ഭയരഹിതമായ ഒരു ലോകത്തിനായി നിങ്ങൾ വാഞ്ഛിക്കുന്നുവോ?
ഭയരഹിതമായ ഒരു ലോകത്തിനായി നിങ്ങൾ വാഞ്ഛിക്കുന്നുവോ?
“‘മുന്നറിയിപ്പു കൂടാതെ ഏതു സമയത്തും ഏതു രൂപത്തിലും ആഞ്ഞടിച്ചേക്കാവുന്ന, വ്യക്തമായി നിർവചിക്കപ്പെടാത്ത . . . ഒരു അപകടവും’ പ്രതീക്ഷിച്ച് നാം ‘നിരന്തരം അത്യന്തം ജാഗ്രതയിലും . . . നിസ്സഹായതയിലും’ കഴിയുകയാണ്.”
കഴിഞ്ഞ വർഷം ന്യൂസ്വീക്ക് മാസിക ഉദ്ധരിച്ച ഈ വാക്കുകൾ, ഇന്നത്തെ പ്രക്ഷുബ്ധലോകത്തിൽ ജീവിക്കുന്ന അനേകരുടെ വികാരങ്ങൾ പ്രതിഫലിപ്പിക്കുന്നു. അത്തരം വികാരങ്ങൾ സമീപഭാവിയിൽ തീവ്രമാകുമെന്ന് യേശുക്രിസ്തു സൂചിപ്പിച്ചു. ഭൂമിയിലെ ജനതകൾ പരിഭ്രമത്താൽ നിരാശരായിത്തീരുകയും ഭൂലോകത്തിന് എന്തു ഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാർത്തുംകൊണ്ടു മനുഷ്യർ നിർജ്ജീവന്മാർ ആയിത്തീരുകയും ചെയ്യുന്ന ഒരു സമയം അവൻ മുൻകൂട്ടിപ്പറഞ്ഞു. എന്നാൽ നമുക്കു ഭയമോ നിസ്സഹായതയോ തോന്നേണ്ട ആവശ്യമുണ്ടായിരിക്കില്ല. എന്തുകൊണ്ടന്നാൽ യേശു ഇങ്ങനെ കൂട്ടിച്ചേർത്തു: “ഇതു സംഭവിച്ചുതുടങ്ങുമ്പോൾ നിങ്ങളുടെ വീണ്ടെടുപ്പു അടുത്തുവരുന്നതുകൊണ്ടു നിവിർന്നു തല പൊക്കുവിൻ.”—ലൂക്കൊസ് 21:25-28.
ആ വീണ്ടെടുപ്പ് അല്ലെങ്കിൽ വിടുതലിനു ശേഷം തന്റെ ജനം ആസ്വദിക്കാൻ പോകുന്ന ജീവിത സാഹചര്യങ്ങളെക്കുറിച്ച് യഹോവയാം ദൈവം ഇങ്ങനെ പ്രഖ്യാപിച്ചു: “എന്റെ ജനം സമാധാനനിവാസത്തിലും നിർഭയവസതികളിലും സ്വൈരമുള്ള വിശ്രാമസ്ഥലങ്ങളിലും പാർക്കും.” (യെശയ്യാവു 32:18) തന്റെ പ്രവാചകനായ മീഖായിലൂടെ യഹോവ പറഞ്ഞു: “അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല.”—മീഖാ 4:4.
ഇന്നത്തെ ജീവിതത്തിൽനിന്ന് എത്ര വ്യത്യസ്തം! അജ്ഞാതമായ യാതൊരു അപകടവും മനുഷ്യവർഗത്തിനു ഭീഷണി ഉയർത്തുകയില്ല. നിരന്തരം ജാഗ്രതയിലും നിസ്സഹായതയിലും കഴിയുന്ന ഇന്നത്തെ അവസ്ഥയ്ക്കു പകരം അന്ന് കളിയാടുന്നത് അനന്തമായ സമാധാനവും സന്തുഷ്ടിയും ആയിരിക്കും.