വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ വിശ്വസ്‌ത സ്‌നേഹത്തിൽ സമ്പന്നൻ

യഹോവ വിശ്വസ്‌ത സ്‌നേഹത്തിൽ സമ്പന്നൻ

യഹോവ വിശ്വസ്‌ത സ്‌നേഹത്തിൽ സമ്പന്നൻ

‘യഹോവ മഹാദയ [“മഹാ സ്‌നേഹദയ,” NW] ഉള്ളവൻ.’​—⁠സങ്കീർത്തനം 145:​8.

1. ദൈവസ്‌നേഹം എത്ര വിശാലമാണ്‌?

“ദൈവം സ്‌നേഹം തന്നേ.” (1 യോഹന്നാൻ 4:​8) യഹോവയുടെ ഭരണവിധം സ്‌നേഹത്തിൽ അധിഷ്‌ഠിതമാണെന്നാണ്‌ ഹൃദയോഷ്‌മളമായ ആ വാക്കുകൾ തെളിയിക്കുന്നത്‌. എന്തിന്‌, യഹോവ സ്‌നേഹപുരസ്സരം നൽകുന്ന വെയിലിൽനിന്നും മഴയിൽനിന്നും അവനെ അനുസരിക്കാത്തവർപോലും പ്രയോജനം നേടുന്നു! (മത്തായി 5:44, 45) മനുഷ്യവർഗമാകുന്ന ലോകത്തോട്‌ ദൈവത്തിന്‌ സ്‌നേഹമുള്ളതിനാൽ അവന്റെ ശത്രുക്കൾക്കുപോലും അനുതപിച്ച്‌ അവനിലേക്കു തിരിഞ്ഞ്‌ നിത്യജീവൻ പ്രാപിക്കുക സാധ്യമാണ്‌. (യോഹന്നാൻ 3:16) എന്നാൽ, അവനെ സ്‌നേഹിക്കുന്നവർക്ക്‌ നീതിയുള്ള ഒരു പുതിയ ലോകത്തിൽ നിത്യജീവൻ ആസ്വദിക്കാൻ കഴിയേണ്ടതിന്‌ യഹോവ തങ്ങളുടെ പ്രവർത്തനഗതിക്കു മാറ്റം വരുത്താൻ കൂട്ടാക്കാത്ത ദുഷ്ടന്മാരെ പെട്ടെന്നുതന്നെ നശിപ്പിക്കും.​—⁠സങ്കീർത്തനം 37:9-11, 29; 2 പത്രൊസ്‌ 3:13.

2. താനുമായി ഒരു സമർപ്പിത ബന്ധത്തിൽ ആയിരിക്കുന്നവരോട്‌ യഹോവ ഏതു പ്രത്യേക തരത്തിലുള്ള സ്‌നേഹം പ്രദർശിപ്പിക്കുന്നു?

2 വിലയേറിയതും നിലനിൽക്കുന്നതുമായ ഒരു വിധത്തിൽ യഹോവ തന്റെ സത്യാരാധകരോടു സ്‌നേഹം പ്രദർശിപ്പിക്കുന്നു. “സ്‌നേഹദയ” എന്നോ “വിശ്വസ്‌ത സ്‌നേഹം” എന്നോ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഒരു എബ്രായ പദത്താലാണ്‌ ആ സ്‌നേഹം സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്‌. പുരാതന ഇസ്രായേലിലെ ദാവീദ്‌ രാജാവ്‌ ദൈവത്തിന്റെ സ്‌നേഹദയയെ വളരെയേറെ വിലമതിച്ചിരുന്നു. വ്യക്തിപരമായ അനുഭവത്തിന്റെ വെളിച്ചത്തിലും യഹോവ മറ്റുള്ളവരോട്‌ ഇടപെട്ട വിധത്തെ കുറിച്ചു ധ്യാനിച്ചതിനാലും ഉറച്ച ബോധ്യത്തോടെ ദാവീദിന്‌ ഇപ്രകാരം പാടാൻ സാധിച്ചു: ‘യഹോവ മഹാദയ [“മഹാ സ്‌നേഹദയ/വിശ്വസ്‌ത സ്‌നേഹം,” NW] ഉള്ളവൻ.’​—⁠സങ്കീർത്തനം 145:⁠8.

ദൈവത്തിന്റെ വിശ്വസ്‌തരെ തിരിച്ചറിയൽ

3, 4. (എ) യഹോവയുടെ വിശ്വസ്‌തരെ തിരിച്ചറിയാൻ 145-ാം സങ്കീർത്തനം നമ്മെ സഹായിക്കുന്നത്‌ എങ്ങനെ? (ബി) ദൈവത്തിന്റെ വിശ്വസ്‌തർ അവനെ “വാഴ്‌ത്തു”ന്നത്‌ എങ്ങനെ?

3 ശമൂവേൽ പ്രവാചകന്റെ അമ്മയായ ഹന്ന യഹോവയാം ദൈവത്തെ കുറിച്ച്‌ ഇങ്ങനെ പറഞ്ഞു: “തന്റെ വിശുദ്ധന്മാരുടെ [“വിശ്വസ്‌തരുടെ,” NW] കാലുകളെ അവൻ കാക്കുന്നു.” (1 ശമൂവേൽ 2:9) ആരാണ്‌ ഈ ‘വിശ്വസ്‌തർ’? ദാവീദ്‌ രാജാവിന്‌ ഉത്തരമുണ്ട്‌. യഹോവയുടെ അത്ഭുതകരമായ ഗുണങ്ങളെ പുകഴ്‌ത്തിയ ശേഷം അവൻ ഇങ്ങനെ പ്രസ്‌താവിച്ചു: “നിന്റെ ഭക്തന്മാർ [“വിശ്വസ്‌തർ,” NW] നിന്നെ വാഴ്‌ത്തും.”—സങ്കീർത്തനം 145:10.

4 അതുകൊണ്ട്‌, യഹോവയുടെ വിശ്വസ്‌തരെ തിരിച്ചറിയിക്കുന്ന ഒരു സവിശേഷത യഹോവയെ വാഴ്‌ത്താൻ അവർ തങ്ങളുടെ നാവ്‌ ഉപയോഗിക്കുന്നു എന്നതാണ്‌. സാമൂഹിക കൂടിവരവുകളിലും ക്രിസ്‌തീയ യോഗങ്ങളിലും അവരുടെ സാധാരണ ചർച്ചാ വിഷയം എന്താണ്‌? യഹോവയുടെ രാജ്യം! ദാവീദിന്‌ ഉണ്ടായിരുന്ന അതേ മനോഭാവമാണ്‌ ദൈവത്തിന്റെ വിശ്വസ്‌ത ദാസർക്കും ഉള്ളത്‌. ദാവീദ്‌ ഇങ്ങനെ പാടി: “അവിടത്തെ രാജ്യത്തിന്റെ മഹത്വത്തെപററി അവർ സംസാരിക്കും; അവിടുത്തെ ശക്‌തിയെ അവർ വർണ്ണിക്കും.”​—⁠സങ്കീർത്തനം 145:​11, പി.ഒ.സി. ബൈബിൾ.

5. വിശ്വസ്‌തർ യഹോവയെ വാഴ്‌ത്തുമ്പോൾ അവൻ ശ്രദ്ധിക്കുന്നുവെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

5 തന്റെ വിശ്വസ്‌തർ തന്നെ സ്‌തുതിക്കുമ്പോൾ യഹോവ ശ്രദ്ധിക്കുന്നുണ്ടോ? ഉവ്വ്‌, അവരുടെ വാക്കുകൾക്ക്‌ അവൻ ശ്രദ്ധ നൽകുന്നു. നമ്മുടെ നാളിലെ സത്യാരാധനയോടു ബന്ധപ്പെട്ട ഒരു പ്രവചനത്തിൽ മലാഖി ഇങ്ങനെ എഴുതി: “യഹോവാഭക്തന്മാർ അന്നു തമ്മിൽ തമ്മിൽ സംസാരിച്ചു; യഹോവ ശ്രദ്ധവെച്ചു കേട്ടു; യഹോവാഭക്തന്മാർക്കും അവന്റെ നാമത്തെ സ്‌മരിക്കുന്നവർക്കും വേണ്ടി അവന്റെ സന്നിധിയിൽ ഒരു സ്‌മരണപുസ്‌തകം എഴുതിവെച്ചിരിക്കുന്നു.” (മലാഖി 3:16) തന്റെ വിശ്വസ്‌തർ തന്നെ വാഴ്‌ത്തുമ്പോൾ അത്‌ യഹോവയെ വളരെയധികം പ്രസാദിപ്പിക്കുന്നു, അവൻ അവരെ ഓർക്കുകയും ചെയ്യുന്നു.

6. ദൈവത്തിന്റെ വിശ്വസ്‌തരെ തിരിച്ചറിയാൻ ഏതു പ്രവൃത്തി നമ്മെ സഹായിക്കുന്നു?

6 സത്യദൈവത്തിന്റെ ആരാധകർ അല്ലാത്തവരോട്‌ ധൈര്യസമേതം മുൻകൈയെടുത്തു സംസാരിക്കുന്നു എന്ന വസ്‌തുതയും യഹോവയുടെ വിശ്വസ്‌ത ദാസരെ തിരിച്ചറിയിക്കുന്നു. തീർച്ചയായും, ദൈവത്തിന്റെ വിശ്വസ്‌തർ ‘മനുഷ്യപുത്രന്മാരോടു അവന്റെ വീര്യപ്രവൃത്തികളും അവന്റെ രാജത്വത്തിൻ തേജസ്സുള്ള മഹത്വവും പ്രസ്‌താവിക്കുന്നു.’ (സങ്കീർത്തനം 145:​11) നിങ്ങൾ അപരിചിതരോട്‌ യഹോവയുടെ രാജത്വത്തെ കുറിച്ചു സംസാരിക്കാനുള്ള അവസരങ്ങൾ തേടുകയും അവ പൂർണമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ടോ? പെട്ടെന്നുതന്നെ നീങ്ങിപ്പോകാനിരിക്കുന്ന മാനുഷ ഗവൺമെന്റുകളിൽനിന്നു വ്യത്യസ്‌തമായി യഹോവയുടെ രാജത്വം നിത്യമാണ്‌. (1 തിമൊഥെയൊസ്‌ 1:17) ആളുകൾ യഹോവയുടെ നിത്യരാജത്വത്തെ കുറിച്ചു പഠിക്കേണ്ടതും അതിനെ പിന്തുണച്ചുകൊണ്ട്‌ ഒരു നിലപാട്‌ സ്വീകരിക്കേണ്ടതും അടിയന്തിരമാണ്‌. സങ്കീർത്തനക്കാരൻ പാടി: “നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.”​—⁠സങ്കീർത്തനം 145:13.

7, 8. എന്താണ്‌ 1914-ൽ സംഭവിച്ചത്‌, ദൈവം തന്റെ പുത്രന്റെ രാജ്യം മുഖേന ഇപ്പോൾ ഭരണം നടത്തുന്നു എന്നതിനു തെളിവെന്ത്‌?

7 യഹോവയുടെ രാജത്വത്തെ കുറിച്ചു സംസാരിക്കാൻ 1914 മുതൽ നമുക്ക്‌ കൂടുതലായ കാരണമുണ്ട്‌. ആ വർഷം, ദാവീദിന്റെ പുത്രനായ യേശുക്രിസ്‌തു രാജാവായുള്ള സ്വർഗീയ മിശിഹൈക രാജ്യം ദൈവം സ്ഥാപിച്ചു. അങ്ങനെ, ദാവീദിന്റെ രാജത്വം എന്നേക്കും സ്ഥിരമാക്കുമെന്നുള്ള തന്റെ വാഗ്‌ദാനം യഹോവ നിറവേറ്റി.​—⁠2 ശമൂവേൽ 7:12, 13; ലൂക്കൊസ്‌ 1:32, 33.

8 തന്റെ പുത്രനായ യേശുക്രിസ്‌തുവിന്റെ രാജ്യം മുഖേന യഹോവ ഇപ്പോൾ ഭരണം നടത്തുകയാണ്‌. യേശുവിന്റെ സാന്നിധ്യം സംബന്ധിച്ച അടയാളത്തിന്റെ തുടർന്നുകൊണ്ടിരിക്കുന്ന നിവൃത്തി അതാണ്‌ തെളിയിക്കുന്നത്‌. ആ അടയാളത്തിന്റെ ഏറ്റവും ശ്രദ്ധേയമായ വശം, ദൈവത്തിന്റെ വിശ്വസ്‌തരായ സകലർക്കുമായി യേശു മുൻകൂട്ടി പറഞ്ഞ പിൻവരുന്ന വേലയാണ്‌: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്തായി 24:3-14) ദൈവത്തിന്റെ വിശ്വസ്‌തർ തീക്ഷ്‌ണതയോടെ ആ പ്രവചനം നിറവേറ്റുന്നതിനാൽ, സ്‌ത്രീകളും പുരുഷന്മാരും കുട്ടികളുമായി 60 ലക്ഷത്തിലധികം പേർ ഒരിക്കലും ആവർത്തിക്കപ്പെടുകയില്ലാത്ത ഈ മഹത്തായ വേലയിൽ ഇപ്പോൾ പങ്കുപറ്റുന്നുണ്ട്‌. യഹോവയുടെ രാജ്യത്തെ എതിർക്കുന്ന സകലരും ഉടൻതന്നെ നശിപ്പിക്കപ്പെടും.​—⁠വെളിപ്പാടു 11:15, 18.

യഹോവയുടെ പരമാധികാരത്തിൽനിന്നു പ്രയോജനം നേടൽ

9, 10. യഹോവയും മാനുഷ ഭരണാധികാരികളും തമ്മിലുള്ള വൈരുദ്ധ്യമെന്ത്‌?

9 നാം സമർപ്പിത ക്രിസ്‌ത്യാനികളാണെങ്കിൽ, പരമാധികാര കർത്താവായ യഹോവയുമായുള്ള നമ്മുടെ ബന്ധം നമുക്ക്‌ നിരവധി അനുഗ്രഹങ്ങൾ കൈവരുത്തും. (സങ്കീർത്തനം 71:​5, NW; 116:12) ഉദാഹരണത്തിന്‌, ദൈവത്തെ ഭയപ്പെടുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്നതിനാൽ നാം അവന്റെ അംഗീകാരവും അവനുമായി ഒരു ആത്മീയ അടുപ്പവും ആസ്വദിക്കുന്നു. (പ്രവൃത്തികൾ 10:34, 35; യാക്കോബ്‌ 4:8) അതിനു വിപരീതമായി, മാനുഷ ഭരണാധികാരികളാകട്ടെ സൈനിക നേതാക്കളെയും സമ്പന്നരായ ബിസിനസ്സുകാരെയും സ്‌പോർട്‌സ്‌-വിനോദ രംഗങ്ങളിലെ പ്രശസ്‌തരെയുംപോലുള്ള പ്രമുഖ വ്യക്തികളുമായി സഹവസിക്കുന്നതായാണ്‌ മിക്കപ്പോഴും കാണാൻ കഴിയുന്നത്‌. ഒരു പ്രമുഖ ഗവൺമെന്റ്‌ ഉദ്യോഗസ്ഥൻ തന്റെ രാജ്യത്തെ ദരിദ്ര മേഖലകളെ കുറിച്ച്‌ പിൻവരുംവിധം പറഞ്ഞതായി ആഫ്രിക്കയിലെ സോവെറ്റൻ എന്ന വർത്തമാനപത്രം പ്രസ്‌താവിക്കുന്നു: “ഞങ്ങളിൽ മിക്കവരും അത്തരം സ്ഥലങ്ങളിലേക്ക്‌ പോകാൻ ഇഷ്ടപ്പെടാത്തത്‌ എന്തുകൊണ്ടെന്ന്‌ എനിക്കറിയാം. അത്തരം അവസ്ഥകളുണ്ടെന്ന വസ്‌തുത ഞങ്ങൾ മറക്കാൻ ആഗ്രഹിക്കുന്നു എന്നതാണ്‌ അതിനു കാരണം. അതു ഞങ്ങളുടെ മനസ്സാക്ഷിയെ കുത്തിനോവിക്കുകയും ഞങ്ങളുടെ ആഡംബര [വാഹനങ്ങളുമായി ആ സ്ഥലങ്ങളിൽ ചെല്ലാൻ] ഞങ്ങൾക്കു വിഷമം തോന്നുകയും ചെയ്യുന്നു.”

10 ചില മാനുഷ ഭരണാധികാരികൾ പ്രജകളുടെ ക്ഷേമത്തിൽ ആത്മാർഥമായ താത്‌പര്യമുള്ളവരാണ്‌ എന്നതിൽ സംശയമില്ല. എന്നാൽ, ഇക്കാര്യത്തിൽ ഏറ്റവും മികച്ചുനിൽക്കുന്ന ഭരണാധികാരികൾക്കുപോലും തങ്ങളുടെ പ്രജകളെ അടുത്തറിയില്ല. വാസ്‌തവത്തിൽ നാം ഇങ്ങനെ ചോദിച്ചേക്കാം: പ്രശ്‌നങ്ങൾ നേരിടുന്ന ഓരോരുത്തരെയും തത്‌ക്ഷണം ഓടിയെത്തി സഹായിക്കാൻ തക്കവിധം തന്റെ സകല പ്രജകൾക്കുംവേണ്ടി കരുതുന്ന ഒരു ഭരണാധികാരി ഉണ്ടോ? തീർച്ചയായും ഉണ്ട്‌. ദാവീദ്‌ ഇപ്രകാരം എഴുതി: “വീഴുന്നവരെ ഒക്കെയും യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും അവൻ നിവിർത്തുന്നു.”—⁠സങ്കീർത്തനം 145:14.

11. ദൈവത്തിന്റെ വിശ്വസ്‌തർക്ക്‌ നേരിടുന്ന പരിശോധനകൾ ഏവ, അവർക്ക്‌ എന്തു സഹായം ലഭ്യമാണ്‌?

11 തങ്ങളുടെതന്നെ അപൂർണതയാലും സാത്താൻ എന്ന “ദുഷ്ടന്റെ” അധീനതയിൽ കിടക്കുന്ന ലോകത്തിൽ ജീവിക്കുന്നതിനാലും യഹോവയുടെ വിശ്വസ്‌തർക്ക്‌ നിരവധി പരിശോധനകളും അനർഥങ്ങളും വന്നുഭവിക്കുന്നുണ്ട്‌. (1 യോഹന്നാൻ 5:19; സങ്കീർത്തനം 34:19) ക്രിസ്‌ത്യാനികൾ പീഡിപ്പിക്കപ്പെടുന്നു. മാറാരോഗങ്ങളോ പ്രിയപ്പെട്ടവരുടെ മരണമോ നിമിത്തം ചിലർ ദുഃഖം അനുഭവിക്കുന്നു. ചിലപ്പോഴൊക്കെ യഹോവയുടെ വിശ്വസ്‌തരുടെ പിശകുകൾ അവർ നിരുത്സാഹപ്പെട്ട്‌ “കുനിഞ്ഞു”പോകാൻ ഇടയാക്കിയേക്കാം. എന്നാൽ അവർക്ക്‌ ഏതു പരിശോധന നേരിട്ടാലും, ഓരോരുത്തർക്കും ആവശ്യമായ ആശ്വാസവും ആത്മീയ കരുത്തും നൽകാൻ യഹോവ സദാ ഒരുക്കമുള്ളവനാണ്‌. രാജാവായ യേശുക്രിസ്‌തുവിന്‌ തന്റെ വിശ്വസ്‌ത പ്രജകളിൽ സ്‌നേഹപുരസ്സരമായ അതേ താത്‌പര്യമുണ്ട്‌.​—⁠സങ്കീർത്തനം 72:12-14.

തക്കസമയത്തെ തൃപ്‌തികരമായ ഭക്ഷണം

12, 13. “ജീവനുള്ളതിന്നൊക്കെയും”വേണ്ടി യഹോവ എത്ര നന്നായി കരുതുന്നു?

12 മഹാ സ്‌നേഹദയ ഉള്ളവനാകയാൽ യഹോവ തന്റെ ദാസരുടെ എല്ലാ ആവശ്യങ്ങൾക്കുമായി കരുതുന്നു. പോഷകപ്രദമായ ഭക്ഷണം നൽകി അവരെ തൃപ്‌തിപ്പെടുത്തുന്നതും ഇതിന്റെ ഭാഗമാണ്‌. ദാവീദ്‌ രാജാവ്‌ ഇങ്ങനെ എഴുതി: “എല്ലാവരുടെയും കണ്ണു നിന്നെ [യഹോവയെ] നോക്കി കാത്തിരിക്കുന്നു; നീ തത്സമയത്തു അവർക്കു ഭക്ഷണം കൊടുക്കുന്നു. നീ തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്‌തിവരുത്തുന്നു.” (സങ്കീർത്തനം 145:15, 16) അനർഥ കാലങ്ങളിൽപ്പോലും, തന്റെ വിശ്വസ്‌തർക്ക്‌ ‘ദിനംപ്രതിയുള്ള ആഹാരം’ ലഭിക്കത്തക്കവിധം കാര്യങ്ങളെ നിയന്ത്രിക്കാൻ യഹോവയ്‌ക്കു കഴിയും.​—⁠ലൂക്കൊസ്‌ 11:3; 12:29, 30.

13 യഹോവ “ജീവനുള്ളതിന്നൊക്കെയും” തൃപ്‌തിവരുത്തുന്നു എന്നു ദാവീദ്‌ പരാമർശിക്കുകയുണ്ടായി. മൃഗങ്ങളും അതിൽ ഉൾപ്പെട്ടിരിക്കുന്നു. കരയിലെ സമൃദ്ധമായ സസ്യജാലങ്ങളും കടൽസസ്യങ്ങളും ഇല്ലായിരുന്നെങ്കിൽ ജലജീവികൾക്കും പക്ഷികൾക്കും കരയിലെ ജീവജാലങ്ങൾക്കും ശ്വസിക്കാൻ പ്രാണവായുവോ ഭക്ഷിക്കാൻ ആഹാരമോ ലഭിക്കുമായിരുന്നില്ല. (സങ്കീർത്തനം 104:14) എന്നാൽ, അവരുടെ എല്ലാ ആവശ്യങ്ങളും തൃപ്‌തിപ്പെടുന്നുവെന്ന്‌ യഹോവ ഉറപ്പുവരുത്തുന്നു.

14, 15. ഇന്ന്‌ ആത്മീയ ഭക്ഷണം പ്രദാനം ചെയ്യപ്പെടുന്നത്‌ എങ്ങനെ?

14 മൃഗങ്ങളിൽനിന്നു വ്യത്യസ്‌തമായി മനുഷ്യർക്ക്‌ ആത്മീയ ആവശ്യമുണ്ട്‌. (മത്തായി 5:​3, NW) തന്റെ വിശ്വസ്‌തരുടെ ആത്മീയ ആവശ്യങ്ങൾ എത്ര അത്ഭുതകരമായ വിധത്തിലാണ്‌ യഹോവ തൃപ്‌തിപ്പെടുത്തുന്നത്‌! തന്റെ അനുഗാമികൾക്ക്‌ “വിശ്വസ്‌തനും വിവേകിയുമായ അടിമ” ‘തക്കസമയത്ത്‌ [ആത്മീയ] ആഹാരം’ നൽകുമെന്ന്‌ യേശു തന്റെ മരണത്തിന്‌ മുമ്പ്‌ വാഗ്‌ദാനം ചെയ്യുകയുണ്ടായി. (മത്തായി 24:​45, NW) 1,44,000 അഭിഷിക്തരിൽ ശേഷിപ്പുള്ളവരാണ്‌ ഇന്ന്‌ ആ അടിമവർഗം. അവരിലൂടെ യഹോവ ആത്മീയ ഭക്ഷണം സമൃദ്ധമായി പ്രദാനം ചെയ്‌തിരിക്കുന്നു.

15 ഉദാഹരണത്തിന്‌, ഇന്ന്‌ യഹോവയുടെ ജനത്തിൽ മിക്കവരും സ്വന്തം ഭാഷയിലുള്ള പുതിയതും കൃത്യതയുള്ളതുമായ ഒരു ബൈബിൾ പരിഭാഷയിൽനിന്ന്‌ പ്രയോജനം നേടുന്നു. വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം (ഇംഗ്ലീഷ്‌) എത്ര മഹത്തായ ഒരു അനുഗ്രഹമാണ്‌! അതു മാത്രമല്ല, 300-ലധികം ഭാഷകളിലായി കോടിക്കണക്കിന്‌ ബൈബിൾ പഠനസഹായികൾ അച്ചടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ലോകമെമ്പാടുമുള്ള സത്യാരാധകർക്ക്‌ ഈ ആത്മീയ ഭക്ഷണമെല്ലാം ഒരു അനുഗ്രഹമാണ്‌. ഇതിന്റെയെല്ലാം ബഹുമതി അർഹിക്കുന്നത്‌ ആരാണ്‌? യഹോവയാം ദൈവം. യഹോവ മഹാ സ്‌നേഹദയ ഉള്ളവനാകയാൽ, അടിമവർഗം ‘തത്സമയത്തു ഭക്ഷണം’ നൽകാൻ അവൻ ഇടയാക്കിയിരിക്കുന്നു. അത്തരം കരുതലുകളിലൂടെ, ഇന്നത്തെ ആത്മീയ പറുദീസയിലെ “ജീവനുള്ളതിന്നൊക്കെയും” തൃപ്‌തി ലഭിക്കുന്നു. ഇതിനു പുറമേ, ഈ ഭൂമി പെട്ടെന്നുതന്നെ ഒരു അക്ഷരീയ പറുദീസയായിത്തീരുന്നതു കാണാനാകുമെന്ന പ്രത്യാശ യഹോവയുടെ ദാസർക്ക്‌ എത്രയധികം സന്തോഷമാണു കൈവരുത്തുന്നത്‌!​—⁠ലൂക്കൊസ്‌ 23:42, 43.

16, 17. (എ) ആത്മീയ ഭക്ഷണം തക്കസമയത്ത്‌ ലഭിച്ചതിന്റെ ഉദാഹരണങ്ങൾ ഏവ? (ബി) സാത്താൻ ഉന്നയിച്ച പ്രാഥമിക വിവാദവിഷയത്തോടുള്ള ദൈവത്തിന്റെ വിശ്വസ്‌തരുടെ വികാരങ്ങളെ 145-ാം സങ്കീർത്തനം പ്രകടമാക്കുന്നത്‌ എങ്ങനെ?

16 തക്കസമയത്ത്‌ ആത്മീയ ഭക്ഷണം ലഭിച്ചതിന്റെ ഒരു നല്ല ഉദാഹരണം ശ്രദ്ധിക്കുക. 1939-ൽ യൂറോപ്പിൽ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു. ആ വർഷത്തെ നവംബർ 1 ലക്കം വീക്ഷാഗോപുരത്തിൽ (ഇംഗ്ലീഷ്‌) “നിഷ്‌പക്ഷത” എന്ന ഒരു ലേഖനം ഉണ്ടായിരുന്നു. അതിലൂടെ ലഭിച്ച വ്യക്തമായ വിവരങ്ങളുടെ സഹായത്താൽ, യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന രാജ്യങ്ങളുടെ കാര്യാദികളിൽ തികഞ്ഞ നിഷ്‌പക്ഷത പാലിക്കേണ്ടതിന്റെ ആവശ്യം ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികൾ തിരിച്ചറിഞ്ഞു. ആറുവർഷം യുദ്ധം ചെയ്‌ത ഇരുപക്ഷത്തെയും ഗവൺമെന്റുകൾ അവർക്കുനേരെ ക്രോധത്തോടെ തിരിയാൻ ഇത്‌ ഇടയാക്കി. എന്നിരുന്നാലും, നിരോധനത്തിനും പീഡനത്തിനും മധ്യേ ദൈവത്തിന്റെ വിശ്വസ്‌തർ രാജ്യത്തിന്റെ സുവാർത്ത പ്രസംഗിച്ചുകൊണ്ടേയിരുന്നു. 1939 മുതൽ 1946 വരെയുള്ള സമയത്ത്‌ അവർക്ക്‌ 157 ശതമാനത്തിന്റെ ഒരു ഗംഭീര വർധനയും ലഭിച്ചു. അതിലുപരിയായി, ആ യുദ്ധകാലത്തെ അവരുടെ നിഷ്‌പക്ഷത സംബന്ധിച്ചുള്ള ശ്രദ്ധേയമായ രേഖ സത്യമതത്തെ തിരിച്ചറിയാൻ ആളുകളെ സഹായിച്ചുകൊണ്ടിരിക്കുന്നു.​—⁠യെശയ്യാവു 2:2-4.

17 യഹോവ നൽകുന്ന ആത്മീയ ഭക്ഷണം തക്ക സമയത്തുള്ളതാണെന്നു മാത്രമല്ല വളരെ സംതൃപ്‌തിദായകവുമാണ്‌. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ രാഷ്‌ട്രങ്ങൾ യുദ്ധത്തിൽ മുഴുകിയിരുന്നപ്പോൾ, തങ്ങളുടെതന്നെ രക്ഷയെക്കാൾ വളരെയേറെ പ്രധാനപ്പെട്ട ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യഹോവയുടെ ജനം സഹായിക്കപ്പെട്ടു. മുഴു അഖിലാണ്ഡവും ഉൾപ്പെടുന്ന പ്രാഥമികമായ വിവാദവിഷയം യഹോവയുടെ പരമാധികാരത്തിന്റെ ഔചിത്യത്തോടു ബന്ധപ്പെട്ടതാണെന്നു മനസ്സിലാക്കാൻ യഹോവ അവരെ സഹായിച്ചു. വിശ്വസ്‌തത പാലിക്കുന്നതിലൂടെ, യഹോവയുടെ ഓരോ സാക്ഷിക്കും യഹോവയുടെ പരമാധികാരത്തിന്റെ സംസ്ഥാപനത്തിലും പിശാച്‌ നുണയനാണെന്നു തെളിയിക്കുന്നതിലും ഒരു ചെറിയ പങ്കുണ്ടെന്ന്‌ അറിയുന്നത്‌ എത്രയോ സംതൃപ്‌തിദായകമാണ്‌! (സദൃശവാക്യങ്ങൾ 27:11) യഹോവയെയും അവന്റെ ഭരണവിധത്തെയും കുറിച്ച്‌ അപവാദം പറയുന്ന സാത്താനിൽനിന്ന്‌ വ്യത്യസ്‌തമായി യഹോവയുടെ വിശ്വസ്‌തർ പരസ്യമായി ഇങ്ങനെ പ്രഖ്യാപിക്കുന്നതിൽ തുടരുന്നു: ‘യഹോവ തന്റെ സകലവഴികളിലും നീതിമാൻ ആകുന്നു.’​—⁠സങ്കീർത്തനം 145:17.

18. തക്കസമയത്തുള്ളതും വളരെ സംതൃപ്‌തിദായകവുമായ ആത്മീയ ഭക്ഷണത്തിന്റെ അടുത്തകാലത്തെ ഉദാഹരണമേത്‌?

18 ലോകവ്യാപകമായി 2002/03-ൽ നടന്ന നൂറുകണക്കിന്‌ “തീക്ഷ്‌ണ രാജ്യഘോഷകർ” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളിൽ പ്രകാശനം ചെയ്യപ്പെട്ട യഹോവയോട്‌ അടുത്തു ചെല്ലുവിൻ എന്ന പുസ്‌തകം തക്കസമയത്തുള്ളതും സംതൃപ്‌തിദായകവുമായ ആത്മീയ ഭക്ഷണത്തിന്റെ മറ്റൊരു ഉദാഹരണമാണ്‌. “വിശ്വസ്‌തനും വിവേകിയുമായ അടിമ” തയ്യാറാക്കി യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ഈ പുസ്‌തകം 145-ാം സങ്കീർത്തനത്തിൽ പരാമർശിച്ചിരിക്കുന്നത്‌ ഉൾപ്പെടെയുള്ള യഹോവയാം ദൈവത്തിന്റെ അത്ഭുതകരമായ ഗുണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ദൈവത്തോട്‌ കൂടുതൽ അടുക്കാൻ അവന്റെ വിശ്വസ്‌തരെ സഹായിക്കുന്നതിൽ ഈ ഉത്തമ പുസ്‌തകം ഒരു പ്രധാന പങ്കു വഹിക്കും എന്നതിൽ സംശയമില്ല.

യഹോവയോട്‌ കൂടുതൽ അടുത്തു ചെല്ലാനുള്ള സമയം

19. ഏതു നിർണായക സമയമാണ്‌ അടുത്തുവരുന്നത്‌, നമുക്ക്‌ അതിനെ എങ്ങനെ നേരിടാം?

19 യഹോവയുടെ പരമാധികാരം സംബന്ധിച്ച വിവാദവിഷയത്തിന്‌ തീർപ്പു കൽപ്പിക്കുന്നതിലെ ഒരു നിർണായകഘട്ടം അടുത്തുവരികയാണ്‌. യെഹെസ്‌കേൽ 38-ാം അധ്യായത്തിൽ മുൻകൂട്ടി പറഞ്ഞിരിക്കുന്ന പ്രകാരം, സാത്താൻ പെട്ടെന്നുതന്നെ ‘മാഗോഗ്‌ദേശത്തിലെ ഗോഗ്‌’ എന്ന നിലയിലുള്ള തന്റെ പങ്ക്‌ പൂർത്തിയാക്കും. ഇതിന്റെ ഭാഗമായി, അവൻ യഹോവയുടെ ജനത്തിന്റെ മേൽ ഒരു ആഗോള ആക്രമണം അഴിച്ചുവിടും. ദൈവത്തിന്റെ വിശ്വസ്‌തരുടെ ദൃഢവിശ്വസ്‌തത തകർക്കാനായി സാത്താൻ തന്റെ സർവശക്തിയും പ്രയോഗിക്കുന്ന സമയമായിരിക്കും അത്‌. മുമ്പൊരിക്കലും ചെയ്‌തിട്ടില്ലാത്തവിധം, യഹോവയുടെ ആരാധകർ സഹായത്തിനായി നിലവിളിച്ചുകൊണ്ടുപോലും അവനോടു തീക്ഷ്‌ണതയോടെ വിളിച്ചപേക്ഷിക്കേണ്ടിവരും. ദൈവത്തോടുള്ള അവരുടെ ഭക്ത്യാദരവോടു കൂടിയ ഭയവും സ്‌നേഹവും വൃഥാവാകുമോ? തീർച്ചയായും ഇല്ല. എന്തെന്നാൽ 145-ാം സങ്കീർത്തനം ഇങ്ങനെ പറയുന്നു: “യഹോവ, തന്നേ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു. തന്റെ ഭക്തന്മാരുടെ ആഗ്രഹം അവൻ സാധിപ്പിക്കും; അവരുടെ നിലവിളി കേട്ടു അവരെ രക്ഷിക്കും. യഹോവ തന്നെ സ്‌നേഹിക്കുന്ന ഏവരേയും പരിപാലിക്കുന്നു; എന്നാൽ സകലദുഷ്ടന്മാരെയും അവൻ നശിപ്പിക്കും.”​—⁠സങ്കീർത്തനം 145:18-20.

20. സങ്കീർത്തനം 145:18-20-ലെ വാക്കുകൾ സമീപഭാവിയിൽ സത്യമെന്നു തെളിയാൻ പോകുന്നത്‌ എങ്ങനെ?

20 യഹോവ സകല ദുഷ്ടന്മാരെയും നശിപ്പിക്കുമ്പോൾ അവന്റെ സാമീപ്യവും രക്ഷാശക്തിയും അനുഭവിച്ചറിയാനാകുന്നത്‌ എത്ര പുളകപ്രദമായിരിക്കും! ഇപ്പോൾ വളരെ അടുത്തെത്തിയിരിക്കുന്ന ആ നിർണായക സമയത്ത്‌, “സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന”വരെ മാത്രമേ യഹോവ ശ്രദ്ധിക്കുകയുള്ളൂ. കപടഭക്തിക്കാർക്ക്‌ അവൻ ശ്രദ്ധ നൽകില്ല. അവസാന നിമിഷം ദൈവത്തിന്റെ നാമം ഉപയോഗിക്കുന്നതുകൊണ്ട്‌ ദുഷ്ടന്മാർക്ക്‌ യാതൊരു പ്രയോജനവും ലഭിക്കില്ലെന്നു ദൈവവചനം വ്യക്തമായി പ്രസ്‌താവിക്കുന്നു.​—⁠സദൃശവാക്യങ്ങൾ 1:28, 29; മീഖാ 3:4; ലൂക്കൊസ്‌ 13:24, 25.

21. ദിവ്യനാമം ഉപയോഗിക്കുന്നതിൽ തങ്ങൾ സന്തോഷിക്കുന്നുവെന്ന്‌ യഹോവയുടെ വിശ്വസ്‌തർ പ്രകടമാക്കുന്നത്‌ എങ്ങനെ?

21 യഹോവയെ ഭയപ്പെടുന്നവർ മുമ്പെന്നത്തെക്കാളും ‘അവനെ സത്യമായി വിളിച്ചപേക്ഷിക്കേണ്ട’ സമയമാണ്‌ ഇപ്പോൾ. അവന്റെ വിശ്വസ്‌തർ പ്രാർഥനയിലും യോഗങ്ങളിലെ അഭിപ്രായങ്ങളിലും സന്തോഷപൂർവം അവന്റെ നാമം ഉപയോഗിക്കുന്നു. സ്വകാര്യ സംഭാഷണങ്ങളിലും അവർ ദിവ്യനാമം ഉപയോഗിക്കുന്നു. കൂടാതെ, പരസ്യ ശുശ്രൂഷയിലായിരിക്കുമ്പോൾ അവർ യഹോവയുടെ നാമം ധൈര്യപൂർവം ഘോഷിക്കുന്നു.​—⁠റോമർ 10:10, 13-15.

22. ലൗകിക മനോഭാവങ്ങളെയും ആഗ്രഹങ്ങളെയും നാം സദാ ചെറുത്തുനിൽക്കേണ്ടത്‌ മർമപ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

22 യഹോവയാം ദൈവുമായുള്ള അടുത്ത ബന്ധത്തിൽനിന്നു പ്രയോജനം അനുഭവിക്കുന്നതിൽ തുടരണമെങ്കിൽ നാം ഭൗതികത്വം, അനാരോഗ്യകരമായ വിനോദങ്ങൾ, ക്ഷമിക്കാതിരിക്കൽ, സഹായം ആവശ്യമുള്ളവരോടു പരിഗണന കാണിക്കാതിരിക്കൽ തുടങ്ങിയ ആത്മീയമായി ഹാനികരമായ സംഗതികളെ സദാ ചെറുക്കേണ്ടതും മർമപ്രധാനമാണ്‌. (1 യോഹന്നാൻ 2:15-17; 3:15-17) തിരുത്താത്തപക്ഷം അത്തരം പ്രവർത്തനങ്ങളും സ്വഭാവഗുണങ്ങളും ഗൗരവമായ പാപത്തിന്റെ ഒരു ഗതിയിലേക്കു നയിക്കുകയും ക്രമേണ യഹോവയുടെ അംഗീകാരം നഷ്ടപ്പെടാൻ ഇടയാക്കുകയും ചെയ്യും. (1 യോഹന്നാൻ 2:1, 2; 3:6) യഹോവയോടു നാം വിശ്വസ്‌തരായിരുന്നാൽ മാത്രമേ അവൻ സ്‌നേഹദയ അഥവാ വിശ്വസ്‌ത സ്‌നേഹം പ്രകടമാക്കുന്നതിൽ തുടരുകയുള്ളു എന്ന കാര്യം മനസ്സിൽ പിടിക്കുന്നതു ജ്ഞാനമാണ്‌.​—⁠2 ശമൂവേൽ 22:​26, NW.

23. ദൈവത്തിന്റെ സകല വിശ്വസ്‌തരെയും മഹത്തായ എന്തു ഭാവി കാത്തിരിക്കുന്നു?

23 അതുകൊണ്ട്‌, യഹോവയുടെ സകല വിശ്വസ്‌തരെയും കാത്തിരിക്കുന്ന മഹത്തായ ഭാവിയിൽ നമുക്ക്‌ നമ്മുടെ ചിന്തകളെ കേന്ദ്രീകരിച്ചുനിറുത്താം. അങ്ങനെ ചെയ്യുന്നതു മുഖാന്തരം, ‘നാൾതോറും [“ദിവസം മുഴുവനും,” NW] എന്നെന്നേക്കും’ യഹോവയെ പുകഴ്‌ത്തുകയും വാഴ്‌ത്തുകയും സ്‌തുതിക്കുകയും ചെയ്യുന്നവരോടൊപ്പം ആയിരിക്കാനുള്ള അത്ഭുതകരമായ പ്രതീക്ഷ നമുക്കുണ്ട്‌. (സങ്കീർത്തനം 145:1, 2) അക്കാരണത്താൽ, നമുക്കു ‘നിത്യജീവന്നായിട്ടു ദൈവസ്‌നേഹത്തിൽ നമ്മെതന്നെ സൂക്ഷിക്കാം.’ (യൂദാ 20, 21) നമ്മുടെ സ്വർഗീയ പിതാവ്‌ തന്നെ സ്‌നേഹിക്കുന്നവരോടു പ്രകടമാക്കുന്ന മഹാ സ്‌നേഹദയ ഉൾപ്പെടെയുള്ള അവന്റെ അത്ഭുതകരമായ ഗുണങ്ങളിൽനിന്നു പ്രയോജനം നേടുന്നതിൽ തുടരവേ, നമ്മുടെ വികാരങ്ങൾ എല്ലായ്‌പോഴും 145-ാം സങ്കീർത്തനത്തിന്റെ ഒടുവിൽ ദാവീദ്‌ പ്രകടിപ്പിച്ചതിനോടു സമാനമായിരിക്കട്ടെ: “എന്റെ വായ്‌ യഹോവയുടെ സ്‌തുതിയെ പ്രസ്‌താവിക്കും; സകലജഡവും അവന്റെ വിശുദ്ധനാമത്തെ എന്നെന്നേക്കും വാഴ്‌ത്തട്ടെ.”

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• ദൈവത്തിന്റെ വിശ്വസ്‌തരെ തിരിച്ചറിയാൻ 145-ാം സങ്കീർത്തനം സഹായിക്കുന്നത്‌ എങ്ങനെ?

• യഹോവ ‘ജീവനുള്ളതിന്നൊക്കെയും തൃപ്‌തിവരുത്തുന്നത്‌’ എങ്ങനെ?

• നാം യഹോവയോട്‌ കൂടുതൽ അടുത്തു ചെല്ലേണ്ടത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[16-ാം പേജിലെ ചിത്രം]

ദൈവത്തിന്റെ വിശ്വസ്‌തർ അവന്റെ വീര്യപ്രവൃത്തിക ളെ കുറിച്ചു ചർച്ച ചെയ്യുന്നതിൽ സന്തോഷിക്കുന്നു

[17-ാം പേജിലെ ചിത്രം]

യഹോവയുടെ രാജത്വത്തിന്റെ മഹത്ത്വത്തെ കുറിച്ചു പഠിക്കാൻ അവന്റെ ദാസർ ധൈര്യത്തോടെ അപരിചിതരെ സഹായിക്കുന്നു

[18-ാം പേജിലെ ചിത്രങ്ങൾ]

“ജീവനുള്ളതിന്നൊക്കെയും” യഹോവ ആഹാരം നൽകുന്നു

[കടപ്പാട്‌]

മൃഗങ്ങൾ: Parque de la Naturaleza de Cabárceno

[19-ാം പേജിലെ ചിത്രം]

പ്രാർഥനയിൽ സഹായം അഭ്യർഥിക്കുന്ന തന്റെ വിശ്വസ്‌തർക്ക്‌ യഹോവ ശക്തിയും മാർഗനിർദേ ശവും നൽകുന്നു