വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മനുഷ്യർക്ക്‌ എത്ര കാലം ജീവിക്കാൻ കഴിയും?

മനുഷ്യർക്ക്‌ എത്ര കാലം ജീവിക്കാൻ കഴിയും?

മനുഷ്യർക്ക്‌ എത്ര കാലം ജീവിക്കാൻ കഴിയും?

വർഷം 1513. മാർച്ച്‌ മാസം 3-ാം തീയതി ഹ്വാൻ പോൺസേ ദേ ലേയോൺ എന്ന സ്‌പാനിഷ്‌ പര്യവേക്ഷകൻ ശ്രദ്ധേയമായ ഒരു പര്യടനത്തിനായി ഇറങ്ങിത്തിരിച്ചു. പോർട്ടറിക്കോയിൽനിന്ന്‌ ആരംഭിച്ച സമുദ്രയാത്രയുടെ ലക്ഷ്യം ബിമിനി ദ്വീപ്‌ ആയിരുന്നു. യാത്രയുടെ ഉദ്ദേശ്യം ഒരു അത്ഭുത നീരുറവ, യുവത്വത്തിന്റെ നീരുറവ കണ്ടെത്തുക എന്നതായിരുന്നു എന്നു കരുതപ്പെടുന്നു. എന്നാൽ അദ്ദേഹം ചെന്നെത്തിയത്‌ ഐക്യനാടുകളിലുള്ള, ഇന്ന്‌ ഫ്‌ളോറിഡ എന്ന്‌ അറിയപ്പെടുന്ന പ്രദേശത്താണ്‌. ഇല്ലാത്ത ആ നീരുറവ കണ്ടെത്താൻ അദ്ദേഹത്തിനു കഴിഞ്ഞില്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇന്ന്‌ മനുഷ്യർ പൊതുവേ, 70-ഓ, 80-ഓ വർഷത്തിൽ കൂടുതൽ ജീവിച്ചിരിക്കുന്നില്ല. ബൈബിൾ, നൂറുകണക്കിനു വർഷം ജീവിച്ചിരുന്നിട്ടുള്ള ആളുകളെക്കുറിച്ചു പറയുന്നുണ്ടെങ്കിലും 2002 ഗിന്നസ്‌ ബുക്ക്‌ ഓഫ്‌ വേൾഡ്‌ റെക്കോർഡ്‌സ്‌ അനുസരിച്ച്‌ ഏറ്റവുമധികം കാലം ജീവിച്ചിരുന്നിട്ടുള്ള വ്യക്തിയുടെ പ്രായം 122 വർഷവും 164 ദിവസവും ആണ്‌. (ഉല്‌പത്തി 5:⁠3-32) എന്നിരുന്നാലും ജൈവധർമശാസ്‌ത്രജ്ഞനായ ജോൺ ഹാരിസ്‌ പറഞ്ഞു: “നവീന ഗവേഷണം, വാർധക്യം​—⁠എന്തിന്‌, മരണംപോലും​—⁠പരിഹരിക്കാനാകുന്ന ഒരു ലോകം സാധ്യമായിത്തീർന്നേക്കാം എന്ന സൂചന നൽകുന്നു.” 21-ാം നൂറ്റാണ്ടിലെ പല ഗവേഷകരും “ഫലത്തിൽ അമർത്യത എന്നു വിളിക്കാവുന്ന ഒന്ന്‌,” കൈവരിക്കുന്നതിനെയും “2099-ഓടെ മനുഷ്യായുസ്സ്‌ അപരിമിതമായി”ത്തീരുന്നതിനെയും “നിത്യം പുതുക്കാനുള്ള കോശങ്ങളുടെ പ്രാപ്‌തി”യെയും കുറിച്ചൊക്കെ സംസാരിക്കുന്നതായി കേൾക്കാം.

നിത്യജീവൻ എന്ന സ്വപ്‌നം (ഇംഗ്ലീഷ്‌) എന്ന തന്റെ ഗ്രന്ഥത്തിൽ മാർക്ക്‌ ബെനെക്കേ പറയുന്നു: “ഒരാളുടെ ജീവിതകാലത്ത്‌ അയാളുടെ മുഴുവൻ കോശങ്ങളുംതന്നെ പല തവണ പുതുക്കപ്പെടുന്നു. . . . വാസ്‌തവത്തിൽ ഏതാണ്ട്‌ ഓരോ ഏഴു വർഷം കൂടുമ്പോഴും നാം പുതിയ ആളുകൾ ആയിത്തീരുന്നുവെന്നു പറയാവുന്നതാണ്‌.” എന്നിരുന്നാലും ഇത്‌ അനന്തമായി തുടരുന്നില്ല. എന്തുകൊണ്ടെന്നാൽ, മുൻനിർണയിക്കപ്പെട്ട ഒരു പരിധി കഴിയുമ്പോൾ കോശങ്ങളുടെ വിഭജന പ്രക്രിയ നിലയ്‌ക്കുന്നു. എന്നാൽ, അതു സംഭവിക്കുന്നില്ലായിരുന്നെങ്കിൽ ബെനെക്കേ പറയുന്നതനുസരിച്ച്‌ “മനുഷ്യശരീരത്തിന്‌ വളരെക്കാലം സ്വയം പുതുക്കാൻ സാധിക്കുമായിരുന്നു, ഒരുപക്ഷേ നിത്യമായിപ്പോലും.”

ഇനി, മനുഷ്യ മസ്‌തിഷ്‌കത്തിന്റെ വിസ്‌മയകരമായ ശേഷി പരിഗണിക്കുക. നമ്മുടെ താരതമ്യേന ചുരുങ്ങിയ ജീവിതകാലത്ത്‌ മസ്‌തിഷ്‌കത്തിന്റെ പ്രാപ്‌തിയുടെ ഒരംശം മാത്രമാണ്‌ നാം ഉപയോഗപ്പെടുത്തുന്നത്‌. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നപ്രകാരം മനുഷ്യന്റെ തലച്ചോറിന്‌ “ഒരു വ്യക്തിയുടെ ജീവിതകാലത്ത്‌ ഉപയോഗിക്കാൻ കഴിയുന്നതിലും ഏറെ ഗണ്യമായ പ്രാപ്‌തി ഉണ്ട്‌.” (1976 പതിപ്പ്‌, വാല്യം 12, പേജ്‌ 998) മസ്‌തിഷ്‌കം കാര്യങ്ങൾ മനസ്സിലാക്കുന്ന വിധം (ഇംഗ്ലീഷ്‌) എന്ന ഡേവിഡ്‌ എ. സൂസയുടെ ഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നു: “വിവരങ്ങൾ ശേഖരിച്ചുവെക്കാനുള്ള തലച്ചോറിന്റെ കഴിവ്‌ അപരിമിതമാണെന്നുതന്നെ പറയാം.”​—⁠പേജ്‌ 78, രണ്ടാം പതിപ്പ്‌, പകർപ്പവകാശം 2001.

മനുഷ്യൻ വാർധക്യംചെന്ന്‌ മരിക്കുന്നത്‌ എന്തുകൊണ്ടാണെന്നു കണ്ടെത്താൻ ഗവേഷകർക്കു കഴിയാത്തതിന്റെ കാരണം എന്താണ്‌? മനുഷ്യ മസ്‌തിഷ്‌കത്തിന്‌ ഇത്ര വിപുലമായ പ്രാപ്‌തികൾ ഉള്ളത്‌ എന്തുകൊണ്ടാണ്‌? എന്നേക്കും പരിജ്ഞാനം ആർജിച്ചുകൊണ്ടിരിക്കുക എന്ന ഉദ്ദേശ്യത്തിലാണ്‌ നമ്മെ രൂപകൽപ്പന ചെയ്‌തിട്ടുള്ളത്‌ എന്നായിരിക്കുമോ അതിന്റെ അർഥം? നിത്യജീവനെക്കുറിച്ചു ചിന്തിക്കാൻതന്നെ നമുക്കു കഴിയുന്നത്‌ എന്തുകൊണ്ടാണ്‌?

ബൈബിൾ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “[ദൈവം] സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്‌തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു; എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.” (സഭാപ്രസംഗി 3:⁠11) നിത്യം ജീവിക്കുക എന്ന ആശയം ദൈവം നമ്മിൽ ഉൾനട്ടിട്ടുണ്ടെന്ന്‌ ഈ വാക്കുകൾ സൂചിപ്പിക്കുന്നു. ദൈവത്തെയും അവന്റെ പ്രവൃത്തികളെയും കുറിച്ച്‌ എത്ര പഠിച്ചാലും തീർന്നുപോകുമെന്ന്‌ പേടിക്കേണ്ടതില്ല. എണ്ണമറ്റ ശതകോടിക്കണക്കിനു വർഷങ്ങൾ, അനന്തതയിലെങ്ങും നാം ജീവിച്ചിരുന്നാലും ദൈവത്തിന്റെ സൃഷ്ടിക്രിയകളിലെ അത്ഭുതങ്ങളെക്കുറിച്ച്‌ അപ്പോഴും നമുക്കു വളരെയേറെ മനസ്സിലാക്കാൻ ഉണ്ടായിരിക്കും.

മനുഷ്യനു നിത്യം ജീവിക്കാൻ കഴിയുമെന്നു യേശുക്രിസ്‌തുവിന്റെ വാക്കുകളും പ്രകടമാക്കുന്നു. അവൻ പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ) (യോഹന്നാൻ 17:⁠3) നിങ്ങളെ സംബന്ധിച്ചെന്ത്‌? എന്നേക്കും ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?

[3-ാം പേജിലെ ചിത്രങ്ങൾ]

ഹ്വാൻ പോൺസേ ദേ ലേയോൺ യുവത്വത്തിന്റെ നീരുറവ കണ്ടെത്താൻ ശ്രമിച്ചു

[കടപ്പാട്‌]

പോൺസേ ദേ ലേയോൺ: Harper’s Encyclopædia of United States History