വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചെറുപ്പം മുതൽ യഹോവ എന്നെ പഠിപ്പിച്ചിരിക്കുന്നു

ചെറുപ്പം മുതൽ യഹോവ എന്നെ പഠിപ്പിച്ചിരിക്കുന്നു

ജീവിത കഥ

ചെറുപ്പം മുതൽ യഹോവ എന്നെ പഠിപ്പിച്ചിരിക്കുന്നു

റിച്ചാർഡ്‌ അബ്രഹാംസൺ പറഞ്ഞപ്രകാരം

“ദൈവമേ, എന്റെ ബാല്യംമുതൽ നീ എന്നെ ഉപദേശിച്ചിരിക്കുന്നു [“പഠിപ്പിച്ചിരിക്കുന്നു,” NW]; ഇന്നുവരെ ഞാൻ നിന്റെ അത്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു.” സങ്കീർത്തനം 71:​17-ലെ ആ വാക്കുകൾക്ക്‌ എന്നെ സംബന്ധിച്ചിടത്തോളം പ്രത്യേക അർഥമുള്ളത്‌ എന്തുകൊണ്ടെന്ന്‌ ഞാൻ വിശദീകരിക്കാം.

ബൈബിൾ വിദ്യാർഥികളെന്ന്‌ അറിയപ്പെട്ടിരുന്ന യഹോവയുടെ സാക്ഷികൾ 1924-ൽ, എന്റെ അമ്മ ഫാനി അബ്രഹാംസണിനെ കണ്ടുമുട്ടി. എനിക്ക്‌ അന്ന്‌ ഒരു വയസ്സേ ഉണ്ടായിരുന്നുള്ളൂ. അവരിൽനിന്നു മനസ്സിലാക്കിയിരുന്ന ബൈബിൾസത്യങ്ങൾ ഉടനെതന്നെ അമ്മ ഉത്സാഹപൂർവം അയൽക്കാരുമായി പങ്കുവെച്ചിരുന്നു. മാത്രമല്ല, എന്നെയും മൂത്ത സഹോദരനെയും സഹോദരിയെയും അതു പഠിപ്പിക്കുകയും ചെയ്‌തു. ഞാൻ വായിക്കാൻ പഠിക്കുന്നതിനു മുമ്പുതന്നെ, ദൈവരാജ്യത്തിന്റെ അനുഗ്രഹങ്ങളെ കുറിച്ചുള്ള പല തിരുവെഴുത്തുകളും മനഃപാഠമാക്കാൻ അമ്മ എന്നെ സഹായിച്ചിരുന്നു.

ഞാൻ ജനിച്ചുവളർന്ന യു.എ⁠സ്‌.എ-യിലെ ഒറിഗൊൺ സ്റ്റേറ്റിലുള്ള ലെ ഗ്രാൻഡിൽ 1920-കളുടെ ഒടുവിൽ ബൈബിൾ വിദ്യാർഥികളായി ഉണ്ടായിരുന്നത്‌ ഏതാനും സ്‌ത്രീകളും കുട്ടികളും ആയിരുന്നു. ഞങ്ങളുടേത്‌ ഒറ്റപ്പെട്ട ഒരു കൂട്ടമായിരുന്നെങ്കിലും, പിൽഗ്രിമുകൾ എന്നറിയപ്പെട്ടിരുന്ന സഞ്ചാര മേൽവിചാരകന്മാർ വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ഞങ്ങളെ സന്ദർശിക്കുമായിരുന്നു. അവർ പ്രോത്സാഹജനകമായ പ്രസംഗങ്ങൾ നടത്തുകയും വീടുതോറുമുള്ള ശുശ്രൂഷയിൽ ഞങ്ങളോടൊപ്പം പോരുകയും ചെയ്യുമായിരുന്നു. മാത്രമല്ല, അവർ കുട്ടികളിൽ ദയാപുരസ്സരമായ താത്‌പര്യം പ്രകടമാക്കിയിരുന്നു. അവരെ ഞങ്ങൾക്കു വളരെ ഇഷ്ടമായിരുന്നു. ഷീൽഡ്‌ ടൂട്‌ജിയാൻ, ജീൻ ഓറൽ, ജോൺ ബൂത്ത്‌ എന്നിവർ അവരിൽ ചിലരാണ്‌.

ബൈബിൾ വിദ്യാർഥികൾ യഹോവയുടെ സാക്ഷികളെന്ന പേർ സ്വീകരിച്ച, ഒഹായോയിലെ കൊളംബസിൽവെച്ച്‌ 1931-ൽ നടന്ന കൺവെൻഷനിൽ സംബന്ധിക്കാൻ ഞങ്ങളുടെ കൂട്ടത്തിലെ ആർക്കും കഴിഞ്ഞില്ല. എന്നാൽ, കൺവെൻഷനിൽ പ്രതിനിധികളാരും പങ്കെടുക്കാഞ്ഞ കമ്പനികളും (അതായത്‌ സഭകൾ), ഒറ്റപ്പെട്ട കൂട്ടങ്ങളും ആ പേർ സ്വീകരിക്കാനുള്ള പ്രമേയം അംഗീകരിക്കാനായി ആഗസ്റ്റു മാസത്തിൽ പ്രാദേശികമായി കൂടിവന്നു. ലൊ ഗ്രാൻഡിലെ ഞങ്ങളുടെ ചെറിയ കൂട്ടവും കൂടിവന്നു. പിന്നീട്‌, പ്രതിസന്ധി (ഇംഗ്ലീഷ്‌) എന്ന ചെറുപുസ്‌തകം വിതരണംചെയ്യാനുള്ള 1933-ലെ ഒരു പ്രസ്ഥാനത്തിൽ ആയിരിക്കെ ഞാൻ ഒരു അവതരണം മനഃപാഠമാക്കുകയും ആദ്യമായി ഒറ്റയ്‌ക്ക്‌ വീടുതോറും സാക്ഷീകരിക്കുകയും ചെയ്‌തു.

വേലയോടുള്ള എതിർപ്പ്‌ 1930-കളിൽ വർധിച്ചുവന്നു. അതിനെ നേരിടാനായി, കമ്പനികളെ ഡിവിഷനുകൾ എന്നറിയപ്പെടുന്ന കൂട്ടങ്ങളായി തിരിച്ചു. ഇവ വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ചെറിയ സമ്മേളനങ്ങൾ നടത്തുകയും ഡിവിഷണൽ കാംപെയ്‌ൻസ്‌ എന്നറിയപ്പെട്ട പ്രസംഗ ദൗത്യങ്ങളിൽ ഏർപ്പെടുകയും ചെയ്‌തിരുന്നു. ഈ സമ്മേളനങ്ങളിൽ, സുവാർത്ത പ്രസംഗിക്കേണ്ട വിധം ഞങ്ങളെ പഠിപ്പിക്കുകയും പോലീസുമായി ഇടപെടേണ്ടി വരുമ്പോൾ അവരോട്‌ എങ്ങനെ ആദരവു പ്രകടമാക്കാമെന്ന്‌ കാണിച്ചുതരുകയും ചെയ്‌തു. മിക്കപ്പോഴും സാക്ഷികളെ പിടിച്ച്‌ പോലീസിന്റെയോ കോടതിയുടെയോ മുമ്പാകെ കൊണ്ടുപോകുമായിരുന്നതിനാൽ, ‘ഓർഡർ ഓഫ്‌ ട്രയൽ’ എന്ന ഒരു പ്രബോധന താളിലെ വിവരങ്ങൾ ഞങ്ങൾ റിഹേഴ്‌സ്‌ ചെയ്യുമായിരുന്നു. എതിർപ്പിനെ നേരിടാൻ ഇതു ഞങ്ങളെ സജ്ജരാക്കി.

ബൈബിൾ സത്യത്തിലുള്ള ആദ്യകാല വളർച്ച

ബൈബിൾ സത്യങ്ങളോടുള്ള എന്റെ വിലമതിപ്പും ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിൻകീഴിൽ ഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള ബൈബിളധിഷ്‌ഠിത പ്രത്യാശയും വർധിച്ചുവരികയായിരുന്നു. അക്കാലത്ത്‌, ക്രിസ്‌തുവിനോടൊപ്പം സ്വർഗത്തിൽ ഭരിക്കാനുള്ള പ്രത്യാശയില്ലാത്തവരുടെ സ്‌നാപനത്തിന്‌ വലിയ ഊന്നൽ നൽകിയിരുന്നില്ല. (വെളിപ്പാടു 5:10; 14:1, 3) എന്നിരുന്നാലും, യഹോവയുടെ ഹിതം ചെയ്യാൻ ദൃഢനിശ്ചയം ചെയ്‌തിട്ടുണ്ടെങ്കിൽ സ്‌നാപനമേൽക്കുന്നത്‌ ഉചിതമായിരിക്കുമെന്ന ഉപദേശം ലഭിച്ചതിനാൽ 1933 ആഗസ്റ്റിൽ ഞാൻ സ്‌നാപനമേറ്റു.

എനിക്കു 12 വയസ്സുള്ളപ്പോൾ, പരസ്യമായി പ്രസംഗിക്കുന്നതിൽ എനിക്കു നല്ല കഴിവുള്ളതായി എന്റെ അധ്യാപിക ശ്രദ്ധിച്ചു. അതുകൊണ്ട്‌, എനിക്ക്‌ കൂടുതൽ പരിശീലനം നൽകാനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ അവർ അമ്മയെ പ്രോത്സാഹിപ്പിച്ചു. യഹോവയെ മെച്ചമായി സേവിക്കാൻ ഇത്‌ എന്നെ സഹായിച്ചേക്കുമെന്ന്‌ അമ്മയ്‌ക്കു തോന്നി. അക്കാരണത്താൽ, പ്രസംഗപരിശീലനം നൽകുന്ന അധ്യാപികയുടെ വസ്‌ത്രങ്ങൾ കഴുകുന്ന ജോലി ഒരു വർഷം ചെയ്‌തുകൊണ്ട്‌ അമ്മ എന്റെ ക്ലാസ്സുകൾക്കുള്ള ഫീസടച്ചു. ഈ പരിശീലനം എന്റെ ശുശ്രൂഷയ്‌ക്ക്‌ ഗുണം ചെയ്‌തു. അങ്ങനെയിരിക്കെ, 14-ാം വയസ്സിൽ എനിക്കു വാതപ്പനി പിടിപെട്ടു. അതുകൊണ്ട്‌, ഒരു വർഷത്തിലധികം സ്‌കൂളിൽ പോകാനായില്ല.

വോറൻ ഹെൻഷൽ എന്നു പേരുള്ള ഒരു മുഴുസമയ ശുശ്രൂഷകൻ 1939-ൽ ഞങ്ങളുടെ പ്രദേശത്തു വന്നു. * അദ്ദേഹം എന്നെ വയൽ ശുശ്രൂഷയ്‌ക്കു കൂട്ടിക്കൊണ്ടുപോകുകയും ഞങ്ങൾ ഏറെ സമയം വയലിൽ ചെലവഴിക്കുകയും ചെയ്‌തിരുന്നു. ആത്മീയമായി പറഞ്ഞാൽ അദ്ദേഹം എന്റെ ഒരു മൂത്ത സഹോദരനായിരുന്നു. പെട്ടെന്നുതന്നെ, താത്‌കാലികമായി മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെടാനുള്ള ഒരു വിധമായ അവധിക്കാല പയനിയറിങ്‌ തുടങ്ങാൻ അദ്ദേഹം എന്നെ സഹായിച്ചു. ആ വേനൽക്കാലത്ത്‌ ഞങ്ങളുടെ കൂട്ടം ഒരു കമ്പനിയായി സംഘടിപ്പിക്കപ്പെട്ടു. വോറൻ ആയിരുന്നു കമ്പനി ദാസൻ, ഞാൻ വീക്ഷാഗോപുര അധ്യയന നിർവാഹകനും. എന്നാൽ ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള, യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനമായ ബെഥേലിൽ സേവിക്കാനായി വോറൻ പോയപ്പോൾ ഞാൻ കമ്പനി ദാസനായി.

മുഴുസമയ ശുശ്രൂഷ തുടങ്ങുന്നു

ഒരു കമ്പനി ദാസൻ എന്ന നിലയിലുള്ള എന്റെ ഭാരിച്ച ഉത്തരവാദിത്വം ഒരു നിരന്തര മുഴുസമയ ശുശ്രൂഷകൻ ആയിത്തീരാനുള്ള എന്റെ ആഗ്രഹത്തെ ഒന്നുകൂടെ ശക്തമാക്കി. ഹൈസ്‌കൂളിലെ മൂന്നാം വർഷപഠനം പൂർത്തിയാക്കിയശേഷം 17-ാം വയസ്സിൽ ഞാൻ മുഴുസമയ ശുശ്രൂഷയിൽ പ്രവേശിച്ചു. എന്റെ പിതാവിന്‌ ഞങ്ങളുടെ മതവിശ്വാസങ്ങളോട്‌ താത്‌പര്യമില്ലായിരുന്നെങ്കിലും കുടുംബം നോക്കുന്ന, നല്ല തത്ത്വദീക്ഷയുള്ള വ്യക്തി ആയിരുന്നു അദ്ദേഹം. എന്നെ കോളെജിൽ അയയ്‌ക്കണമെന്ന്‌ അദ്ദേഹം ആഗ്രഹിച്ചിരുന്നു. എങ്കിലും, ഭക്ഷണത്തിനും പാർപ്പിടത്തിനുമായി തന്നെ ആശ്രയിക്കാത്തിടത്തോളം കാലം സ്വന്ത തീരുമാനപ്രകാരം പ്രവർത്തിക്കാമെന്ന്‌ അദ്ദേഹം എന്നോടു പറഞ്ഞു. അതുകൊണ്ട്‌, 1940 സെപ്‌റ്റംബർ 1-ന്‌ ഞാൻ പയനിയറിങ്‌ ആരംഭിച്ചു.

ഞാൻ വീട്ടിൽനിന്നു പുറപ്പെട്ടപ്പോൾ അമ്മ എന്നെ സദൃശവാക്യങ്ങൾ 3:5, 6 വായിച്ചുകേൾപ്പിച്ചു. അവിടെ ഇങ്ങനെ പറയുന്നു: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.” എല്ലായ്‌പോഴും യഹോവയിൽ ആശ്രയിക്കുന്നത്‌ എനിക്ക്‌ ഒരു വലിയ സഹായമായിരുന്നിട്ടുണ്ട്‌.

ഉടൻതന്നെ ഞാൻ, ഉത്തര-മധ്യ വാഷിങ്‌ടൺ സ്റ്റേറ്റിലെ മുഴുസമയ ശുശ്രൂഷയ്‌ക്കായി ജോ ഹാർട്ടിന്റെയും മാർഗരറ്റ്‌ ഹാർട്ടിന്റെയുംകൂടെ ചേർന്നു. ആ പ്രദേശം വൈവിധ്യമാർന്നതായിരുന്നു. കന്നുകാലികളെയും ആടുകളെയും വളർത്തുന്ന വലിയ ഫാമുകളും അമേരിക്കൻ ഇന്ത്യാക്കാരുടെ സംവരണ മേഖലകളും അതുപോലെതന്നെ നിരവധി ചെറിയ പട്ടണങ്ങളും ഗ്രാമങ്ങളും നിറഞ്ഞതായിരുന്നു അത്‌. 1941-ലെ വസന്തകാലത്ത്‌ ഞാൻ വാഷിങ്‌ടണിലെ വെനാചിയിലുള്ള സഭയിൽ കമ്പനി ദാസനായി നിയമിക്കപ്പെട്ടു.

വാഷിങ്‌ടണിലെ വോല വോലയിൽവെച്ചു നടത്തപ്പെട്ട ഒരു സമ്മേളനത്തിൽ, സേവകനായി നിയമനം ലഭിച്ചിരുന്നതിനാൽ ഓഡിറ്റോറിയത്തിലേക്കു പ്രവേശിക്കുന്നവരെ സ്വാഗതം ചെയ്‌തുകൊണ്ട്‌ നിൽക്കുകയായിരുന്നു ഞാൻ. അപ്പോഴാണ്‌, ഉച്ചഭാഷിണി പ്രവർത്തിപ്പിക്കാനുള്ള ഒരു യുവസഹോദരന്റെ വിഫലശ്രമം എന്റെ ശ്രദ്ധയിൽപ്പെട്ടത്‌. അതുകൊണ്ട്‌, എന്റെ നിർദേശപ്രകാരം ഞങ്ങൾ നിയമനങ്ങൾ വെച്ചുമാറി. എന്നാൽ, പ്രദേശ ദാസനായ ആൽബർട്ട്‌ ഹോഫ്‌മൻ തിരിച്ചുവന്നപ്പോൾ ഞാൻ എന്റെ നിയമനം വിട്ടുകളഞ്ഞതായി കണ്ടതുകൊണ്ട്‌, മറിച്ചൊരു നിർദേശം ലഭിക്കുന്നതുവരെ നിയമനത്തോട്‌ പറ്റിനിൽക്കേണ്ടതിന്റെ മൂല്യം സൗഹൃദത്തോടെ അദ്ദേഹം എനിക്കു വിശദീകരിച്ചുതന്നു. പിന്നീടൊരിക്കലും ഞാൻ ആ ബുദ്ധിയുപദേശം മറന്നിട്ടില്ല.

മിസൗറിയിലെ സെന്റ്‌ ലൂയിസിൽ 1941 ആഗസ്റ്റിൽ യഹോവയുടെ സാക്ഷികൾ ഒരു വലിയ കൺവെൻഷൻ ആസൂത്രണം ചെയ്‌തു. ജോ ഹാർട്ടും മാർഗരറ്റ്‌ ഹാർട്ടും അവരുടെ പിക്‌അപ്‌ ട്രക്കിന്റെ പിൻഭാഗത്ത്‌ ഒരു മേലാവരണം ഉണ്ടാക്കിയിട്ട്‌ ബഞ്ചുകൾ ഇട്ട്‌ സജ്ജമാക്കി. തുടർന്ന്‌ പയനിയർമാരായ ഞങ്ങൾ ഒമ്പതുപേർ ആ ട്രക്കിൽ 2,400 കിലോമീറ്റർ യാത്ര ചെയ്‌ത്‌ മിസൗറിയിലേക്കു പോയി. ഒരു വശത്തേക്ക്‌ തന്നെ ഏതാണ്ട്‌ ഒരാഴ്‌ച വേണ്ടിവന്നു. പോലീസിന്റെ കണക്കു പ്രകാരം കൺവെൻഷന്റെ അത്യുച്ച ഹാജർ 1,15,000 ആയിരുന്നു. ഹാജർ അതിനെക്കാൾ കുറവായിരുന്നിരിക്കാനാണ്‌ സാധ്യതയെങ്കിലും, ആ സമയത്ത്‌ ഐക്യനാടുകളിൽ ഉണ്ടായിരുന്ന 65,000-ത്തോളം വരുന്ന സാക്ഷികളുടേതിനെക്കാൾ കൂടുതലായിരുന്നുവെന്ന്‌ ഉറപ്പാണ്‌. ആത്മീയമായി കെട്ടുപണി ചെയ്യുന്നതായിരുന്നു കൺവെൻഷൻ പരിപാടികൾ.

ബ്രുക്ലിൻ ബെഥേലിലെ സേവനം

വെനാചിയിൽ തിരികെവന്നശേഷം, ബ്രുക്ലിൻ ബെഥേലിൽ സേവിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കത്ത്‌ എനിക്കു ലഭിച്ചു. 1941 ഒക്ടോബർ 27-ന്‌ അവിടെ എത്തിയ എന്നെ ഫാക്ടറി മേൽവിചാരകൻ ആയിരുന്ന നേഥൻ എച്ച്‌. നോർ സഹോദരന്റെ ഓഫീസിലേക്കു കൊണ്ടുപോയി. ബെഥേൽ എങ്ങനെയുള്ളതാണെന്ന്‌ അദ്ദേഹം ദയാപുരസ്സരം വിശദീകരിച്ചുതന്നു. കൂടാതെ, ബെഥേൽ ജീവിതം വിജയപ്രദമാക്കാൻ യഹോവയോട്‌ അടുത്തു പറ്റിനിൽക്കേണ്ടത്‌ അനിവാര്യമാണെന്ന വസ്‌തുത അദ്ദേഹം ഊന്നിപ്പറയുകയും ചെയ്‌തു. തുടർന്ന്‌, എന്നെ ഷിപ്പിങ്‌ ഡിപ്പാർട്ടുമെന്റിലേക്കു കൊണ്ടുപോയി. കയറ്റി അയയ്‌ക്കാനുള്ള സാഹിത്യ കാർട്ടനുകൾ കെട്ടുകയായിരുന്നു അവിടെ എനിക്കു ലഭിച്ച ജോലി.

യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക വേലയ്‌ക്കു നേതൃത്വം വഹിച്ചിരുന്ന ജോസഫ്‌ റഥർഫോർഡ്‌ 1942 ജനുവരി 8-ന്‌ മരണമടഞ്ഞു. അഞ്ചു ദിവസത്തിനുശേഷം, സൊസൈറ്റിയുടെ ഡയറക്ടർമാർ നോർ സഹോദരനെ അദ്ദേഹത്തിന്റെ പിൻഗാമിയായി തിരഞ്ഞെടുത്തു. ഈ വിവരം ബെഥേൽ കുടുംബത്തെ അറിയിക്കവേ, ദീർഘകാലം സൊസൈറ്റിയുടെ സെക്രട്ടറി-ഖജാൻജി ആയിരുന്ന ഡബ്ലിയു. ഇ. വാൻ ആംബേർഗ്‌ ഇങ്ങനെ പറഞ്ഞു: “സി. റ്റി. റസ്സൽ [1916-ൽ] മരണമടഞ്ഞതും തത്‌സ്ഥാനത്തേക്ക്‌ ജെ. എഫ്‌. റഥർഫോർഡ്‌ തിരഞ്ഞെടുക്കപ്പെട്ടതും എന്റെ ഓർമയിലുണ്ട്‌. കർത്താവ്‌ തന്റെ വേലയ്‌ക്കു തുടർന്നും വഴിനടത്തിപ്പും അഭിവൃദ്ധിയും നൽകി. ഇപ്പോൾ, നേഥൻ എച്ച്‌. നോർ പ്രസിഡന്റ്‌ ആയിരിക്കെ വേല തുടർന്നും മുന്നോട്ടുപോകുമെന്ന്‌ ഞാൻ പൂർണമായും പ്രതീക്ഷിക്കുന്നു, കാരണം, ഇത്‌ കർത്താവിന്റെ വേലയാണ്‌, മനുഷ്യന്റേതല്ല.”

“അഡ്വാൻസ്‌ഡ്‌ കോഴ്‌സ്‌ ഇൻ തിയോക്രാറ്റിക്‌ മിനിസ്‌ട്രി” തുടങ്ങുമെന്ന്‌ 1942 ഫെബ്രുവരിയിൽ അറിയിപ്പുണ്ടായി. ഈ കോഴ്‌സിന്റെ ഉദ്ദേശ്യം, ബൈബിൾ വിഷയങ്ങളെ കുറിച്ച്‌ ഗവേഷണം നടത്തുന്നതിലും ലഭിക്കുന്ന വിവരങ്ങൾ ഉചിതമായ വിധത്തിൽ ചിട്ടപ്പെടുത്തുന്നതിലും അത്‌ ഫലകരമായി അവതരിപ്പിക്കുന്നതിലും ഉള്ള ബെഥേൽ അംഗങ്ങളുടെ പ്രാപ്‌തി മെച്ചപ്പെടുത്തുക എന്നതായിരുന്നു. പരസ്യമായി പ്രസംഗിക്കുന്നതിനുള്ള പരിശീലനം എനിക്ക്‌ നേരത്തേ ലഭിച്ചിരുന്നതിനാൽ, ഈ കോഴ്‌സിൽ പെട്ടെന്നു പുരോഗതി വരുത്താൻ എനിക്കു കഴിഞ്ഞു.

അധികനാൾ ആകുന്നതിനു മുമ്പ്‌ ഐക്യനാടുകളിലെ സാക്ഷികളുടെ ശുശ്രൂഷയ്‌ക്കു മേൽനോട്ടം വഹിക്കുന്ന സേവന വിഭാഗത്തിലേക്ക്‌ എന്നെ നിയമിച്ചു. പിന്നീട്‌ ആ വർഷം, ശുശ്രൂഷകർ സാക്ഷികളുടെ കമ്പനികൾ സന്ദർശിക്കുന്ന ഒരു ക്രമീകരണം വീണ്ടും തുടങ്ങാനുള്ള തീരുമാനമായി. കാലക്രമത്തിൽ, സഹോദരന്മാരുടെ ദാസർ എന്ന്‌ വിളിക്കപ്പെട്ടിരുന്ന ഈ സഞ്ചാര ശുശ്രൂഷകർ, സർക്കിട്ട്‌ മേൽവിചാരകന്മാർ എന്ന്‌ അറിയപ്പെടാൻ ഇടയായി. 1942-ലെ വേനൽക്കാലത്ത്‌, ഈ രീതിയിലുള്ള ശുശ്രൂഷയ്‌ക്കുവേണ്ടി സഹോദരന്മാരെ പരിശീലിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ഒരു കോഴ്‌സ്‌ ബെഥേലിൽ ക്രമീകരിക്കപ്പെട്ടു. ആ പരിശീലനത്തിൽനിന്ന്‌ പ്രയോജനം നേടാനുള്ള പദവി എനിക്കും ലഭിച്ചു. ഞങ്ങളുടെ അധ്യാപകരിൽ ഒരാളായിരുന്ന നോർ സഹോദരൻ പിൻവരുന്ന കാര്യത്തിന്‌ ഊന്നൽ നൽകിയതായി ഞാൻ പ്രത്യേകം ഓർമിക്കുന്നു: “മനുഷ്യരെ പ്രസാദിപ്പിക്കാൻ ശ്രമിക്കരുത്‌. അങ്ങനെ ചെയ്‌താൽ നിങ്ങൾക്കാരെയും പ്രസാദിപ്പിക്കാനാവില്ല. യഹോവയെ പ്രസാദിപ്പിക്കുക, അങ്ങനെയായാൽ, യഹോവയെ സ്‌നേഹിക്കുന്ന എല്ലാവരെയും നിങ്ങൾ പ്രസാദിപ്പിക്കും.”

സഞ്ചാരവേല പ്രാബല്യത്തിൽ വന്നത്‌ 1942 ഒക്ടോബറിലാണ്‌. ബെഥേലിൽ ഉണ്ടായിരുന്ന ഞങ്ങളിൽ ചിലർ, ന്യൂയോർക്ക്‌ നഗരത്തിന്റെ 400 കിലോമീറ്റർ പരിധിക്കുള്ളിൽ വരുന്ന സഭകൾ ചില വാരാന്തങ്ങളിൽ സന്ദർശിച്ചുകൊണ്ട്‌ അതിൽ പങ്കെടുത്തിരുന്നു. സഭയുടെ പ്രസംഗവേലയും യോഗഹാജരും സംബന്ധിച്ച രേഖകൾ ഞങ്ങൾ പരിശോധിക്കുകയും സഭയിൽ ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവർക്കുവേണ്ടി യോഗം നടത്തുകയും ഒന്നോ രണ്ടോ പ്രസംഗങ്ങൾ നിർവഹിക്കുകയും പ്രദേശത്തെ സാക്ഷികളോടുകൂടെ ശുശ്രൂഷയിൽ ഏർപ്പെടുകയും ചെയ്യുമായിരുന്നു.

ആറുമാസക്കാലത്തെ സഞ്ചാരവേലയ്‌ക്കായി സർവീസ്‌ ഡിപ്പാർട്ടുമെന്റിൽനിന്ന്‌ 1944-ൽ അയയ്‌ക്കപ്പെട്ടവരിൽ ഞാനും ഉണ്ടായിരുന്നു. ഞങ്ങൾ ഡെലവർ, മേരിലൻഡ്‌, പെൻസിൽവേനിയ, വിർജീനിയ എന്നിവിടങ്ങളിൽ സേവിച്ചു. പിന്നീട്‌ ഏതാനും മാസത്തേക്ക്‌, ഞാൻ കണെറ്റിക്കട്ട്‌, മസാച്ചൂസെറ്റ്‌സ്‌, റോഡ്‌ ദ്വീപ്‌ എന്നിവിടങ്ങളിലെ സഭകൾ സന്ദർശിച്ചു. ബെഥേലിലേക്കു തിരിച്ചുവന്നപ്പോൾ ഞാൻ നോർ സഹോദരന്റെയും അദ്ദേഹത്തിന്റെ സെക്രട്ടറി മിൽട്ടൻ ഹെൻഷലിന്റെയും കൂടെ ഓഫീസിൽ പാർട്ട്‌ടൈം ജോലി ചെയ്യുമായിരുന്നു. അവിടെവെച്ചാണ്‌ നമ്മുടെ ലോകവ്യാപക വേലയുമായി ഞാൻ പരിചയത്തിലായത്‌. ഡബ്ലിയു. ഇ. വാൻ ആംബേർഗിന്റെയും അദ്ദേഹത്തിന്റെ അസിസ്റ്റന്റ്‌ ഗ്രാന്റ്‌ സൂട്ടറുടെയും മേൽവിചാരണയിൻ കീഴിൽ ഞാൻ ഖജാൻജിയുടെ ഓഫീസിലും സേവിച്ചിരുന്നു. പിന്നീട്‌ 1946-ൽ, ബെഥേലിലെ അനേകം ഓഫീസുകളുടെ മേൽവിചാരകനായി എനിക്കു നിയമനം ലഭിച്ചു.

എന്റെ ജീവിതത്തിലെ വലിയ മാറ്റങ്ങൾ

സഭകൾ സന്ദർശിച്ചുകൊണ്ടിരിക്കെ 1945-ൽ ഞാൻ റോഡ്‌ ദ്വീപിലെ പ്രൊവിഡൻസിൽവെച്ച്‌ ജൂലിയ കാർനോസ്‌കസുമായി പരിചയത്തിലായി. വിവാഹിതരാകുന്നതിനെ കുറിച്ച്‌ 1947-ന്റെ മധ്യത്തോടെ ഞങ്ങൾ ആലോചിച്ചു തുടങ്ങിയിരുന്നു. ബെഥേൽ സേവനം ഞാൻ വളരെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ അക്കാലത്ത്‌, വിവാഹം ചെയ്‌ത്‌ ഇണയെ ബെഥേലിലേക്ക്‌ കൊണ്ടുവരാനുള്ള ക്രമീകരണം ഇല്ലായിരുന്നു. അതുകൊണ്ട്‌, 1948 ജനുവരിയിൽ ഞാൻ ബെഥേൽ വിട്ടു, ജൂലിയയും (ജൂലി) ഞാനും വിവാഹിതരായി. പ്രൊവിഡൻസിലെ ഒരു സൂപ്പർ മാർക്കറ്റിൽ എനിക്ക്‌ ഒരു അംശകാല ജോലി ലഭിച്ചു, അങ്ങനെ ഞങ്ങൾ ഒന്നിച്ച്‌ പയനിയർ ശുശ്രൂഷ തുടങ്ങി.

വടക്കുപടിഞ്ഞാറൻ വിസ്‌കോൻസിൽ സർക്കിട്ട്‌ വേല നിർവഹിക്കാൻ 1949 സെപ്‌റ്റംബറിൽ എനിക്കു ക്ഷണം ലഭിച്ചു. ‘ക്ഷീരവ്യവസായ മേഖല’യിലുള്ള പ്രായേണ ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സുവാർത്ത പ്രസംഗിക്കുക എന്നത്‌ എനിക്കും ജൂലിക്കും തികച്ചും വ്യത്യസ്‌തമായ ഒരു അനുഭവമായിരുന്നു. ദൈർഘ്യമേറിയ ശൈത്യകാലത്ത്‌ താപനില -20 ഡിഗ്രി സെൽഷ്യസോ അതിന്‌ താഴെയോ എത്തുമായിരുന്നു. കൂടാതെ, ശക്തമായ മഞ്ഞുവീഴ്‌ചയും ഉണ്ടായിരുന്നു. ഞങ്ങൾക്ക്‌ കാർ ഇല്ലായിരുന്നു. എങ്കിലും, എല്ലായ്‌പോഴും അടുത്ത സഭയിലേക്ക്‌ ഞങ്ങളെ ആരെങ്കിലും തങ്ങളുടെ വണ്ടിയിൽ കൊണ്ടുപോകുമായിരുന്നു.

ഞാൻ സർക്കിട്ട്‌ വേല തുടങ്ങി അധികം താമസിയാതെ ഞങ്ങൾക്ക്‌ ഒരു സർക്കിട്ട്‌ സമ്മേളനം ഉണ്ടായിരുന്നു. കാര്യങ്ങളെല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്താനായി ഞാൻ അവയെല്ലാം സുസൂക്ഷ്‌മം പരിശോധിച്ചത്‌ മറ്റുചിലരിൽ അൽപ്പം ഉത്‌കണ്‌ഠയ്‌ക്കു കാരണമായതായി ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്‌. അതുകൊണ്ട്‌, ഉത്തരവാദിത്വമുള്ള പ്രാദേശിക സഹോദരന്മാർക്ക്‌ തങ്ങളുടേതായ വിധത്തിൽ കാര്യങ്ങൾ ചെയ്‌തു പരിചയമുണ്ടെന്നും ഓരോ ചെറിയ കാര്യത്തിലും ഞാൻ അമിതമായി ശ്രദ്ധ പുലർത്തേണ്ടതില്ലെന്നും ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകനായ നിക്കൊളസ്‌ കോവലാക്‌ ദയാപുരസ്സരം എനിക്കു വിശദീകരിച്ചുതന്നു. അന്നുമുതൽ നിരവധി നിയമനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ആ ഉപദേശം എനിക്കു വളരെ സഹായകമായിരുന്നിട്ടുണ്ട്‌.

എനിക്ക്‌ 1950-ൽ ഒരു താത്‌കാലിക നിയമനം ലഭിച്ചു. ന്യൂയോർക്കിലെ യാങ്കീ സ്റ്റേഡിയത്തിൽവെച്ച്‌ നടക്കുന്ന ആദ്യത്തെ വലിയ കൺവെൻഷന്‌ എത്തുന്ന പ്രതിനിധികളുടെ താമസസൗകര്യ ക്രമീകരണങ്ങൾക്കു മേൽനോട്ടം വഹിക്കുക എന്നതായിരുന്നു അത്‌. തുടക്കം മുതൽ ഒടുക്കം വരെ കൺവെൻഷൻ കോൾമയിർക്കൊള്ളിക്കുന്നതായിരുന്നു. കൺവെൻഷന്‌ 67 രാജ്യങ്ങളിൽനിന്നാണ്‌ പ്രതിനിധികൾ എത്തിയത്‌, 1,23,707 ആയിരുന്നു അത്യുച്ച ഹാജർ! കൺവെൻഷനുശേഷം ഞാനും ജൂലിയും വീണ്ടും സഞ്ചാര ശുശ്രൂഷയിൽ ഏർപ്പെട്ടു. സർക്കിട്ട്‌ വേലയിൽ ഞങ്ങൾ തികച്ചും സന്തുഷ്ടരായിരുന്നു. എങ്കിലും, ഞങ്ങളെത്തന്നെ കൂടുതലായി ലഭ്യമാക്കണമെന്നു ഞങ്ങൾക്കു തോന്നി. അതുകൊണ്ട്‌ ഓരോ വർഷവും ഞങ്ങൾ ബെഥേൽ സേവനത്തിനും മിഷനറി സേവനത്തിനുമായി അപേക്ഷിക്കുമായിരുന്നു. അങ്ങനെ 1952-ൽ, വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിന്റെ 20-ാമത്‌ ക്ലാസ്സിൽ സംബന്ധിക്കുന്നതിനുള്ള ക്ഷണം ഞങ്ങൾക്കു ലഭിച്ചപ്പോൾ ഞങ്ങൾ ഏറെ സന്തോഷിച്ചു. അവിടെവെച്ച്‌ ഞങ്ങൾക്കു മിഷനറി വേലയ്‌ക്കായി പരിശീലനം ലഭിച്ചു.

വിദേശ സേവനം

ഞങ്ങൾ 1953-ൽ ബിരുദം നേടി. അതേത്തുടർന്നു ഞങ്ങളെ ബ്രിട്ടനിലേക്കു നിയമിച്ചു. ഇംഗ്ലണ്ടിന്റെ ദക്ഷിണ ഭാഗത്തായി ഞാൻ ഡിസ്‌ട്രിക്‌റ്റ്‌ വേലയിൽ ആയിരുന്നു. ഞങ്ങളിരുവരും വളരെയേറെ ആസ്വദിച്ച ഈ വേലയിൽ ഒരു വർഷത്തിൽ കുറഞ്ഞ സമയം പിന്നിട്ട ശേഷം, അപ്രതീക്ഷിതമായി ഞങ്ങൾക്ക്‌ ഡെന്മാർക്കിലേക്കു നിയമനം ലഭിച്ചു. ഡെന്മാർക്ക്‌ ബ്രാഞ്ച്‌ ഓഫീസിന്‌ പുതിയ മേൽവിചാരണ ആവശ്യമായിരുന്നു. ഞാൻ അടുത്ത രാജ്യത്ത്‌ ആയിരുന്നതിനാലും ഇത്തരം വേലയ്‌ക്കുവേണ്ടി ബ്രുക്ലിനിൽനിന്നു പരിശീലനം ലഭിച്ചിരുന്നതിനാലുമാണ്‌ സഹായിക്കാനായി എന്നെ അവിടേക്ക്‌ അയച്ചത്‌. നെതർലൻഡ്‌സിലേക്ക്‌ ബോട്ടിലും അവിടെനിന്ന്‌ ഡെന്മാർക്കിലെ കോപ്പൻഹേഗനിലേക്ക്‌ ട്രെയിനിലുമായിരുന്നു ഞങ്ങളുടെ യാത്ര. 1954 ആഗസ്റ്റ്‌ 9-ന്‌ ഞങ്ങൾ അവിടെ എത്തിച്ചേർന്നു.

എനിക്കു കൈകാര്യം ചെയ്യേണ്ടിയിരുന്ന ഒരു പ്രശ്‌നം, ഉത്തരവാദിത്വ സ്ഥാനങ്ങളിലുള്ള ചിലർ ബ്രുക്ലിൻ ആസ്ഥാനത്തുനിന്നുള്ള നിർദേശ പ്രകാരമല്ല കാര്യങ്ങൾ ചെയ്‌തുകൊണ്ടിരുന്നത്‌ എന്നതാണ്‌. മാത്രമല്ല, ഡാനീഷ്‌ ഭാഷയിലേക്ക്‌ പ്രസിദ്ധീകരണങ്ങൾ പരിഭാഷപ്പെടുത്തിക്കൊണ്ടിരുന്ന നാലുപേരിൽ മൂന്നുപേർ ബെഥേൽ വിട്ടുപോകുകയും ക്രമേണ യഹോവയുടെ സാക്ഷികളുമായുള്ള സഹവസം നിറുത്തുകയും ചെയ്‌തിരുന്നു. എന്നാൽ യഹോവ ഞങ്ങളുടെ പ്രാർഥന കേട്ടു. നേരത്തേ, കുറച്ച്‌ അംശകാല പരിഭാഷ നടത്തിയിട്ടുള്ള പയനിയർമാരായ യോൺ ലാർസനും ഭാര്യ അന്നായും അതിനുവേണ്ടി മുഴുസമയം തങ്ങളെത്തന്നെ ലഭ്യമാക്കി. അങ്ങനെ ഡാനീഷ്‌ ഭാഷയിലുള്ള നമ്മുടെ മാസികകളുടെ പരിഭാഷ ഒരു ലക്കംപോലും നഷ്ടമാകാതെ തുടർന്നു. ഈ രണ്ടു പേരും ഇപ്പോഴും ഡെന്മാർക്ക്‌ ബെഥേലിൽ ഉണ്ട്‌. യോൺ ബ്രാഞ്ച്‌ കമ്മിറ്റിയുടെ കോ-ഓർഡിനേറ്റർ ആണ്‌.

ആ വർഷങ്ങളിൽ ഞങ്ങൾക്ക്‌ യഥാർഥ പ്രോത്സാഹനത്തിന്റെ ഉറവായിരുന്നതു നോർ സഹോദരന്റെ നിരന്തര സന്ദർശനങ്ങളായിരുന്നു. അദ്ദേഹം ഞങ്ങൾക്കൊപ്പമിരുന്ന്‌ സംസാരിക്കുമായിരുന്നു. പ്രശ്‌നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതു സംബന്ധിച്ച്‌ ഉൾക്കാഴ്‌ച പകരുന്ന അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചിരുന്നു. 1955-ലെ ഒരു സന്ദർശനവേളയിൽ, ഡെന്മാർക്കിനുവേണ്ടി മാസികകൾ ഉത്‌പാദിപ്പിക്കാൻ അച്ചടി സൗകര്യങ്ങളുള്ള ഒരു പുതിയ ബ്രാഞ്ച്‌ നിർമിക്കാൻ തീരുമാനമായി. കോപ്പെൻഹേഗന്റെ വടക്കുഭാഗത്തുള്ള പ്രാന്തപ്രദേശത്ത്‌ സ്ഥലം വാങ്ങി. 1957 വേനൽക്കാലത്തോടെ ഞങ്ങൾ, പുതുതായി നിർമിച്ച കെട്ടിടത്തിലേക്കു മാറി. 26-ാമത്‌ ഗിലെയാദ്‌ ക്ലാസ്സിൽനിന്നു ബിരുദം നേടിയ ഹാരി ജോൺസണും ഭാര്യ കാരിനും ആയിടെ ഡെന്മാർക്കിൽ എത്തിയിരുന്നു. അച്ചടി സംവിധാനങ്ങൾ സ്ഥാപിച്ച്‌ പ്രവർത്തിപ്പിക്കാൻ അദ്ദേഹം ഞങ്ങളെ സഹായിച്ചു.

ഡെന്മാർക്കിൽ വലിയ കൺവെൻഷനുകൾ നടത്താനായി ഞങ്ങൾ ഞങ്ങളുടെ സംഘാടനം മെച്ചപ്പെടുത്തി. ഐക്യനാടുകളിലെ കൺവെൻഷനുകളോടുള്ള ബന്ധത്തിൽ എനിക്കു ലഭിച്ച പരിശീലനം വളരെ സഹായകമായിത്തീർന്നു. കോപ്പെൻഹേഗനിൽവെച്ച്‌ 1961-ൽ നടത്തപ്പെട്ട വലിയ അന്താരാഷ്‌ട്ര കൺവെൻഷന്‌ 30-ലധികം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ സമ്മേളിച്ചു. അത്യുച്ച ഹാജർ 33,513 ആയിരുന്നു. സ്‌കാൻഡിനേവിയൻ പ്രദേശത്ത്‌ നടത്തപ്പെട്ട ഏറ്റവും വലിയ കൺവെൻഷൻ 1969-ൽ ഡെന്മാർക്കിൽവെച്ചു നടന്നതായിരുന്നു. 42,073 ആയിരുന്നു അത്യുച്ച ഹാജർ!

ഗിലെയാദിന്റെ 38-ാമത്‌ ക്ലാസ്സിൽ പങ്കെടുക്കാൻ 1963-ൽ എനിക്കു ക്ഷണം ലഭിച്ചു. അത്‌ പ്രത്യേകിച്ച്‌ ബ്രാഞ്ച്‌ മേൽവിചാരകന്മാർക്കുവേണ്ടിയുള്ള പൊരുത്തപ്പെടുത്തൽ വരുത്തിയ പത്തുമാസത്തെ ഒരു കോഴ്‌സായിരുന്നു. ബ്രുക്ലിൻ ബെഥേൽ കുടുംബത്തോടൊപ്പം വീണ്ടും ആയിരിക്കാനും ഹെഡ്‌ക്വാർട്ടേഴ്‌സിന്റെ പ്രവർത്തനത്തിൽ വർഷങ്ങളുടെ പരിചയമുള്ളവരുടെ അനുഭവങ്ങളിൽനിന്നു പഠിക്കാനും കഴിഞ്ഞത്‌ വളരെ സന്തോഷകരമായിരുന്നു.

ഈ പരിശീലന കോഴ്‌സ്‌ കഴിഞ്ഞ്‌, ഡെന്മാർക്കിലെ ഉത്തരവാദിത്വങ്ങൾ നിർഹിക്കാനായി ഞാൻ അവിടേക്കു മടങ്ങി. അതിനുപുറമേ, യൂറോപ്പിന്റെ പടിഞ്ഞാറും വടക്കുമുള്ള ബ്രാഞ്ചുകളിലെ മേൽവിചാരകന്മാർക്ക്‌ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനുള്ള പ്രോത്സാഹനവും സഹായവും നൽകിക്കൊണ്ട്‌ സേവിക്കാനുള്ള പദവിയും എനിക്കു ലഭിച്ചു. അടുത്തയിടെ പശ്ചിമാഫ്രിക്കയിലും കരീബിയനിലും ഞാൻ മേഖലാമേൽവിചാരകനായി സേവിച്ചു.

പരിഭാഷയും അച്ചടിയും വർധിച്ച തോതിൽ നിർവഹിക്കാനുതകുന്ന വലുപ്പമേറിയ ഒരു കെട്ടിട സമുച്ചയം പണിയാനുള്ള സ്ഥലം 1970-കളുടെ അവസാനം ഡെന്മാർക്കിലെ സഹോദരങ്ങൾ അന്വേഷിച്ചുതുടങ്ങി. കോപ്പെൻഹേഗന്‌ ഏതാണ്ട്‌ 60 കിലോമീറ്റർ പടിഞ്ഞാറായി ഒരു നല്ല സ്ഥലം കണ്ടെത്തി. ഈ പുതിയ സൗകര്യത്തിന്റെ പ്ലാനും രൂപരേഖയും തയ്യാറാക്കുന്നതിൽ ഞാനും പങ്കുചേർന്നു. മനോഹരമായ ഈ പുതിയ ഭവനത്തിൽ ബെഥേൽ കുടുംബത്തോടൊപ്പം പാർക്കാൻ ഞാനും ജൂലിയും കാത്തിരുന്നു. പക്ഷേ, കാര്യങ്ങൾ ആ വഴിക്കു നീങ്ങിയില്ല.

തിരികെ ബ്രുക്ലിനിലേക്ക്‌

ബ്രുക്ലിൻ ബെഥേലിൽ സേവിക്കാൻ 1980 നവംബറിൽ ഞങ്ങൾക്കു ക്ഷണം ലഭിച്ചു. അതിൻപ്രകാരം, 1981 ജനുവരി ആദ്യം ഞങ്ങൾ അവിടെയെത്തി. ഞങ്ങൾ അപ്പോൾ 50-കളുടെ ഒടുവിലായിരുന്നു. ഡെന്മാർക്കിലെ ഞങ്ങളുടെ പ്രിയ സഹോദരീസഹോദന്മാരോടൊപ്പം ജീവിതത്തിന്റെ പകുതിയോളം സേവിച്ചശേഷം ഐക്യനാടുകളിലേക്കു തിരിച്ചുപോകുക എന്നത്‌ അത്ര എളുപ്പമല്ലായിരുന്നു. എങ്കിലും, എവിടെ ആയിരിക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നു എന്നതിലല്ല നിലവിലുള്ള നിയമനങ്ങളിലും അവ ഉയർത്തുന്ന വെല്ലുവിളികളിലും ശ്രദ്ധ പതിപ്പിക്കാൻ ഞങ്ങൾ ശ്രമിച്ചു.

ഞങ്ങൾ ബ്രുക്ലിനിൽ എത്തി താമസമാക്കി. ജൂലിക്ക്‌ അക്കൗണ്ടിങ്‌ ഓഫീസിൽ നിയമനം ലഭിച്ചു. ഡെന്മാർക്കിലും സമാനമായ ജോലിയാണ്‌ അവൾ ചെയ്‌തിരുന്നത്‌. എന്നെ, നമ്മുടെ പ്രസിദ്ധീകരണങ്ങളുടെ ഷെഡ്യൂളിങ്ങിനോടും പ്രോസസ്സിങ്ങിനോടുമുള്ള ബന്ധത്തിൽ സഹായിക്കാൻ റൈറ്റിങ്‌ ഡിപ്പാർട്ടുമെന്റിലേക്കും നിയമിച്ചു. ബ്രുക്ലിനിലെ ഞങ്ങളുടെ പ്രവർത്തനങ്ങളെ മാറ്റിമറിച്ച ഒരു സമയമായിരുന്നു 1980-കളുടെ തുടക്കം. ആ സമയത്താണ്‌ ഞങ്ങൾ, ടൈപ്പു റൈറ്ററുകൾക്കും ഈയക്കട്ടകൾ ഉപയോഗിച്ചുള്ള അച്ചുനിരത്തലിനും പകരം കംപ്യൂട്ടർ പ്രോസസ്സിങ്ങും ഓഫ്‌സെറ്റ്‌ പ്രിന്റിങ്ങും തുടങ്ങിയത്‌. എന്നാൽ, സംഘടനയുടെ നടപടിക്രമങ്ങളെ കുറിച്ചുള്ള ഗ്രാഹ്യവും ആളുകളുമായി ജോലി ചെയ്‌തുള്ള പരിചയവും അല്ലാതെ കംപ്യൂട്ടറിനെ കുറിച്ച്‌ എനിക്ക്‌ യാതൊന്നും അറിയില്ലായിരുന്നു.

അതിനുശേഷം താമസിയാതെ, ആർട്ട്‌ ഡിപ്പാർട്ടുമെന്റിന്റെ സംഘാടനം ശക്തമാക്കേണ്ടതുണ്ടായിരുന്നു. ഫുൾ-കളർ ഓഫ്‌സെറ്റ്‌ പ്രിന്റിങ്ങും കളർ ചിത്രങ്ങളും ഫോട്ടോകളും ഉപയോഗിച്ചു തുടങ്ങിയതു നിമിത്തമായിരുന്നു അത്‌. ഞാൻ ഒരു ആർട്ടിസ്റ്റ്‌ അല്ലായിരുന്നെങ്കിലും, സംഘാടനത്തിൽ സഹായിക്കാൻ എനിക്കു കഴിഞ്ഞു. അതുകൊണ്ട്‌, ഒമ്പതു വർഷത്തേക്ക്‌ ആ ഡിപ്പാർട്ടുമെന്റിന്റെ മേൽവിചാരകൻ ആയിരിക്കാനുള്ള പദവി എനിക്കു ലഭിച്ചു.

എനിക്ക്‌ 1992-ൽ, ഭരണസംഘത്തിന്റെ പ്രസിദ്ധീകരണ കമ്മിറ്റിയെ സഹായിക്കാനുള്ള നിയമനം ലഭിച്ചു. തുടർന്ന്‌, ഖജാൻജിയുടെ ഓഫീസിലേക്കു മാറ്റംകിട്ടി. ഇവിടെ ഞാൻ യഹോവയുടെ സാക്ഷികളുടെ ധനകാര്യ പ്രവർത്തനങ്ങളോടു ബന്ധപ്പെട്ട്‌ സേവിച്ചുകൊണ്ടിരിക്കുന്നു.

ചെറുപ്പം മുതലുള്ള എന്റെ സേവനം

ചെറുപ്രായത്തിൽ തുടങ്ങി 70 വർഷത്തെ സമർപ്പിത സേവന കാലഘട്ടത്തിൽ ഉടനീളം, തന്റെ വചനമായ ബൈബിളിലൂടെയും മഹത്തായ സംഘടനയിലെ സഹായമനസ്‌കരായ സഹോദരന്മാരിലൂടെയും യഹോവ ക്ഷമാപൂർവം എന്നെ പഠിപ്പിച്ചിരിക്കുന്നു. 63-ലധികം വർഷം ഞാൻ മുഴുസമയ ശുശ്രൂഷ ആസ്വദിച്ചിട്ടുണ്ട്‌, അതിൽ 55-ലേറെ വർഷം എന്റെ വിശ്വസ്‌ത ഭാര്യ, ജൂലിയോടൊപ്പമായിരുന്നു. തീർച്ചയായും, യഹോവ എന്നെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു.

പയനിയറിങ്ങിനായി 1940-ൽ വീട്ടിൽനിന്ന്‌ ഇറങ്ങിയപ്പോൾ, പിതാവ്‌ എന്റെ തീരുമാനത്തെ പുച്ഛിച്ചുകൊണ്ട്‌ ഇപ്രകാരം പറഞ്ഞു: “മകനേ, ഈ പണിക്കായി വീടുവിട്ടിറങ്ങുന്ന നീ സഹായത്തിനായി എന്റെ അടുത്തേക്ക്‌ ഓടിവരാമെന്ന്‌ വിചാരിക്കേണ്ട.” ഈ വർഷങ്ങളിലുടനീളം ഒരിക്കൽപ്പോലും എനിക്ക്‌ അതു ചെയ്യേണ്ടിവന്നിട്ടില്ല. എന്റെ ആവശ്യങ്ങൾ നിറവേറ്റാൻ യഹോവ ധാരാളമായി സഹായിച്ചിരിക്കുന്നു, മിക്കപ്പോഴും സഹായമനസ്‌കരായ സഹക്രിസ്‌ത്യാനികളിലൂടെ ആയിരുന്നു അത്‌. പിൽക്കാലത്ത്‌, നമ്മുടെ വേലയോടുള്ള പിതാവിന്റെ മനോഭാവത്തിനു മാറ്റംവന്നു. 1972-ൽ മരിക്കുന്നതിനു മുമ്പ്‌ അദ്ദേഹം ബൈബിൾ സത്യങ്ങൾ പഠിക്കുന്നതിൽ കുറെ പുരോഗതി വരുത്തുകപോലും ചെയ്‌തു. സ്വർഗീയ പ്രത്യാശയുണ്ടായിരുന്ന അമ്മ 1985-ൽ 102-ാമത്തെ വയസ്സിൽ മരിക്കുന്നതുവരെ യഹോവയെ വിശ്വസ്‌തമായി സേവിച്ചു.

മുഴുസമയ ശുശ്രൂഷയിലായിരിക്കെ പ്രശ്‌നങ്ങൾ ഉണ്ടാകുമെങ്കിലും, നിയമനം വിട്ടുകളയുന്നതിനെ കുറിച്ച്‌ ഞാനും ജൂലിയും ഒരിക്കലും ചിന്തിച്ചിട്ടില്ല. ഈ തീരുമാനത്തിൽ തുടരാൻ യഹോവ എല്ലായ്‌പോഴും ഞങ്ങളെ സഹായിച്ചിട്ടുണ്ട്‌. എന്റെ മാതാപിതാക്കൾക്കു വയസ്സുചെന്ന്‌ സഹായം ആവശ്യമായിവന്ന സന്ദർഭത്തിൽ എന്റെ സഹോദരി, വിക്ടോറിയ മെർലിൻ, മുന്നോട്ടുവന്ന്‌ ദയാപുരസ്സരം അവരെ സഹായിച്ചു. അവൾ ചെയ്‌ത സ്‌നേഹപുരസ്സരമായ ആ സഹായത്തിന്‌ ഞങ്ങൾക്ക്‌ ആഴമായ നന്ദിയുണ്ട്‌. അതു നിമിത്തമാണ്‌ മുഴുസമയ ശുശ്രൂഷയിൽ തുടരാൻ ഞങ്ങൾക്കു കഴിഞ്ഞത്‌.

ഞങ്ങളുടെ എല്ലാ നിയമനങ്ങളെയും യഹോവയ്‌ക്കുള്ള തന്റെതന്നെ സമർപ്പണത്തിന്റെ ഭാഗമായി വീക്ഷിച്ചുകൊണ്ട്‌ ജൂലി എന്നെ വിശ്വസ്‌തമായി പിന്തുണച്ചിരിക്കുന്നു. ഇപ്പോൾ 80 വയസ്സായ എനിക്ക്‌ ചില ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെങ്കിലും യഹോവ എന്നെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നുവെന്ന്‌ പറയാൻ കഴിയും. ചെറുപ്പം മുതൽ ദൈവംതന്നെ പഠിപ്പിച്ചിരിക്കുന്നുവെന്ന്‌ പ്രഖ്യാപിച്ചശേഷം ഇപ്രകാരം അഭ്യർഥിച്ച സങ്കീർത്തനക്കാരന്റെ വാക്കുകൾ എനിക്കു വളരെ പ്രോത്സാഹനം പകരുന്നു: ‘വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യ പ്രവൃത്തിയെ അറിയിക്കുവോളം വാർദ്ധക്യവും നരയും ഉള്ള കാലത്ത്‌ എന്നെ ഉപേക്ഷിക്കരുതേ.’​—⁠സങ്കീർത്തനം 71:17, 18.

[അടിക്കുറിപ്പ്‌]

^ ഖ. 12 യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ അംഗമായി അനേകം വർഷം സേവിച്ച മിൽട്ടൻ ഹെൻഷലിന്റെ ജ്യേഷ്‌ഠനായിരുന്നു വോറൻ.

[20 -ാം പേജിലെ ചിത്രം]

ഞാൻ പയനിയറിങ്‌ തുടങ്ങിയ 1940-ൽ അമ്മയോടൊപ്പം

[21 -ാം പേജിലെ ചിത്രം]

സഹപയനിയർമാർ ആയിരുന്ന ജോ ഹാർട്ടിനോടും മാർഗരറ്റ്‌ ഹാർട്ടിനോടും ഒപ്പം

[23 -ാം പേജിലെ ചിത്രം]

ഞങ്ങളുടെ വിവാഹദിനം, 1948 ജനുവരിയിൽ

[23 -ാം പേജിലെ ചിത്രം]

ഗിലെയാദിലെ സഹപാഠികളോടൊപ്പം 1953-ൽ. ഇടത്തുനിന്ന്‌: ഡോൺ വാർഡ്‌, വെർജീനിയ വാർഡ്‌, ഹേർറ്റ്യൂഡാ സ്റ്റേഹെങ്‌ഗ, ജൂലി, ഞാൻ

[23 -ാം പേജിലെ ചിത്രം]

ഡെന്മാർക്കിലെ കോപ്പെൻഹേഗനിൽ ഫ്രെഡറിക്‌ ഡബ്ലിയു. ഫ്രാൻസിനോടും നേഥൻ എച്ച്‌. നോറിനോടും ഒപ്പം, 1961

[25 -ാം പേജിലെ ചിത്രം]

ജൂലിയും ഞാനും ഇന്ന്‌