ഒന്നാം നൂറ്റാണ്ടിൽ സംഭവിച്ചതും നമ്മുടെ നാളിലേക്ക് ഒരു സമാന്തരം ഉള്ളതും ആയ ഒരു സംഭവത്തെക്കുറിച്ചു ചിന്തിക്കുക. ഭൂമിയിൽ ആയിരുന്നപ്പോൾ യേശു അനുഗാമികൾക്ക് ഇങ്ങനെ മുന്നറിയിപ്പു നൽകി: “സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ. അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവർ പുറപ്പെട്ടുപോകട്ടെ.” (ലൂക്കൊസ് 21:20, 21) ഈ പ്രവചനത്തിന്റെ നിവൃത്തിയായി സെസ്റ്റ്യസ് ഗാലസിന്റെ നേതൃത്വത്തിലുള്ള റോമൻ സൈന്യം പൊ.യു. 66-ൽ യെരൂശലേമിനെ ഉപരോധിച്ചു. എന്നാൽ പെട്ടെന്നുതന്നെ അവർ പിൻവാങ്ങി. ക്രിസ്ത്യാനികൾക്ക് ‘മലകളിലേക്ക് ഓടിപ്പോകാനുള്ള’ അടയാളവും അവസരവും അത് പ്രദാനം ചെയ്തു. റോമൻ സൈന്യം മടങ്ങിച്ചെന്ന് പൊ.യു. 70-ൽ യെരൂശലേം നഗരത്തെ ആക്രമിക്കുകയും അവിടത്തെ ആലയം നശിപ്പിക്കുകയും ചെയ്തു. പത്തു ലക്ഷത്തിലേറെ യഹൂദന്മാർ കൊല്ലപ്പെടുകയും 97,000-ത്തിലധികം പേർ തടവുകാരായി പിടിക്കപ്പെടുകയും ചെയ്തെന്ന് ജോസീഫസ് റിപ്പോർട്ടുചെയ്യുന്നു. അതേ, അന്നത്തെ യഹൂദ വ്യവസ്ഥിതിയുടെമേൽ ദിവ്യന്യായവിധി നടപ്പാക്കപ്പെട്ടു. വിശ്വാസത്താൽ നടക്കുകയും യേശുവിന്റെ മുന്നറിയിപ്പിനു ചെവികൊടുക്കുകയും ചെയ്തവർ അനർഥത്തിൽനിന്നു രക്ഷപ്പെട്ടു.
13, 14. (എ) ഏതു സംഭവങ്ങൾ പെട്ടെന്നുതന്നെ ഉണ്ടാകും? (ബി) ബൈബിൾ പ്രവചനത്തിന്റെ നിവൃത്തി സംബന്ധിച്ച് നാം ജാഗ്രത പുലർത്തേണ്ടത് എന്തുകൊണ്ട്?
13 സമാനമായ ചിലതു നമ്മുടെ നാളിലും പെട്ടെന്നുതന്നെ സംഭവിക്കാനിരിക്കയാണ്. ദിവ്യന്യായവിധി നിർവഹണത്തിൽ ഐക്യരാഷ്ട്രങ്ങൾക്കുള്ളിലെ ചില ഘടകങ്ങൾ ഉൾപ്പെടുന്നതായിരിക്കും. ഒന്നാം നൂറ്റാണ്ടിലെ റോമൻ സൈന്യം പാക്സ് റൊമാനാ (റോമൻ സമാധാനം) നിലനിറുത്താനാണു രൂപവത്കരിക്കപ്പെട്ടത്. സമാനമായി ഇന്നത്തെ ഐക്യരാഷ്ട്രങ്ങളും സമാധാനപാലനത്തിനുള്ള ഒരു ഉപാധിയായി പ്രവർത്തിക്കാനാണു രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത്. അന്ന് അറിയപ്പെട്ടിരുന്ന ലോകത്തുടനീളം സുരക്ഷിതത്വം ഉറപ്പാക്കാൻ റോമൻ സൈന്യം ശ്രമിച്ചെങ്കിലും അവർ യെരൂശലേമിന്റെ നാശകരായി ഭവിച്ചു. അതുപോലെ, ഐക്യരാഷ്ട്രങ്ങൾക്കുള്ളിലെ സൈനികവത്കൃത ശക്തികൾ മതത്തെ പ്രശ്നകാരിയായ ഒന്നായി കണ്ടെത്തുമെന്നും ആധുനികകാല യെരൂശലേമായ ക്രൈസ്തവലോകത്തെയും മഹാബാബിലോണിന്റെ ശേഷിക്കുന്ന ഭാഗത്തെയും നശിപ്പിക്കുമെന്നും ബൈബിൾ പ്രവചനം സൂചിപ്പിക്കുന്നു. (വെളിപ്പാടു 17:12-17) അതേ, മുഴു വ്യാജമതലോകസാമ്രാജ്യവും നാശത്തിന്റെ വക്കിൽ എത്തിനിൽക്കുകയാണ്.
14 വ്യാജമതത്തിന്റെ ശൂന്യമാക്കൽ മഹോപദ്രവത്തിനു വഴിതെളിക്കും. മഹോപദ്രവത്തിന്റെ അന്തിമഭാഗത്ത് ഈ ദുഷ്ട വ്യവസ്ഥിതിയുടെ അവശേഷിക്കുന്ന ഭാഗങ്ങളും നശിപ്പിക്കപ്പെടും. (മത്തായി 24:29, 30; വെളിപ്പാടു 16:14, 16) വിശ്വാസത്താൽ നടക്കുന്നത് ബൈബിൾ പ്രവചനത്തിന്റെ നിവൃത്തി സംബന്ധിച്ച് നമ്മെ ജാഗ്രതയുള്ളവരാക്കി നിറുത്തുന്നു. ഐക്യരാഷ്ട്രങ്ങൾപോലെയുള്ള ഏതെങ്കിലും മനുഷ്യനിർമിത ഏജൻസി യഥാർഥ സമാധാനവും സുരക്ഷിതത്വവും ആനയിക്കാനുള്ള ദൈവത്തിന്റെ ഉപകരണമാണെന്നു ചിന്തിക്കത്തക്കവണ്ണം നാം കബളിപ്പിക്കപ്പെടുകയില്ല. അങ്ങനെയെങ്കിൽ, “യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു”വെന്ന ബോധ്യം നമ്മുടെ ജീവിതരീതിയിൽ പ്രകടമാകേണ്ടതല്ലേ?—സെഫന്യാവു 1:14.
കാഴ്ചയാൽ നടക്കുന്നത് അപകടകരമായിരിക്കുന്നത് ഏതുവിധത്തിൽ?
15. ദൈവത്തിൽനിന്നുള്ള അനുഗ്രഹങ്ങൾ അനുഭവിച്ചറിഞ്ഞിട്ടും ഇസ്രായേൽ ജനം ഏതു കെണിയിൽ വീണുപോയി?
15 കാഴ്ചയാൽ നടന്ന് ഒരുവന്റെ വിശ്വാസം ദുർബലമാകാൻ അനുവദിക്കുന്നതിന്റെ അപകടങ്ങൾ പുരാതന ഇസ്രായേലിന്റെ അനുഭവം വ്യക്തമാക്കുന്നു. ഈജിപ്തിലെ വ്യാജദൈവങ്ങളെ നാണംകെടുത്തിയ പത്തു ബാധകൾക്കു സാക്ഷ്യം വഹിക്കുകയും ചെങ്കടലിലൂടെയുള്ള ഗംഭീരമായ വിടുതൽ അനുഭവിക്കുകയും ചെയ്തെങ്കിലും ഇസ്രായേല്യർ അനുസരണക്കേടു പ്രകടമാക്കിക്കൊണ്ട് ഒരു സ്വർണ കാളക്കുട്ടിയെ ഉണ്ടാക്കി അതിനെ ആരാധിക്കാൻ തുടങ്ങി. “മോശെ പർവ്വതത്തിൽനിന്നു ഇറങ്ങിവരുവാൻ താമസിക്കുന്നു” എന്നു കണ്ടപ്പോൾ ജനത്തിനു ക്ഷമ നശിച്ചു. (പുറപ്പാടു 32:1-4) ദൃശ്യമായ ഒരു വിഗ്രഹത്തെ ആരാധിക്കാൻ അക്ഷമ അവരെ പ്രേരിപ്പിച്ചു. അങ്ങനെ കാഴ്ചയാൽ നടന്നുകൊണ്ട് അവർ യഹോവയെ അധിക്ഷേപിച്ചു, “ഏകദേശം മൂവായിരം പേർ” വധിക്കപ്പെടുന്നതിലേക്ക് അതു നയിച്ചു. (പുറപ്പാടു 32:25-29) ഇന്ന് യഹോവയെ ആരാധിക്കുന്ന ഒരു വ്യക്തി, അവനിലുള്ള വിശ്വാസമില്ലായ്മയും വാഗ്ദാനങ്ങൾ നിവർത്തിക്കാനുള്ള അവന്റെ ശക്തിയിലുള്ള ഉറപ്പില്ലായ്മയും സൂചിപ്പിക്കുന്ന തീരുമാനങ്ങൾ എടുക്കുന്നത് എത്ര സങ്കടകരമായിരിക്കും!
16. കാഴ്ചയാൽ നടന്നത് ഇസ്രായേല്യരെ എങ്ങനെ ബാധിച്ചു?
16 കാഴ്ചയാൽ നടന്നതു മറ്റു വിധങ്ങളിലും ഇസ്രായേല്യരെ ഹാനികരമായി ബാധിച്ചു. അതു നിമിത്തം ശത്രുക്കളെക്കുറിച്ചുള്ള ഭയം അവരെ പിടികൂടി. (സംഖ്യാപുസ്തകം 13:28, 32; ആവർത്തനപുസ്തകം ) മോശെയുടെ ദൈവദത്ത അധികാരത്തെ വെല്ലുവിളിക്കുകയും തങ്ങളുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ചു പരാതിപ്പെടുകയും ചെയ്യുന്നതിലേക്ക് അത് അവരെ നയിച്ചു. ആ വിശ്വാസരാഹിത്യം, വാഗ്ദത്ത ദേശത്തെക്കാൾ ഭൂതനിയന്ത്രണത്തിലുള്ള ഈജിപ്തിനെ കാമ്യമായി കാണുന്നതിലേക്ക് അവരെ നയിച്ചു. ( 1:28സംഖ്യാപുസ്തകം 14:1-4; സങ്കീർത്തനം 106:24) അദൃശ്യരാജാവായ തന്നോടു തന്റെ ജനം കാണിച്ച തികഞ്ഞ ആദരവില്ലായ്മ യഹോവയെ എത്രയധികം വേദനിപ്പിച്ചിരിക്കണം!
17. ശമൂവേലിന്റെ നാളിൽ ഇസ്രായേല്യർ യഹോവയുടെ മാർഗനിർദേശം തള്ളിക്കളയാൻ ഇടയാക്കിയതെന്ത്?
17 ദൈവപ്രീതിയുണ്ടായിരുന്ന ഇസ്രായേൽ ജനം ശമൂവേൽ പ്രവാചകന്റെ കാലത്ത് കാഴ്ചയാൽ നടക്കുന്നതിന്റെ കെണിയിൽ വീണ്ടും അകപ്പെട്ടു. ദൃശ്യനായ ഒരു രാജാവ് ഉണ്ടായിരിക്കാൻ അവർ ആഗ്രഹിച്ചു. യഹോവ അവരുടെ രാജാവാണെന്നു പ്രകടമാക്കിയെങ്കിലും അവരെ വിശ്വാസത്താൽ നടത്തുന്നതിന് അതു മതിയായില്ല. (1 ശമൂവേൽ 8:4-9) ചുറ്റുമുള്ള ജനതകളെപ്പോലെയായിരിക്കാൻ ആഗ്രഹിച്ച അവർ യഹോവയുടെ പിഴവറ്റ മാർഗനിർദേശം തള്ളിക്കളഞ്ഞു. ആ ഭോഷത്തം അവരുടെ നാശത്തിൽ കലാശിച്ചു.—1 ശമൂവേൽ 8:19, 20.
18. കാഴ്ചയാൽ നടക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് നമുക്ക് എന്തെല്ലാം പാഠങ്ങൾ പഠിക്കാൻ കഴിയും?
18 യഹോവയുടെ ആധുനികകാല സാക്ഷികളെന്ന നിലയിൽ നാം ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ അങ്ങേയറ്റം വിലമതിക്കുന്നു. മുൻകാല സംഭവങ്ങളിൽനിന്നു വിലപ്പെട്ട പാഠങ്ങൾ പഠിക്കാനും ജീവിതത്തിൽ ബാധകമാക്കാനും നാം ആകാംക്ഷയുള്ളവരാണ്. (റോമർ 15:4) കാഴ്ചയാൽ നടന്നപ്പോൾ, ദൈവമാണു മോശെയിലൂടെ തങ്ങളെ നയിക്കുന്നതെന്ന് ഇസ്രായേല്യർ മറന്നുപോയി. ശ്രദ്ധയുള്ളവരല്ലെങ്കിൽ, യഹോവയാം ദൈവവും വലിയ മോശെയായ യേശുക്രിസ്തുവും ആണ് ഇന്ന് ക്രിസ്തീയ സഭയെ നയിക്കുന്നതെന്ന കാര്യം നാമും മറന്നുപോയേക്കാം. (വെളിപ്പാടു 1:12-16) യഹോവയുടെ സംഘടനയുടെ ഭൗമിക ഭാഗത്തെക്കുറിച്ച് മാനുഷിക വീക്ഷണം വെച്ചുപുലർത്തുന്നതിനെതിരെ നാം ജാഗ്രതയുള്ളവർ ആയിരിക്കണം. എന്തെന്നാൽ യഹോവയുടെ പ്രതിനിധികൾക്കും “വിശ്വസ്തനും വിവേകിയുമായ അടിമ” നൽകുന്ന ഭക്ഷണത്തിനും നേരെ പരാതിയുടെയും വിലമതിപ്പില്ലായ്മയുടെയും മനോഭാവം പ്രകടമാക്കുന്നതിലേക്ക് അതു നയിക്കും.—മത്തായി 24:45, NW.
വിശ്വാസത്താൽ നടക്കാൻ ദൃഢചിത്തരായിരിക്കുക
19, 20. നിങ്ങൾ എന്തു ചെയ്യാൻ ദൃഢനിശ്ചയമുള്ളവരാണ്, എന്തുകൊണ്ട്?
19 “നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ” എന്നു ബൈബിൾ പ്രസ്താവിക്കുന്നു. (എഫെസ്യർ 6:12) നമ്മുടെ മുഖ്യശത്രു പിശാചായ സാത്താനാണ്. യഹോവയിലുള്ള നമ്മുടെ വിശ്വാസം തകർക്കുകയെന്നതാണ് അവന്റെ ലക്ഷ്യം. ദൈവത്തെ സേവിക്കാനുള്ള തീരുമാനത്തിൽനിന്നു നമ്മെ വ്യതിചലിപ്പിക്കാനായി എന്തു പ്രലോഭനവും അവൻ ഉപയോഗിക്കും. (1 പത്രൊസ് 5:8) സാത്താന്യ വ്യവസ്ഥിതിയുടെ പുറംമോടിയാൽ വഞ്ചിക്കപ്പെടാതിരിക്കാൻ എന്തു നമ്മെ സഹായിക്കും? കാഴ്ചയാലല്ല, വിശ്വാസത്താലുള്ള നടപ്പ്. യഹോവയുടെ വാഗ്ദാനങ്ങളിലുള്ള വിശ്വാസവും ഉറപ്പും നമ്മുടെ “വിശ്വാസക്കപ്പൽ” തകർന്നുപോകാതെ സംരക്ഷിക്കും. (1 തിമൊഥെയൊസ് 1:19) അതുകൊണ്ട്, യഹോവയുടെ അനുഗ്രഹങ്ങൾ സംബന്ധിച്ച് തികഞ്ഞ ഉറപ്പോടെ, വിശ്വാസത്തിൽ നടക്കാൻ നമുക്ക് ദൃഢനിശ്ചയമുള്ളവരായിരിക്കാം. ഒപ്പം, സമീപഭാവിയിൽ സംഭവിക്കാനിരിക്കുന്ന എല്ലാ കാര്യങ്ങളിൽനിന്നും രക്ഷിക്കണമേയെന്നു പ്രാർഥിക്കുന്നതിൽ നമുക്കു തുടരുകയും ചെയ്യാം.—ലൂക്കൊസ് 21:36.
20 കാഴ്ചയാലല്ല, വിശ്വാസത്താൽ നടക്കുന്നതിനു നമുക്ക് അതുല്യമായ ഒരു മാതൃകയുണ്ട്. ബൈബിൾ ഇങ്ങനെ പ്രസ്താവിക്കുന്നു: “ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു.” (1 പത്രൊസ് 2:21) അവൻ നടന്നതുപോലെ നമുക്ക് എങ്ങനെ നടക്കാൻ കഴിയുമെന്ന് അടുത്ത ലേഖനം ചർച്ചചെയ്യും.
നിങ്ങൾ ഓർമിക്കുന്നുവോ?
• കാഴ്ചയാലല്ല, വിശ്വാസത്താൽ നടക്കുന്നതു സംബന്ധിച്ച് മോശെയുടെയും ഏശാവിന്റെയും മാതൃകയിൽനിന്നു നിങ്ങൾ എന്തു പഠിച്ചു?
• ഭൗതികത്വം ഒഴിവാക്കാനുള്ള ഒരു താക്കോൽ എന്താണ്?
• അന്ത്യം വളരെ അകലെയാണെന്ന വീക്ഷണം ഒഴിവാക്കാൻ വിശ്വാസത്താലുള്ള നടപ്പ് സഹായിക്കുന്നത് എങ്ങനെ?
• കാഴ്ചയാൽ നടക്കുന്നത് അപകടകരമായിരിക്കുന്നത് എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[17-ാം പേജിലെ ചിത്രം]
മോശെ വിശ്വാസത്താൽ നടന്നു
[18-ാം പേജിലെ ചിത്രം]
മിക്കപ്പോഴും വിനോദം ദിവ്യാധിപത്യ പ്രവർത്തനങ്ങളിൽനിന്നു നിങ്ങളെ അകറ്റിനിറുത്തുന്നുണ്ടോ?
[20-ാം പേജിലെ ചിത്രം]
ദൈവവചനത്തിനു ശ്രദ്ധകൊടുക്കുന്നതു നിങ്ങളെ സംരക്ഷിക്കുന്നത് എങ്ങനെ?