അവയ്ക്ക് എന്തു സംഭവിച്ചു?
അവയ്ക്ക് എന്തു സംഭവിച്ചു?
പുരാതന ഈജിപ്തിന്റെ പ്രശസ്ത തലസ്ഥാനങ്ങൾ ആയിരുന്ന മെംഫിസിനും തിബ്സിനും ബൈബിളിൽ നൽകിയിരിക്കുന്ന പേരുകൾ നോഫ് എന്നും നോ എന്നുമാണ്. നൈൽ നദിയുടെ പടിഞ്ഞാറു വശത്ത്, കെയ്റോയ്ക്ക് ഏകദേശം 23 കിലോമീറ്റർ തെക്കായിരുന്നു നോഫിന്റെ (മെംഫിസ്) സ്ഥാനം. എന്നാൽ പിന്നീട് മെംഫിസിന് ഈജിപ്തിന്റെ തലസ്ഥാനം എന്ന പദവി നഷ്ടപ്പെട്ടു. പൊ.യു.മു. 15-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മെംഫിസിന് ഏതാണ്ട് 500 കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്തിരുന്ന നോ (തിബ്സ്) ഈജിപ്തിന്റെ പുതിയ തലസ്ഥാനമായിത്തീർന്നു. തിബ്സിലെ അനേകം വരുന്ന ക്ഷേത്ര അവശിഷ്ടങ്ങളിൽ, കർണാക് ക്ഷേത്രത്തിന്റെ നാശാവശിഷ്ടങ്ങളും പെടുന്നു. തിബ്സും സ്തംഭങ്ങളോടു കൂടിയ ഏറ്റവും വലിയ നിർമിതി എന്ന ഖ്യാതിയുള്ള കർണാക് ക്ഷേത്രവും ഈജിപ്തുകാരുടെ മുഖ്യ ദേവനായ അമ്മോന്റെ ആരാധനയ്ക്കു സമർപ്പിക്കപ്പെട്ടിരുന്നു.
മെംഫിസിനെയും തിബ്സിനെയും കുറിച്ച് ബൈബിൾ പ്രവചനം എന്തു മുൻകൂട്ടി പറഞ്ഞിരുന്നു? ഈജിപ്തിലെ ഫറവോനും അതിന്റെ ദൈവങ്ങൾക്കും, പ്രത്യേകിച്ചും ‘നോവിലെ അമ്മോന്,’ എതിരെ ന്യായവിധി പ്രഖ്യാപിക്കപ്പെട്ടു. (യിരെമ്യാവു 46:25, 26) അവിടെ ആരാധനയ്ക്കായി കൂടിവരുന്ന പുരുഷാരം ‘ഛേദിക്കപ്പെടുമായിരുന്നു.’ (യെഹെസ്കേൽ 30:14, 15) അതുതന്നെയാണു സംഭവിച്ചതും. അമ്മോന്റെ ആരാധനയുമായി ബന്ധപ്പെട്ട് ഇപ്പോൾ ആകെ ബാക്കിയുള്ളത് ക്ഷേത്രാവശിഷ്ടങ്ങളാണ്. ആധുനിക ലക്സോർ പട്ടണം സ്ഥിതി ചെയ്യുന്നത് പുരാതന തിബ്സ് സ്ഥിതി ചെയ്തിരുന്ന പ്രദേശത്തിന്റെ ഒരു ഭാഗത്താണ്. അതിന്റെ ശൂന്യശിഷ്ടങ്ങൾക്കിടയിൽ മറ്റു ചെറിയ ഗ്രാമങ്ങളും ഉണ്ട്.
മെംഫിസിന്റേതെന്നു പറയാൻ ഇപ്പോൾ അതിലെ ശ്മശാനങ്ങൾ ഒഴികെ ഏറെയൊന്നും അവശേഷിച്ചിട്ടില്ല. ബൈബിൾ പണ്ഡിതനായ ലൂയി ഗോൾഡിങ് പറയുന്നു: “ഈജിപ്ത് പിടിച്ചടക്കിയ അറബികൾ നൂറ്റാണ്ടുകളോളം മെംഫിസിന്റെ പടുകൂറ്റൻ നാശാവശിഷ്ടങ്ങളിൽനിന്നാണ് നദിയുടെ അക്കരെയുള്ള തങ്ങളുടെ തലസ്ഥാനം [കെയ്റോ] പണിയുന്നതിനുള്ള കല്ലുകൾ ശേഖരിച്ചത്. നൈൽ നദിയും അറബി നിർമാതാക്കളും തങ്ങളുടെ കൃത്യം വളരെ ഭംഗിയായി നിർവഹിച്ചതിനാൽ ഇപ്പോൾ പുരാതന നഗരം സ്ഥിതി ചെയ്തിരുന്നിടത്ത് കിലോമീറ്ററുകളോളം കറുത്ത മണ്ണ് മാത്രമേ കാണാനുള്ളൂ, പൊങ്ങിനിൽക്കുന്ന ഒരു കല്ലുപോലും അവിടെയില്ല.” ബൈബിൾ മുൻകൂട്ടി പറഞ്ഞതുപോലെതന്നെ മെംഫിസ് “നിവാസികളില്ലാതെ ശൂന്യമായി”ത്തീർന്നു.—യിരെമ്യാവു 46:19.
ബൈബിൾ പ്രവചനങ്ങളുടെ കൃത്യത തെളിയിക്കുന്ന അനേകം ഉദാഹരണങ്ങളിൽ രണ്ടെണ്ണം മാത്രമാണ് ഇവ. തിബ്സിന്റെയും മെംഫിസിന്റെയും നാശം ഭാവിയിൽ നിറവേറാനുള്ള ബൈബിൾ പ്രവചനങ്ങളിൽ വിശ്വാസമർപ്പിക്കാൻ നമുക്ക് ഈടുറ്റ കാരണം നൽകുന്നു.—സങ്കീർത്തനം 37:10, 11, 29; 2 പത്രൊസ് 3:13; വെളിപ്പാടു 21:3-5.
[32 -ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Photograph taken by courtesy of the British Museum