വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു!”

“യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു!”

യഹോവയുടെ സൃഷ്ടിയിലെ വിസ്‌മയങ്ങൾ

“യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു!”

നാം ജീവിക്കുന്നത്‌ നാട്ടിൻപുറത്തോ നഗരത്തിലോ പർവതപ്രദേശത്തോ സമുദ്രതീരത്തോ എവിടെയായിരുന്നാലും, അത്ഭുതം ജനിപ്പിക്കുന്ന ഗംഭീര പ്രകൃതിദൃശ്യങ്ങളാണ്‌ നമുക്കു ചുറ്റും ഉള്ളത്‌. തികച്ചും അനുയോജ്യമായി, 2004 യഹോവയുടെ സാക്ഷികളുടെ കലണ്ടർ യഹോവയുടെ കരവിരുതിനെ സാക്ഷ്യപ്പെടുത്തുന്ന ചില ദൃശ്യവിസ്‌മയങ്ങൾ വിശേഷവത്‌കരിച്ചിരിക്കുന്നു.

വിലമതിപ്പുള്ള മനുഷ്യർ എക്കാലവും ദൈവത്തിന്റെ കരവേലകളിൽ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. ഉദാഹരണത്തിന്‌ ശലോമോനെക്കുറിച്ചു ചിന്തിക്കുക. “സകലപൂർവ്വദിഗ്വാസികളുടെയും ജ്ഞാനത്തെക്കാളും . . . ശലോമോന്റെ ജ്ഞാനം ശ്രേഷ്‌ഠമായിരുന്നു.” അവനെക്കുറിച്ചു ബൈബിൾ പറയുന്നു: “ലെബാനോനിലെ ദേവദാരുമുതൽ ചുവരിന്മേൽ മുളെക്കുന്ന ഈസോപ്പുവരെയുള്ള വൃക്ഷാദികളെക്കുറിച്ചും മൃഗം, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും അവൻ പ്രസ്‌താവിച്ചു.” (1 രാജാക്കന്മാർ 4:⁠30, 33) ശലോമോന്റെ പിതാവായ ദാവീദ്‌ രാജാവും മിക്കപ്പോഴും ദൈവത്തിന്റെ വിശിഷ്ട സൃഷ്ടികളെക്കുറിച്ചു ധ്യാനിച്ചിരുന്നു. തന്റെ സ്രഷ്ടാവിനോട്‌ ഇങ്ങനെ ഉദ്‌ഘോഷിക്കാൻ അവൻ പ്രേരിതനായി: “യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു.”​—⁠സങ്കീർത്തനം 104:⁠24. *

നാമും സൃഷ്ടിയെ നിരീക്ഷിക്കുകയും അതിനെക്കുറിച്ചു പഠിക്കുകയും വേണം. ഉദാഹരണത്തിന്‌, “കണ്ണു മേലോട്ടുയർത്തി” നമുക്ക്‌ ഇങ്ങനെ ചോദിക്കാം: “ഇവയെ സൃഷ്ടിച്ചതാർ?” അതേ, അത്‌ “വീര്യമാഹാത്മ്യ”വും “ശക്തിയുടെ ആധിക്യ”വും ഉള്ള യഹോവയാം ദൈവമല്ലാതെ മറ്റാരുമല്ല.​—⁠യെശയ്യാവു 40:⁠26.

യഹോവയുടെ സൃഷ്ടിക്രിയകളെക്കുറിച്ചുള്ള ധ്യാനം നമ്മെ എങ്ങനെ ബാധിക്കണം? കുറഞ്ഞത്‌ 3 വിധങ്ങളിൽ അതു നമ്മെ സഹായിക്കുന്നു. (1) നമ്മുടെ ജീവനെ അമൂല്യമായി കരുതാൻ നമ്മെ ഓർമിപ്പിക്കുന്നു, (2) സൃഷ്ടിയിൽനിന്നു പഠിക്കുന്നതിനു മറ്റുള്ളവരെ സഹായിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു, (3) സ്രഷ്ടാവിനെ കൂടുതൽ നന്നായി അറിയാനും അതിയായി വിലമതിക്കാനും നമ്മെ പ്രചോദിപ്പിക്കുന്നു.

മനുഷ്യർ എന്ന നിലയിൽ നമ്മുടെ ജീവൻ, “ബുദ്ധിയില്ലാത്ത ജന്തുക്കളെ” അപേക്ഷിച്ച്‌ ഏറെ മഹത്തരമാണ്‌. അത്‌ സൃഷ്ടിയിലെ അത്ഭുതങ്ങളെ നിരീക്ഷിക്കാനും വിലമതിക്കാനും നമ്മെ പ്രാപ്‌തരാക്കുന്നു. (2 പത്രൊസ്‌ 2:⁠12) നമ്മുടെ കണ്ണുകൾക്ക്‌ ചാരുതയാർന്ന പ്രകൃതിദൃശ്യങ്ങൾ കാണാൻ കഴിയും. കാതുകൾക്ക്‌ പക്ഷികളുടെ ശ്രുതിമധുരമായ ഗാനാലാപനം കേൾക്കാനാകും. സമയവും സ്ഥലവും സംബന്ധിച്ച ബോധം നമുക്കു മധുരസ്‌മരണകൾ സമ്മാനിക്കുന്നു. നമ്മുടെ ഇപ്പോഴത്തെ ജീവിതം പൂർണതയുള്ളത്‌ അല്ലെങ്കിൽപ്പോലും ജീവിച്ചിരിക്കുന്നതു തീർച്ചയായും മൂല്യവത്തുതന്നെയാണ്‌.

മക്കൾക്കു സൃഷ്ടിയോടുള്ള സ്വാഭാവികമായ ആകർഷണം മാതാപിതാക്കൾക്ക്‌ ആസ്വദിക്കാൻ കഴിയും. കടൽത്തീരത്തു കക്ക പെറുക്കി കളിക്കാനും വളർത്തുമൃഗങ്ങളെ ഓമനിക്കാനും മരത്തിൽ കയറാനുമൊക്കെ കുട്ടികൾക്ക്‌ എത്ര ഇഷ്ടമാണ്‌! സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നതിന്‌ അവരെ സഹായിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ചെറുപ്പത്തിൽത്തന്നെ യഹോവയുടെ സൃഷ്ടികളെപ്രതി ആദരവും ഭയാശ്ചര്യവും കുട്ടികളുടെയുള്ളിൽ നാമ്പെടുക്കുകയാണെങ്കിൽ ജീവിതകാലത്തുടനീളം അതു നിലനിന്നേക്കാം.​—⁠സങ്കീർത്തനം 111:⁠2, 10.

അങ്ങേയറ്റം സങ്കുചിതവീക്ഷണം ഉള്ളവർ ആണെങ്കിൽ മാത്രമേ നമുക്ക്‌ സ്രഷ്ടാവിനെ മറന്നുകൊണ്ട്‌ അവന്റെ സൃഷ്ടികൾ ആസ്വദിക്കാൻ കഴിയുകയുള്ളൂ. യെശയ്യാ പ്രവചനം ഈ കാര്യത്തെക്കുറിച്ചു ചിന്തിക്കാൻ നമ്മെ സഹായിക്കുന്നു. അതു പറയുന്നു: “നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നേ; അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ.”​—⁠യെശയ്യാവു 40:⁠28.

ഉവ്വ്‌, യഹോവയുടെ സൃഷ്ടിക്രിയകൾ അവന്റെ അതുല്യ ജ്ഞാനത്തിനും ശക്തിക്കും നമ്മോടുള്ള ആഴമായ സ്‌നേഹത്തിനും തെളിവു നൽകുന്നു. നമ്മുടെ ചുറ്റുമുള്ള മനോഹാരിത കാണുകയും അവയെല്ലാം സൃഷ്ടിച്ചവന്റെ ഗുണങ്ങൾ വിവേചിക്കുകയും ചെയ്യുമ്പോൾ നാം ദാവീദിന്റെ വാക്കുകൾ പ്രതിധ്വനിപ്പിക്കാൻ പ്രചോദിതരായിത്തീരട്ടെ: “കർത്താവേ, [യഹോവേ] . . . നിനക്കു തുല്യനായവനില്ല; നിന്റെ പ്രവൃത്തികൾക്കു തുല്യമായ ഒരു പ്രവൃത്തിയുമില്ല.”​—⁠സങ്കീർത്തനം 86:⁠8.

യഹോവയുടെ സൃഷ്ടിക്രിയകൾ അനുസരണമുള്ള മനുഷ്യരുടെ താത്‌പര്യത്തെ ഉണർത്തുകയും അവർക്കു സന്തോഷം പകരുകയും ചെയ്യുന്നതിൽ തുടരുമെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും. നിത്യതയിലുടനീളം നമുക്കു യഹോവയെക്കുറിച്ചു പഠിക്കുന്നതിനുള്ള എണ്ണമറ്റ അവസരങ്ങൾ ഉണ്ടായിരിക്കും. (സഭാപ്രസംഗി 3:⁠11) അവനെക്കുറിച്ചു നാം എത്രയധികം പഠിക്കുന്നുവോ അത്രയധികം അവനോടുള്ള നമ്മുടെ സ്‌നേഹവും വർധിക്കും.

[അടിക്കുറിപ്പുകൾ]

^ ഖ. 4 2004 യഹോവയുടെ സാക്ഷികളുടെ കലണ്ടർ, നവംബർ/ഡിസംബർ കാണുക.

[9-ാം പേജിലെ ചതുരം]

സ്രഷ്ടാവിനുള്ള സ്‌തുതി

വിലമതിപ്പുള്ള പല ശാസ്‌ത്രജ്ഞന്മാരും സൃഷ്ടിയിൽ ദൈവത്തിന്റെ കരം ദർശിച്ചിട്ടുണ്ട്‌. ഏതാനും ദൃഷ്ടാന്തങ്ങൾ ചുവടെ ചേർക്കുന്നു:

“പുതിയ എന്തെങ്കിലും കണ്ടുപിടിക്കുകയും ‘ഓ, അപ്പോഴങ്ങനെയാണല്ലേ ദൈവം അതു ചെയ്‌തത്‌,’ എന്ന്‌ എന്നോടുതന്നെ പറയുകയും ചെയ്യുന്ന അസുലഭ നിമിഷങ്ങളാണ്‌ എന്റെ ശാസ്‌ത്രജീവിതത്തിലെ ഏറ്റവും സവിശേഷവും സന്തുഷ്ടിദായകവുമായവ. ദൈവത്തിന്റെ പദ്ധതിയുടെ ചെറിയ ഒരംശമെങ്കിലും മനസ്സിലാക്കുക എന്നതാണ്‌ എന്റെ ലക്ഷ്യം.”​—⁠ഹെൻട്രി ഷേഫർ, രസതന്ത്രശാസ്‌ത്ര പ്രൊഫസർ.

“പ്രപഞ്ച വികാസത്തിന്‌ ഇടയാക്കുന്നത്‌ എന്താണ്‌ എന്നതു സംബന്ധിച്ച്‌ വായനക്കാരൻ സ്വന്തം നിഗമനത്തിൽ എത്തിച്ചേരേണ്ടതുണ്ട്‌. എന്നാൽ അവനെ [ദൈവത്തെ] കൂടാതെ നമ്മുടെ ചിത്രം അപൂർണമായിരിക്കും.”​—⁠എഡ്വേർഡ്‌ മില്‌ൻ, ബ്രിട്ടീഷ്‌ പ്രപഞ്ചവിജ്ഞാനി.

“അങ്ങേയറ്റത്തെ ഗണിതശാസ്‌ത്രപരമായ കൃത്യത പ്രകൃതിയിൽ ദർശിക്കാൻ കഴിയുന്നത്‌ അതിനെ സൃഷ്ടിച്ചതു ദൈവം ആയതുകൊണ്ടാണ്‌.”​—⁠അലക്‌സാണ്ടർ പോല്യാക്കോവ്‌, റഷ്യൻ ഗണിതശാസ്‌ത്രജ്ഞൻ.

“പ്രകൃതിയിൽ കാണുന്ന വസ്‌തുക്കളെക്കുറിച്ചുള്ള പഠനത്തിൽ നാം പരിചിന്തിക്കുന്നത്‌ സ്രഷ്ടാവിന്റെ ചിന്തകളെക്കുറിച്ചാണ്‌, പരിചിതരാകുന്നത്‌ അവന്റെ ആശയങ്ങളുമായാണ്‌, വ്യാഖ്യാനിക്കുന്നത്‌ നാമല്ല മറിച്ച്‌ അവൻ രൂപംനൽകിയ ഒരു വ്യവസ്ഥയെയാണ്‌.”​—⁠ലൂയി അഗസി, അമേരിക്കൻ ജീവശാസ്‌ത്രജ്ഞൻ.

[8, 9 പേജുകളിലെ ചിത്രം]

ജെന്റൂ പെൻഗ്വിനുകൾ, അന്റാർട്ടിക്‌ ഉപദ്വീപ്‌

[9-ാം പേജിലെ ചിത്രം]

ഗ്രാൻഡ്‌ ടിറ്റോൻ നാഷണൽ പാർക്ക്‌, വൈയോമിങ്‌, യു.എ⁠സ്‌.എ.

[കടപ്പാട്‌]

Jack Hoehn/Index Stock Photography