ഹൃദയങ്ങളെ ശോധന ചെയ്യുന്നവനായ യഹോവയെ അന്വേഷിക്കുവിൻ
ഹൃദയങ്ങളെ ശോധന ചെയ്യുന്നവനായ യഹോവയെ അന്വേഷിക്കുവിൻ
“നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നു എന്നെ അന്വേഷിപ്പിൻ.”—ആമോസ് 5:4.
1, 2. യഹോവ “ഹൃദയത്തെ നോക്കുന്നു” എന്നു പറയുമ്പോൾ തിരുവെഴുത്തുകൾ എന്താണ് അർഥമാക്കുന്നത്?
യഹോവയാം ദൈവം ശമൂവേൽ പ്രവാചകനോട് ഇങ്ങനെ പറഞ്ഞു: “മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു.” (1 ശമൂവേൽ 16:7) യഹോവ എങ്ങനെയാണ് ‘ഹൃദയത്തെ നോക്കുന്നത്’?
2 ഒരു മനുഷ്യൻ അകമേ എങ്ങനെയുള്ളവനാണ് അഥവാ അവന്റെ ആഗ്രഹങ്ങളും ചിന്തകളും വികാരങ്ങളും താത്പര്യങ്ങളും എങ്ങനെയുള്ളതാണ് എന്നതിനെ ആലങ്കാരികമായി ചിത്രീകരിക്കുന്നതിനാണ് തിരുവെഴുത്തുകളിൽ ഹൃദയം എന്ന പദം മിക്കപ്പോഴും ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് യഹോവ ഹൃദയത്തെ നോക്കുന്നു എന്നു ബൈബിൾ പറയുമ്പോൾ അതിനർഥം, ഒരു വ്യക്തി പുറമേ എങ്ങനെ കാണപ്പെടുന്നു എന്നതിനെക്കാൾ അയാൾ വാസ്തവത്തിൽ അകമേ എങ്ങനെയുള്ളവനാണ് എന്നതിൽ അവൻ ശ്രദ്ധകേന്ദ്രീകരിക്കുന്നു എന്നാണ്.
ദൈവം ഇസ്രായേലിനെ പരിശോധിക്കുന്നു
3, 4. ആമോസ് 6:4-6 പ്രകാരം പത്തുഗോത്ര ഇസ്രായേൽ രാജ്യത്ത് ഏത് അവസ്ഥകളാണു നിലനിന്നിരുന്നത്?
3 ഹൃദയങ്ങളെ ശോധന ചെയ്യുന്നവൻ ആമോസിന്റെ നാളിലെ പത്തുഗോത്ര ഇസ്രായേൽ രാജ്യത്തെ നിരീക്ഷിച്ചപ്പോൾ, എന്താണു കണ്ടത്? ആമോസ് 6:4-6-ൽ “ആനക്കൊമ്പുകൊണ്ടുള്ള കട്ടിലുകളിന്മേൽ ചാരിയിരിക്കയും” തങ്ങളുടെ “ശയ്യകളിന്മേൽ നിവിർന്നു കിടക്കയും” ചെയ്യുന്നവരെക്കുറിച്ചു പറയുന്നു. അവർ “ആട്ടിൻകൂട്ടത്തിൽനിന്നു കുഞ്ഞാടുകളെയും തൊഴുത്തിൽനിന്നു പശുക്കിടാക്കളെയും” തിന്നുകയാണ്. അത്തരക്കാർ ‘വാദിത്രങ്ങളെ ഉണ്ടാക്കുകയും കലശങ്ങളിൽ വീഞ്ഞു കുടിക്കയും ചെയ്യുന്നു.’
4 ഒറ്റ നോട്ടത്തിൽ ഇത് ആനന്ദകരമായ ഒരു രംഗമായി തോന്നാം. തങ്ങളുടെ മണിമാളികകളിൽ ധനവാന്മാർ മൃഷ്ടാന്നം ഭക്ഷിക്കുകയും മേൽത്തരം വീഞ്ഞ് കുടിക്കുകയും ചെയ്യുന്നു. ഏറ്റവും മികച്ച വാദ്യോപകരണങ്ങൾകൊണ്ടുള്ള സംഗീതവും താളമേളങ്ങളും ആസ്വദിക്കുന്നു. അവർക്ക് ‘ആനക്കൊമ്പുകൊണ്ടുള്ള കട്ടിലുകളും’ ഉണ്ട്. ഇസ്രായേലിന്റെ തലസ്ഥാനമായിരുന്ന ശമര്യയിൽനിന്ന് മനോഹരമായി കൊത്തുപണിചെയ്ത ആനക്കൊമ്പ് പുരാവസ്തു ഗവേഷകർ കണ്ടെടുത്തിട്ടുണ്ട്. (1 രാജാക്കന്മാർ 10:22) അവയിൽ അനേകവും ഗൃഹോപകരണങ്ങളിലും ചുവർ ആവരണം ചെയ്യാൻ ഉപയോഗിച്ചിരുന്ന പലകകളിലും പതിപ്പിച്ച നിലയിലാണു കണ്ടെത്തിയിട്ടുള്ളത്.
5. ആമോസിന്റെ നാളിലെ ഇസ്രായേല്യരോടു ദൈവത്തിന് അപ്രീതി തോന്നാൻ കാരണമെന്ത്?
5 ഇസ്രായേല്യർ സുഖസൗകര്യങ്ങളോടെ ജീവിക്കുകയും സ്വാദിഷ്ടമായ ഭക്ഷണം കഴിക്കുകയും മേൽത്തരം വീഞ്ഞു കുടിക്കുകയും ഹൃദ്യമായ സംഗീതം ആസ്വദിക്കുകയുമൊക്കെ ചെയ്യുന്നതിൽ യഹോവയ്ക്ക് അപ്രീതിയുണ്ടായിരുന്നോ? തീർച്ചയായും ഇല്ല. വാസ്തവത്തിൽ മനുഷ്യന്റെ സന്തോഷത്തിനുവേണ്ടി അത്തരം വസ്തുക്കൾ സമൃദ്ധമായി പ്രദാനം ചെയ്യുന്നത് അവൻ തന്നെയാണല്ലോ. (1 തിമൊഥെയൊസ് 6:17, 18) എന്നാൽ ജനത്തിന്റെ തെറ്റായ മോഹങ്ങൾ, അവരുടെ ദുഷിച്ച ഹൃദയനില, സത്യദൈവത്തോട് അവർ പ്രകടമാക്കിയ അനാദരവ്, സഹ ഇസ്രായേല്യരോടുള്ള സ്നേഹരാഹിത്യം ഇവയൊക്കെയാണ് യഹോവയെ അപ്രീതിപ്പെടുത്തിയത്.
6. ആമോസിന്റെ കാലത്ത് ഇസ്രായേലിലെ ആത്മീയ അവസ്ഥ എന്തായിരുന്നു?
6 ‘ശയ്യകളിൽ നിവിർന്നു കിടക്കുകയും ആട്ടിൻകൂട്ടത്തിലെ കുഞ്ഞാടുകളെ ഭക്ഷിക്കുകയും വീഞ്ഞു കുടിക്കുകയും വാദിത്രങ്ങളെ ഉണ്ടാക്കുകയും’ ചെയ്യുന്നവർ തീരെ പ്രതീക്ഷിക്കാത്ത ഒരു കാര്യം സംഭവിക്കാൻ പോകുകയായിരുന്നു. അവരോട് ഇങ്ങനെ ചോദിക്കുന്നു: ‘നിങ്ങൾ ദുർദിവസത്തെക്കുറിച്ചുള്ള ചിന്ത അകറ്റിനിറുത്തുകയാണോ?’ (NW) ഇസ്രായേലിലെ അവസ്ഥകളെപ്രതി അവർ തീർച്ചയായും വളരെ ദുഃഖിക്കേണ്ടതായിരുന്നു. എന്നാൽ അവരാകട്ടെ, “യോസേഫിന്റെ കേടിനെക്കുറിച്ചു വ്യസനിക്കുന്നില്ലതാനും.” (ആമോസ് 6:3-6) രാഷ്ട്രത്തിന്റെ ധനസമൃദ്ധിക്കും അപ്പുറത്തേക്കു നോക്കിയപ്പോൾ ദൈവം കണ്ടത് ആത്മീയ ദുരന്തത്തിലേക്കു കൂപ്പുകുത്തിയിരുന്ന യോസേഫിനെ അഥവാ ഇസ്രായേലിനെ ആണ്. എന്നിട്ടും ജനം അതൊന്നും കാര്യമാക്കാതെ തങ്ങളുടെ അനുദിന കാര്യാദികളിൽ മുഴുകി. സമാനമായ ഒരു മനോഭാവമാണ് ഇന്നു പലർക്കുമുള്ളത്. നാം ജീവിക്കുന്നത് പ്രശ്നപൂരിതമായ ഒരു കാലത്തുതന്നെയാണ് എന്ന് അവർ സമ്മതിച്ചേക്കാം, പക്ഷേ പ്രശ്നങ്ങൾ വ്യക്തിപരമായി തങ്ങളെ ബാധിക്കാത്തിടത്തോളം കാലം അവർ മറ്റുള്ളവരുടെ ദുരവസ്ഥ സംബന്ധിച്ചു ചിന്തിക്കുകയോ ആത്മീയ കാര്യങ്ങളിൽ താത്പര്യം പ്രകടമാക്കുകയോ ചെയ്യുന്നില്ല.
ഇസ്രായേൽ —ജീർണാവസ്ഥയിലായ ഒരു രാഷ്ട്രം
7. ഇസ്രായേല്യർ ദിവ്യ മുന്നറിയിപ്പുകൾക്കു ചെവികൊടുക്കുന്നില്ലെങ്കിൽ എന്തു സംഭവിക്കും?
7 സമ്പദ്സമൃദ്ധിയുടെ പരിവേഷമുണ്ടെങ്കിലും ജീർണിച്ചുകൊണ്ടിരിക്കുന്ന ഒരു ദേശത്തിന്റെ ചിത്രം ആമോസ് വരച്ചു കാണിക്കുന്നു. ദിവ്യ മുന്നറിയിപ്പുകൾ ചെവിക്കൊള്ളുന്നതിലും തങ്ങളുടെ വീക്ഷണത്തിൽ
മാറ്റം വരുത്തുന്നതിലും അവർ പരാജയപ്പെട്ടതുകൊണ്ട് യഹോവ അവരെ ശത്രുക്കൾക്കു വിട്ടുകൊടുക്കും. അസ്സീറിയക്കാർ വന്ന് അവരെ ദന്തനിർമിത ചപ്രമഞ്ചങ്ങളിൽനിന്നു വലിച്ചുതാഴെയിട്ട് ബന്ദികളാക്കി കൊണ്ടുപോകും. അങ്ങനെ അവരുടെ സുഖലോലുപ ജീവിതം അവസാനിക്കും!8. ഇസ്രായേൽ ആത്മീയമായി മോശമായ ഒരു അവസ്ഥയിൽ ആയിത്തീർന്നത് എങ്ങനെ?
8 ഇസ്രായേൽ ജനത ഇങ്ങനെയൊരു അവസ്ഥയിൽ ആയിത്തീർന്നത് എങ്ങനെയാണ്? ശലോമോൻ രാജാവിന്റെ മരണത്തെ തുടർന്ന് അവന്റെ മകനായ രെഹബെയാം സിംഹാസനസ്ഥനാകുകയും ഇസ്രായേലിലെ പത്തു ഗോത്രങ്ങൾ യെഹൂദാ-ബെന്യാമീൻ ഗോത്രങ്ങളിൽനിന്നു വേർപെട്ടു പോകുകയും ചെയ്തതോടെയാണ് സംഭവ വികാസങ്ങൾക്കു തുടക്കം കുറിക്കപ്പെട്ടത്. പത്തുഗോത്ര വടക്കേ രാജ്യത്തെ ആദ്യത്തെ രാജാവ് “നെബാത്തിന്റെ മകൻ യൊരോബെയാം” ഒന്നാമൻ ആയിരുന്നു. (1 രാജാക്കന്മാർ 11:26) യഹോവയെ ആരാധിക്കാൻ യെരൂശലേംവരെ യാത്രചെയ്യുന്നത് വളരെ പ്രയാസമാണെന്ന് യൊരോബെയാം ജനത്തെ പറഞ്ഞുധരിപ്പിച്ചു. എന്നാൽ ജനത്തിന്റെ ക്ഷേമത്തിലുള്ള താത്പര്യമായിരുന്നില്ല, മറിച്ച് സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുകയായിരുന്നു അവന്റെ ലക്ഷ്യം. (1 രാജാക്കന്മാർ 12:26) യഹോവയെ ആദരിക്കുന്ന വാർഷിക ഉത്സവങ്ങൾക്കായി ഇസ്രായേല്യർ യെരൂശലേമിലെ ആലയത്തിൽ കൂട്ടത്തോടെ പോകുന്നതു തുടർന്നാൽ അവർ ഒടുവിൽ കൂറുമാറി യഹൂദയെ പിന്തുണയ്ക്കാൻ തുടങ്ങിയേക്കാം എന്ന് യൊരോബെയാം ഭയന്നു. അങ്ങനെ സംഭവിക്കാതിരിക്കാൻ അവൻ രണ്ട് സ്വർണ കാളക്കുട്ടികളെ സ്ഥാപിച്ചു, ഒന്ന് ദാനിലും മറ്റൊന്ന് ബേഥേലിലും. അങ്ങനെ കാളക്കുട്ടിയാരാധന ഇസ്രായേലിലെ ദേശീയ മതമായി രൂപംപ്രാപിച്ചു.—2 ദിനവൃത്താന്തം 11:13-15.
9, 10. (എ) യൊരോബെയാം ഒന്നാമൻ രാജാവ് ഏത് മതാചരണങ്ങൾക്കാണു തുടക്കമിട്ടത്? (ബി) യൊരോബെയാം രണ്ടാമൻ രാജാവിന്റെ നാളുകളിൽ ഇസ്രായേലിൽ നടന്നിരുന്ന ഉത്സവങ്ങളെ യഹോവ എങ്ങനെയാണു വീക്ഷിച്ചത്?
9 യൊരോബെയാം ഈ പുതിയ മതത്തിന് ആധികാരികതയുടെ പരിവേഷം നൽകാൻ ശ്രമിച്ചു. എങ്ങനെ? യെരൂശലേമിൽ നടത്തിയിരുന്ന ഉത്സവങ്ങളോടു സാമ്യം പുലർത്തിയിരുന്ന മതാചരണങ്ങൾക്ക് അവൻ രൂപംകൊടുത്തു. 1 രാജാക്കന്മാർ 12:32-ൽ നാം ഇങ്ങനെ വായിക്കുന്നു: “യെഹൂദയിൽ ആചരിച്ചുവന്ന ഉത്സവംപോലെ യൊരോബെയാം എട്ടാം മാസം പതിനഞ്ചാം തിയ്യതി ഒരു ഉത്സവം നിശ്ചയിച്ചു യാഗപീഠത്തിങ്കൽ ചെന്നു; താൻ ഉണ്ടാക്കിയ കാളക്കുട്ടികൾക്കു യാഗം കഴിക്കേണ്ടതിന്നു അവൻ ബേഥേലിലും അങ്ങനെ തന്നേ ചെയ്തു.”
10 അത്തരം വ്യാജമത ഉത്സവങ്ങൾക്ക് ഒരിക്കലും യഹോവയുടെ അംഗീകാരമുണ്ടായിരുന്നില്ല. ഏകദേശം ഒരു നൂറ്റാണ്ടു കഴിഞ്ഞ് പൊ.യു.മു. 844-ൽ, പത്തുഗോത്ര ഇസ്രായേലിൽ രാജാവായിരുന്ന യൊരോബെയാം രണ്ടാമന്റെ ഭരണകാലത്ത് ആമോസിലൂടെ യഹോവ അതു വ്യക്തമാക്കി. (ആമോസ് 1:1) ആമോസ് 5:21-24-ൽ ദൈവം പറയുന്നു: “നിങ്ങളുടെ മത്സരങ്ങളെ ഞാൻ ദ്വേഷിച്ചു നിരസിക്കുന്നു; നിങ്ങളുടെ സഭായോഗങ്ങളിൽ എനിക്കു പ്രസാദമില്ല. നിങ്ങൾ എനിക്കു ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചാലും ഞാൻ പ്രസാദിക്കയില്ല; തടിച്ച മൃഗങ്ങൾകൊണ്ടുള്ള നിങ്ങളുടെ സമാധാനയാഗങ്ങളെ ഞാൻ കടാക്ഷിക്കയില്ല. നിന്റെ പാട്ടുകളുടെ സ്വരം എന്റെ മുമ്പിൽനിന്നു നീക്കുക; നിന്റെ വീണാനാദം ഞാൻ കേൾക്കയില്ല. എന്നാൽ ന്യായം വെള്ളംപോലെയും നീതി വറ്റാത്തതോടുപോലെയും കവിഞ്ഞൊഴുകട്ടെ.”
വർത്തമാനകാല സമാന്തരങ്ങൾ
11, 12. പുരാതന ഇസ്രായേലിലെയും ക്രൈസ്തവലോകത്തിലെയും ആരാധന തമ്മിൽ എന്തു സമാന്തരങ്ങളുണ്ട്?
11 വ്യക്തമായും, ഇസ്രായേലിന്റെ ഉത്സവങ്ങളിൽ പങ്കെടുത്തിരുന്നവരുടെ ഹൃദയങ്ങളെ യഹോവ പരിശോധിക്കുകയും അവരുടെ മതാചരണങ്ങളും യാഗങ്ങളും തിരസ്കരിക്കുകയും ചെയ്തു. സമാനമായി ഇന്ന്, ക്രിസ്തുമസ്സും ഈസ്റ്ററും പോലുള്ള ക്രൈസ്തവലോകത്തിന്റെ പുറജാതീയ ആഘോഷങ്ങളെ അവൻ തള്ളിക്കളയുന്നു. യഹോവയുടെ ആരാധകരെ സംബന്ധിച്ചിടത്തോളം നീതിയും അധർമവും തമ്മിൽ, വെളിച്ചവും ഇരുട്ടും തമ്മിൽ യാതൊരു ചേർച്ചയും ഉണ്ടായിരിക്കുക സാധ്യമല്ല.—2 കൊരിന്ത്യർ 6:14-16.
12 ക്രൈസ്തവലോകം നടത്തിവരുന്ന ആരാധനയും കാളക്കുട്ടിയാരാധന നടത്തിയിരുന്ന ഇസ്രായേല്യരുടെ ആരാധനാസമ്പ്രദായവും തമ്മിൽ ഇനിയും സമാനതകൾ ഉണ്ട്. ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെടുന്ന ചിലർ ദൈവവചനത്തിന്റെ സത്യത അംഗീകരിക്കുന്നുവെങ്കിലും ക്രൈസ്തവലോകത്തിന്റെ ആരാധന ദൈവത്തോടുള്ള യഥാർഥ സ്നേഹത്തിൽ വേരൂന്നിയതല്ല. ആയിരുന്നെങ്കിൽ അവൾ യഹോവയെ “ആത്മാവിലും സത്യത്തിലും” ആരാധിക്കുന്ന കാര്യത്തിൽ നിഷ്കർഷ കാണിക്കുമായിരുന്നു. കാരണം അത്തരം ആരാധനയാണ് അവനെ പ്രസാദിപ്പിക്കുന്നത്. (യോഹന്നാൻ 4:24) കൂടാതെ, അവൾ ‘ന്യായം വെള്ളംപോലെയും നീതി വറ്റാത്തതോടുപോലെയും കവിഞ്ഞൊഴുകാൻ’ ഇടയാക്കുന്നില്ല. പകരം, അവൾ എല്ലായ്പോഴും ദൈവത്തിന്റെ ധാർമിക നിലവാരങ്ങളിൽ വെള്ളംചേർക്കുന്നു. പരസംഗവും അതുപോലെ ഗുരുതരമായ മറ്റു പാപങ്ങളും അവൾ വെച്ചുപൊറുപ്പിക്കുന്നു. സ്വവർഗഭോഗികളുടെ വിവാഹങ്ങൾ ആശീർവദിക്കുന്ന അളവോളംപോലും അവൾ പോയിരിക്കുന്നു!
“നന്മയെ സ്നേഹിക്കുക”
13. ആമോസ് 5:15-ലെ വാക്കുകൾക്കു ചേർച്ചയിൽ നാം പ്രവർത്തിക്കേണ്ടത് എന്തുകൊണ്ട്?
13 സ്വീകാര്യമായ വിധത്തിൽ യഹോവയെ ആരാധിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരോടും അവൻ പറയുന്നു: “തിന്മയെ വെറുത്ത് നന്മയെ സ്നേഹിക്കുക.” ആമോസ് 5:15, NW) ആലങ്കാരിക ഹൃദയത്തിൽനിന്ന് ഉത്ഭവിക്കുന്ന ശക്തമായ രണ്ടു വികാരങ്ങളാണ് സ്നേഹവും വെറുപ്പും. ഹൃദയം കപടവും വഞ്ചനാത്മകവുമാണ്; തന്നിമിത്തം അതിനെ കാക്കുന്നതിന് ചെയ്യാൻ കഴിയുന്നതെല്ലാം നാം ചെയ്യണം. (സദൃശവാക്യങ്ങൾ 4:23; യിരെമ്യാവു 17:9) തെറ്റായ മോഹങ്ങൾ നമ്മുടെ ഹൃദയത്തിൽ വേരുപിടിക്കാൻ അനുവദിച്ചാൽ നാം തിന്മയെ സ്നേഹിക്കാനും നന്മയെ വെറുക്കാനും തുടങ്ങിയേക്കാം. അത്തരം മോഹങ്ങളെ തൃപ്തിപ്പെടുത്തുന്നതിനായി നാം പാപം ചെയ്യുന്നതിൽ തുടർന്നാൽ, ദൈവസേവനത്തിൽ എത്ര വലിയ തീക്ഷ്ണത കാണിച്ചാലും നമുക്കു ദൈവപ്രീതി ഉണ്ടായിരിക്കുകയില്ല. അതുകൊണ്ട് ‘തിന്മയെ വെറുത്ത് നന്മയെ സ്നേഹിക്കുന്നതിനുള്ള’ സഹായത്തിനായി നമുക്കു ദൈവത്തോടു പ്രാർഥിക്കാം.
(14, 15. (എ) ഇസ്രായേലിൽ, നന്മയായതു ചെയ്യുന്നവരുടെ കൂട്ടത്തിൽ ആരെല്ലാം ഉണ്ടായിരുന്നു, എന്നാൽ അവരിൽ ചിലരോട് മറ്റുള്ളവർ എങ്ങനെയാണു പെരുമാറിയത്? (ബി) ഇന്ന് മുഴുസമയ ശുശ്രൂഷയിൽ ഉള്ളവരെ നമുക്കു പ്രോത്സാഹിപ്പിക്കാൻ കഴിയുന്നത് എങ്ങനെ?
14 ആമോസിന്റെ നാളിലെ എല്ലാ ഇസ്രായേല്യരും യഹോവയുടെ ദൃഷ്ടിയിൽ തിന്മ ചെയ്യുന്നവരായിരുന്നില്ല. ദൃഷ്ടാന്തത്തിന് ഹോശേയയും ആമോസും ‘നന്മയെ സ്നേഹിക്കുകയും’ പ്രവാചകന്മാർ എന്ന നിലയിൽ ദൈവത്തെ വിശ്വസ്തരായി സേവിക്കുകയും ചെയ്തു. മറ്റുചിലർ നാസീർവ്രതം എടുത്തിരുന്നു. നാസീർവ്രതം അനുഷ്ഠിക്കുന്നിടത്തോളം കാലം അവർ എല്ലാത്തരം മുന്തിരി ഉത്പന്നങ്ങളും, വിശേഷിച്ച് വീഞ്ഞ് വർജിച്ചിരുന്നു. (സംഖ്യാപുസ്തകം 6:1-4) നന്മ പ്രവർത്തിച്ചിരുന്ന അത്തരം വ്യക്തികളുടെ ആത്മത്യാഗ ഗതിയെ മറ്റ് ഇസ്രായേല്യർ എങ്ങനെയാണു വീക്ഷിച്ചത്? ആ ചോദ്യത്തിനുള്ള ഞെട്ടിക്കുന്ന ഉത്തരം രാഷ്ട്രത്തിന്റെ ആത്മീയ ജീർണതയുടെ വ്യാപ്തി വെളിപ്പെടുത്തുന്നു. ആമോസ് 2:12 പറയുന്നു: “എന്നാൽ നിങ്ങൾ വ്രതസ്ഥന്മാർക്കു വീഞ്ഞു കുടിപ്പാൻ കൊടുക്കയും പ്രവാചകന്മാരോടു: പ്രവചിക്കരുതു എന്നു കല്പിക്കയും ചെയ്തു.”
15 നാസീർവ്രതക്കാരുടെയും പ്രവാചകന്മാരുടെയും വിശ്വസ്തമായ മാതൃക കണ്ട് ആ ഇസ്രായേല്യർക്കു ലജ്ജ തോന്നേണ്ടതായിരുന്നു, തങ്ങളുടെ വഴികൾക്കു മാറ്റംവരുത്താൻ അവർ പ്രേരിതരാകേണ്ടതായിരുന്നു. പക്ഷേ സ്നേഹശൂന്യമായി, ദൈവത്തിനു മഹത്ത്വം കൊടുക്കുന്നതിൽനിന്നു വിശ്വസ്തരായവരെ നിരുത്സാഹപ്പെടുത്താനാണ് അവർ ശ്രമിച്ചത്. നമുക്ക് അവരെപ്പോലെ ആകാതിരിക്കാൻ ശ്രദ്ധിക്കാം. പയനിയർമാർ, മിഷനറിമാർ, സഞ്ചാര മേൽവിചാരകന്മാർ, ബെഥേൽ കുടുംബാംഗങ്ങൾ എന്നിവരെ മുഴുസമയ ശുശ്രൂഷ നിറുത്തിയിട്ട് സാധാരണ ജീവിതം എന്നു വിളിക്കപ്പെടുന്നതിലേക്കു തിരിച്ചുവരാൻ നാം ഒരിക്കലും പ്രേരിപ്പിക്കരുത്. മറിച്ച്, അവർ ചെയ്യുന്ന നല്ല വേല തുടരാൻ നമുക്ക് അവരെ പ്രോത്സാഹിപ്പിക്കാം.
16. ആമോസിന്റെ കാലത്തെ ഇസ്രായേല്യരുടേതിനെ അപേക്ഷിച്ച് മോശെയുടെ നാളുകളിലെ ഇസ്രായേല്യരുടെ അവസ്ഥ മെച്ചമായിരുന്നു എന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
16 ആമോസിന്റെ നാളിൽ പല ഇസ്രായേല്യരും ഭൗതികമായി സംതൃപ്ത ജീവിതമാണ് ആസ്വദിച്ചിരുന്നതെങ്കിലും അവർ ‘ദൈവവിഷയമായി സമ്പന്നരായിരുന്നില്ല.’ (ലൂക്കൊസ് 12:13-21) അവരുടെ പൂർവപിതാക്കന്മാർക്ക് മരുഭൂമിയിൽ 40 വർഷം ഭക്ഷിക്കാൻ മന്നാ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തടിപ്പിച്ച പശുക്കിടാങ്ങളുടെ വിരുന്ന് ആസ്വദിക്കാനോ ദന്തനിർമിത ചപ്രമഞ്ചങ്ങളിൽ ആലസ്യത്തോടെ കിടക്കാനോ അവർക്കു കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും മോശെ ഉചിതമായും അവരോടു പറഞ്ഞു: “നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്നെ അനുഗ്രഹിച്ചിരിക്കുന്നു. . . . ഈ നാല്പതു സംവത്സരം നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഇരുന്നു; നിനക്കു യാതൊന്നിന്നും മുട്ടും വന്നിട്ടില്ല.” (ആവർത്തനപുസ്തകം 2:7) അതേ, മരുഭൂമിയിൽ ആയിരുന്ന ഇസ്രായേല്യർക്ക് യഥാർഥത്തിൽ ആവശ്യമായിരുന്ന സംഗതികൾ എല്ലായ്പോഴും ലഭിച്ചിരുന്നു. എല്ലാറ്റിലുമുപരി, അവർക്കു ദൈവത്തിന്റെ സ്നേഹവും സംരക്ഷണവും അനുഗ്രഹവും ഉണ്ടായിരുന്നു!
17. യഹോവ ആദിമ ഇസ്രായേല്യരെ വാഗ്ദത്ത നാട്ടിലേക്കു നയിച്ചത് എന്തിനു വേണ്ടിയായിരുന്നു?
ആമോസ് 2:9, 10) എന്നാൽ ദൈവം ആദിമ ഇസ്രായേല്യരെ ഈജിപ്തിൽനിന്നു പുറപ്പെടുവിച്ച് വാഗ്ദത്ത നാട്ടിലേക്കു കൊണ്ടുവന്നത് എന്തിനായിരുന്നു? ആഡംബരപൂർവകമായ ഒരു അലസ ജീവിതം നയിക്കുന്നതിനും തങ്ങളുടെ സ്രഷ്ടാവിനെ തള്ളിക്കളയുന്നതിനും വേണ്ടി ആയിരുന്നോ? തീർച്ചയായും അല്ല! മറിച്ച് സ്വതന്ത്രരും ആത്മീയ ശുദ്ധിയുള്ളവരുമായ ഒരു ജനം എന്ന നിലയിൽ അവനെ ആരാധിക്കാൻ അവർക്കു കഴിയേണ്ടതിനാണ് അവൻ അങ്ങനെ ചെയ്തത്. എന്നാൽ പത്തുഗോത്ര ഇസ്രായേൽ രാജ്യത്തിലെ ജനങ്ങൾ തിന്മയെ വെറുക്കുകയോ നന്മയെ സ്നേഹിക്കുകയോ ചെയ്തില്ല. യഹോവയ്ക്കല്ല, കൊത്തിയുണ്ടാക്കിയ വിഗ്രഹങ്ങൾക്കാണ് അവർ മഹത്ത്വം കൊടുത്തത്. എത്ര ലജ്ജാകരം!
17 ആമോസിന്റെ നാളിലെ ഇസ്രായേല്യരെ യഹോവ, താനാണ് അവരുടെ പൂർവ പിതാക്കന്മാരെ വാഗ്ദത്ത ദേശത്തേക്കു കൊണ്ടുവന്നതെന്നും ദേശത്തുനിന്നു സകല ശത്രുക്കളെയും നീക്കിക്കളയാൻ സഹായിച്ചതെന്നും ഓർമിപ്പിക്കുന്നു. (യഹോവയ്ക്ക് ഒരു കണക്കുതീർപ്പുണ്ട്
18. യഹോവ നമ്മെ ആത്മീയമായി സ്വതന്ത്രരാക്കിയിരിക്കുന്നത് എന്തിന്?
18 ദൈവം ഇസ്രായേല്യരുടെ അപകീർത്തികരമായ നടത്ത അവഗണിക്കാൻ ഉദ്ദേശിച്ചില്ല. ഇങ്ങനെ പറഞ്ഞുകൊണ്ട് അവൻ തന്റെ നിലപാടു വ്യക്തമാക്കുന്നു: “ഞാൻ നിങ്ങളുടെ അകൃത്യങ്ങളൊക്കെയും നിങ്ങളിൽ സന്ദർശിക്കും.” (ആമോസ് 3:2) ആധുനികകാല ഈജിപ്തായ ഇന്നത്തെ ദുഷ്ട വ്യവസ്ഥിതിയുടെ അടിമത്തത്തിൽനിന്നുള്ള നമ്മുടെ വിമോചനത്തെക്കുറിച്ചു ചിന്തിക്കാൻ ആ വാക്കുകൾ നമ്മെ പ്രേരിപ്പിക്കണം. യഹോവ നമ്മെ ആത്മീയമായി സ്വതന്ത്രരാക്കിയത് സ്വാർഥ ലക്ഷ്യങ്ങൾ പിന്തുടരുന്നതിനു വേണ്ടിയല്ല, മറിച്ച് ഒരു സ്വതന്ത്ര ജനത എന്ന നിലയിൽ ശുദ്ധമായ ആരാധനയിൽ ഏർപ്പെട്ടുകൊണ്ട് യഹോവയ്ക്കു ഹൃദയംഗമമായ സ്തുതി കരേറ്റാൻ നമുക്കു കഴിയേണ്ടതിനാണ്. ദൈവത്തിന്റെ സഹായത്താൽ നമുക്കു ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യം എങ്ങനെ വിനിയോഗിക്കുന്നു എന്നതിന് നാം ഓരോരുത്തരും വ്യക്തിപരമായി കണക്കു ബോധിപ്പിക്കേണ്ടിവരും.—റോമർ 14:12.
19. ആമോസ് 4:4, 5 അനുസരിച്ച് ഭൂരിഭാഗം ഇസ്രായേല്യരും എന്തിനെ സ്നേഹിക്കുന്നവർ ആയിത്തീർന്നിരുന്നു?
19 സങ്കടകരമെന്നു പറയട്ടെ, ആമോസിന്റെ ശക്തമായ സന്ദേശം മിക്ക ഇസ്രായേല്യരും അവഗണിച്ചു. ആമോസ് 4:4, 5-ൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ വാക്കുകൾ പറഞ്ഞുകൊണ്ട് പ്രവാചകൻ അവരുടെ ആത്മീയ രോഗാവസ്ഥ തുറന്നുകാട്ടുന്നു: “ബേഥേലിൽ ചെന്നു അതിക്രമം ചെയ്വിൻ; ഗില്ഗാലിൽ ചെന്നു അതിക്രമം വർദ്ധിപ്പിപ്പിൻ, . . . അങ്ങനെ അല്ലോ, യിസ്രായേൽമക്കളേ നിങ്ങൾക്കു ഇഷ്ടമായിരിക്കുന്നത്.” ഇസ്രായേല്യർ ഉചിതമായ മോഹങ്ങളായിരുന്നില്ല നട്ടുവളർത്തിയിരുന്നത്. അവർ തങ്ങളുടെ ഹൃദയങ്ങളെ കാത്തുകൊണ്ടില്ല. തത്ഫലമായി, അവരിൽ മിക്കവരും തിന്മയെ സ്നേഹിക്കാനും നന്മയെ വെറുക്കാനും തുടങ്ങിയിരുന്നു. ദുശ്ശാഠ്യക്കാരായ ആ കാളക്കുട്ടിയാരാധകർ തങ്ങളുടെ വഴികൾക്കു മാറ്റംവരുത്തിയില്ല. യഹോവ അവരോടു കണക്കു തീർക്കുകയും അവർ തങ്ങളുടെ പാപാവസ്ഥയിൽത്തന്നെ മരിക്കുകയും ചെയ്യുമായിരുന്നു.
20. ആമോസ് 5:4-നു ചേർച്ചയിലുള്ള ഒരു ഗതി പിൻപറ്റാൻ ഒരുവന് എങ്ങനെ കഴിയും?
20 യഹോവയോടുള്ള വിശ്വസ്തത കാത്തുകൊള്ളുക എന്നത് ഇസ്രായേലിൽ അന്നു ജീവിച്ചിരുന്ന ഏതൊരു വ്യക്തിയെ സംബന്ധിച്ചും അത്ര എളുപ്പം ആയിരുന്നിരിക്കില്ല. ഒഴുക്കിനെതിരെ നീന്തുന്നത് അത്ര എളുപ്പമല്ലെന്ന് ചെറുപ്പക്കാരും പ്രായമായവരും ഉൾപ്പെട്ട ഇന്നത്തെ ക്രിസ്ത്യാനികൾക്ക് നന്നായി അറിയാവുന്നതാണല്ലോ. എന്നിരുന്നാലും, ദൈവത്തോടുള്ള സ്നേഹവും അവനെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹവും സത്യാരാധന പിന്തുടരാൻ ചില ഇസ്രായേല്യരെ പ്രചോദിപ്പിക്കുകതന്നെ ചെയ്തു. അവർക്ക് ആമോസ് 5:4-ൽ രേഖപ്പെടുത്തിയിരിക്കുന്ന ഊഷ്മളമായ ക്ഷണം യഹോവ വെച്ചുനീട്ടി: “നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നു എന്നെ അന്വേഷിപ്പിൻ.” സമാനമായി ഇന്ന്, അനുതപിക്കുകയും ദൈവവചനത്തിന്റെ സൂക്ഷ്മ പരിജ്ഞാനം നേടുകയും ചെയ്തുകൊണ്ട് ദൈവേഷ്ടം പ്രവർത്തിക്കുന്ന ഏവരോടും ദൈവം കരുണ കാണിക്കുന്നു. ഈ ഗതി പിൻപറ്റുക അത്ര എളുപ്പമല്ല, എന്നാൽ അപ്രകാരം ചെയ്യുന്നത് നിത്യജീവനിലേക്കു നയിക്കും.—യോഹന്നാൻ 17:3.
ആത്മീയ ക്ഷാമത്തിൻ നടുവിലും സമൃദ്ധി
21. സത്യാരാധന പിൻപറ്റാത്തവരെ ഏതു ക്ഷാമം ബാധിക്കുന്നു?
21 സത്യാരാധനയെ പിന്തുണയ്ക്കാതിരുന്നവർക്ക് എന്ത് അനുഭവപ്പെടുമായിരുന്നു? ആത്മീയ ക്ഷാമം എന്ന ഏറ്റവും പരിതാപകരമായ ക്ഷാമംതന്നെ! “അപ്പത്തിന്നായുള്ള വിശപ്പല്ല വെള്ളത്തിന്നായുള്ള ദാഹവുമല്ല, യഹോവയുടെ വചനങ്ങളെ കേൾക്കേണ്ടതിന്നുള്ള വിശപ്പുതന്നേ ഞാൻ ദേശത്തേക്കു അയക്കുന്ന നാളുകൾ വരുന്നു” എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്തു. (ആമോസ് 8:11) ക്രൈസ്തവലോകം അത്തരം ആത്മീയ ക്ഷാമത്തിന്റെ പിടിയിലാണ്. എന്നിരുന്നാലും, അവളുടെയിടയിലെ ആത്മാർഥഹൃദയരായ ആളുകൾക്ക് ദൈവജനത്തിന്റെ ആത്മീയ സമൃദ്ധി കാണാൻ കഴിയുന്നു, അവർ യഹോവയുടെ സംഘടനയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. ക്രൈസ്തവലോകത്തിന്റെ അവസ്ഥയും സത്യക്രിസ്ത്യാനികളുടെ അവസ്ഥയും തമ്മിലുള്ള വ്യത്യാസം യഹോവ അരുളിച്ചെയ്തതുപോലെ തന്നെയാണ്: “ഇതാ, എന്റെ ദാസന്മാർ ഭക്ഷിക്കും; നിങ്ങളോ വിശന്നിരിക്കും; എന്റെ ദാസന്മാർ പാനംചെയ്യും; നിങ്ങളോ ദാഹിച്ചിരിക്കും; എന്റെ ദാസന്മാർ സന്തോഷിക്കും; നിങ്ങളോ ലജ്ജിച്ചിരിക്കും.”—യെശയ്യാവു 65:13.
22. സന്തോഷിക്കാൻ നമുക്ക് എന്തു കാരണമാണ് ഉള്ളത്?
22 യഹോവയുടെ ദാസന്മാർ എന്ന നിലയിൽ, നമുക്കു ലഭ്യമായ ആത്മീയ കരുതലുകളെയും അനുഗ്രഹങ്ങളെയും വ്യക്തിപരമായി നാം വിലമതിക്കുന്നുണ്ടോ? ബൈബിളും ക്രിസ്തീയ പ്രസിദ്ധീകരണങ്ങളും പഠിക്കുകയും യോഗങ്ങളിലും സമ്മേളനങ്ങളിലും കൺവെൻഷനുകളിലും സംബന്ധിക്കുകയും ചെയ്യുമ്പോൾ നാം യഥാർഥത്തിൽ ഹൃദയാനന്ദംകൊണ്ടു ഘോഷിച്ചുല്ലസിക്കാൻ പ്രേരിതരായിത്തീരുന്നു. ആമോസിന്റെ ദിവ്യ നിശ്വസ്ത പ്രവചനം ഉൾപ്പെടെയുള്ള ദൈവവചനത്തിന്റെ വ്യക്തമായ ഗ്രാഹ്യം ഉള്ളതിൽ നാം സന്തോഷിക്കുന്നു.
23. ദൈവത്തെ മഹത്ത്വപ്പെടുത്തുന്നവർ എന്താണ് ആസ്വദിക്കുന്നത്?
23 ദൈവത്തെ സ്നേഹിക്കുകയും അവനു മഹത്ത്വം കൊടുക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാവർക്കുമുള്ള പ്രത്യാശയുടെ ഒരു സന്ദേശം ആമോസിന്റെ പ്രവചനത്തിൽ ഉണ്ട്. ഇപ്പോഴത്തെ നമ്മുടെ സാമ്പത്തിക അവസ്ഥ എന്തുതന്നെ ആയിരുന്നാലും പ്രശ്നപൂരിതമായ ഈ ലോകത്തിൽ നാം എന്തെല്ലാം പരിശോധനകൾ നേരിടേണ്ടി വന്നാലും, ദൈവത്തെ സ്നേഹിക്കുന്ന നാം ദിവ്യ അനുഗ്രഹങ്ങളും ഏറ്റവും ഉത്കൃഷ്ടമായ ആത്മീയ ഭക്ഷണവും ആസ്വദിച്ചു കൊണ്ടിരിക്കുകയാണ് എന്നതിനു സംശയമില്ല. (സദൃശവാക്യങ്ങൾ 10:22; മത്തായി 24:45-47) അതിനുള്ള സർവ മഹത്ത്വവും, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിനുള്ളതാണ്. അതുകൊണ്ട് നമ്മുടെ ഹൃദയംഗമമായ സ്തുതി എന്നേക്കും അവനു നൽകാൻ നമുക്കു ദൃഢനിശ്ചയം ചെയ്യാം. ആ സന്തുഷ്ട പദവി നമ്മുടേതായിരിക്കും, ഹൃദയങ്ങളെ ശോധന ചെയ്യുന്നവനായ യഹോവയെ നാം അന്വേഷിക്കുമെങ്കിൽ.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
• ആമോസിന്റെ നാളിൽ ഇസ്രായേലിൽ എന്ത് അവസ്ഥകളാണു നിലവിലിരുന്നത്?
• പത്തുഗോത്ര ഇസ്രായേൽ രാജ്യത്ത് നിലവിലിരുന്ന അവസ്ഥകൾക്ക് ഏത് ആധുനിക സമാന്തരങ്ങളുണ്ട്?
• മുൻകൂട്ടി പറയപ്പെട്ട ഏത് ക്ഷാമം ഇപ്പോൾ അനുഭവപ്പെടുന്നു, എന്നാൽ അതിനാൽ ബാധിക്കപ്പെടാത്തത് ആര്?
[അധ്യയന ചോദ്യങ്ങൾ]
[21-ാം പേജിലെ ചിത്രങ്ങൾ]
ധാരാളം ഇസ്രായേല്യർ ആഡംബരപൂർണമായ ജീവിതം നയിച്ചു, എന്നാൽ അവർ ആത്മീയ സമൃദ്ധി ആസ്വദിച്ചില്ല
[23-ാം പേജിലെ ചിത്രം]
തങ്ങളുടെ നല്ല വേല തുടരാൻ മുഴുസമയ സേവകരെ പ്രോത്സാഹിപ്പിക്കുക
[24, 25 പേജുകളിലെ ചിത്രങ്ങൾ]
യഹോവയുടെ സന്തുഷ്ട ജനത്തിനിടയിൽ യാതൊരു ആത്മീയ ക്ഷാമവുമില്ല