വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

റിബെക്കാ ദൈവഭക്തയും കർമോത്സുകയുമായ ഒരു സ്‌ത്രീ

റിബെക്കാ ദൈവഭക്തയും കർമോത്സുകയുമായ ഒരു സ്‌ത്രീ

റിബെക്കാ ദൈവഭക്തയും കർമോത്സുകയുമായ ഒരു സ്‌ത്രീ

നിങ്ങളുടെ മകനുവേണ്ടി ഒരു ഭാര്യയെ തിരഞ്ഞെടുക്കേണ്ടിവരുന്നു എന്നു വിചാരിക്കുക. എങ്ങനെയുള്ള പെൺകുട്ടിയെ ആയിരിക്കും നിങ്ങൾ തിരഞ്ഞെടുക്കുക? അവളിൽ എന്തു യോഗ്യതകളായിരിക്കും നിങ്ങൾ നോക്കുന്നത്‌? സുന്ദരിയും ബുദ്ധിമതിയും ദയാലുവും കഠിനാധ്വാനിയുമായ ആരെയെങ്കിലുമാണോ നിങ്ങൾ അന്വേഷിക്കുക? അതോ ആദ്യംതന്നെ നിങ്ങൾ അവളിൽ മറ്റെന്തെങ്കിലും യോഗ്യതയാണോ നോക്കുന്നത്‌?

അബ്രാഹാമിന്‌ ഇത്തരമൊരു വിഷമാവസ്ഥ നേരിടേണ്ടിവന്നു. അവന്റെ പുത്രനായ യിസ്‌ഹാക്കിലൂടെ അവന്റെ സന്തതികൾ സമൃദ്ധമായി അനുഗ്രഹിക്കപ്പെടുമെന്ന്‌ യഹോവ വാഗ്‌ദാനം ചെയ്‌തിരുന്നു. ഇതേക്കുറിച്ചുള്ള വിവരണം നമുക്കു പരിശോധിക്കാം. അബ്രാഹാം ഇപ്പോൾ വൃദ്ധനായിരിക്കുന്നു, എന്നാൽ അവന്റെ പുത്രനായ യിസ്‌ഹാക്ക്‌ ഇതുവരെയും വിവാഹിതനായിട്ടില്ല. (ഉല്‌പത്തി 12:1-3, 7; 17:19; 22:17, 18; 24:1) യിസ്‌ഹാക്കിന്റെ ഭാര്യയായിട്ട്‌ വരുന്ന സ്‌ത്രീയും അവർക്ക്‌ ഉണ്ടായേക്കാവുന്ന കുട്ടികളും യിസ്‌ഹാക്കിനോടൊപ്പം അനുഗ്രഹങ്ങളിൽ പങ്കുകാരാകുമായിരുന്നതിനാൽ അബ്രാഹാം ഇപ്പോൾ യിസ്‌ഹാക്കിനുവേണ്ടി അനുയോജ്യയായ ഒരു വധുവിനെ അന്വേഷിക്കാനുള്ള ക്രമീകരണം ചെയ്യുന്നു. ഒന്നാമതായി, അവൾ യഹോവയുടെ ഒരു ദാസി ആയിരിക്കണം. അബ്രാഹാം പാർക്കുന്ന കനാൻദേശത്ത്‌ അങ്ങനെയുള്ള ഒരു പെൺകുട്ടിയെ കണ്ടെത്താൻ കഴിയുന്നില്ല. അതിനാൽ അവന്‌ മറ്റെവിടെയെങ്കിലും അന്വേഷിക്കേണ്ടതായി വരുന്നു. ഒടുവിൽ റിബെക്കായെ തിരഞ്ഞെടുക്കുന്നു. അബ്രാഹാം അവളെ കണ്ടെത്തിയത്‌ എങ്ങനെയാണ്‌? അവൾ ആത്മീയതയുള്ള ഒരു സ്‌ത്രീയാണോ? അവളുടെ ദൃഷ്ടാന്തം പരിചിന്തിക്കുന്നതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാൻ കഴിയും?

യോഗ്യതയുള്ള ഒരു സ്‌ത്രീക്കുവേണ്ടിയുള്ള അന്വേഷണം

അബ്രാഹാം തന്റെ ഭവനത്തിലെ ഏറ്റവും പ്രായമുള്ള ദാസനെ​—⁠സകല സാധ്യതയുമനുസരിച്ച്‌ എല്യേസറിനെ​—⁠ദൂരദേശമായ മെസൊപ്പൊത്താമ്യയിലേക്ക്‌ അയയ്‌ക്കുന്നു. അബ്രാഹാമിനെ പോലെതന്നെ യഹോവയുടെ ആരാധകരായിരുന്ന അവന്റെ ബന്ധുക്കളിൽനിന്ന്‌ യിസ്‌ഹാക്കിന്‌ ഒരു വധുവിനെ തിരഞ്ഞെടുക്കാനാണ്‌ ഈ യാത്ര. ഈ കാര്യം വളരെ ഗൗരവമേറിയതാണ്‌. അതുകൊണ്ട്‌, യിസ്‌ഹാക്കിനുവേണ്ടി ഒരു കനാന്യസ്‌ത്രീയെ ഭാര്യയായി എടുക്കുകയില്ല എന്ന്‌ അബ്രാഹാം എല്യേസറിനെക്കൊണ്ടു ശപഥം ചെയ്യിക്കുകപോലും ചെയ്യുന്നു. ഇക്കാര്യത്തിലുള്ള അബ്രാഹാമിന്റെ നിഷ്‌കർഷ ശ്രദ്ധേയമാണ്‌.​—⁠ഉല്‌പത്തി 24:2-10.

അബ്രാഹാമിന്റെ ബന്ധുക്കൾ പാർക്കുന്ന പട്ടണത്തിൽ എത്തിയപ്പോൾ എല്യേസർ തന്റെ പത്ത്‌ ഒട്ടകങ്ങളെ ഒരു കിണറ്റുകരയിലേക്കു കൊണ്ടുവരുന്നു. ആ രംഗം ഒന്നു വിഭാവന ചെയ്യുക! സമയം വൈകുന്നേരം, എല്യേസർ ഇപ്രകാരം പ്രാർഥിക്കുന്നു: “ഇതാ, ഞാൻ കിണററിന്നരികെ നില്‌ക്കുന്നു; ഈ പട്ടണക്കാരുടെ കന്യകമാർ വെള്ളം കോരുവാൻ വരുന്നു. നിന്റെ പാത്രം ഇറക്കി എനിക്കു കുടിപ്പാൻ തരേണം എന്നു ഞാൻ പറയുമ്പോൾ: കുടിക്ക; നിന്റെ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുക്കാമെന്നു പറയുന്ന സ്‌ത്രീ തന്നേ നീ നിന്റെ ദാസനായ യിസ്‌ഹാക്കിന്നു നിയമിച്ചവളായിരിക്കട്ടെ.”​—⁠ഉല്‌പത്തി 24:11-14.

ദാഹിച്ചുവലഞ്ഞ ഒരു ഒട്ടകം ധാരാളം വെള്ളം (100 ലിറ്റർ വരെ) കുടിക്കുമെന്ന്‌ സാധ്യതയനുസരിച്ച്‌ ആ പ്രദേശത്തുള്ള എല്ലാ സ്‌ത്രീകൾക്കും അറിയാം. അതുകൊണ്ട്‌, പത്ത്‌ ഒട്ടകങ്ങൾക്ക്‌ വെള്ളം കോരിക്കൊടുക്കാമെന്നു പറയുന്ന ഒരു സ്‌ത്രീ നിശ്ചയമായും കഠിനാധ്വാനം ചെയ്യാൻ തയ്യാറുള്ളവളായിരിക്കേണ്ടിയിരുന്നു. മറ്റുള്ളവർ സഹായിക്കാൻ മുന്നോട്ടുവരാതെ നോക്കിനിൽക്കവേ ഇതു ചെയ്യുന്നത്‌ അവളുടെ ആരോഗ്യത്തിന്റെയും ക്ഷമയുടെയും വിനയത്തിന്റെയും അതുപോലെതന്നെ മനുഷ്യനോടും മൃഗത്തോടുമുള്ള അവളുടെ ദയയുടെയും സുവ്യക്തമായ തെളിവു നൽകുമായിരുന്നു.

എന്താണു സംഭവിക്കുന്നത്‌? “അവൻ പറഞ്ഞു തീരുംമുമ്പെ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്റെ ഭാര്യ മിൽക്കയുടെ മകൻ ബെഥൂവേലിന്റെ മകൾ റിബെക്കാ തോളിൽ പാത്രവുമായി വന്നു. ബാല അതിസുന്ദരിയും . . . കന്യകയും ആയിരുന്നു; അവൾ കിണററിൽ ഇറങ്ങി പാത്രം നിറച്ചു കയറിവന്നു. ദാസൻ വേഗത്തിൽ അവളെ എതിരേററു ചെന്നു: നിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാൻ തരേണം എന്നു പറഞ്ഞു. യജമാനനേ, കുടിക്ക എന്നു അവൾ പറഞ്ഞു വേഗം പാത്രം കയ്യിൽ ഇറക്കി അവന്നു കുടിപ്പാൻ കൊടുത്തു.”​—⁠ഉല്‌പത്തി 24:15-18.

റിബെക്കാ യോഗ്യതയുള്ളവളോ?

റിബെക്കാ അബ്രാഹാമിന്റെ സഹോദരപൗത്രി ആണ്‌. അവൾ സുന്ദരിയാണെന്നു മാത്രമല്ല സദ്‌ഗുണസമ്പന്നയുമാണ്‌. ഒരു അപരിചിതനോടു സംസാരിക്കാൻ അവൾ വിമുഖത കാട്ടുന്നില്ല, എന്നാൽ അനുചിതമായ അടുപ്പം ഭാവിക്കുന്നുമില്ല. എല്യേസർ കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ അവൾ അതു നൽകി. കുടിക്കാൻ വെള്ളം കൊടുക്കുന്നത്‌ ഒരു സാധാരണ ആചാരമര്യാദ ആയതിനാൽ അതിൽ വലിയ അതിശയമില്ല. എന്നാൽ എല്യേസറിന്റെ പ്രാർഥനയുടെ അടുത്ത വശം സംബന്ധിച്ചെന്ത്‌?

റിബെക്കാ ഇപ്രകാരം പറയുന്നു: “യജമാനനേ, കുടിക്ക.” പക്ഷേ അവൾ അവിടംകൊണ്ടു നിറുത്തിയില്ല. അവൾ തുടരുന്നു: “നിന്റെ ഒട്ടകങ്ങൾക്കും വേണ്ടുവോളം ഞാൻ കോരിക്കൊടുക്കാം.” വെറും ആചാരമര്യാദയിൽ കവിഞ്ഞ ഒരു പ്രവൃത്തി ആയിരുന്നു അത്‌. ഉത്സാഹത്തോടെ ‘പാത്രത്തിലെ വെള്ളം വേഗം തൊട്ടിയിൽ ഒഴിച്ചിട്ട്‌, പിന്നെയും കോരിക്കൊണ്ടുവരുവാൻ കിണററിലേക്കു ഓടി ഇറങ്ങി അവന്റെ ഒട്ടകങ്ങൾക്കും എല്ലാം കോരിക്കൊടുക്കുന്നു.’ ഓടിനടന്ന്‌ പണിയെടുക്കുന്ന അവളെ അത്ഭുതത്തോടെ ‘ആ പുരുഷൻ ഉറ്റുനോക്കിക്കൊണ്ടിരുന്നു’ എന്ന്‌ വിവരണം പറയുന്നു.​—⁠ഉല്‌പത്തി 24:19-21.

ഈ പെൺകുട്ടി അബ്രാഹാമിന്റെ ബന്ധുവാണെന്ന്‌ അറിഞ്ഞപ്പോൾ എല്യേസർ സാഷ്ടാംഗംവീണ്‌ യഹോവയ്‌ക്കു നന്ദി കരേറ്റുന്നു. തനിക്കും കൂടെയുള്ളവർക്കും രാത്രി കഴിയാൻ അവളുടെ പിതാവിന്റെ ഭവനത്തിൽ ഇടമുണ്ടോ എന്ന്‌ അവൻ അന്വേഷിക്കുന്നു. വീട്ടിൽ സ്ഥലമുണ്ടെന്ന്‌ അവരോടു പറഞ്ഞിട്ട്‌ അതിഥികൾ എത്തിയ വാർത്ത അറിയിക്കാൻ അവൾ വീട്ടിലേക്ക്‌ ഓടുന്നു.—ഉല്‌പത്തി 24:22-28.

എല്യേസർ പറഞ്ഞ കഥകൾ എല്ലാം ശ്രദ്ധിച്ചുകേട്ടശേഷം റിബെക്കായുടെ സഹോദരൻ ലാബാനും അവളുടെ പിതാവ്‌ ബെഥൂവേലും ഇത്‌ ദിവ്യനടത്തിപ്പിനാൽ സംഭവിച്ചതാണെന്നു തിരിച്ചറിയുന്നു. അതേ, റിബെക്കാ തീർച്ചയായും യിസ്‌ഹാക്കിനുവേണ്ടി നിയമിക്കപ്പെട്ടവളാണ്‌. “അവളെ കൂട്ടിക്കൊണ്ടു പോക; യഹോവ കല്‌പിച്ചതുപോലെ അവൾ നിന്റെ യജമാനന്റെ മകന്നു ഭാര്യയാകട്ടെ” എന്ന്‌ അവർ പറയുന്നു. റിബെക്കായ്‌ക്ക്‌ എന്തുതോന്നുന്നു? ഉടൻതന്നെ പോകാൻ അവൾക്കു സമ്മതമാണോ എന്ന്‌ അവളോടു ചോദിച്ചപ്പോൾ അവൾ ഒറ്റവാക്കിൽ ഉത്തരം പറയുന്നു, എബ്രായഭാഷയിൽ ആ വാക്കിന്റെ അർഥം: “ഞാൻ പോകാം” (ഓശാന ബൈബിൾ) എന്നാണ്‌. ഈ വിവാഹത്തിന്‌ അവൾ സമ്മതിച്ചേ തീരൂ എന്നൊന്നുമില്ല. ‘സ്‌ത്രീക്കു കൂടെ വരാൻ മനസ്സില്ലെങ്കിൽ’ എല്യേസർ തന്റെ ശപഥത്തിൽനിന്ന്‌ ഒഴിവുള്ളവനാക്കിയിരിക്കുമെന്ന്‌ അബ്രാഹാം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇവിടെ റിബെക്കായും ഈ സംഗതിയിൽ ദൈവത്തിന്റെ വഴിനടത്തിപ്പു കാണുന്നു. അതുകൊണ്ട്‌ താമസംവിനാ അവൾ തന്റെ കുടുംബത്തെ വിട്ട്‌ താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു പുരുഷനെ വിവാഹം ചെയ്യാനായി യാത്ര തിരിക്കുന്നു. ആ ധൈര്യപൂർവകമായ തീരുമാനം വിശ്വാസത്തിന്റെ ഒരു ഉത്‌കൃഷ്ട പ്രകടനമായിരുന്നു. അതേ, അവൾതന്നെയായിരുന്നു അനുയോജ്യയായ വധു!​—⁠ഉല്‌പത്തി 24:29-59.

യിസ്‌ഹാക്കിനെ കണ്ടപ്പോൾ റിബെക്കാ തന്റെ കീഴ്‌പെടലിന്റെ തെളിവായി മൂടുപടംകൊണ്ട്‌ തല മൂടുന്നു. യിസ്‌ഹാക്ക്‌ അവളെ ഭാര്യയായി കൈക്കൊള്ളുന്നു. അവളുടെ വിശിഷ്ട ഗുണഗണങ്ങൾ നിമിത്തംതന്നെ ആയിരിക്കണം, അവൻ പെട്ടെന്നുതന്നെ അവളെ സ്‌നേഹിക്കാൻ തുടങ്ങുന്നു.​—⁠ഉല്‌പത്തി 24:62-67.

ഇരട്ടപ്പുത്രന്മാർ

റിബെക്കായ്‌ക്ക്‌ 19 വർഷത്തോളം കുട്ടികളുണ്ടായില്ല. അവസാനം, അവൾ ഇരട്ടക്കുട്ടികളെ ഗർഭംധരിക്കുന്നു. എന്നാൽ അവളുടെ ഗർഭകാലം വളരെ ക്ലേശകരമായിത്തീരുന്നു. അവളുടെ ഉദരത്തിൽക്കിടന്ന്‌ കുഞ്ഞുങ്ങൾ മല്ലിടുമ്പോൾ അവൾ ദൈവത്തോടു നിലവിളിക്കുന്നു. വലിയ കഷ്ടതയുടെ നാളുകൾ ജീവിതത്തിൽ ഉണ്ടാകുമ്പോൾ നമുക്കും ഇതുതന്നെ ചെയ്യാനാകും. യഹോവ റിബെക്കായുടെ പ്രാർഥന കേൾക്കുകയും അവളെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു. അവൾ രണ്ടു ജനതകളുടെ മാതാവാകുമെന്നും “മൂത്തവൻ ഇളയവനെ സേവിക്കും” എന്നും ദൈവം അരുളിച്ചെയ്യുന്നു.​—⁠ഉല്‌പത്തി 25:20-26.

റിബെക്കായ്‌ക്കു തന്റെ ഇളയപുത്രനായ യാക്കോബിനോടു കൂടുതൽ സ്‌നേഹം തോന്നാൻ കാരണം ആ വാക്കുകൾ മാത്രമായിരിക്കില്ല. കുട്ടികൾ രണ്ടുപേരും വ്യത്യസ്‌ത സ്വഭാവക്കാരാണ്‌. യാക്കോബ്‌ ‘നിർദോഷി’ (NW) ആണ്‌. എന്നാൽ ഏശാവിനാകട്ടെ ആത്മീയ കാര്യങ്ങളോട്‌ തികച്ചും ഉദാസീന മനോഭാവമാണ്‌ ഉള്ളത്‌. അതിനാൽ ദൈവിക വാഗ്‌ദാനങ്ങൾ പ്രാപിക്കാനുള്ള തന്റെ ജന്മാവകാശം ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി അവൻ യാക്കോബിനു വിൽക്കുന്നു. ഏശാവ്‌ രണ്ട്‌ ഹിത്യ സ്‌ത്രീകളെ വിവാഹം കഴിച്ചുകൊണ്ട്‌ ആത്മീയമൂല്യങ്ങളോട്‌ അവഗണനയും അവജ്ഞയും പോലും പ്രകടമാക്കുകയും തന്റെ മാതാപിതാക്കൾക്ക്‌ വലിയ മനോവ്യസനത്തിന്‌ ഇടയാക്കുകയും ചെയ്യുന്നു.​—⁠ഉല്‌പത്തി 25:27-34; 26:34, 35.

യാക്കോബിന്‌ അനുഗ്രഹം വാങ്ങിക്കൊടുക്കുന്നു

ഏശാവ്‌ യാക്കോബിനെ സേവിക്കണമെന്നുള്ള സംഗതി യിസ്‌ഹാക്കിന്‌ അറിയാമായിരുന്നോ എന്ന്‌ ബൈബിൾ പറയുന്നില്ല. എന്തായിരുന്നാലും, അനുഗ്രഹം യാക്കോബിനുള്ളതായിരുന്നുവെന്ന്‌ റിബെക്കായ്‌ക്കും യാക്കോബിനും അറിയാമായിരുന്നു. അങ്ങനെയിരിക്കെ, ഏശാവിന്റെ വേട്ടയിറച്ചികൊണ്ടുള്ള ഭോജനം കഴിച്ച്‌ അവനെ അനുഗ്രഹിക്കാൻ യിസ്‌ഹാക്ക്‌ ഉദ്ദേശിക്കുന്നതായി റിബെക്കാ കേൾക്കുന്നു. അവൾ സത്വരം നടപടിയെടുക്കുന്നു. ചെറുപ്പകാലത്ത്‌ അവളുടെ സവിശേഷതയായിരുന്ന നിശ്ചയദാർഢ്യവും ചുറുചുറുക്കും ഇപ്പോഴും അവളിലുണ്ട്‌. പോയി രണ്ട്‌ കോലാട്ടിൻകുട്ടികളെ കൊണ്ടുവരാൻ അവൾ യാക്കോബിനോട്‌ ‘കൽപ്പിക്കുന്നു.’ അവൾ തന്റെ ഭർത്താവിന്‌ ഇഷ്ടപ്പെട്ട രീതിയിൽ അതു തയ്യാറാക്കാൻ പോകുകയാണ്‌. പിന്നെ, അനുഗ്രഹം പ്രാപിക്കാൻ വേണ്ടി യാക്കോബ്‌ ഏശാവാണെന്നു നടിക്കണം. യാക്കോബ്‌ ആ ഉപായത്തിനു സമ്മതിക്കുന്നില്ല. തന്റെ പിതാവ്‌ ഒടുവിൽ ഈ കള്ളക്കളി തിരിച്ചറിയുകയും തന്നെ ശപിക്കുകയും ചെയ്യുമെന്ന്‌ അവൻ പറയുന്നു. എന്നാൽ “മകനേ, നിന്റെ ശാപം എന്റെ മേൽ വരട്ടെ” എന്നു പറഞ്ഞുകൊണ്ടു റിബെക്കാ നിർബന്ധം പിടിക്കുന്നു. അങ്ങനെ അവൾ ഭക്ഷണം തയ്യാറാക്കിട്ട്‌ യാക്കോബിനെ ഏശാവ്‌ എന്നു തോന്നിക്കുമാറ്‌ വേഷം ധരിപ്പിച്ച്‌ ഭർത്താവിന്റെ അടുക്കലേക്ക്‌ അയയ്‌ക്കുന്നു.​—⁠ഉല്‌പത്തി 27:1-17.

റിബെക്കാ ഇത്തരത്തിൽ പെരുമാറിയത്‌ എന്തുകൊണ്ടാണെന്നു രേഖ പറയുന്നില്ല. അവൾ ചെയ്‌തത്‌ തെറ്റായിപ്പോയി എന്ന്‌ അനേകരും പറയുന്നു. എന്നാൽ ബൈബിൾ അതിനെ കുറ്റംവിധിക്കുന്നില്ല. അനുഗ്രഹം നേടിയതു യാക്കോബ്‌ ആണെന്ന്‌ യിസ്‌ഹാക്ക്‌ അറിയുമ്പോൾ അതു തെറ്റായിപ്പോയെന്ന്‌ അവനും പറയുന്നില്ല. മറിച്ച്‌, യിസ്‌ഹാക്ക്‌ അവനെ പിന്നെയും അനുഗ്രഹിക്കുകയാണു ചെയ്യുന്നത്‌. (ഉല്‌പത്തി 27:27-29; 28:​3, 4) തന്റെ പുത്രന്മാരെപ്പറ്റി യഹോവ മുൻകൂട്ടി പറഞ്ഞത്‌ എന്താണെന്ന്‌ റിബെക്കായ്‌ക്കറിയാം. അതുകൊണ്ട്‌ യാക്കോബിന്‌ അർഹതപ്പെട്ട അനുഗ്രഹം അവനുതന്നെ ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കാൻ നടപടി എടുക്കുകയാണ്‌ അവൾ ചെയ്‌തത്‌. വ്യക്തമായും ഇത്‌ യഹോവയുടെ ഇഷ്ടത്തിനു ചേർച്ചയിലാണെന്നു കാണാൻ കഴിയും.​—⁠റോമർ 9:6-13.

യാക്കോബിനെ ഹാരാനിലേക്ക്‌ അയയ്‌ക്കുന്നു

തന്റെ സഹോദരനായ ഏശാവിന്റെ ക്രോധം ശമിക്കുന്നതുവരെ അവിടെനിന്ന്‌ ഓടിപ്പോകാൻ യാക്കോബിനെ നിർബന്ധിച്ചുകൊണ്ട്‌ റിബെക്കാ ഏശാവിന്റെ പദ്ധതികൾ പരാജയപ്പെടുത്തുന്നു. അവൾ അതിന്‌ യിസ്‌ഹാക്കിന്റെ അനുമതി തേടുന്നുണ്ട്‌, എന്നാൽ ഏശാവിന്‌ യാക്കോബിനോടുള്ള വൈരാഗ്യത്തെ കുറിച്ച്‌ യിസ്‌ഹാക്കിനോടു പറയാതിരിക്കാൻ അവൾ ദയാപൂർവം ശ്രദ്ധിക്കുന്നു. മറിച്ച്‌, യാക്കോബ്‌ ഒരു കനാന്യസ്‌ത്രീയെ വിവാഹം കഴിക്കാൻ ഇടവന്നാലോ എന്ന ഉത്‌കണ്‌ഠ പ്രകടിപ്പിച്ചുകൊണ്ട്‌ നയരൂപേണ ഭർത്താവിന്റെ സമ്മതം നേടാൻ ശ്രമിക്കുന്നു. യാക്കോബിനോട്‌ അത്തരം വിവാഹബന്ധത്തിൽ ഏർപ്പെടരുതെന്ന്‌ ആജ്ഞാപിക്കാനും ദൈവഭക്തയായ ഒരു ഭാര്യയെ കണ്ടെത്താൻ അവനെ റിബെക്കായുടെ കുടുംബക്കാരുടെ അടുക്കലേക്ക്‌ അയയ്‌ക്കാൻ യിസ്‌ഹാക്കിനെ പ്രേരിപ്പിക്കാനും അത്‌ ഉതകി. റിബെക്കാ യാക്കോബിനെ വീണ്ടും എന്നെങ്കിലും കാണുന്നതായി രേഖ പറയുന്നില്ല. എന്നാൽ അവളുടെ പ്രവൃത്തികൾ ഭാവി ഇസ്രായേൽ ജനതയ്‌ക്ക്‌ അളവറ്റ അനുഗ്രഹങ്ങൾ ലഭിക്കുന്നതിൽ കലാശിക്കുകതന്നെ ചെയ്‌തു.​—⁠ഉല്‌പത്തി 27:43-28:⁠2.

റിബെക്കായെ കുറിച്ച്‌ നമുക്കറിയാവുന്ന സംഗതികൾ അവളോട്‌ ആദരവു തോന്നാനിടയാക്കുന്നു. അവൾ അതിസുന്ദരിയായിരുന്നു. പക്ഷേ അവളുടെ യഥാർഥ സൗന്ദര്യം അവളുടെ ദൈവികഭക്തിയായിരുന്നു. തന്റെ മരുമകളായി വരുന്ന പെൺകുട്ടിയിൽ ഉണ്ടായിരിക്കണമെന്ന്‌ അബ്രാഹാം ആഗ്രഹിച്ചിരുന്നതും അതായിരുന്നു. സാധ്യതയനുസരിച്ച്‌ അബ്രാഹാമിന്റെ പ്രതീക്ഷകളെയെല്ലാം കവച്ചുവെക്കുന്നതായിരുന്നു അവളുടെ മറ്റു വിശിഷ്ട ഗുണങ്ങൾ. ദിവ്യ മാർഗനിർദേശം പിന്തുടരുന്നതിൽ അവൾ കാണിച്ച ധൈര്യവും വിശ്വാസവും, അവളുടെ ഉത്സാഹം, വിനയം, ഉദാരമായ ആതിഥ്യമര്യാദ എന്നിവയും എല്ലാ ക്രിസ്‌തീയ സ്‌ത്രീകളും അനുകരിക്കേണ്ട ഗുണങ്ങളാണ്‌. ഉത്തമരായ സ്‌ത്രീകളിൽ യഹോവ നോക്കുന്നത്‌ ഈ ഗുണങ്ങളാണ്‌.